ദ്രൗപദി-ആന്ധ്രയിൽ കോളിളക്കം സൃഷ്ടിച്ച നോവൽ

കഥാപാത്രങ്ങളുടെ എണ്ണം കൊണ്ടും സംഭവങ്ങളുടെ ബാഹുല്യം കൊണ്ടും ഒരു അക്ഷയഖനി തന്നെയാണ് മഹാഭാരതം . ഏതു തരത്തിലുളള കഥാപാത്രങ്ങളെയും ഇതിൽ കണ്ടെത്താനാകും. മനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള സ്വഭാവ സവിശേഷതകൾ ഇതിൽ കാണാനാകുമെന്നുള്ളതാണ് മഹാഭാരതത്തിന്റെ ഒരു പ്രത്യേകത. മനുഷ്യ മനസ്സുകളെക്കുറിച്ച് ഇത്രത്തോളം കൈകാര്യം ചെയ്തിട്ടുള്ള ഒരു സാഹിത്യ കൃതി വേറെ ഉണ്ടോ എന്ന് സംശയമാണ്. ഒരു പക്ഷെ അക്കാരണം കൊണ്ടാകാം ‘ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം.ഇതിലില്ലാത്തത് മാറ്റൊരിടത്തും കാണുകയില്ല’ എന്ന് മഹാഭാരതത്തെ കുറിച്ചു പറയുന്നത്.

മഹാഭാരതം പോലുള്ള പുരാണകഥകളിൽ നിന്ന് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയും അവരെ മനുഷ്യത്വപരമായ വീക്ഷണകോണിൽ നിന്നുകൊണ്ട് ആധുനിക ജീവിത ചലനാത്മകതയോടെ പുന:രവതരിപ്പിക്കുകയുമാണ് പൊതുവെ സാഹിത്യകാരന്മാർ ചെയ്തുപോന്നിട്ടുള്ളത്. യാർലഗഡ്ഡ ലക്ഷ്മി പ്രസാദിന്റെ ‘ദ്രൗപദി’ എന്ന നോവലിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടുവോളം എടുത്തുപോയോഗിച്ചിട്ടുള്ള നോവലാണിത്. ദ്രൗപദിയുടെ ജനന രഹസ്യം മുതൽ മരണം വരെയുള്ള സംഭവങ്ങളാണ് നോവലിന്റെ പ്രമേയം.

കൃഷ്ണ വർണ്ണമുള്ളതിനാൽ കൃഷ്ണ,ദ്രുപദന്റെ പുത്രിയായതിനാൽ ദ്രൗപദി,യജ്ഞവേദിയിൽ നിന്നും ജനിച്ചതിനാൽ യാജ്ഞസേനി,പാഞ്ചാല രാജപുത്രിയായതിനാൽ പാഞ്ചാലി. അങ്ങനെ പേരുകൾ നിരവധിയുണ്ട് കഥാ നായികയ്ക്ക്. ദ്രുപദ പുത്രിയും പാണ്ഡവരുടെ പത്നിയുമായ ദ്രൗപദിയുടെ കഥയെ ആധുനിക പശ്ചാത്തലത്തിൽ വിലയിരുത്തുന്നതോടൊപ്പം കഥാപാത്രത്തിന്റെ മനഃശാസ്ത്രപരമായ ഒരു അപഗ്രഥനം കൂടി ഇവിടെ നടത്തുന്നുണ്ട്.

കുരുക്ഷേത്രയുദ്ധത്തിന്റെ അവസാന നാളുകളിലെ ഒരു സുപ്രഭാതത്തിലാണ് കഥ തുടങ്ങുന്നത്. യുദ്ധത്തിന്റെ ദാരുണമായ അനന്തരഫലങ്ങളിൽ ദുഃഖിതയായ ദ്രൗപദി, അശ്വത്ഥമാവ് നടത്തിയ കൂട്ടക്കൊലയിൽ തന്റെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്തുവാൻ നിർബന്ധിതയായിരിക്കുക്കുന്ന ആ ഒരു നിമിഷം മുതൽ അവരുടെ പൊയ്‌പ്പോയ ജീവിതമത്രയും നമ്മുടെ മുന്നിൽ തെളിയുകയാണ്. രാവിലെ ദ്രൗപതിയെ ഉണർത്തിയ നകുലൻ, ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ രാത്രിയിൽ അശ്വത്ഥാമാവ് വധിച്ച കഥ പറയുകയാണ് . യുദ്ധക്കളത്തിൽ തന്റെ സഹോദരന്റെയും പുത്രന്മാരുടെയും മൃതദേഹങ്ങൾ കണ്ടപ്പോൾ ദ്രൗപതിക്ക് സങ്കടവും ദേഷ്യവും തോന്നി. അവൾ അശ്വത്ഥാമാവിനെ കൊല്ലുവാനും ,അവരുടെ ചെയ്തികൾക്ക് പ്രതികാരം ചെയ്യാൻ ഭർത്താക്കന്മാരെ പ്രേരിപ്പിക്കുകയും ചെയ്തു.എന്നാൽ അശ്വത്ഥാമാവിനെ വധിക്കാൻ ഭീമനെയും കൂട്ടരെയും അയച്ചു കഴിയുമ്പോഴേക്കും തനിക്കുണ്ടായ ആ ചിന്തയിൽ അവർ പശ്ചാത്തപിക്കുന്നുണ്ട്. ഇപ്പോൾ അവസാനിക്കാനിരിക്കുന്ന ആ മഹായുദ്ധത്തിന്റെ പഴിമുഴുവൻ തനിക്കു മേലെ ചാർത്തിതരാൻ ലോകം മുഴുവൻ കാത്തിരിക്കുന്നുണ്ടെന്ന ബോധ്യമാകാം അത്തരമൊരു പുനർചിന്തയുടെ ഒരു കാരണം. അതുമല്ലങ്കിൽ താൻ കാരണം ഇനിയും ഒരു ചോരപ്പുഴ ഒഴുകുന്നത് കാണാൻ ശക്തിയില്ലാഞ്ഞിട്ടുകൂടിയാകാം.

ദ്രൗപദിയുടെ ആത്മസംഘർഷങ്ങളുടെ കെട്ടഴിഞ്ഞു വീഴുന്നത് സ്വയംവരത്തിന് ശേഷമുള്ള ധർമപുത്രരുമായുള്ള ആദ്യരാത്രിയിലാണ്. അദ്ദേഹത്തിന്റെ സ്വഭാവത്തെ അടുത്തറിയുന്നതും, മനസ്സിലാക്കുന്നതും അപ്പോൾ മാത്രമാണ് . ആദ്യരാത്രികൊണ്ടു തന്നെ ഒരു സ്ത്രീ എങ്ങനെയാണ് ആതമവഞ്ചന നടത്തേണ്ടതെന്ന് ദ്രൗപദി മനസ്സിലാക്കി.വസ്ത്രാക്ഷേപ സഭയിൽ ദുര്യോധന സഹോദരനായ വികർണ്ണൻ കാണിച്ച നീതിമര്യാദകളും,ഔചിത്യ ബോധവും അവിടെ ഉണ്ടായിരുന്ന മഹാരഥർക്കുണ്ടായിരുന്നില്ല.എന്നാൽ സത്യം പറയുന്നവരെ വിഡ്ഢിയാക്കി ചെറുതാക്കി മൂലക്കിരുത്തുന്ന സ്വഭാവം തന്നെയാണ് കർണ്ണൻ അപ്പോളവിടെ ചെയ്തത്. ഒരു മനുഷ്യനിൽ തന്നെ അധമവും,ഉന്നതവുമായ വ്യക്തിത്വം ഒരുമിച്ചുണ്ടാകുമോ എന്ന സംശയം ആ നിമിഷം ദ്രൗപദിക്കുണ്ടായി. തന്റെ സ്വയംവര ദിവസം കർണ്ണന്റെ സംസ്കാരവും,വസ്ത്രാക്ഷേപ സമയത്ത് നീചത്വവും അവൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു .

നോവലിൽ ദ്രൗപദിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അവരുടെ അമ്മായിയമ്മയായ കുന്തിയാണ് . ദ്രൗപദിയ്‌ക്ക്‌ കുന്തിയുമായുള്ള അടുപ്പം വളരെ വ്യക്തമായി നോവലിൽ വരച്ചു കാട്ടുന്നുണ്ട്. അവർക്കു തമ്മിൽ ചില കാര്യങ്ങളിലെങ്കിലും സമാനതകളുണ്ടല്ലോ. ദ്രൗപതിയെപ്പോലെ കുന്തിക്കും വ്യതിരിക്തമായ പുരുഷ ബന്ധങ്ങളുണ്ടായിരുന്നു . ദ്രൗപദിയുടെ ജീവിതത്തിൽ കടന്നു വന്ന പല സങ്കീർണ്ണ ഘട്ടങ്ങളിലെയും മാനസിക സംഘർഷങ്ങളും ധർമ്മസങ്കടങ്ങളും മനസ്സിലാക്കുകയും അവർക്കു മാനസിക സാന്ത്വനം നല്കാൻ ശ്രമിക്കുന്നതും കുന്തിയാണ്.
പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തിന്റെ കാര്യത്തിൽ സ്വാർത്ഥമനസ്സുള്ളവളായി കണ്ട് എപ്പോഴും വിമർശിക്കപ്പെടുന്ന ഒരു കഥാപത്രമാണ് ദ്രൗപദി . കൗരവ സഭയിൽ എല്ലാവരാലും എല്ലാ രീതിയിലും അപമാനിക്കപ്പെട്ട ഒരു സ്ത്രീ തന്നെ അപമാനിച്ചവരോട് കണക്ക് ചോദിക്കുന്നതിൽ തെറ്റ് കാണാനാവില്ല.

മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങൾക്കും ലക്ഷ്യങ്ങൾക്കും വിരുദ്ധവും വ്യത്യസ്തവുമായാണ് ഈ നോവലിലെ കഥാപാത്ര നിർമ്മിതിയെങ്കിലും ദ്രൗപദിയെ ആധുനിക സ്ത്രീവാദ പരിപ്രേഷ്യത്തിൽ അവതരിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരനിവിടെ നടത്തിയിട്ടുള്ളത് .ദ്രൗപതിയുടെ സ്വഭാവം സൂക്ഷ്മമായ വൈവിധ്യത്തോടെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ പൂർണ്ണമായി വിജയിച്ചിട്ടുണ്ടോ എന്നുള്ളതും സംശയമാണ്. മഹാഭാരതത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും പൊളിച്ചെഴുതാനുള്ള ഒരു ശ്രമം എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. പഞ്ചപാണ്ഡവന്മാർ ,ധൃതരാഷ്ട്രർ, ഭീഷ്മർ, ദ്രോണർ തുടങ്ങി ശ്രീകൃഷ്ണനെ വരെ ആ പരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

അടിസ്ഥാന വിശ്വാസങ്ങളെ ലംഘിക്കുന്ന മാറ്റങ്ങളെ ഒരു സമൂഹവും സ്വാഗതം ചെയ്യില്ല. ആ മാറ്റങ്ങൾ ആ കഥാപാത്രങ്ങളുടെ തലത്തെ അഗാധത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ , സ്വാഭാവികമായും വായനക്കാരുടെ വികാരങ്ങൾ മുറിവേൽപ്പിക്കപ്പെടും .ലക്ഷ്മി പ്രസാദിന്റെ ദ്രൗപദി എന്ന നോവലിനും സംഭവിച്ചത് അത് തന്നെയായിരുന്നു. നോവൽ പുറത്തിറങ്ങിയപ്പോൾ ആന്ധ്രയിൽ ഒരു കോളിളക്കം തന്നെ അത് സൃഷ്‌ടിച്ചു . ദ്രൗപദിയെ ഒരു കാമഭ്രാന്തിയാക്കി ചിത്രീകരിച്ചു എന്നുള്ളതായിരുന്നു ആ വിവാദത്തിന്റെ പിന്നിൽ. ദ്രൗപദിയെയും പാണ്ഡവരെയും ശ്രീകൃഷ്ണനെയും മോശമായി കാണിക്കുകയും , ദ്രൗപദിയും ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധത്തെ അവിഹിത പ്രണയബന്ധമായി അവതരിപ്പിച്ചതും ഒട്ടേറെ പേരെ ചൊടിപ്പിച്ചു. വസ്ത്രാക്ഷേപ സമയത്തു ആ സഭയിലുണ്ടായിരുന്ന ധൃതരാഷ്ട്രരുൾപ്പെടെയുള്ള മുതിർന്നവർ പോലും ദ്രൗപദിയുടെ സൗന്ദര്യം കാണാൻ ആഗ്രഹിച്ചു.അത് നേരിൽ കാണാൻ കഴിയാതെ തന്റെ അന്ധതയെ ശപിക്കുന്നുണ്ടിവിടെ കൗരവ രാജാവ്. ദ്രൗപദി അപ്പോൾ ഒരു ദാസിയാണെന്നുള്ള കാര്യത്തിൽ സന്തോഷമുണ്ടാക്കുകയും തന്റെ അന്ധതയ്ക്ക് കാരണമായ സ്വന്തം അമ്മയെ മനസ്സിൽ പഴിക്കുകയും ചെയ്യുന്നുണ്ട് ധൃതരാഷ്ട്രർ. വ്യാസൻ സൃഷ്‌ടിച്ച ശ്രീകൃഷ്ണ ദ്രൗപദി ബന്ധത്തെ കാമം നിറഞ്ഞ പ്രണയമാക്കി മാറ്റുക വഴി തങ്ങളുടെ ആരാധനാ പുരുഷനെയും പഞ്ചകന്യകമാരിൽ ഒരാളായി കരുതി പൂജിക്കുന്ന ദ്രൗപദിയെയും എഴുത്തുകാരൻ മോശമായി ചിത്രീകരിച്ചു എന്നു വിമർശകർ ആരോപിച്ചു.

രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കി നിരവധി കൃതികൾ പല ഭാഷകളിൽ രചിക്കപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ദ്രൗപതി എന്ന ഈ നോവലിന്റെ കാര്യത്തിലും അത്തരത്തിൽ പരിഗണിക്കേണ്ട ഒരു വിഷയം മാത്രമേ ഉണ്ടായിട്ടുള്ളൂ .ഇത് മഹാഭാരതത്തിലെ വ്യാസന്റെ ദ്രൗപദിയല്ല . ലക്ഷി പ്രസാദിന്റെ ദ്രൗപദിയാണ് .അതിനെ വ്യാസഭാരതവുമായി താരതമ്യപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല .ഈ നോവൽ അതേപടി നോവൽ വ്യാസമഹാഭാരതത്തെ പിന്തുടരുകയാണെങ്കിൽ പിന്നെ ഈ നോവലിൽ എന്ത് പുതുമയാണുണ്ടാകുക? പക്ഷെ ഇത് വായിച്ചിട്ടു അപ്പോൾ ഇതായിരുന്നു മഹാഭാരതത്തിലെ ദ്രൗപദി എന്ന് പറയുന്നവരോട് സഹതാപം മാത്രമേ തോന്നുകയുള്ളൂ.

മുൻപ് സൂചിപ്പിച്ചപ്പോലെ മഹാഭാരതത്തിൽ നിന്നും ഉണ്ടായിടുള്ള സാഹിത്യകാരന്മാരുടെ ദ്രൗപദി സൃഷ്ടികൾ ഇത് ആദ്യത്തേതോന്നുമല്ല .

‘തേജസ്വിനി ദ്രൗപദി’ (ഡോ:പദ്മാകർ വിഷ്ണു വർതക് )-മറാത്തി
‘കൃഷ്ണ, കുന്തി, ഏവം കൗന്തേയൊ’ (നൃസിംഗപ്രസാദ് ഭാദുരി)-ബംഗാളി
‘ദ്രൗപദി’ (പരിണീത ശർമ്മ)-ആസാമീസ്
ദ്രൗപദി’ (രാജേന്ദ്ര താപ്പ)-നേപ്പാളി
ദ്രൗപദി’ (ഡോ:പ്രതിഭ റോയ് )-നേപ്പാളി
ദ്രൗപദി’ (കാജൽ ഓജ വൈദ്യ ) -ഗുജറാത്തി
യാജ്ഞസേനി (പ്രതിഭ റോയ്)-ഒറിയ
കൃഷ്ണ’ (സുരേന്ദ്രനാഥ് സത്പതി)-ഒറിയ
ഗാന്ധാരി കുന്തി ദ്രൗപതി (കുലമണി ജെന)–ഒറിയ
ദ്രൗപദി (ശുകദേവ സാഹു)–ഒറിയ
‘പാഞ്ചാലി’ (ബച്ചൻ സിങ്ങ്)-ഹിന്ദി
ദ്രൗപദി കി ആത്മകഥ–ഹിന്ദി
പാഞ്ചാലി’ (സുശീൽ കുമാർ )-ഹിന്ദി
യാജ്ഞസേനി (രാജേശ്വർ വസിഷ്ഠ)-ഹിന്ദി
‘പാഞ്ചാലി’ (സാച്ചി മിശ്ര )-ഹിന്ദി
സൗശില്യ ദ്രൗപദി (കസ്തൂരി മുരളീകൃഷ്ണ ) -തെലുങ്ക്
യാജ്ഞസേനി (ത്രോവാഗുണ്ടവെങ്കട സുബ്രഹ്മണ്യ)–തെലുങ്ക്
തെലുഗിന്തികൊച്ചിന ദ്രൗപതി (എം.വി. രമണ റെഡ്ഡി)–തെലുങ്ക്
ദ പാലസ് ഓഫ് ഇല്യൂഷൻസ് (ചിത്ര ബാനർജി ദിവകരുണി)-ഇംഗ്ലീഷ്
ദ്രൗപദി ദ അബാൻഡൺഡ് ക്വീൻ’ (താക്കൂർ സിൻഹ)-ഇംഗ്ലീഷ്
Ms Draupadi Kuru: After the Pandavas (തൃഷ ദാസ്)–ഇംഗ്ലീഷ്
PANCHAALI THE PRINCESS OF PEACE (സാനിയ ഇനാംദാർ)-ഇംഗ്ലീഷ്
Draupadi: The Fire-Born Princess (സരസ്വതി നാഗ്‌പാൽ )-ഇംഗ്ലീഷ്
SONG OF DRAUPADI-(ഇറാ മുഖോതി)–ഇംഗ്ലീഷ്
Draupadi: The Tale of an Empress(സായി സ്വരൂപ ഐയ്യർ )-ഇംഗ്ലീഷ്
I am ‘DRAUPADI’ – Me through My own eyes(സൗരവ് ഖന്ന)-ഇംഗ്ലീഷ്
Draupadi: A Saga of Love, Life & Destiny (ഇഷിത സെൻ)–ഇംഗ്ലീഷ്
യാജ്ഞസേനി (തിരുവല്ല ശ്രീനി)-മലയാളം
യാജ്ഞസേനി (ഡോ :കെ പി രജനി )-മലയാളം
ദ്രൗപദി (പ്രതിഭാ റായ്)-മലയാളം (വിവർത്തനം)
മായാമന്ദിരം (ചിത്രാ ബാനർജി)-മലയാളം (വിവർത്തനം)
പാഞ്ചാലിയുടെ ഏഴുരാത്രികൾ (വിനയശ്രീ)-മലയാളം

തുടങ്ങിയവ അവയിൽ ചിലതു മാത്രം.

ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഡോക്ടറേറ്റ് നേടിയ ഗവേഷകൻ കൂടിയാണ് യാർലഗഡ്ഡ ലക്ഷ്മി പ്രസാദ് .തന്റെ ഈ നോവൽ ഹിന്ദിയിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് അദ്ദേഹം തന്നെയാണ്. 2010 ലെ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് നേടിയ കൃതികൂടിയാണ് ദ്രൗപദി. ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് ആർ ശശിധരനും , സി രാധാമണിയും ചേർന്നാണ്. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമിയും. 280 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപ.

അനന്തരം കൗരവപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു നോവൽ

 

മഹാഭാരതമെന്ന സമുദ്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതിലെ കഥാപാത്രങ്ങൾക്ക് മേന്മയുള്ളതെന്നും, അതില്ലാത്തതെന്നുമൊക്കെയുള്ള തരംതിരിവുകളും ചർച്ചകളും  പലപ്പോഴും കാണാറുമുണ്ട് . ഓരോ കഥാപാത്രവും കെട്ടിയാടേണ്ട വേഷങ്ങൾ സമയാസമയത്ത് അരങ്ങത്തു കൊണ്ടുവരാൻ വ്യാസൻ കാണിച്ച അതിബുദ്ധിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. അവിടെ സംഭവിക്കുന്ന ഓരോരോ സംഭവങ്ങൾക്കും ന്യായാന്യായ വിശകലനങ്ങൾക്കുള്ള സാധ്യതകൾ കൂടി തുറന്നിട്ടുകൊണ്ടാണ് ജയം എന്നറിയപ്പെടുന്ന മഹാഭാരതത്തിന്റെ സൃഷ്ടികർമ്മം വ്യാസൻ നടത്തിയിരിക്കുന്നത്. ഓരോ തവണ വായിക്കുമ്പോഴും പുതുചിന്തകളും, വ്യാഖ്യാനങ്ങളുമുണ്ടാകുന്നത് അതുകൊണ്ടാണ്. 


മഹാഭാരതത്തിലെ അനേകമായിരം കഥാപാത്രങ്ങളിൽ നിന്നും അതിലെ സംഭവകഥകളെ നോക്കിക്കാണുക വളരെ കൗതുകകരമായ സംഗതിയാണ്. അങ്ങനെയുള്ള ഒരു വീക്ഷണ കോണിലൂടെ അതിലെ ഒരു സംഭവ പരമ്പര നമുക്ക് മുന്നിലേക്കെത്തിച്ചിരിക്കുകയാണ് അനന്തരം എന്ന നോവലിലൂടെ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ. കുരുവംശ രാജാവായ ധൃതരാഷ്ട്രരരുടെ ചിന്തകളിലൂടെ,ആകുലതകളിലൂടെ,നിസ്സഹായവസ്ഥയിലൂടെയാണ് നോവൽ കടന്നു പോകുന്നത്. 

പതിനെട്ടു ദിവസം നീണ്ടു നിന്ന അതിഘോരമായ യുദ്ധം കഴിഞ്ഞു. പുറമെ എല്ലാം ശാന്തമായി. എന്നാൽ യുദ്ധാനന്തരം കുരുവംശരാജാവിന്റെ മനസ്സിൽ എന്തൊക്കെയായിരിക്കണം കടന്നു പോയിട്ടുണ്ടാകുക. വ്യാസന്റെ അനുഗ്രഹത്താൽ ജനിച്ച  മക്കളിൽ ,പെണ്ണായിപ്പറന്നതുകൊണ്ടു മാത്രം ജീവനോടെയിരുന്ന ദുശ്ശള മാത്രം അവശേഷിച്ചു. പക്ഷെ തനറെ സഹോദരന്മാരുടെ വിധവയാക്കപ്പെട്ട ഭാര്യമാരുടെ കൂടെ അവളും വിധവവേഷം കെട്ടിയാടുകയാണ്. ധൃതരാഷ്ട്രർക്ക് മക്കളിൽ ഒരാളെയെങ്കിലും കിട്ടി,പക്ഷെ മറുവശത്തു പാണ്ഡവപുത്രരിൽ ആരും തന്നെ അവശേഷിപ്പിച്ചിട്ടില്ല.യുദ്ധാനന്തരം ധർമ പുത്രർ രാജ്യഭരണമേറ്റു. സദ്ഭരണം തന്നെയാണ് നടക്കുന്നത്. എവിടേയും സമൃദ്ധിയും, സമാധാനവും തിരികെ വന്നുകൊണ്ടിരിക്കുന്നു. ധൃതരാഷ്ട്രരും , ഗാന്ധാരിയും ഹസ്തിനപുരം കൊട്ടാരത്തിൽ തന്നെയാണ്. അവരുടെ സംരക്ഷണച്ചുമലത ഇപ്പോഴത്തെ രാജാവിനു തന്നെയാണ്. ആർക്കും ഒരു പരാതിയും ഇല്ലാതെ തന്നെയാണ് രാജാവ് അതെല്ലാം നോക്കി നടത്തുന്നത്. 

എല്ലാവരാലും ഒറ്റപ്പെട്ട് ,മക്കൾ നഷ്ടപ്പെട്ട ദുഖത്തിലും ആകുലതകളിലും കഴിയുന്ന ധൃതരാഷ്ട്രരുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളാണ് നോവലിലുടനീളം. ജീവിക്കാൻ ഇനിയൊരു കാരണം കണ്ടെത്തേണ്ട അയാളുടെ മനസ്സിൽ കഴിഞ്ഞ സംഭവങ്ങളെല്ലാം കടന്നു വരികയാണ്. താൻ കാരണമാണോ ഈ യുദ്ധമുണ്ടായതെന്നു അയാൾ ചിന്തിക്കുന്നു. യുദ്ധം ഒഴിവാക്കാൻ തനിക്കു കഴിയുമായിരുന്നില്ല?അമിത പുത്ര സ്നേഹത്താൽ താൻ എല്ലാത്തിനും അനുവാദം കൊടുക്കയായിരുന്നോ എന്നൊക്കെ അയാൾ ചിന്തിച്ചു കൂട്ടുന്നു. ധൃതരാഷ്ട്രരുടെ  മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ കുരുക്കഴിക്കുയാണ് ഈ നോവലിൽ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്.

 അന്ധതയാൽ മൂടപ്പെട്ട തനിക്ക് മറ്റുള്ളവരുടെ വാക്കുകളെ വിശ്വസിക്കേണ്ടിവന്നതിന്റെ പിഴയാണിതെല്ലാം എന്നയാൾ വിശ്വസിക്കുന്നു. പ്രിയമക്കളുടെ അപഥസഞ്ചാരങ്ങളെ മനസ്സിലാക്കാനോ , അവരെ തിരുത്തുവാനോ അയാൾക്ക്‌ കഴിഞ്ഞില്ല.

 ഈ നോവലിൽ  എതിർപക്ഷത്തു വിചാരണ ചെയ്യപ്പെടുന്നത് എം ടിയുടെ രണ്ടാമൂഴത്തിൽ ധർമവിചാരങ്ങളിൽ നയിക്കപ്പെട്ട  സാക്ഷാൽ ഭീമൻ തന്നെയാണ്. യുദ്ധത്തിൽ നൂറുപേരെയും വധിച്ചത് ഭീമനാണല്ലോ. യുയുൽസു പാണ്ഡവ പക്ഷത്തായിരുന്നതിനാൽ മാത്രം അയാൾ വധിക്കപ്പെട്ടില്ല. യുദ്ധം കഴിഞ്ഞിട്ടും ഭീമന്റെ കോപം ശമിക്കുന്നില്ല. ഹസ്തിനപുരം കൊട്ടാരത്തിൽ വിശ്രമിക്കുന്ന തനറെ വല്യച്ചന്റ്റെ അടുത്തേക്ക് അയാൾ നടന്നടുക്കും. കോപവാക്കുകൾ കൊണ്ട് അവരെ വീണ്ടു കീറിമുറിക്കും. ദുര്യോധനനെയും, ദുശ്ശാസനനെയും താൻ കൊന്നതെങ്ങനെന്നു വീണ്ടും വീണ്ടും വിവരിക്കും. ധൃതരാഷ്ട്രരും, ഗാന്ധാരിയും നെടുവീർപ്പുകളോടെ എല്ലാം കേട്ടിരിക്കും. ഭീമൻ പറഞ്ഞത് സത്യമാണെന്നു അംഗീകരിച്ചുകൊണ്ട് തന്നെ അവരിരിക്കും.  യുയുൽസു മാത്രമാണ് ഭീമനെ വിചാരണ ചെയ്യാൻ ധൈര്യം കാണിക്കുന്നുള്ളൂ. 

കൗരവർ ഭീമൻ വിഷം നൽകി ഗംഗയിലെറിഞ്ഞതിനും, അരക്കില്ലത്തിൽ പാണ്ഡവരെ ചുട്ടുകൊല്ലാൻ നോക്കിയതിനും,ദ്രൗപദിയുടെ വസ്ത്രാക്ഷേപ സമയത്തെ മൗനത്തിനും, ചൂതുകളിക്കായി പാണ്ഡവരെ ക്ഷണിക്കാൻ പറഞ്ഞതിനും, വിദുരർ പറഞ്ഞിട്ടും പ്രിയ പുത്രൻ ദുര്യോധനനെ ഒഴിവാക്കാതെ യുദ്ധം തുടർന്നതിനും ,ഭീമനെ ഞെക്കി കൊല്ലാൻ ശ്രമിച്ചെന്ന് പറയുന്ന ധൃതരാഷ്‌ട്രാലിംഗനത്തിനും ധൃതരാഷ്ട്രർക്ക് അയാളുടേതായ യുക്തിയും , ന്യായവുമുണ്ട്. അതൊക്കെയാണ് ഈ  നോവലിൽ അയാളുടെ ചിന്തകളിലൂടെ നമുക്ക്  മൂന്നിലെത്തുന്നത്.
 
മനോഹരമായി തന്നെ മഹാഭാരതത്തിലെ മുഹൂർത്തങ്ങൾ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ ഈ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട്. ആഖ്യാനശൈലികൊണ്ടും , പ്രമേയം കൊണ്ടും വളരെ നിലവാരം പുലർത്തുന്ന ഒരു നോവൽ തന്നെയാണിത്. ഗ്രീൻ ബുക്ക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്, വില 110   രൂപ