എൻ പ്രഭാകരന്റെ ഒറ്റയാൻ നടത്തങ്ങൾ

 



മലയാള സാഹിത്യ പരിസരങ്ങളിൽ എൻ.പ്രഭാകരനെ പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജീവിതത്തെയും, സാഹിത്യത്തെയും പ്രതിബദ്ധതയോടെ വീക്ഷിക്കുകയും ,തന്റെ രചനകളെ സാമൂഹികവും സാംസ്കാരികവും,രാഷ്ട്രീയവുമായ ബാധ്യതകൾക്കപ്പുറം  മനുഷ്യനെയും മനുഷ്യത്വത്തെയും വിലമതിക്കുകയും ചെയ്യുന്നു എന്ന നിലയ്ക്കായിരിക്കും എൻ പ്രഭാകരൻ എന്ന ഒരെഴുത്തുകാൻ   വ്യത്യസ്തനാകുന്നത്  .നൂറ്റമ്പതോളം കഥകളും അഞ്ചു നോവലെറ്റുകളും ആറു  നോവലുകളും രണ്ടു നാടകങ്ങളും മൂന്നു കവിതാ സമാഹരണങ്ങളും ഒരു യാത്രാപുസ്തകവും ഏതാനും ലേഖന സമാഹാരങ്ങളും ഈ എഴുത്തുകാരന്റെതായുണ്ട്. തന്റെ എഴുത്തു സപര്യയുടെ  അമ്പത്തഞ്ചാണ്ടുകൾ  പിന്നിട്ട ഈ നേരത്ത്  ഞാൻ മാത്രമല്ലാത്ത ഞാൻ എന്ന പേരിൽ ഒരു  ആത്മകഥയും  മാതൃഭൂമി ബുക്സ് പുറത്തിറക്കി കഴിഞ്ഞു. വായനയെ  ഗൗരവപ്പെട്ട സാംസ്കാരിക പ്രവർത്തനമായി കരുതുകയും ,തന്റെ കാലത്തെ സംസ്കാരത്തിന്റെ  ജൈവ പ്രക്രിയ രേഖപ്പെടുത്തുന്ന ഒരാളായി  സ്വയം നിർവചിക്കപ്പെടുകയും ചെയ്യുന്ന ഈ എഴുത്തുകാരന്റെ  മായാമനുഷ്യൻ എന്ന നോവലിനാണ് 2019 ലെ  ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്. 

എഴുത്തിനു ചില സാമൂഹിക ലക്ഷ്യങ്ങൾ വേണമെന്നുള്ള തിരിച്ചറിവ് എഴുത്തുകാരനിൽ രൂപപ്പെട്ടത് ബാലസംഘവുമായും  പിന്നീട്  ദേശാഭിമാനി സ്റ്റഡി സർക്കിളുമായും ഉണ്ടായ   ബന്ധങ്ങളാണ് . അച്ചടിച്ചു  കാണുന്നതിലെ കൗതുകവും,അതിലെ ആനന്ദവും  മാത്രം ലക്ഷ്യമാക്കി ചെയ്യേണ്ടുന്ന ഒന്നല്ല എഴുത്ത് എന്ന  ബോധ്യവും  ഒരുപക്ഷെ അവിടെ നിന്നു തന്നെയാകാം എഴുത്തുകാരന് ലഭിച്ചത് .1971 ൽ  മാതൃഭൂമി വിഷു പതിപ്പിൽ വന്ന ഒറ്റയാന്റെ കഥയാണ്  ആദ്യമായി  എൻ പ്രഭാകരൻ  പേരിൽ പ്രത്യക്ഷപ്പെട്ട ആദ്യകഥ . എൻ.പി എരിപുരമെന്നും , എരിപുരം പ്രഭാകരൻ എന്ന പേരിലുമൊക്കെ കഥകളെഴുതികൊണ്ടിരുന്ന  എഴുത്തുകാരൻ പിന്നീട് എൻ.പ്രഭാകരൻ എന്നപേരിൽ മലയാളികൾക്ക് സുപരിചിതനായി. മതത്തിലും, ദൈവത്തിലും ,വിശ്വാസമില്ലാത്ത, മതാതീതമായ ആത്മീയതയെ  സ്വീകരിക്കാൻ ഒട്ടും മടികാണിക്കാത്ത ഈ എഴുത്തുകാരന്റെ ആത്മകഥയാണ് ഞാൻ മാത്രമല്ലാത്ത ഞാൻ.
 
പുതിയ കാലത്തെ  ആർജ്‌ജവത്തോടെ അഭിമുഖീകരിക്കുകയും, ഭാവുകത്വത്തിൽ  അടിസ്ഥാനപരമായ മാറ്റം ആവശ്യപ്പെടുകയും ചെയ്യുന്ന  ഒരു കൃതി  ഉണ്ടായിക്കഴിഞ്ഞാൽ വളരെ സത്യസന്ധ്യമായ വായനയിലൂടെയും,ആരോഗ്യകരമായ  സംവാദങ്ങളിലൂടെയും അതിനെ സമൂഹത്തിന്റെ  ആന്തരിക ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കെല്പുള്ള ഒരു വായന സമൂഹവും  നിരൂപകരും വേണം .പക്ഷേ മലയാളത്തിൽ ഈ രണ്ടുകൂട്ടരും  ഉണ്ടായിവരുന്നില്ല എന്നുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ് . കൃത്യവും,ക്രിയാത്മകവുമായ  നിരൂപണങ്ങളുടെ അഭാവമാണ്  മോശം സാഹിത്യ കൃതികളെ വായനക്കാരിൽ അടിച്ചേൽപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. 

സാഹിത്യത്തിന്റെയും   കലകളുടെയും പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിൽ  താല്പര്യം  പുലർത്താത്ത വിദ്യാഭാസ ആശയങ്ങൾ  അവരുടെ മാനസിക ലോകത്തിനുണ്ടാക്കി  വെയ്ക്കുന്ന  നഷ്ടം നികത്താനാകാത്തതു  തന്നെയാണ് .സാഹിത്യ രചനകളിൽ  സാഹിത്യത്തെ പുറകോട്ടു തള്ളി രാഷ്ട്രീയം മുഖ്യ  വിഷയമായി വരുന്നത് എഴുത്തുകാരിലും  നല്ല വായനക്കാരിലും  മടുപ്പുണ്ടാക്കും. എഴുത്തുകാരോടും അവരുടെ കൃതികളോടും  തോന്നുന്ന വിധേയത്വവും ആരാധനയും പ്രോൽസാഹിപ്പിക്കപ്പെടരുതെന്നും  അവ നല്ല വായനയെ  സാധ്യമാക്കില്ലെന്നും അദ്ദേഹം പറയുന്നു . കൃതികളെ സംവദാത്മകമായി സമീപിക്കുന്ന ശീലം പൊതുവേ നഷ്ടപ്പെട്ടു തുടങ്ങിയ ഈ കാലത്ത്  ഇത്തരം തുറന്നു പറച്ചിലുകൾ ചിലരുടെയെങ്കിലും കണ്ണ്  തുറപ്പിക്കാൻ കഴിഞ്ഞെങ്കിൽ നന്നായിരുന്നു.

 
അന്തിമമായി എത്തിച്ചേരേണ്ട  അഭിപ്രായം  ഇന്നതാണെന്ന് സംഘാടകർ  മുൻകൂട്ടി തീരുമാനിക്കുകയാണെങ്കിൽ  ആ ചർച്ച  കൊണ്ട് പിന്നെ കാര്യമായ പ്രയോജനമൊന്നുമുണ്ടാകുകയില്ലല്ലോ? .ബൗദ്ധികമോ, വൈകാരികമോ ആയ  യാതൊരു ഉണർവ്വും  നൽകാത്ത,പുതിയ  തിരിച്ചറിവുകൾ  ഒന്നും തന്നെ ലഭിക്കാത്ത അത്തരം ചർച്ചകൾ  കുറഞ്ഞപക്ഷം   ഉയർന്ന  ഭാവുകത്വവും ദാർശനിക  ശേഷിയുമുള്ള ചിലർക്കെങ്കിലും   തങ്ങൾ  കബളിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാനിടയുണ്ട്  എന്നദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. 

ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ  അനുഭവങ്ങളുടെയും  ഓർമ്മകളുടെയും  ആവിഷ്ക്കാരത്തിന് വേണ്ടിയാണ്  തന്റെ ഈ ആത്മകഥ എഴുതാൻ  തീരുമാനിച്ചത് എന്നദ്ദേഹം പറയുന്നുണ്ട് . എഴുതാൻ  ഭയന്ന ഡയറികുറിപ്പുകൾ എന്ന അധ്യായത്തിൽ  അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ സഹോദരനെ  കുറിച്ചുള്ള ഓർമകളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത് . അതിവൈകാരികതയില്ലാതെ തുടർന്നുള്ള അദ്ധ്യായങ്ങളിൽ  തന്റെ സഹോദരനെയും , സഹോദരന്റെ  രോഗത്തെകുറിച്ചുമാണ് പ്രധാനമായും പറഞ്ഞുപോയിട്ടുള്ളത്. ഒരുപക്ഷേ വായനക്കാരെ കൂടുതൽ പിടിച്ചിരുത്താൻ കഴിയുന്ന ഒരു ഭാഗമായിരിക്കും അത്. അനുകൂലമായ ഭൗതിക പരിസരങ്ങളും, സമൂഹം വളരെ സ്വതന്ത്രമായും സത്യസന്ധമായും  ആർജ്ജവത്തോടു കൂടിയും നിലനിർത്തുന്ന ആശയ ലോകവും പിന്തുണക്കാനുണ്ടെങ്കിൽ  വ്യക്തികൾക്കു  ഏതാണ്ട് എല്ലാ മാനസിക പ്രയാസങ്ങളെയും  അതിജീവിക്കാൻ  കഴിയും .ഒരാളുടെ സ്വത്വം  അയാൾക്കു മാത്രമായി  രൂപപ്പെടുത്താവുന്ന  ഒന്നല്ല എന്നറിവ് തന്നെയാണ് ആത്മകഥയിലെ അവസാന ഭാഗങ്ങളിലെ അദ്ധ്യായങ്ങൾ നമുക്ക് ബോധ്യപ്പെടുത്തി തരുന്നത്. അപരത്വത്തെ അസ്ഥിത്വത്തിന്റെ  അടിസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടത് മിഖായിൽ ബക്തിനാണ്. അപരത്വത്തിൽ നിന്നു മാത്രമേ ഒരാൾക്ക് തന്റെ സ്വത്വത്തെ വീണ്ടെടുക്കാൻ കഴിയൂ എന്ന  ബക്തിന്റെ വാക്കുകളാണ് ആ ഭാഗങ്ങൾ  വായിച്ചുതീർന്നപ്പോൾ മനസ്സിൽ കടന്നു വന്നത്.
സമീപകാലത്തെഴുതിയ  കളിയെഴുത്ത്  എന്ന കഥയിലെ വിവാദത്തെ കുറിച്ച് എന്തുകൊണ്ടോ തന്റെ ഈ  പുസ്തകത്തിൽ അദ്ദേഹം വിശദീകരിച്ചുകണ്ടില്ല.അതിന്റെ വിശദീകരണങ്ങൾ മറ്റു പല മാധ്യമങ്ങളിൽ കൂടി  നല്കിയിരുന്നുവെങ്കിൽ കൂടിയും  ഈ ആത്മകഥയിൽകൂടി അദ്ദേഹം അതുൾപ്പെടുത്തേണ്ടതായിരുന്നു. സ്ത്രീവിരുദ്ധമെന്ന്  വിമർശകർ ആക്ഷേപിക്കപ്പെട്ട ആ കഥയെ സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾ വായനക്കാർ ഈ പുസ്തകത്തിൽ പ്രതീക്ഷിച്ചാൽ അവരെ കുറ്റം പറയാനൊക്കില്ലല്ലോ!
എഴുത്തുകാരന്റെ ഈ ആത്മഭാഷണങ്ങളിൽ കൃത്രിമത്വമോ മുൻസൂചിപ്പിച്ചപോലെ അതിവൈകരിതയുടെ കെട്ടഴിച്ചുവിടലോ ഒന്നും കാണാൻ കഴിയില്ല. പക്വമതിയായ ഒരെഴുത്തുകാരന് മാത്രമേ ഇത്രമേൽ ആളുകളോട് പുറംമോടികളില്ലാതെ സംവദിക്കാൻ കഴിയുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ആത്മകഥയുടെ ഈ വായന വായനക്കാരിൽ ഒട്ടും  മുഷിച്ചിലുണ്ടാക്കുകയില്ല എന്നു തന്നെ കരുതാം. .