
ആധുനിക തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളാണ് തോപ്പിൽ മുഹമ്മദ് മീരാൻ. അദ്ദേഹത്തിന്റെ കൃതികൾ പൊതുവെ മുസ്ലീം സമൂഹജീവിതങ്ങളേയും,അവരുടെയിടയിൽ നിലനിൽക്കുന്ന വൈവിധ്യമാർന്ന ആശയങ്ങളെയും , ഭാഷയെയുമൊക്കെ പ്രതിനിധീകരിക്കുന്നവയാണ്.
പലപ്പോഴും അദേഹത്തിന്റെ അത്തരം കൃതികൾ വിമർശനത്തിന്റെ ഒരു മുഖമാണ് കൈകൊണ്ടിട്ടുള്ളതെന്നും കാണാം.1997 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് ചായ്‌വു നാർക്കാലി എന്ന തമിഴ് നോവൽ. മലയാളത്തിൽ ചാരുകസേര എന്ന പേരിൽ കറൻറ് ബുക്സ് ഈ പുസ്തകം പിന്നീട് പുറത്തിറക്കി
തെൻഫത്തൻ എന്ന സാങ്കൽപ്പിക തീരദേശ ഗ്രാമത്തിൽ താമസിക്കുന്ന ഒരു പരമ്പരാഗത ഇസ്‌ലാമിക കുടുംബത്തിന്റെ രണ്ട് നൂറ്റാണ്ടുകളുടെ കഥയാണ് ചാരുകസേരയിൽ മുഹമ്മദ് മീരാൻ പറയുന്നത് . നോവൽ ജീവിതത്തിൽ തിരുവിതാംകൂർ ചരിത്രത്തിലെ നിരവധി സംഭവങ്ങൾ ഭാവനയുടെ മേമ്പൊടിയോടെ കടന്നു വരുന്നുണ്ടെങ്കിലും ചരിത്ര രചയിതാക്കൾ ഇതിനെ ഒരു ആധികാരികരേഖയാക്കിയെടുക്കരുതെന്ന മുന്നറിയിപ്പ് തുടക്കത്തിലേ അദ്ദേഹം നൽകുന്നുണ്ട്. കാരണം തിരുവിതാംകൂർ രാജ്യത്തിന്റെ രാഷ്ട്രീയ വ്യക്തിത്വങ്ങളും,ചരിത്ര സംഭവങ്ങളും അത്രമേൽ നോവലിൽ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട് . യാഥാർഥ്യത്തിന്റെ മുഖം കാണാൻ കഴിയാതെ അതിന്റെ സുഖഭോഗങ്ങളിൽ ആറാടുന്ന സൗദാമൻസിലിലെ മുസ്തഫാക്കണ്ണിനെയും,അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട് അരികു ജീവിതം നയിക്കാൻ നിർബന്ധിക്കപ്പെട്ട ഒരുപിടി കഥാപാത്രങ്ങളെയും ഇതിൽ കാണാം . വീട്ടിലെ അവസാനത്തെ വസ്തുവും വിറ്റ് തന്റെ കുടുംബമഹിമ കാണിക്കുന്നതിനായി ‘പെടാപ്പാടുപെടുന്ന’ മുസ്തഫാക്കണ്ണു തന്നെയാണ് ഈ നോവലിലെ നായകൻ.
തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമയുമായി മുസ്തഫാക്കണ്ണിന്റെ മുത്തച്ഛൻ പൗരീൻപിള്ളയ്ക്ക് ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നു . തെൻഫതിലെ ജനങ്ങളെ വിദേശ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ സംഘടിച്ചു പട നയിച്ചത് അയാളുടെ ഈ മുത്തച്ഛനായിരുന്നു. ആ ധീര കൃത്യത്തിനും അതുവഴിയുണ്ടായ സൗഹൃദത്തിൽ നിന്നും മാർത്താണ്ഡവർമ രാജാവിൽ നിന്നും ലഭിച്ച വിശേഷപ്പെട്ട പ്രതിഫലങ്ങൾ സൗദാ മൻസിലിൽ നിറഞ്ഞിരുന്നു .അവയിൽ വിശേഷപ്പെട്ട വാളും വെള്ളിയും പട്ടും ചന്ദനവും തേക്കുമരവും ചാരുകസേരകളുമൊക്കെ ഉണ്ടായിരുന്നു. സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലാതെ കുടുംബചിലവിന് വേണ്ടി വീട്ടിലെ ഈ വിലപ്പെട്ട വസ്തുക്കൾ ആരുമറിയാതെ വിറ്റു തന്റെ തറവാടിന്റെ പേര് നിലനിർത്താൻ ശ്രമിക്കുന്ന മുസ്തഫാക്കണ്ണിന് അവസാനം അവശേഷിക്കുന്നത് ഒരു ചാരുകസേര മാത്രമാണ്.
ശരീരവും മനസ്സും കാമവികാരത്താൽ നിറഞ്ഞ ഒരു ബൂർഷ്വാസിയുടെ ശേഷിപ്പാണ് ഈ നോവലിൽ കാണാനാകുക. കൈയിലുള്ള അവസാനത്തെ തരിമ്പും ഉപേക്ഷിക്കേണ്ടി വന്നിട്ടും തന്റെ ആത്മാഭിമാനത്തിൽ തെല്ലിട മാറ്റമില്ലാതെ സ്വന്തം തീരുമാനങ്ങളും അതിന്റെ വിധികളും മാത്രമാണ് ഏറ്റവും നല്ലതെന്ന് അഹങ്കാരത്തോടെ വിശ്വസിച്ചു പോരുന്ന ഒരു കഥാപാത്രമാണ് അയാൾ . ക്ഷയരോഗം പിടിപെട്ട് ജീവനുവേണ്ടി മല്ലിടുന്ന ഭാര്യ മറിയംബീവി തന്നെ തല്ലിക്കൊന്ന് മരിക്കാൻ വിടണമെന്ന് അയാളോട് കേഴുന്ന ഹൃദയഭേദകമായ ആ രംഗത്തിൽ പോലും ഉണ്ടാകേണ്ടിയിരുന്ന വേദനയത്രയും മുസ്തഫാക്കണ്ണിലേക്കു പകരാതെ എഴുത്തുകാരൻ നമ്മിലേക്കാണ് തിരിച്ചു വിടാൻ ശ്രമിക്കുന്നത് . അത്രമേൽ തന്റെ വിശ്വാസങ്ങളുമായി ഇഴചേർന്നു കിടക്കുന്ന ഒരു പരുക്കൻ കഥാപാത്രമാണയാൾ . ഒരു സ്ത്രീയുടെ ജീവിതത്തിൽ ദു:ഖങ്ങളും പരീക്ഷണങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും അപരിചിതനായ ഒരു പുരുഷന്റെ കൈയ്യിൽ നിന്നുള്ള താലിചരടിന് കഴുത്തു നീട്ടികൊടുക്കുന്ന നിമിഷം മുതലാണെന്ന് മറിയം ഓർക്കുന്നുണ്ട്. വീടിന്റെ അടുത്തുള്ള പടവുകളില്ലാത്ത ആഴമുള്ള കിണറ്റിൽ പൊന്തിയ പെൺ പ്രേതങ്ങളുടെ വിളറിയ മുഖങ്ങൾ ഓർത്തുകൊണ്ടു ഈ കിണറ്റിന് പോലും തന്നെ വേണ്ടല്ലോ എന്നു പരിതപിക്കുന്നുണ്ടവർ.
ഒരു കുടുംബജീവിതത്തിന്റെ പതനം മാത്രമല്ല, തലമുറ തലമുറയായി തുടരുന്നിരുന്ന കുടുംബ മഹിമയെ സംബന്ധിച്ചുള്ള മിഥ്യാധാരണകളുടെ ഒരു പൊളിച്ചെഴുത്തും ഈ കഥയിൽ കാണാൻ കഴിയും.ആധിപത്യം, പൊങ്ങച്ചം , സ്ത്രീകളുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, വംശീയ അടിച്ചമർത്തലുകൾ, അധികാരത്തിന്റെ ധാർഷ്ട്യം , സ്വാർത്ഥത എന്നിവയൊക്കെ കണക്കിലെടുക്കുമ്പോൾ നോവലിന്റെ പ്രമേയം ഇന്നത്തെ സന്ദർഭത്തിലും അനുയോജ്യമാണെന്ന് കാണാം .പുറംലോകം കാണാതെ നാലുഭിത്തികൾക്കുള്ളിലെ ഇരുട്ടിൽ ഉഴലുന്ന സ്ത്രീകൾക്ക് നേരെ അഴിച്ചു വിടുന്ന പുരുഷാധിപത്യത്തിന്റെ ക്രൂരതകൾ നോവലിൽ തുറന്നു കാട്ടിയതുകൊണ്ടു സ്വന്തം സമുദായത്തിൽ നിന്നും എഴുത്തുകാരന് എതിർപ്പുകളെ നേരിടേണ്ടി വന്നു.
ഇസ്ലാമിസ്റ്റുകളുടെ ജീവിതം അവരുടെ ഭാഷയിൽ എഴുതാൻ കാരണക്കാരൻ വൈക്കം മുഹമ്മദ് ബഷീറായിരുന്നു എന്ന് തോപ്പിൽ മുഹമ്മദ് മീരാൻ പറയുന്നുണ്ട് . തനിക്കും ഇസ്ലാമിക ജീവിതം രേഖപ്പെടുത്താം എന്ന് തോന്നിയത് ബഷീറിന്റെ കഥകൾ വായിച്ചപ്പോഴാണെന്ന് അദ്ദേഹം പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട് .പ്രാദേശിക ഭാഷയുടെ ഭംഗി വേണ്ടുവോളം തന്റെ നോവലുകളിൽ പ്രദർശിപ്പിച്ചിരുന്ന ആളായിരുന്നു മീരാൻ . ഒരു പക്ഷേ മേൽ സൂചിപ്പിച്ച അ ബഷീറിയൻ സ്വാധീനം തന്നെയാകാം അതിനു കാരണം. തമിഴിലെ വൈക്കം മുഹമ്മദ് ബഷീർ എന്നു തോപ്പിൽ മുഹമ്മദ് മീരാനെ വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തി കാണാനാവില്ല തന്നെ.
അദ്ദേഹത്തിന്റെ ആദ്യ നോവൽ, ഒരു തീരദേശ ഗ്രാമത്തിന്റെ കഥ, 1988 ലാണ് പ്രസിദ്ധീകരിച്ചത്.തോപ്പിൽ മുഹമ്മദ് മീരാന്റെ മിക്ക നോവലുകളും ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നാലാമത്തെ നോവലാണ് ചാരുകസേര.
