ഒരുപാട് പറയാനറിയാത്തവർ മനസ്സിൽ തോന്നുന്നതൊക്കെ ചിലപ്പോൾ കുത്തികുറിച്ച് വെക്കും. കുറെ കഴിയുമ്പോൾ അത് എല്ലാവരെയും കാണിക്കണമെന്ന് തോന്നും. പക്ഷേ അത് മറ്റുള്ളവർ വായിക്കു മ്പോൾ തോന്നുന്ന ചമ്മലിനെ ഓർത്ത് മാറ്റിവെക്കും. കാലം കുറെ കഴിയുമ്പോൾ അതിനെയെല്ലാം മറികടക്കാനുള്ള ഒരു ധൈര്യമൊക്കെ വരും. അങ്ങനെ കിട്ടിയ എന്തോ ഒരു ധൈര്യത്തിലാണ് ഇങ്ങനെയൊരു തുടക്കം.എഴുതിയെഴുതി കൈയ്യക്ഷരം നന്നായതുപോലെ സ്വന്തം ഭാഷയും നന്നാക്കാനാവും എന്നു വിശ്വസിക്കുന്നതുകൊണ്ടു മാത്രം ഒരു ശ്രമം നടത്തിക്കളയാമെന്നു ഞാനും വിചാരിച്ചു.
മറ്റൊരു ഭാഷയിലെ മഹാപ്രപഞ്ചത്തെ സ്വന്തം ഭാഷയുടെ ആകാശത്തിലേക്ക് ആവാഹിച്ചുകൊണ്ട് മലയാളിയുടെ വായനാചരിത്രത്തിൽ തന്റേതായ സിംഹാസനം തീർത്ത വ്യക്തിയാണ് ഈയിടെ അഹമ്മദാബാദിൽ വെച്ച് എൺപതുകളുടെ തുടക്കത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കെ.കെ. ഭാസ്കരൻ പയ്യന്നൂർ. സ്വന്തമായി ഒരു കഥാപാത്രത്തെപ്പോലും സൃഷ്ടിക്കാതെ, ഇംഗ്ലീഷ് ത്രില്ലർ സാഹിത്യത്തിലെ കിരീടം വെക്കാത്ത രാജാവായ ജെയിംസ് ഹാഡ്‌ലി ചേസിന്റെ ലോകം മലയാളികൾക്ക് സ്വന്തമാക്കി നൽകിയാണ് ഭാസ്കരൻ മാഷ് തന്റെ പേര് സാഹിത്യചരിത്രത്തിൽ മായാത്തവിധം എഴുതിച്ചേർത്തത്. ഒരു കാലത്ത്, ജെയിംസ് ഹാഡ്‌ലി ചേസ് എന്ന പേരിനൊപ്പം “വിവർത്തനം: കെ.കെ. ഭാസ്കരൻ പയ്യന്നൂർ” എന്നുകൂടി വായിക്കാതെ ആ പുസ്തകങ്ങൾ പൂർണ്ണമാകുമായിരുന്നില്ല.. ചേസിന്റെ ഉദ്വേഗം നിറഞ്ഞ, അതിവേഗത്തിലുള്ള ആഖ്യാനശൈലി അതേ തീവ്രതയോടെ മലയാളത്തിലേക്ക് പകർത്താൻ ഭാസ്കരൻ പയ്യന്നൂർ കണ്ടെത്തിയ ഒരു ഭാഷയുണ്ടായിരുന്നു. ആ ഭാഷയാണ് ചേസിനെ മലയാളത്തിൽ ഇത്രയധികം ജനപ്രിയനാക്കിയത്. കാലക്രമേണ, വിവർത്തകന്റെ പേര് മൂലഗ്രന്ഥകാരന്റെ പേരിനൊപ്പം നിൽക്കുന്ന ഒരു കോ -ബ്രാൻഡായി മാറി.
സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന പയ്യന്നൂർ അന്നൂരിലെ എ.വി. ശ്രീകണ്ഠപൊതുവാളിന്റെ മകനായി ജനിച്ച ഭാസ്കരന്, അക്ഷരങ്ങളോടുള്ള ആഭിമുഖ്യം പാരമ്പര്യമായി ലഭിച്ചതായിരുന്നു. എന്നാൽ, കഴിഞ്ഞ 60 വർഷക്കാലമായി അദ്ദേഹം അഹമ്മദാബാദിലാണ് ജീവിച്ചത്. പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (NID) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ഔദ്യോഗിക പദവി വഹിക്കുമ്പോഴും , അദ്ദേഹം തന്റെ മലയാളത്തെ ചേർത്തുപിടിച്ചു. ഗുജറാത്തിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, 1999-ൽ അഹമ്മദാബാദിൽ നിന്നും ‘കേരളവാർത്ത’ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെപ്പോലുള്ളവർ മലയാളം പഠിക്കാൻ അദ്ദേഹത്തെ സമീപിച്ചിരുന്നു എന്നത് ഭാഷാപരമായ കാര്യങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തിന് തെളിവാണ്. ഒരു വിവർത്തകൻ എന്നതിലുപരി ഒരു ‘മൊഴിമാറ്റത്തിന്റെ രാജശില്പി’ ആയിരുന്നു ഭാസ്കരൻ പയ്യന്നൂർ. ത്രില്ലർ നോവലുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെയിംസ് ഹാഡ്‌ലി ചേസിന്റെ (യഥാർത്ഥ നാമം: റെനെ ബ്രാബസോൺ റേമണ്ട്) നൂറിലധികം പുസ്തകങ്ങളാണ് അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. ഒരു എഴുത്തുകാരന്റെ ഒട്ടുമിക്ക കൃതികളെയും മറ്റൊരു ഭാഷയിലേക്ക് ഒരേയൊരാൾ പുനരവതരിപ്പിക്കുക എന്നത് സാഹിത്യത്തിൽ അപൂർവ്വമാണ്. ഇതിലൂടെ, ചേസിന്റെ ഏക വിവർത്തകൻ എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു. അമേരിക്കൻ പശ്ചാത്തലത്തിലുള്ള ഹാർഡ്-ബോയിൽഡ് ഡിറ്റക്ടീവ് സാഹിത്യത്തെ ഒരു കേരളീയ ഗ്രാമത്തിലെ വായനക്കാരന് പോലും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ സ്വാഭാവികവൽക്കരിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ചേസിന്റെ നോവലുകളിലെ നാടകീയ രംഗങ്ങളും ഉദ്വേഗനിമിഷങ്ങളും അതേപടി മലയാളിയുടെ വായനാമുറിയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എൺപതുകളിലും തൊണ്ണൂറുകളിലും വളർന്നുവന്ന ഒരു തലമുറയ്ക്ക്, ചേസ് നോവൽ എന്നത് ഒരു പ്രത്യേക സാഹിത്യവിഭാഗം തന്നെയായിരുന്നു. മുഖ്യധാരാ സാഹിത്യത്തിന്റെ ഗൗരവമില്ലാതെ, എന്നാൽ വായനയുടെ ലഹരി പൂർണ്ണമായി നൽകുന്ന ഈ പുസ്തകങ്ങൾ ഒരു സമാന്തര സാഹിത്യമണ്ഡലം രൂപപ്പെടുത്തി.
ചേസിന്റെ ആദ്യ മലയാള പുസ്തകങ്ങൾ വെളിച്ചം കണ്ടത് കോട്ടയത്തെ കൈരളി മുദ്രാലയത്തിലൂടെയായിരുന്നു. അതായിരുന്നു ആവേശകരമായ ആ യാത്രയുടെ തുടക്കം. കൈരളി മുദ്രാലയത്തിന് ശേഷം, കോട്ടയത്തെതന്നെ വിദ്യാർത്ഥിമിത്രം, റോയൽ ബുക്ക് ഡിപ്പോ തുടങ്ങിയ പ്രസാധകരും ചേസിന്റെ കൃതികൾ ഏറ്റെടുത്തു. അക്കാലത്ത് ജനപ്രിയ കുറ്റാന്വേഷണ നോവലുകൾ പ്രസിദ്ധീകരിക്കുന്നതിൽ വിദ്യാർത്ഥിമിത്രം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ പ്രസാധകരിലൂടെയാണ് ചേസ് എന്ന പേരും കെ.കെ. ഭാസ്കരൻ എന്ന വിവർത്തകനും മലയാളിക്ക് സുപരിചിതരാകുന്നത്.
ഈ ആദ്യകാല പ്രസാധകരുടെ തരംഗത്തിന് ശേഷമാണ് സി.ഐ.സി.സി. രംഗപ്രവേശം ചെയ്യുന്നത്. അവർ മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട പല പുസ്തകങ്ങളും പുതിയ രൂപത്തിൽ വീണ്ടും വായനക്കാരിലേക്ക് എത്തിച്ചു. എന്നാൽ ഈ ഘട്ടത്തിൽ, വിവർത്തകൻ എന്നതിലുപരി ഒരു എഡിറ്ററുടെ പങ്ക് കൂടി കെ.കെ. ഭാസ്കരൻ നിർവഹിച്ചു എന്നത് അധികമാർക്കും അറിയാത്ത ഒരു വസ്തുതയാണ്. ചെയ്സ് പുസ്തകങ്ങളുടെ പ്രസാധന ചരിത്രത്തിലെ ഏറ്റവും നിർണായകമായ അധ്യായം ആരംഭിക്കുന്നത് 2012-ലാണ്. കോട്ടയത്തെ ഡോൺ ബുക്സ്, ഭാസ്കരന്റെ ചേസ് വിവർത്തനങ്ങൾ ഒരു പുതിയ പരമ്പരയായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെയായിരുന്നു അത്. മലയാളത്തിൽ ജെയിംസ് ഹാഡ്‌ലി ചേസിന്റെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസാധകർ എന്ന ഖ്യാതി ഡോൺ ബുക്സിനാണ്. നിലവിൽ നാൽപ്പത്തിയഞ്ചോളം പുസ്തകങ്ങൾ അവർ പുറത്തിറക്കി, രണ്ടെണ്ണം കൂടി അണിയറയിൽ ഒരുങ്ങുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘവും അദ്ദേഹത്തിന്റെ കൃതികൾ സിദ്ധീകരിച്ചിരുന്നു. അദ്ദേഹം പരിഭാഷപ്പെടുത്തിയ ‘വിഷപ്പാമ്പുകൾ’ പോലുള്ള നോവലുകൾ ഒരു സമ്പൂർണ്ണ പരമ്പരയായി ഡോൺ ബുക്സ് പുറത്തിറക്കിയതോടെ “ഭാസ്കരൻ-ചേസ്” എന്നത് ഒരു വിജയ ഫോർമുലയായി മാറി. പിന്നീട്, മാതൃഭൂമി ബുക്സ് പോലുള്ള പ്രമുഖ പ്രസാധകർ അദ്ദേഹത്തിന്റെ വിവർത്തനങ്ങൾ ഏറ്റെടുത്തതോടെ വായനക്കാരക്കിടയിൽ നല്ല അംഗീകാരം ലഭിച്ചു. ചേസിന്റെ ‘മർഡർ റൂം’ മാതൃഭൂമി പ്രസിദ്ധീകരിച്ചത് ഇതിന് ഉദാഹരണമാണ്. ചേസിൽ മാത്രം ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ പ്രതിഭ. ചാൾസ് ജെ. ഡട്ടണിന്റെ ‘ലൈബ്രറിയിലെ കൊലപാതകം’ എന്ന പ്രശസ്തമായ നോവലും അദ്ദേഹം മാതൃഭൂമിക്കായി വിവർത്തനം ചെയ്തു. കൂടാതെ, മല്ലികാ സാരാഭായിയുടെ ആത്മകഥാപരമായ ലേഖനം ‘ഭക്ഷണം ആത്മകഥാരൂപത്തിൽ’ എന്ന പേരിൽ പരിഭാഷപ്പെടുത്തിയതും അദ്ദേഹത്തിന്റെ ശൈലിയുടെ വൈവിധ്യം കാണിക്കുന്നു.
ഓരോ എഴുത്തുകാരനും ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് അവരവരുടെ കയ്യൊപ്പാണ്. അദ്ദേഹത്തിന്റേതായി സ്വന്തം കൃതികൾ കണ്ടെത്താൻ കഴിയുന്നില്ല എന്നത് ഒരു കുറവല്ല, മറിച്ച് വിവർത്തനം എന്ന കലയോടുള്ള അദ്ദേഹത്തിന്റെ പൂർണ്ണമായ അർപ്പണബോധത്തിന്റെ തെളിവാണ്. 2014-ൽ ലഭിച്ച അക്ഷയ നാഷണൽ അവാർഡ് അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ഒരു ചെറിയ അംഗീകാരമായിരുന്നു.. ലക്ഷക്കണക്കിന് വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ, വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ആ അക്ഷരശില്പിക്ക്, ആ മായാത്ത കയ്യൊപ്പിന് മുന്നിൽ, മലയാള സാഹിത്യലോകം എക്കാലവും കടപ്പെട്ടിരിക്കും. അദ്ദേഹത്തിന് അക്ഷരങ്ങൾ കൊണ്ട് ഒരു യാത്രാമൊഴി.
ലോകമെമ്പാടുമുള്ള ശീതള പാനീയ വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബ്രാൻഡ് ആണല്ലോ ഫാൻ്റ. ഓറഞ്ച്, സ്ട്രോബെറി, മുന്തിരി തുടങ്ങി വിവിധ രുചികളിൽ ലഭ്യമായ ഈ പാനീയം ഇന്ന് ആഗോളതലത്തിൽ പ്രിയങ്കരമാണ്. എന്നാൽ ഫാൻ്റയുടെ ചരിത്രം നോക്കുകയാണെങ്കിൽ , അത് രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കെടുതികളിലും, നാസി ഭരണകൂടത്തിൻ്റെ രാഷ്ട്രീയ സാഹചര്യങ്ങളിലും രൂപം കൊണ്ട ഒരു ഉല്പന്നമാണെന്ന യാഥാർഥ്യത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക . കൊക്കക്കോളയുടെ നിസ്സഹായതയിൽ നിന്ന് ഉടലെടുത്ത ഫാൻ്റയുടെ നാസി വേരുകൾ ഒരു ശീതള പാനീയത്തിൻ്റെ സാധാരണ ചരിത്രത്തിനപ്പുറം രാഷ്ട്രീയവും വിവാദവും നിറഞ്ഞ ഒരധ്യായം കൂടി തുറന്നു തരുന്നുണ്ട്.
ജർമ്മൻ വിപണിയിലേക്ക് 1920-കളിലാണ് കൊക്കക്കോള പ്രവേശിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അവിടെ അത് ജനപ്രീതി നേടി . അമേരിക്ക കഴിഞ്ഞാൽ കൊക്കക്കോളയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി ജർമ്മനി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. 1939-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു . അമേരിക്കയും ജർമ്മനിയും ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടു. വ്യാപാര ബന്ധങ്ങൾ പൂർണ്ണമായി തകർന്നു. കൊക്കക്കോളയുടെ പ്രധാന ചേരുവകൾ അമേരിക്കയിൽ നിന്നാണ് ജർമ്മനിയിലേക്ക് എത്തിയിരുന്നത്. ഇത് നിലച്ചതോടെ ജർമ്മനിയിലെ കൊക്കക്കോള ഫാക്ടറി അടച്ചുപൂട്ടലിൻ്റെ വക്കിലെത്തി.ഈ നിർണ്ണായക ഘട്ടത്തിലാണ് മാക്സ് കീത്ത് എന്ന ജർമ്മനിയിലെ കൊക്കക്കോള തലവൻ തൻ്റേതായ ഒരു വഴി കണ്ടെത്തുന്നത്. കൊക്കക്കോളയുടെ ലഭ്യത ഇല്ലാതായപ്പോൾ, ജർമ്മനിയിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഒരു പകരക്കാരനെ സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഒരു ജർമ്മൻ വ്യവസായി ആയിരുന്നു മാക്സ് കീത്ത് . 1930-കളിൽ ആണ് അദ്ദേഹം കൊക്കക്കോള ജർമ്മനിയിൽ ചേരുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം കമ്പനിയുടെ തലപ്പത്തേക്ക് ഉയർന്നു. സമർത്ഥനായ ഒരു ബിസിനസ്സുകാരൻ എന്ന നിലയിൽ അദ്ദേഹം കൊക്കക്കോളയെ ജർമ്മൻ വിപണിയിൽ വളർത്താൻ വലിയ പങ്കുവഹിച്ചു. രണ്ടാം ലോകമഹായുദ്ധം അദ്ദേഹത്തിൻ്റെ കരിയറിലും കൊക്കക്കോള ജർമ്മനിയുടെ ഭാവിയിലും വലിയ മാറ്റങ്ങൾ വരുത്തി. യുദ്ധകാലത്ത് കൊക്കക്കോള ജർമ്മനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായപ്പോൾ, ഫാക്ടറി അടക്കുന്നതിന് പകരം, ജർമ്മനിയിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് ഒരു പുതിയ പാനീയം ഉണ്ടാക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതൊരു സാഹസികമായ തീരുമാനമായിരുന്നു, പക്ഷെ അത്യാവശ്യവുമായിരുന്നു. കാരണം, നാസി ഭരണകൂടം സ്വയംപര്യാപ്തതയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്നു. ഇറക്കുമതി കുറയ്ക്കാനും, ജർമ്മൻ ഉത്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകാനും അവർ ശ്രമിച്ചിരുന്നു . ഈ രാഷ്ട്രീയ സാഹചര്യമാണ് മാക്സ് കീത്തിനെ പുതിയ പാനീയം കണ്ടുപിടിക്കാൻ പ്രേരിപ്പിച്ചത് .
1940-ൽ ഫാൻ്റ എന്ന പുതിയ ശീതള പാനീയം ജർമ്മൻ കമ്പോളത്തിൽ അവതരിപ്പിക്കപ്പെട്ടു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ‘ഫാൻ്റാസ്റ്റിക്’ എന്ന ജർമ്മൻ വാക്കാണ് ഈ പാനീയത്തിന് നൽകിയത്. ലഭ്യമായ പഴങ്ങളും, ആപ്പിൾ സിഡെർ, ചീസ് ഉണ്ടാക്കുമ്പോൾ ബാക്കിയാവുന്ന ‘വേ’ (whey) തുടങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് ഫാൻ്റയുടെ ആദ്യ രൂപം നിർമ്മിച്ചത്. അങ്ങിനെ മാക്സ് കീത്തിൻ്റെ നേതൃത്വത്തിലാണ് ഫാൻ്റയുടെ ആദ്യ രൂപം സൃഷ്ടിക്കപ്പെടുന്നത്. അദ്ദേഹം തൻ്റെ രസതന്ത്രജ്ഞരെയും, ഫാക്ടറി ജീവനക്കാരെയും വിളിച്ചു കൂട്ടി പുതിയ പാനീയത്തെക്കുറിച്ചുള്ള ആശയം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സെയിൽസ്മാൻ ആയിരുന്ന ജോസഫ് “ജോ” നിബ്ബർഗ് ആണ് “ഫാൻ്റ” എന്ന പേര് നിർദ്ദേശിച്ചത്. കുറഞ്ഞ കാലം കൊണ്ട് തന്നെ അവർ ഫാൻ്റയുടെ ആദ്യ രൂപം വികസിപ്പിച്ചു. ആദ്യകാല ഫാൻ്റക്ക് ഒരേ രുചിയോ നിറമോ ഉണ്ടായിരുന്നില്ല. പഴങ്ങളുടെ ലഭ്യത അനുസരിച്ച് പല രുചികളിലും നിറങ്ങളിലുമുള്ള ഫാൻ്റകൾ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. യുദ്ധകാലത്ത് ഇറക്കുമതികൾ നിലച്ചതും, മറ്റ് ശീതള പാനീയങ്ങൾ ലഭ്യമല്ലാതായതും ഫാൻ്റയ്ക്ക് വളരെ പെട്ടെന്ന് ജനപ്രീതി നേടിക്കൊടുത്തു. നാസി ഭരണകൂടവും തങ്ങളുടെ പ്രചാരണങ്ങളിൽ ഫാൻ്റയെ പരോക്ഷമായി പ്രോത്സാഹിപ്പിച്ചു എന്നും പറയപ്പെടുന്നു. “ജർമ്മൻ ഉത്പന്നം, ജർമ്മൻ ജനതയ്ക്ക്” എന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ ഫാൻ്റയും ഉൾപ്പെട്ടു. ജർമ്മൻ ജനതയുടെ താൽക്കാലിക ആശ്വാസമായി ഫാൻ്റ മാറി. ഫാൻ്റയുടെ ആദ്യകാല ചേരുവകളിൽ ‘വേ’ (Whey) ഉപയോഗിച്ചിരുന്നത് അന്നത്തെ സാഹചര്യങ്ങളുടെ സമ്മർദ്ദം എത്രത്തോളമുണ്ടായിരുന്നു എന്ന് കാണിക്കുന്നു.നാസി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഫാക്ടറിയെ മുന്നോട്ട് നയിച്ചു. അദ്ദേഹത്തിൻ്റെ ഈ നീക്കം ഒരു തരത്തിൽ നാസി ഭരണകൂടത്തിന് സഹായകരമായി. കാരണം, യുദ്ധകാലത്ത് ജർമ്മൻ ജനതയ്ക്ക് ഒരു തദ്ദേശീയ ശീതള പാനീയം നൽകാൻ ഫാൻ്റയുടെ ഉത്പാദനത്തിലൂടെ സാധിച്ചു. എന്നിരുന്നാലും കൊക്കക്കോളയുടെ രഹസ്യ ഫോർമുല ജർമ്മൻകാരുടെ കയ്യിൽ എത്താതെ സൂക്ഷിക്കുന്നതിൽ മാക്സ് കീത്ത് വലിയ പങ്കുവഹിച്ചു എന്നത് ശ്രദ്ധേയമാണ്.
ഒരു വശത്ത്, യുദ്ധത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും സമ്മർദ്ദങ്ങളിൽ ഒരു പാനീയം എങ്ങനെ രൂപം കൊണ്ടു എന്ന കൗതുകകരമായ വസ്തുത നിലനിൽക്കെ തന്നെ മറുവശത്ത്, നാസി ഭരണകൂടത്തിൻ്റെ തണലിൽ വളർന്നു വന്ന ഈ പാനീയത്തിൻ്റെ വിജയം, ചരിത്രപരമായ ചില ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.മാക്സ് കീത്ത് നാസി പാർട്ടിയിൽ അംഗമായിരുന്നോ എന്നതിന് കൃത്യമായ രേഖകൾ ലഭ്യമല്ല. എന്നാൽ അദ്ദേഹം നാസി ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിച്ചു എന്നത് ഒരു വസ്തുതയാണ്. കൊക്കക്കോളയുടെ അമേരിക്കൻ ആസ്ഥാനം അദ്ദേഹത്തിന്റെ ഈ നീക്കങ്ങളെക്കുറിച്ച് അറിഞ്ഞെങ്കിലും, യുദ്ധകാലത്ത് അവർക്ക് ഇതിൽ ഇടപെടാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം . യുദ്ധശേഷം കൊക്കക്കോള കമ്പനി ഫാൻ്റയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോൾ, മാക്സ് കീത്തിനെ അവർ കൂടുതൽ പ്രോത്സാഹിപ്പിച്ചില്ല. അദ്ദേഹത്തിൻ്റെ യുദ്ധകാലത്തെ പ്രവർത്തനങ്ങൾ വിവാദമായേക്കാം എന്ന് ഒരുപക്ഷേ കമ്പനി ഭയന്നിരിക്കാം. മാക്സ് കീത്തിനെതിരെയുള്ള പ്രധാന വിമർശനം, അദ്ദേഹം നാസി ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിച്ചു എന്നുള്ളതും അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഒരു പാനീയം എന്ന നിലയിൽ ഫാൻ്റയെ ഉപയോഗിക്കാൻ അനുവദിച്ചു എന്നുള്ളതുമാണ് . ചില ചരിത്രകാരന്മാർ ഇതിനെ ഒരു കച്ചവട തന്ത്രമായി കാണുമ്പോൾ, മറ്റുചിലർ ധാർമ്മികമായ വീഴ്ചയായി വിലയിരുത്തുന്നുമുണ്ട്.
യുദ്ധാനന്തരം, കൊക്കക്കോള കമ്പനി ജർമ്മനിയിലെ ഫാക്ടറിയും ഫാൻ്റയുടെ ഉടമസ്ഥാവകാശവും തിരികെ വാങ്ങി. പിന്നീട്, ഫാൻ്റയെ ഒരു ആഗോള ബ്രാൻഡായി അവർ വളർത്തി. 1950-കളിൽ ഫാൻ്റ ഓറഞ്ച് എന്ന പുതിയ രുചി വികസിപ്പിച്ചെടുത്തതോടെ ഫാൻ്റയുടെ പ്രചാരം വീണ്ടും വർധിച്ചു. ഇന്ന് 170-ൽ അധികം രാജ്യങ്ങളിൽ, അവിടുത്തെ ഇഷ്ട്ടങ്ങൾക്കനുസരിച്ച് വിവിധ രുചിയിലും നിറത്തിലുമുള്ള ഫാൻ്റ പാനീയങ്ങൾ ലഭ്യമാണ്. പക്ഷെ ഫാൻ്റയുടെ ഈ വളർച്ചയ്ക്കിടയിലും, അതിൻ്റെ ആദ്യകാല നാസി ബന്ധം പൂർണ്ണമായി തുടച്ചു മാറ്റാൻ കഴിയില്ല എന്നുള്ളത് വാസ്തവമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മാക്സ് കീത്ത് കൊക്കക്കോളയിൽ തന്നെ തുടർന്നു ജോലി ചെയ്തു. പക്ഷെ അദ്ദേഹത്തിന് ആ പഴയ പ്രതാപമൊന്നും ഉണ്ടായിരുന്നില്ല. ഫാൻ്റയുടെ വിജയത്തിന് ശേഷവും, കൊക്കക്കോളയുടെ ആസ്ഥാനം അദ്ദേഹത്തെ മുൻപോട്ട് കൊണ്ടുവരാനും ശ്രമിച്ചില്ല. പിന്നീട് അദ്ദേഹം കൊക്കക്കോളയിൽ നിന്ന് വിരമിച്ചു. . യുദ്ധവും രാഷ്ട്രീയവും കച്ചവടവും കൂടിക്കുഴഞ്ഞ ഒരു സങ്കീർണ്ണമായ ചരിത്രമാണ് മാക്സ് കീത്തിന്റേത് എന്ന് കാണാം . മാക്സ് കീത്ത് എന്ന വ്യക്തിയും അദ്ദേഹത്തിൻ്റെ തീരുമാനങ്ങളുമാണ് ഫാൻ്റയുടെ ചരിത്രത്തെ മാറ്റിമറിച്ചത് എന്ന് പറയാം. അദ്ദേഹമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഫാൻ്റ എന്ന പാനീയം ഉണ്ടാകുമായിരുന്നില്ല.
എന്തായാലും , ഒരു ശീതള പാനീയം നാസി ഭരണത്തിൻ്റെ ദുരിത കാലത്ത് ജർമ്മനിയിൽ പ്രചാരം നേടിയതും, പിന്നീട് ആഗോള ബ്രാൻഡായി വളർന്നതും ചരിത്രത്തിലെ ഒരു വിരോധാഭാസമായോ ,കൊതുകകരമായ വസ്തുതയായോ നിലനിൽക്കുന്നു.
1924-ലെ ഷിക്കാഗോ. ‘ജാസ് യുഗം’ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ആ കാലം വൈരുദ്ധ്യങ്ങളുടെയും ആധുനികതയുടെയും, ഒപ്പം സമ്പന്നതയുടെയും ഉള്ളിൽ പുകയുന്ന ഉത്കണ്ഠകളുടെയും കാലമായിരുന്നല്ലോ. നഗരത്തിൻ്റെ പല ഭാഗങ്ങളിലും നിരോധന നിയമത്തിൻ്റെ മറവിൽ കുറ്റകൃത്യങ്ങളും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടങ്ങളും നടമാടുമ്പോൾ, ഷിക്കാഗോയിലെ കെൻവുഡ് എന്ന സമ്പന്നരുടെ പ്രദേശം ശാന്തവും സുരക്ഷിതവുമായിരുന്നു. വലിയ മാളികകളും, പരിചാരകരും, ഡ്രൈവർമാരുമുള്ള ആളുകൾ വസിച്ചിരുന്ന ആഢ്യത്വം നിറഞ്ഞൊഴുകിയ ഒരിടമായിരുന്നു അവിടം . അവിടെയാണ് ഫ്രാങ്ക്സ്, ലിയോപോൾഡ്, ലോബ് എന്നീ പ്രമുഖ കുടുംബങ്ങൾ താമസിച്ചിരുന്നത്.
1924 മെയ് 22-ന് രാവിലെ, ഇല്ലിനോയി-ഇന്ത്യാന അതിർത്തിക്കടുത്തുള്ള ചതുപ്പുനിലത്തിലെ ഒരു ഓവുചാലിൽ നിന്ന് പതിനാലുകാരനായ ബോബി ഫ്രാങ്ക്സിൻ്റെ മൃതദേഹം ഒരു തൊഴിലാളി കണ്ടെത്തിയപ്പോൾ , ഷിക്കാഗോ നഗരം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. കൊല്ലപ്പെട്ട ബോബി ഫ്രാങ്ക്സ്, റോക്ക്ഫോർഡ് വാച്ച് കമ്പനിയുടെ മുൻ ഉടമയും സമ്പന്നന്നുമായ ജേക്കബ് ഫ്രാങ്ക്സിൻ്റെ മകനായിരുന്നു. സ്നേഹസമ്പന്നമായ ഒരു കുടുംബത്തിലെ ഇളയ സന്താനം. മെയ് 21, ബുധനാഴ്ച വൈകുന്നേരം, ഹാർവാർഡ് സ്കൂൾ ഫോർ ബോയ്സിൽ ഒരു ബേസ്ബോൾ കളിയുടെ അമ്പയറായി നിന്ന ശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ബോബിയെ അവസാനമായി കണ്ടത്. അവൻ വീട്ടിലെത്താതിരുന്നപ്പോൾ, മാതാപിതാക്കൾ ആദ്യം കരുതിയത് സുരക്ഷിതമായ ആ അയൽപക്കത്ത് എവിടെയെങ്കിലും കൂട്ടുകാരുമായി കളിക്കുകയായിരിക്കുമെന്നാണ്. എന്നാൽ രാത്രി വൈകിയും കാണാതായതോടെ ആശങ്ക വർദ്ധിച്ചു. അപ്പോഴാണ് ഒരു ഫോൺ കോൾ വരുന്നത്. ജോർജ്ജ് ജോൺസൺ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ, ബോബിയെ തട്ടിക്കൊണ്ടുപോയെന്നും, കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം രാവിലെ അറിയിക്കാമെന്നും പറഞ്ഞു. ആ രാത്രി മുഴുവൻ ഫ്രാങ്ക്സ് കുടുംബം ഭയത്തിലും അനിശ്ചിതത്വത്തിലും കഴിച്ചുകൂട്ടി. എന്നാൽ അടുത്ത പ്രഭാതത്തിൽ, മോചനദ്രവ്യത്തിനായുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് മുമ്പുതന്നെ, ഭയാനകമായ ആ വാർത്തയെത്തി: ബോബിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു.
കണ്ടെത്തുമ്പോൾ ബോബിയുടെ ശരീരം നഗ്നമായിരുന്നു, തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു, മുഖത്തും രഹസ്യഭാഗങ്ങളിലും തിരിച്ചറിയാതിരിക്കാനായി ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ചതിൻ്റെ പാടുകളും. ചേലാകർമ്മം ചെയ്യപ്പെട്ടിരുന്നു എന്ന വസ്തുത മറയ്ക്കാനായിരുന്നു ഇത്, അക്കാലത്ത് അമേരിക്കയിൽ യഹൂദരല്ലാത്തവർക്കിടയിൽ ഇത് അസാധാരണമായിരുന്നു. ഈ കണ്ടെത്തലുകൾ ഇതൊരു യാദൃശ്ചികമായ കൊലപാതകമായിരുന്നില്ലെന്നും , മറിച്ച് അതീവ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത ഒരു ക്രൂരകൃത്യമായിരുന്നു എന്ന നിഗമനത്തിലെക്കത്തി.വാർത്ത കാട്ടുതീ പോലെ പടർന്നു. ‘നൂറ്റാണ്ടിൻ്റെ കുറ്റകൃത്യം’ എന്ന് പത്രങ്ങൾ അതിനെ വിശേഷിപ്പിച്ചു. ഷിക്കാഗോയിലെ പ്രമുഖ പത്രങ്ങളെല്ലാം ഈ വാർത്തയ്ക്ക് പ്രാധാന്യം നൽകി, മാധ്യമങ്ങൾ സംഭവസ്ഥലത്തും ഫ്രാങ്ക്സ് ഭവനത്തിലും തടിച്ചുകൂടി. തുടക്കത്തിൽ, മൃതദേഹം നഗ്നമായി കാണപ്പെട്ടതിനാൽ പോലീസ് ഒരു സ്വവർഗ്ഗാനുരാഗിയെ സംശയിച്ചത് , അക്കാലത്തെ സാമൂഹിക മുൻവിധികളെയും ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെയുമാണ് എടുത്തു കാട്ടുന്നത്. വ്യക്തമായ തെളിവുകളോ കൊലപാതകത്തിൻ്റെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ധാരണയോ ഇല്ലാതിരുന്നതിനാൽ, അന്വേഷണ ഉദ്യോഗസ്ഥർ നിലവിലുണ്ടായിരുന്ന മുൻവിധിയിലേക്ക് തിരിയുകയായിരുന്നു. ഇത് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെ ക്രിമിനൽ അന്വേഷണ രീതികളുടെ പരിമിതികളും സാമൂഹിക പക്ഷപാതങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
അന്വേഷണത്തിലെ നിർണ്ണായക വഴിത്തിരിവായത് മൃതദേഹത്തിനടുത്തുനിന്ന് കണ്ടെത്തിയ ഒരു കണ്ണടയായിരുന്നു. ബോബിയ്ക്ക് കണ്ണട ഉണ്ടായിരുന്നില്ല. പിന്നെ ഈ ഹോൺ-റിംഡ് കണ്ണടയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമമായി. കണ്ണടയുടെ വിജാഗിരിക്ക് (hinge) ഒരു പ്രത്യേകതയുണ്ടായിരുന്നു. ന്യൂയോർക്കിലെ ഒരു കമ്പനി നിർമ്മിച്ച ഈ hinge ഷിക്കാഗോയിൽ വിറ്റിരുന്നത് ആൽമർ കോ & കമ്പനി എന്ന ഒരേയൊരു സ്ഥാപനം മാത്രമാണ്. അവർ അത്തരം മൂന്ന് കണ്ണടകൾ മാത്രമാണ് വിറ്റിരുന്നത്. രണ്ടെണ്ണം ആരുടേതാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു, മൂന്നാമത്തേത് നഥാൻ ലിയോപോൾഡ് എന്ന യുവ സർവ്വകലാശാലാ വിദ്യാർത്ഥിയുടേതായിരുന്നു.
മെയ് 29-ന് ലിയോപോൾഡിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അയാൾ തികഞ്ഞ ശാന്തതയോടെയാണ് പോലീസിനെ നേരിട്ടത്. ആ പ്രദേശത്ത് താൻ സ്ഥിരമായി പക്ഷിനിരീക്ഷണത്തിന് പോകാറുണ്ടെന്നും, അപ്പോൾ നഷ്ടപ്പെട്ടതാവാം കണ്ണടയെന്നും ലിയോപോൾഡ് മൊഴി നൽകി. തുടക്കത്തിൽ പോലീസിന് അയാളെ സംശയിക്കാൻ തക്ക കാര്യമായ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണ്ണട ലിയോപോൾഡിൻ്റേതാണെന്നറിഞ്ഞപ്പോൾ, നിർണ്ണായക തെളിവ് ഒരു നിരപരാധിയിലേക്ക് വിരൽ ചൂണ്ടുന്നതിലുള്ള നിരാശ മിസ്റ്റർ ഫ്രാങ്ക്സ് പ്രകടിപ്പിച്ചു.അതേസമയം, മറ്റൊരു പ്രധാന തെളിവ് ഉയർന്നുവന്നു: മോചനദ്രവ്യത്തിനായുള്ള കത്ത്. ഇത് ടൈപ്പ് ചെയ്തത് ഒരു പ്രത്യേക ടൈപ്പ് റൈറ്ററിലാണെന്നും അതിലെ ചില അക്ഷരങ്ങൾക്ക് (ചെറിയക്ഷരം ‘t’, ‘f’ എന്നിവയ്ക്ക് ) തകരാറുണ്ടെന്നും വിദഗ്ധർ കണ്ടെത്തി. ഷിക്കാഗോ ഡെയ്‌ലി ന്യൂസിലെ റിപ്പോർട്ടർമാരായ ജെയിംസ് മൾറോയിയും ആൽവിൻ ഗോൾഡ്‌സ്റ്റീനും അന്വേഷണം ആരംഭിച്ചു. അവർ ലിയോപോൾഡ് തൻ്റെ പഠന ഗ്രൂപ്പിനായി ടൈപ്പ് ചെയ്ത നോട്ടുകൾ കണ്ടെത്തി. ഈ നോട്ടുകളിലെ അതേ അക്ഷരത്തെറ്റുകൾ മോചനദ്രവ്യ കത്തിലുമുണ്ടായിരുന്നു. മിഷിഗൺ സർവ്വകലാശാലയിലെ ലിയോപോൾഡിൻ്റെ സുഹൃത്തും സഹപാഠിയുമായിരുന്ന റിച്ചാർഡ് ലോബിൻ്റെ പഴയ ഫ്രാറ്റേണിറ്റിയിൽ നിന്ന് മോഷ്ടിച്ച ടൈപ്പ് റൈറ്ററായിരുന്നു അത്.
ലിയോപോൾഡിനെ ചോദ്യം ചെയ്തപ്പോൾ, കൊലപാതകം നടന്ന ദിവസം താൻ തൻ്റെ അടുത്ത സുഹൃത്തായ റിച്ചാർഡ് ലോബിനൊപ്പമായിരുന്നു എന്ന് മൊഴി നൽകി. തങ്ങൾ മദ്യപിച്ചും മറ്റും പുറത്തുപോയിരുന്നു എന്നായിരുന്നു അവരുടെ ആദ്യത്തെ കഥ. ലോബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അയാളും ഇതേ കഥ ആവർത്തിച്ചു. എന്നാൽ ലിയോപോൾഡ് കുടുംബത്തിലെ ഡ്രൈവർ നൽകിയ മൊഴി നിർണ്ണായകമായി. കൊലപാതകം നടന്ന ദിവസം ലിയോപോൾഡിൻ്റെ കാർ ഗാരേജിൽ അറ്റകുറ്റപ്പണിയിലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതോടെ അവരുടെ മൊഴി പൊളിഞ്ഞു.കൂടാതെ, ലിയോപോൾഡിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയ ചില കത്തുകൾ, ലിയോപോൾഡും ലോബും തമ്മിൽ തീവ്രമായ, ഒരുപക്ഷേ ലൈംഗിക ബന്ധം സൂചിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അക്കാലത്തെ സാമൂഹിക സാഹചര്യത്തിൽ ഇത് സംശയം വർദ്ധിപ്പിക്കാൻ കാരണമായി.
തെളിവുകൾ (കണ്ണട, ടൈപ്പ് റൈറ്റർ, പൊളിഞ്ഞ മൊഴി) നിരത്തിയപ്പോൾ, ലോബ് ആദ്യം കുറ്റം സമ്മതിച്ചു . ലിയോപോൾഡിനെ ചുറ്റി പോലീസ് വല മുറുക്കുകയാണെന്നും അതിൽ ലോബും കുടുങ്ങുമെന്നും പറഞ്ഞതിനെ തുടർന്നായിരിക്കാം ഇത്. ലോബ് കുറ്റം സമ്മതിച്ചെന്നറിഞ്ഞപ്പോൾ, ആദ്യം പരിഹസിച്ചെങ്കിലും , ലിയോപോൾഡും തൊട്ടുപിന്നാലെ കുറ്റം സമ്മതിച്ചു.കുറ്റസമ്മതത്തോടെ പുറത്തുവന്ന വിവരങ്ങൾ ഷിക്കാഗോയെ മാത്രമല്ല, ലോകത്തെ മുഴുവൻ ഞെട്ടിച്ചു. ഈ ക്രൂരകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ സാധാരണ കുറ്റവാളികളായിരുന്നില്ല. മറിച്ച്, കൊല്ലപ്പെട്ട കുട്ടിയുടെ അതേ സാമൂഹിക ചുറ്റുപാടിൽ നിന്നുള്ളവർ, കെൻവുഡിലെ തന്നെ താമസക്കാർ, അതിസമ്പന്നരും അതിബുദ്ധിമാന്മാരുമായ രണ്ട് സർവ്വകലാശാലാ വിദ്യാർത്ഥികൾ – നഥാൻ ലിയോപോൾഡ് ജൂനിയറും റിച്ചാർഡ് ലോബും. ഇരുവരും ഷിക്കാഗോയിലെ അതിസമ്പന്നരും പ്രമുഖരുമായ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ലിയോപോൾഡിൻ്റെ പിതാവ് ഒരു പെട്ടി നിർമ്മാണ കമ്പനിയുടെ ഉടമയും , ലോബിൻ്റെ പിതാവ് സിയേഴ്സ് റോബക്ക് കമ്പനിയുടെ വിരമിച്ച വൈസ് പ്രസിഡൻ്റും അഭിഭാഷകനുമായിരുന്നു. ഇരുവരും യഹൂദ പശ്ചാത്തലമുള്ളവരായിരുന്നു, ലോബിൻ്റെ അമ്മ കത്തോലിക്ക വിശ്വാസിയായിരുന്നെങ്കിലും.
അസാമാന്യമായ ബുദ്ധിശക്തിയായിരുന്നു ഇരുവരുടെയും മുഖമുദ്ര. ലിയോപോൾഡ് 18 വയസ്സിൽ ഷിക്കാഗോ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി, നിരവധി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. അയാൾ പ്രശസ്തനായ ഒരു പക്ഷിശാസ്ത്രജ്ഞൻ കൂടിയായിരുന്നു. ഹാർവാർഡ് ലോ സ്കൂളിൽ പഠനം തുടരാനായിരുന്നു അയാളുടെ പദ്ധതി. ലോബ് ആകട്ടെ , 17 വയസ്സിൽ മിഷിഗൺ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു . നിയമപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു അയാൾ.
എന്നാൽ വ്യക്തിത്വത്തിൽ അവർ തികച്ചും വ്യത്യസ്തരായിരുന്നു. ലോബ് സുന്ദരനും ആകർഷകമായ പെരുമാറ്റമുള്ളവനും സാമൂഹികമായി ഇടപെടുന്നവനും ജനപ്രിയനുമായിരുന്നു. എന്നാൽ കുറ്റകൃത്യങ്ങളോടും ഡിറ്റക്ടീവ് കഥകളോടും ചെറുപ്പം മുതലേ അഭിനിവേശമുണ്ടായിരുന്നു. നേരെമറിച്ച്, ലിയോപോൾഡ് അന്തർമുഖനും ഒറ്റപ്പെട്ടവനും ആയിരുന്നു. പക്ഷിനിരീക്ഷണത്തിലും തത്ത്വചിന്തയിലുമായിരുന്നു അയാൾക്ക് താൽപ്പര്യം, പ്രത്യേകിച്ച് ഫ്രീഡ്രിക്ക് നീഷെയുടെ ആശയങ്ങളിൽ.1920 കളിൽ ൽ ഷിക്കാഗോ സർവ്വകലാശാലയിൽ വെച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. ഈ സൗഹൃദം തീവ്രവും സങ്കീർണ്ണവും പ്രക്ഷുബ്ധവുമായ ഒന്നായി വളർന്നു. അതൊരു ലൈംഗിക ബന്ധമായി പരിണമിച്ചു, അതിൽ അസൂയയും അധികാര വടംവലികളും സാധാരണമായിരുന്നു. ലിയോപോൾഡിന് ലോബിനോട് തീവ്രമായ വൈകാരിക അടുപ്പമുണ്ടായിരുന്നു, ലോബിൻ്റെ ലൈംഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങി കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ ലിയോപോൾഡ് തയ്യാറായിരുന്നു.
അവരുടെ കുറ്റകൃത്യത്തിൻ്റെ പ്രേരണ അസാധാരണമായിരുന്നു.കൊലപാതകത്തിൻ്റെ പ്രധാന കാരണം അതിസാഹസികത, ആവേശം, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം എന്നതൊക്കെയായിരുന്നു. കൊലപാതകം എന്നതിലുപരി, പിടിക്കപ്പെടാതെ രക്ഷപ്പെടുക എന്നതിലായിരുന്നു അവർക്ക് ഹരം.തങ്ങളുടെ അതിബുദ്ധി തെളിയിക്കാനായി ഒരു ‘തികഞ്ഞ കുറ്റകൃത്യം’ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള അഭിനിവേശം കൂടി അതിന് പിന്നിൽ ഉണ്ടായിരുന്നു ലിയോപോൾഡിൻ്റെ നീഷെയുടെ ‘അതിമാനുഷൻ’ എന്ന ആശയത്തോടുള്ള ആഭിമുഖ്യം അതായത് സാധാരണ നിയമങ്ങളും ധാർമ്മികതയും തങ്ങളെപ്പോലുള്ള ഉന്നത വ്യക്തികൾക്ക് ബാധകമല്ലെന്നായിരുന്നു അയാളുടെ വ്യാഖ്യാനം.കുറ്റകൃത്യത്തെ, കൊലപാതകത്തെപ്പോലും, ഒരു ബൗദ്ധിക വ്യായാമമായി അവർ കണ്ടു.1923-ൻ്റെ അവസാനത്തോടെ തുടങ്ങി 1924 മെയ് വരെ, ഏഴു മാസത്തോളം അവർ തങ്ങളുടെ ‘പദ്ധതി അതീവ ശ്രദ്ധയോടെ ആസൂത്രണം ചെയ്തു. വ്യാജ ഐഡൻ്റിറ്റികൾ ഉണ്ടാക്കി, മോചനദ്രവ്യം ആവശ്യപ്പെടാനും അത് സങ്കീർണ്ണമായ നിർദ്ദേശങ്ങളിലൂടെ കൈപ്പറ്റാനും പദ്ധതിയിട്ടു. ഇരയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു: തങ്ങളുടെ അയൽപക്കത്തുള്ള സമ്പന്ന കുടുംബത്തിലെ ഒരു ആൺകുട്ടി, എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്നവൻ. ദൌർഭാഗ്യവശാൽ ബോബി ഫ്രാങ്കിനായിരുന്നു ആ നറുക്കു വീണത് . കുറ്റകൃത്യത്തിനായി അവർ ഒരു വിൽസ്-നൈറ്റ് കാർ വാടകയ്ക്കെടുത്തു.
മെയ് 21, 1924-ന് വൈകുന്നേരം 5 മണിയോടെ, വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ബോബി ഫ്രാങ്ക്സിനെ അവർ കണ്ടു. ഒരു ടെന്നീസ് റാക്കറ്റിനെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ലോബ്, ബോബിയെ കാറിലേക്ക് ക്ഷണിച്ചു, . കാറിനുള്ളിൽ വെച്ച്, ബോബിയുടെ തലയിൽ ടേപ്പ് ചുറ്റിയ ഒരു ഉളികൊണ്ട് പലതവണ അടിച്ചു. വായിൽ തുണി തിരുകി. അടിയേറ്റതിൻ്റെയും ശ്വാസം മുട്ടിയതിൻ്റെയും ഫലമായി ബോബി പെട്ടെന്ന് മരിച്ചു. ആരാണ് മാരകമായ പ്രഹരമേൽപ്പിച്ചത് എന്ന കാര്യത്തിൽ ലിയോപോൾഡും ലോബും പരസ്പരം പഴിചാരി. എന്നാൽ പൊതുവായ നിഗമനവും കൂടുതൽ തെളിവുകളും സൂചിപ്പിക്കുന്നത്, ലിയോപോൾഡ് കാറോടിക്കുമ്പോൾ പിൻസീറ്റിലിരുന്ന ലോബാണ് കൊല നടത്തിയതെന്നാണ്.
കൃത്യനിർവ്വഹണത്തിന് ശേഷം മൃതദേഹം കാറിൻ്റെ തറയിൽ ഒളിപ്പിച്ച് അവർ യാത്ര തുടർന്നു. രാത്രിയാകാൻ കാത്തിരിക്കുന്നതിനിടയിൽ സാൻഡ്‌വിച്ചും റൂട്ട് ബിയറും കഴിക്കാൻ നിർത്തി. പിന്നീട് മൃതദേഹം വുൾഫ് തടാകത്തിനടുത്തുള്ള ഓവുചാലിൽ കൊണ്ടുപോയി നഗ്നമാക്കി, തിരിച്ചറിയാതിരിക്കാൻ ആസിഡ് ഒഴിച്ച് ഒളിപ്പിച്ചു. തുടർന്ന് മുൻകൂട്ടി തയ്യാറാക്കിയ മോചനദ്രവ്യ കത്ത് തപാലിലിടുകയും ഫ്രാങ്ക്സ് കുടുംബത്തെ ഫോണിൽ വിളിച്ച് തട്ടിക്കൊണ്ടുപോയെന്ന് അറിയിക്കുകയും ചെയ്തു.’തികഞ്ഞ കുറ്റകൃത്യം’ എന്ന അവരുടെ അഹങ്കാരം തകർന്നത് അപ്രതീക്ഷിതവും സാധാരണവുമായ കാര്യങ്ങളിലൂടെയായിരുന്നു: താഴെ വീണുപോയ ഒരു കണ്ണട, ഒരു ഡ്രൈവറുടെ സത്യസന്ധമായ മൊഴി. ഈ കേസ് തെളിയിച്ചത് പോലീസിൻ്റെയും, ഫോറൻസിക് വിദഗ്ദ്ധരുടെയും, അന്വേഷണാത്മക പത്രപ്രവർത്തനത്തിൻ്റെയും സംയുക്ത ശ്രമമായിരുന്നു.
ലിയോപോൾഡും ലോബും കുറ്റം സമ്മതിച്ചതോടെ, കേസ് രാജ്യവ്യാപകമായി വലിയ കോളിളക്കമുണ്ടാക്കി. മാധ്യമങ്ങൾ ഓരോ ചെറിയ വിവരവും ആഘോഷിച്ചു, പലപ്പോഴും ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു. പൊതുജനാഭിപ്രായം അവർക്കെതിരെ തിരിഞ്ഞു, വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തമായി.ഈ ഘട്ടത്തിലാണ് പ്രതിഭാഗത്തിനായി ക്ലാറെൻസ് ഡാരോ എന്ന അതിപ്രശസ്തനായ അഭിഭാഷകൻ എത്തുന്നത്. വധശിക്ഷയുടെ കടുത്ത എതിരാളിയായി അറിയപ്പെട്ടിരുന്ന ഡാരോയെ ലിയോപോൾഡിൻ്റെയും ലോബിൻ്റെയും സമ്പന്ന കുടുംബങ്ങൾ കേസ് ഏൽപ്പിച്ചു. ഡാരോയുടെ ലക്ഷ്യം അവരെ കുറ്റവിമുക്തരാക്കുക എന്നതായിരുന്നില്ല, മറിച്ച് വധശിക്ഷയിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു.
ഡാരോ തന്ത്രപരമായ ഒരു നീക്കം നടത്തി. ജൂലൈ 21, 1924-ന്, കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും ലിയോപോൾഡും ലോബും കുറ്റം സമ്മതിക്കുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. പൊതുജനരോഷം കാരണം ജൂറി വിചാരണ തങ്ങൾക്ക് പ്രതികൂലമാകുമെന്ന് ഭയന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഡാരോ പിന്നീട് സമ്മതിച്ചു. ഈ നീക്കത്തോടെ കേസ് ജൂറിയുടെ മുന്നിൽ നിന്ന് മാറി, ശിക്ഷ വിധിക്കാനുള്ള പൂർണ്ണ അധികാരം ജഡ്ജി ജോൺ ആർ. കാവെർലിയുടെ കൈകളിലെത്തി. അതോടെ വിചാരണ, 33 ദിവസം നീണ്ടുനിന്ന ശിക്ഷാ ഹിയറിംഗായി മാറി. പ്രതിഭാഗം വാദിച്ചത് ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു .
ഡാരോ നിരവധി കാര്യങ്ങൾ കോടതിക്ക് മുമ്പിൽ വച്ചു. പ്രതികളുടെ പ്രായം (18, 19 വയസ്സ്) ഒരു പ്രധാന ഘടകമായി ഉയർത്തിക്കാട്ടി.പ്രമുഖരായ മനശാസ്ത്രജ്ഞരുടെയും സൈക്യാട്രിസ്റ്റുകളുടെയും മൊഴികൾ ഹാജരാക്കി. പ്രതികൾക്ക് മാനസികവും വൈകാരികവുമായ വൈകല്യങ്ങളുണ്ടെന്നും, അവരുടെ വളർന്നുവന്ന സാഹചര്യങ്ങൾ, അഭിനിവേശങ്ങൾ, വിഷലിപ്തമായ ബന്ധം എന്നിവ അവരുടെ ഉത്തരവാദിത്തം കുറയ്ക്കുന്നുവെന്നും അയാൾ വാദിച്ചു. വധശിക്ഷ പ്രാകൃതവും, ഫലപ്രദമല്ലാത്തതും, പ്രതികാരത്തിലൂന്നിയതുമാണെന്ന നിലപാടും ഡാരോ ഇവിടെ ആവർത്തിച്ചു.ഡാരോയുടെ 12 മണിക്കൂറോളം നീണ്ട അന്തിമവാദം , വധശിക്ഷയ്ക്കെതിരായുള്ള ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസംഗങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത് . യുക്തി, പുരോഗതി, ദയ എന്നിവയിൽ ഊന്നി താൻ ഭാവിക്കുവേണ്ടിയാണ് വാദിക്കുന്നത്…” എന്നയാൾ പ്രഖ്യാപിച്ചു.അതേസമയം, സ്റ്റേറ്റ്സ് അറ്റോർണി റോബർട്ട് ഇ. ക്രോ, പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ശക്തമായി വാദിച്ചു.
സെപ്റ്റംബർ 10, 1924-ന് ജഡ്ജി ജോൺ ആർ. കാവെർലി വിധി പ്രസ്താവിച്ചു. ലിയോപോൾഡിനും ലോബിനും കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകലിന് 99 വർഷം അധിക തടവും വിധിച്ചു. തൻ്റെ തീരുമാനത്തിന് കാരണം പ്രതികളുടെ പ്രായമാണെന്നും, മനശാസ്ത്രപരമായ തെളിവുകൾ അതിനെ സ്വാധീനിച്ചില്ലെന്നും ജഡ്ജി എടുത്തുപറഞ്ഞു. ഈ വിധി പൊതുജനങ്ങളിൽ വലിയ പ്രതിഷേധമുണ്ടാക്കി, അവരുടെ സമ്പത്താണ് അവരെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചതെന്ന് പലരും വിശ്വസിച്ചു.ഈ വിചാരണ വധശിക്ഷയെക്കുറിച്ചും കുറ്റകൃത്യങ്ങളെ മനസ്സിലാക്കുന്നതിൽ മനശാസ്ത്രത്തിൻ്റെ പങ്കിനെക്കുറിച്ചുമുള്ള വലിയ പൊതു സംവാദത്തിന് വേദിയായി.
ലിയോപോൾഡിനെയും ലോബിനെയും ആദ്യം ജോലിയറ്റ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിലേക്കും പിന്നീട് സ്റ്റേറ്റ്സ്‌വില്ലിലേക്കും മാറ്റി. 1936 ജനുവരി 28-ന്, തൻ്റെ 30-ആം വയസ്സിൽ, ജയിലിലെ കുളിമുറിയിൽ വെച്ച് ജെയിംസ് ഡേ എന്ന സഹതടവുകാരനാൽ ലോബ് അതിക്രൂരമായി കൊല്ലപ്പെട്ടു. ഡേ ഒരു റേസർ ഉപയോഗിച്ച് ലോബിനെ 56 തവണയോളം കീറി മുറിവേൽപ്പിച്ചു . ലോബ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വയം രക്ഷയ്ക്കായാണ് കൊല നടത്തിയതെന്ന് ഡേ വാദിച്ചു. ഡേ ഈ കേസിൽ ശിക്ഷിക്കപ്പെട്ടില്ല. ലോബിൻ്റെ മരണം ലിയോപോൾഡിനെ മാനസികമായി തളർത്തി.
ലോബിൻ്റെ അന്ത്യത്തിൽ നിന്ന് വ്യത്യസ്തമായി, ലിയോപോൾഡ് 33 വർഷത്തിലധികം ജയിലിൽ കഴിഞ്ഞു. കാലക്രമേണ അയാൾ ഒരു “മാതൃകാ തടവുകാരനായി” മാറി. ജയിലിൽ അദ്ദേഹം സജീവമായിരുന്നു: ജയിൽ ലൈബ്രറിയും സ്കൂളും പുനഃസംഘടിപ്പിച്ചു , സഹതടവുകാരെ പഠിപ്പിച്ചു , നിരവധി ഭാഷകൾ പഠിച്ചു , ജയിൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് അപകടകരമായ മലേറിയ ഗവേഷണ പരീക്ഷണങ്ങൾക്ക് സ്വയം സന്നദ്ധനായി.
ഒടുവിൽ 1958 മാർച്ചിൽ ലിയോപോൾഡിന് പരോൾ ലഭിച്ചു. അദ്ദേഹം പ്യൂർട്ടോ റിക്കോയിലേക്ക് പോയി. അവിടെ ചർച്ച് ഓഫ് ബ്രദറൻ എന്ന ക്രിസ്ത്യൻ സേവന സംഘടനയുടെ ആശുപത്രിയിൽ ജോലി ചെയ്തു. പിന്നീട് സാൻ ഹവാനിലേക്ക് മാറി. പ്യൂർട്ടോ റിക്കോ സർവ്വകലാശാലയിൽ കണക്ക് പഠിപ്പിച്ചു , സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടി. ആരോഗ്യ വകുപ്പിലും കുഷ്ഠരോഗ ഗവേഷണത്തിലും ആശുപത്രിയിലും ജോലി ചെയ്തു. 1961-ൽ ട്രൂഡി ഫെൽഡ്മാൻ ഗാർഷ്യ ഡി ക്യുവാഡ എന്ന വിധവയെ വിവാഹം കഴിച്ചു. പ്യൂർട്ടോ റിക്കോയിലെ പക്ഷികളെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. തൻ്റെ കുറ്റകൃത്യത്തിൽ ഖേദം പ്രകടിപ്പിച്ച അയാൾ , മറ്റുള്ളവരെ സഹായിക്കുക എന്നതാണ് എൻ്റെ പ്രധാന ഹോബി എന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
1971 ഓഗസ്റ്റ് 29/30 തീയതികളിൽ, പ്രമേഹ സംബന്ധമായ ഹൃദയാഘാതത്തെ തുടർന്ന് ലിയോപോൾഡ് തൻ്റെ 66-ആം വയസ്സിൽ പ്യൂർട്ടോ റിക്കോയിൽ വെച്ച് അന്തരിച്ചു. തൻ്റെ ശരീരം വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്കായി പ്യൂർട്ടോ റിക്കോ സർവ്വകലാശാലയ്ക്ക് ദാനം ചെയ്തു.എന്തുകൊണ്ട് അവർ ഈ കുറ്റകൃത്യം ചെയ്തു എന്ന കാതലായ ചോദ്യം ഇന്നും അവശേഷിക്കുന്നു. അത് കേവലം ഒരു ഹരമായിരുന്നോ? അവരുടെ സവിശേഷമായ മാനസിക ഘടനയുടെയും ബന്ധത്തിൻ്റെയും ഫലമായിരുന്നോ? തെറ്റായി വ്യാഖ്യാനിക്കപ്പെട്ട തത്വശാസ്ത്രത്തിൻ്റെ സ്വാധീനമായിരുന്നോ? അതോ അവരുടെ പ്രത്യേക പരിഗണന ലഭിച്ച, എന്നാൽ ഒരുപക്ഷേ ദോഷകരമായ വളർത്തൽ രീതികളുടെ അനന്തരഫലമായിരുന്നോ?. അത്തരം പ്രേരണകളെ പൂർണ്ണമായി മനസ്സിലാക്കുക എന്നത് ദുഷ്കരമാണ്.
സമ്പത്തും പദവിയും ഈ കേസിൽ വഹിച്ച പങ്ക് എന്താണ്? അത് കുറ്റകൃത്യം ചെയ്യാൻ അവരെ പ്രേരിപ്പിച്ചോ? അവസാനം, വധശിക്ഷയിൽ നിന്ന് അവരെ രക്ഷിച്ചത് അവരുടെ പണമാണോ?.ബുദ്ധിപരമായ ഔന്നത്യത്തിൻ്റെയോ സാമൂഹിക പദവിയുടെയോ തിളക്കമാർന്ന പുറംചട്ടകളിൽ പതിയിരിക്കാൻ സാധ്യതയുള്ള തിന്മയുടെ ഭീതിദമായ സാധ്യതകളെക്കുറിച്ചാണ് ലിയോപോൾഡിൻ്റെയും ലോബിൻ്റെയും കഥ നമ്മെ ഓർമ്മിപ്പിക്കുന്നത് . നമുക്കു ചുറ്റും ഇത്തരക്കാർ ഉണ്ട് . കൃത്യമായി ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും ഈ സംഭവം ബാക്കി വയ്ക്കുന്നുണ്ട്. ലിയോപോൾഡിൻ്റെയും ലോബിൻ്റെയും മനശാസ്ത്രപരമായ പ്രഹേളികയ്ക്ക് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയാത്തത് തന്നെയാണ് അതിലെ പ്രധാനപ്പെട്ടത്.
2025 ഏപ്രിൽ 13, ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖവാർത്തയുമായാണ് പുലർന്നത്. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായനും നോബൽ സമ്മാന ജേതാവുമായ മാരിയോ വർഗാസ് യോസ, പെറുവിൻ്റെ തലസ്ഥാനമായ ലിമയിലെ വസതിയിൽ, തൻ്റെ 89-ാം വയസ്സിൽ, പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. മക്കളായ അൽവാരോ, ഗൊൺസാലോ, മോർഗാന എന്നിവർ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുടുംബത്തിൻ്റെ സ്വകാര്യതയെ മാനിച്ച്, പൊതുപരമായ ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം ദഹിപ്പിക്കുമെന്നും അവർ അറിയിച്ചു
1936 മാർച്ച് 28 ന് പെറുവിലെ അരെക്വിപ്പയിൽ ജനിച്ച യോസയുടെ ജീവിതം അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്തതായിരുന്നു. ജനനത്തിനു മുൻപേ വേർപിരിഞ്ഞ പിതാവിനെ പത്താം വയസ്സിൽ കണ്ടുമുട്ടിയതും , ലിമയിലെ ലിയോൺസിയോ പ്രാഡോ സൈനിക സ്കൂളിലെ “നരകതുല്യമായ” അനുഭവങ്ങളും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെയും എഴുത്തിനെയും ആഴത്തിൽ സ്വാധീനിച്ചു. ഈ അനുഭവങ്ങൾ അദ്ദേഹത്തിൻ്റെ ആദ്യ നോവലായ The Time of the Hero എന്ന കൃതിക്ക് നിമിത്തമായി. അധികാര ഘടനകളോടും അടിച്ചമർത്തലിനോടുമുള്ള അദ്ദേഹത്തിൻ്റെ സംവേദനക്ഷമതയും വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹവും അദ്ദേഹത്തിൻ്റെ കൃതികളിലെ പ്രധാന പ്രമേയങ്ങളായി മാറി. 2010-ൽ നോബൽ സമ്മാനം നൽകി സ്വീഡിഷ് അക്കാദമി ആദരിച്ചതും അധികാര ഘടനകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സൂക്ഷ്മമായ പഠനങ്ങളെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിൻ്റെയും പരാജയത്തിൻ്റെയും മൂർച്ചയുള്ള ചിത്രീകരണങ്ങളെയുമായിരുന്നു.
ലിമയിലെ സാൻ മാർക്കോസ് നാഷണൽ യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുമ്പോൾത്തന്നെ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചു. നോവലിസ്റ്റ്, ഉപന്യാസകാരൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, അദ്ധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഗബ്രിയേൽ ഗാർസിയ മാർക്കേസ്, കോർത്തസാർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ “ബൂം” തലമുറയുടെ അവസാനത്തെ കണ്ണിയായിരുന്നു യോസ. സാർവത്രിക വിഷയങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹത്തിൻ്റെ കൃതികൾക്ക് ലോകമെമ്പാടും വലിയ സ്വാധീനമുണ്ടായിരുന്നു. മറ്റ് ബൂം എഴുത്തുകാരെക്കാൾ അന്താരാഷ്ട്രതലത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ യോസയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.
രാഷ്ട്രീയ ത്രില്ലറുകൾ, ചരിത്ര നോവലുകൾ, സാമൂഹിക ഹാസ്യം, ലൈംഗികതയുടെ തീക്ഷ്ണമായ ആഖ്യാനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ശാഖകളിലൂടെയാണ് യോസയുടെ സാഹിത്യലോകം സഞ്ചരിച്ചത്. 1963-ൽ പുറത്തിറങ്ങിയ The Time of the Hero മുതൽ 2023-ൽ ഇറങ്ങിയ I Give You My Silence വരെ നീളുന്ന ആ യാത്ര അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ നോവലുകളെക്കാൾ നോൺ ഫിക്ഷൻ എഴുത്തും വായനക്കാർക്ക് വിരുന്നാണ്. അദ്ദേഹത്തിന്റെ നോൺ ഫിക്ഷനുകളാണ് ഞാനും കൂടുതൽ വായിച്ചിട്ടുള്ളത്. പലതും തീവില കാരണം നമുക്ക് അടുക്കാൻ സാധിക്കില്ല എന്ന കാരണം കൊണ്ട് തന്നെ മറ്റ് പല വഴികളിലൂടെ മിക്കതും സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ഇപ്പോഴും മുഴുവനായി വായിച്ചു തീർന്നിട്ടില്ല. George Plimpton എഡിറ്റ് ചെയ്ത് Modern ലൈബ്രറി പുറത്തിറക്കിയ “Latin American Writers At Work” എന്ന പുസ്തകത്തിൽ യോസയുമായുള്ള ഒരു അഭിമുഖം ചേർത്തിട്ടുണ്ട്. ഒരുപിടി മികച്ച ചോദ്യങ്ങളും അതിനേക്കാൾ മികച്ച ഉത്തരങ്ങളും ഇതിൽ വായിക്കാം. Susannah Hunnewell ആണിതിന്റെ ഇംഗ്ലീഷ് വിവർത്തനം. മലയാളത്തിൽ വി രവികുമാർ ഇതിന്റെ പരിഭാഷ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.
The Green House (1965), Conversation in The Cathedral (1969),Captain Pantoja and the Special Service (1973), Aunt Julia and the Scriptwriter, (1977),The War of the End of the World ( 1981), The Feast of the Goat ( 2000) എന്നിവ അദ്ദേഹത്തിൻ്റെ നാഴികക്കല്ലുകളായ കൃതികളിൽ ചിലതുമാത്രം. ഓരോ നോവലും അധികാര ഘടനകളെയും അഴിമതി, അടിച്ചമർത്തൽ എന്നിവയെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിനെയും വ്യത്യസ്ത കോണുകളിൽ നിന്ന് സമീപിച്ചു. ലാറ്റിനമേരിക്കൻ യാഥാർത്ഥ്യങ്ങളെ കീറിമുറിക്കാൻ അദ്ദേഹം ഫിക്ഷനെ ഒരു ശസ്ത്രക്രിയ ഉപകരണം പോലെ ഉപയോഗിച്ചു.
യാഥാർത്ഥ്യത്തിൽ ഊന്നിയുള്ള ചരിത്രപരമായ അടിത്തറയും , ഫോക്നറെ ഓർമ്മിപ്പിക്കുന്ന സങ്കീർണ്ണമായ ആഖ്യാന ഘടനകളും , സംഭാഷണങ്ങൾ ഇടകലർത്തുന്ന രീതിയും , മോഡേണിസത്തിൻ്റെയും പോസ്റ്റ്മോഡേണിസത്തിൻ്റെയും സമന്വയവും യോസയുടെ രചനാശൈലിയെ ,മികച്ചു നിർത്തുന്നു . ഫ്ലോബേർ, സാർത്ര്, ഫോക്നർ തുടങ്ങിയവരുടെ സ്വാധീനം അദ്ദേഹത്തിൻ്റെ എഴുത്തിൽ കാണാമെങ്കിലും , തനതായ ഒരു പാത വെട്ടിത്തുറക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ക്യൂബൻ വിപ്ലവത്തിൻ്റെ ആദ്യകാല അനുഭാവിയായിരുന്ന യോസ, പിന്നീട് വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ലിബറലിസത്തിൻ്റെ ശക്തനായ വക്താവായി മാറി. 1971-ലെ “പഡില്ല സംഭവം” ഈ മാറ്റത്തിലെ ഒരു നിർണ്ണായക ഘട്ടമായിരുന്നു. 1990-ൽ പെറുവിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അൽബെർട്ടോ ഫ്യൂജിമോറിയോട് പരാജയപ്പെട്ടു. ഈ പരാജയത്തെത്തുടർന്ന് അദ്ദേഹം സ്പെയിനിലേക്ക് താമസം മാറുകയും സ്പാനിഷ് പൗരത്വം നേടുകയും ചെയ്തു. എങ്കിലും, ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിൽ അദ്ദേഹം ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തെയും ലോകകാര്യങ്ങളെയും കുറിച്ച് തൻ്റെ “പിയേദ്ര ഡി ടോക്” എന്ന കോളത്തിലൂടെയും മറ്റ് ലേഖനങ്ങളിലൂടെയും നിരന്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ നേതാക്കളെ നിശിതമായി വിമർശിച്ച അദ്ദേഹം , ചില വലതുപക്ഷ നേതാക്കളെ പിന്തുണച്ചത് വിവാദങ്ങൾക്കും വഴിവെച്ചു.
ലാറ്റിനമേരിക്കൻ ബൂം തലമുറയിലെ അതികായന്മാരായിരുന്ന യോസയും ഗബ്രിയേൽ ഗാർസിയ മാർക്കേസും ആദ്യകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു . ഇരുവരും തമ്മിലുള്ള ബന്ധം 1976-ൽ മെക്സിക്കോ സിറ്റിയിൽ വെച്ച് യോസ മാർക്കേസിനെ ഇടിച്ചതോടെ എന്നെന്നേക്കുമായി അവസാനിച്ചു. ഈ വേർപിരിയലിൻ്റെ കാരണം വ്യക്തിപരമോ രാഷ്ട്രീയമോ എന്നത് ഇന്നും ദുരൂഹമായി തുടരുന്നു.ഈ സംഭവത്തിന്റെ പല ഭാഷ്യങ്ങൾ നിലവിലുണ്ട് . ശൈലിയിലും പ്രമേയങ്ങളിലും ഇരുവരും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. യോസയുടെ ബൗദ്ധിക വിശകലനവും ഘടനാപരമായ സങ്കീർണ്ണതയും യാഥാർത്ഥ്യത്തോടുള്ള പ്രതിബദ്ധതയും ഒരു വശത്ത്, മാർക്കേസിൻ്റെ മാജിക് റിയലിസവും കാവ്യാത്മക ഗദ്യവും ഐതിഹ്യ നിർമ്മാണവും മറുവശത്ത്. ആരാണ് മികച്ചത് എന്നതിനേക്കാൾ, ലാറ്റിനമേരിക്കൻ സാഹിത്യത്തിന് ഇരുവരും നൽകിയ അതുല്യമായ സംഭാവനകളാണ് പ്രധാനം. യോസയുടെ “കനം” നിലകൊള്ളുന്നത് യാഥാർത്ഥ്യത്തിൻ്റെയും അധികാരത്തിൻ്റെയും നിശിതമായ വിശകലനത്തിലും, വിശാലമായ രചനാ വൈവിധ്യത്തിലും, സജീവമായി ഇടപെടുന്ന ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ റോളിലുമാണ്. അങ്ങനെ നോക്കുമ്പോൾ മാർക്കേസിനെക്കാൾ ഒരുപടി മുന്നിൽ വരും യോസ.
2010-ലെ നോബൽ സമ്മാനം യോസയുടെ കിരീടത്തിലെ പൊൻതൂവലായി.സെർവാൻ്റസ് പ്രൈസ് (1994) , റോമുലോ ഗാലെഗോസ് പ്രൈസ് (1967) , പ്രിൻസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് (1986) തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. റിയൽ അക്കാദമിയ എസ്പാനോളയിലും (1996) ഫ്രഞ്ച് ഭാഷയിൽ എഴുതാത്ത ആദ്യ വ്യക്തിയെന്ന നിലയിൽ അക്കാദമി ഫ്രാങ്കൈസിലും (2023) അംഗത്വം ലഭിച്ചത് അദ്ദേഹത്തിൻ്റെ ആഗോള പ്രസക്തിക്ക് അടിവരയിടുന്നു.
മാരിയോ വർഗാസ് യോസ വിടവാങ്ങുമ്പോൾ, ലോകസാഹിത്യത്തിന് നഷ്ടമാകുന്നത് കേവലം ഒരു എഴുത്തുകാരനെയല്ല, മറിച്ച് ഒരു സാമൂഹിക വിമർശകനെയും എല്ലാറ്റിനുമുപരിയായി വാക്കിൻ്റെ കരുത്തിൽ അടിയുറച്ച് വിശ്വസിച്ച ഒരു മനുഷ്യനെകൂടിയാണ്. അധികാരത്തിൻ്റെ ഇടനാഴികളിലൂടെയും മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലൂടെയും അദ്ദേഹം നടത്തിയ യാത്രകൾ അക്ഷരങ്ങളിലൂടെ അനശ്വരമായി നിലനിൽക്കും. അദ്ദേഹത്തിൻ്റെ കൃതികൾ വരും തലമുറകൾക്കും പ്രചോദനവും വെളിച്ചവുമായി തുടരും, കാരണം യോസയുടെ വാക്കുകൾക്ക് മരണമില്ല.
പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ലോകം എപ്പോഴും നമ്മെ ആകർഷിക്കുന്ന ഒരു വിഷയമാണല്ലോ . പ്രശസ്തമായ കൃതികൾക്കും അവയുടെ കർത്താക്കൾക്കും പിന്നിൽ രസകരവും വിചിത്രവുമായ ഒട്ടേറെ കഥകളുണ്ട്.
പ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റ് വിക്ടർ ഹ്യൂഗോ എഴുതാനിരിക്കുമ്പോൾ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി പൂർണ്ണ നഗ്നനായി ഇരിക്കുമായിരുന്നുവത്രേ! എഴുത്തിൽ നിന്ന് ശ്രദ്ധ മാറാതിരിക്കാനായി തന്റെ വസ്ത്രങ്ങളെല്ലാം ഭൃത്യന്റെ കയ്യിൽ കൊടുത്തുവിടുമായിരുന്നു. ‘പാവങ്ങൾ’ (Les Misérables) പോലുള്ള മഹത്തായ കൃതികൾ പിറന്നത് ഈ വിചിത്രമായ ശീലത്തിൽ നിന്നാണ്.
അത്പോലെ ഫ്രഞ്ച് സാഹിത്യകാരനായ ബൽസാക്ക് കടുത്ത കാപ്പി പ്രിയനായിരുന്നു. ദിവസവും 50 കപ്പിലധികം കാപ്പി കുടിച്ചാണ് അദ്ദേഹം എഴുതിയിരുന്നത്. ഈ അമിതമായ കാപ്പികുടി അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും നിരവധി കൃതികൾ പൂർത്തിയാക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു എന്നു പറയപ്പെടുന്നു.
കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞിയായ അഗതാ ക്രിസ്റ്റിക്ക് എഴുതാൻ പ്രത്യേക മുറിയോ മേശയോ ഒന്നും ആവശ്യമില്ലായിരുന്നു. അടുക്കളയിലെ മേശയിലോ കിടപ്പുമുറിയിലോ ഹോട്ടൽ മുറിയിലോ എവിടെയിരുന്നും അവർക്ക് എഴുതാൻ കഴിയുമായിരുന്നു. പലപ്പോഴും കഥയുടെ അവസാനം മുൻകൂട്ടി നിശ്ചയിക്കാതെയാണ് അവർ എഴുതിത്തുടങ്ങിയിരുന്നത്.
വിക്ടോറിയൻ കാലഘട്ടത്തിലെ പ്രശസ്തനായ എഴുത്തുകാരൻ ആയിരുന്നല്ലോ ചാൾസ് ഡിക്കൻസ്. അദ്ദേഹം ഉറങ്ങുമ്പോൾ തല വടക്കോട്ട് വെച്ചാണ് കിടന്നിരുന്നത്. ഇങ്ങനെ ചെയ്താൽ തന്റെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. കൂടാതെ, എഴുതുമ്പോൾ തന്റെ മേശപ്പുറത്ത് ചില വസ്തുക്കൾ കൃത്യമായ സ്ഥാനങ്ങളിൽ വെക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഹിപ്നോട്ടിസത്തിൽ താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഹിപ്നോട്ടൈസ് ചെയ്യാൻ ശ്രമിച്ചിരുന്നു.
‘പ്രൈഡ് ആൻഡ് പ്രെജുഡിസ്’ പോലുള്ള ക്ലാസിക്കുകൾ സമ്മാനിച്ച ജെയ്ൻ ഓസ്റ്റൻ തന്റെ എഴുത്ത് വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു. . ആരെങ്കിലും തന്റെ മുറിയിലേക്ക് വരുമ്പോൾ അവർ തന്റെ കയ്യെഴുത്തുപ്രതികൾ വേഗം ഒളിപ്പിക്കുമായിരുന്നു. ഒരു സ്ത്രീ എഴുതുന്നത് അക്കാലത്ത് അത്ര പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല എന്നതായിരുന്നു ഇതിന്റെ കാരണം. വാതിൽ തുറക്കുന്ന ശബ്ദം കേൾക്കാൻ ഒരു വിജാഗിരി പോലും അവർ മനഃപൂർവ്വം കേടുവരുത്തി വെച്ചിരുന്നു എന്നു പറയപ്പെടുന്നു.
‘മെറ്റമോർഫോസിസ്’ പോലുള്ള അസ്തിത്വവാദ നോവലുകളിലൂടെ പ്രശസ്തനായ കാഫ്ക, തന്റെ കൃതികളെല്ലാം മരണശേഷം കത്തിച്ചുകളയണമെന്ന് സുഹൃത്തായ മാക്സ് ബ്രോഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാക്സ് ബ്രോഡ് ആ വാക്ക് പാലിച്ചില്ല. അങ്ങനെയാണ് കാഫ്കയുടെ പല പ്രധാന കൃതികളും ലോകം വായിച്ചത്.കാഫ്കയുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ തീർച്ചയായും നമ്മൾ നന്ദി പറയേണ്ടത് ‘വിശ്വാസ വഞ്ചന’ കാണിച്ച സുഹൃത്തായ ആ മാക്സ് ബ്രോഡിനോടാണ്.
ഭീകരകഥകളുടെ രാജാവായി അറിയപ്പെടുന്ന എഡ്ഗാർ അലൻ പോ, തന്റെ പ്രിയപ്പെട്ട പൂച്ചയായ കറ്റാറിനയെ തോളിലിരുത്തിക്കൊണ്ടാണ് പലപ്പോഴും എഴുതിയിരുന്നത്. അദ്ദേഹം തന്റെ 13 വയസ്സുള്ള കസിൻ വിർജീനിയ ക്ലെമ്മിനെ വിവാഹം കഴിച്ചത് വലിയ വിവാദമായിരുന്നു. പൂച്ചയെ എഴുത്തു മുറിയിൽ ഓമനിച്ചിരുന്ന ഒ .വി വിജയന്റെ പൂച്ച പ്രേമം നമുക്കറിയാമല്ലോ.
‘മിസിസ് ഡാലോവേ’, ‘ടു ദ ലൈറ്റ്ഹൗസ്’ തുടങ്ങിയ പ്രശസ്ത കൃതികളുടെ കർത്താവായ വിർജീനിയ വൂൾഫ് പലപ്പോഴും നിന്നുകൊണ്ടാണ് എഴുതിയിരുന്നത്. ഉയരം കൂടിയ ഒരു ഡെസ്കിൽ വെച്ചായിരുന്നു അവരുടെ എഴുത്ത്.
‘ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനീസ്’, ‘ഇൻ കോൾഡ് ബ്ലഡ്’ എന്നീ കൃതികളിലൂടെ പ്രശസ്തനായ കപോട്ടി കിടക്കയിൽ മലർന്നു കിടന്നുകൊണ്ട് കാപ്പിയും സിഗരറ്റും അകമ്പടിയാക്കിയാണ് എഴുതിയിരുന്നത്.
എഴുത്തുകാർ തങ്ങളുടെ എഴുത്തിൽ ചില പ്രയോഗങ്ങൾ,വാക്കുകൾ എന്നിവ ആവർത്തിച്ചെടുത്തു പ്രയോഗിച്ചിരിക്കുന്നത് കാണാം. ഒരു പക്ഷെ അറിഞ്ഞോ അറിയാതെയോ ആകാം അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാകുക. കൂടുതലും വിവർത്തനങ്ങളിലാണ് ഇങ്ങനെ കണ്ടിട്ടുള്ളത്.
അല്പം നീണ്ടനോവലോ മറ്റോ ആണെങ്കിൽ അതിനുള്ള സാധ്യത ഏറെയാണ് താനും.
നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോയുടെ ‘പാവങ്ങൾ’ എന്ന ക്ലാസിക് നോവൽ മാതൃഭൂമിയാണ് രണ്ടു വോള്യമായി പ്രസിദ്ധീകരിച്ചത്. അത് മുഴുവനും വായിച്ചിട്ടുള്ളവർക്കറിയാം മേനോൻ തന്റെ ആ വിവർത്തനത്തിൽ ‘എന്നല്ല’ എന്ന സംഗതി സമൃദ്ധമായി എടുത്തു പ്രയോഗിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ അവിടെ ഈ ‘എന്നല്ല’ ഇല്ലെങ്കിലും കഴിച്ചുകൂട്ടാമായിരുന്നില്ലേ എന്നു തോന്നിയിട്ടുണ്ട്.പക്ഷെ അതെല്ലാം എഴുത്തുകാരന്റെ മാത്രം സ്വാതന്ത്ര്യമാണല്ലോ എന്നുകരുതി ആശ്വാസം കൊള്ളാം.
‘എന്നല്ല,ഈ കാലത്തെ അനുസരിച്ചുള്ളഗതി ഭേദമാണ് ,ഫ്രാൻസിലെ ഭരണപരിവർത്തനത്തിന്റെ സുസ്പഷ്ടഫലം’
‘നിശ്ചയമായും ആ ഓമനത്തങ്കത്തിനു വേണ്ട ഉടുപ്പുണ്ട് ,അതു നിങ്ങളുടെ ഭര്‍ത്താവാണെന്ന് എനിക്കു ധാരാളം മനസ്സിലായിരിക്കുന്നു എന്നല്ല, അതൊരു കൌതുകകരമായ ഉടുപ്പിന്‍കൂട്ടമാണ്’
‘ഈ വിവരണം അത്യാവശ്യമാണ്; എന്നല്ല, ഇതിനെ കുറേ നീട്ടി വിസ്തരിച്ചു പറയുന്നതുകൂടി പ്രയോജനകരമാണെന്നു ഞങ്ങള്‍ കരുതുന്നു’
‘…എന്നല്ല, മേയറുടെ ആവശ്യപ്രകാരം, ഉടനെ ആ അടുത്ത പ്രദേശങ്ങളിൽ നിന്നു പുറത്തു പൊയ്ക്കൊള്ളണമെന്നും പറഞ്ഞു’
ഏതാണ്ട് ഇങ്ങനെയൊക്കെയാണ് അവ പുസ്തകം മുഴുവനും നിറഞ്ഞു കിടക്കുന്നത്. അതും ഒന്നും രണ്ടും തവണയല്ല 124 തവണ. ഒരേ പേജിൽ തന്നെ നിരവധി തവണ.
ആദ്യ പുസ്തകത്തിൽ 81 തവണ ഈ പ്രയോഗം കണ്ടു. രണ്ടാമത്തെ പുസ്തകത്തിൽ 43 തവണയും. വായന തുടങ്ങിയപ്പോഴാണ് ഇതെന്താണ് ഈ ഒരു വാക്ക് തലങ്ങും വിലങ്ങും വന്നുകൊണ്ടിരിക്കുന്നതു എന്നു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വെറുതെ ഒന്ന് എണ്ണിനോക്കിയത്.
ഇതുപോലെ നിങ്ങളുടെ വായനയിൽ ശ്രദ്ധയിൽപ്പെട്ട കൗതുകകരമായ സംഗതികൾ ഉണ്ടെങ്കിൽ പങ്കുവെയ്ക്കാമോ?