ഡോക്ടർ ദൈവമല്ല

ചികിത്സ ഫലിക്കുന്നത് രോഗിയുടെ മനസ്സിലൂടെയാണെന്നു ആദ്യം പറഞ്ഞത് ആരാണെന്നു അറിഞ്ഞുകൂടാ, എങ്കിലും രോഗിയുടെ അത്തരം മാനസികാവസ്ഥയെ രൂപപെടുത്തിയെടുക്കുന്നതിൽ ഡോക്ടർമാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ഡോക്ടറെ കണ്ട് മടങ്ങുമ്പോഴേക്കും മരുന്ന് കഴിക്കുന്നതിനും മുൻപേ തന്നെ ഇപ്പൊ നല്ല ആശ്വാസം തോനുന്നുന്നു എന്നപോലെയുള്ള അനുഭവം നമ്മളിലാരെങ്കിലുമൊക്കെ ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമെന്നു തീർച്ചയാണ്.

വർഷങ്ങൾക്ക് മുൻപ് വൈദ്യപർവ്വം എന്ന പേരിൽ പരമ്പരയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഡോക്ടർ ദൈവമല്ല എന്ന പുസ്തകമായി ഡോക്ടർ ഖദീജ മുംതാസിന്റേതായി പുറത്തു വന്നിട്ടുള്ളത്. ഒരു പക്ഷെ കോഴിക്കോട്ടുള്ളവർക്കൊക്കെ സുപരിചിതയായിയിരിക്കും ഡോക്ടർ. പലതവണ അവർ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലും മറ്റുമുള്ള സാഹിത്യചർച്ചകളിലും വന്നു സംസാരിക്കാറുണ്ട്.

ഡോക്ടർ രോഗീ ബന്ധത്തിന്റെ ജൈവികതയുടെ ആവിഷ്കാരമാണ്‌ പുസ്തകത്തിലെ പതിനഞ്ചു ലേഖനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഡോക്ടർമാർ അനുഭവങ്ങൾ പറയുന്ന ഇത്തരം പുസ്തകങ്ങൾക്ക് നിരവധി മുൻ മാതൃകകൾ നമുക്ക് മുന്നിലുണ്ട്. ഡോക്ടർ പി വി ഗംഗാധരന്റെ പുസ്തകങ്ങളും, അദ്ദേഹത്തിൻേതായി മാതൃഭൂമി വാരാന്ത്യ പതിപ്പുകളിൽ വന്ന നിർവധി ലേഖനങ്ങളും ശ്രദ്ധേയമായിരുന്നുവല്ലോ. നടൻ ഇന്നസെന്റും അത്തരം നിരവധി സംഭവങ്ങൾ പലയിടങ്ങളിലായി പങ്കുവെച്ചിട്ടുണ്ട്. ഡോക്ടർമാർക്ക് രോഗവിവരങ്ങൾ മാത്രമല്ല, രോഗികളുടെ ജീവിതകഥയും കേൾക്കാനുള്ള യോഗമുണ്ട്. രോഗപീഡയിൽ വലയുന്ന രോഗികൾ തങ്ങളുടെ ദൈനതയുടെ,കഷ്ടപ്പാടിന്റെ ഉരുക്കഴിച്ചിടുന്നത് തങ്ങൾ ദൈവത്തെ പോലെ കാണുന്ന ഡോക്ടർ മാരുടെ മുന്നിലാണ്. ദൈവം കഴിഞ്ഞാൽ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഒരു വിഭാഗമായതുകൊണ്ടാകാം ഡോക്ടർമാരുടെ മുന്നിൽ രോഗികൾ അവരുടെ തങ്ങളുടെ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ ,പ്രത്യക സാഹചര്യങ്ങളിൽ ഒന്നും ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിൽ ഇരിക്കേണ്ടി വരുന്ന വെറും മനുഷ്യജീവി മാത്രമാണ് തങ്ങളെന്നും പറയുകയാണ് ഡോക്ടർ ഖദീജ മുംതാസ്. അത്തരത്തിലുള്ള നിരവധി അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ നമുക്കു മുന്നിലെത്തുന്നത്. അതിലാകട്ടെ കൂടുതലും നിറഞ്ഞു നിൽക്കുന്നത് സ്ത്രീകളും.

സ്വന്തം മകൾക്കു അവളുടെ അച്ഛനിലുണ്ടായ കുഞ്ഞിനെ അവളുടെ ‘അമ്മ ആരായിട്ടു വളർത്തും ?ഇത്തരത്തിലുള്ള ഒരു ചോദ്യത്തെ ഡോക്ടർ എങ്ങനെയായിരിക്കും പ്രതികരിച്ചിട്ടുണ്ടാകുക?. സ്വതം നഷ്ടപ്പെട്ടവരുടെ നിലവിളികൾ, അവരുടെ വിവിധ ഭാവങ്ങൾ, അവർ നേരിടേണ്ടി വരുന്ന കഠിന പരീക്ഷണങ്ങൾ ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് ഡോക്ടർ ഈ പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്.പരസ്പരപൂരകങ്ങളായി വർത്തിക്കേണ്ടതിനു പകരം ശാരീരികമായ മുൻ‌തൂക്കം മുതലെടുത്തു ചപലനും സ്വാർത്ഥനുമായ പുരുഷൻ, മാനസികമായി പക്വമതിയായ സ്ത്രീയെ ഭരിക്കുന്നതിലെ അസന്തുലിത്വമാണ് ഇവിടുത്തെ അസ്വസ്ഥതകൾക്കും ,അസമാധാനത്തിനുമുള്ള ഹേതു എന്ന് താൻ കേട്ട അനുഭവ കഥകളെ ആധാരമാക്കികൊണ്ട് ഡോക്ടർ പറയുന്നു.

ബർസ എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് നേടിയ ഖദീജ മുംതാസിന്റെ ഈ പുസ്തകവും ഡിസി ബുക്ക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്, വില 120 രൂപ.

അവസാനത്തെ വായനക്കാരനും കിണറ്റിലെ ശവശരീരവും

 

 
പുസ്തകങ്ങളെകുറിച്ചും,വായനയെക്കുറിച്ചുമൊക്കെ പരാമർശിക്കുന്ന നിരവധി നോവലുകളുണ്ട് . മലയാളത്തിലും  അത്തരത്തിലുള്ളവയെ കാണാൻ കഴിയും. സൂസന്നയുടെ ഗ്രന്ഥപ്പുരയും,കിളിമഞ്ജാരോ ബുക്സ്റ്റാളൊക്കെ അത്തരത്തിലുള്ളവയാണ്. പുസ്തകങ്ങൾ വഴികാട്ടിയാണെന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടാകുമല്ലോ . എന്നാൽ താനകപ്പെട്ട കുഴപ്പം പിടിച്ച ഒരു പ്രശ്നത്തിൽ നിന്നും പുസ്തകങ്ങൾ രക്ഷിക്കാനെത്തുന്ന ഒരു പ്രമേയമാണ് മെക്സിക്കൻ നോവലിസ്റ്റായ  ഡേവിഡ് ടോസ്കാനയുടെ ലാസ്റ്റ് റീഡർ എന്ന  നോവലിൽ കാണാനാകുക. എഴുത്തുകാരന്റെ  ആഖ്യാന ശാസ്ത്രത്തെ മാജിക് റിയലിസത്തിന്റെ വേറൊരുതലമെന്ന് വിശേഷിപ്പിക്കാവുന്നതരത്തിലുള്ള  നോവൽകൂടിയാണ്  ലാസ്റ്റ് റീഡർ.

ഒറ്റപ്പെട്ട ഒരു മെക്സിക്കൻ ഗ്രാമമാണ്  ഇകാമോൾ.വർഷങ്ങളായി അവിടെ മഴ പെയ്യാത്തതുകൊണ്ടു എല്ലാവരുടെയും കിണറുകൾ വറ്റിപ്പോയിരിക്കുന്നു. എന്നാൽ വെള്ളമില്ലാത്തത്തിന്റെ പ്രശ്നമൊന്നും അന്നാട്ടുകാരനായ റെമിഗിയോക്കില്ല. അയാളുടെ കിണറ്റിൽ നിറച്ചും വെള്ളമുണ്ട്. എന്നാൽ പെട്ടെന്നൊരു ദിവസം കിണറ്റിനടിയിൽ ഒരു ശവശരീരം കണ്ടെത്തുന്നതോടെ  കഥ മാറുകയാണ്. കണ്ടാൽ പതിമൂന്ന് വയസ്സു തോന്നിക്കുന്ന സുന്ദരിയായ  ആ പെൺകുട്ടി കിണറ്റിൽ തനിയെ വീണതല്ല. ആരോ അവളെ തള്ളിയിട്ടതാണ്. ആരാണ് അത് ചെയ്തതെന്നൊ ,എന്തിനു വേണ്ടി എന്നൊക്കെയുള്ള കാര്യങ്ങൾ വ്യക്തമല്ല. 

ആ നാട്ടിലെ ലൈബ്രേറിയനാണ് ലൂസിയോ. ആദ്യമൊക്കെ പുസ്തകങ്ങൾക്കായി ഫണ്ട് ലഭിച്ചിരുന്നുവെങ്കിലും പോകെ പോകെ അതു നിലച്ചു. അങ്ങനെ ആരും ഉപയോഗിയ്ക്കാൻ മെനക്കിടാത്ത ആ ലൈബ്രറിയിൽ പുസ്തകങ്ങൾക്കൊപ്പം ജീവിക്കുകയാണ് ലൂസിയോ. ലൂസിയോ  റെമിഗിയോയുടെ പിതാവ് കൂടിയാണ്. മരിച്ച ആ പെൺകുട്ടിയെ അന്വേഷിക്കുന്ന ഏതെങ്കിലും ബന്ധുക്കളോ മറ്റോ  ഉണ്ടാകാമെന്നും  അന്വേഷണം വന്നാൽ ആദ്യം കുടുങ്ങുന്നത് താനായിരിക്കുമെന്നും  റെമിഗിയോക്കറിയാം. അത് മനസ്സിലാക്കികൊണ്ട് ഈ കുഴപ്പം പിടിച്ച സംഗതിയിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് തന്റെ പിതാവായ  ലൂസിയോയുടെ അഭിപ്രായം തേടുകയാണ് റെമിഗിയോ.  ഡോൺ ക്വിക്സോട്ടിനെ ഇഷ്ടപ്പെടുന്ന ലൂസിയോ, താൻ വായിച്ച പുസ്തകങ്ങളിലൂടെ തന്റെ ജീവിതം നയിക്കുന്നയാളാണ്. ഈ പ്രശ്നത്തിൽ നിന്നും ഊരിപോരാനുള്ള ആശയങ്ങൾ താൻ  വായിച്ച പുസ്തകങ്ങളിൽ നിന്നുമാണ് ലൂസിയോ നടപ്പിലാക്കുന്നത്. പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച്  പോലീസ് ഊർജ്ജിതമായി അന്വേഷണം തുടരുകയാണ്. ആരാണ് ആ പെൺകുട്ടി , എങ്ങനെ റെമിജിയോയുടെ കിണറ്റിൽ അവൾ വീണു ?ആരാണതിന്റെ പിറകിൽ എന്നെല്ലാം ദുരൂഹമാണ്.

 അവസാനത്തെ വായനക്കാരൻ എന്ന പേരിൽ ഈ നോവൽ മലയാളത്തിൽ ഡിസിബുക്സ് പുറത്തിറക്കിയിട്ടുണ്ട്. വിവർത്തനം ചെയ്തിരിക്കുന്നത് പ്രഭാ സക്കറിയാസാണ്. 160 പേജുകളുള്ള പുസ്തകത്തിന് 120 രൂപയാണ് വില. 

ജമൈക്ക-ഇന്നിലെ നിഗൂഡതകൾ

 


ബ്രിട്ടീഷ് എഴുത്തുകാരിയായ ഡാഫ്നി ഡു മൊറിയെയുടെ ക്ലാസ്സിക് കൃതികളുടെ ഗണത്തിൽ പ്പെടുത്താവുന്ന ഒരു നോവലാണ് ജമൈക്ക ഇൻ.
വായനക്കാരെകൊണ്ട് ഏറ്റവും വേഗത്തിൽ കഥ വായിപ്പിക്കാൻ സാധിക്കണമെന്ന് തന്നെയാണല്ലോ  ത്രില്ലർ എഴുത്തുകാരുടെ ഏറ്റവും വലിയ വെല്ലുവിളി.തന്റെ ഇരുപത്തൊമ്പതാം വയസ്സിൽ എഴുതപ്പെട്ട ഈ നോവൽ  വളരെയധികം സ്വീകരിക്കപ്പെട്ടു.നോവലിനെ ആസ്പദമാക്കി നിരവധി സിനിമകളും പിറന്നു. 


 മേരി യെലാന്  ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോളാണ്  അവളുടെ അമ്മ മരിക്കുന്നത്.അനാഥയായ അവൾ അമ്മയുടെ ആഗ്രഹപ്രകാരം വീടെല്ലാം വിറ്റു അമ്മയുടെ സഹോദരിയായ പേഷ്യൻസ് ആന്റിയുടെ  അടുത്തേക്ക് പോവുകയാണ്.  ജമൈക്ക ഇൻ എന്നറിയപ്പെടുന്ന ഒരു ഹോട്ടൽ നടത്തുകയാണ് അവളുടെ ആന്റിയും ഭർത്താവ് ജോസ് മെർലിനും. അത്രയും  വിവരങ്ങളെ യാത്ര തുടങ്ങുമ്പോൾ മേരിക്കുമറിയൂ. പോകുന്ന വഴിയിൽ വച്ച് തന്നെ കുതിരവണ്ടിക്കാരനിൽ നിന്നും യാത്രക്കാരിൽ നിന്നും ജമൈക്ക ഇന്നിൽ എന്തോ ദുരൂഹമായ പേടിപ്പെടുത്തുന്ന എന്തോ ഉണ്ടെന്ന് മേരി മനസ്സിലാക്കുന്നുണ്ട്. തനിക്കു വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടു മാത്രമാണ് മേരി സത്രത്തിലേക്കു കേറി ചെല്ലുന്നത്. സത്രത്തിനടുത്തേക്ക് പോകാൻ നാട്ടുകാർ എന്തുകൊണ്ടാണ് ഭയപ്പെടുന്നെന്നു മേരി അപ്പോളും അറിയുന്നില്ല.അവൾ പ്രതീക്ഷിച്ച ഒരു സ്വീകരണമായിരുന്നില്ല അവൾക്കവിടെ ലഭിച്ചത്. ഒരു പക്ഷെ ജമൈക്ക ഇന്നിൽ വച്ചായിരിക്കണം  മേരി ആദ്യമായി ഭയം എന്തെന്ന് അറിയുന്നത് തന്നെ.വിചിത്രമായി പെരുമാറുന്ന അവളുടെ അങ്കിൾ ജോസ് മെർലിനും,എപ്പോഴും ആരെയൊക്കെയോ ഭയപ്പെട്ടു ജീവിക്കുന്ന അവളുടെ അമ്മായിയും, സത്രത്തിൽ  ചില സമയങ്ങളിൽ മാത്രം നടക്കുന്ന നിഗൂഢമായ സംഭവങ്ങളും വായനക്കാരിലും ഉദ്വേഗം വാരി നിറയ്ക്കും.
അല്ലെങ്കിലും പ്രധാനപാതയിൽ ഒരു സത്രം നടത്തുകയും എന്നിട്ട് ഒരു യാത്രക്കാരനു പോലും ഉപയോഗമല്ലാത്ത രീതിയിൽ അത് അടച്ചുപൂട്ടി നിഗൂഢമായി വയ്ക്കുകയും ചെയ്യുന്നതിൽ  അസ്വാഭാവികതയല്ലെങ്കിൽ പിന്നെ എന്ത് തോന്നാനാണ്?

 ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലർ വിഭഗത്തിലുള്ള  ഈ നോവൽ  വായനക്കാരെ പലപ്പോഴും നിഗൂഢവും ചിലപ്പോൾ ഭയപ്പെടുത്തുന്നതുമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്നുണ്ട് .പുസ്തകത്തിലെ  ഗോഥിക് അന്തരീക്ഷം തന്നെയാണ് അതിന്റെ ഹൈലൈറ്റ്. നിഗൂഢതകളും സാഹസികതയും വേണ്ടുവോളമുണ്ടെങ്കിലും പ്രണയത്തിനും ഒരിടം നൽകിയിട്ടുണ്ട് എഴുത്തുകാരി.ഡാഫ്‌നി മോറിയെയുടെ ഈ പുസ്തകം വായിച്ചു മടക്കിയാൽ  വായനക്കാർ അവരുടെ മറ്റു പുസ്തകങ്ങൾ തേടിപോകുമെന്നു ഉറപ്പാണ്.

ആൽഫ്രഡ് ഹിച്ച്‌കോക്ക് ഈ നോവലിനെ അതേ പേരിൽ 1939 ൽ സിനിമയാക്കിയിരുന്നു. വാണീജ്യവിജയം നേടിയെങ്കിലും ഹിച്ച്കോക്കിന്റെ മോശം സിനിമകളിലൊന്ന് ചിലപ്പോൾ ഇതായിരിക്കാം. നോവൽ സൃഷ്‌ടിച്ച  പിരിമുറുക്കങ്ങളും , നിഗൂതകളും,ജോസ് മെലാന്റെയുൾപ്പെടയുള്ള പ്രധാന  കഥാപാത്രത്തിന്റെ സ്വഭാവങ്ങളും എന്തുകൊണ്ടോ  സിനിമയിൽ  വേണ്ടവിധം പ്രതിഫലിച്ചു കണ്ടില്ല. എഴുത്തുകാരിയും ഈ  സിനിമയിൽ തൃപ്തയായിരുന്നില്ല എന്ന് കേൾക്കുന്നു.1983 ൽ ഇറങ്ങിയ ലോറൻസ് ഗോർഡൻ ക്ലാർക്കിന്റെ സംവിധാനത്തിൽ ഇറങ്ങിയ നോവലിന്റെ അതെ പേരിലുള്ള സിനിമയും, മൂന്നു എപ്പിസോഡുകളിലായി ബിബിസി ഇറക്കിയ സീരീസും നോവലിനോട് നീതി പുലർത്തിയിട്ടുണ്ട്. 

 

1931 ൽ പുറത്തുവന്ന ദി ലിവിങ് സ്പിരിറ്റ് ആണ് മൊറിയെയുടെ ആദ്യ കൃതി.അവരുടെ ഇരുപത്തൊന്നാം വയസ്സിൽ എഴുതപ്പെട്ട  കഥകൾ  2011 ൽ  കണ്ടെത്തി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.സാധാരണ വിവർത്തനങ്ങളിൽ സംഭവിക്കാറുള്ള ഒരു ചോർച്ച ഇവിടെ അനുഭവിക്കാൻ സാധ്യതയില്ല. അത്രക്കും മികച്ച രീതിയൽ തന്നെയാണ് ഒട്ടും മുഷിപ്പിക്കാതെ ഇതൊരു വിവർത്തനമാണെന്നു തോന്നിപ്പിക്കാത്ത രീതിയിൽ  മീര രമേഷ് ജമൈക്ക ഇൻ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഹാരിയറ്റ് ജേക്കബ്സിന്റെ ഒരു അടിമ പെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ വിവർത്തനം ചെയ്തിരിക്കുന്നതും അവർ തന്നെയാണ്.  സൈകതം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

മെസെൻസ്കിലെ ലേഡി മാക്ബത്ത്

നോവലിസ്റ്റ്,കഥാകൃത്ത്,നാടകകൃത്ത് ,ജേണലിസ്റ്റ് എന്നിങ്ങനെ ഒട്ടേറെ  ബഹുമതികൾ പേറുന്ന  പ്രസിദ്ധ റഷ്യൻ എഴുത്തുകാരനായ നിക്കോളെ ലെസ്ക്കോവിന്റെ 1865 ൽ പുറത്തുവന്ന  നോവലാണ്  മെസെൻസ്കിലെ ലേഡി മാക്ബത്ത്. നിക്കോളെ സെമ്യോണോവിച്ച് ലെസ്ക്കോവ് എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്.  സ്റ്റെബ്നിറ്റ്സ്കി എന്ന പേരിലായിരുന്നു മുൻകാലങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. നിശബ്ദതയുടെ മറവിൽ മറഞ്ഞിരിക്കുന്ന വിനാശകരമായ വികാരങ്ങളെക്കുറിച്ചാണ് ലെസ്ക്കോവിന്റെ ഈ നോവലിൽ  പ്രതിപാദിക്കുന്നത്. മെസെൻസ്കിലെ ലേഡി മാക്ബത്ത് എന്ന   നോവൽ ആദ്യം പ്രത്യക്ഷപ്പെട്ടത് ദസ്തയേവ്സ്കിയുടെ ഏപോക്ക് (epoch )എന്ന മാഗസിനിലായിരുന്നു. 1865 ലായിരുന്നു അത്. റഷ്യൻ ക്ലാസിക്കുകളിൽ   ഏറ്റവും ചർച്ച ചെയ്യപ്പെട്ട നോവലുകളിലൊന്നായി പിന്നീടത് മാറി.
 
പരമ്പരാഗതമായി ധാന്യമാവ് കച്ചവടക്കാരനായിരുന്ന സിനോവി ഇസ്മയിലോവിന്റെ ഭാര്യ കാതറീനയിലൂടെയാണ് നോവൽ ഗതിവികാസം പ്രാപിക്കുന്നത്. ഒരു ദരിദ്ര കുടുംബത്തിൽ പിറന്നതുകൊണ്ട്  സ്വന്തം ഇഷ്ടത്തിനനുസരിച്ച് തന്റെ ഭർത്താവിനെ തിരഞ്ഞെടുക്കാനവൾക്ക് കഴിഞ്ഞില്ല. സിനോവിയുടെ രണ്ടാം കെട്ടായിരുന്നു ഇത്. ആദ്യ ഭാര്യയിൽ കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് സിനോവി കാതറിനെ വിവാഹം കഴിക്കുന്നത്.

ഉയർന്ന മതിൽകെട്ടും ,സദാ സ്വൈരവിഹാരം നടത്തുന്ന കാവൽ നായ്ക്കളുള്ള അടച്ചുപൂട്ടിയ മണിമാളികയിൽ അനുഭവപ്പെടുന്ന മടുപ്പും ഏകാന്തതയും അസംതൃപ്തികളും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ കഥയാണ് നോവൽ പറഞ്ഞു വയ്ക്കുന്നത്.വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല . വീട്ടിലെ അമ്പരിപ്പിക്കുന്ന നിശബദ്ധതയും,ശൂന്യതയും എങ്ങനയൊക്കെ ഒരു സ്ത്രീയെ മാനസികമായി കീഴ്പ്പെടുത്തിക്കളയും എന്നു കാതറീന വായനക്കാർക്കു ബോധ്യപ്പെടുത്തി തരുന്നുണ്ട്. ഭർത്താവിന്റെ അഭാവം തന്റെ മേൽ അധികാരം സ്ഥാപിക്കുന്ന ഒരാളുകൂടി  കുറഞ്ഞുകിട്ടിയതായി ആശ്വാസം കൊള്ളുന്നവളുമാണ് കാതറീന.

ഭർത്താവ് വളരെക്കാലമായി അകലെയായിരുന്നപ്പോൾ, കാതറീന തന്റെ ഭർത്താവിന്റെ  ഗുമസ്തനായ സെർജിയുമായി പ്രണയത്തിലായി. ആ സ്നേഹം അവളെ   പൂർണ്ണമായും പിടിച്ചെടുക്കുകയും ചെയ്തു. അഭിനിവേശത്തിന് ഒരു വ്യക്തിയെ തന്റെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളെ മറികടക്കാൻ ചിലപ്പോൾ അത്ഭുതങ്ങൾ തന്നെ പ്രവർത്തിച്ചെന്നു വരും.ഇതേ അഭിനിവേശത്തിന്  ഒരു വ്യക്തിയെ  കുറ്റകൃത്യത്തിലേക്ക് നയിക്കാനും  അവരുടെ  ജീവിതം  തൽക്ഷണം നശിപ്പിക്കാനും കഴിയും .കാതറീനയുടെ അഭിനിവേശം   അവളുടെ  ചുറ്റുമുള്ള എല്ലാവരെയും നശിപ്പിച്ചുകൊണ്ടായിരുന്നു. മോശമായി ആരംഭിച്ചതെല്ലാം തിന്മയാൽ ശക്തിപ്പെടുന്നു എന്ന കണക്കെ ഒന്നിനു പിറകെ ഒന്നൊന്നായി ആ അഭിനിവേശത്തിനു പിറകെ കാതറീന  നയിക്കപ്പെട്ടു. ഒരു സ്ത്രീ തന്റെ ശരീരത്തിലും ആത്മാവിലും ശക്തയാണ്. അവൾ  സ്വാതന്ത്ര്യസ്നേഹിയും വികാരഭരിതയും  ലക്ഷ്യബോധമുള്ളവളുമാണ്.നോവലിലെ കതറീന ഈ വിശേഷണങ്ങളുടെ  അങ്ങേ തലത്തിൽ നിൽക്കുന്നവളുമാണ്.

ഒരു ചെറിയ നോവലിൽ , നിരവധി വലിയ സംഭവങ്ങൾ ഉൾക്കൊള്ളാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. മറ്റു റഷ്യൻ ക്ലാസ്സിക്കുകളുടെതു പോലെ ഒരു വമ്പൻ നൊവാലൊന്നുമല്ല മെസെൻസ്കിലെ ലേഡി മാക്ബത്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അത്തരം സാർവത്രിക പരിവേഷങ്ങൾ  വികസിപ്പിക്കാൻ ലെസ്ക്കോവ് എന്ന എഴുത്തുകാരന്  കഴിഞ്ഞിട്ടുണ്ട്,

റഷ്യൻ ക്ലാസിക്കുകളിൽ അക്കാലത്ത് പൊതുവേ പ്രകടമായിരുന്ന  ധാർമ്മികതയുടെ  പാഠങ്ങൾ ഈ നോവലിലും കാണാം. നോവലിന്  ഗുസ്താവ് ഫ്ലോബ്ബറിന്റെ മദാം ബോവറിയുമായുള്ള സാമ്യതകൾ നിരൂപകർ അന്ന് തൊട്ടേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഒരു സ്ത്രീയുടെ ജീവിതത്തിൽ എത്രമാത്രം വികാരങ്ങളും പുരുഷ ശ്രദ്ധയും അർത്ഥമാക്കുന്നുവെന്നും ഒരു സ്ത്രീയുടെ ആത്മാവിന് ഏകതാനത എത്രമാത്രം വിനാശകരമാണെന്നും മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു നോവൽ കൂടിയാണിത്. ലെസ്കോവ് തന്റെ കൃതികളിൽ പൊതുവേ ഉപയോഗിച്ചുകാണാറുള്ള നാടൻ കഥകളുടെയും വാമൊഴി പാരമ്പര്യത്തിന്റെയും  നുറുങ്ങുകൾ ഈ നോവലിലും  ഉപയോഗിച്ചിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ വില്യം ഓൾഡ്റൊയ്ഡ്  സംവിധാനം ചെയ്ത് ഫ്ലോറെൻസ് പ്യൂ മുഖ്യവേഷത്തിൽ പ്രത്യക്ഷപ്പെട്ട  ലേഡി മാക്ബത്ത് എന്ന ഇംഗ്ലീഷ് സിനിമ ഈ നോവലിനെ ആസ്പദമാക്കിയതാണ്. 
 

മലയാളത്തിൽ ആദ്യമായിട്ടാണ് ലെസ്ക്കോവിന്റെ പുസ്തകം വരുന്നത്.H&C ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് തുമ്പൂര്‍ ലോഹിതാക്ഷനാണ്. 

എൻ പ്രഭാകരന്റെ ഒറ്റയാൻ നടത്തങ്ങൾ

 



മലയാള സാഹിത്യ പരിസരങ്ങളിൽ എൻ.പ്രഭാകരനെ പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജീവിതത്തെയും, സാഹിത്യത്തെയും പ്രതിബദ്ധതയോടെ വീക്ഷിക്കുകയും ,തന്റെ രചനകളെ സാമൂഹികവും സാംസ്കാരികവും,രാഷ്ട്രീയവുമായ ബാധ്യതകൾക്കപ്പുറം  മനുഷ്യനെയും മനുഷ്യത്വത്തെയും വിലമതിക്കുകയും ചെയ്യുന്നു എന്ന നിലയ്ക്കായിരിക്കും എൻ പ്രഭാകരൻ എന്ന ഒരെഴുത്തുകാൻ   വ്യത്യസ്തനാകുന്നത്  .നൂറ്റമ്പതോളം കഥകളും അഞ്ചു നോവലെറ്റുകളും ആറു  നോവലുകളും രണ്ടു നാടകങ്ങളും മൂന്നു കവിതാ സമാഹരണങ്ങളും ഒരു യാത്രാപുസ്തകവും ഏതാനും ലേഖന സമാഹാരങ്ങളും ഈ എഴുത്തുകാരന്റെതായുണ്ട്. തന്റെ എഴുത്തു സപര്യയുടെ  അമ്പത്തഞ്ചാണ്ടുകൾ  പിന്നിട്ട ഈ നേരത്ത്  ഞാൻ മാത്രമല്ലാത്ത ഞാൻ എന്ന പേരിൽ ഒരു  ആത്മകഥയും  മാതൃഭൂമി ബുക്സ് പുറത്തിറക്കി കഴിഞ്ഞു. വായനയെ  ഗൗരവപ്പെട്ട സാംസ്കാരിക പ്രവർത്തനമായി കരുതുകയും ,തന്റെ കാലത്തെ സംസ്കാരത്തിന്റെ  ജൈവ പ്രക്രിയ രേഖപ്പെടുത്തുന്ന ഒരാളായി  സ്വയം നിർവചിക്കപ്പെടുകയും ചെയ്യുന്ന ഈ എഴുത്തുകാരന്റെ  മായാമനുഷ്യൻ എന്ന നോവലിനാണ് 2019 ലെ  ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്. 

എഴുത്തിനു ചില സാമൂഹിക ലക്ഷ്യങ്ങൾ വേണമെന്നുള്ള തിരിച്ചറിവ് എഴുത്തുകാരനിൽ രൂപപ്പെട്ടത് ബാലസംഘവുമായും  പിന്നീട്  ദേശാഭിമാനി സ്റ്റഡി സർക്കിളുമായും ഉണ്ടായ   ബന്ധങ്ങളാണ് . അച്ചടിച്ചു  കാണുന്നതിലെ കൗതുകവും,അതിലെ ആനന്ദവും  മാത്രം ലക്ഷ്യമാക്കി ചെയ്യേണ്ടുന്ന ഒന്നല്ല എഴുത്ത് എന്ന  ബോധ്യവും  ഒരുപക്ഷെ അവിടെ നിന്നു തന്നെയാകാം എഴുത്തുകാരന് ലഭിച്ചത് .1971 ൽ  മാതൃഭൂമി വിഷു പതിപ്പിൽ വന്ന ഒറ്റയാന്റെ കഥയാണ്  ആദ്യമായി  എൻ പ്രഭാകരൻ  പേരിൽ പ്രത്യക്ഷപ്പെട്ട ആദ്യകഥ . എൻ.പി എരിപുരമെന്നും , എരിപുരം പ്രഭാകരൻ എന്ന പേരിലുമൊക്കെ കഥകളെഴുതികൊണ്ടിരുന്ന  എഴുത്തുകാരൻ പിന്നീട് എൻ.പ്രഭാകരൻ എന്നപേരിൽ മലയാളികൾക്ക് സുപരിചിതനായി. മതത്തിലും, ദൈവത്തിലും ,വിശ്വാസമില്ലാത്ത, മതാതീതമായ ആത്മീയതയെ  സ്വീകരിക്കാൻ ഒട്ടും മടികാണിക്കാത്ത ഈ എഴുത്തുകാരന്റെ ആത്മകഥയാണ് ഞാൻ മാത്രമല്ലാത്ത ഞാൻ.
 
പുതിയ കാലത്തെ  ആർജ്‌ജവത്തോടെ അഭിമുഖീകരിക്കുകയും, ഭാവുകത്വത്തിൽ  അടിസ്ഥാനപരമായ മാറ്റം ആവശ്യപ്പെടുകയും ചെയ്യുന്ന  ഒരു കൃതി  ഉണ്ടായിക്കഴിഞ്ഞാൽ വളരെ സത്യസന്ധ്യമായ വായനയിലൂടെയും,ആരോഗ്യകരമായ  സംവാദങ്ങളിലൂടെയും അതിനെ സമൂഹത്തിന്റെ  ആന്തരിക ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കെല്പുള്ള ഒരു വായന സമൂഹവും  നിരൂപകരും വേണം .പക്ഷേ മലയാളത്തിൽ ഈ രണ്ടുകൂട്ടരും  ഉണ്ടായിവരുന്നില്ല എന്നുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ് . കൃത്യവും,ക്രിയാത്മകവുമായ  നിരൂപണങ്ങളുടെ അഭാവമാണ്  മോശം സാഹിത്യ കൃതികളെ വായനക്കാരിൽ അടിച്ചേൽപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. 

സാഹിത്യത്തിന്റെയും   കലകളുടെയും പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിൽ  താല്പര്യം  പുലർത്താത്ത വിദ്യാഭാസ ആശയങ്ങൾ  അവരുടെ മാനസിക ലോകത്തിനുണ്ടാക്കി  വെയ്ക്കുന്ന  നഷ്ടം നികത്താനാകാത്തതു  തന്നെയാണ് .സാഹിത്യ രചനകളിൽ  സാഹിത്യത്തെ പുറകോട്ടു തള്ളി രാഷ്ട്രീയം മുഖ്യ  വിഷയമായി വരുന്നത് എഴുത്തുകാരിലും  നല്ല വായനക്കാരിലും  മടുപ്പുണ്ടാക്കും. എഴുത്തുകാരോടും അവരുടെ കൃതികളോടും  തോന്നുന്ന വിധേയത്വവും ആരാധനയും പ്രോൽസാഹിപ്പിക്കപ്പെടരുതെന്നും  അവ നല്ല വായനയെ  സാധ്യമാക്കില്ലെന്നും അദ്ദേഹം പറയുന്നു . കൃതികളെ സംവദാത്മകമായി സമീപിക്കുന്ന ശീലം പൊതുവേ നഷ്ടപ്പെട്ടു തുടങ്ങിയ ഈ കാലത്ത്  ഇത്തരം തുറന്നു പറച്ചിലുകൾ ചിലരുടെയെങ്കിലും കണ്ണ്  തുറപ്പിക്കാൻ കഴിഞ്ഞെങ്കിൽ നന്നായിരുന്നു.

 
അന്തിമമായി എത്തിച്ചേരേണ്ട  അഭിപ്രായം  ഇന്നതാണെന്ന് സംഘാടകർ  മുൻകൂട്ടി തീരുമാനിക്കുകയാണെങ്കിൽ  ആ ചർച്ച  കൊണ്ട് പിന്നെ കാര്യമായ പ്രയോജനമൊന്നുമുണ്ടാകുകയില്ലല്ലോ? .ബൗദ്ധികമോ, വൈകാരികമോ ആയ  യാതൊരു ഉണർവ്വും  നൽകാത്ത,പുതിയ  തിരിച്ചറിവുകൾ  ഒന്നും തന്നെ ലഭിക്കാത്ത അത്തരം ചർച്ചകൾ  കുറഞ്ഞപക്ഷം   ഉയർന്ന  ഭാവുകത്വവും ദാർശനിക  ശേഷിയുമുള്ള ചിലർക്കെങ്കിലും   തങ്ങൾ  കബളിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാനിടയുണ്ട്  എന്നദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. 

ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ  അനുഭവങ്ങളുടെയും  ഓർമ്മകളുടെയും  ആവിഷ്ക്കാരത്തിന് വേണ്ടിയാണ്  തന്റെ ഈ ആത്മകഥ എഴുതാൻ  തീരുമാനിച്ചത് എന്നദ്ദേഹം പറയുന്നുണ്ട് . എഴുതാൻ  ഭയന്ന ഡയറികുറിപ്പുകൾ എന്ന അധ്യായത്തിൽ  അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ സഹോദരനെ  കുറിച്ചുള്ള ഓർമകളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത് . അതിവൈകാരികതയില്ലാതെ തുടർന്നുള്ള അദ്ധ്യായങ്ങളിൽ  തന്റെ സഹോദരനെയും , സഹോദരന്റെ  രോഗത്തെകുറിച്ചുമാണ് പ്രധാനമായും പറഞ്ഞുപോയിട്ടുള്ളത്. ഒരുപക്ഷേ വായനക്കാരെ കൂടുതൽ പിടിച്ചിരുത്താൻ കഴിയുന്ന ഒരു ഭാഗമായിരിക്കും അത്. അനുകൂലമായ ഭൗതിക പരിസരങ്ങളും, സമൂഹം വളരെ സ്വതന്ത്രമായും സത്യസന്ധമായും  ആർജ്ജവത്തോടു കൂടിയും നിലനിർത്തുന്ന ആശയ ലോകവും പിന്തുണക്കാനുണ്ടെങ്കിൽ  വ്യക്തികൾക്കു  ഏതാണ്ട് എല്ലാ മാനസിക പ്രയാസങ്ങളെയും  അതിജീവിക്കാൻ  കഴിയും .ഒരാളുടെ സ്വത്വം  അയാൾക്കു മാത്രമായി  രൂപപ്പെടുത്താവുന്ന  ഒന്നല്ല എന്നറിവ് തന്നെയാണ് ആത്മകഥയിലെ അവസാന ഭാഗങ്ങളിലെ അദ്ധ്യായങ്ങൾ നമുക്ക് ബോധ്യപ്പെടുത്തി തരുന്നത്. അപരത്വത്തെ അസ്ഥിത്വത്തിന്റെ  അടിസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടത് മിഖായിൽ ബക്തിനാണ്. അപരത്വത്തിൽ നിന്നു മാത്രമേ ഒരാൾക്ക് തന്റെ സ്വത്വത്തെ വീണ്ടെടുക്കാൻ കഴിയൂ എന്ന  ബക്തിന്റെ വാക്കുകളാണ് ആ ഭാഗങ്ങൾ  വായിച്ചുതീർന്നപ്പോൾ മനസ്സിൽ കടന്നു വന്നത്.
സമീപകാലത്തെഴുതിയ  കളിയെഴുത്ത്  എന്ന കഥയിലെ വിവാദത്തെ കുറിച്ച് എന്തുകൊണ്ടോ തന്റെ ഈ  പുസ്തകത്തിൽ അദ്ദേഹം വിശദീകരിച്ചുകണ്ടില്ല.അതിന്റെ വിശദീകരണങ്ങൾ മറ്റു പല മാധ്യമങ്ങളിൽ കൂടി  നല്കിയിരുന്നുവെങ്കിൽ കൂടിയും  ഈ ആത്മകഥയിൽകൂടി അദ്ദേഹം അതുൾപ്പെടുത്തേണ്ടതായിരുന്നു. സ്ത്രീവിരുദ്ധമെന്ന്  വിമർശകർ ആക്ഷേപിക്കപ്പെട്ട ആ കഥയെ സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾ വായനക്കാർ ഈ പുസ്തകത്തിൽ പ്രതീക്ഷിച്ചാൽ അവരെ കുറ്റം പറയാനൊക്കില്ലല്ലോ!
എഴുത്തുകാരന്റെ ഈ ആത്മഭാഷണങ്ങളിൽ കൃത്രിമത്വമോ മുൻസൂചിപ്പിച്ചപോലെ അതിവൈകരിതയുടെ കെട്ടഴിച്ചുവിടലോ ഒന്നും കാണാൻ കഴിയില്ല. പക്വമതിയായ ഒരെഴുത്തുകാരന് മാത്രമേ ഇത്രമേൽ ആളുകളോട് പുറംമോടികളില്ലാതെ സംവദിക്കാൻ കഴിയുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ആത്മകഥയുടെ ഈ വായന വായനക്കാരിൽ ഒട്ടും  മുഷിച്ചിലുണ്ടാക്കുകയില്ല എന്നു തന്നെ കരുതാം. .  

കെ കെ പ്രകാശത്തിന്റെ അച്ഛന്റെ മകൾ

സ്കൂൾ,കോളേജ് ലൈബ്രറികളിലും എല്ലാ ഗ്രന്ഥശാലകളിലും ഉപയോഗിക്കുവാൻ വേണ്ടി കേരള ഗവൺമെൻറ് ഉത്തരവായിട്ടുള്ള പുസ്തകം എന്ന തലകെട്ടാണ് കെ കെ പ്രകാശത്തിന്റെ അച്ഛന്റെ മകൾ എന്ന പുസ്തകം വായിക്കാനുള്ള താല്പര്യം ഉയർത്തി വിട്ടത്. നാല്പത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ലാൽ ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജാതിയുടെയും,മതത്തിന്റെയും വേലിക്കെട്ടിൽ നിന്നും സ്നേഹം എന്ന മധുര വികാരത്തിന്റെ സാരഥിയായി വരുന്ന ഒരു മനുഷ്യന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഇതിവൃത്തമാണ് നോവലിനുള്ളത് എന്ന് ഇതിന്റെ അവതാരികയിൽ തകഴി പറഞ്ഞിട്ടുണ്ട്. സ്നേഹിക്കാനും,സ്നേഹിക്കപ്പെടാനും വേണ്ടിയാണ് മനുഷ്യൻ. പക്ഷെ ഇപ്പോൾ നടക്കുന്നതോ?
റിട്ടയേഡ് ഡിട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി റാവു ബഹദൂർ രാവുണ്ണി മേനോൻ ആ നാട്ടിലെ എല്ലാവരും അംഗീകരിക്കുന്ന വ്യകതിത്വമാണ്. മകൾ വത്സലയും ,ഭാര്യ കല്യാണികുട്ടിയുമടങ്ങുന്ന ഒരു കൊച്ചുകുടുംബമാണ് മേനോന്റെത്. തന്റെ പദവിയും,സ്ഥാനമാനങ്ങളും,പണവും സമൂഹത്തിൽ അദ്ദേഹത്തിന് ഉന്നത സ്ഥാനം നേടിക്കൊടുത്തു. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്രത്തിന്റെ പത്രാധിപരും ഉറ്റ സ്നേഹിതനുമായ രാജശേഖരന്റെ കത്താണ് കഥയുടെ തുടക്കം.
ഉടനെ പുറത്തിറക്കാനുള്ള സ്പെഷ്യൽ പതിപ്പിന് വേണ്ടി വളരെ പെട്ടെന്ന് തന്നെ ഒരു കഥയെഴുതി തരണം എന്ന ആവശ്യമാണ് സുഹൃത്ത് കത്തിൽ പറഞ്ഞിരിക്കുന്നത് . സുഹൃത്തിന്റെ കത്ത് വന്നതോടെ ഇരുപത്തിമൂന്ന് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ ഓർത്തെടുക്കുകയാണ് മേനോൻ.തന്നെക്കാൾ വളരെ പ്രായം കുറവുള്ള കല്യാണികുട്ടിയുമായുള്ള കണ്ടുമുട്ടലും മാമൂലുകളെ മറികടന്നുള്ള അവരുടെ വിവാഹവും പക്ഷെ അതൊന്നും ഒച്ചപ്പാടുണ്ടാക്കാൻ മാത്രം ഒന്നുമുണ്ടായില്ല.കാരണം മേനോൻ ആ നാട്ടിലെ പ്രമാണിയായിരുന്നുവല്ലോ.
ഓർമ്മകളിൽ നിന്നും തിരിച്ചുവന്നപ്പോൾ തന്നെ ശരിക്കും അലട്ടുന്ന മറ്റൊരു പ്രശ്നത്തിന് അദ്ദേഹത്തിന് പരിഹാരം കാണേണ്ടിവന്നു. തന്റെ മകൾ വളരെ ദരിദ്രനും ,അന്യ മതത്തിൽപെട്ടവനുമായ ഒരു യുവാവുമായുള്ള പ്രണയത്തിൽ പെട്ടതോടുകൂടിയായായിരുന്നു അത്. സ്വന്തം അനുഭവം ഏതാണ്ട് അത്തരത്തിൽ ഒന്നായിരുന്നിട്ടുകൂടി മേനോന്റെ ഭാര്യയും തുടക്കത്തിൽ അതിനെ എതിർക്കുന്നുണ്ട് .ഒട്ടേറെ മാനസിക സംഘർഷങ്ങൾക്കു ശേഷം മേനോൻ തന്റെ വിവേകപൂർണ്ണമായ തീരുമാനം നടപ്പിലാക്കുകയാണ്.
ഇന്നത്തെ കാലത്തു ഇത് വായിക്കുമ്പോൾ എന്ത് പുതുമ എന്ന് തോന്നുമെങ്കിലും പത്തമ്പത് വർഷങ്ങൾക്കു മുൻപുള്ള ഇവിടുത്തെ സാമൂഹിക സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ .യുക്തിബോധവും ചിന്താശക്തിയുമുള്ള മനുഷ്യമനസ്സുകളുടെ മർദ്ധനങ്ങളേറ്റാണ് മതങ്ങളുടെ മതിലുകൾക്കിപ്പോൾ ബലക്ഷയമേറ്റിട്ടുള്ളത്. മനുഷ്യൻ ജാതിക്കും മതത്തിനും അതീതനായിരിക്കേണ്ട സ്നേഹമെന്ന മതത്തിലാണ് നമ്മൾ വിശ്വസിക്കേണ്ടതെന്നുമാണ് നോവലിന്റെ സാരാംശം. അപ്പോൾ പത്രാധിപർ രാജശേഖരൻ ആവശ്യപ്പെട്ട കഥ ? അത് തന്നെയാണ് ഈ നോവലിന്റെ കഥ. മേനോന്റെ സ്വന്തം ജീവിത കഥ.
നേരത്തെ സൂചിപ്പിച്ചപോലെ പുതിയകാലത്തെ കഥകളിലെതുപോലെ പുതുമയൊന്നും അവകാശപ്പെടാനാകില്ലെങ്കിലും വർത്തമാന കാലത്തെ സാമൂഹിക പ്രസക്തി അവകാശപ്പെടുന്ന ഒരു നോവലാണിതെന്നു പറയേണ്ടിവരും . തന്റെ ഇരുപതാമത്തെ വയസ്സിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചയാളാണ് കെ കെ പ്രകാശം. നിരവധി ലേഖനങ്ങളും,നോവലുകളും,ചെറുകഥകളും ആനുകാലികങ്ങളിൽ എഴുതിയിട്ടുണ്ട്. 1975 ലാണ് അച്ഛന്റെ മകൾ ആദ്യം പ്രസിദ്ധീകരിക്കുന്നത്. 2006 നവംബർ 18 ന് കെ കെ പ്രകാശം അന്തരിച്ചു.

സെപ്റ്റംബർ 30 ഇന്ന് ലോക വിവർത്തന ദിനം



ഓരോ ജനതയുടെയും സംസ്കാരം അവരുടെ സാഹിത്യരചനകളിൽ പ്രതിഫലിക്കുന്നുണ്ട്. കാരണം സാഹിത്യം വിശാലമായ അർത്ഥത്തിൽ സംസ്കാരത്തിന്റെ സൃഷ്ടികൂടിയാണ്. വിവർത്തനം കേവലം ഭാഷാപരമായ ഒരു വെച്ചുമാറ്റമല്ല. ഒരു ഭാഷയിൽ പ്രകാശിപ്പിച്ച അർത്ഥം പറിച്ചെടുത്ത് മറ്റൊരു ഭാഷയിൽ നട്ടുണ്ടാക്കുന്നത് അത്ര എളുപ്പപ്പണിയുമല്ല. അത് ഒരു സർഗ്ഗ പ്രക്രിയയാണ്. യാന്ത്രികപരമായ ബുദ്ധിപരതയല്ല അതിനവശ്യം പ്രതിഭ തന്നെയാണ്.

ഒരു ഭാഷയിൽ നിന്നു മറ്റൊരു ഭാഷയിലേക്ക് പകരുന്ന അർത്ഥമണ്ഡലത്തിന് സംഭവിക്കുന്ന പരിണാമം സങ്കീർണ്ണമ്മായ ഒരു സാംസ്കാരിക പ്രക്രിയയാണ്. വിവർത്തന പ്രക്രിയ രണ്ടു ഭാഷകളുമായി ബന്ധപ്പെട്ടതാണ്. ഏത് ഭാഷയിൽ നിന്നു വിവർത്തനം ചെയ്യുന്നോ അതിനു സ്രോതഭാഷയെന്നും,ഏത് ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നോ അതിനെ ലക്ഷ്യ ഭാഷയെന്നും വിളിക്കുന്നു.
(കടപ്പാട്:താരതമ്യ സാഹിത്യ പരിചയം ,എഡിറ്റർ:-ചാത്തനാത്ത് അച്യുതനുണ്ണി)
മൗലിക രചനയെപ്പോലെ തന്നെ പരിഭാഷയും സർഗ്ഗാത്മകമായ പ്രവർത്തിയാണ്. പക്ഷേ സർഗ്ഗാത്മകകലാകാരന് സമാനമായ സ്ഥാനം പരിഭാഷകന് ആരും നൽകാറില്ല. പരിഭാഷകളെ കുറിച്ച് സംസാരിക്കുമ്പോഴും  വിവർത്തനത്തിനു പിന്നിൽ പണിയെടുത്തവരെ വേണ്ടവിധം അടയാളപ്പെടുത്തി കണ്ടിട്ടില്ല. തീർച്ചയായും അവരും ഒട്ടും കുറയാതെ പരിഗണിക്കപ്പെടേണ്ടതാണ് .

ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ -വായനക്കാരെ അസ്വസ്ഥതപ്പെടുത്തുന്ന നോവൽ -2020 ലെ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി

 

 

 

 

അപരത്വത്തെ അസ്ഥിത്വത്തിന്റെ  അടിസ്ഥാനമാണെന്ന്  അഭിപ്രായപ്പെട്ടത് മിഖായിൽ ബക്തിനാണ്. അപരത്വത്തിൽ നിന്നു മാത്രമേ ഒരാൾക്ക് തന്റെ സ്വത്വത്തെ വീണ്ടെടുക്കാൻ കഴിയൂ എന്ന  ബക്തിന്റെ നിർവചനത്തോട് ചേർന്ന് നിൽക്കുന്ന ഒരു നോവലാണ് എലെന ഫെറാന്റേയുടെ ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ. 2002 ൽ ഇറ്റാലിയൻ ഭാഷയിൽ I giorni dell’abbandono എന്ന പേരിൽ ഇറങ്ങിയ നോവൽ പിന്നെയും മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടത്. ആൻ ഗോൾഡ്സ്റ്റീൻ ആയിരുന്നു അത് പരിഭാഷപ്പെടുത്തിയത്. സമൂഹഭാവന സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് പുതുരൂപം പ്രാപിച്ചാണ് നിലകൊള്ളുന്നത്.സ്വാഭാവികമായും അത്തരം പരിണാമങ്ങൾ സാഹിത്യ രചനകളെയും പലതരത്തിൽ സ്വാധീനിക്കാനിടയുണ്ട് .സമകാലിക ജീവിതത്തിന്റെ വിരസതയും,കുടുംബജീവിതത്തിന്റെ ആസ്വാസ്ഥ്യങ്ങളും,മടുപ്പും ആകാംക്ഷകളുമൊക്കെ സംഭവിക്കുന്ന ഒരു കുടുംബിനിയുടെ ജീവിതമാണ് ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ എന്ന നോവലിൽ നിറഞ്ഞു നിൽക്കുന്നത്. സ്ത്രീകളുടെ പൊതുവേയുള്ള അവബോധത്തിന്റെയും, സംവേദനക്ഷമതയുടെയും,അവരുടെ ശക്തിയും ബലഹീനതയും സംബന്ധിച്ച  വശങ്ങളെക്കുറിച്ചുമൊക്കെ കൈകാര്യം ചെയ്യുന്ന ഒരു നോവൽ കൂടിയാണിത്.
 
ഓൾഗയ്ക്കും മരിയോയ്ക്കും ജാന്നിയെന്നും ,ഇലാരിയെന്നും പേരുള്ള രണ്ടു കുട്ടികളും ഒരു നായയുമുണ്ട്,ശാന്തനും,ഭാര്യയെ നല്ലപോലെ  മനസ്സിലാക്കിയവനും,വീടും കുടുംബവും ഒഴിച്ചു കൂടാത്തവനുമൊക്കെയായാണ്  ഓൾഗ തന്റെ ഭർത്താവിനെ തുടക്കത്തിൽ വിശേഷിപ്പിക്കുന്നത്.അവരുടെ ആ വൈവാഹിക ജീവിതത്തിലുടനീളം  ഓൾഗ തന്റെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുന്നതിനും അയാളെ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടികൂടുതൽ സമയം ചെലവഴിച്ചു. അയാൾ അവളുടേതാണെന്ന് ഉറപ്പുവരുത്താൻ അയാൾക്കിഷ്ടമുള്ളതെല്ലാം വെച്ചു വിളമ്പി.ഒട്ടുമിക്ക സ്ത്രീകളെയും പോലെ തന്റെ ഭർത്താവിനെ നേടിയെന്ന മിഥ്യാധാരണ വച്ചു പുലർത്തിക്കൊണ്ട് ഓൾഗയും ഒരു  വീട്ടമ്മയായി ജീവിച്ചു പോന്നു.
 
പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനു ശേഷം  പെട്ടെന്നൊരു ദിവസം തന്നെ വിട്ടുപോകുമെന്നു പ്രഖ്യാപിക്കുന്ന  ഭർത്താവിന്റെ വാക്കുകളെ ആദ്യമൊന്നും അവൾ വിലക്കെടുക്കുന്നില്ല.  വീടു വിട്ടുപോകാനുള്ള അയാളുടെ  പ്രഖ്യാപനം മുൻപും പലതവണ നടപ്പാക്കിയിരുന്നതിനാൽ കുറച്ചു ദിവസങ്ങളുടെ മടുപ്പിന് ശേഷം അയാൾ തിരികെയെത്തുമെന്ന് അവൾ വിശ്വസിച്ചു.  ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനോടുവിൽ അയാളുടെ വാക്കുകളിലെ ആത്മാർഥത അവൾ തിരിച്ചറിഞ്ഞു.ടൂറിനിലെ വീട്ടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ അവൾ സ്വയം തടവിലാക്കപ്പെട്ടു.
 
പ്രക്ഷുബ്ധമായ മാനസ്സികാവസ്ഥയിലിരുന്നുകൊണ്ട് സ്വയം ശാന്തമാകാൻ നേരം പുലരുന്നതുവരെ എഴുതുക എന്ന ശീലത്തിലേക്കു അവർ വഴുതിവീണു. മരിയോവിനു അവർ എഴുതുന്ന  കത്തുകളുടെ ഉള്ളടക്കം   വായനക്കാരുമായി പങ്കുവെയ്ക്കാൻ അവർ ഒരിക്കലൂം തയ്യാറാകുന്നുമില്ല. അയക്കാതെ വച്ചിരിക്കുന്ന ആ കത്തുകൾ എപ്പോഴെങ്കിലും അയാൾ വായിക്കുമെന്നും  എല്ലാം മനസ്സിലാക്കി അയാൾ കുടുംബത്തിലേക്ക് തിരിച്ചു വരുമെന്നും അവർ കരുതി. മരിയോ ഉപേക്ഷിച്ചതോടുകൂടി കുടുംബത്തിന്റെ സാമ്പത്തിക ഭാവിയും താറുമാറായി.അവഗണനയുടെ  പ്രഹരങ്ങൾക്കടിപ്പെട്ടു നുറുങ്ങിപ്പോയി  ഭ്രാന്തെടുത്തു ചാകുന്ന ഒരു പെണ്ണായി കരുതാൻ അവൾ  ശ്രമിച്ചു.ഒരു ശസ്ത്രക്രിയയ്ക്കിടെ ഒരു രോഗിയുടെ രക്തവും ഉമിനീരും കഫവും പോലെ ജീവിതം എന്നിൽ നിന്ന് ഒഴുകിപ്പോയി എന്നവൾ വിലപിക്കുന്നുണ്ട്. 
 
ഓൾഗയെ കൂടുതൽ ആഴത്തിൽ കഷ്ടപ്പെടുത്തിയത്  സ്വയം നഷ്ടപ്പെട്ടുപോകുന്നുവെന്ന  അവളുടെ മാനസികാവസ്ഥയാണ് .യുക്തിക്കും,ഭ്രാന്തിനും അതിജീവനത്തിനുമിടയിൽ കലുഷിതമായ അവരുടെ മനസ്സ്  അടിയന്തിര സാഹചര്യങ്ങളിൽ  വേണ്ടവിധം തീർച്ചപ്പെടുത്തേണ്ട  ചിന്തകളെയും പ്രവർത്തികളെയും നോവലിൽ കൃത്യമായി  അടയാളപ്പെടുത്തിയിരിക്കുന്നു.
ഭർത്താവ്  ഉപേക്ഷിച്ചു പോയതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഓൾഗയുടെതു മാത്രമായി ചുരുക്കപ്പെട്ടു . അതിന്റെ  ആഘാതത്തിൽ പലപ്പോഴും അവർക്കു  തന്റെ കുട്ടികളെ അവഗണിക്കേണ്ടിവന്നു. പലകാര്യങ്ങൾക്കും  മൂത്തമകൾ ജാന്നിയെ  വളരെയധികം ആശ്രയിക്കേണ്ടിവന്നു.   ജീവിതം മാറിയിരിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയാതെ   ഭ്രമാത്മകതകളുടെ  ഒരു ലോകത്തേക്ക് അവൾ പ്രവേശിക്കപ്പെട്ടു. ആ ലോകം അവൾക്ക് മുന്നിൽ  ഒരു ശൂന്യത പോലെ വളർന്നു വന്നു.
 
മാനസിക വേദന ലഘൂകരിക്കുന്നതിനും , അപ്പോഴത്തെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും  താൻ  ഇപ്പോഴും ആകർഷകമാണെന്ന് സ്വയം പറയാൻ ശ്രമിച്ചുകൊണ്ടു തന്നെയാണ്  അയൽവാസിയായ കാരാനോയുടെ അടുത്ത് അവളെത്തുന്നത് . ആ ബന്ധം  ഒരു പ്രണയത്തിലേക്കൊന്നും എത്തുന്നുമില്ല . അത്പക്ഷെ   അവളിൽ സ്വയം വെറുപ്പും നിരാശയും ഉണ്ടാക്കിയതെയുള്ളൂ . കരാനോയുടെ മുറിയിൽ വച്ച് അയാളുമായി  രമിക്കാൻ ശ്രമിക്കുമ്പോളും തന്റെ ഭർത്താവും അവരുടെ പുതിയ കാമുകിയും അതുപോലൊക്കെ ചെയ്തുകാണും എന്നവൾ ചിന്തിക്കുന്നുണ്ട്. ഒരുപക്ഷേ കരാനോയുമായുള്ള ആ ബന്ധം  മാരിയോടുള്ള പ്രതിഷേധത്തിന്റെ സൂചകമായി മാത്രം  കരുതാനാകില്ല  . രാത്രിവേളകളിലെ അവരുടെ സുഖാനുഭവങ്ങളുടെ ചുണ്ടുകളിലേക്ക് ഞാനെന്റെത് പ്രതികാരത്തോടെ ചേർത്തുവയ്ക്കും എന്നവൾ  പ്രഖ്യാപിക്കുന്നുമുണ്ട്.
എൻ പ്രഭാകരന്റെ കാമസൂത്രം എന്ന ചെറുകഥയിലെ ലീല എന്ന കഥാപാത്രം തന്റെ  ഓഫീസിൽ  കൂടെ ജോലി ചെയ്യുന്ന ജെയിംസിനോടൊപ്പം ഹോട്ടൽ മുറിയിലെത്തിയതിനു  ശേഷം  കാര്യത്തോടടുക്കുന്ന സമയത്ത്   തന്റെ ഭർത്താവിനെ  ഓർക്കുമ്പോളുണ്ടാകുന്ന ധാർമികതയുടെ  ചെന്നിനോവൊന്നും ഇവിടെ  ഓൾഗക്കു സംഭവിക്കുന്നില്ല.
 
ഉപേക്ഷിക്കപ്പെടലിന്റെ അപമാനത്തിൽ ഒരു സ്ത്രീ  പിരിമുറുക്കവും സങ്കടവും കൊണ്ട് തളർന്നു നിൽക്കുമ്പോൾ അവളുടെ മനസ്സ് എപ്രകാരമായിരിക്കും എന്നു പ്രവചിക്കുക അസാധ്യമാണ്.ഇവിടെ അവർ ഒരു അമ്മ കൂടിയാണ്.  ഭദ്രമായ ഒരു കുടുംബത്തിന്റെ അഭാവത്തിൽ മാതൃത്വം, ഏകാന്തത ,നിരാശ,ഉൽക്കണ്ഠ ,അനിശ്ചിതത്വം  എന്നിവകൊണ്ട് കലുഷിതമായ  മാനസികഭാവങ്ങളിലൂടെ കടന്നുപോകുന്ന   ഒരു സ്ത്രീയുടെ  ഭാഷയാണ് നോവലിനുള്ളത് . ആഖ്യാനത്തിലെ കൃത്യതയും ഭാഷയും വായനക്കാരുടെ മനസ്സിൽ ആഘാതം സൃഷ്ടിക്കുകയും ചെയ്യും.
 
 
ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന സമകാലിക എഴുത്തുകാരിൽ ഒരാളാണ് എലെന ഫെറാന്റെ. അവരുടെ ഒട്ടുമിക്ക നോവലുകളും ശ്രദ്ധയാകർഷിക്കപ്പെട്ടവയാണ്. 1992 ലാണ് എലെന ഫെറാന്റേയുടെ ആദ്യ നോവലായ ട്രൌബ്ലിങ് ലവ് പുറത്തുവരുന്നത്. 2006 ൽ അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വന്നു.  
2016 ൽ അവരുടെദി സ്റ്റോറി ഓഫ് ദി ലോസ്റ്റ് ചൈൽഡ്എന്നതിന്റെ ഇംഗ്ലീഷ് പതിപ്പ് മാൻ ബുക്കർ ഇന്റർനാഷണൽ ചുരുക്കപട്ടികയിൽ ഇടം പിടിക്കുകയുണ്ടായി.ആ വർഷം തന്നെ  ടൈം മാഗസിൻ എലീന ഫെറാന്റെയെ ഏറ്റവും സ്വാധീനിച്ച 100 പേരിൽ ഒരാളായി പ്രഖ്യാപിച്ചു.
 
പക്ഷെ ഇത്തരത്തിലുള്ള അന്താരാഷ്ട്ര പ്രശസ്തിയൊക്കെ ഉണ്ടായിട്ടും എഴുത്തുകാരിയെ കുറിച്ച് കൂടുതലായി ആർക്കും ഒന്നും അറിഞ്ഞുകൂടാ.അജ്ഞാതമായി എഴുതുന്നത് പുതിയ കാര്യമല്ലെങ്കിലും  എലെന ഫെറാന്റേ എന്ന എഴുത്തുകാരിയുടെ പേരിനു പിന്നിൽ ശരിക്കും ആരാണ് എന്നതിന്  ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല.
മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് എഴുത്തുകാരിയായ സംഗീത ശ്രീനിവാസനാണ്.
ഒരുപക്ഷെ ഭാഷയുടെ സാംസ്‌കാരിക അതിർവരമ്പുകളെ ഒട്ടുമേ വകവെയ്ക്കാതെ തന്നെയാണ് ഈ നോവലിന്റെ വിവർത്തനം കൈകാര്യം ചെയ്തതെന്ന് പറയേണ്ടി വരും. അതിനു വേണ്ടി മാന്യമായ വാക്കുകൾ അന്വേഷിച്ചു പോകാൻ എഴുത്തുകാരി മെനക്കെട്ടിട്ടില്ല. ഒരുപക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ വിവർത്തനത്തിൽ പാളിച്ചകളുണ്ടാകുമായിരുന്നേനെ. 2020 ലെ വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് സംഗീത ശ്രീനിവാസന് ലഭിച്ചത് ഈ പുസ്തകത്തിനാണ് . എലെന ഫെറാന്റേയുടെ വിവർത്തനം ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതും മലയാളത്തിലാണ്. മേഘ ബുക്ക്സ് ആണ് പ്രസാധകർ.

ഘാതകൻ ഉയർത്തിവിട്ട ചില ചോദ്യങ്ങൾ


 


ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങളുംപ്രതിഷേധങ്ങളും രാജ്യദ്രോഹമോ തീവ്രവാദമോ ആയി  കണക്കാക്കപ്പെടുന്ന ഒരു സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.കലയും   സാഹിത്യവുമെല്ലാം പ്രതിഷേധത്തിനുള്ള ഒരു മുഖ്യ ആയുധം കൂടിയാണ് . ഭരണാധികാരികളെ അസ്വസ്ഥരാക്കാൻ ഒരു സാഹിത്യകൃതിക്കു കഴിയും. ആ ഒരു അർത്ഥത്തിൽ  രാഷ്ട്രീയപരമായി കൂടി വായിക്കപ്പെടേണ്ട  ഒന്നാണ് കെ  ആർ മീരയുടെ ഘാതകൻ എന്ന നോവൽ .2018 നവംബർ 8 ലെ നോട്ടുനിരോധനം തന്നെയാണ് നോവലിൽ തലങ്ങും വിലങ്ങും ചർച്ച ചെയ്യപ്പെടുന്നത്.

 വായനക്കാരോട്  സംവദിച്ചുകൊണ്ട്  അല്ലെങ്കിൽ അവരോടു ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് തന്റെ അനുഭവങ്ങളുടെ തീക്ഷ്ണാനുഭവങ്ങൾ പങ്കുവെയ്ക്കുന്നഒരു ശൈലിയാണ് നോവലിലെ ആഖ്യാതാവായ സത്യപ്രിയ സ്വീകരിച്ചിരിക്കുന്നത്.

നോട്ടു നിരോധനം നടന്ന്  എട്ടു ദിവസങ്ങൾക്കു ശേഷം  സത്യപ്രിയക്കു നേരെ നടന്ന ഒരു കൊലപാതക ശ്രമത്തിന്റെ വിവരണങ്ങളോടെയാണ്  നോവൽ ആരംഭിക്കുന്നത്. ഒരു സ്ത്രീ എപ്പോഴും മറ്റൊരാളുടെ സംരക്ഷണത്തിൽ  ഇരിക്കേണ്ടവളാണെന്നുള്ള പൊതുധാരണയെ  പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നോവലാരംഭത്തിൽ തന്നെ കാണാം. കൊലപാതക ശ്രമത്തിനു ശേഷം ചോദ്യം ചെയ്യാനെത്തുന്ന ചെറുപ്പക്കാരി കോൺസ്റ്റബിളിന്റെ ചോദ്യം തന്നെ അത്തരത്തിലുള്ളതാണ്. 

തന്നെ കൊല്ലാൻ ശ്രമിച്ചവരെ ചികഞ്ഞെടുക്കാൻ പോലീസുമായി സഹകരിച്ചോ അല്ലാതെയോ ഉള്ള ഒരു അന്വേഷണത്തിൽ അവർ ഏർപ്പെടുന്നതോടു കൂടി  നോവലിനു  ഒരു അപസർപ്പക സ്വഭാവം കൈവരുന്നുണ്ട്. വെളിപ്പെടുത്തേണ്ടിയിരുന്ന ആ സത്യം പുറത്തുവരുന്നതിനു മുൻപേ അച്ഛനും മരിച്ചു പോയി. ഏതു നിമിഷവും നീയും വധിക്കപ്പെടും എന്ന അച്ഛന്റെ അവസാന വാക്കുകൾ സത്യപ്രിയയെ എരിപൊരികൊള്ളിച്ചു. തന്റെ കഥപറച്ചിലിനിടയിൽ വായനക്കാരോട് ചോദിക്കുന്ന ഒരുപിടി  ചോദ്യങ്ങളെ കൃത്യമായി കണ്ണികൾ ചേർത്ത് പൂരിപ്പിക്കുകയാണ് കെ ആർ മീര ഇവിടെ ചെയ്തിരിക്കുന്നത്.

 നോവൽ ചർച്ച ചെയ്യപ്പെടുന്ന ജാതീയപരമായ നിരീക്ഷണങ്ങൾ ഒരുപക്ഷെ സമൂഹത്തിൽ ഒരുമാറ്റവുമില്ലാതെ ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതാണ് വാസ്തവം. പരിചിതമല്ലാത്ത ഇടങ്ങളിൽ ആളുകളെ അന്വേഷിച്ചു നടക്കുമ്പോൾ കേൾക്കേണ്ടി വരുന്ന ഒരു ചോദ്യം എന്താ ജാതി എന്നായിരിക്കും. ചോദ്യങ്ങളുടെ രൂപവും,രീതികളും മാറിയെങ്കിലും ജാതി ചോദിക്കൽ  അല്ലെങ്കിൽ പ്രകടിപ്പിക്കൽ ഒരു യാഥാർഥ്യമായി തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോഴും  പത്താം ക്ലാസ്സു സെർട്ടിഫിക്കറ്റിൽ  കുട്ടികളുടെ ജാതി വിളിച്ചു പറയുന്നുണ്ട്. ജാതി പറയരുത് എന്നെ പറഞ്ഞിട്ടുള്ളൂ . പക്ഷെ അത് മറ്റൊരു രീതിയിൽ പ്രദർശിപ്പിക്കപ്പെടുന്നു . ജാതിവിചാരത്തിലെ പൊതുബോധത്തെ തുറന്നു കാട്ടാൻ സത്യപ്രിയയുടെ അച്ഛന്റെ കാലത്തെ സിനിമ സംഭവങ്ങളും പരാമർശിക്കപ്പെടുന്നുണ്ട് .

 അപസർപ്പകനോവലുകളിൽ കണ്ടുവരുന്ന കുറ്റാന്വേഷണരീതികളുടെ  പതിവു വാർപ്പുകൾ ഈ നോവൽ പിന്തുടർന്നിട്ടില്ല.  എന്നിരിക്കിലും സത്യപ്രിയയുടെ അന്വേഷണങ്ങൾ നോവലിനെ ആ തലത്തിലേക്ക് ചിലയിടങ്ങളിൽ ഉയർത്തികൊണ്ടുവരുന്നുമുണ്ട്. ആര്എന്തിന്,എങ്ങനെ എന്നുള്ള മൂന്നു ചോദ്യങ്ങൾക്കുള്ള  ഉത്തരങ്ങൾ കണ്ടെത്താനുള്ള അവരുടെ അന്വേഷണങ്ങൾ പുരോഗമിക്കുന്തോറും സങ്കീർണ്ണമായ പല അവസ്ഥകളിലൂടെയും അവർ കടന്നു പോകുന്നുണ്ട്. തന്റെ ചോദ്യങ്ങളുമായുള്ള യാത്രകൾക്കിടയിൽ  ആത്മകഥ എന്ന പോലെ അവരുടെ ജീവിതാനുഭവങ്ങൾ  നമുക്ക് മുൻപിൽ  വെളിപ്പെടുന്നുമുണ്ട്. ഭൂതകാലത്തിൽ ബന്ധിക്കപ്പെട്ടു കിടന്നിരുന്ന പലതും അവർ കെട്ടഴിച്ചു വിടാൻ നിര്ബന്ധിതയാകുന്നുമുണ്ട് . മറഞ്ഞു കിടന്നിരുന്ന പലരെയും അവർക്കു വായനക്കാർക്ക് മുൻപിൽ നിർത്തേണ്ടി വരുന്നുമുണ്ട്.

  സത്യപ്രിയയുടെ ശരികളെ വായനക്കാരുടെ ശരികളുമായി പൊരുത്തപ്പെട്ടുപോകണമെന്നില്ല.അവർ ജനിച്ചു വളർന്ന ചുറ്റുപാടുകൾഎല്ലാവരുമുണ്ടായിട്ടും കുടുംബത്തിനും,തനിച്ചും  നേരിടേണ്ടി വന്ന അരക്ഷിതാവസ്ഥകൾ,കണ്ടുമുട്ടേണ്ടി വന്ന പലരിൽ നിന്നും അനുഭവിച്ചറിഞ്ഞ കയ്പ്പുള്ള അനുഭവങ്ങൾ ഇതെല്ലം അവരെ അത്തരത്തിൽ പാകപ്പെടുത്തിയതാണെന്നു വിശ്വസിക്കേണ്ടിവരും. അദ്ധ്യായങ്ങൾ മുന്നേറുന്നതൊടെ   അവരുടെ പൂർവകാലം പതിയെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്  .കഥ പറയുന്ന ശൈലിയിൽ  ഒരുപക്ഷേ അത്തരത്തിലുള്ള  പൂർവ മാതൃകകൾ ഒരുപാട് നമുക്കു മുന്നിലുണ്ടെങ്കിലും ഭൂതകാല സംഭവങ്ങളെ കൂട്ടികുഴച്ചുകൊണ്ടുള്ള ഒരു കഥപറച്ചിൽ രീതിയാണ്  നോവലിൽ നമുക്ക് കാണാനാകുക.

 പോലീസ് തേടുന്ന കശ്മീരിയുവാവിനെഅവനൊരു ആളെകൊല്ലി ക്രിമിനൽ ആണെന്നറിഞ്ഞിട്ടും എന്തിന് പ്രേമിച്ചു എന്ന പോലീസിന്റെ ചോദ്യത്തിന് സത്യപ്രിയയുടെ മറുപടി കുറിക്കു കൊള്ളുന്നതാണ് . ക്രിമിനൽ ആണെന്ന് ഇനിയും കോടതി തീർപ്പ് കൽപ്പിക്കാത്ത ഒരാളെ പ്രേമിക്കുന്നതിൽ എന്താണ് തെറ്റ് എന്നുള്ള മറുപടിയ്ക്കു മറുപക്ഷത്തിന് കൃത്യമായ മറുപടികളില്ല. ഇനി അഥവാ കൊന്നിട്ടുണ്ടെങ്കിൽ  തന്നെ നമ്മുടെ ഭരണാധികാരികൾ കൊന്നു തള്ളിയവരുടെ ആയിരത്തിലൊന്ന് പോലുമില്ല എന്നവർ പറയുന്നുണ്ട്.  ചോദ്യം ചെയ്യുന്നവരെ മറുചോദ്യങ്ങൾക്കൊണ്ട് കീഴടക്കുന്നഎവിടെയും തന്റെ അപ്രമാദിത്വം കാത്തുസൂക്ഷിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യാൻ കൂട്ടാക്കാത്ത ഒരു കഥാപാത്രമാണ് സത്യപ്രിയ. താൻ കയറിച്ചെല്ലുന്ന എവിടെയും തന്റെ ആധിപത്യം പ്രതീക്ഷിക്കുകയും ,അതിനു വേണ്ടി വാക്കുകൾ യഥേഷ്ടം ഉപയോഗിക്കാൻ ഒരു മടിയുമില്ല അവർക്ക്. ചേട്ടന്മാർ  അധികാരം പ്രയോഗിക്കും എന്നതുകൊണ്ട് തനിക്ക് യഥേഷ്ടം അധികാരം പ്രയോഗിക്കാൻ കഴിയുന്ന അനിയന്മാരാണ് നല്ലത് എന്നവർ ഒരിടത്ത് പറയുന്നുണ്ട്. 

 സത്യപ്രിയക്ക് പറയാൻ ഒരു കഥയെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ കഥ അവസാനമില്ലാത്തതും ,ഒരുപാട് കഥകൾ കൂട്ടി ചേർത്തതുംനിരവധി കഥാപാത്രങ്ങളുടെ അനുഭവങ്ങൾ കൊണ്ടു കെട്ടുപിണഞ്ഞു കിടക്കുന്നതുമായിരുന്നു. കുരുക്കുകൾ ഓരോന്ന് അഴിക്കാൻ ശ്രമിക്കുംതോറും മറ്റിടങ്ങളിലെ കുരുക്കുകൾ മുറുകുകയോ ,കെട്ടുകൾ പുതുതായി സൃഷ്ടിക്കപ്പെടുകയോ ചെയ്തു .ഘാതകനെ അന്വേഷിച്ചുള്ള യാത്രകൾ ഒരു എലിയും പൂച്ചയും കളിയായി  തോന്നിപ്പിക്കുന്നുമുണ്ട്. ആരാണ് ആ ഘാതകൻ എന്നറിഞ്ഞാൽ തന്നെയും എന്തിന് എന്നുള്ള ഒരു ചോദ്യവും പൂരിപ്പിക്കാതെ കഥ പൂർണ്ണമാകുകയില്ലല്ലോ .അതിലേക്കുള്ള യാത്രകളാണ് പിന്നീടവർ നടത്തുന്നത്. 

 അനായാസം കഥ പറഞ്ഞുപോകുന്ന തനി മീരയൻ‘ ശൈലി തന്നെയാണ് ഈ നോവലിന്റെയും പ്രത്യേകത. എന്തുകൊണ്ട് അഹിംസയെ കുറിച്ചുമാത്രം വീണ്ടും എഴുത്തുകാരിക്ക് എഴുതേണ്ടി വന്നു എന്ന ചോദ്യത്തിനുത്തരം ഈ നോവലിൽ കിടപ്പുണ്ട്. 

നോട്ടുനിരോധനം കൂടാതെ പീഡോഫീലിയ,പാലായനം,മാവോയിസ്റ്റ്തീവ്രവാദം,ചൂഷണം,വ്യഭിചാരം,പക,ആർത്തി,വിശപ്പ്,കുടുംബഭദ്രത,കപട ഭക്തി,കോർപ്പറേറ്റ് ജീവിതം തുടങ്ങീ  വിഷയങ്ങൾ വേണ്ട വിധം നോവലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രീയപരമായ വിഷയങ്ങളെ സംബന്ധിച്ചുള്ളതാണെങ്കിലും    ആക്ഷേപഹാസ്യത്തിന്റെ അനുരണനങ്ങൾ നോവലിൽ അങ്ങിങ്ങായി ചിതറികിടപ്പുണ്ട്.അതുകൊണ്ടു തന്നെ നോവലിന് കൂടുതൽ ഇണങ്ങുന്നതും ഒരു രാഷ്ട്രീയ മുഖമാണ്.നോട്ടു നിരോധനവുമായി ബന്ധപ്പെട്ട സത്യപ്രിയയുടെ മിക്ക ചോദ്യങ്ങൾക്കും  ഉത്തരം പറയേണ്ടതു വായനക്കാരല്ല മറിച്ച് ഭരണകൂടം തന്നെയാണ് ,അവർക്ക് മാത്രമാണ്  കൃത്യമായ ഉത്തരങ്ങൾ നല്കാൻ   ബാധ്യതയുള്ളതും. അതുകൊണ്ടു തന്നെ ആ ചോദ്യങ്ങളെ നോട്ടുനിരോധനം പോലെ അത്രയെളുപ്പം  അസാധുവാക്കാൻ  കഴിയുകയുമില്ല.

 

പുസ്തകഭ്രാന്തനായ ഒരു കള്ളന്റെ കഥ

 

ബിബ്ലിയോഫൈൽ എന്ന പദത്തിന്  പുസ്തകപ്രേമി എന്നാണർത്ഥം, ബിബ്ലിയോമാനിയ  എന്നതിന് പുസ്തകഭ്രാന്തെന്നും. ഇവ തമ്മിലുള്ള അതിർവരമ്പ് വളരെ നേർത്തതാണ്. ഈ രണ്ടു വാക്കുകളും ആദ്യമായി ഉപയോഗിച്ചത് 1809 ൽ   ഒരു ഇംഗ്ലീഷ് പുരോഹിതനായ ഫ്രോനാൽ ഡിബ്ഡിൻ ആയിരുന്നു.Bibliomania or Book Madness എന്ന പുസ്തകത്തിലായിരുന്നു അവ പ്രത്യക്ഷപ്പെട്ടത് . (https://www.gutenberg.org/ എന്ന വെബ്സൈറ്റ് ൽ ആ പുസ്തകം വായിക്കാൻ സാധിക്കും)

ഈ വായനാ ഗ്രൂപ്പിലുള്ള പലരെയും മേല്പറഞ്ഞ പുസ്തകപ്രേമികളുടെയും,പുസ്തകഭ്രാന്തരുടെയും  കള്ളികളിൽ  ഉൾപ്പെടുത്തിയാൽ ഏതിലായിരിക്കും ഏറ്റവും കൂടുതൽ ആളുകളുണ്ടാകുക?
പുസ്തകങ്ങളെ മോഷ്ടിക്കാൻ വേണ്ടി മാത്രം പുസ്തകങ്ങളെ സ്നേഹിച്ച ജോൺ ഗിൽക്കി എന്ന  കള്ളന്റെ കഥയാണ് പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ എന്ന ആലിസൺ ഹൂവർ ബാർട്ലെറ്റിന്റെ നോവൽ പറയുന്നത്. ഇതുവരെ വായിച്ചതിൽ വച്ച് പുസ്തകങ്ങൾ ഇത്ര ധാരാളമായി  കടന്നു വരുന്ന നോവലുകളിൽ  എത്രാമത്തെ പുസ്തകമാണ് ഈ  നോവൽ എന്നത് കൃത്യമായി ഓർമ്മയില്ല. മലയാളത്തിലെ കാര്യമായെടുത്താൽ അത്തരമൊരു പ്രമേയം കൈകാര്യം ചെയ്തവർ അപൂർവ്വമാണ് എന്നാണ് തോന്നുന്നത് . സൂസന്നയുടെ ഗ്രന്ഥപ്പുര പോലുള്ള പുസ്തകങ്ങളാണ്  പെട്ടെന്നു ഓർമ വരുന്നത്. 

പലവിധ സ്ഥലങ്ങളിൽ നടക്കുന്ന  പുസ്തകമേളകളിൽ നിന്നും  ലൈബ്രറികളിൽ നിന്നും ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന, അപൂർവ പുസ്തകങ്ങൾ മോഷ്ടിക്കുന്ന ശീലമുള്ളയാണ്  ജോൺ ഗിൽക്കിയെങ്കിലും അയാൾക്കതിൽ  ഒരു തരി പോലും പശ്ചാത്താപം തോന്നുന്നില്ല എന്നുള്ളതാണ് കൗതുകകരമായ ഒരു സംഗതി. നാല് വർഷത്തിനിടയിൽ മാത്രം ഈ  ജോൺ ചാൾസ് ഗിൽക്കി ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന അപൂർവ പുസ്തകങ്ങലാളാണ് ശേഖരിച്ചു കൂട്ടിയത്.  പാർട്ട് ടൈം ജോലി ചെയ്യുന്ന ഗിൽക്കി, പുസ്തകങ്ങൾ മോഷ്ടിക്കുന്നതിന്റെ പല രീതികൾ നോവലിൽ കാണാം . കള്ളനെ പിടിക്കാൻ കെൻ സാന്ഡേഴ്സൻ എന്ന ഡിറ്റക്ടീവ് ജോലിയിൽ താൽപ്പര്യമുള്ള ഒരു പുസ്തക ഇടപാടുകാരൻ ഗിൽക്കിയെ അകത്താക്കാൻ  പിന്നാലെ തന്നെയുണ്ട്.

 പുസ്തകങ്ങളെ അതിരുവിട്ടു സ്നേഹിച്ചവൻ എന്ന ഈ പുസ്തകത്തിന്റെ പേര് ഒരുപക്ഷെ ഒട്ടുമിക്ക പുസ്തകപ്രേമികളെയും  ആകർഷിക്കാൻ സാധ്യതയുണ്ട്. നിങ്ങളൊരു പുസ്തകപ്രേമിയാണെങ്കിൽ ഈ പുസ്തകത്തിന്റെ പേരു കേൾക്കുമ്പോൾ തന്നെ  എവിടെയൊക്കെയോ നമ്മളെയും ബന്ധപ്പെടുത്തുന്ന, കണ്ണിചേർക്കാൻ കഴിയുന്ന എന്തോ ഇതിലുണ്ട് എന്ന്  വെറുതെയെങ്കിലും തോന്നിപോകാനിടയുണ്ട് . തീർച്ചയായും പുസ്തകപ്രേമികളുടെ  കൗതുകകരമായ സ്വഭാവങ്ങളെ പരാമർശിച്ചുപോകുന്ന  നിരവധി വിശേഷണങ്ങൾ  ഈ നോവലിലുണ്ട്.

 ജോൺ ഗിൽക്കി അമൂല്യമായ പുസ്തകങ്ങളെ മോഷ്ടിക്കാറുള്ളൂ എന്ന് പറഞ്ഞല്ലോ. ഉദാഹരണമായി എച് ജി വെൽസിന്റെ വാർ ഓഫ് ദി വേൾഡ്സ് എന്ന പുസ്തകത്തിന്റെ ഒന്നാം എഡിഷൻ,അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഒപ്പിട്ട സ്റ്റാറ്റജി ഓഫ് പീസ്,പിനോകിയോ യുടെ ഇറ്റാലിയൻ ഭാഷയിലെ ആദ്യ എഡിഷൻ, തുടങ്ങിയ പോലുള്ള പുസ്തകങ്ങളിലാണ് അയാളുടെ കണ്ണ്. പേരുകേട്ട പുസ്തകങ്ങൾ ശേഖരിച്ചാൽ അത് ആദരവ് നേടി തരുമെന്ന് അയാൾ കരുതുന്നുണ്ട്.പക്ഷെ പുസ്തക മോഷ്ടാവ് എന്നതിനപ്പുറം അയാൾ നല്ലൊരു വായനക്കാരനും കൂടിയാണ്. പ്രസിദ്ധീകരിച്ച കാലത്തേക്കാൾ ഇന്നത്തെ കാലത്തു വിലമതിക്കുന്ന പുസ്തകങ്ങളാണ് അയാളുടെ പക്കലുള്ളതും , അയാൾ മോഷ്‌ടിക്കാൻ ശ്രമിക്കുന്നതും അത്തരം പുസ്തകങ്ങളാണ്. 

ഒരു പുസ്തകമേളയിൽ കയറി ചെല്ലുമ്പോൾ,അവിടെയുള്ള  പതിനായിരക്കണക്കിന്  പുസ്തകങ്ങളെ ഒരുമിച്ചു കാണുമ്പോൾ പുസ്തക പനി വരുന്നുണ്ടെന്നു തോന്നാറുണ്ടോ ? ഉണ്ടെങ്കിൽ നിങ്ങളൊരു ബിബ്ലിയോമാനിയാക് ആണ്. അതുപോലെ പുസ്തകങ്ങളെ കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ ശേഖരിക്കുന്ന ആളുകളെയും,അതിനു പിന്നാലെ എല്ലാം മറന്നു പിറകെ പോകുന്നവരെയും കണ്ടിട്ടുണ്ട്. വായനക്കാർക്ക്‌ മാത്രമല്ല ഓരോ പുസ്തകവ്യാപാരിക്കും വ്യത്യസ്തമായ കഥകൾ പറയാനുണ്ടാകും.അത് പുസ്തകങ്ങളെ കുറിച്ചാകാം, എഴുത്തുകാരെക്കുറിച്ചാകാം, അതുമല്ലെങ്കിൽ വായനക്കാരെ സംബന്ധിച്ചതാകാം.പുസ്തകാരാധനയിൽ നിന്നും പുസ്തക മോഷ്ടാവിലേക്കുള്ള അതിർവരമ്പ് വളരെ നേർത്തതാണെന്ന് നോവലിലെ ഒരു കഥാപാത്രം തന്നെ പറയുന്നുണ്ട്.അഭിരുചി,അറിവ്,ആഢ്യത്വം  എന്നിവയുടെയൊക്കെ ഏലസ്സാണത്രെ പുസ്തകശേഖരണം. ഇ-ബുക്കുകൾ വ്യാപകമായി വന്നാലും കട്ടി ബയന്റു ചെയ്ത പുസ്തകങ്ങൾ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ്  ഗിൽക്കിയുടെ അഭിപ്രായം. 

അതിയായി ആഗ്രഹിക്കുകയും എന്നാൽ കണ്ടെത്താൻ കഴിയാത്തതുമായ പുസ്തകങ്ങൾ  വേണമെന്ന് നിങ്ങൾക്കും തോന്നാറില്ലേ? ഉണ്ടെങ്കിൽ അവ ഏതൊക്കെയാണ് എന്നറിയുന്നതിൽ ഒരു കൗതുകം കൂടിയുണ്ടാകും മറ്റുള്ളവർക്കും.  ഇതൊരു ഫിക്ഷൻ കാറ്റഗറിയിൽപ്പെടുന്ന പുസ്തകമല്ല. ട്രൂ ക്രൈം അല്ലെങ്കിൽ ബയോഗ്രഫി വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. നല്ലൊരു പുസ്തകത്തിന് വേണ്ടി ജയിലിൽ വരെ പോകാൻ തയ്യാറായ ഒരാളുടെ സംഭവ കഥയാണിത്. ജോൺ ഗിൽക്കിയെക്കുറിച്ചുള്ള എഴുത്തുകാരിയായ ആലീസൺ ഹൂവർ ബാർട്ലെറ്റിന്റെ  ലേഖനം 2007 ലെ മികച്ച അമേരിക്കൻ ക്രൈം റിപ്പോർട്ടിങ് വിഭാഗത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട് . മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് പി ജെ മാത്യുവും.