
1978 കാലഘട്ടത്തിലെ ഒരു കഥയാണ് അവതാരപുരുഷൻ എന്ന നോവലിൽ പറയുന്നത്. അപ്രത്യക്ഷമായി എന്ന് പറയപ്പെടുന്ന തന്റെ ഭാര്യയിൽ നിന്നും തനിക്ക് വിവാഹമോചനം വേണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കുറ്റാന്വേഷണസംഘത്തെ സമീപിക്കുന്ന സ്വാമിനാഥനിലൂടെയാണ് കഥ ആരംഭിക്കുന്നത്. തന്റെ ഭാര്യ പ്രതിമ എങ്ങോട്ടു പോയെന്നു അയാൾക്ക് ഒരുപിടിയുമില്ല. പരപുരുഷ ബന്ധമാണ് സ്വാമിനാഥൻ അവളിൽ ആരോപിക്കുന്നത്.എന്നാൽ അവരെ പൂർണ്ണമായി തള്ളിക്കളയാൻ അയാൾക്ക് കഴിയുന്നുമില്ല. തന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന തരുണ എന്ന സ്ത്രീയെ വിവാഹം കഴിക്കാൻ സ്വാമിനാഥന് തന്റെ ഭാര്യയിൽ നിന്നും വിവാഹമോചനം നേടേണ്ടതുണ്ട്. അവരെ അന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുകയാണ് ഗണേഷും വസന്തും. . അത്യന്തം നാടകീയമായ സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.അതിചടുലമായി തന്നെ കഥ പറയുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്.സാഹസികത നിറഞ്ഞ തന്ങ്ങളുടെ നീക്കങ്ങളിലൂടെ പ്രതിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് തെളിയിക്കുകയാണ് ഗണേഷും വസന്തും.
വെട്ടിമാറ്റിയ അക്ഷരങ്ങൾ എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങൾ ശൈലജയും പ്രഭാകറുമാണ്. ആഗ്രഹിച്ചതൊക്കെ നേടിയ വ്യക്തിയാണ് പ്രഭാകർ.ജോലിയിലും,നിത്യ ജീവിതത്തിലും അയാൾ വിജയിയായ ഒരു മനുഷ്യനാണ്. പക്ഷെ എട്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ അയാൾക്ക് ഒരു കുഞ്ഞു പിറന്നിട്ടില്ല എന്നൊരു ചെറിയൊരു ദുഃഖം അയാളെ വേട്ടയാടിക്കൊണ്ടിരിന്നു. ശൈലജയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഗണേഷും വസന്തും രംഗത്തെത്തുന്നത്. ശൈലജക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് പ്രഭാകറിന് സംശയമുണ്ട്. അതുകൊണ്ടയാൾ ബിസിനെസ്സ് ആവശ്യത്തിനായി യാത്ര തിരിക്കുന്നതിന് മുന്നേ തന്റെ ഭാര്യയെ നിരീക്ഷിക്കാൻ ഒരാളെ ഏർപ്പാടാക്കുകയാണ് . ഒന്ന് രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു വരുന്നതു വരെ തന്റെ ഭാര്യ എവിടെയൊക്കെ പോകുന്നു ആരെയൊക്കെ കാണുന്നു എന്നൊക്കെ കണ്ടുപിടിക്കാൻ അയാൾക്ക് കഴിഞ്ഞേക്കും എന്ന് പ്രഭാകരക്കുറപ്പായിരുന്നു. പക്ഷെ ഭാര്യയുടെ മരണ വാർത്തയാണ് പിന്നീടയാളെ കാത്തിരുന്നത്. ഇതിലെ കുറ്റാന്വേഷണത്തിനു വഴിത്തിരിവാകുന്ന സമാനമായ ഒരു സംഭവം ഫോറൻസിക് ഫയൽസ് എന്ന സീരീസിൽ കണ്ടിട്ടുണ്ട്. സാധാരണ കണ്ടു വരുന്നപോലെ കഥയുടെ അവസാന ഭാഗത്തുമാത്രം കുറ്റകൃത്യത്തിനു പിന്നിലുള്ള ആളെ വെളിച്ചത്തു കൊണ്ട് വരുന്നതിനു പകരം ഈ കഥയിൽ ഒരു ഭാഗത്തു വച്ച് കുറ്റവാളിയെ നമുക്ക് മുന്നിലേക്ക് ഇട്ടു തരികയാണ് എഴുത്തുകാരൻ ചെയ്തിട്ടുള്ളത്. കുറ്റവാളിയെ ആദ്യമേ നമുക്ക് വെളിപ്പെടുത്തുകയും എന്നാൽ കേസ് ആത്മഹത്യയിലേക്കും എഴുതിത്തള്ളുന്ന ഈ സംഭവത്തിന്റെ പിറകിലുള്ള സത്യം അത്യതം ബുദ്ധിപരമായ നീക്കങ്ങളിലൂടെ പുറത്തുകൊണ്ടുവരികയാണ് ഗണേഷും വസന്തും.
ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ഡോ രാധാകൃഷ്ണൻ പാട്യമാണ്. വില 170 രൂപ
