പാറ്റേൺ ലോക്ക് – നമുക്ക് ചുറ്റുമുള്ളവരുടെ ചില കഥകൾ

 
മലയാളത്തിലെ ഏറ്റവും സമ്പന്നമായ സാഹിത്യശാഖയാണ് ചെറുകഥാ മേഖല.പുതു തലമുറയിലെ എഴുത്തുകാർ നിരവധി പരീക്ഷണ നിരീക്ഷണങ്ങളുടെ മൂശയിൽ വിളക്കിയെടുത്താണ് ഓരോ കഥകളും പുറത്തിറക്കുന്നത്. അനുഭവങ്ങളിൽ സമ്പന്നനായ ഒരാൾക്കേ വ്യത്യസ്ത അടരുകളിൽ നിന്നുള്ള കഥകളെ വേണ്ടവിധം അടയാളപ്പെടുത്താനാകൂ. തീർച്ചയായും പ്രതിഭ ഒരു ഘടകം ആണെകിൽ തന്നെയും, അനുഭവങ്ങൾകൂടി ചേരുമ്പോഴേ ജീവനുള്ള അന്തസുറ്റ കഥകൾ പിറക്കുകയുള്ളൂ. 
 
പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരെഴുത്തുകാരനാണ് കെ എസ് രതീഷ്. 
ജീവിതം മണക്കുന്ന ഒരുപിടി കഥകളാണ് പാറ്റേൺ ലോക്ക് എന്ന ഈ കഥാസമാഹാരത്തിലുള്ളത് . ഒരു തരത്തിൽ പറഞ്ഞാൽ ജീവിതത്തിന്റെ തനിപ്പകർപ്പു തന്നെയാണല്ലോ സാഹിത്യം.
പല കഥകളിലും കാണാൻ കഴിഞ്ഞ ഒരു കാര്യം ജീവിതത്തിന്റെ അർത്ഥശൂന്യതയെ തുറന്നുകാട്ടുന്ന സുഖകരമല്ലാത്ത അനുഭവങ്ങളെ അവതരിപ്പിച്ചിരിക്കുന്നു എന്നുള്ളതാണ്. സാധാരണമായ അനുഭവങ്ങളിൽ നിന്നും കഥകൾ കണ്ടെത്താനുള്ള അപാരമായ ഒരു കഴിവ് ഈ എഴുത്തുകാരനുണ്ട്. കഥകളുടെ വലിപ്പം മൂന്നോ നാലോ പേജുകളിൽ ഒതുങ്ങുന്നുവെങ്കിലും അതിനുള്ള് ഒതുക്കി വച്ചിരിക്കുന്ന ആശയപ്രപഞ്ചം വളരെ വലുതാണ്. കഥപറയുന്ന ശൈലി ,സംഘർഷഭരിതമായ അത്യന്തം അനുഭവങ്ങളെപോലും സൗമ്യമായി അവതരിപ്പിക്കാറുള്ള പാറപുറത്തിന്റെ കഥകളെ ഓർമിപ്പിച്ചുവെന്നു പറഞ്ഞാൽ മതിയല്ലോ.  
 
കഥാ സമാഹാരത്തിലെ ആദ്യ കഥയായ മുള്ളലിന്റെ മണം തന്നെ നോക്കുക. അമ്മയുടെ മണവും ഓർമകളുമായി  കണ്ണി  ചേർന്നു കിടക്കുന്ന ഒരു കഥ പരിസരമാണ് നമുക്ക് കാണാനാകുക. അരുവാക്കോട്ടെ കുംഭങ്ങൾ എന്ന കഥ  വായിച്ചു തീരുമ്പോൾ പരിചിതമല്ലാത്ത ദേശങ്ങളെ,ഇടങ്ങളെ കുറിച്ച് ഗൂഗിളിൽ പരതിനോക്കാൻ വായനക്കാർക്ക് തോന്നിയാൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. പ്രേമബന്ധത്തിലെ ആത്മാർത്ഥതാ ശൂന്യതയെ വേറൊരു തലത്തിൽ നിന്ന് കൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് ഒരു ആംഗ്ലിക്കൻ ക്രിസ്തു എന്ന കഥയിൽ. 
 
ബംഗാളിത്തീവണ്ടി എന്ന കഥ കൈകാര്യം ചെയ്യുന്ന ആശയങ്ങൾ പലവുരു ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിലും പുരോഗമനവാദികളെന്നും,പരിഷ്ക്കാരികളെന്നും സ്വയം  വിശേഷിപ്പിക്കുന്ന മലയാളികളുടെ, അന്യ സംസ്ഥാന തൊഴിലാളികളോട് പ്രത്യേകിച്ച് ബംഗാളികളോടും  അവിടുത്തെ ആളുകളോടും വച്ച് പുലർത്തുന്ന മനോഭാവത്തിന്റെ ഒരു ആവിഷ്കാരമാണ്. ദിപാലി എന്ന മറ്റൊരു കഥയിലും  ബംഗാളിസ്വത്വം കടന്നു വരുന്നുണ്ട്. ആശുപത്രിയും,പരിസരവുമായി ബന്ധപ്പെട്ട പല സംഭവങ്ങളും കഥകളിൽ വരുന്നുണ്ട്. ആശുപത്രി വളപ്പിനകത്തും,പുറത്തുമായി നിറയെ കഥകളാണ് എന്ന് ഒരു ആഖ്യാതാവിന്റെ കുപ്പായം എടുത്തണിഞ്ഞ ഒരു കഥാപാത്രം വെളിപ്പെടുത്തുന്നുമുണ്ട്.ബയോടോയ്ലറ്റ് എന്ന കഥയിലും ആശുപത്രി നിറയെ കഥകളാണെന്നു ഒരുകഥാപാത്രം  ആവർത്തിക്കുന്നുണ്ട്. 
അവിടെ നിന്നും അനുഭവങ്ങൾ പെറുക്കിയെടുത്താൽ വിലാസിനിയെ തോൽപ്പിക്കുന്ന വിധത്തിൽ ഒരു നോവൽ തന്നെ എഴുതാം എന്ന് തമാശയായിട്ടാണെങ്കിലും അയാൾ പറയുന്നുണ്ട്. റിലാക്സ് എന്ന് പേരുള്ള ടോയ്‌ലറ് സമുച്ചയത്തെ ചുറ്റിപറ്റി നീങ്ങുന്ന കഥയ്ക്ക്  ചുറ്റും വൈവിധ്യമാർന്ന ആളുകളെ കാണാം.അവരെല്ലാം ഓരോരോ കഥകൾ പേറുന്നവരാണ്. 
 
പശുസ്ഥാൻ എന്ന കഥയുടെ ആശയം മുമ്പ് പലതവണ പലരും ഉപയോഗിച്ചിട്ടുള്ളതാണെങ്കിലും അതിൽ ഒളിഞ്ഞു കിടക്കുന്ന രാഷ്ട്രീയത്തിന് ഇപ്പോഴും പ്രാധാന്യമുണ്ട്. തങ്ങളെ വരുതിയിലാക്കാൻ എങ്ങനെയൊക്കെ  നീങ്ങണമെന്നു ചിന്തിക്കുന്ന കൂട്ടരുടെ പ്രതിനിധികളാണ് കഥപറച്ചിലുകാരന്റെ എതിർവശത്തു നിൽക്കുന്നത്. 
 
ജീവിതാനുഭവങ്ങളെ ബിംബങ്ങളിലൂടെയോ,പ്രതീകങ്ങളിലൂടെയോ കഥാനുഭവമാക്കി സങ്കീർണ്ണമാക്കി അവതരിപ്പിക്കാനുള്ള  ഒരു ശ്രമവും രതീഷ് ഇവിടെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വ്യത്യസ്ത രചനാ സമ്പ്രദായങ്ങളുടെ  പരീക്ഷണങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്ന ചെറുകഥ വിഭാഗത്തിന് ഒരു പുത്തൻ പ്രതീക്ഷ തന്നെയാണ് കെ എസ്  രതീഷ് എന്ന എഴുത്തുകാരൻ. ഒരു സംശയവുമില്ല.
 
ഇരുപത്തിനാലു ചെറുകഥാ സമാഹാരങ്ങളടങ്ങിയ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് യെസ് പ്രസ് ബുക്ക്സ് ആണ്. വില 170 രൂപ.

മിയാസാവ കെൻജിയുടെ സിഗ്നലുകളുടെ പ്രേമഗാഥ

 

 

ജപ്പാനിൽ  നിന്നുള്ള കഥകൾ വായിക്കാനും ശ്രദ്ധിക്കാനും തുടങ്ങിയത് അമലിന്റെ കഥകളിലൂടെയാണ് . അവിടങ്ങളിലെ ഒട്ടുമേ പരിചയമില്ലാത്ത ഇടങ്ങളെയും കൂടെ സങ്കൽപ്പിച്ചു കൂട്ടാൻ അമലിന്റെ കഥകൾ ഒരു  കാരണമായി എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഒരു  ജാപ്പനീസ് എഴുത്തുകാരന്റെ  കഥകൾ വായിക്കുന്നത് ആദ്യമായിട്ടാണ്. മിയാസാവ കെഞ്ചിയുടെ സിഗ്നലുകളുടെ പ്രേമഗാഥ എന്ന ചെറുകഥകളുടെ ഒരു സമാഹാരമാണ് ഈയിടെ വായിച്ച ആ പുസ്തകം. 

 ഒരിക്കൽ ജപ്പാനിലെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരനായിരുന്നു മിയാസാവ കെഞ്ചി. കവി,അദ്ധ്യാപകൻ, കാർഷിക ശാസ്ത്രഞൻ, ബാലസാഹിത്യകാരൻ എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രശസ്തനായിരുന്നു കെൻജി. വളരെയധികം ശ്രദ്ധേയനായിരുന്നുവെങ്കിലും രണ്ടേ രണ്ടു പുസ്തകങ്ങളെ അദ്ദേഹം ജീവിച്ചിരുന്ന സമയത്തു  പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മരണാനന്തരമാണ് പ്രസിദ്ധമായ പല കവിതാ സമാഹാരങ്ങളും പുറത്തുവന്നത്. 1896 ൽ ജനിച്ച അദ്ദേഹം ന്യുമോണിയ ബാധിച്ച് 1933 ൽ  മരിക്കുമ്പോൾ വെറും 37 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 

ജാതക കഥകളുടെയും, പഞ്ചതന്ത്രം കഥകളുടെയും ഒരു ശൈലി അദ്ദേഹത്തിന്റെ കഥകൾക്കുണ്ടായിരുന്നു. മനുഷ്യരെ കൂടാതെ മൃഗങ്ങളും ,കാറ്റും, വെളിച്ചവും,മേഘവും, സൂര്യനും നക്ഷത്രങ്ങളുമൊക്കെ അദ്ദേഹത്തിന്റെ കഥകളിൽ പരസ്പരം സംസാരിച്ചു,ശരിതെറ്റുകളെ കുറിച്ച് ചർച്ച ചെയ്തു. മനുഷ്യരും, തിര്യക്കുകളും, ജീവനില്ലാത്ത മറ്റു പല ഘടകങ്ങളും തമ്മിലുള്ള ബന്ധമാണ് കെൻജി കൃതികളുടെ ഒരു സവിശേഷതയായി പറയാനാവുക. അദ്ദേഹത്തിന്റെ കവിതകളൊക്കെ പഠനാർഹവുമാണ്.

സിഗ്നലുകളുടെ പ്രേമഗാഥയിൽ പത്തു കഥകളാണുള്ളത്. ജാപ്പാനീസ്‌ ഭാഷയിൽ നിന്നും നേരിട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണെന്നുള്ള ഒരു പ്രത്യേകതകൂടിയുണ്ടിതിന്. റെയിൽവേ സിഗ്നൽ  പോസ്റ്റുകളുടെ പ്രണയമാണ് അതേ പേരിലുള്ള കഥയുടെ വിഷയം. മറ്റുള്ളവരുടെ നല്ലതിനായി ഓരോന്ന് ചെയ്യുമ്പോൾ സ്വയം ജ്വലിക്കുകയും , മറിച്ചുളള പ്രവർത്തികൾ ചെയ്യുമ്പോൾ ശോഭ കുറയുകയും ചെയ്യുന്ന ഒരു തരം ശംഖ് കൈവശം വരുന്ന മുയലിന്റെയും , കൂടെ നടക്കുന്ന കുറുക്കന്റെയും കഥയാണ് ജ്വലിക്കുന്ന ശംഖ് എന്ന കഥയിലുള്ളത്. ബാക്കിയുള്ള കഥകളുടെ വിഷയവും ഇതുപോലൊക്കെതന്നെയാണ്. കഥപറച്ചിൽ ഇങ്ങനെയൊക്കെയാണെങ്കിലും കഥയ്ക്ക് പിന്നിൽ ഗൗരവകരമായ എന്തെങ്കിലും വിഷയം ഒളിഞ്ഞു കിടപ്പുണ്ടാകും. 

കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ ജാപ്പനീസ് ഭാഷയിൽ നിന്നും നേരിട്ടു മലയാളത്തിലേക്ക് ഈ കഥകൾ വിവർത്തനം ചെയ്തിരിക്കുന്നത് പ്രൊഫസ്സർ പി എ ജോർജ്ജ് ആണ്. ഡിസി ബുക്സ് ആണ് വിവർത്തനം.