ലോകമെമ്പാടുമുള്ള ശീതള പാനീയ വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബ്രാൻഡ് ആണല്ലോ ഫാൻ്റ. ഓറഞ്ച്, സ്ട്രോബെറി, മുന്തിരി തുടങ്ങി വിവിധ രുചികളിൽ ലഭ്യമായ ഈ പാനീയം ഇന്ന് ആഗോളതലത്തിൽ പ്രിയങ്കരമാണ്. എന്നാൽ ഫാൻ്റയുടെ ചരിത്രം നോക്കുകയാണെങ്കിൽ , അത് രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കെടുതികളിലും, നാസി ഭരണകൂടത്തിൻ്റെ രാഷ്ട്രീയ സാഹചര്യങ്ങളിലും രൂപം കൊണ്ട ഒരു ഉല്പന്നമാണെന്ന യാഥാർഥ്യത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക . കൊക്കക്കോളയുടെ നിസ്സഹായതയിൽ നിന്ന് ഉടലെടുത്ത ഫാൻ്റയുടെ നാസി വേരുകൾ ഒരു ശീതള പാനീയത്തിൻ്റെ സാധാരണ ചരിത്രത്തിനപ്പുറം രാഷ്ട്രീയവും വിവാദവും നിറഞ്ഞ ഒരധ്യായം കൂടി തുറന്നു തരുന്നുണ്ട്.
ജർമ്മൻ വിപണിയിലേക്ക് 1920-കളിലാണ് കൊക്കക്കോള പ്രവേശിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അവിടെ അത് ജനപ്രീതി നേടി . അമേരിക്ക കഴിഞ്ഞാൽ കൊക്കക്കോളയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി ജർമ്മനി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. 1939-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു . അമേരിക്കയും ജർമ്മനിയും ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടു. വ്യാപാര ബന്ധങ്ങൾ പൂർണ്ണമായി തകർന്നു. കൊക്കക്കോളയുടെ പ്രധാന ചേരുവകൾ അമേരിക്കയിൽ നിന്നാണ് ജർമ്മനിയിലേക്ക് എത്തിയിരുന്നത്. ഇത് നിലച്ചതോടെ ജർമ്മനിയിലെ കൊക്കക്കോള ഫാക്ടറി അടച്ചുപൂട്ടലിൻ്റെ വക്കിലെത്തി.ഈ നിർണ്ണായക ഘട്ടത്തിലാണ് മാക്സ് കീത്ത് എന്ന ജർമ്മനിയിലെ കൊക്കക്കോള തലവൻ തൻ്റേതായ ഒരു വഴി കണ്ടെത്തുന്നത്. കൊക്കക്കോളയുടെ ലഭ്യത ഇല്ലാതായപ്പോൾ, ജർമ്മനിയിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഒരു പകരക്കാരനെ സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഒരു ജർമ്മൻ വ്യവസായി ആയിരുന്നു മാക്സ് കീത്ത് . 1930-കളിൽ ആണ് അദ്ദേഹം കൊക്കക്കോള ജർമ്മനിയിൽ ചേരുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം കമ്പനിയുടെ തലപ്പത്തേക്ക് ഉയർന്നു. സമർത്ഥനായ ഒരു ബിസിനസ്സുകാരൻ എന്ന നിലയിൽ അദ്ദേഹം കൊക്കക്കോളയെ ജർമ്മൻ വിപണിയിൽ വളർത്താൻ വലിയ പങ്കുവഹിച്ചു. രണ്ടാം ലോകമഹായുദ്ധം അദ്ദേഹത്തിൻ്റെ കരിയറിലും കൊക്കക്കോള ജർമ്മനിയുടെ ഭാവിയിലും വലിയ മാറ്റങ്ങൾ വരുത്തി. യുദ്ധകാലത്ത് കൊക്കക്കോള ജർമ്മനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായപ്പോൾ, ഫാക്ടറി അടക്കുന്നതിന് പകരം, ജർമ്മനിയിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് ഒരു പുതിയ പാനീയം ഉണ്ടാക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതൊരു സാഹസികമായ തീരുമാനമായിരുന്നു, പക്ഷെ അത്യാവശ്യവുമായിരുന്നു. കാരണം, നാസി ഭരണകൂടം സ്വയംപര്യാപ്തതയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്നു. ഇറക്കുമതി കുറയ്ക്കാനും, ജർമ്മൻ ഉത്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകാനും അവർ ശ്രമിച്ചിരുന്നു . ഈ രാഷ്ട്രീയ സാഹചര്യമാണ് മാക്സ് കീത്തിനെ പുതിയ പാനീയം കണ്ടുപിടിക്കാൻ പ്രേരിപ്പിച്ചത് .

1940-ൽ ഫാൻ്റ എന്ന പുതിയ ശീതള പാനീയം ജർമ്മൻ കമ്പോളത്തിൽ അവതരിപ്പിക്കപ്പെട്ടു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ‘ഫാൻ്റാസ്റ്റിക്’ എന്ന ജർമ്മൻ വാക്കാണ് ഈ പാനീയത്തിന് നൽകിയത്. ലഭ്യമായ പഴങ്ങളും, ആപ്പിൾ സിഡെർ, ചീസ് ഉണ്ടാക്കുമ്പോൾ ബാക്കിയാവുന്ന ‘വേ’ (whey) തുടങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് ഫാൻ്റയുടെ ആദ്യ രൂപം നിർമ്മിച്ചത്. അങ്ങിനെ മാക്സ് കീത്തിൻ്റെ നേതൃത്വത്തിലാണ് ഫാൻ്റയുടെ ആദ്യ രൂപം സൃഷ്ടിക്കപ്പെടുന്നത്. അദ്ദേഹം തൻ്റെ രസതന്ത്രജ്ഞരെയും, ഫാക്ടറി ജീവനക്കാരെയും വിളിച്ചു കൂട്ടി പുതിയ പാനീയത്തെക്കുറിച്ചുള്ള ആശയം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സെയിൽസ്മാൻ ആയിരുന്ന ജോസഫ് “ജോ” നിബ്ബർഗ് ആണ് “ഫാൻ്റ” എന്ന പേര് നിർദ്ദേശിച്ചത്. കുറഞ്ഞ കാലം കൊണ്ട് തന്നെ അവർ ഫാൻ്റയുടെ ആദ്യ രൂപം വികസിപ്പിച്ചു. ആദ്യകാല ഫാൻ്റക്ക് ഒരേ രുചിയോ നിറമോ ഉണ്ടായിരുന്നില്ല. പഴങ്ങളുടെ ലഭ്യത അനുസരിച്ച് പല രുചികളിലും നിറങ്ങളിലുമുള്ള ഫാൻ്റകൾ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. യുദ്ധകാലത്ത് ഇറക്കുമതികൾ നിലച്ചതും, മറ്റ് ശീതള പാനീയങ്ങൾ ലഭ്യമല്ലാതായതും ഫാൻ്റയ്ക്ക് വളരെ പെട്ടെന്ന് ജനപ്രീതി നേടിക്കൊടുത്തു. നാസി ഭരണകൂടവും തങ്ങളുടെ പ്രചാരണങ്ങളിൽ ഫാൻ്റയെ പരോക്ഷമായി പ്രോത്സാഹിപ്പിച്ചു എന്നും പറയപ്പെടുന്നു. “ജർമ്മൻ ഉത്പന്നം, ജർമ്മൻ ജനതയ്ക്ക്” എന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ ഫാൻ്റയും ഉൾപ്പെട്ടു. ജർമ്മൻ ജനതയുടെ താൽക്കാലിക ആശ്വാസമായി ഫാൻ്റ മാറി. ഫാൻ്റയുടെ ആദ്യകാല ചേരുവകളിൽ ‘വേ’ (Whey) ഉപയോഗിച്ചിരുന്നത് അന്നത്തെ സാഹചര്യങ്ങളുടെ സമ്മർദ്ദം എത്രത്തോളമുണ്ടായിരുന്നു എന്ന് കാണിക്കുന്നു.നാസി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഫാക്ടറിയെ മുന്നോട്ട് നയിച്ചു. അദ്ദേഹത്തിൻ്റെ ഈ നീക്കം ഒരു തരത്തിൽ നാസി ഭരണകൂടത്തിന് സഹായകരമായി. കാരണം, യുദ്ധകാലത്ത് ജർമ്മൻ ജനതയ്ക്ക് ഒരു തദ്ദേശീയ ശീതള പാനീയം നൽകാൻ ഫാൻ്റയുടെ ഉത്പാദനത്തിലൂടെ സാധിച്ചു. എന്നിരുന്നാലും കൊക്കക്കോളയുടെ രഹസ്യ ഫോർമുല ജർമ്മൻകാരുടെ കയ്യിൽ എത്താതെ സൂക്ഷിക്കുന്നതിൽ മാക്സ് കീത്ത് വലിയ പങ്കുവഹിച്ചു എന്നത് ശ്രദ്ധേയമാണ്.
ഒരു വശത്ത്, യുദ്ധത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും സമ്മർദ്ദങ്ങളിൽ ഒരു പാനീയം എങ്ങനെ രൂപം കൊണ്ടു എന്ന കൗതുകകരമായ വസ്തുത നിലനിൽക്കെ തന്നെ മറുവശത്ത്, നാസി ഭരണകൂടത്തിൻ്റെ തണലിൽ വളർന്നു വന്ന ഈ പാനീയത്തിൻ്റെ വിജയം, ചരിത്രപരമായ ചില ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.മാക്സ് കീത്ത് നാസി പാർട്ടിയിൽ അംഗമായിരുന്നോ എന്നതിന് കൃത്യമായ രേഖകൾ ലഭ്യമല്ല. എന്നാൽ അദ്ദേഹം നാസി ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിച്ചു എന്നത് ഒരു വസ്തുതയാണ്. കൊക്കക്കോളയുടെ അമേരിക്കൻ ആസ്ഥാനം അദ്ദേഹത്തിന്റെ ഈ നീക്കങ്ങളെക്കുറിച്ച് അറിഞ്ഞെങ്കിലും, യുദ്ധകാലത്ത് അവർക്ക് ഇതിൽ ഇടപെടാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം . യുദ്ധശേഷം കൊക്കക്കോള കമ്പനി ഫാൻ്റയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോൾ, മാക്സ് കീത്തിനെ അവർ കൂടുതൽ പ്രോത്സാഹിപ്പിച്ചില്ല. അദ്ദേഹത്തിൻ്റെ യുദ്ധകാലത്തെ പ്രവർത്തനങ്ങൾ വിവാദമായേക്കാം എന്ന് ഒരുപക്ഷേ കമ്പനി ഭയന്നിരിക്കാം. മാക്സ് കീത്തിനെതിരെയുള്ള പ്രധാന വിമർശനം, അദ്ദേഹം നാസി ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിച്ചു എന്നുള്ളതും അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഒരു പാനീയം എന്ന നിലയിൽ ഫാൻ്റയെ ഉപയോഗിക്കാൻ അനുവദിച്ചു എന്നുള്ളതുമാണ് . ചില ചരിത്രകാരന്മാർ ഇതിനെ ഒരു കച്ചവട തന്ത്രമായി കാണുമ്പോൾ, മറ്റുചിലർ ധാർമ്മികമായ വീഴ്ചയായി വിലയിരുത്തുന്നുമുണ്ട്.
യുദ്ധാനന്തരം, കൊക്കക്കോള കമ്പനി ജർമ്മനിയിലെ ഫാക്ടറിയും ഫാൻ്റയുടെ ഉടമസ്ഥാവകാശവും തിരികെ വാങ്ങി. പിന്നീട്, ഫാൻ്റയെ ഒരു ആഗോള ബ്രാൻഡായി അവർ വളർത്തി. 1950-കളിൽ ഫാൻ്റ ഓറഞ്ച് എന്ന പുതിയ രുചി വികസിപ്പിച്ചെടുത്തതോടെ ഫാൻ്റയുടെ പ്രചാരം വീണ്ടും വർധിച്ചു. ഇന്ന് 170-ൽ അധികം രാജ്യങ്ങളിൽ, അവിടുത്തെ ഇഷ്ട്ടങ്ങൾക്കനുസരിച്ച് വിവിധ രുചിയിലും നിറത്തിലുമുള്ള ഫാൻ്റ പാനീയങ്ങൾ ലഭ്യമാണ്. പക്ഷെ ഫാൻ്റയുടെ ഈ വളർച്ചയ്ക്കിടയിലും, അതിൻ്റെ ആദ്യകാല നാസി ബന്ധം പൂർണ്ണമായി തുടച്ചു മാറ്റാൻ കഴിയില്ല എന്നുള്ളത് വാസ്തവമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മാക്സ് കീത്ത് കൊക്കക്കോളയിൽ തന്നെ തുടർന്നു ജോലി ചെയ്തു. പക്ഷെ അദ്ദേഹത്തിന് ആ പഴയ പ്രതാപമൊന്നും ഉണ്ടായിരുന്നില്ല. ഫാൻ്റയുടെ വിജയത്തിന് ശേഷവും, കൊക്കക്കോളയുടെ ആസ്ഥാനം അദ്ദേഹത്തെ മുൻപോട്ട് കൊണ്ടുവരാനും ശ്രമിച്ചില്ല. പിന്നീട് അദ്ദേഹം കൊക്കക്കോളയിൽ നിന്ന് വിരമിച്ചു. . യുദ്ധവും രാഷ്ട്രീയവും കച്ചവടവും കൂടിക്കുഴഞ്ഞ ഒരു സങ്കീർണ്ണമായ ചരിത്രമാണ് മാക്സ് കീത്തിന്റേത് എന്ന് കാണാം . മാക്സ് കീത്ത് എന്ന വ്യക്തിയും അദ്ദേഹത്തിൻ്റെ തീരുമാനങ്ങളുമാണ് ഫാൻ്റയുടെ ചരിത്രത്തെ മാറ്റിമറിച്ചത് എന്ന് പറയാം. അദ്ദേഹമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഫാൻ്റ എന്ന പാനീയം ഉണ്ടാകുമായിരുന്നില്ല.
എന്തായാലും , ഒരു ശീതള പാനീയം നാസി ഭരണത്തിൻ്റെ ദുരിത കാലത്ത് ജർമ്മനിയിൽ പ്രചാരം നേടിയതും, പിന്നീട് ആഗോള ബ്രാൻഡായി വളർന്നതും ചരിത്രത്തിലെ ഒരു വിരോധാഭാസമായോ ,കൊതുകകരമായ വസ്തുതയായോ നിലനിൽക്കുന്നു.



