ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ -വായനക്കാരെ അസ്വസ്ഥതപ്പെടുത്തുന്ന നോവൽ -2020 ലെ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി

 

 

 

 

അപരത്വത്തെ അസ്ഥിത്വത്തിന്റെ  അടിസ്ഥാനമാണെന്ന്  അഭിപ്രായപ്പെട്ടത് മിഖായിൽ ബക്തിനാണ്. അപരത്വത്തിൽ നിന്നു മാത്രമേ ഒരാൾക്ക് തന്റെ സ്വത്വത്തെ വീണ്ടെടുക്കാൻ കഴിയൂ എന്ന  ബക്തിന്റെ നിർവചനത്തോട് ചേർന്ന് നിൽക്കുന്ന ഒരു നോവലാണ് എലെന ഫെറാന്റേയുടെ ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ. 2002 ൽ ഇറ്റാലിയൻ ഭാഷയിൽ I giorni dell’abbandono എന്ന പേരിൽ ഇറങ്ങിയ നോവൽ പിന്നെയും മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടത്. ആൻ ഗോൾഡ്സ്റ്റീൻ ആയിരുന്നു അത് പരിഭാഷപ്പെടുത്തിയത്. സമൂഹഭാവന സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് പുതുരൂപം പ്രാപിച്ചാണ് നിലകൊള്ളുന്നത്.സ്വാഭാവികമായും അത്തരം പരിണാമങ്ങൾ സാഹിത്യ രചനകളെയും പലതരത്തിൽ സ്വാധീനിക്കാനിടയുണ്ട് .സമകാലിക ജീവിതത്തിന്റെ വിരസതയും,കുടുംബജീവിതത്തിന്റെ ആസ്വാസ്ഥ്യങ്ങളും,മടുപ്പും ആകാംക്ഷകളുമൊക്കെ സംഭവിക്കുന്ന ഒരു കുടുംബിനിയുടെ ജീവിതമാണ് ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ എന്ന നോവലിൽ നിറഞ്ഞു നിൽക്കുന്നത്. സ്ത്രീകളുടെ പൊതുവേയുള്ള അവബോധത്തിന്റെയും, സംവേദനക്ഷമതയുടെയും,അവരുടെ ശക്തിയും ബലഹീനതയും സംബന്ധിച്ച  വശങ്ങളെക്കുറിച്ചുമൊക്കെ കൈകാര്യം ചെയ്യുന്ന ഒരു നോവൽ കൂടിയാണിത്.
 
ഓൾഗയ്ക്കും മരിയോയ്ക്കും ജാന്നിയെന്നും ,ഇലാരിയെന്നും പേരുള്ള രണ്ടു കുട്ടികളും ഒരു നായയുമുണ്ട്,ശാന്തനും,ഭാര്യയെ നല്ലപോലെ  മനസ്സിലാക്കിയവനും,വീടും കുടുംബവും ഒഴിച്ചു കൂടാത്തവനുമൊക്കെയായാണ്  ഓൾഗ തന്റെ ഭർത്താവിനെ തുടക്കത്തിൽ വിശേഷിപ്പിക്കുന്നത്.അവരുടെ ആ വൈവാഹിക ജീവിതത്തിലുടനീളം  ഓൾഗ തന്റെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുന്നതിനും അയാളെ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടികൂടുതൽ സമയം ചെലവഴിച്ചു. അയാൾ അവളുടേതാണെന്ന് ഉറപ്പുവരുത്താൻ അയാൾക്കിഷ്ടമുള്ളതെല്ലാം വെച്ചു വിളമ്പി.ഒട്ടുമിക്ക സ്ത്രീകളെയും പോലെ തന്റെ ഭർത്താവിനെ നേടിയെന്ന മിഥ്യാധാരണ വച്ചു പുലർത്തിക്കൊണ്ട് ഓൾഗയും ഒരു  വീട്ടമ്മയായി ജീവിച്ചു പോന്നു.
 
പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനു ശേഷം  പെട്ടെന്നൊരു ദിവസം തന്നെ വിട്ടുപോകുമെന്നു പ്രഖ്യാപിക്കുന്ന  ഭർത്താവിന്റെ വാക്കുകളെ ആദ്യമൊന്നും അവൾ വിലക്കെടുക്കുന്നില്ല.  വീടു വിട്ടുപോകാനുള്ള അയാളുടെ  പ്രഖ്യാപനം മുൻപും പലതവണ നടപ്പാക്കിയിരുന്നതിനാൽ കുറച്ചു ദിവസങ്ങളുടെ മടുപ്പിന് ശേഷം അയാൾ തിരികെയെത്തുമെന്ന് അവൾ വിശ്വസിച്ചു.  ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനോടുവിൽ അയാളുടെ വാക്കുകളിലെ ആത്മാർഥത അവൾ തിരിച്ചറിഞ്ഞു.ടൂറിനിലെ വീട്ടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ അവൾ സ്വയം തടവിലാക്കപ്പെട്ടു.
 
പ്രക്ഷുബ്ധമായ മാനസ്സികാവസ്ഥയിലിരുന്നുകൊണ്ട് സ്വയം ശാന്തമാകാൻ നേരം പുലരുന്നതുവരെ എഴുതുക എന്ന ശീലത്തിലേക്കു അവർ വഴുതിവീണു. മരിയോവിനു അവർ എഴുതുന്ന  കത്തുകളുടെ ഉള്ളടക്കം   വായനക്കാരുമായി പങ്കുവെയ്ക്കാൻ അവർ ഒരിക്കലൂം തയ്യാറാകുന്നുമില്ല. അയക്കാതെ വച്ചിരിക്കുന്ന ആ കത്തുകൾ എപ്പോഴെങ്കിലും അയാൾ വായിക്കുമെന്നും  എല്ലാം മനസ്സിലാക്കി അയാൾ കുടുംബത്തിലേക്ക് തിരിച്ചു വരുമെന്നും അവർ കരുതി. മരിയോ ഉപേക്ഷിച്ചതോടുകൂടി കുടുംബത്തിന്റെ സാമ്പത്തിക ഭാവിയും താറുമാറായി.അവഗണനയുടെ  പ്രഹരങ്ങൾക്കടിപ്പെട്ടു നുറുങ്ങിപ്പോയി  ഭ്രാന്തെടുത്തു ചാകുന്ന ഒരു പെണ്ണായി കരുതാൻ അവൾ  ശ്രമിച്ചു.ഒരു ശസ്ത്രക്രിയയ്ക്കിടെ ഒരു രോഗിയുടെ രക്തവും ഉമിനീരും കഫവും പോലെ ജീവിതം എന്നിൽ നിന്ന് ഒഴുകിപ്പോയി എന്നവൾ വിലപിക്കുന്നുണ്ട്. 
 
ഓൾഗയെ കൂടുതൽ ആഴത്തിൽ കഷ്ടപ്പെടുത്തിയത്  സ്വയം നഷ്ടപ്പെട്ടുപോകുന്നുവെന്ന  അവളുടെ മാനസികാവസ്ഥയാണ് .യുക്തിക്കും,ഭ്രാന്തിനും അതിജീവനത്തിനുമിടയിൽ കലുഷിതമായ അവരുടെ മനസ്സ്  അടിയന്തിര സാഹചര്യങ്ങളിൽ  വേണ്ടവിധം തീർച്ചപ്പെടുത്തേണ്ട  ചിന്തകളെയും പ്രവർത്തികളെയും നോവലിൽ കൃത്യമായി  അടയാളപ്പെടുത്തിയിരിക്കുന്നു.
ഭർത്താവ്  ഉപേക്ഷിച്ചു പോയതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഓൾഗയുടെതു മാത്രമായി ചുരുക്കപ്പെട്ടു . അതിന്റെ  ആഘാതത്തിൽ പലപ്പോഴും അവർക്കു  തന്റെ കുട്ടികളെ അവഗണിക്കേണ്ടിവന്നു. പലകാര്യങ്ങൾക്കും  മൂത്തമകൾ ജാന്നിയെ  വളരെയധികം ആശ്രയിക്കേണ്ടിവന്നു.   ജീവിതം മാറിയിരിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയാതെ   ഭ്രമാത്മകതകളുടെ  ഒരു ലോകത്തേക്ക് അവൾ പ്രവേശിക്കപ്പെട്ടു. ആ ലോകം അവൾക്ക് മുന്നിൽ  ഒരു ശൂന്യത പോലെ വളർന്നു വന്നു.
 
മാനസിക വേദന ലഘൂകരിക്കുന്നതിനും , അപ്പോഴത്തെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും  താൻ  ഇപ്പോഴും ആകർഷകമാണെന്ന് സ്വയം പറയാൻ ശ്രമിച്ചുകൊണ്ടു തന്നെയാണ്  അയൽവാസിയായ കാരാനോയുടെ അടുത്ത് അവളെത്തുന്നത് . ആ ബന്ധം  ഒരു പ്രണയത്തിലേക്കൊന്നും എത്തുന്നുമില്ല . അത്പക്ഷെ   അവളിൽ സ്വയം വെറുപ്പും നിരാശയും ഉണ്ടാക്കിയതെയുള്ളൂ . കരാനോയുടെ മുറിയിൽ വച്ച് അയാളുമായി  രമിക്കാൻ ശ്രമിക്കുമ്പോളും തന്റെ ഭർത്താവും അവരുടെ പുതിയ കാമുകിയും അതുപോലൊക്കെ ചെയ്തുകാണും എന്നവൾ ചിന്തിക്കുന്നുണ്ട്. ഒരുപക്ഷേ കരാനോയുമായുള്ള ആ ബന്ധം  മാരിയോടുള്ള പ്രതിഷേധത്തിന്റെ സൂചകമായി മാത്രം  കരുതാനാകില്ല  . രാത്രിവേളകളിലെ അവരുടെ സുഖാനുഭവങ്ങളുടെ ചുണ്ടുകളിലേക്ക് ഞാനെന്റെത് പ്രതികാരത്തോടെ ചേർത്തുവയ്ക്കും എന്നവൾ  പ്രഖ്യാപിക്കുന്നുമുണ്ട്.
എൻ പ്രഭാകരന്റെ കാമസൂത്രം എന്ന ചെറുകഥയിലെ ലീല എന്ന കഥാപാത്രം തന്റെ  ഓഫീസിൽ  കൂടെ ജോലി ചെയ്യുന്ന ജെയിംസിനോടൊപ്പം ഹോട്ടൽ മുറിയിലെത്തിയതിനു  ശേഷം  കാര്യത്തോടടുക്കുന്ന സമയത്ത്   തന്റെ ഭർത്താവിനെ  ഓർക്കുമ്പോളുണ്ടാകുന്ന ധാർമികതയുടെ  ചെന്നിനോവൊന്നും ഇവിടെ  ഓൾഗക്കു സംഭവിക്കുന്നില്ല.
 
ഉപേക്ഷിക്കപ്പെടലിന്റെ അപമാനത്തിൽ ഒരു സ്ത്രീ  പിരിമുറുക്കവും സങ്കടവും കൊണ്ട് തളർന്നു നിൽക്കുമ്പോൾ അവളുടെ മനസ്സ് എപ്രകാരമായിരിക്കും എന്നു പ്രവചിക്കുക അസാധ്യമാണ്.ഇവിടെ അവർ ഒരു അമ്മ കൂടിയാണ്.  ഭദ്രമായ ഒരു കുടുംബത്തിന്റെ അഭാവത്തിൽ മാതൃത്വം, ഏകാന്തത ,നിരാശ,ഉൽക്കണ്ഠ ,അനിശ്ചിതത്വം  എന്നിവകൊണ്ട് കലുഷിതമായ  മാനസികഭാവങ്ങളിലൂടെ കടന്നുപോകുന്ന   ഒരു സ്ത്രീയുടെ  ഭാഷയാണ് നോവലിനുള്ളത് . ആഖ്യാനത്തിലെ കൃത്യതയും ഭാഷയും വായനക്കാരുടെ മനസ്സിൽ ആഘാതം സൃഷ്ടിക്കുകയും ചെയ്യും.
 
 
ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന സമകാലിക എഴുത്തുകാരിൽ ഒരാളാണ് എലെന ഫെറാന്റെ. അവരുടെ ഒട്ടുമിക്ക നോവലുകളും ശ്രദ്ധയാകർഷിക്കപ്പെട്ടവയാണ്. 1992 ലാണ് എലെന ഫെറാന്റേയുടെ ആദ്യ നോവലായ ട്രൌബ്ലിങ് ലവ് പുറത്തുവരുന്നത്. 2006 ൽ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നു.  
2016 ൽ അവരുടെദി സ്റ്റോറി ഓഫ് ദി ലോസ്റ്റ് ചൈൽഡ്എന്നതിന്റെ ഇംഗ്ലീഷ് പതിപ്പ് മാൻ ബുക്കർ ഇന്റർനാഷണൽ ചുരുക്കപട്ടികയിൽ ഇടം പിടിക്കുകയുണ്ടായി.ആ വർഷം തന്നെ  ടൈം മാഗസിൻ എലീന ഫെറാന്റെയെ ഏറ്റവും സ്വാധീനിച്ച 100 പേരിൽ ഒരാളായി പ്രഖ്യാപിച്ചു.
 
പക്ഷെ ഇത്തരത്തിലുള്ള അന്താരാഷ്ട്ര പ്രശസ്തിയൊക്കെ ഉണ്ടായിട്ടും എഴുത്തുകാരിയെ കുറിച്ച് കൂടുതലായി ആർക്കും ഒന്നും അറിഞ്ഞുകൂടാ.അജ്ഞാതമായി എഴുതുന്നത് പുതിയ കാര്യമല്ലെങ്കിലും  എലെന ഫെറാന്റേ എന്ന എഴുത്തുകാരിയുടെ പേരിനു പിന്നിൽ ശരിക്കും ആരാണ് എന്നതിന്  ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല.
മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് എഴുത്തുകാരിയായ സംഗീത ശ്രീനിവാസനാണ്.
ഒരുപക്ഷെ ഭാഷയുടെ സാംസ്‌കാരിക അതിർവരമ്പുകളെ ഒട്ടുമേ വകവെയ്ക്കാതെ തന്നെയാണ് ഈ നോവലിന്റെ വിവർത്തനം കൈകാര്യം ചെയ്തതെന്ന് പറയേണ്ടി വരും. അതിനു വേണ്ടി മാന്യമായ വാക്കുകൾ അന്വേഷിച്ചു പോകാൻ എഴുത്തുകാരി മെനക്കെട്ടിട്ടില്ല. ഒരുപക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ വിവർത്തനത്തിൽ പാളിച്ചകളുണ്ടാകുമായിരുന്നേനെ. 2020 ലെ വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് സംഗീത ശ്രീനിവാസന് ലഭിച്ചത് ഈ പുസ്തകത്തിനാണ് . എലെന ഫെറാന്റേയുടെ വിവർത്തനം ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതും മലയാളത്തിലാണ്. മേഘ ബുക്ക്സ് ആണ് പ്രസാധകർ.

ഘാതകൻ ഉയർത്തിവിട്ട ചില ചോദ്യങ്ങൾ


 


ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങളുംപ്രതിഷേധങ്ങളും രാജ്യദ്രോഹമോ തീവ്രവാദമോ ആയി  കണക്കാക്കപ്പെടുന്ന ഒരു സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.കലയും   സാഹിത്യവുമെല്ലാം പ്രതിഷേധത്തിനുള്ള ഒരു മുഖ്യ ആയുധം കൂടിയാണ് . ഭരണാധികാരികളെ അസ്വസ്ഥരാക്കാൻ ഒരു സാഹിത്യകൃതിക്കു കഴിയും. ആ ഒരു അർത്ഥത്തിൽ  രാഷ്ട്രീയപരമായി കൂടി വായിക്കപ്പെടേണ്ട  ഒന്നാണ് കെ  ആർ മീരയുടെ ഘാതകൻ എന്ന നോവൽ .2018 നവംബർ 8 ലെ നോട്ടുനിരോധനം തന്നെയാണ് നോവലിൽ തലങ്ങും വിലങ്ങും ചർച്ച ചെയ്യപ്പെടുന്നത്.

 വായനക്കാരോട്  സംവദിച്ചുകൊണ്ട്  അല്ലെങ്കിൽ അവരോടു ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് തന്റെ അനുഭവങ്ങളുടെ തീക്ഷ്ണാനുഭവങ്ങൾ പങ്കുവെയ്ക്കുന്നഒരു ശൈലിയാണ് നോവലിലെ ആഖ്യാതാവായ സത്യപ്രിയ സ്വീകരിച്ചിരിക്കുന്നത്.

നോട്ടു നിരോധനം നടന്ന്  എട്ടു ദിവസങ്ങൾക്കു ശേഷം  സത്യപ്രിയക്കു നേരെ നടന്ന ഒരു കൊലപാതക ശ്രമത്തിന്റെ വിവരണങ്ങളോടെയാണ്  നോവൽ ആരംഭിക്കുന്നത്. ഒരു സ്ത്രീ എപ്പോഴും മറ്റൊരാളുടെ സംരക്ഷണത്തിൽ  ഇരിക്കേണ്ടവളാണെന്നുള്ള പൊതുധാരണയെ  പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നോവലാരംഭത്തിൽ തന്നെ കാണാം. കൊലപാതക ശ്രമത്തിനു ശേഷം ചോദ്യം ചെയ്യാനെത്തുന്ന ചെറുപ്പക്കാരി കോൺസ്റ്റബിളിന്റെ ചോദ്യം തന്നെ അത്തരത്തിലുള്ളതാണ്. 

തന്നെ കൊല്ലാൻ ശ്രമിച്ചവരെ ചികഞ്ഞെടുക്കാൻ പോലീസുമായി സഹകരിച്ചോ അല്ലാതെയോ ഉള്ള ഒരു അന്വേഷണത്തിൽ അവർ ഏർപ്പെടുന്നതോടു കൂടി  നോവലിനു  ഒരു അപസർപ്പക സ്വഭാവം കൈവരുന്നുണ്ട്. വെളിപ്പെടുത്തേണ്ടിയിരുന്ന ആ സത്യം പുറത്തുവരുന്നതിനു മുൻപേ അച്ഛനും മരിച്ചു പോയി. ഏതു നിമിഷവും നീയും വധിക്കപ്പെടും എന്ന അച്ഛന്റെ അവസാന വാക്കുകൾ സത്യപ്രിയയെ എരിപൊരികൊള്ളിച്ചു. തന്റെ കഥപറച്ചിലിനിടയിൽ വായനക്കാരോട് ചോദിക്കുന്ന ഒരുപിടി  ചോദ്യങ്ങളെ കൃത്യമായി കണ്ണികൾ ചേർത്ത് പൂരിപ്പിക്കുകയാണ് കെ ആർ മീര ഇവിടെ ചെയ്തിരിക്കുന്നത്.

 നോവൽ ചർച്ച ചെയ്യപ്പെടുന്ന ജാതീയപരമായ നിരീക്ഷണങ്ങൾ ഒരുപക്ഷെ സമൂഹത്തിൽ ഒരുമാറ്റവുമില്ലാതെ ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതാണ് വാസ്തവം. പരിചിതമല്ലാത്ത ഇടങ്ങളിൽ ആളുകളെ അന്വേഷിച്ചു നടക്കുമ്പോൾ കേൾക്കേണ്ടി വരുന്ന ഒരു ചോദ്യം എന്താ ജാതി എന്നായിരിക്കും. ചോദ്യങ്ങളുടെ രൂപവും,രീതികളും മാറിയെങ്കിലും ജാതി ചോദിക്കൽ  അല്ലെങ്കിൽ പ്രകടിപ്പിക്കൽ ഒരു യാഥാർഥ്യമായി തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോഴും  പത്താം ക്ലാസ്സു സെർട്ടിഫിക്കറ്റിൽ  കുട്ടികളുടെ ജാതി വിളിച്ചു പറയുന്നുണ്ട്. ജാതി പറയരുത് എന്നെ പറഞ്ഞിട്ടുള്ളൂ . പക്ഷെ അത് മറ്റൊരു രീതിയിൽ പ്രദർശിപ്പിക്കപ്പെടുന്നു . ജാതിവിചാരത്തിലെ പൊതുബോധത്തെ തുറന്നു കാട്ടാൻ സത്യപ്രിയയുടെ അച്ഛന്റെ കാലത്തെ സിനിമ സംഭവങ്ങളും പരാമർശിക്കപ്പെടുന്നുണ്ട് .

 അപസർപ്പകനോവലുകളിൽ കണ്ടുവരുന്ന കുറ്റാന്വേഷണരീതികളുടെ  പതിവു വാർപ്പുകൾ ഈ നോവൽ പിന്തുടർന്നിട്ടില്ല.  എന്നിരിക്കിലും സത്യപ്രിയയുടെ അന്വേഷണങ്ങൾ നോവലിനെ ആ തലത്തിലേക്ക് ചിലയിടങ്ങളിൽ ഉയർത്തികൊണ്ടുവരുന്നുമുണ്ട്. ആര്എന്തിന്,എങ്ങനെ എന്നുള്ള മൂന്നു ചോദ്യങ്ങൾക്കുള്ള  ഉത്തരങ്ങൾ കണ്ടെത്താനുള്ള അവരുടെ അന്വേഷണങ്ങൾ പുരോഗമിക്കുന്തോറും സങ്കീർണ്ണമായ പല അവസ്ഥകളിലൂടെയും അവർ കടന്നു പോകുന്നുണ്ട്. തന്റെ ചോദ്യങ്ങളുമായുള്ള യാത്രകൾക്കിടയിൽ  ആത്മകഥ എന്ന പോലെ അവരുടെ ജീവിതാനുഭവങ്ങൾ  നമുക്ക് മുൻപിൽ  വെളിപ്പെടുന്നുമുണ്ട്. ഭൂതകാലത്തിൽ ബന്ധിക്കപ്പെട്ടു കിടന്നിരുന്ന പലതും അവർ കെട്ടഴിച്ചു വിടാൻ നിര്ബന്ധിതയാകുന്നുമുണ്ട് . മറഞ്ഞു കിടന്നിരുന്ന പലരെയും അവർക്കു വായനക്കാർക്ക് മുൻപിൽ നിർത്തേണ്ടി വരുന്നുമുണ്ട്.

  സത്യപ്രിയയുടെ ശരികളെ വായനക്കാരുടെ ശരികളുമായി പൊരുത്തപ്പെട്ടുപോകണമെന്നില്ല.അവർ ജനിച്ചു വളർന്ന ചുറ്റുപാടുകൾഎല്ലാവരുമുണ്ടായിട്ടും കുടുംബത്തിനും,തനിച്ചും  നേരിടേണ്ടി വന്ന അരക്ഷിതാവസ്ഥകൾ,കണ്ടുമുട്ടേണ്ടി വന്ന പലരിൽ നിന്നും അനുഭവിച്ചറിഞ്ഞ കയ്പ്പുള്ള അനുഭവങ്ങൾ ഇതെല്ലം അവരെ അത്തരത്തിൽ പാകപ്പെടുത്തിയതാണെന്നു വിശ്വസിക്കേണ്ടിവരും. അദ്ധ്യായങ്ങൾ മുന്നേറുന്നതൊടെ   അവരുടെ പൂർവകാലം പതിയെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്  .കഥ പറയുന്ന ശൈലിയിൽ  ഒരുപക്ഷേ അത്തരത്തിലുള്ള  പൂർവ മാതൃകകൾ ഒരുപാട് നമുക്കു മുന്നിലുണ്ടെങ്കിലും ഭൂതകാല സംഭവങ്ങളെ കൂട്ടികുഴച്ചുകൊണ്ടുള്ള ഒരു കഥപറച്ചിൽ രീതിയാണ്  നോവലിൽ നമുക്ക് കാണാനാകുക.

 പോലീസ് തേടുന്ന കശ്മീരിയുവാവിനെഅവനൊരു ആളെകൊല്ലി ക്രിമിനൽ ആണെന്നറിഞ്ഞിട്ടും എന്തിന് പ്രേമിച്ചു എന്ന പോലീസിന്റെ ചോദ്യത്തിന് സത്യപ്രിയയുടെ മറുപടി കുറിക്കു കൊള്ളുന്നതാണ് . ക്രിമിനൽ ആണെന്ന് ഇനിയും കോടതി തീർപ്പ് കൽപ്പിക്കാത്ത ഒരാളെ പ്രേമിക്കുന്നതിൽ എന്താണ് തെറ്റ് എന്നുള്ള മറുപടിയ്ക്കു മറുപക്ഷത്തിന് കൃത്യമായ മറുപടികളില്ല. ഇനി അഥവാ കൊന്നിട്ടുണ്ടെങ്കിൽ  തന്നെ നമ്മുടെ ഭരണാധികാരികൾ കൊന്നു തള്ളിയവരുടെ ആയിരത്തിലൊന്ന് പോലുമില്ല എന്നവർ പറയുന്നുണ്ട്.  ചോദ്യം ചെയ്യുന്നവരെ മറുചോദ്യങ്ങൾക്കൊണ്ട് കീഴടക്കുന്നഎവിടെയും തന്റെ അപ്രമാദിത്വം കാത്തുസൂക്ഷിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യാൻ കൂട്ടാക്കാത്ത ഒരു കഥാപാത്രമാണ് സത്യപ്രിയ. താൻ കയറിച്ചെല്ലുന്ന എവിടെയും തന്റെ ആധിപത്യം പ്രതീക്ഷിക്കുകയും ,അതിനു വേണ്ടി വാക്കുകൾ യഥേഷ്ടം ഉപയോഗിക്കാൻ ഒരു മടിയുമില്ല അവർക്ക്. ചേട്ടന്മാർ  അധികാരം പ്രയോഗിക്കും എന്നതുകൊണ്ട് തനിക്ക് യഥേഷ്ടം അധികാരം പ്രയോഗിക്കാൻ കഴിയുന്ന അനിയന്മാരാണ് നല്ലത് എന്നവർ ഒരിടത്ത് പറയുന്നുണ്ട്. 

 സത്യപ്രിയക്ക് പറയാൻ ഒരു കഥയെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ കഥ അവസാനമില്ലാത്തതും ,ഒരുപാട് കഥകൾ കൂട്ടി ചേർത്തതുംനിരവധി കഥാപാത്രങ്ങളുടെ അനുഭവങ്ങൾ കൊണ്ടു കെട്ടുപിണഞ്ഞു കിടക്കുന്നതുമായിരുന്നു. കുരുക്കുകൾ ഓരോന്ന് അഴിക്കാൻ ശ്രമിക്കുംതോറും മറ്റിടങ്ങളിലെ കുരുക്കുകൾ മുറുകുകയോ ,കെട്ടുകൾ പുതുതായി സൃഷ്ടിക്കപ്പെടുകയോ ചെയ്തു .ഘാതകനെ അന്വേഷിച്ചുള്ള യാത്രകൾ ഒരു എലിയും പൂച്ചയും കളിയായി  തോന്നിപ്പിക്കുന്നുമുണ്ട്. ആരാണ് ആ ഘാതകൻ എന്നറിഞ്ഞാൽ തന്നെയും എന്തിന് എന്നുള്ള ഒരു ചോദ്യവും പൂരിപ്പിക്കാതെ കഥ പൂർണ്ണമാകുകയില്ലല്ലോ .അതിലേക്കുള്ള യാത്രകളാണ് പിന്നീടവർ നടത്തുന്നത്. 

 അനായാസം കഥ പറഞ്ഞുപോകുന്ന തനി മീരയൻ‘ ശൈലി തന്നെയാണ് ഈ നോവലിന്റെയും പ്രത്യേകത. എന്തുകൊണ്ട് അഹിംസയെ കുറിച്ചുമാത്രം വീണ്ടും എഴുത്തുകാരിക്ക് എഴുതേണ്ടി വന്നു എന്ന ചോദ്യത്തിനുത്തരം ഈ നോവലിൽ കിടപ്പുണ്ട്. 

നോട്ടുനിരോധനം കൂടാതെ പീഡോഫീലിയ,പാലായനം,മാവോയിസ്റ്റ്തീവ്രവാദം,ചൂഷണം,വ്യഭിചാരം,പക,ആർത്തി,വിശപ്പ്,കുടുംബഭദ്രത,കപട ഭക്തി,കോർപ്പറേറ്റ് ജീവിതം തുടങ്ങീ  വിഷയങ്ങൾ വേണ്ട വിധം നോവലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രീയപരമായ വിഷയങ്ങളെ സംബന്ധിച്ചുള്ളതാണെങ്കിലും    ആക്ഷേപഹാസ്യത്തിന്റെ അനുരണനങ്ങൾ നോവലിൽ അങ്ങിങ്ങായി ചിതറികിടപ്പുണ്ട്.അതുകൊണ്ടു തന്നെ നോവലിന് കൂടുതൽ ഇണങ്ങുന്നതും ഒരു രാഷ്ട്രീയ മുഖമാണ്.നോട്ടു നിരോധനവുമായി ബന്ധപ്പെട്ട സത്യപ്രിയയുടെ മിക്ക ചോദ്യങ്ങൾക്കും  ഉത്തരം പറയേണ്ടതു വായനക്കാരല്ല മറിച്ച് ഭരണകൂടം തന്നെയാണ് ,അവർക്ക് മാത്രമാണ്  കൃത്യമായ ഉത്തരങ്ങൾ നല്കാൻ   ബാധ്യതയുള്ളതും. അതുകൊണ്ടു തന്നെ ആ ചോദ്യങ്ങളെ നോട്ടുനിരോധനം പോലെ അത്രയെളുപ്പം  അസാധുവാക്കാൻ  കഴിയുകയുമില്ല.

 

പുസ്തകഭ്രാന്തനായ ഒരു കള്ളന്റെ കഥ

 

ബിബ്ലിയോഫൈൽ എന്ന പദത്തിന്  പുസ്തകപ്രേമി എന്നാണർത്ഥം, ബിബ്ലിയോമാനിയ  എന്നതിന് പുസ്തകഭ്രാന്തെന്നും. ഇവ തമ്മിലുള്ള അതിർവരമ്പ് വളരെ നേർത്തതാണ്. ഈ രണ്ടു വാക്കുകളും ആദ്യമായി ഉപയോഗിച്ചത് 1809 ൽ   ഒരു ഇംഗ്ലീഷ് പുരോഹിതനായ ഫ്രോനാൽ ഡിബ്ഡിൻ ആയിരുന്നു.Bibliomania or Book Madness എന്ന പുസ്തകത്തിലായിരുന്നു അവ പ്രത്യക്ഷപ്പെട്ടത് . (https://www.gutenberg.org/ എന്ന വെബ്സൈറ്റ് ൽ ആ പുസ്തകം വായിക്കാൻ സാധിക്കും)

ഈ വായനാ ഗ്രൂപ്പിലുള്ള പലരെയും മേല്പറഞ്ഞ പുസ്തകപ്രേമികളുടെയും,പുസ്തകഭ്രാന്തരുടെയും  കള്ളികളിൽ  ഉൾപ്പെടുത്തിയാൽ ഏതിലായിരിക്കും ഏറ്റവും കൂടുതൽ ആളുകളുണ്ടാകുക?
പുസ്തകങ്ങളെ മോഷ്ടിക്കാൻ വേണ്ടി മാത്രം പുസ്തകങ്ങളെ സ്നേഹിച്ച ജോൺ ഗിൽക്കി എന്ന  കള്ളന്റെ കഥയാണ് പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ എന്ന ആലിസൺ ഹൂവർ ബാർട്ലെറ്റിന്റെ നോവൽ പറയുന്നത്. ഇതുവരെ വായിച്ചതിൽ വച്ച് പുസ്തകങ്ങൾ ഇത്ര ധാരാളമായി  കടന്നു വരുന്ന നോവലുകളിൽ  എത്രാമത്തെ പുസ്തകമാണ് ഈ  നോവൽ എന്നത് കൃത്യമായി ഓർമ്മയില്ല. മലയാളത്തിലെ കാര്യമായെടുത്താൽ അത്തരമൊരു പ്രമേയം കൈകാര്യം ചെയ്തവർ അപൂർവ്വമാണ് എന്നാണ് തോന്നുന്നത് . സൂസന്നയുടെ ഗ്രന്ഥപ്പുര പോലുള്ള പുസ്തകങ്ങളാണ്  പെട്ടെന്നു ഓർമ വരുന്നത്. 

പലവിധ സ്ഥലങ്ങളിൽ നടക്കുന്ന  പുസ്തകമേളകളിൽ നിന്നും  ലൈബ്രറികളിൽ നിന്നും ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന, അപൂർവ പുസ്തകങ്ങൾ മോഷ്ടിക്കുന്ന ശീലമുള്ളയാണ്  ജോൺ ഗിൽക്കിയെങ്കിലും അയാൾക്കതിൽ  ഒരു തരി പോലും പശ്ചാത്താപം തോന്നുന്നില്ല എന്നുള്ളതാണ് കൗതുകകരമായ ഒരു സംഗതി. നാല് വർഷത്തിനിടയിൽ മാത്രം ഈ  ജോൺ ചാൾസ് ഗിൽക്കി ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന അപൂർവ പുസ്തകങ്ങലാളാണ് ശേഖരിച്ചു കൂട്ടിയത്.  പാർട്ട് ടൈം ജോലി ചെയ്യുന്ന ഗിൽക്കി, പുസ്തകങ്ങൾ മോഷ്ടിക്കുന്നതിന്റെ പല രീതികൾ നോവലിൽ കാണാം . കള്ളനെ പിടിക്കാൻ കെൻ സാന്ഡേഴ്സൻ എന്ന ഡിറ്റക്ടീവ് ജോലിയിൽ താൽപ്പര്യമുള്ള ഒരു പുസ്തക ഇടപാടുകാരൻ ഗിൽക്കിയെ അകത്താക്കാൻ  പിന്നാലെ തന്നെയുണ്ട്.

 പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ എന്ന ഈ പുസ്തകത്തിന്റെ പേര് ഒരുപക്ഷെ ഒട്ടുമിക്ക പുസ്തകപ്രേമികളെയും  ആകർഷിക്കാൻ സാധ്യതയുണ്ട്. നിങ്ങളൊരു പുസ്തകപ്രേമിയാണെങ്കിൽ ഈ പുസ്തകത്തിന്റെ പേരു കേൾക്കുമ്പോൾ തന്നെ  എവിടെയൊക്കെയോ നമ്മളെയും ബന്ധപ്പെടുത്തുന്ന, കണ്ണിചേർക്കാൻ കഴിയുന്ന എന്തോ ഇതിലുണ്ട് എന്ന്  വെറുതെയെങ്കിലും തോന്നിപോകാനിടയുണ്ട് . തീർച്ചയായും പുസ്തകപ്രേമികളുടെ  കൗതുകകരമായ സ്വഭാവങ്ങളെ പരാമർശിച്ചുപോകുന്ന  നിരവധി വിശേഷണങ്ങൾ  ഈ നോവലിലുണ്ട്.

 ജോൺ ഗിൽക്കി അമൂല്യമായ പുസ്തകങ്ങളെ മോഷ്ടിക്കാറുള്ളൂ എന്ന് പറഞ്ഞല്ലോ. ഉദാഹരണമായി എച് ജി വെൽസിന്റെ വാർ ഓഫ് ദി വേൾഡ്സ് എന്ന പുസ്തകത്തിന്റെ ഒന്നാം എഡിഷൻ,അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഒപ്പിട്ട സ്റ്റാറ്റജി ഓഫ് പീസ്,പിനോകിയോ യുടെ ഇറ്റാലിയൻ ഭാഷയിലെ ആദ്യ എഡിഷൻ, തുടങ്ങിയ പോലുള്ള പുസ്തകങ്ങളിലാണ് അയാളുടെ കണ്ണ്. പേരുകേട്ട പുസ്തകങ്ങൾ ശേഖരിച്ചാൽ അത് ആദരവ് നേടി തരുമെന്ന് അയാൾ കരുതുന്നുണ്ട്.പക്ഷെ പുസ്തക മോഷ്ടാവ് എന്നതിനപ്പുറം അയാൾ നല്ലൊരു വായനക്കാരനും കൂടിയാണ്. പ്രസിദ്ധീകരിച്ച കാലത്തേക്കാൾ ഇന്നത്തെ കാലത്തു വിലമതിക്കുന്ന പുസ്തകങ്ങളാണ് അയാളുടെ പക്കലുള്ളതും , അയാൾ മോഷ്‌ടിക്കാൻ ശ്രമിക്കുന്നതും അത്തരം പുസ്തകങ്ങളാണ്. 

ഒരു പുസ്തകമേളയിൽ കയറി ചെല്ലുമ്പോൾ,അവിടെയുള്ള  പതിനായിരക്കണക്കിന്  പുസ്തകങ്ങളെ ഒരുമിച്ചു കാണുമ്പോൾ പുസ്തക പനി വരുന്നുണ്ടെന്നു തോന്നാറുണ്ടോ ? ഉണ്ടെങ്കിൽ നിങ്ങളൊരു ബിബ്ലിയോമാനിയാക് ആണ്. അതുപോലെ പുസ്തകങ്ങളെ കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ ശേഖരിക്കുന്ന ആളുകളെയും,അതിനു പിന്നാലെ എല്ലാം മറന്നു പിറകെ പോകുന്നവരെയും കണ്ടിട്ടുണ്ട്. വായനക്കാർക്ക്‌ മാത്രമല്ല ഓരോ പുസ്തകവ്യാപാരിക്കും വ്യത്യസ്തമായ കഥകൾ പറയാനുണ്ടാകും.അത് പുസ്തകങ്ങളെ കുറിച്ചാകാം, എഴുത്തുകാരെക്കുറിച്ചാകാം, അതുമല്ലെങ്കിൽ വായനക്കാരെ സംബന്ധിച്ചതാകാം.പുസ്തകാരാധനയിൽ നിന്നും പുസ്തക മോഷ്ടാവിലേക്കുള്ള അതിർവരമ്പ് വളരെ നേർത്തതാണെന്ന് നോവലിലെ ഒരു കഥാപാത്രം തന്നെ പറയുന്നുണ്ട്.അഭിരുചി,അറിവ്,ആഢ്യത്വം  എന്നിവയുടെയൊക്കെ ഏലസ്സാണത്രെ പുസ്തകശേഖരണം. ഇ-ബുക്കുകൾ വ്യാപകമായി വന്നാലും കട്ടി ബയന്റു ചെയ്ത പുസ്തകങ്ങൾ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ്  ഗിൽക്കിയുടെ അഭിപ്രായം. 

അതിയായി ആഗ്രഹിക്കുകയും എന്നാൽ കണ്ടെത്താൻ കഴിയാത്തതുമായ പുസ്തകങ്ങൾ  വേണമെന്ന് നിങ്ങൾക്കും തോന്നാറില്ലേ? ഉണ്ടെങ്കിൽ അവ ഏതൊക്കെയാണ് എന്നറിയുന്നതിൽ ഒരു കൗതുകം കൂടിയുണ്ടാകും മറ്റുള്ളവർക്കും.  ഇതൊരു ഫിക്ഷൻ കാറ്റഗറിയിൽപ്പെടുന്ന പുസ്തകമല്ല. ട്രൂ ക്രൈം അല്ലെങ്കിൽ ബയോഗ്രഫി വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. നല്ലൊരു പുസ്തകത്തിന് വേണ്ടി ജയിലിൽ വരെ പോകാൻ തയ്യാറായ ഒരാളുടെ സംഭവ കഥയാണിത്. ജോൺ ഗിൽക്കിയെക്കുറിച്ചുള്ള എഴുത്തുകാരിയായ ആലീസൺ ഹൂവർ ബാർട്ലെറ്റിന്റെ  ലേഖനം 2007 ലെ മികച്ച അമേരിക്കൻ ക്രൈം റിപ്പോർട്ടിങ് വിഭാഗത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട് . മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് പി ജെ മാത്യുവും.

ദി അൾട്ടിമേറ്റ് ജസ്റ്റിസ് -സിനിമ പോലെ ആസ്വദിക്കാവുന്ന ഒരു നോവൽ



അനീതികളോടും ,അക്രമങ്ങളോടും പൊരുതി നീതി വാങ്ങിച്ചെടുക്കുന്ന  തരത്തിലുള്ള കഥകൾ നിരവധി സിനിമകളിൽ വിഷയമായിട്ടുണ്ട് . നീതി നിഷേധം സിനിമകളിൽ മാത്രമല്ല സാഹിത്യകൃതികളിലും പല രീതിയിൽ കൈകാര്യം ചെയ്തുവരുന്ന ഒന്നാണ് .അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കരുതലോടെ അവതരിപ്പിച്ചില്ലായെങ്കിൽ  പൊളിഞ്ഞു പാളീസാകാനുള്ള ഒരു സാധ്യതകൂടിയുണ്ട് . പ്രമേയപരമായി നീതിനിഷേധവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും അജിത് ഗംഗാധരന്റെ ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവലിൽ  വായിച്ചെടുക്കാവുന്ന   പൊരുളുകൾ  അനവധിയാണ്.    ചതി,വഞ്ചന,പ്രതികാരം,ആൾമാറാട്ടം,കൃത്രിമ തെളിവുകൾ,ബാങ്കിടപാടുകൾ  തുടങ്ങിയ പലതും  നോവലിൽ കടന്നുവരുന്നുണ്ട് .ഒരു പക്ഷേ അന്താരാഷ്ട്ര ബിസിനസ്സ് പശ്ചാത്തലത്തിൽ ഈ വക കാര്യങ്ങൾ അവതരിപ്പിച്ചിട്ടുള്ള  നോവലുകൾ  മലയാളത്തിൽ അധികമൊന്നും കാണാനാവില്ല എന്നു തോന്നുന്നു. 

ഒരു ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്  ഈ നോവലെങ്കിലും തുടക്കത്തിലെ ചില സംഭവങ്ങൾ   ഇതൊരു  അപസർപ്പകനോവലാണോ എന്നു   തോന്നിപ്പിക്കുന്നുണ്ട് . ഗരുഡ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായ  മാധവജി എന്നു എല്ലാവരും വിളിക്കുന്ന ശ്രീ മാധവന്റെ തിരോധാനമന്വേഷിക്കാൻ പശുപതി എന്ന അന്വേഷണ ഉദ്യോഗസ്ഥൻ എത്തുന്നതോടെയാണ്  നോവൽ ആരംഭിക്കുന്നത്.  മാധവൻ തന്റെ കാബിനിൽ നിന്നും പ്രൈവറ്റ് ലിഫ്റ്റിൽ കയറുന്നതുവരെയുള്ള ദൃശ്യങ്ങൾ  സിസിടിവി യിൽ കാണാം.എന്നാൽ പിന്നീട് അയാളുടെ ഒരു വിവരവുമില്ല. അത്യന്തം ദുരൂഹതകൾ അവശേഷിപ്പിച്ചുകൊണ്ടുതന്നെയാണ് അയാൾ അപ്രത്യക്ഷനായിരിക്കുന്നത്. ഗരുഡ ഗ്രൂപ്പിന്റെ തൃപ്പൂണിത്തുറയിലെ ഫോർട് കോളേജിലേക്ക് അധ്യാപകനായി എത്തുന്ന  പശുപതി വിശ്വനാഥൻ മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലെ  പ്രൊഫസർ എഡ്വേർഡ് ലിവിംഗ്സ്റ്റണെ ഓർമിപ്പിക്കുന്നുണ്ട്.  വളരെ പെട്ടെന്ന് തന്നെ അയാൾ കോളേജിലെ മറ്റൊരു അധ്യാപകനായ  എബിയുമായി സൌഹൃദത്തിലാകുകയും ചെയ്യുന്നു . എബിയാണ് പശുപതിയ്ക്കു ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന വീഡിയോ ഗെയിം പരിചയപ്പെടുത്തികൊടുക്കുന്നത്. സാധാരണ കണ്ടു വരുന്ന തീമുകളൊന്നുമല്ലായിരുന്നു ഈ ഗെയിമിന്  ഉണ്ടായിരുന്നത്. അതിലും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. 

മാധവൻ  അപ്രത്യക്ഷനായതെങ്ങനെ ?. ഈ ഗെയ്മിനും മാധവന്റെ തിരോധനവവും തമ്മിൽ  വല്ല ബന്ധവുമുണ്ടോ? . നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രം ശരിക്കും ആരായിരിക്കും  ? ഏത് പക്ഷത്താണ് അയാൾ നിലകൊള്ളുന്നത് ?അയാൾ ശെരിക്കും യഥാർഥത്തിലുള്ള ആളു തന്നെയാണോ വായനക്കിടയിൽ മുളച്ചുവരുന്ന ഇത്തരം  ചോദ്യങ്ങൾ  വായനക്കാരെ കുഴപ്പിക്കുക തന്നെ ചെയ്യും.നോവൽ തുടങ്ങി അധികം വൈകാതെ  തന്നെ എതിർപക്ഷത്തു നിൽക്കുന്നവരിൽ ചിലരെ   വായനക്കാരുടെ മുമ്പിൽ നേരിട്ട് അവതരിപ്പിക്കുന്നുണ്ടെങ്കിലും   വായന മുന്നേറുമ്പോളുണ്ടാകുന്ന നോവലിലെ  ഓരോ  സംഭവങ്ങളും  വായനക്കാരുടെ ബുദ്ധിയേയും, അന്വേഷണ ചിന്തകളേയും തെരുപിടിപ്പികുന്ന തരത്തിലുള്ള കഥാഘടനയാണ് നോവൽ സ്വീകരിച്ചിരിക്കുന്നത് . ഡബിൾ ഏജന്റുകളായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ വായനക്കാരെ ഒരു പരിധി വരെ വട്ടം കറക്കുക തന്നെ ചെയ്യും. 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിൻ ഡീസൽ നായകനായ ബ്ലഡ്ഷോട്ട് എന്ന സിനിമയിൽ തന്റെ പ്രതികാരത്തിന് വേണ്ടി നായകന്റെ അതുവരെയുള്ള ഓർമ്മകളെ മായ്ച്ചു കളയുകയും, പുതിയ ഓർമ്മകൾ കൂട്ടിച്ചേർക്കുന്ന ഒരു സംഭവമുണ്ട് .  തന്റെ ഭാര്യയുടെ കൊലയാളിയെ നായകൻ കണ്ടെത്തി കൊലപ്പെടുത്തി കഴിഞ്ഞാൽ അയാൾ പോലും അറിയാതെ അയാളുടെ ഓർമ്മകൾ മറ്റൊരു രീതിയിൽ  പരീക്ഷണ ശാലയിലെ ഡോക്ടറാൽ അയാളിൽ പുന:സൃഷ്ടിക്കപ്പെടും . എന്നാൽ  ഓരോ തവണയും പുതിയ പുതിയ ആളുകൾ  ഭാര്യയുടെ കൊലപാതകിയുടെ സ്ഥാനത്ത് പ്രത്യക്ഷപ്പെടുകയും അവരെയെല്ലാം നായകൻ കൊല്ലുകയും ചെയ്യും. വാടക കൊലയാളിയെ പോലെ ഉപയോഗിക്കപ്പെടുകയായിരുന്നു നായകൻ. ചെയ്ത ക്രൈമുകളും,അതിന്റെ വിശദാംശംങ്ങളും കൃത്രിമമായി നിർമിക്കപ്പെടുകയും  ഈ സിനിമയിലെ നായകനെ പോലെ  അതൊന്നുമറിയാതെ നീതി നിഷേധങ്ങൾക്കും,അന്യായങ്ങൾക്കുമെതിരെ പ്രവർത്തിക്കേണ്ടി വരുന്ന നിരവധി കഥാപാത്രങ്ങൾ ഈ നോവലിലും ഉണ്ട്. 

അനായാസം വായിച്ചു പോകാവുന്ന ഒന്നായല്ല ഈ നോവൽ അനുഭവപ്പെട്ടത്. ആര് ആരൊക്കെയാണെന്നും , എന്തൊക്കെയാണെന്നുമൊക്കെ  മനസ്സിലാക്കിയെടുക്കാൻ കഥപറച്ചിലിന്റെ അതേ വേഗത്തിൽ വായനക്കാരനും സഞ്ചരിക്കേണ്ടതുണ്ട്. കഥാപാത്രങ്ങളുടെ ഇംഗ്ലീഷിലുള്ള സംസാരം ചിലയിടങ്ങളിൽ ഇംഗ്ലീഷിൽ തന്നെയും , ചിലയിടങ്ങളിൽ മലയാളത്തിലും   കൊടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു രീതിയിൽ തന്നെ പിന്തുടരുന്നതായിരുന്നു നല്ലത് എന്നു തോന്നുന്നു. ടീം ഏഞ്ചൽ എന്ന ഓപ്പറേഷൻ ടീമിലെ സാം തോമസിന്റെ യോഗ്യതകളിലൊന്ന് ഐ ടി പ്രൊഫഷണൽ ആണെന്നാണ് പറഞ്ഞിരിക്കുന്നത് . കൂടാതെ അയാൾ മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ കൂടിയാണ്. മൈക്രോസോഫ്റ്റ് അത്തരമൊരു സർട്ടിഫിക്കേഷൻ കൊടുക്കുന്നില്ല എന്നാണ് അറിവ്.ഒന്നില്ലെങ്കിൽ അത് കളവാകാം, അല്ലെങ്കിൽ മൈക്രോസോഫ്റ്റ് പോലും അറിയാതെ അവരിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങിച്ചെടുത്തതാകാം! എഴുതി പൊലിപ്പിക്കാമായിരുന്നെങ്കിൽ മുന്നൂറു  പേജിനു മേൽ എത്തുമായിരുന്ന ഈ  നോവൽ ഒരു പക്ഷേ കഥപറച്ചിലിന്റെ വേഗതകൊണ്ടാകണം ഇരുന്നൂറ് പേജിനുള്ളിൽ ഒതുക്കി നിർത്തപ്പെട്ടത്. 

പശുപതിയുടെയും , എബിയുടെയും,മാധവന്റെയും മാധവന്റെ മകൾ അപർണ്ണയുടെയും,മാധവന്റെ ഭാര്യ സുകന്യയുടെയും പിന്നിൽ ഒളിഞ്ഞുകിടക്കുന്ന അതിസങ്കീർണ്ണവും,എന്നാൽ അത്യന്ത്യം ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളെ വായനക്കാർക്കു ഒരു ആക്ഷൻ സിനിമ കാണുന്ന ലാഘവത്തോടെ ആസ്വദിക്കാൻ സാധിക്കും. ചുരുക്കത്തിൽ ഒരു സിനിമക്കുള്ള എല്ലാ ചേരുവകളും ഈ നോവലിനുണ്ട്. ബാഹുബലി സിനിമകൾ ഇറങ്ങി കഴിഞ്ഞതിന് ശേഷം ആനന്ദ് നീലകണ്ഠന്റെതായി പുറത്തുവന്ന  ബാഹുബലി:ശിവകാമിയുടെ ഉദയം എന്ന പുസ്തകത്തെ പോലെ ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവലിന്റെ ആദ്യഭാഗങ്ങളും പിറകെ വരുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് . ഇപ്പോഴത്തെ മുഖ്യ കഥാപാത്രങ്ങളുടെ ഭൂതകാലം,അവർ ഇന്നത്തെ അവസ്ഥയിൽ എങ്ങനെ എത്തപ്പെട്ടു എന്നൊക്കെയാകും ആ ഭാഗങ്ങളിൽ ഉണ്ടാകുക എന്നനുമാനിക്കാം . അത്തരമൊരു സംഭവും മലയാളത്തിൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു. 

എഴുത്തു ഭാഷയിലെ പ്രത്യേകത തന്നെയാണ് പുസ്തകത്തിന്റെ എടുത്തുപറയേണ്ട മറ്റൊരു കാര്യം. സാമൂഹിക വിഷയങ്ങളെ ബന്ധപ്പെടുത്തി കഥപറഞ്ഞു പോകുന്ന ഒരു ശൈലിയും ചിലയിടത്ത് കാണാം. കുഞ്ഞുങ്ങളിൽ രതി കാണുന്ന നാച്ചിയപ്പന്റെ കഥ തന്നെ ഒരു ഉദാഹരണം. എഴുത്തുകാരന്റെ  ആദ്യ പുസ്തകമാണെന്ന് തോന്നിപ്പിക്കുന്നതരത്തിൽ ഉയർത്തി കാട്ടാവുന്ന  ന്യൂനതകളൊന്നും  ഈ പുസ്തകത്തിൽ കാണാൻ സാധിക്കില്ല . മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

ഒരു പ്രദേശത്തിന്റെ ചരിത്രം പറയുന്ന ബാഗ്ദാദ് ക്ലോക്ക്

 


അറബി ഫിക്ഷനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിനായി  ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതാ എഴുത്തുകാരിയായി  ചരിത്രം കുറിച്ച വ്യക്തിയാണ് ഷഹാദ് അൽ റാവി. അവരുടെ ആദ്യത്തെ നോവലായ ബാഗ്ദാദ് ക്ലോക്ക്   എഡിൻ‌ബർഗ് ബുക്ക് ഫെസ്റ്റിവലിൽ പുരസ്‌കാരം നേടുകയുമുണ്ടായി. 

മാതൃഭൂമിയുടെ തിരുവനന്തപുരത്തു  നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലായ  MBIFL ലിൽ എഴുത്തുകാരിയായ ഷഹാദ് അൽ റാവി പങ്കെടുക്കുക്കയും, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇടയ്ക്കിടെ അവരുമായുള്ള അഭിമുഖങ്ങൾ പ്രത്യക്ഷപ്പെടാറുള്ളതുകൊണ്ടും മലയാളികൾക്ക് അവർ ഒട്ടും അപരിചിതയല്ല. 

തൊണ്ണൂറുകളുടെ തുടക്കത്തിലെ ഗൾഫ് യുദ്ധസമയമാണ് നോവൽ പശ്ചാത്തലം. എങ്കിൽ കൂടിയും പ്രമേയപരമായി യുദ്ധകേന്ദ്രീകൃതമായ ഒരു വിഷയമൊന്നുമല്ല നോവൽ കൈകാര്യം ചെയ്യുന്നത്. യുദ്ധം തുടങ്ങുന്നതിനു മുൻപുള്ള ഉപരോധവും ,അസ്വസ്ഥമായ സമാധാനവും പിന്നീട് യുദ്ധം സൃഷ്‌ടിച്ച ആഘാതങ്ങളുമൊക്കെയാണ്  നോവലിൽ കടന്നു വരുന്നത്.
 
യുദ്ധത്തിന്റെ തുടക്കത്തിൽ ബാഗ്ദാദ് പരിസരത്തിലുള്ള ഒരു അഭയകേന്ദ്രത്തിലേക്കു വായനക്കാരെ കൊണ്ടുപോകുകയാണ് നോവലിലെ പേരില്ലാത്ത ആഖ്യാതാവ്. അവിടെ വച്ച് കണ്ടുമുട്ടുകയും സുഹൃത്തുക്കളാകുകയും ചെയ്യുന്ന നാദിയ എന്ന പെൺകുട്ടിയും അവരുടെ സൗഹൃദങ്ങളിലൂടെയുമൊക്കെയാണ് നോവൽ വളർന്നു തിടം വയ്ക്കുന്നത്. 

സ്കൂളിൽ അവർ ഒരുമിച്ചാണിരിക്കുന്നത് . അവർ പരസ്പരം സ്വപ്നങ്ങളും, അഭിലാഷങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുന്നു. അവരുടെ സൗഹൃദങ്ങൾക്കിടയിൾ മറ്റു ചിലരും എത്തിച്ചേരുന്നു . പ്രണയവും പ്രണയനാന്തര ജീവിതവുമൊക്കെ വളരെ സ്വാഭാവികമായി തന്നെ നോവലിൽ കടന്നു വരുന്നു . അവരുടെ വീടിനടുത്തുള്ള ഓരോ കുടുംബവും  തങ്ങളുടെ സുരക്ഷയും ,ജീവിതവും അന്വേഷിച്ചു കടന്നു പോകുന്നത് നിരാശയോടെ നെടുവീർപ്പോടെ നോക്കി നിൽക്കേണ്ടി വരുന്നുണ്ട് ആഖ്യാതാവിന്.
 
ഉത്തമസുഹൃത്തായി മാറിയ നാദിയയുടെ കഥകൾ പറയുക മാത്രമല്ല, സ്വന്തം അനുഭവങ്ങളിലൂടെ അവരുടെ  സമീപസ്ഥലികളെകുറിച്ചും  ആഖ്യാതാവ്  വാചാലയാകുന്നുണ്ട് . കഥ പറച്ചിൽ പുരോഗമിക്കുമ്പോൾ തന്നെ  കഥാപരിസരം പതിയെ ചുറ്റുമുള്ള അയൽ പ്രദേശങ്ങളിലേക്കും,നിരവധി വ്യക്തികളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ടവർ. 
ദിവസങ്ങൾ പോകെ പോകെ ഭക്ഷണം ദുർലഭമായിത്തീരുകയും,വീടുകളിലെ പല വസ്തുക്കളും വിൽക്കേണ്ടിവരുന്ന ഒരു അവസ്ഥയിലേക്കെത്തിച്ചേരുകയും ചെയ്യുന്നു. രാജ്യത്തിൽ സാമ്പത്തിക അരാജകത്വം പിടിമുറുക്കുന്നു. പൊതുവേയുള്ള ദാരിദ്ര്യത്തിനും പുറമെ യുദ്ധം സൃഷ്‌ടിച്ച  ആശങ്ക, യഥാർത്ഥ ശത്രു ആരാണെന്നും, എവിടെ നിന്നുമാണവർ വരുന്നതെന്നും അറിയാത്ത ഒരു മാനസികാവസ്ഥ ഇതെല്ലാം അവർക്കു മുന്നിലുള്ള വെല്ലുവിളികളാകുകയായിരുന്നു .അത്തരമൊരു സമയത്താണ് ഭൂതകാലത്തിന്റെയും, വർത്തമാനകാലത്തിന്റെയും, ഭാവിയിലേക്കുള്ള അവസരത്തിന്റെയും പ്രതീകമായി കരുതപ്പെടുന്ന  ബാഗ്ദാദ് ക്ലോക്ക് നശിപ്പിക്കപ്പെടുന്നത് .

നോവലിന്റെ ഒരറ്റെത്തുമ്പോൾ   പുതിയ ഇറാഖ് യുദ്ധങ്ങളിലേക്കും ,പ്രക്ഷുബ്ദതയിലേക്കും കഥാഗതി നിരങ്ങി  നീങ്ങുന്നുമുണ്ട്. എങ്കിൽ തന്നെയും നേരത്തെ സൂചിപ്പിച്ചപോലെ യുദ്ധം  നേരിട്ടു  കടന്നുവരുന്നൊന്നുമില്ല. യുദ്ധം വന്നതുകൊണ്ടുണ്ടായ ആഘാതങ്ങളും ,പാലയാനങ്ങളും  കുട്ടിക്കാലം മുതൽ കഥ പറച്ചിലുകാരി അനുഭവിച്ചുപോന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ്  നോവലിന്റെ ആദ്യഭാഗങ്ങളിലേറെയും  നമുക്ക്  കാണാനാവുക.


ആഖ്യാതാവ് എന്ന നിലയിൽ സ്വപ്നങ്ങളിലേക്കും പിന്നീട് യാഥാർത്ഥ്യത്തിലേക്കും ഈ നോവൽ വായനക്കാരെ പിടിച്ചു നടത്തുന്നുണ്ട് .മാർകേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന നോവൽ എഴുത്തുകാരിയെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു. സ്വപ്നങ്ങളിലൂടെ നിരവധി അദ്ധ്യായങ്ങൾ കടന്നു പോകുന്നുണ്ട് . എഴുത്തുകാരി തന്റെ നോവലിൽ മാജിക്കൽ റിയലിസം കൊണ്ടുവരാൻ ചെറിയൊരു  ശ്രമം  കൂടി നടത്തിയിട്ടുണ്ടെന്നു വേണം പറയാൻ. 

മദ്ധ്യവർഗ്ഗത്തിൽപ്പെട്ടവർ ഭരണകൂടത്തിന്റെ മക്കളാണ്, ദരിദ്രർ രാജ്യത്തിന്റെയും.യുദ്ധത്തേക്കാൾ വൃത്തികേട്ടതായി മറ്റെന്തെങ്കിലുമുണ്ടോ എന്ന് എഴുത്തുകാരി നമ്മോടു ചോദിക്കുന്നു.പട്ടിണിക്കിടുകയും ,അതിനുശേഷമവർക്കുമേൽ ബോംബു വർഷിക്കുകയും ചെയ്യുമ്പോൾ സംസ്കാരമെന്നതുകൊണ്ടു 
എന്താണര്‍ത്ഥമാക്കുന്നത്?പരസ്പരണനശീകരണത്തിനുള്ള ഏറ്റവും നീചമായ മാർഗ്ഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുമ്പോൾ മാനവികതയുടെ പുരോഗതിയെന്നാൽ എന്താണ്? നോവൽ അവസാനിക്കുമ്പോൾ ഉത്തരം നല്കാൻ ബുദ്ധിമുട്ടുള്ള ഈ ചോദ്യങ്ങൾ തന്നെയാകും നമ്മളിലവശേഷിപ്പിക്കുക. 

പുസ്തകത്തിന്റെ ഒടുവിൽ  പറഞ്ഞിരിക്കുന്നതുപോലെ  ബാഗ്ദാദ് ക്ലോക്ക് ഒരു പ്രദേശത്തിന്റെ ചരിത്രരേഖതന്നെയാണ് പറയുന്നത് .
അറബിയിൽ എഴുതപ്പെട്ട ഈ നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ലൂക്ക് ലീഫ്ഗ്രെനാണ്. 

അനിതാ നായരുടെ കൃഷ്ണ Chain of Custody ,ഭുവന ,ചാർലി ചാപ്ലിന്റെ ആത്മകഥ,ഷൂസെ സരമാഗോയുടെ കുരുന്നോർമകൾ തുടങ്ങിയവ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയ സ്മിതാ മീനാക്ഷിയാണ് ബാഗ്ദാദ് ക്ലോക്കും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമിയാണ് പ്രസാധനം, വില 330 രൂപ. 

അനന്തരം കൗരവപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു നോവൽ

 

മഹാഭാരതമെന്ന സമുദ്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതിലെ കഥാപാത്രങ്ങൾക്ക് മേന്മയുള്ളതെന്നും, അതില്ലാത്തതെന്നുമൊക്കെയുള്ള തരംതിരിവുകളും ചർച്ചകളും  പലപ്പോഴും കാണാറുമുണ്ട് . ഓരോ കഥാപാത്രവും കെട്ടിയാടേണ്ട വേഷങ്ങൾ സമയാസമയത്ത് അരങ്ങത്തു കൊണ്ടുവരാൻ വ്യാസൻ കാണിച്ച അതിബുദ്ധിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. അവിടെ സംഭവിക്കുന്ന ഓരോരോ സംഭവങ്ങൾക്കും ന്യായാന്യായ വിശകലനങ്ങൾക്കുള്ള സാധ്യതകൾ കൂടി തുറന്നിട്ടുകൊണ്ടാണ് ജയം എന്നറിയപ്പെടുന്ന മഹാഭാരതത്തിന്റെ സൃഷ്ടികർമ്മം വ്യാസൻ നടത്തിയിരിക്കുന്നത്. ഓരോ തവണ വായിക്കുമ്പോഴും പുതുചിന്തകളും, വ്യാഖ്യാനങ്ങളുമുണ്ടാകുന്നത് അതുകൊണ്ടാണ്. 


മഹാഭാരതത്തിലെ അനേകമായിരം കഥാപാത്രങ്ങളിൽ നിന്നും അതിലെ സംഭവകഥകളെ നോക്കിക്കാണുക വളരെ കൗതുകകരമായ സംഗതിയാണ്. അങ്ങനെയുള്ള ഒരു വീക്ഷണ കോണിലൂടെ അതിലെ ഒരു സംഭവ പരമ്പര നമുക്ക് മുന്നിലേക്കെത്തിച്ചിരിക്കുകയാണ് അനന്തരം എന്ന നോവലിലൂടെ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ. കുരുവംശ രാജാവായ ധൃതരാഷ്ട്രരരുടെ ചിന്തകളിലൂടെ,ആകുലതകളിലൂടെ,നിസ്സഹായവസ്ഥയിലൂടെയാണ് നോവൽ കടന്നു പോകുന്നത്. 

പതിനെട്ടു ദിവസം നീണ്ടു നിന്ന അതിഘോരമായ യുദ്ധം കഴിഞ്ഞു. പുറമെ എല്ലാം ശാന്തമായി. എന്നാൽ യുദ്ധാനന്തരം കുരുവംശരാജാവിന്റെ മനസ്സിൽ എന്തൊക്കെയായിരിക്കണം കടന്നു പോയിട്ടുണ്ടാകുക. വ്യാസന്റെ അനുഗ്രഹത്താൽ ജനിച്ച  മക്കളിൽ ,പെണ്ണായിപ്പറന്നതുകൊണ്ടു മാത്രം ജീവനോടെയിരുന്ന ദുശ്ശള മാത്രം അവശേഷിച്ചു. പക്ഷെ തനറെ സഹോദരന്മാരുടെ വിധവയാക്കപ്പെട്ട ഭാര്യമാരുടെ കൂടെ അവളും വിധവവേഷം കെട്ടിയാടുകയാണ്. ധൃതരാഷ്ട്രർക്ക് മക്കളിൽ ഒരാളെയെങ്കിലും കിട്ടി,പക്ഷെ മറുവശത്തു പാണ്ഡവപുത്രരിൽ ആരും തന്നെ അവശേഷിപ്പിച്ചിട്ടില്ല.യുദ്ധാനന്തരം ധർമ പുത്രർ രാജ്യഭരണമേറ്റു. സദ്ഭരണം തന്നെയാണ് നടക്കുന്നത്. എവിടേയും സമൃദ്ധിയും, സമാധാനവും തിരികെ വന്നുകൊണ്ടിരിക്കുന്നു. ധൃതരാഷ്ട്രരും , ഗാന്ധാരിയും ഹസ്തിനപുരം കൊട്ടാരത്തിൽ തന്നെയാണ്. അവരുടെ സംരക്ഷണച്ചുമലത ഇപ്പോഴത്തെ രാജാവിനു തന്നെയാണ്. ആർക്കും ഒരു പരാതിയും ഇല്ലാതെ തന്നെയാണ് രാജാവ് അതെല്ലാം നോക്കി നടത്തുന്നത്. 

എല്ലാവരാലും ഒറ്റപ്പെട്ട് ,മക്കൾ നഷ്ടപ്പെട്ട ദുഖത്തിലും ആകുലതകളിലും കഴിയുന്ന ധൃതരാഷ്ട്രരുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളാണ് നോവലിലുടനീളം. ജീവിക്കാൻ ഇനിയൊരു കാരണം കണ്ടെത്തേണ്ട അയാളുടെ മനസ്സിൽ കഴിഞ്ഞ സംഭവങ്ങളെല്ലാം കടന്നു വരികയാണ്. താൻ കാരണമാണോ ഈ യുദ്ധമുണ്ടായതെന്നു അയാൾ ചിന്തിക്കുന്നു. യുദ്ധം ഒഴിവാക്കാൻ തനിക്കു കഴിയുമായിരുന്നില്ല?അമിത പുത്ര സ്നേഹത്താൽ താൻ എല്ലാത്തിനും അനുവാദം കൊടുക്കയായിരുന്നോ എന്നൊക്കെ അയാൾ ചിന്തിച്ചു കൂട്ടുന്നു. ധൃതരാഷ്ട്രരുടെ  മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ കുരുക്കഴിക്കുയാണ് ഈ നോവലിൽ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്.

 അന്ധതയാൽ മൂടപ്പെട്ട തനിക്ക് മറ്റുള്ളവരുടെ വാക്കുകളെ വിശ്വസിക്കേണ്ടിവന്നതിന്റെ പിഴയാണിതെല്ലാം എന്നയാൾ വിശ്വസിക്കുന്നു. പ്രിയമക്കളുടെ അപഥസഞ്ചാരങ്ങളെ മനസ്സിലാക്കാനോ , അവരെ തിരുത്തുവാനോ അയാൾക്ക്‌ കഴിഞ്ഞില്ല.

 ഈ നോവലിൽ  എതിർപക്ഷത്തു വിചാരണ ചെയ്യപ്പെടുന്നത് എം ടിയുടെ രണ്ടാമൂഴത്തിൽ ധർമവിചാരങ്ങളിൽ നയിക്കപ്പെട്ട  സാക്ഷാൽ ഭീമൻ തന്നെയാണ്. യുദ്ധത്തിൽ നൂറുപേരെയും വധിച്ചത് ഭീമനാണല്ലോ. യുയുൽസു പാണ്ഡവ പക്ഷത്തായിരുന്നതിനാൽ മാത്രം അയാൾ വധിക്കപ്പെട്ടില്ല. യുദ്ധം കഴിഞ്ഞിട്ടും ഭീമന്റെ കോപം ശമിക്കുന്നില്ല. ഹസ്തിനപുരം കൊട്ടാരത്തിൽ വിശ്രമിക്കുന്ന തനറെ വല്യച്ചന്റ്റെ അടുത്തേക്ക് അയാൾ നടന്നടുക്കും. കോപവാക്കുകൾ കൊണ്ട് അവരെ വീണ്ടു കീറിമുറിക്കും. ദുര്യോധനനെയും, ദുശ്ശാസനനെയും താൻ കൊന്നതെങ്ങനെന്നു വീണ്ടും വീണ്ടും വിവരിക്കും. ധൃതരാഷ്ട്രരും, ഗാന്ധാരിയും നെടുവീർപ്പുകളോടെ എല്ലാം കേട്ടിരിക്കും. ഭീമൻ പറഞ്ഞത് സത്യമാണെന്നു അംഗീകരിച്ചുകൊണ്ട് തന്നെ അവരിരിക്കും.  യുയുൽസു മാത്രമാണ് ഭീമനെ വിചാരണ ചെയ്യാൻ ധൈര്യം കാണിക്കുന്നുള്ളൂ. 

കൗരവർ ഭീമൻ വിഷം നൽകി ഗംഗയിലെറിഞ്ഞതിനും, അരക്കില്ലത്തിൽ പാണ്ഡവരെ ചുട്ടുകൊല്ലാൻ നോക്കിയതിനും,ദ്രൗപദിയുടെ വസ്ത്രാക്ഷേപ സമയത്തെ മൗനത്തിനും, ചൂതുകളിക്കായി പാണ്ഡവരെ ക്ഷണിക്കാൻ പറഞ്ഞതിനും, വിദുരർ പറഞ്ഞിട്ടും പ്രിയ പുത്രൻ ദുര്യോധനനെ ഒഴിവാക്കാതെ യുദ്ധം തുടർന്നതിനും ,ഭീമനെ ഞെക്കി കൊല്ലാൻ ശ്രമിച്ചെന്ന് പറയുന്ന ധൃതരാഷ്‌ട്രാലിംഗനത്തിനും ധൃതരാഷ്ട്രർക്ക് അയാളുടേതായ യുക്തിയും , ന്യായവുമുണ്ട്. അതൊക്കെയാണ് ഈ  നോവലിൽ അയാളുടെ ചിന്തകളിലൂടെ നമുക്ക്  മൂന്നിലെത്തുന്നത്.
 
മനോഹരമായി തന്നെ മഹാഭാരതത്തിലെ മുഹൂർത്തങ്ങൾ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ ഈ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട്. ആഖ്യാനശൈലികൊണ്ടും , പ്രമേയം കൊണ്ടും വളരെ നിലവാരം പുലർത്തുന്ന ഒരു നോവൽ തന്നെയാണിത്. ഗ്രീൻ ബുക്ക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്, വില 110   രൂപ