ജെയിംസ് ഹാഡ്‌ലി ചേസിനെ മലയാളികൾക്ക് നൽകിയ ഭാസ്കരൻ മാഷ് ഇനി ഓർമ്മ

മറ്റൊരു ഭാഷയിലെ മഹാപ്രപഞ്ചത്തെ സ്വന്തം ഭാഷയുടെ ആകാശത്തിലേക്ക് ആവാഹിച്ചുകൊണ്ട് മലയാളിയുടെ വായനാചരിത്രത്തിൽ തന്റേതായ സിംഹാസനം തീർത്ത വ്യക്തിയാണ് ഈയിടെ അഹമ്മദാബാദിൽ വെച്ച് എൺപതുകളുടെ തുടക്കത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കെ.കെ. ഭാസ്കരൻ പയ്യന്നൂർ. സ്വന്തമായി ഒരു കഥാപാത്രത്തെപ്പോലും സൃഷ്ടിക്കാതെ, ഇംഗ്ലീഷ് ത്രില്ലർ സാഹിത്യത്തിലെ കിരീടം വെക്കാത്ത രാജാവായ ജെയിംസ് ഹാഡ്‌ലി ചേസിന്റെ ലോകം മലയാളികൾക്ക് സ്വന്തമാക്കി നൽകിയാണ് ഭാസ്കരൻ മാഷ് തന്റെ പേര് സാഹിത്യചരിത്രത്തിൽ മായാത്തവിധം എഴുതിച്ചേർത്തത്.
ഒരു കാലത്ത്, ജെയിംസ് ഹാഡ്‌ലി ചേസ് എന്ന പേരിനൊപ്പം “വിവർത്തനം: കെ.കെ. ഭാസ്കരൻ പയ്യന്നൂർ” എന്നുകൂടി വായിക്കാതെ ആ പുസ്തകങ്ങൾ പൂർണ്ണമാകുമായിരുന്നില്ല.. ചേസിന്റെ ഉദ്വേഗം നിറഞ്ഞ, അതിവേഗത്തിലുള്ള ആഖ്യാനശൈലി അതേ തീവ്രതയോടെ മലയാളത്തിലേക്ക് പകർത്താൻ ഭാസ്കരൻ പയ്യന്നൂർ കണ്ടെത്തിയ ഒരു ഭാഷയുണ്ടായിരുന്നു. ആ ഭാഷയാണ് ചേസിനെ മലയാളത്തിൽ ഇത്രയധികം ജനപ്രിയനാക്കിയത്. കാലക്രമേണ, വിവർത്തകന്റെ പേര് മൂലഗ്രന്ഥകാരന്റെ പേരിനൊപ്പം നിൽക്കുന്ന ഒരു കോ -ബ്രാൻഡായി മാറി.

സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന പയ്യന്നൂർ അന്നൂരിലെ എ.വി. ശ്രീകണ്ഠപൊതുവാളിന്റെ മകനായി ജനിച്ച ഭാസ്കരന്, അക്ഷരങ്ങളോടുള്ള ആഭിമുഖ്യം പാരമ്പര്യമായി ലഭിച്ചതായിരുന്നു. എന്നാൽ, കഴിഞ്ഞ 60 വർഷക്കാലമായി അദ്ദേഹം അഹമ്മദാബാദിലാണ് ജീവിച്ചത്. പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (NID) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ഔദ്യോഗിക പദവി വഹിക്കുമ്പോഴും , അദ്ദേഹം തന്റെ മലയാളത്തെ ചേർത്തുപിടിച്ചു. ഗുജറാത്തിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, 1999-ൽ അഹമ്മദാബാദിൽ നിന്നും ‘കേരളവാർത്ത’ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെപ്പോലുള്ളവർ മലയാളം പഠിക്കാൻ അദ്ദേഹത്തെ സമീപിച്ചിരുന്നു എന്നത് ഭാഷാപരമായ കാര്യങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തിന് തെളിവാണ്.
ഒരു വിവർത്തകൻ എന്നതിലുപരി ഒരു ‘മൊഴിമാറ്റത്തിന്റെ രാജശില്പി’ ആയിരുന്നു ഭാസ്കരൻ പയ്യന്നൂർ. ത്രില്ലർ നോവലുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെയിംസ് ഹാഡ്‌ലി ചേസിന്റെ (യഥാർത്ഥ നാമം: റെനെ ബ്രാബസോൺ റേമണ്ട്) നൂറിലധികം പുസ്തകങ്ങളാണ് അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. ഒരു എഴുത്തുകാരന്റെ ഒട്ടുമിക്ക കൃതികളെയും മറ്റൊരു ഭാഷയിലേക്ക് ഒരേയൊരാൾ പുനരവതരിപ്പിക്കുക എന്നത് സാഹിത്യത്തിൽ അപൂർവ്വമാണ്. ഇതിലൂടെ, ചേസിന്റെ ഏക വിവർത്തകൻ എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു. അമേരിക്കൻ പശ്ചാത്തലത്തിലുള്ള ഹാർഡ്-ബോയിൽഡ് ഡിറ്റക്ടീവ് സാഹിത്യത്തെ ഒരു കേരളീയ ഗ്രാമത്തിലെ വായനക്കാരന് പോലും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ സ്വാഭാവികവൽക്കരിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ചേസിന്റെ നോവലുകളിലെ നാടകീയ രംഗങ്ങളും ഉദ്വേഗനിമിഷങ്ങളും അതേപടി മലയാളിയുടെ വായനാമുറിയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എൺപതുകളിലും തൊണ്ണൂറുകളിലും വളർന്നുവന്ന ഒരു തലമുറയ്ക്ക്, ചേസ് നോവൽ എന്നത് ഒരു പ്രത്യേക സാഹിത്യവിഭാഗം തന്നെയായിരുന്നു. മുഖ്യധാരാ സാഹിത്യത്തിന്റെ ഗൗരവമില്ലാതെ, എന്നാൽ വായനയുടെ ലഹരി പൂർണ്ണമായി നൽകുന്ന ഈ പുസ്തകങ്ങൾ ഒരു സമാന്തര സാഹിത്യമണ്ഡലം രൂപപ്പെടുത്തി.

ചേസിന്റെ ആദ്യ മലയാള പുസ്തകങ്ങൾ വെളിച്ചം കണ്ടത് കോട്ടയത്തെ കൈരളി മുദ്രാലയത്തിലൂടെയായിരുന്നു. അതായിരുന്നു ആവേശകരമായ ആ യാത്രയുടെ തുടക്കം. കൈരളി മുദ്രാലയത്തിന് ശേഷം, കോട്ടയത്തെതന്നെ വിദ്യാർത്ഥിമിത്രം, റോയൽ ബുക്ക് ഡിപ്പോ തുടങ്ങിയ പ്രസാധകരും ചേസിന്റെ കൃതികൾ ഏറ്റെടുത്തു. അക്കാലത്ത് ജനപ്രിയ കുറ്റാന്വേഷണ നോവലുകൾ പ്രസിദ്ധീകരിക്കുന്നതിൽ വിദ്യാർത്ഥിമിത്രം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ പ്രസാധകരിലൂടെയാണ് ചേസ് എന്ന പേരും കെ.കെ. ഭാസ്കരൻ എന്ന വിവർത്തകനും മലയാളിക്ക് സുപരിചിതരാകുന്നത്.

ഈ ആദ്യകാല പ്രസാധകരുടെ തരംഗത്തിന് ശേഷമാണ് സി.ഐ.സി.സി. രംഗപ്രവേശം ചെയ്യുന്നത്. അവർ മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട പല പുസ്തകങ്ങളും പുതിയ രൂപത്തിൽ വീണ്ടും വായനക്കാരിലേക്ക് എത്തിച്ചു. എന്നാൽ ഈ ഘട്ടത്തിൽ, വിവർത്തകൻ എന്നതിലുപരി ഒരു എഡിറ്ററുടെ പങ്ക് കൂടി കെ.കെ. ഭാസ്കരൻ നിർവഹിച്ചു എന്നത് അധികമാർക്കും അറിയാത്ത ഒരു വസ്തുതയാണ്.
ചെയ്സ് പുസ്തകങ്ങളുടെ പ്രസാധന ചരിത്രത്തിലെ ഏറ്റവും നിർണായകമായ അധ്യായം ആരംഭിക്കുന്നത് 2012-ലാണ്. കോട്ടയത്തെ ഡോൺ ബുക്സ്, ഭാസ്കരന്റെ ചേസ് വിവർത്തനങ്ങൾ ഒരു പുതിയ പരമ്പരയായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെയായിരുന്നു അത്. മലയാളത്തിൽ ജെയിംസ് ഹാഡ്‌ലി ചേസിന്റെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസാധകർ എന്ന ഖ്യാതി ഡോൺ ബുക്സിനാണ്. നിലവിൽ നാൽപ്പത്തിയഞ്ചോളം പുസ്തകങ്ങൾ അവർ പുറത്തിറക്കി, രണ്ടെണ്ണം കൂടി അണിയറയിൽ ഒരുങ്ങുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘവും അദ്ദേഹത്തിന്റെ കൃതികൾ സിദ്ധീകരിച്ചിരുന്നു. അദ്ദേഹം പരിഭാഷപ്പെടുത്തിയ ‘വിഷപ്പാമ്പുകൾ’ പോലുള്ള നോവലുകൾ ഒരു സമ്പൂർണ്ണ പരമ്പരയായി ഡോൺ ബുക്സ് പുറത്തിറക്കിയതോടെ “ഭാസ്കരൻ-ചേസ്” എന്നത് ഒരു വിജയ ഫോർമുലയായി മാറി. പിന്നീട്, മാതൃഭൂമി ബുക്സ് പോലുള്ള പ്രമുഖ പ്രസാധകർ അദ്ദേഹത്തിന്റെ വിവർത്തനങ്ങൾ ഏറ്റെടുത്തതോടെ വായനക്കാരക്കിടയിൽ നല്ല അംഗീകാരം ലഭിച്ചു. ചേസിന്റെ ‘മർഡർ റൂം’ മാതൃഭൂമി പ്രസിദ്ധീകരിച്ചത് ഇതിന് ഉദാഹരണമാണ്. ചേസിൽ മാത്രം ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ പ്രതിഭ. ചാൾസ് ജെ. ഡട്ടണിന്റെ ‘ലൈബ്രറിയിലെ കൊലപാതകം’ എന്ന പ്രശസ്തമായ നോവലും അദ്ദേഹം മാതൃഭൂമിക്കായി വിവർത്തനം ചെയ്തു. കൂടാതെ, മല്ലികാ സാരാഭായിയുടെ ആത്മകഥാപരമായ ലേഖനം ‘ഭക്ഷണം ആത്മകഥാരൂപത്തിൽ’ എന്ന പേരിൽ പരിഭാഷപ്പെടുത്തിയതും അദ്ദേഹത്തിന്റെ ശൈലിയുടെ വൈവിധ്യം കാണിക്കുന്നു.

ഓരോ എഴുത്തുകാരനും ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് അവരവരുടെ കയ്യൊപ്പാണ്. അദ്ദേഹത്തിന്റേതായി സ്വന്തം കൃതികൾ കണ്ടെത്താൻ കഴിയുന്നില്ല എന്നത് ഒരു കുറവല്ല, മറിച്ച് വിവർത്തനം എന്ന കലയോടുള്ള അദ്ദേഹത്തിന്റെ പൂർണ്ണമായ അർപ്പണബോധത്തിന്റെ തെളിവാണ്. 2014-ൽ ലഭിച്ച അക്ഷയ നാഷണൽ അവാർഡ് അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ഒരു ചെറിയ അംഗീകാരമായിരുന്നു.. ലക്ഷക്കണക്കിന് വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ, വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ആ അക്ഷരശില്പിക്ക്, ആ മായാത്ത കയ്യൊപ്പിന് മുന്നിൽ, മലയാള സാഹിത്യലോകം എക്കാലവും കടപ്പെട്ടിരിക്കും. അദ്ദേഹത്തിന് അക്ഷരങ്ങൾ കൊണ്ട് ഒരു യാത്രാമൊഴി.

ലോക പുസ്തകദിനാശംസകൾ

വായനയില്ലാത്ത ഒരു ദിവസത്തേക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യാത്ത ഒരു അവസ്ഥയിലേക്ക് എത്തിപ്പെട്ടതിൽ ഇതുവരെ നേരിൽ കണ്ടതും ഇല്ലാത്തതുമായ നിരവധി പേരോട് നന്ദിയുണ്ട്. അടക്കും ചിട്ടയുമുള്ള ഒരു വായന സ്വഭാവത്തിലേക്ക് കടന്നുവരിക അത്ര എളുപ്പമല്ല. സമയം, സാഹചര്യങ്ങൾ എല്ലാം ഇവിടെ ഇക്കാര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഒരു പ്രത്യേക സമയ പരിധി പാലിച്ചു കൊണ്ടുള്ള തരം ജോലി അല്ലാത്തതിനാൽ വായനക്കുള്ള സമയം തിരഞ്ഞെടുക്കുന്നത് ശ്രമകരമാണ്. എന്നിരുന്നാലും ഒരു ദിവസം ഇത്തിരി നേരമെങ്കിലും ആസ്വദിച്ചു വായിക്കാൻ കഴിയുക എന്ന ഒരു ചെറിയ ആഗ്രഹത്തെ നിരാശപ്പെടുത്താതിരിക്കാൻ ശ്രമിക്കാറുണ്ട്. എങ്ങനെ വായിക്കണം എന്തു വായിക്കണം എന്നുള്ളത് അവരവരുടെ ഇഷ്ടത്തിനു വിടുകയാണ് നല്ലത്. ഇഷ്ടവിഷയത്തെ സംബന്ധിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ എഴുതിവയ്ക്കുക, അവ ലൈബ്രറിയിൽ നിന്നോ അല്ലാതെയോ വാങ്ങി വായിക്കുക. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ഒരു കുറിപ്പെഴുതി സൂക്ഷിക്കുന്നതൊക്കെ നന്നായിരിക്കും. ഇതൊരു സമയനഷ്ടമായി കണക്കാക്കാതിരിക്കുന്നതാണ് നല്ലത്.വളരെ നാളുകൾക്ക് ശേഷം പുസ്തകത്തെക്കുറിച്ച് ഓർമ്മയിൽ കൊണ്ടുവരാൻ ഈ കുറിപ്പുകൾ നമ്മെ സഹായിച്ചേക്കാം. വായനയിലേക്ക് നല്ല പുസ്തകങ്ങൾ നിർദ്ദേശിക്കുന്ന എന്റെ സുഹൃത്തുക്കളേ നിങ്ങളുടെ ആ നല്ല മനസ്സിന് എന്റെ നമസ്ക്കാരം. കാരണം വായന തരുന്ന സാധ്യതകൾ അത്രമേൽ വിശാലമാണ്. വായന ഒരു അനുഭവവും,ആശ്രയവും ആശ്വാസവും മാത്രമല്ല ആയുധം കൂടിയാണ്‌ എന്നാണല്ലോ പറയപ്പെട്ടിട്ടുള്ളത് . പ്രതിസന്ധിഘട്ടങ്ങളിൽ പുസ്തകങ്ങൾ തന്ന ആശ്വാസം ചെറുതല്ല. എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ലോക പുസ്തകദിനാശംസകൾ .