അറബി ഫിക്ഷനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതാ എഴുത്തുകാരിയായി ചരിത്രം കുറിച്ച വ്യക്തിയാണ് ഷഹാദ് അൽ റാവി. അവരുടെ ആദ്യത്തെ നോവലായ ബാഗ്ദാദ് ക്ലോക്ക് എഡിൻബർഗ് ബുക്ക് ഫെസ്റ്റിവലിൽ പുരസ്‌കാരം നേടുകയുമുണ്ടായി.
മാതൃഭൂമിയുടെ തിരുവനന്തപുരത്തു നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലായ MBIFL ലിൽ എഴുത്തുകാരിയായ ഷഹാദ് അൽ റാവി പങ്കെടുക്കുക്കയും, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇടയ്ക്കിടെ അവരുമായുള്ള അഭിമുഖങ്ങൾ പ്രത്യക്ഷപ്പെടാറുള്ളതുകൊണ്ടും മലയാളികൾക്ക് അവർ ഒട്ടും അപരിചിതയല്ല.
തൊണ്ണൂറുകളുടെ തുടക്കത്തിലെ ഗൾഫ് യുദ്ധസമയമാണ് നോവൽ പശ്ചാത്തലം. എങ്കിൽ കൂടിയും പ്രമേയപരമായി യുദ്ധകേന്ദ്രീകൃതമായ ഒരു വിഷയമൊന്നുമല്ല നോവൽ കൈകാര്യം ചെയ്യുന്നത്. യുദ്ധം തുടങ്ങുന്നതിനു മുൻപുള്ള ഉപരോധവും ,അസ്വസ്ഥമായ സമാധാനവും പിന്നീട് യുദ്ധം സൃഷ്‌ടിച്ച ആഘാതങ്ങളുമൊക്കെയാണ് നോവലിൽ കടന്നു വരുന്നത്.
യുദ്ധത്തിന്റെ തുടക്കത്തിൽ ബാഗ്ദാദ് പരിസരത്തിലുള്ള ഒരു അഭയകേന്ദ്രത്തിലേക്കു വായനക്കാരെ കൊണ്ടുപോകുകയാണ് നോവലിലെ പേരില്ലാത്ത ആഖ്യാതാവ്. അവിടെ വച്ച് കണ്ടുമുട്ടുകയും സുഹൃത്തുക്കളാകുകയും ചെയ്യുന്ന നാദിയ എന്ന പെൺകുട്ടിയും അവരുടെ സൗഹൃദങ്ങളിലൂടെയുമൊക്കെയാണ് നോവൽ വളർന്നു തിടം വയ്ക്കുന്നത്.
സ്കൂളിൽ അവർ ഒരുമിച്ചാണിരിക്കുന്നത് . അവർ പരസ്പരം സ്വപ്നങ്ങളും, അഭിലാഷങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുന്നു. അവരുടെ സൗഹൃദങ്ങൾക്കിടയിൾ മറ്റു ചിലരും എത്തിച്ചേരുന്നു . പ്രണയവും പ്രണയനാന്തര ജീവിതവുമൊക്കെ വളരെ സ്വാഭാവികമായി തന്നെ നോവലിൽ കടന്നു വരുന്നു . അവരുടെ വീടിനടുത്തുള്ള ഓരോ കുടുംബവും തങ്ങളുടെ സുരക്ഷയും ,ജീവിതവും അന്വേഷിച്ചു കടന്നു പോകുന്നത് നിരാശയോടെ നെടുവീർപ്പോടെ നോക്കി നിൽക്കേണ്ടി വരുന്നുണ്ട് ആഖ്യാതാവിന്.
ഉത്തമസുഹൃത്തായി മാറിയ നാദിയയുടെ കഥകൾ പറയുക മാത്രമല്ല, സ്വന്തം അനുഭവങ്ങളിലൂടെ അവരുടെ സമീപസ്ഥലികളെകുറിച്ചും ആഖ്യാതാവ് വാചാലയാകുന്നുണ്ട് . കഥ പറച്ചിൽ പുരോഗമിക്കുമ്പോൾ തന്നെ കഥാപരിസരം പതിയെ ചുറ്റുമുള്ള അയൽ പ്രദേശങ്ങളിലേക്കും,നിരവധി വ്യക്തികളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ടവർ.
ദിവസങ്ങൾ പോകെ പോകെ ഭക്ഷണം ദുർലഭമായിത്തീരുകയും,വീടുകളിലെ പല വസ്തുക്കളും വിൽക്കേണ്ടിവരുന്ന ഒരു അവസ്ഥയിലേക്കെത്തിച്ചേരുകയും ചെയ്യുന്നു. രാജ്യത്തിൽ സാമ്പത്തിക അരാജകത്വം പിടിമുറുക്കുന്നു. പൊതുവേയുള്ള ദാരിദ്ര്യത്തിനും പുറമെ യുദ്ധം സൃഷ്‌ടിച്ച ആശങ്ക, യഥാർത്ഥ ശത്രു ആരാണെന്നും, എവിടെ നിന്നുമാണവർ വരുന്നതെന്നും അറിയാത്ത ഒരു മാനസികാവസ്ഥ ഇതെല്ലാം അവർക്കു മുന്നിലുള്ള വെല്ലുവിളികളാകുകയായിരുന്നു .അത്തരമൊരു സമയത്താണ് ഭൂതകാലത്തിന്റെയും, വർത്തമാനകാലത്തിന്റെയും, ഭാവിയിലേക്കുള്ള അവസരത്തിന്റെയും പ്രതീകമായി കരുതപ്പെടുന്ന ബാഗ്ദാദ് ക്ലോക്ക് നശിപ്പിക്കപ്പെടുന്നത് .
നോവലിന്റെ ഒരറ്റെത്തുമ്പോൾ പുതിയ ഇറാഖ് യുദ്ധങ്ങളിലേക്കും ,പ്രക്ഷുബ്ദതയിലേക്കും കഥാഗതി നിരങ്ങി നീങ്ങുന്നുമുണ്ട്. എങ്കിൽ തന്നെയും നേരത്തെ സൂചിപ്പിച്ചപോലെ യുദ്ധം നേരിട്ടു കടന്നുവരുന്നൊന്നുമില്ല. യുദ്ധം വന്നതുകൊണ്ടുണ്ടായ ആഘാതങ്ങളും ,പാലയാനങ്ങളും കുട്ടിക്കാലം മുതൽ കഥ പറച്ചിലുകാരി അനുഭവിച്ചുപോന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ് നോവലിന്റെ ആദ്യഭാഗങ്ങളിലേറെയും നമുക്ക് കാണാനാവുക.
ആഖ്യാതാവ് എന്ന നിലയിൽ സ്വപ്നങ്ങളിലേക്കും പിന്നീട് യാഥാർത്ഥ്യത്തിലേക്കും ഈ നോവൽ വായനക്കാരെ പിടിച്ചു നടത്തുന്നുണ്ട് .മാർകേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന നോവൽ എഴുത്തുകാരിയെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു. സ്വപ്നങ്ങളിലൂടെ നിരവധി അദ്ധ്യായങ്ങൾ കടന്നു പോകുന്നുണ്ട് . എഴുത്തുകാരി തന്റെ നോവലിൽ മാജിക്കൽ റിയലിസം കൊണ്ടുവരാൻ ചെറിയൊരു ശ്രമം കൂടി നടത്തിയിട്ടുണ്ടെന്നു വേണം പറയാൻ.
മദ്ധ്യവർഗ്ഗത്തിൽപ്പെട്ടവർ ഭരണകൂടത്തിന്റെ മക്കളാണ്, ദരിദ്രർ രാജ്യത്തിന്റെയും.യുദ്ധത്തേക്കാൾ വൃത്തികേട്ടതായി മറ്റെന്തെങ്കിലുമുണ്ടോ എന്ന് എഴുത്തുകാരി നമ്മോടു ചോദിക്കുന്നു.പട്ടിണിക്കിടുകയും ,അതിനുശേഷമവർക്കുമേൽ ബോംബു വർഷിക്കുകയും ചെയ്യുമ്പോൾ സംസ്കാരമെന്നതുകൊണ്ടു
എന്താണര്‍ത്ഥമാക്കുന്നത്?പരസ്പരണനശീകരണത്തിനുള്ള ഏറ്റവും നീചമായ മാർഗ്ഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുമ്പോൾ മാനവികതയുടെ പുരോഗതിയെന്നാൽ എന്താണ്? നോവൽ അവസാനിക്കുമ്പോൾ ഉത്തരം നല്കാൻ ബുദ്ധിമുട്ടുള്ള ഈ ചോദ്യങ്ങൾ തന്നെയാകും നമ്മളിലവശേഷിപ്പിക്കുക.
പുസ്തകത്തിന്റെ ഒടുവിൽ പറഞ്ഞിരിക്കുന്നതുപോലെ ബാഗ്ദാദ് ക്ലോക്ക് ഒരു പ്രദേശത്തിന്റെ ചരിത്രരേഖതന്നെയാണ് പറയുന്നത് .
അറബിയിൽ എഴുതപ്പെട്ട ഈ നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ലൂക്ക് ലീഫ്ഗ്രെനാണ്.
അനിതാ നായരുടെ കൃഷ്ണ Chain of Custody ,ഭുവന ,ചാർലി ചാപ്ലിന്റെ ആത്മകഥ,ഷൂസെ സരമാഗോയുടെ കുരുന്നോർമകൾ തുടങ്ങിയവ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയ സ്മിതാ മീനാക്ഷിയാണ് ബാഗ്ദാദ് ക്ലോക്കും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമിയാണ് പ്രസാധനം, വില 330 രൂപ.
