കോട്ടയത്തിന്റെ കഥ

അക്ഷര നഗരിയെന്നാണല്ലോ കോട്ടയത്തെക്കുറിച്ചു പറയുന്നത്. ഏതാണ്ട് ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്നു പറയപ്പെടുന്നു കോട്ടയത്തിന്. നമുക്ക് അറിഞ്ഞതും അറിയാത്തതും മറന്നുപോയതും മായ്ച്ചു കളഞ്ഞതുമായ അനേകം കഥകളെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ‘കോട്ടയത്തിന്റെ കഥ’ എന്ന പുസ്തകത്തിലൂടെ ജസ്റ്റിസ് കെ.ടി. തോമസ്.

നമുക്ക് എഴുതപ്പെട്ട പ്രാദേശിക ചരിത്രങ്ങൾ കുറവാണ്. വാമൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടവ വേണ്ടവിധത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. പ്രാദേശിക ഇടങ്ങളെ കുറിച്ചുള്ള കാര്യമായ വിവരങ്ങൾ ചരിത്ര വിദ്യാർത്ഥികൾക്കു പോലും കിട്ടുന്നുണ്ടെന്നു തോന്നുന്നില്ല. സാഹിത്യകൃതികളിൽ അതതു കാലഘട്ടങ്ങളിലെ ഇടങ്ങളും രീതികളും കണ്ടെത്തിയെന്നു വരാം. പ്രാദേശിക ചരിത്രത്തെ നോവൽ രൂപത്തിലാക്കിയതാണ് സി.ആർ ദാസിന്റെ ‘ആറാട്ടുപുഴ’ എന്ന നോവൽ. തൃശൂർ ജില്ലയിലെ ആറാട്ടുപുഴയെയാണ് ആ നോവലിൽ വരച്ചിടാൻ നോക്കുന്നത്. അതുപോലെ വെള്ളനാട് എന്ന ഗ്രാമത്തിന്റെ ചരിത്രം വളരെ സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള ശ്രമം വെള്ളനാട് രാമചന്ദ്രന്റെ ‘വെള്ളനാട്: ചരിത്രവും പരിണാമവും’ എന്ന ആയിരത്തോളം പേജുകൾ വരുന്ന പുസ്തകത്തിൽ കാണാം. ഇത്തരത്തില് ചിതറിയ ചില ശ്രമങ്ങൾ അങ്ങിങ്ങായി കാണാം എന്നല്ലാതെ വേണ്ടവിധമുള്ള ഒരു ഗൌരവം ഈ വിഷയത്തിൽ നല്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഇത്തരത്തിൽ കേരളത്തിലെ ഒട്ടുമിക്കയിടങ്ങളയും അടയാളപ്പെടുത്താൻ കഴിയണം. ആ നാടിനേയും അവിടങ്ങളിലെ മനുഷ്യരേയും മനസ്സിലാക്കാൻ ഒരു പരിധിവരെ അതു സഹായിക്കും.

തെക്കുംകൂർ തലസ്ഥാനമായിരുന്നു കോട്ടയം. ചെറിയ പട്ടണത്തിന്റെ പേരായ കോട്ടയ്ക്കകം ലോപിച്ച് കോട്ടയമായതാണെത്രെ. വളരെ മുമ്പുതന്നേ വിദ്യാഭ്യാസപരമായി ഉയർച്ച നേടിയിട്ടുള്ളതാണിവിടം. മിഷണറി പ്രവർത്തനങ്ങൾ കാര്യമായി ഇവിടെ നടന്നിരുന്നു. കാരൂരിന്റെ അതിപ്രശസ്തമായ ചെറുകഥയാണല്ലാ ‘പൊതിചോറ്’. അതിനു പിന്നിലെ പ്രചോദന കഥയും ‘കോട്ടയത്തിന്റെ കഥ യിൽ ’ വായിക്കാം. ഡി.സിയുടെ കഥ, 1952 ൽ പുസ്തങ്ങൾക്ക് ഏർപ്പെടുത്തിയ വിൽപ്പനനികുതി നിർത്തലാക്കിയത്, കോട്ടയത്ത് വച്ച് നടത്തപ്പെട്ട അഖിലലോക ക്രിസ്ത്യൻ കോൺഫറൻസ് എന്നിങ്ങനെ കോട്ടയത്തെ ചുറ്റിപ്പറ്റി നടന്ന നിരവധി സംഭവങ്ങളും പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിമിതമായ വിവരണങ്ങളായതുകൊണ്ടു തന്നെ കോട്ടയത്തിന്റെ ഒരു ബൃഹത് ചരിത്രമൊക്കെ ഏതൊരു ചരിത്രകുതുകിയും പ്രതീക്ഷിക്കുന്നുണ്ടാകും. അങ്ങനെയൊന്ന് ഇപ്പോഴും എഴുതപ്പെട്ടിട്ടില്ലെങ്കിൽ ഇനിയും സമയം അതിക്രമിച്ചിട്ടില്ല.