പീറ്റർ ടോബിൻ: ബ്രിട്ടനെ വിറപ്പിച്ച സീരിയൽ കില്ലർ

2006 സെപ്റ്റംബർ മാസം. സ്കോട്ട്‌ലൻഡിലെ ഏറ്റവും വലിയ നഗരമായ ഗ്ലാസ്ഗോ അതിന്റെ വ്യാവസായികവും സാംസ്കാരികവുമായ തിരക്കുകളിൽ മുഴുകി നിൽക്കുകയായിരുന്നു. നഗരഹൃദയത്തിലെ ആൻഡേർസ്റ്റൺ ഏരിയയിൽ, നൂറ്റാണ്ടുകളുടെ പ്രാർത്ഥനകൾക്ക് സാക്ഷ്യം വഹിച്ച് സെന്റ് പാട്രിക്സ് കത്തോലിക്കാ പള്ളി തലയുയർത്തി നിന്നു. എന്നാൽ ആ സെപ്റ്റംബർ 24, ഞായറാഴ്ച, പള്ളിമണികൾ മുഴങ്ങിയില്ല. പ്രഭാത പ്രാർത്ഥനകൾക്ക് പകരം, പള്ളിയുടെ വിശാലമായ കവാടത്തിൽ പോലീസിന്റെ മഞ്ഞ ടേപ്പുകൾ ഒരു അപായസൂചനയായി വലിഞ്ഞുമുറുകി. അകത്തും പുറത്തും പോലീസ് വാഹനങ്ങളുടെ സൈറണുകൾ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു.സംഭവങ്ങളുടെ തുടക്കം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. പള്ളിയിലെ ചെറിയ അറ്റകുറ്റപ്പണികൾക്കും ശുചീകരണത്തിനുമായി ഒരുപണിക്കാരനെ  നിയമിച്ചിരുന്നു. ‘പാറ്റ് മക്ലോഗ്ലിൻ’ എന്ന് സ്വയം പരിചയപ്പെടുത്തിയ, അറുപതുകളോടടുത്ത പ്രായം തോന്നിക്കുന്ന ആ മനുഷ്യൻ സൗമ്യനും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനുമായിരുന്നു. ആരുമായും അധികം സംസാരിക്കാത്ത, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഒരാൾ. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളെ കാണാനില്ലായിരുന്നു. അതേ സമയത്താണ്, പോളണ്ടിൽ നിന്ന് ഉപരിപഠനത്തിനായി ഗ്ലാസ്ഗോവിലെത്തിയ ഏഞ്ചലിക്ക ക്ലൂക്ക് എന്ന 23 വയസ്സുകാരിയെ കാണാതായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. ഭാഷാ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചലിക്ക, തന്റെ ചെലവുകൾക്കായി പള്ളിയിൽ ശുചീകരണമുൾപ്പെടെയുള്ള ജോലികൾ ചെയ്തിരുന്നു. അവളെ അവസാനമായി കണ്ടത് ആ നിഗൂഢനായ പണിക്കാരൻ , ‘പാറ്റി’നൊപ്പമായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് സംശയങ്ങൾ ബലപ്പെട്ടു. പള്ളിയിലും പരിസരത്തും നടത്തിയ തിരച്ചിലിൽ ഏഞ്ചലിക്കയുടെ രക്തക്കറകൾ പലയിടത്തുനിന്നും കണ്ടെത്തി. അവളുടെ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുകളും പള്ളിക്കുള്ളിൽ നിന്ന് ലഭിച്ചു. സംശയത്തിന്റെ മുന പൂർണ്ണമായും അപ്രത്യക്ഷനായ പാറ്റിലേക്ക് നീണ്ടു. ദിവസങ്ങൾ നീണ്ട, മുക്കും മൂലയും അരിച്ചുപെറുക്കിയുള്ള പരിശോധനകൾക്കൊടുവിൽ, കുറ്റാന്വേഷകർ പള്ളിയുടെ അൾത്താരയ്ക്ക് സമീപമുള്ള കുമ്പസാരക്കൂടിനടുത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ തറയിലെ മരപ്പലകകൾക്ക് സ്ഥാനചലനം സംഭവിച്ചതായി അവർ കണ്ടെത്തി.പലകകൾ പൊളിച്ചുമാറ്റിയപ്പോൾ, താഴെ മനുഷ്യനിർമ്മിതമായ ഒരു രഹസ്യ അറ തെളിഞ്ഞുവന്നു. ദുർഗന്ധം വമിക്കുന്ന ആ കുഴിയിലേക്ക് വെളിച്ചം പായിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഒരു നിമിഷം സ്തബ്ധരായി. ഒരു പുതപ്പിൽ പൊതിഞ്ഞ നിലയിൽ, ക്രൂരമായി വികൃതമാക്കപ്പെട്ട ഏഞ്ചലിക്ക ക്ലൂക്കിന്റെ മൃതദേഹം. അവളുടെ തലയോട്ടി തകർന്നിരുന്നു, ശരീരമാസകലം മർദ്ദനമേറ്റതിന്റെയും കത്തികൊണ്ടുള്ള കുത്തുകളുടെയും പാടുകളുണ്ടായിരുന്നു.  ആ ക്രൂരതയുടെ ആഴം വ്യക്തമാക്കിക്കൊണ്ട് മരണത്തിന് മുൻപ് അവൾ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. 

ഒരു പുണ്യസ്ഥലം, ഒരു ആരാധനാലയം, അതിന്റെ അൾത്താരയ്ക്ക് കീഴെത്തന്നെ ഒരു കൊടുംപാതകത്തിന്റെ വേദിയായിരിക്കുന്നു. ഗ്ലാസ്ഗോ നഗരം ഞെട്ടിത്തരിച്ചു. സൗമ്യനായി അഭിനയിച്ച ‘പാറ്റ് മക്ലോഗ്ലിൻ’ ഒരു സാധാരണ കുറ്റവാളിയല്ല, മറിച്ച് ഒരു പിശാചിന്റെ മനസ്സുള്ളവനാണെന്ന് പോലീസ് ഉറപ്പിച്ചു. രാജ്യവ്യാപകമായി അയാൾക്കായി തിരച്ചിൽ ആരംഭിച്ചു. അയാളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ അപ്പോഴും അജ്ഞാതമായിരുന്നു. മാധ്യമങ്ങൾ ഈ വാർത്ത ആഘോഷിച്ചു. “പള്ളിയിലെ പിശാച്” എന്ന തലക്കെട്ടിൽ വാർത്തകൾ പരന്നു. ദിവസങ്ങൾക്കുള്ളിൽ, ലണ്ടനിലെ ഒരു ആശുപത്രിയിൽ വെച്ച്, കൈക്ക് പറ്റിയ ഒരു പരിക്കിന് ചികിത്സ തേടിയെത്തിയ ആളെ പോലീസ് വളഞ്ഞു. അയാളുടെ യഥാർത്ഥ പേര് അതോടെ ലോകം അറിഞ്ഞു: പീറ്റർ ടോബിൻ.

ഗ്ലാസ്ഗോവിലെ ആ പള്ളിക്കുള്ളിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും, ഒരു കൊടുംക്രിമിനലിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നതോടെ ആ അധ്യായം അവസാനിച്ചുവെന്നുമായിരുന്നു ഏവരും കരുതിയത്. എന്നാൽ, സത്യത്തിൽ അതൊരു തുടക്കം മാത്രമായിരുന്നു. ഭീകരമായ രഹസ്യങ്ങളുടെ ഒരു പെട്ടി തുറക്കപ്പെടാനുള്ള താക്കോൽ മാത്രമായിരുന്നു ഏഞ്ചലിക്കയുടെ കൊലപാതകം.പീറ്റർ ടോബിൻ വിചാരണ നേരിടുകയും ഏഞ്ചലിക്ക ക്ലൂക്കിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. നിയമത്തിന്റെ കണ്ണിൽ കേസ് അവസാനിച്ചിരുന്നു. എന്നാൽ, സ്‌ട്രാത്ത്ക്ലൈഡ് പോലീസിലെ ഡിറ്റക്ടീവ് സൂപ്രണ്ട് ഡേവിഡ് സ്വിൻഡിലിന്റെ മനസ്സിൽ ചില ചോദ്യങ്ങൾ അപ്പോഴും പുകഞ്ഞുകൊണ്ടിരുന്നു. ടോബിന്റെ കുറ്റസമ്മതമൊഴിയോ സഹകരണമോ ഇല്ലാത്ത പെരുമാറ്റം, അയാളുടെ  കണ്ണുകളിലെ നിർവികാരത, പതിറ്റാണ്ടുകൾ നീണ്ട അവന്റെ ജീവിതത്തിലെ അവ്യക്തതകൾ – ഇവയെല്ലാം സ്വിൻഡിലിന് ഒരു അപായസൂചന നൽകി. ഇത് ടോബിന്റെ ആദ്യത്തെ കുറ്റകൃത്യമാകാൻ സാധ്യതയില്ലെന്ന് അദ്ദേഹത്തിന്റെ അനുഭവസമ്പന്നമായ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ, “ഓപ്പറേഷൻ ആനഗ്രാം” എന്ന പേരിൽ ഒരു പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. ‘Anagram’ എന്ന വാക്കിന്റെ അർത്ഥം ‘വാക്കുകളിലെ അക്ഷരങ്ങൾ പുനഃക്രമീകരിച്ച് പുതിയ വാക്കുണ്ടാക്കുക’ എന്നാണ്. ടോബിന്റെ ജീവിതം അതുപോലെയായിരുന്നു – പേരുകളും സ്ഥലങ്ങളും മാറ്റി, പുനഃക്രമീകരിച്ച് അയാൾ ഒരു പുതിയ ഐഡന്റിറ്റി ഉണ്ടാക്കിക്കൊണ്ടിരുന്നു. ഓപ്പറേഷൻ ആനഗ്രാമിന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു: പീറ്റർ ടോബിന്റെ ജീവിതമെന്ന ആ സങ്കീർണ്ണമായ പസിലിന്റെ ഭാഗങ്ങൾ കണ്ടെത്തി യോജിപ്പിക്കുക, അവന്റെ ഭൂതകാലത്തിലെ ഇരുണ്ട രഹസ്യങ്ങൾ പുറത്തുകൊണ്ടുവരിക.

അതൊരു ശ്രമകരമായ ദൗത്യമായിരുന്നു. 1946-ൽ ജനിച്ച ടോബിന് അറുപത് വയസ്സ് കഴിഞ്ഞിരുന്നു. കമ്പ്യൂട്ടറുകളും ഡിജിറ്റൽ റെക്കോർഡുകളും ഇല്ലാതിരുന്ന കാലത്തായിരുന്നു അയാളുടെ  യൗവ്വനം. അന്വേഷണ സംഘം പഴയ ഫയലുകൾ, പേപ്പർ രേഖകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, കോടതി രേഖകൾ എന്നിവയുടെ കൂമ്പാരത്തിലൂടെ സഞ്ചരിച്ചു. അവർ ടോബിന്റെ ജീവിതരേഖ തയ്യാറാക്കിത്തുടങ്ങി. അയാൾ  പലതവണ വിവാഹം കഴിച്ചിരുന്നു. അയാളുടെ  ഭാര്യമാരെല്ലാം ഗാർഹിക പീഡനത്തിനും ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കും ഇരയായിരുന്നു. അവരിൽ പലരും ജീവനുംകൊണ്ടാണ് ഓടി രക്ഷപ്പെട്ടത്.  നിരവധി കുട്ടികളുണ്ടായിരുന്നു  അയാൾക്ക്  . അവരെയും ക്രൂരമായി മർദ്ദിച്ചിരുന്നു.അയാൾക്ക്  സ്ഥിരമായ ഒരു വിലാസമുണ്ടായിരുന്നില്ല. സ്കോട്ട്‌ലൻഡിലെ പല നഗരങ്ങളിലും ഇംഗ്ലണ്ടിലെ തീരദേശ പട്ടണങ്ങളിലുമടക്കം ബ്രിട്ടനിലുടനീളം കുറഞ്ഞത് 40-ലധികം തവണയെങ്കിലും അയാൾ  താമസസ്ഥലം മാറിയിരുന്നു. ഓരോ സ്ഥലത്തും രണ്ടോ മൂന്നോ വർഷത്തിൽ കൂടുതൽ തങ്ങിയിരുന്നില്ല.1994-ൽ രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അയാൾ  10 വർഷം ജയിലിൽ കിടന്നിട്ടുണ്ട്. 2004-ലാണ് ടോബിൻ  പുറത്തിറങ്ങിയത്. അതിനുശേഷമാണ് അയാൾ  ഗ്ലാസ്ഗോവിലെ പള്ളിയിലെത്തുന്നത്.ഈ വിവരങ്ങൾ ഓരോന്നും ടോബിൻ എന്ന മനുഷ്യന്റെ ക്രൂരമായ സ്വഭാവത്തിലേക്ക് വെളിച്ചം വീശി. ടോബിൻ   ഒരു അവസരവാദിയായ കൊലയാളി മാത്രമല്ല, വർഷങ്ങളുടെ പരിശീലനമുള്ള, സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു ലൈംഗിക കുറ്റവാളിയാണെന്ന് വ്യക്തമായി. ഓരോ തവണയും ഒരു സ്ഥലത്ത് താമസിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ച്, പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് അടുത്ത സ്ഥലത്തേക്ക് രക്ഷപ്പെടുന്നതായിരുന്നു അയാളുടെ ഒരു  രീതി.

ഓപ്പറേഷൻ ആനഗ്രാം ടോബിൻ മുൻപ് താമസിച്ച ഓരോ വീടുകളും കണ്ടെത്താൻ തുടങ്ങി. അവയിലൊന്ന് അന്വേഷകരുടെ ശ്രദ്ധ പ്രത്യേകം പിടിച്ചുപറ്റി. ഇംഗ്ലണ്ടിലെ കെന്റ് പ്രവിശ്യയിലുള്ള മാർഗേറ്റ് എന്ന തീരദേശ പട്ടണത്തിലെ 50, ഇർവിൻ ഡ്രൈവ് എന്ന വിലാസത്തിലുള്ള വീട്. 1990-കളുടെ തുടക്കത്തിൽ ടോബിൻ അവിടെ താമസിച്ചിരുന്നു. ആ കാലയളവിൽ സ്കോട്ട്‌ലൻഡിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളുടെ കേസുകൾ അപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടികളുടെ ഫയലുകൾ ഓപ്പറേഷൻ ആനഗ്രാം വീണ്ടും തുറന്നു.മാർഗേറ്റിലെ ഇർവിൻ ഡ്രൈവിലുള്ള ആ വീട് ഇപ്പോൾ മറ്റൊരാളുടെ ഉടമസ്ഥതയിലായിരുന്നു. പുതിയ താമസക്കാർക്ക് ടോബിനെക്കുറിച്ചോ ആ വീടിന്റെ ഇരുണ്ട ഭൂതകാലത്തെക്കുറിച്ചോ യാതൊരു അറിവുമുണ്ടായിരുന്നില്ല. 2007 നവംബറിൽ, ഓപ്പറേഷൻ ആനഗ്രാമിന്റെ സംഘം ആ വീട്ടിലേക്ക് കടന്നുചെന്നു. അവരുടെ ലക്ഷ്യം ആ വീടിന്റെ ചെറിയ പൂന്തോട്ടമായിരുന്നു.തണുപ്പുള്ള ഒരു പ്രഭാതത്തിൽ, ഫോറൻസിക് വിദഗ്ദ്ധരും പുരാവസ്തു ഗവേഷകരും അടങ്ങുന്ന സംഘം ആ പൂന്തോട്ടത്തിൽ ഖനനം ആരംഭിച്ചു. വീടിനോട് ചേർന്നുള്ള, കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ മണൽക്കുഴിയുടെ സമീപത്തായിരുന്നു അവരുടെ ശ്രദ്ധ. ടോബിൻ അവിടെ താമസിച്ചിരുന്ന കാലത്ത് ആ ഭാഗത്ത് ഒരു കോൺക്രീറ്റ് പാത നിർമ്മിച്ചിരുന്നതായി പഴയ ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (GPR) ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, മണ്ണിനടിയിൽ അസ്വാഭാവികമായ ഇളക്കങ്ങൾ നടന്നതായി കണ്ടെത്തി.മണിക്കൂറുകൾ നീണ്ട, അതീവ ശ്രദ്ധയോടെയുള്ള ഖനനം. ഓരോ കോരി മണ്ണും അരിച്ചെടുത്ത് പരിശോധിച്ചു. ഒടുവിൽ, ഏകദേശം മൂന്നടി താഴ്ചയിൽ, ഒരു തുണിക്കഷണത്തിന്റെ ഭാഗം കണ്ടു. കൂടുതൽ ശ്രദ്ധയോടെ മണ്ണ് നീക്കിയപ്പോൾ, മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ തെളിഞ്ഞുവന്നു. അതൊരു പൂർണ്ണമായ അസ്ഥികൂടമായിരുന്നു. ഒരു പ്ലാസ്റ്റിക് ഷീറ്റിലും പുതപ്പിലും പൊതിഞ്ഞ നിലയിലായിരുന്നു അത്. അസ്ഥികൂടത്തോടൊപ്പം ഒരു കത്തിയും കണ്ടെടുത്തു.

ഒട്ടും വൈകാതെ ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥികൾ അയച്ചു കൊടുത്തു . ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫലം വന്നു. ആ ഭൗതികാവശിഷ്ടങ്ങൾ 16 വർഷം മുൻപ്, 1991 ഫെബ്രുവരിയിൽ, സ്കോട്ട്ലൻഡിലെ ബാത്ത്ഗേറ്റിൽ നിന്ന് കാണാതായ 15 വയസ്സുകാരി വിക്കി ഹാമിൽട്ടന്റെതായിരുന്നു. സഹോദരിയുടെ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടന്ന വിക്കിയെ പിന്നീട് ആരും കണ്ടിരുന്നില്ല. അവളുടെ തിരോധാനത്തിനുശേഷം കുടുംബം നടത്തിയ തിരച്ചിലുകൾ, മാധ്യമങ്ങളോടുള്ള അഭ്യർത്ഥനകൾ, പോലീസിന്റെ പതിറ്റാണ്ടുകൾ നീണ്ട അന്വേഷണം, എല്ലാം ഒരു ഫലവും കാണാതെ അവസാനിച്ചിരുന്നു. ഇപ്പോൾ, സ്കോട്ട്ലൻഡിൽ നിന്ന് നൂറുകണക്കിന് മൈലുകൾക്കപ്പുറം, ഒരു കൊലയാളിയുടെ പഴയ വീടിന്റെ പൂന്തോട്ടത്തിൽ നിന്ന് അവളുടെ ശരീരം കണ്ടെത്തിയിരിക്കുന്നു. ടോബിൻ അവളെ തട്ടിക്കൊണ്ടുപോയി, ദിവസങ്ങളോളം തടവിൽ പാർപ്പിച്ച്, ക്രൂരമായി കൊലപ്പെടുത്തി മാർഗേറ്റിലെ വീട്ടിൽ കുഴിച്ചിടുകയായിരുന്നു എന്ന് വ്യക്തമായി.വിക്കിയുടെ കുടുംബത്തിന് ആ വാർത്ത ഒരേസമയം ആശ്വാസവും ഹൃദയഭേദകവുമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനമായെങ്കിലും, തങ്ങളുടെ മകൾക്ക് സംഭവിച്ച ക്രൂരതയുടെ ആഴം അവരെ തളർത്തി. പീറ്റർ ടോബിൻ എന്ന പിശാചിന്റെ ക്രൂരതയുടെ വ്യാപ്തി ലോകം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു.പക്ഷേ, മാർഗേറ്റിലെ ആ ചെകുത്താന്റെ പൂന്തോട്ടം അതിന്റെ രഹസ്യങ്ങൾ മുഴുവൻ അപ്പോഴും വെളിപ്പെടുത്തിയിരുന്നില്ല. വിക്കിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന തുടർന്ന ഫോറൻസിക് സംഘത്തിന് മറ്റൊരു സംശയം തോന്നി. അവർ ഖനനം തുടർന്നു. വിക്കിയുടെ ശരീരം കുഴിച്ചിട്ടതിനും താഴെയായി, കൂടുതൽ ആഴത്തിൽ, മണ്ണിന് വീണ്ടും ഇളക്കം സംഭവിച്ചിരിക്കുന്നു.

വിക്കി ഹാമിൽട്ടന്റെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടൽ മാറും മുൻപേ, അതേ പൂന്തോട്ടത്തിൽ അന്വേഷണ സംഘം ഖനനം തുടർന്നു. ആദ്യത്തെ മൃതദേഹം കുഴിച്ചിട്ടതിനും താഴെ, കൂടുതൽ ആഴത്തിൽ അവർ മണ്ണുമാന്തി. ദിവസങ്ങൾക്കുള്ളിൽ, അവരുടെ സംശയം ശരിവെച്ചുകൊണ്ട്, രണ്ടാമതൊരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. അതും ഒരു യുവതിയുടേതായിരുന്നു. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു ആ ശരീരം. ഡിഎൻഎ ഫലം വന്നപ്പോൾ ആളെ തിരിച്ചറിഞ്ഞു: ഡിനാ മക്നിക്കോൾ, 18 വയസ്സ്. 1991 ഓഗസ്റ്റിൽ, വിക്കിയെ കാണാതായി ഏതാനും മാസങ്ങൾക്ക് ശേഷം, ഇംഗ്ലണ്ടിലെ വോർസെസ്റ്റർഷെയറിലെ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഡിനാ. സുഹൃത്തുക്കളോടൊപ്പം ഹിച്ച് ഹൈക്കിംഗ് (വഴിയിൽ കാണുന്ന വാഹനങ്ങൾക്ക് കൈ കാട്ടി ലിഫ്റ്റ് ചോദിക്കുക) നടത്തുന്നതിനിടെ ഒരു കാർ നിർത്തി. ഡിനായും അവളുടെ സുഹൃത്തും കാറിൽ കയറി. വഴിയിൽ വെച്ച് സുഹൃത്ത് ഇറങ്ങി. ഡിനായുമായി കാർ മുന്നോട്ട് പോയി. പിന്നീട് അവളെ ആരും കണ്ടിട്ടില്ല. അവൾ കയറിയ ആ കാർ ഓടിച്ചിരുന്നത് പീറ്റർ ടോബിൻ ആയിരുന്നു. അയാൾ ഡിനായെയും തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, തന്റെ വീടിന്റെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു. ആദ്യം ഡിനായുടെ ശരീരം കുഴിച്ചിട്ട ശേഷം, അതിനുമുകളിലായി മാസങ്ങൾക്കുശേഷം തട്ടിക്കൊണ്ടുവന്ന വിക്കിയുടെ ശരീരവും കുഴിച്ചിടുകയായിരുന്നു. ഒരേ കുഴിയിൽ, ഒന്നിനുമുകളിൽ ഒന്നായി, രണ്ട് പെൺകുട്ടികളുടെ ജീവിതം ആ പിശാച് അവസാനിപ്പിച്ചു.ഗ്ലാസ്ഗോവിലെ പള്ളിയിൽ തുടങ്ങിയ അന്വേഷണം, രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിച്ചുകൊണ്ട് മാർഗേറ്റിലെ പൂന്തോട്ടത്തിൽ പൂർണ്ണതയിലെത്തി. പീറ്റർ ടോബിൻ ഒരു പരമ്പരക്കൊലയാളിയാണെന്ന് സംശയാതീതമായി തെളിഞ്ഞു. ഏഞ്ചലിക്ക, വിക്കി, ഡിനാ – സ്ഥിരീകരിക്കപ്പെട്ട മൂന്ന് ഇരകൾ. എന്നാൽ അന്വേഷകർക്ക് ഉറപ്പായിരുന്നു, ഈ കണക്കുകളൊന്നും  ഇവിടെ അവസാനിക്കാൻ പോകുന്നില്ലെന്ന്. 

ഓപ്പറേഷൻ ആനഗ്രാം ടോബിന്റെ ജീവിതത്തിലെ ഓരോ വർഷവും ഓരോ സ്ഥലവും ബ്രിട്ടനിലെ പരിഹരിക്കപ്പെടാത്ത കേസുകളുമായി താരതമ്യം ചെയ്യാൻ തുടങ്ങി. അവന്റെ ഡിഎൻഎ പ്രൊഫൈൽ രാജ്യത്തെ എല്ലാ കോൾഡ് കേസ് ഫയലുകളിലെയും തെളിവുകളുമായി ഒത്തുനോക്കി. നിരവധി കേസുകളിൽ ടോബിൻ ഒരു പ്രധാന സംശയിക്കപ്പെടുന്നവനായി മാറി.അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 1960-കളുടെ അവസാനത്തിൽ ഗ്ലാസ്ഗോവിനെ ഭീതിയിലാഴ്ത്തിയ “ബൈബിൾ ജോൺ” എന്നറിയപ്പെടുന്ന പരമ്പരക്കൊലയാളിയുടെ കേസായിരുന്നു. ഗ്ലാസ്ഗോവിലെ ബാരോലാൻഡ് ബോൾറൂം എന്ന ഡാൻസ് ഹാളിൽ നിന്ന് മൂന്ന് യുവതികളെ കൊണ്ടുപോയി കൊലപ്പെടുത്തിയ ആളാണ് ബൈബിൾ ജോൺ. കൊലയാളി ബൈബിളിൽ നിന്നുള്ള ഉദ്ധരണികൾ സംസാരിക്കുമായിരുന്നു എന്ന് രക്ഷപ്പെട്ട ഒരു ദൃക്സാക്ഷി മൊഴി നൽകിയതിനാലാണ് ആ പേര് വന്നത്. ടോബിൻ ആ സമയത്ത് ഗ്ലാസ്ഗോവിൽ താമസിച്ചിരുന്നു, അയാൾ ആ ഡാൻസ് ഹാളിലെ നിത്യസന്ദർശകനായിരുന്നു, കൂടാതെ ദൃക്സാക്ഷികൾ നൽകിയ വിവരണവുമായി അയാൾക്ക് രൂപസാദൃശ്യവുമുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം നടത്തിയ പരിശോധനകളിൽ ബൈബിൾ ജോൺ കേസും ടോബിനും തമ്മിൽ ഉറച്ചൊരു ബന്ധം സ്ഥാപിക്കാൻ പോലീസിന് കഴിഞ്ഞില്ല. എങ്കിലും ആ സംശയത്തിന്റെ നിഴൽ ഇന്നും ബാക്കിയാണ്.ഇതുകൂടാതെ, ടോബിൻ താമസിച്ചിരുന്ന ഹാംഷെയർ, സസെക്സ് തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന നിരവധി കൊലപാതകങ്ങളിലും ലൈംഗികാതിക്രമങ്ങളിലും അയാളുടെ  പങ്ക് സംശയിക്കപ്പെടുന്നു. പലപ്പോഴും തെളിവുകളുടെ അഭാവം ഒരു സ്ഥിരീകരണത്തിന് തടസ്സമായി നിന്നു.

എങ്ങനെയാണ് ഇത്രയധികം കാലം അയാൾക്ക് പിടിക്കപ്പെടാതെ നിൽക്കാൻ കഴിഞ്ഞത്? അതിന് പല കാരണങ്ങളുണ്ട്: അയാളുട നിരന്തരമായ സ്ഥലംമാറ്റം ഒരു സ്ഥലത്തെ പോലീസിന് ടോബിനെകുറിച്ച്  ആഴത്തിൽ അന്വേഷിക്കാൻ അവസരം നൽകിയില്ല.പല പേരുകൾ ഉപയോഗിച്ചത് രേഖകളിൽ അയാളെ  കണ്ടെത്തുന്നത് ദുഷ്കരമാക്കി.ഡിഎൻഎ ഡാറ്റാബേസുകളും കമ്പ്യൂട്ടർ ശൃംഖലകളും വ്യാപകമല്ലാതിരുന്ന കാലത്താണ് അയാൾ  തന്റെ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ചെയ്തത്.പുറമേക്ക് ഒരു സാധാരണ, പ്രായമായ മനുഷ്യനായി അഭിനയിക്കാനുള്ള അവന്റെ കഴിവ് ആർക്കും ഒരു സംശയത്തിനും ഇടനൽകിയില്ല. പീറ്റർ ടോബിന്റെ കഥ മനുഷ്യന്റെ ക്രൂരതയുടെയും വഞ്ചനയുടെയും ആഴം എത്രത്തോളമുണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. പീറ്റർ ടോബിൻ  ഒരു ഭീകരരൂപിയായ രാക്ഷസനായിരുന്നില്ല. നമുക്കിടയിൽ, നമ്മുടെ അയൽപക്കത്ത്, ഒരു പുഞ്ചിരിയുടെ മുഖംമൂടിയണിഞ്ഞ് ജീവിക്കാൻ കഴിവുള്ള ഒരു സാധാരണക്കാരനായിരുന്നു. ഈ സാധാരണത്വമാണ് അയാളെ  ഏറ്റവും അപകടകാരിയാക്കിയത്.2022 ഒക്ടോബർ 15-ന്, തന്റെ 76-ാം വയസ്സിൽ, അസുഖബാധിതനായി ജയിലിൽ വെച്ച് പീറ്റർ ടോബിൻ മരിച്ചു. മരിക്കും വരെ തന്റെ മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ച് അയാൾ  ഒരു വാക്കുപോലും ഉരിയാടിയില്ല. അയാളുടെ  മരണത്തോടെ, ഒരുപക്ഷേ ഇനിയും കണ്ടെത്താനാകാത്ത നിരവധി ഇരകളുടെ കുടുംബങ്ങളുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. അയാൾ  കുഴിച്ചുമൂടിയ രഹസ്യങ്ങൾ അയാളോടൊപ്പം  ആറടി മണ്ണിൽ അലിഞ്ഞുചേർന്നു.

എങ്കിലും, ഓപ്പറേഷൻ ആനഗ്രാം എന്ന അതുല്യമായ പോലീസ് അന്വേഷണം കുറ്റാന്വേഷണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഒരു കൊലപാതകത്തിൽ നിന്ന് തുടങ്ങി, ഒരു മനുഷ്യന്റെ ഭൂതകാലമാകുന്ന നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച്, പതിറ്റാണ്ടുകൾ പഴക്കമുള്ള കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ച ആ കഥ, നീതിക്ക് ഒരിക്കലും കാലഹരണമില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ചിലപ്പോൾ, സത്യം പുറത്തുവരാൻ വർഷങ്ങളോ പതിറ്റാണ്ടുകളോ എടുത്തേക്കാം. പക്ഷേ, ആഴത്തിൽ കുഴിച്ചിട്ട നിലവിളികൾക്ക് ഒരുനാൾ കാതോർക്കാൻ ആരെങ്കിലുമൊക്കെയുണ്ടാകും.

ജെയിംസ് ഹാഡ്‌ലി ചേസിനെ മലയാളികൾക്ക് നൽകിയ ഭാസ്കരൻ മാഷ് ഇനി ഓർമ്മ

മറ്റൊരു ഭാഷയിലെ മഹാപ്രപഞ്ചത്തെ സ്വന്തം ഭാഷയുടെ ആകാശത്തിലേക്ക് ആവാഹിച്ചുകൊണ്ട് മലയാളിയുടെ വായനാചരിത്രത്തിൽ തന്റേതായ സിംഹാസനം തീർത്ത വ്യക്തിയാണ് ഈയിടെ അഹമ്മദാബാദിൽ വെച്ച് എൺപതുകളുടെ തുടക്കത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കെ.കെ. ഭാസ്കരൻ പയ്യന്നൂർ. സ്വന്തമായി ഒരു കഥാപാത്രത്തെപ്പോലും സൃഷ്ടിക്കാതെ, ഇംഗ്ലീഷ് ത്രില്ലർ സാഹിത്യത്തിലെ കിരീടം വെക്കാത്ത രാജാവായ ജെയിംസ് ഹാഡ്‌ലി ചേസിന്റെ ലോകം മലയാളികൾക്ക് സ്വന്തമാക്കി നൽകിയാണ് ഭാസ്കരൻ മാഷ് തന്റെ പേര് സാഹിത്യചരിത്രത്തിൽ മായാത്തവിധം എഴുതിച്ചേർത്തത്.
ഒരു കാലത്ത്, ജെയിംസ് ഹാഡ്‌ലി ചേസ് എന്ന പേരിനൊപ്പം “വിവർത്തനം: കെ.കെ. ഭാസ്കരൻ പയ്യന്നൂർ” എന്നുകൂടി വായിക്കാതെ ആ പുസ്തകങ്ങൾ പൂർണ്ണമാകുമായിരുന്നില്ല.. ചേസിന്റെ ഉദ്വേഗം നിറഞ്ഞ, അതിവേഗത്തിലുള്ള ആഖ്യാനശൈലി അതേ തീവ്രതയോടെ മലയാളത്തിലേക്ക് പകർത്താൻ ഭാസ്കരൻ പയ്യന്നൂർ കണ്ടെത്തിയ ഒരു ഭാഷയുണ്ടായിരുന്നു. ആ ഭാഷയാണ് ചേസിനെ മലയാളത്തിൽ ഇത്രയധികം ജനപ്രിയനാക്കിയത്. കാലക്രമേണ, വിവർത്തകന്റെ പേര് മൂലഗ്രന്ഥകാരന്റെ പേരിനൊപ്പം നിൽക്കുന്ന ഒരു കോ -ബ്രാൻഡായി മാറി.

സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന പയ്യന്നൂർ അന്നൂരിലെ എ.വി. ശ്രീകണ്ഠപൊതുവാളിന്റെ മകനായി ജനിച്ച ഭാസ്കരന്, അക്ഷരങ്ങളോടുള്ള ആഭിമുഖ്യം പാരമ്പര്യമായി ലഭിച്ചതായിരുന്നു. എന്നാൽ, കഴിഞ്ഞ 60 വർഷക്കാലമായി അദ്ദേഹം അഹമ്മദാബാദിലാണ് ജീവിച്ചത്. പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (NID) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ഔദ്യോഗിക പദവി വഹിക്കുമ്പോഴും , അദ്ദേഹം തന്റെ മലയാളത്തെ ചേർത്തുപിടിച്ചു. ഗുജറാത്തിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, 1999-ൽ അഹമ്മദാബാദിൽ നിന്നും ‘കേരളവാർത്ത’ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെപ്പോലുള്ളവർ മലയാളം പഠിക്കാൻ അദ്ദേഹത്തെ സമീപിച്ചിരുന്നു എന്നത് ഭാഷാപരമായ കാര്യങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തിന് തെളിവാണ്.
ഒരു വിവർത്തകൻ എന്നതിലുപരി ഒരു ‘മൊഴിമാറ്റത്തിന്റെ രാജശില്പി’ ആയിരുന്നു ഭാസ്കരൻ പയ്യന്നൂർ. ത്രില്ലർ നോവലുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെയിംസ് ഹാഡ്‌ലി ചേസിന്റെ (യഥാർത്ഥ നാമം: റെനെ ബ്രാബസോൺ റേമണ്ട്) നൂറിലധികം പുസ്തകങ്ങളാണ് അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. ഒരു എഴുത്തുകാരന്റെ ഒട്ടുമിക്ക കൃതികളെയും മറ്റൊരു ഭാഷയിലേക്ക് ഒരേയൊരാൾ പുനരവതരിപ്പിക്കുക എന്നത് സാഹിത്യത്തിൽ അപൂർവ്വമാണ്. ഇതിലൂടെ, ചേസിന്റെ ഏക വിവർത്തകൻ എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു. അമേരിക്കൻ പശ്ചാത്തലത്തിലുള്ള ഹാർഡ്-ബോയിൽഡ് ഡിറ്റക്ടീവ് സാഹിത്യത്തെ ഒരു കേരളീയ ഗ്രാമത്തിലെ വായനക്കാരന് പോലും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ സ്വാഭാവികവൽക്കരിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ചേസിന്റെ നോവലുകളിലെ നാടകീയ രംഗങ്ങളും ഉദ്വേഗനിമിഷങ്ങളും അതേപടി മലയാളിയുടെ വായനാമുറിയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എൺപതുകളിലും തൊണ്ണൂറുകളിലും വളർന്നുവന്ന ഒരു തലമുറയ്ക്ക്, ചേസ് നോവൽ എന്നത് ഒരു പ്രത്യേക സാഹിത്യവിഭാഗം തന്നെയായിരുന്നു. മുഖ്യധാരാ സാഹിത്യത്തിന്റെ ഗൗരവമില്ലാതെ, എന്നാൽ വായനയുടെ ലഹരി പൂർണ്ണമായി നൽകുന്ന ഈ പുസ്തകങ്ങൾ ഒരു സമാന്തര സാഹിത്യമണ്ഡലം രൂപപ്പെടുത്തി.

ചേസിന്റെ ആദ്യ മലയാള പുസ്തകങ്ങൾ വെളിച്ചം കണ്ടത് കോട്ടയത്തെ കൈരളി മുദ്രാലയത്തിലൂടെയായിരുന്നു. അതായിരുന്നു ആവേശകരമായ ആ യാത്രയുടെ തുടക്കം. കൈരളി മുദ്രാലയത്തിന് ശേഷം, കോട്ടയത്തെതന്നെ വിദ്യാർത്ഥിമിത്രം, റോയൽ ബുക്ക് ഡിപ്പോ തുടങ്ങിയ പ്രസാധകരും ചേസിന്റെ കൃതികൾ ഏറ്റെടുത്തു. അക്കാലത്ത് ജനപ്രിയ കുറ്റാന്വേഷണ നോവലുകൾ പ്രസിദ്ധീകരിക്കുന്നതിൽ വിദ്യാർത്ഥിമിത്രം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ പ്രസാധകരിലൂടെയാണ് ചേസ് എന്ന പേരും കെ.കെ. ഭാസ്കരൻ എന്ന വിവർത്തകനും മലയാളിക്ക് സുപരിചിതരാകുന്നത്.

ഈ ആദ്യകാല പ്രസാധകരുടെ തരംഗത്തിന് ശേഷമാണ് സി.ഐ.സി.സി. രംഗപ്രവേശം ചെയ്യുന്നത്. അവർ മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട പല പുസ്തകങ്ങളും പുതിയ രൂപത്തിൽ വീണ്ടും വായനക്കാരിലേക്ക് എത്തിച്ചു. എന്നാൽ ഈ ഘട്ടത്തിൽ, വിവർത്തകൻ എന്നതിലുപരി ഒരു എഡിറ്ററുടെ പങ്ക് കൂടി കെ.കെ. ഭാസ്കരൻ നിർവഹിച്ചു എന്നത് അധികമാർക്കും അറിയാത്ത ഒരു വസ്തുതയാണ്.
ചെയ്സ് പുസ്തകങ്ങളുടെ പ്രസാധന ചരിത്രത്തിലെ ഏറ്റവും നിർണായകമായ അധ്യായം ആരംഭിക്കുന്നത് 2012-ലാണ്. കോട്ടയത്തെ ഡോൺ ബുക്സ്, ഭാസ്കരന്റെ ചേസ് വിവർത്തനങ്ങൾ ഒരു പുതിയ പരമ്പരയായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെയായിരുന്നു അത്. മലയാളത്തിൽ ജെയിംസ് ഹാഡ്‌ലി ചേസിന്റെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസാധകർ എന്ന ഖ്യാതി ഡോൺ ബുക്സിനാണ്. നിലവിൽ നാൽപ്പത്തിയഞ്ചോളം പുസ്തകങ്ങൾ അവർ പുറത്തിറക്കി, രണ്ടെണ്ണം കൂടി അണിയറയിൽ ഒരുങ്ങുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘവും അദ്ദേഹത്തിന്റെ കൃതികൾ സിദ്ധീകരിച്ചിരുന്നു. അദ്ദേഹം പരിഭാഷപ്പെടുത്തിയ ‘വിഷപ്പാമ്പുകൾ’ പോലുള്ള നോവലുകൾ ഒരു സമ്പൂർണ്ണ പരമ്പരയായി ഡോൺ ബുക്സ് പുറത്തിറക്കിയതോടെ “ഭാസ്കരൻ-ചേസ്” എന്നത് ഒരു വിജയ ഫോർമുലയായി മാറി. പിന്നീട്, മാതൃഭൂമി ബുക്സ് പോലുള്ള പ്രമുഖ പ്രസാധകർ അദ്ദേഹത്തിന്റെ വിവർത്തനങ്ങൾ ഏറ്റെടുത്തതോടെ വായനക്കാരക്കിടയിൽ നല്ല അംഗീകാരം ലഭിച്ചു. ചേസിന്റെ ‘മർഡർ റൂം’ മാതൃഭൂമി പ്രസിദ്ധീകരിച്ചത് ഇതിന് ഉദാഹരണമാണ്. ചേസിൽ മാത്രം ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ പ്രതിഭ. ചാൾസ് ജെ. ഡട്ടണിന്റെ ‘ലൈബ്രറിയിലെ കൊലപാതകം’ എന്ന പ്രശസ്തമായ നോവലും അദ്ദേഹം മാതൃഭൂമിക്കായി വിവർത്തനം ചെയ്തു. കൂടാതെ, മല്ലികാ സാരാഭായിയുടെ ആത്മകഥാപരമായ ലേഖനം ‘ഭക്ഷണം ആത്മകഥാരൂപത്തിൽ’ എന്ന പേരിൽ പരിഭാഷപ്പെടുത്തിയതും അദ്ദേഹത്തിന്റെ ശൈലിയുടെ വൈവിധ്യം കാണിക്കുന്നു.

ഓരോ എഴുത്തുകാരനും ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് അവരവരുടെ കയ്യൊപ്പാണ്. അദ്ദേഹത്തിന്റേതായി സ്വന്തം കൃതികൾ കണ്ടെത്താൻ കഴിയുന്നില്ല എന്നത് ഒരു കുറവല്ല, മറിച്ച് വിവർത്തനം എന്ന കലയോടുള്ള അദ്ദേഹത്തിന്റെ പൂർണ്ണമായ അർപ്പണബോധത്തിന്റെ തെളിവാണ്. 2014-ൽ ലഭിച്ച അക്ഷയ നാഷണൽ അവാർഡ് അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ഒരു ചെറിയ അംഗീകാരമായിരുന്നു.. ലക്ഷക്കണക്കിന് വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ, വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ആ അക്ഷരശില്പിക്ക്, ആ മായാത്ത കയ്യൊപ്പിന് മുന്നിൽ, മലയാള സാഹിത്യലോകം എക്കാലവും കടപ്പെട്ടിരിക്കും. അദ്ദേഹത്തിന് അക്ഷരങ്ങൾ കൊണ്ട് ഒരു യാത്രാമൊഴി.

നാസികൾ ഉണ്ടാക്കിയ ഫാൻ്റ

ലോകമെമ്പാടുമുള്ള ശീതള പാനീയ വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബ്രാൻഡ് ആണല്ലോ ഫാൻ്റ. ഓറഞ്ച്, സ്ട്രോബെറി, മുന്തിരി തുടങ്ങി വിവിധ രുചികളിൽ ലഭ്യമായ ഈ പാനീയം ഇന്ന് ആഗോളതലത്തിൽ പ്രിയങ്കരമാണ്. എന്നാൽ ഫാൻ്റയുടെ ചരിത്രം നോക്കുകയാണെങ്കിൽ , അത് രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കെടുതികളിലും, നാസി ഭരണകൂടത്തിൻ്റെ രാഷ്ട്രീയ സാഹചര്യങ്ങളിലും രൂപം കൊണ്ട ഒരു ഉല്പന്നമാണെന്ന യാഥാർഥ്യത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക . കൊക്കക്കോളയുടെ നിസ്സഹായതയിൽ നിന്ന് ഉടലെടുത്ത ഫാൻ്റയുടെ നാസി വേരുകൾ ഒരു ശീതള പാനീയത്തിൻ്റെ സാധാരണ ചരിത്രത്തിനപ്പുറം രാഷ്ട്രീയവും വിവാദവും നിറഞ്ഞ ഒരധ്യായം കൂടി തുറന്നു തരുന്നുണ്ട്.

ജർമ്മൻ വിപണിയിലേക്ക് 1920-കളിലാണ് കൊക്കക്കോള പ്രവേശിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അവിടെ അത് ജനപ്രീതി നേടി . അമേരിക്ക കഴിഞ്ഞാൽ കൊക്കക്കോളയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി ജർമ്മനി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. 1939-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു . അമേരിക്കയും ജർമ്മനിയും ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടു. വ്യാപാര ബന്ധങ്ങൾ പൂർണ്ണമായി തകർന്നു. കൊക്കക്കോളയുടെ പ്രധാന ചേരുവകൾ അമേരിക്കയിൽ നിന്നാണ് ജർമ്മനിയിലേക്ക് എത്തിയിരുന്നത്. ഇത് നിലച്ചതോടെ ജർമ്മനിയിലെ കൊക്കക്കോള ഫാക്ടറി അടച്ചുപൂട്ടലിൻ്റെ വക്കിലെത്തി.ഈ നിർണ്ണായക ഘട്ടത്തിലാണ് മാക്സ് കീത്ത് എന്ന ജർമ്മനിയിലെ കൊക്കക്കോള തലവൻ തൻ്റേതായ ഒരു വഴി കണ്ടെത്തുന്നത്. കൊക്കക്കോളയുടെ ലഭ്യത ഇല്ലാതായപ്പോൾ, ജർമ്മനിയിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഒരു പകരക്കാരനെ സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു.

ഒരു ജർമ്മൻ വ്യവസായി ആയിരുന്നു മാക്സ് കീത്ത് . 1930-കളിൽ ആണ് അദ്ദേഹം കൊക്കക്കോള ജർമ്മനിയിൽ ചേരുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം കമ്പനിയുടെ തലപ്പത്തേക്ക് ഉയർന്നു. സമർത്ഥനായ ഒരു ബിസിനസ്സുകാരൻ എന്ന നിലയിൽ അദ്ദേഹം കൊക്കക്കോളയെ ജർമ്മൻ വിപണിയിൽ വളർത്താൻ വലിയ പങ്കുവഹിച്ചു. രണ്ടാം ലോകമഹായുദ്ധം അദ്ദേഹത്തിൻ്റെ കരിയറിലും കൊക്കക്കോള ജർമ്മനിയുടെ ഭാവിയിലും വലിയ മാറ്റങ്ങൾ വരുത്തി. യുദ്ധകാലത്ത് കൊക്കക്കോള ജർമ്മനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായപ്പോൾ, ഫാക്ടറി അടക്കുന്നതിന് പകരം, ജർമ്മനിയിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് ഒരു പുതിയ പാനീയം ഉണ്ടാക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതൊരു സാഹസികമായ തീരുമാനമായിരുന്നു, പക്ഷെ അത്യാവശ്യവുമായിരുന്നു. കാരണം, നാസി ഭരണകൂടം സ്വയംപര്യാപ്തതയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്നു. ഇറക്കുമതി കുറയ്ക്കാനും, ജർമ്മൻ ഉത്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകാനും അവർ ശ്രമിച്ചിരുന്നു . ഈ രാഷ്ട്രീയ സാഹചര്യമാണ് മാക്സ് കീത്തിനെ പുതിയ പാനീയം കണ്ടുപിടിക്കാൻ പ്രേരിപ്പിച്ചത് .

1940-ൽ ഫാൻ്റ എന്ന പുതിയ ശീതള പാനീയം ജർമ്മൻ കമ്പോളത്തിൽ അവതരിപ്പിക്കപ്പെട്ടു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ‘ഫാൻ്റാസ്റ്റിക്’ എന്ന ജർമ്മൻ വാക്കാണ് ഈ പാനീയത്തിന് നൽകിയത്. ലഭ്യമായ പഴങ്ങളും, ആപ്പിൾ സിഡെർ, ചീസ് ഉണ്ടാക്കുമ്പോൾ ബാക്കിയാവുന്ന ‘വേ’ (whey) തുടങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് ഫാൻ്റയുടെ ആദ്യ രൂപം നിർമ്മിച്ചത്. അങ്ങിനെ മാക്സ് കീത്തിൻ്റെ നേതൃത്വത്തിലാണ് ഫാൻ്റയുടെ ആദ്യ രൂപം സൃഷ്ടിക്കപ്പെടുന്നത്. അദ്ദേഹം തൻ്റെ രസതന്ത്രജ്ഞരെയും, ഫാക്ടറി ജീവനക്കാരെയും വിളിച്ചു കൂട്ടി പുതിയ പാനീയത്തെക്കുറിച്ചുള്ള ആശയം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സെയിൽസ്മാൻ ആയിരുന്ന ജോസഫ് “ജോ” നിബ്ബർഗ് ആണ് “ഫാൻ്റ” എന്ന പേര് നിർദ്ദേശിച്ചത്. കുറഞ്ഞ കാലം കൊണ്ട് തന്നെ അവർ ഫാൻ്റയുടെ ആദ്യ രൂപം വികസിപ്പിച്ചു. ആദ്യകാല ഫാൻ്റക്ക് ഒരേ രുചിയോ നിറമോ ഉണ്ടായിരുന്നില്ല. പഴങ്ങളുടെ ലഭ്യത അനുസരിച്ച് പല രുചികളിലും നിറങ്ങളിലുമുള്ള ഫാൻ്റകൾ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. യുദ്ധകാലത്ത് ഇറക്കുമതികൾ നിലച്ചതും, മറ്റ് ശീതള പാനീയങ്ങൾ ലഭ്യമല്ലാതായതും ഫാൻ്റയ്ക്ക് വളരെ പെട്ടെന്ന് ജനപ്രീതി നേടിക്കൊടുത്തു. നാസി ഭരണകൂടവും തങ്ങളുടെ പ്രചാരണങ്ങളിൽ ഫാൻ്റയെ പരോക്ഷമായി പ്രോത്സാഹിപ്പിച്ചു എന്നും പറയപ്പെടുന്നു. “ജർമ്മൻ ഉത്പന്നം, ജർമ്മൻ ജനതയ്ക്ക്” എന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ ഫാൻ്റയും ഉൾപ്പെട്ടു. ജർമ്മൻ ജനതയുടെ താൽക്കാലിക ആശ്വാസമായി ഫാൻ്റ മാറി. ഫാൻ്റയുടെ ആദ്യകാല ചേരുവകളിൽ ‘വേ’ (Whey) ഉപയോഗിച്ചിരുന്നത് അന്നത്തെ സാഹചര്യങ്ങളുടെ സമ്മർദ്ദം എത്രത്തോളമുണ്ടായിരുന്നു എന്ന് കാണിക്കുന്നു.നാസി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഫാക്ടറിയെ മുന്നോട്ട് നയിച്ചു. അദ്ദേഹത്തിൻ്റെ ഈ നീക്കം ഒരു തരത്തിൽ നാസി ഭരണകൂടത്തിന് സഹായകരമായി. കാരണം, യുദ്ധകാലത്ത് ജർമ്മൻ ജനതയ്ക്ക് ഒരു തദ്ദേശീയ ശീതള പാനീയം നൽകാൻ ഫാൻ്റയുടെ ഉത്പാദനത്തിലൂടെ സാധിച്ചു. എന്നിരുന്നാലും കൊക്കക്കോളയുടെ രഹസ്യ ഫോർമുല ജർമ്മൻകാരുടെ കയ്യിൽ എത്താതെ സൂക്ഷിക്കുന്നതിൽ മാക്സ് കീത്ത് വലിയ പങ്കുവഹിച്ചു എന്നത് ശ്രദ്ധേയമാണ്.

ഒരു വശത്ത്, യുദ്ധത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും സമ്മർദ്ദങ്ങളിൽ ഒരു പാനീയം എങ്ങനെ രൂപം കൊണ്ടു എന്ന കൗതുകകരമായ വസ്തുത നിലനിൽക്കെ തന്നെ മറുവശത്ത്, നാസി ഭരണകൂടത്തിൻ്റെ തണലിൽ വളർന്നു വന്ന ഈ പാനീയത്തിൻ്റെ വിജയം, ചരിത്രപരമായ ചില ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.മാക്സ് കീത്ത് നാസി പാർട്ടിയിൽ അംഗമായിരുന്നോ എന്നതിന് കൃത്യമായ രേഖകൾ ലഭ്യമല്ല. എന്നാൽ അദ്ദേഹം നാസി ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിച്ചു എന്നത് ഒരു വസ്തുതയാണ്. കൊക്കക്കോളയുടെ അമേരിക്കൻ ആസ്ഥാനം അദ്ദേഹത്തിന്റെ ഈ നീക്കങ്ങളെക്കുറിച്ച് അറിഞ്ഞെങ്കിലും, യുദ്ധകാലത്ത് അവർക്ക് ഇതിൽ ഇടപെടാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം . യുദ്ധശേഷം കൊക്കക്കോള കമ്പനി ഫാൻ്റയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോൾ, മാക്സ് കീത്തിനെ അവർ കൂടുതൽ പ്രോത്സാഹിപ്പിച്ചില്ല. അദ്ദേഹത്തിൻ്റെ യുദ്ധകാലത്തെ പ്രവർത്തനങ്ങൾ വിവാദമായേക്കാം എന്ന് ഒരുപക്ഷേ കമ്പനി ഭയന്നിരിക്കാം. മാക്സ് കീത്തിനെതിരെയുള്ള പ്രധാന വിമർശനം, അദ്ദേഹം നാസി ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിച്ചു എന്നുള്ളതും അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഒരു പാനീയം എന്ന നിലയിൽ ഫാൻ്റയെ ഉപയോഗിക്കാൻ അനുവദിച്ചു എന്നുള്ളതുമാണ് . ചില ചരിത്രകാരന്മാർ ഇതിനെ ഒരു കച്ചവട തന്ത്രമായി കാണുമ്പോൾ, മറ്റുചിലർ ധാർമ്മികമായ വീഴ്ചയായി വിലയിരുത്തുന്നുമുണ്ട്.

യുദ്ധാനന്തരം, കൊക്കക്കോള കമ്പനി ജർമ്മനിയിലെ ഫാക്ടറിയും ഫാൻ്റയുടെ ഉടമസ്ഥാവകാശവും തിരികെ വാങ്ങി. പിന്നീട്, ഫാൻ്റയെ ഒരു ആഗോള ബ്രാൻഡായി അവർ വളർത്തി. 1950-കളിൽ ഫാൻ്റ ഓറഞ്ച് എന്ന പുതിയ രുചി വികസിപ്പിച്ചെടുത്തതോടെ ഫാൻ്റയുടെ പ്രചാരം വീണ്ടും വർധിച്ചു. ഇന്ന് 170-ൽ അധികം രാജ്യങ്ങളിൽ, അവിടുത്തെ ഇഷ്ട്ടങ്ങൾക്കനുസരിച്ച് വിവിധ രുചിയിലും നിറത്തിലുമുള്ള ഫാൻ്റ പാനീയങ്ങൾ ലഭ്യമാണ്. പക്ഷെ ഫാൻ്റയുടെ ഈ വളർച്ചയ്ക്കിടയിലും, അതിൻ്റെ ആദ്യകാല നാസി ബന്ധം പൂർണ്ണമായി തുടച്ചു മാറ്റാൻ കഴിയില്ല എന്നുള്ളത് വാസ്തവമാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മാക്സ് കീത്ത് കൊക്കക്കോളയിൽ തന്നെ തുടർന്നു ജോലി ചെയ്തു. പക്ഷെ അദ്ദേഹത്തിന് ആ പഴയ പ്രതാപമൊന്നും ഉണ്ടായിരുന്നില്ല. ഫാൻ്റയുടെ വിജയത്തിന് ശേഷവും, കൊക്കക്കോളയുടെ ആസ്ഥാനം അദ്ദേഹത്തെ മുൻപോട്ട് കൊണ്ടുവരാനും ശ്രമിച്ചില്ല. പിന്നീട് അദ്ദേഹം കൊക്കക്കോളയിൽ നിന്ന് വിരമിച്ചു. . യുദ്ധവും രാഷ്ട്രീയവും കച്ചവടവും കൂടിക്കുഴഞ്ഞ ഒരു സങ്കീർണ്ണമായ ചരിത്രമാണ് മാക്സ് കീത്തിന്റേത് എന്ന് കാണാം . മാക്സ് കീത്ത് എന്ന വ്യക്തിയും അദ്ദേഹത്തിൻ്റെ തീരുമാനങ്ങളുമാണ് ഫാൻ്റയുടെ ചരിത്രത്തെ മാറ്റിമറിച്ചത് എന്ന് പറയാം. അദ്ദേഹമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഫാൻ്റ എന്ന പാനീയം ഉണ്ടാകുമായിരുന്നില്ല.

എന്തായാലും , ഒരു ശീതള പാനീയം നാസി ഭരണത്തിൻ്റെ ദുരിത കാലത്ത് ജർമ്മനിയിൽ പ്രചാരം നേടിയതും, പിന്നീട് ആഗോള ബ്രാൻഡായി വളർന്നതും ചരിത്രത്തിലെ ഒരു വിരോധാഭാസമായോ ,കൊതുകകരമായ വസ്തുതയായോ നിലനിൽക്കുന്നു.

മില്ല്യണയർ മൈലിലെ നിഗൂഢത: സൂസൻ കോഹൻ കേസ്

1970 ഏപ്രിലിലെ ഒരു ശരത്കാല രാത്രി. കേപ്ടൗണിലെ സമ്പന്നരുടെ താമസമേഖലയായ കോൺസ്റ്റാൻഷ്യയിൽ അന്ന് ചാറ്റൽ മഴ പെയ്തുകൊണ്ടിരുന്നു. ‘മില്ല്യണയർ മൈൽ’ എന്ന് വിളിപ്പേരുള്ള ആ പ്രദേശത്തെ ഒരു കൂറ്റൻ ബംഗ്ലാവിനുള്ളിൽ, ആഡംബരം നിറഞ്ഞ ഒരു പഠനമുറിയിൽ, അത്താഴത്തിനുള്ള ഒരുക്കങ്ങൾ പാതിവഴിയിൽ നിലച്ചിരുന്നു. മുറിയിലാകെ ഒരു സംഘട്ടനത്തിന്റെ സൂചനകൾ: മേശപ്പുറത്ത് പാതി കഴിച്ച ഭക്ഷണം, തള്ളിമറിച്ചിട്ട ഒരു കസേര, പിന്നെ വിലകൂടിയ പരവതാനിയിൽ മലർന്നടിച്ചു കിടക്കുന്ന ഒരു യുവതിയുടെ ചേതനയറ്റ ശരീരം. സൂസൻ കോഹൻ എന്ന ആ സുന്ദരിയായ യുവതിയായിരുന്നു അത്.

ആഡംബരങ്ങൾക്കും പ്രൗഢിക്കും നടുവിൽ നടന്ന ഈ ക്രൂരമായ കൊലപാതകം ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ, ദുരൂഹത നിറഞ്ഞ കേസുകളിലൊന്നായി മാറി. “മർഡർ ഓൺ മില്ല്യണയർ മൈൽ” എന്ന ഡോക്യുമെന്ററിയും , പ്രശസ്ത ക്രൈം റിപ്പോർട്ടർ ബെഞ്ചമിൻ ബെന്നറ്റ് ഈ കേസിനെ ആസ്പദമാക്കി എഴുതിയ “ദി കോഹൻ കേസ്” എന്ന പുസ്തകവും ഈ സംഭവത്തിന് ലഭിച്ച വലിയ ജനശ്രദ്ധയുടെ തെളിവുകളാണ്. സമ്പന്നതയുടെയും പ്രൗഢിയുടെയും ലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഈ ക്രൂരത, ആഡംബര വസതിയുടെയും അതിലെ താമസക്കാരുടെയും ജീവിതത്തിലേക്ക് ഒരു ഞെട്ടലോടെ നോക്കാൻ പൊതുസമൂഹത്തെ പ്രേരിപ്പിച്ചു.

സൂസൻ കോഹൻ അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. അവരെ അടിച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ കാഠിന്യം ഞെട്ടിക്കുന്നതായിരുന്നു. അതിലും ഭീകരമായ വസ്തുത കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായിരുന്നു – ഒരു പ്രതിമ. ആഡംബരം നിറഞ്ഞ ആ വീട്ടിലെ ഒരു അലങ്കാര വസ്തുവാകാൻ സാധ്യതയുള്ള ഒന്ന്, കൊലപാതകത്തിനുള്ള ആയുധമായി മാറിയെന്നത് സംഭവത്തിന് ഭയാനകമായ ഒരു ഗാർഹിക മാനം നൽകി.

പഠനമുറിയിലെ ദൃശ്യങ്ങൾ – പാതിയിൽ മുറിഞ്ഞ അത്താഴം, മറിഞ്ഞുകിടന്ന കസേര – എന്നിവ ഈ നിഗമനത്തെ ബലപ്പെടുത്തി. ആ മുറിക്കുള്ളിൽ ഒരു അക്രമാസക്തമായ ഏറ്റുമുട്ടൽ നടന്നിരിക്കാമെന്നും, അതിന്റെ പരിസമാപ്തിയാണ് സൂസന്റെ മരണമെന്നും ഇത് സൂചിപ്പിച്ചു. ആഡംബരം നിറഞ്ഞ പരവതാനിയിൽ അവസാനിച്ച ആ യുവജീവിതം, ആ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ നടന്ന ഭീകരതയുടെ നേർസാക്ഷ്യമായി. ആരാണ് ഈ ക്രൂരകൃത്യം ചെയ്തത്? എന്തിനായിരുന്നു അത്? അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യങ്ങൾ ഏറെയായിരുന്നു.

ഈ ദുരന്തത്തിലെ പ്രധാന വ്യക്തികളിലൊരാൾ സൂസന്റെ ഭർത്താവ് റൊണാൾഡ് കോഹനായിരുന്നു. അന്ന് 41 വയസ്സുള്ള ഒരു കോടീശ്വരനും കെട്ടിട നിർമ്മാണ രംഗത്തെ പ്രമുഖനുമായിരുന്നു അയാൾ . കേപ്ടൗണിലെ അറ്റ്ലാന്റിക് സീബോർഡിലെ പല തെരുവുകൾക്കും പേര് നൽകിയത് കോഹന്റെ ബന്ധുക്കളുടെ സ്മരണാർത്ഥമാണെന്നത് നഗരത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായിരുന്ന ആഴത്തിലുള്ള സ്വാധീനവും സമ്പത്തും വ്യക്തമാക്കുന്നു.

കൊലപാതകത്തിന് ശേഷം റൊണാൾഡ് കോഹൻ പോലീസിനോട് പറഞ്ഞ കഥ വിചിത്രമായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ ഒരാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്നും, ആ സമയത്ത് തനിക്ക് ബോധക്ഷയമുണ്ടായെന്നും, ബോധം തെളിഞ്ഞപ്പോൾ കണ്ടത് കൊല്ലപ്പെട്ടുകിടക്കുന്ന ഭാര്യയെ ആണെന്നുമായിരുന്നു അയാളുടെ വിശദീകരണം. ഈ “നിഗൂഢനായ കൊലയാളി”യെക്കുറിച്ചുള്ള കോഹന്റെ കഥ തുടക്കം മുതലേ സംശയമുണർത്തുന്നതായിരുന്നു.

ലഭ്യമായ വിവരങ്ങളിൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ കുറവാണെങ്കിലും, അധികാരികൾ കോഹന്റെ കഥ പൂർണ്ണമായി വിശ്വസിച്ചില്ലെന്ന് വ്യക്തമാണ്. കൊലപാതകം നടന്ന രീതി, ഉപയോഗിച്ച ആയുധം (വീടിനുള്ളിലെ പ്രതിമ ), സംഭവസ്ഥലത്തെ സൂചനകൾ (പാതിയിൽ മുറിഞ്ഞ അത്താഴം, മറിഞ്ഞുകിടന്ന കസേര ) എന്നിവയെല്ലാം ഒരു പുറം ആക്രമണത്തിന്റെ സാധ്യതയെ ദുർബലമാക്കി. ബോധക്ഷയമുണ്ടായി എന്ന വാദവും സംശയത്തിന്റെ നിഴലിലായി. ഗാർഹിക പശ്ചാത്തലത്തിൽ നടക്കുന്ന കൊലപാതകങ്ങളിൽ, കുറ്റം മറ്റൊരാളിൽ ആരോപിക്കാനായി ഇത്തരം ‘അതിക്രമിച്ച് കടന്നയാൾ’ കഥകളും ‘ഓർമ്മക്കുറവ്’ വാദങ്ങളും പലപ്പോഴും ഉയരാറുണ്ട്. ഈയൊരു പാറ്റേൺ കോഹന്റെ കാര്യത്തിലും പ്രകടമായിരുന്നു.

അന്വേഷണം സ്വാഭാവികമായും ഭർത്താവിലേക്ക് തന്നെ തിരിഞ്ഞു. മരണപ്പെടുമ്പോൾ സൂസന് 25 വയസ്സായിരുന്നു പ്രായം. സുന്ദരിയായ യുവതി എന്ന് വിശേഷിപ്പിക്കപ്പെട്ട സൂസന്റെ ജീവിതം ആ ആഡംബര ബംഗ്ലാവിൽ പെട്ടെന്ന് അവസാനിക്കുകയായിരുന്നു. സൂസന്റെ യൗവനവും റൊണാൾഡിന്റെ പ്രായവും (16 വയസ്സിന്റെ വ്യത്യാസം), അവരുടെ സാമൂഹികവും സാമ്പത്തികവുമായ നിലകളിലെ വലിയ അന്തരവും ശ്രദ്ധേയമാണ്. കോടീശ്വരനായ, നഗരത്തിൽ വേരുകളുള്ള പ്രമുഖ വ്യവസായിയും അദ്ദേഹത്തിന്റെ യുവതിയായ ഭാര്യയും തമ്മിലുള്ള ബന്ധത്തിൽ ഒരു അധികാര അസന്തുലിതാവസ്ഥ നിലനിന്നിരുന്നിരിക്കാം എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായി. ഈ പശ്ചാത്തലം കേസിന് മറ്റൊരു തലം നൽകി. ഒടുവിൽ, സംശയങ്ങൾ ബലപ്പെടുകയും റൊണാൾഡ് കോഹൻ അറസ്റ്റിലാകുകയും ചെയ്തു.

കേപ്ടൗൺ കോടതിയിലായിരുന്നു റൊണാൾഡ് കോഹന്റെ വിചാരണ നടന്നത്. അക്കാലത്തെ പ്രമുഖ അഭിഭാഷകരിൽ ഒരാളായ മിസ്റ്റർ മെയ്‌സൽസാണ് കോഹന് വേണ്ടി ഹാജരായത്. അതൊരു വെല്ലുവിളി നിറഞ്ഞ കൊലപാതക വിചാരണയായിരുന്നുവെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.ഈ കേസ് കോടതിമുറിക്കുള്ളിൽ മാത്രം ഒതുങ്ങിനിന്നില്ല. പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഇത് വലിയ തരംഗമാണ് സൃഷ്ടിച്ചത്. വിചാരണയ്ക്ക് അഭൂതപൂർവമായ ജനശ്രദ്ധയും മാധ്യമ കവറേജും ലഭിച്ചു. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു: ഒന്ന്, പ്രതിയായ റൊണാൾഡ് കോഹന്റെ കോടീശ്വര പദവി. രണ്ട്, വർണ്ണവിവേചനം നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയിൽ ഒരു വെള്ളക്കാരൻ കൊലപാതകക്കുറ്റത്തിന് വിചാരണ നേരിടുന്നത് അത്യപൂർവമായിരുന്നു. ഡെയ്‌സി ഡി മെൽക്കറുടെ കേസിന് ശേഷം ഏകദേശം 50 വർഷങ്ങൾ കഴിഞ്ഞാണ് സമാനമായ ഒരു സാഹചര്യം ഉണ്ടാകുന്നത്. വർഗ്ഗവും വർണ്ണവും നിർണ്ണായകമായിരുന്ന ആ കാലഘട്ടത്തിൽ, സമൂഹത്തിലെ ഉന്നതനായ ഒരു വെള്ളക്കാരൻ പ്രതിക്കൂട്ടിൽ നിൽക്കുന്നത് ഒരു സാധാരണ നിയമനടപടി എന്നതിലുപരി ഒരു സാമൂഹിക കാഴ്ചയായി മാറി. സ്വാഭാവികമായും മാധ്യമങ്ങൾ ഈ കാഴ്ചയെ ആഘോഷിച്ചു.

വിചാരണയുടെ അവസാനം, റൊണാൾഡ് കോഹൻ ഭാര്യ സൂസൻ കോഹനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1970 സെപ്റ്റംബറിൽ കോടതി വിധി പ്രഖ്യാപിച്ചു: പന്ത്രണ്ട് വർഷത്തെ തടവ് ശിക്ഷ.എന്നാൽ ഈ ശിക്ഷാവിധി നിയമവൃത്തങ്ങളിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചു. കൊലപാതകത്തിന്റെ ക്രൂരതയും (പ്രതിമകൊണ്ട് അടിച്ചു കൊല്ലുക ), പ്രതിയുടെ ഉന്നത പദവിയും കണക്കിലെടുക്കുമ്പോൾ പന്ത്രണ്ട് വർഷത്തെ ശിക്ഷ കുറഞ്ഞുപോയോ എന്ന സംശയം പലരും ഉന്നയിച്ചു. ആ ശിക്ഷാവിധി ഇപ്പോഴും നിയമ ലോകത്ത് ഒരു ചർച്ചാ വിഷയമായി തുടരുന്നുവെന്നത് അതിന്റെ വിവാദപരമായ സ്വഭാവം വ്യക്തമാക്കുന്നു. വർണ്ണവിവേചന ദക്ഷിണാഫ്രിക്കയുടെ നീതിന്യായ വ്യവസ്ഥയിൽ, റൊണാൾഡ് കോഹന്റെ സമ്പത്തും സാമൂഹിക നിലയും വർണ്ണവും ശിക്ഷയിൽ ഒരു പരിധി വരെ ലഘൂകരണം നേടാൻ സഹായിച്ചോ എന്ന ചോദ്യം പ്രസക്തമാണ്. നീതി പൂർണ്ണമായി നടപ്പാക്കപ്പെട്ടോ, അതോ പ്രിവിലേജുകൾക്ക് മുന്നിൽ നീതിദേവത കണ്ണടച്ചോ എന്ന സംശയം ഈ കേസിന്റെ ചരിത്രത്തിൽ അവശേഷിക്കുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സൂസൻ കോഹൻ കൊലപാതക കേസ് പൊതുമനസ്സിൽ ഒരു താൽപ്പര്യമായി നിലനിൽക്കുന്നു. സമ്പത്തും ദുരന്തവും തമ്മിലുള്ള വൈരുദ്ധ്യം, ആഡംബര ലോകത്ത് നടന്ന ക്രൂരമായ കൊലപാതകം, ഭർത്താവിന്റെ വിചിത്രമായ പ്രതിരോധ വാദങ്ങൾ, വിവാദമായ ശിക്ഷാവിധി എന്നിവയെല്ലാം ഈ കേസിന്റെ ദുരൂഹതയും വർദ്ധിപ്പിക്കുന്ന വിഷയങ്ങളാണ് . ബെഞ്ചമിൻ ബെന്നറ്റിന്റെ “ദി കോഹൻ കേസ്” പോലുള്ള രചനകൾ ഈ സങ്കീർണ്ണമായ സംഭവത്തിന്റെ ഓർമ്മപ്പെടുത്തലുകളായി നിലനിൽക്കുന്നു.

കോടതി വിധിയിലൂടെ കേസ് നിയമപരമായി അവസാനിച്ചെങ്കിലും, മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകൾ, അക്രമത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ, അന്നത്തെ സാമൂഹിക സാഹചര്യത്തിൽ നീതി എത്രത്തോളം നടപ്പിലാക്കപ്പെട്ടു തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുന്നു. കോൺസ്റ്റാൻഷ്യയിലെ ആ വലിയ ബംഗ്ലാവിന്റെ പ്രൗഢിക്ക് പിന്നിൽ നടന്ന ആ ഇരുണ്ട സംഭവം, കാലം മായ്ക്കാത്ത ഒരു നിഴലായി ‘മില്ല്യണയർ മൈലി’ൽ ഇന്നും തങ്ങിനിൽക്കുന്നു.

നൂറ്റാണ്ടിൻ്റെ കുറ്റകൃത്യം-ഷിക്കാഗോ മർഡർ കേസ്

1924-ലെ ഷിക്കാഗോ. ‘ജാസ് യുഗം’ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ആ കാലം വൈരുദ്ധ്യങ്ങളുടെയും ആധുനികതയുടെയും, ഒപ്പം സമ്പന്നതയുടെയും ഉള്ളിൽ പുകയുന്ന ഉത്കണ്ഠകളുടെയും കാലമായിരുന്നല്ലോ. നഗരത്തിൻ്റെ പല ഭാഗങ്ങളിലും നിരോധന നിയമത്തിൻ്റെ മറവിൽ കുറ്റകൃത്യങ്ങളും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടങ്ങളും നടമാടുമ്പോൾ, ഷിക്കാഗോയിലെ കെൻവുഡ് എന്ന സമ്പന്നരുടെ പ്രദേശം ശാന്തവും സുരക്ഷിതവുമായിരുന്നു. വലിയ മാളികകളും, പരിചാരകരും, ഡ്രൈവർമാരുമുള്ള ആളുകൾ വസിച്ചിരുന്ന ആഢ്യത്വം നിറഞ്ഞൊഴുകിയ ഒരിടമായിരുന്നു അവിടം . അവിടെയാണ് ഫ്രാങ്ക്സ്, ലിയോപോൾഡ്, ലോബ് എന്നീ പ്രമുഖ കുടുംബങ്ങൾ താമസിച്ചിരുന്നത്.

1924 മെയ് 22-ന് രാവിലെ, ഇല്ലിനോയി-ഇന്ത്യാന അതിർത്തിക്കടുത്തുള്ള ചതുപ്പുനിലത്തിലെ ഒരു ഓവുചാലിൽ നിന്ന് പതിനാലുകാരനായ ബോബി ഫ്രാങ്ക്സിൻ്റെ മൃതദേഹം ഒരു തൊഴിലാളി കണ്ടെത്തിയപ്പോൾ , ഷിക്കാഗോ നഗരം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. കൊല്ലപ്പെട്ട ബോബി ഫ്രാങ്ക്സ്, റോക്ക്ഫോർഡ് വാച്ച് കമ്പനിയുടെ മുൻ ഉടമയും സമ്പന്നന്നുമായ ജേക്കബ് ഫ്രാങ്ക്സിൻ്റെ മകനായിരുന്നു. സ്നേഹസമ്പന്നമായ ഒരു കുടുംബത്തിലെ ഇളയ സന്താനം. മെയ് 21, ബുധനാഴ്ച വൈകുന്നേരം, ഹാർവാർഡ് സ്കൂൾ ഫോർ ബോയ്സിൽ ഒരു ബേസ്ബോൾ കളിയുടെ അമ്പയറായി നിന്ന ശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ബോബിയെ അവസാനമായി കണ്ടത്. അവൻ വീട്ടിലെത്താതിരുന്നപ്പോൾ, മാതാപിതാക്കൾ ആദ്യം കരുതിയത് സുരക്ഷിതമായ ആ അയൽപക്കത്ത് എവിടെയെങ്കിലും കൂട്ടുകാരുമായി കളിക്കുകയായിരിക്കുമെന്നാണ്. എന്നാൽ രാത്രി വൈകിയും കാണാതായതോടെ ആശങ്ക വർദ്ധിച്ചു. അപ്പോഴാണ് ഒരു ഫോൺ കോൾ വരുന്നത്. ജോർജ്ജ് ജോൺസൺ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ, ബോബിയെ തട്ടിക്കൊണ്ടുപോയെന്നും, കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം രാവിലെ അറിയിക്കാമെന്നും പറഞ്ഞു. ആ രാത്രി മുഴുവൻ ഫ്രാങ്ക്സ് കുടുംബം ഭയത്തിലും അനിശ്ചിതത്വത്തിലും കഴിച്ചുകൂട്ടി. എന്നാൽ അടുത്ത പ്രഭാതത്തിൽ, മോചനദ്രവ്യത്തിനായുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് മുമ്പുതന്നെ, ഭയാനകമായ ആ വാർത്തയെത്തി: ബോബിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു.

കണ്ടെത്തുമ്പോൾ ബോബിയുടെ ശരീരം നഗ്നമായിരുന്നു, തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു, മുഖത്തും രഹസ്യഭാഗങ്ങളിലും തിരിച്ചറിയാതിരിക്കാനായി ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ചതിൻ്റെ പാടുകളും. ചേലാകർമ്മം ചെയ്യപ്പെട്ടിരുന്നു എന്ന വസ്തുത മറയ്ക്കാനായിരുന്നു ഇത്, അക്കാലത്ത് അമേരിക്കയിൽ യഹൂദരല്ലാത്തവർക്കിടയിൽ ഇത് അസാധാരണമായിരുന്നു. ഈ കണ്ടെത്തലുകൾ ഇതൊരു യാദൃശ്ചികമായ കൊലപാതകമായിരുന്നില്ലെന്നും , മറിച്ച് അതീവ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത ഒരു ക്രൂരകൃത്യമായിരുന്നു എന്ന നിഗമനത്തിലെക്കത്തി.വാർത്ത കാട്ടുതീ പോലെ പടർന്നു. ‘നൂറ്റാണ്ടിൻ്റെ കുറ്റകൃത്യം’ എന്ന് പത്രങ്ങൾ അതിനെ വിശേഷിപ്പിച്ചു. ഷിക്കാഗോയിലെ പ്രമുഖ പത്രങ്ങളെല്ലാം ഈ വാർത്തയ്ക്ക് പ്രാധാന്യം നൽകി, മാധ്യമങ്ങൾ സംഭവസ്ഥലത്തും ഫ്രാങ്ക്സ് ഭവനത്തിലും തടിച്ചുകൂടി. തുടക്കത്തിൽ, മൃതദേഹം നഗ്നമായി കാണപ്പെട്ടതിനാൽ പോലീസ് ഒരു സ്വവർഗ്ഗാനുരാഗിയെ സംശയിച്ചത് , അക്കാലത്തെ സാമൂഹിക മുൻവിധികളെയും ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെയുമാണ് എടുത്തു കാട്ടുന്നത്. വ്യക്തമായ തെളിവുകളോ കൊലപാതകത്തിൻ്റെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ധാരണയോ ഇല്ലാതിരുന്നതിനാൽ, അന്വേഷണ ഉദ്യോഗസ്ഥർ നിലവിലുണ്ടായിരുന്ന മുൻവിധിയിലേക്ക് തിരിയുകയായിരുന്നു. ഇത് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെ ക്രിമിനൽ അന്വേഷണ രീതികളുടെ പരിമിതികളും സാമൂഹിക പക്ഷപാതങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

അന്വേഷണത്തിലെ നിർണ്ണായക വഴിത്തിരിവായത് മൃതദേഹത്തിനടുത്തുനിന്ന് കണ്ടെത്തിയ ഒരു കണ്ണടയായിരുന്നു. ബോബിയ്ക്ക് കണ്ണട ഉണ്ടായിരുന്നില്ല. പിന്നെ ഈ ഹോൺ-റിംഡ് കണ്ണടയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമമായി. കണ്ണടയുടെ വിജാഗിരിക്ക് (hinge) ഒരു പ്രത്യേകതയുണ്ടായിരുന്നു. ന്യൂയോർക്കിലെ ഒരു കമ്പനി നിർമ്മിച്ച ഈ hinge ഷിക്കാഗോയിൽ വിറ്റിരുന്നത് ആൽമർ കോ & കമ്പനി എന്ന ഒരേയൊരു സ്ഥാപനം മാത്രമാണ്. അവർ അത്തരം മൂന്ന് കണ്ണടകൾ മാത്രമാണ് വിറ്റിരുന്നത്. രണ്ടെണ്ണം ആരുടേതാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു, മൂന്നാമത്തേത് നഥാൻ ലിയോപോൾഡ് എന്ന യുവ സർവ്വകലാശാലാ വിദ്യാർത്ഥിയുടേതായിരുന്നു.

മെയ് 29-ന് ലിയോപോൾഡിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അയാൾ തികഞ്ഞ ശാന്തതയോടെയാണ് പോലീസിനെ നേരിട്ടത്. ആ പ്രദേശത്ത് താൻ സ്ഥിരമായി പക്ഷിനിരീക്ഷണത്തിന് പോകാറുണ്ടെന്നും, അപ്പോൾ നഷ്ടപ്പെട്ടതാവാം കണ്ണടയെന്നും ലിയോപോൾഡ് മൊഴി നൽകി. തുടക്കത്തിൽ പോലീസിന് അയാളെ സംശയിക്കാൻ തക്ക കാര്യമായ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണ്ണട ലിയോപോൾഡിൻ്റേതാണെന്നറിഞ്ഞപ്പോൾ, നിർണ്ണായക തെളിവ് ഒരു നിരപരാധിയിലേക്ക് വിരൽ ചൂണ്ടുന്നതിലുള്ള നിരാശ മിസ്റ്റർ ഫ്രാങ്ക്സ് പ്രകടിപ്പിച്ചു.അതേസമയം, മറ്റൊരു പ്രധാന തെളിവ് ഉയർന്നുവന്നു: മോചനദ്രവ്യത്തിനായുള്ള കത്ത്. ഇത് ടൈപ്പ് ചെയ്തത് ഒരു പ്രത്യേക ടൈപ്പ് റൈറ്ററിലാണെന്നും അതിലെ ചില അക്ഷരങ്ങൾക്ക് (ചെറിയക്ഷരം ‘t’, ‘f’ എന്നിവയ്ക്ക് ) തകരാറുണ്ടെന്നും വിദഗ്ധർ കണ്ടെത്തി. ഷിക്കാഗോ ഡെയ്‌ലി ന്യൂസിലെ റിപ്പോർട്ടർമാരായ ജെയിംസ് മൾറോയിയും ആൽവിൻ ഗോൾഡ്‌സ്റ്റീനും അന്വേഷണം ആരംഭിച്ചു. അവർ ലിയോപോൾഡ് തൻ്റെ പഠന ഗ്രൂപ്പിനായി ടൈപ്പ് ചെയ്ത നോട്ടുകൾ കണ്ടെത്തി. ഈ നോട്ടുകളിലെ അതേ അക്ഷരത്തെറ്റുകൾ മോചനദ്രവ്യ കത്തിലുമുണ്ടായിരുന്നു. മിഷിഗൺ സർവ്വകലാശാലയിലെ ലിയോപോൾഡിൻ്റെ സുഹൃത്തും സഹപാഠിയുമായിരുന്ന റിച്ചാർഡ് ലോബിൻ്റെ പഴയ ഫ്രാറ്റേണിറ്റിയിൽ നിന്ന് മോഷ്ടിച്ച ടൈപ്പ് റൈറ്ററായിരുന്നു അത്.

ലിയോപോൾഡിനെ ചോദ്യം ചെയ്തപ്പോൾ, കൊലപാതകം നടന്ന ദിവസം താൻ തൻ്റെ അടുത്ത സുഹൃത്തായ റിച്ചാർഡ് ലോബിനൊപ്പമായിരുന്നു എന്ന് മൊഴി നൽകി. തങ്ങൾ മദ്യപിച്ചും മറ്റും പുറത്തുപോയിരുന്നു എന്നായിരുന്നു അവരുടെ ആദ്യത്തെ കഥ. ലോബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അയാളും ഇതേ കഥ ആവർത്തിച്ചു. എന്നാൽ ലിയോപോൾഡ് കുടുംബത്തിലെ ഡ്രൈവർ നൽകിയ മൊഴി നിർണ്ണായകമായി. കൊലപാതകം നടന്ന ദിവസം ലിയോപോൾഡിൻ്റെ കാർ ഗാരേജിൽ അറ്റകുറ്റപ്പണിയിലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതോടെ അവരുടെ മൊഴി പൊളിഞ്ഞു.കൂടാതെ, ലിയോപോൾഡിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയ ചില കത്തുകൾ, ലിയോപോൾഡും ലോബും തമ്മിൽ തീവ്രമായ, ഒരുപക്ഷേ ലൈംഗിക ബന്ധം സൂചിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അക്കാലത്തെ സാമൂഹിക സാഹചര്യത്തിൽ ഇത് സംശയം വർദ്ധിപ്പിക്കാൻ കാരണമായി.

തെളിവുകൾ (കണ്ണട, ടൈപ്പ് റൈറ്റർ, പൊളിഞ്ഞ മൊഴി) നിരത്തിയപ്പോൾ, ലോബ് ആദ്യം കുറ്റം സമ്മതിച്ചു . ലിയോപോൾഡിനെ ചുറ്റി പോലീസ് വല മുറുക്കുകയാണെന്നും അതിൽ ലോബും കുടുങ്ങുമെന്നും പറഞ്ഞതിനെ തുടർന്നായിരിക്കാം ഇത്. ലോബ് കുറ്റം സമ്മതിച്ചെന്നറിഞ്ഞപ്പോൾ, ആദ്യം പരിഹസിച്ചെങ്കിലും , ലിയോപോൾഡും തൊട്ടുപിന്നാലെ കുറ്റം സമ്മതിച്ചു.കുറ്റസമ്മതത്തോടെ പുറത്തുവന്ന വിവരങ്ങൾ ഷിക്കാഗോയെ മാത്രമല്ല, ലോകത്തെ മുഴുവൻ ഞെട്ടിച്ചു. ഈ ക്രൂരകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ സാധാരണ കുറ്റവാളികളായിരുന്നില്ല. മറിച്ച്, കൊല്ലപ്പെട്ട കുട്ടിയുടെ അതേ സാമൂഹിക ചുറ്റുപാടിൽ നിന്നുള്ളവർ, കെൻവുഡിലെ തന്നെ താമസക്കാർ, അതിസമ്പന്നരും അതിബുദ്ധിമാന്മാരുമായ രണ്ട് സർവ്വകലാശാലാ വിദ്യാർത്ഥികൾ – നഥാൻ ലിയോപോൾഡ് ജൂനിയറും റിച്ചാർഡ് ലോബും. ഇരുവരും ഷിക്കാഗോയിലെ അതിസമ്പന്നരും പ്രമുഖരുമായ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ലിയോപോൾഡിൻ്റെ പിതാവ് ഒരു പെട്ടി നിർമ്മാണ കമ്പനിയുടെ ഉടമയും , ലോബിൻ്റെ പിതാവ് സിയേഴ്സ് റോബക്ക് കമ്പനിയുടെ വിരമിച്ച വൈസ് പ്രസിഡൻ്റും അഭിഭാഷകനുമായിരുന്നു. ഇരുവരും യഹൂദ പശ്ചാത്തലമുള്ളവരായിരുന്നു, ലോബിൻ്റെ അമ്മ കത്തോലിക്ക വിശ്വാസിയായിരുന്നെങ്കിലും.

അസാമാന്യമായ ബുദ്ധിശക്തിയായിരുന്നു ഇരുവരുടെയും മുഖമുദ്ര. ലിയോപോൾഡ് 18 വയസ്സിൽ ഷിക്കാഗോ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി, നിരവധി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. അയാൾ പ്രശസ്തനായ ഒരു പക്ഷിശാസ്ത്രജ്ഞൻ കൂടിയായിരുന്നു. ഹാർവാർഡ് ലോ സ്കൂളിൽ പഠനം തുടരാനായിരുന്നു അയാളുടെ പദ്ധതി. ലോബ് ആകട്ടെ , 17 വയസ്സിൽ മിഷിഗൺ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു . നിയമപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു അയാൾ.

എന്നാൽ വ്യക്തിത്വത്തിൽ അവർ തികച്ചും വ്യത്യസ്തരായിരുന്നു. ലോബ് സുന്ദരനും ആകർഷകമായ പെരുമാറ്റമുള്ളവനും സാമൂഹികമായി ഇടപെടുന്നവനും ജനപ്രിയനുമായിരുന്നു. എന്നാൽ കുറ്റകൃത്യങ്ങളോടും ഡിറ്റക്ടീവ് കഥകളോടും ചെറുപ്പം മുതലേ അഭിനിവേശമുണ്ടായിരുന്നു. നേരെമറിച്ച്, ലിയോപോൾഡ് അന്തർമുഖനും ഒറ്റപ്പെട്ടവനും ആയിരുന്നു. പക്ഷിനിരീക്ഷണത്തിലും തത്ത്വചിന്തയിലുമായിരുന്നു അയാൾക്ക് താൽപ്പര്യം, പ്രത്യേകിച്ച് ഫ്രീഡ്രിക്ക് നീഷെയുടെ ആശയങ്ങളിൽ.1920 കളിൽ ൽ ഷിക്കാഗോ സർവ്വകലാശാലയിൽ വെച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. ഈ സൗഹൃദം തീവ്രവും സങ്കീർണ്ണവും പ്രക്ഷുബ്ധവുമായ ഒന്നായി വളർന്നു. അതൊരു ലൈംഗിക ബന്ധമായി പരിണമിച്ചു, അതിൽ അസൂയയും അധികാര വടംവലികളും സാധാരണമായിരുന്നു. ലിയോപോൾഡിന് ലോബിനോട് തീവ്രമായ വൈകാരിക അടുപ്പമുണ്ടായിരുന്നു, ലോബിൻ്റെ ലൈംഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങി കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ ലിയോപോൾഡ് തയ്യാറായിരുന്നു.

അവരുടെ കുറ്റകൃത്യത്തിൻ്റെ പ്രേരണ അസാധാരണമായിരുന്നു.കൊലപാതകത്തിൻ്റെ പ്രധാന കാരണം അതിസാഹസികത, ആവേശം, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം എന്നതൊക്കെയായിരുന്നു. കൊലപാതകം എന്നതിലുപരി, പിടിക്കപ്പെടാതെ രക്ഷപ്പെടുക എന്നതിലായിരുന്നു അവർക്ക് ഹരം.തങ്ങളുടെ അതിബുദ്ധി തെളിയിക്കാനായി ഒരു ‘തികഞ്ഞ കുറ്റകൃത്യം’ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള അഭിനിവേശം കൂടി അതിന് പിന്നിൽ ഉണ്ടായിരുന്നു ലിയോപോൾഡിൻ്റെ നീഷെയുടെ ‘അതിമാനുഷൻ’ എന്ന ആശയത്തോടുള്ള ആഭിമുഖ്യം അതായത് സാധാരണ നിയമങ്ങളും ധാർമ്മികതയും തങ്ങളെപ്പോലുള്ള ഉന്നത വ്യക്തികൾക്ക് ബാധകമല്ലെന്നായിരുന്നു അയാളുടെ വ്യാഖ്യാനം.കുറ്റകൃത്യത്തെ, കൊലപാതകത്തെപ്പോലും, ഒരു ബൗദ്ധിക വ്യായാമമായി അവർ കണ്ടു.1923-ൻ്റെ അവസാനത്തോടെ തുടങ്ങി 1924 മെയ് വരെ, ഏഴു മാസത്തോളം അവർ തങ്ങളുടെ ‘പദ്ധതി അതീവ ശ്രദ്ധയോടെ ആസൂത്രണം ചെയ്തു. വ്യാജ ഐഡൻ്റിറ്റികൾ ഉണ്ടാക്കി, മോചനദ്രവ്യം ആവശ്യപ്പെടാനും അത് സങ്കീർണ്ണമായ നിർദ്ദേശങ്ങളിലൂടെ കൈപ്പറ്റാനും പദ്ധതിയിട്ടു. ഇരയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു: തങ്ങളുടെ അയൽപക്കത്തുള്ള സമ്പന്ന കുടുംബത്തിലെ ഒരു ആൺകുട്ടി, എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്നവൻ. ദൌർഭാഗ്യവശാൽ ബോബി ഫ്രാങ്കിനായിരുന്നു ആ നറുക്കു വീണത് . കുറ്റകൃത്യത്തിനായി അവർ ഒരു വിൽസ്-നൈറ്റ് കാർ വാടകയ്ക്കെടുത്തു.

മെയ് 21, 1924-ന് വൈകുന്നേരം 5 മണിയോടെ, വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ബോബി ഫ്രാങ്ക്സിനെ അവർ കണ്ടു. ഒരു ടെന്നീസ് റാക്കറ്റിനെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ലോബ്, ബോബിയെ കാറിലേക്ക് ക്ഷണിച്ചു, . കാറിനുള്ളിൽ വെച്ച്, ബോബിയുടെ തലയിൽ ടേപ്പ് ചുറ്റിയ ഒരു ഉളികൊണ്ട് പലതവണ അടിച്ചു. വായിൽ തുണി തിരുകി. അടിയേറ്റതിൻ്റെയും ശ്വാസം മുട്ടിയതിൻ്റെയും ഫലമായി ബോബി പെട്ടെന്ന് മരിച്ചു. ആരാണ് മാരകമായ പ്രഹരമേൽപ്പിച്ചത് എന്ന കാര്യത്തിൽ ലിയോപോൾഡും ലോബും പരസ്പരം പഴിചാരി. എന്നാൽ പൊതുവായ നിഗമനവും കൂടുതൽ തെളിവുകളും സൂചിപ്പിക്കുന്നത്, ലിയോപോൾഡ് കാറോടിക്കുമ്പോൾ പിൻസീറ്റിലിരുന്ന ലോബാണ് കൊല നടത്തിയതെന്നാണ്.

കൃത്യനിർവ്വഹണത്തിന് ശേഷം മൃതദേഹം കാറിൻ്റെ തറയിൽ ഒളിപ്പിച്ച് അവർ യാത്ര തുടർന്നു. രാത്രിയാകാൻ കാത്തിരിക്കുന്നതിനിടയിൽ സാൻഡ്‌വിച്ചും റൂട്ട് ബിയറും കഴിക്കാൻ നിർത്തി. പിന്നീട് മൃതദേഹം വുൾഫ് തടാകത്തിനടുത്തുള്ള ഓവുചാലിൽ കൊണ്ടുപോയി നഗ്നമാക്കി, തിരിച്ചറിയാതിരിക്കാൻ ആസിഡ് ഒഴിച്ച് ഒളിപ്പിച്ചു. തുടർന്ന് മുൻകൂട്ടി തയ്യാറാക്കിയ മോചനദ്രവ്യ കത്ത് തപാലിലിടുകയും ഫ്രാങ്ക്സ് കുടുംബത്തെ ഫോണിൽ വിളിച്ച് തട്ടിക്കൊണ്ടുപോയെന്ന് അറിയിക്കുകയും ചെയ്തു.’തികഞ്ഞ കുറ്റകൃത്യം’ എന്ന അവരുടെ അഹങ്കാരം തകർന്നത് അപ്രതീക്ഷിതവും സാധാരണവുമായ കാര്യങ്ങളിലൂടെയായിരുന്നു: താഴെ വീണുപോയ ഒരു കണ്ണട, ഒരു ഡ്രൈവറുടെ സത്യസന്ധമായ മൊഴി. ഈ കേസ് തെളിയിച്ചത് പോലീസിൻ്റെയും, ഫോറൻസിക് വിദഗ്ദ്ധരുടെയും, അന്വേഷണാത്മക പത്രപ്രവർത്തനത്തിൻ്റെയും സംയുക്ത ശ്രമമായിരുന്നു.

ലിയോപോൾഡും ലോബും കുറ്റം സമ്മതിച്ചതോടെ, കേസ് രാജ്യവ്യാപകമായി വലിയ കോളിളക്കമുണ്ടാക്കി. മാധ്യമങ്ങൾ ഓരോ ചെറിയ വിവരവും ആഘോഷിച്ചു, പലപ്പോഴും ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു. പൊതുജനാഭിപ്രായം അവർക്കെതിരെ തിരിഞ്ഞു, വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തമായി.ഈ ഘട്ടത്തിലാണ് പ്രതിഭാഗത്തിനായി ക്ലാറെൻസ് ഡാരോ എന്ന അതിപ്രശസ്തനായ അഭിഭാഷകൻ എത്തുന്നത്. വധശിക്ഷയുടെ കടുത്ത എതിരാളിയായി അറിയപ്പെട്ടിരുന്ന ഡാരോയെ ലിയോപോൾഡിൻ്റെയും ലോബിൻ്റെയും സമ്പന്ന കുടുംബങ്ങൾ കേസ് ഏൽപ്പിച്ചു. ഡാരോയുടെ ലക്ഷ്യം അവരെ കുറ്റവിമുക്തരാക്കുക എന്നതായിരുന്നില്ല, മറിച്ച് വധശിക്ഷയിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു.

ഡാരോ തന്ത്രപരമായ ഒരു നീക്കം നടത്തി. ജൂലൈ 21, 1924-ന്, കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും ലിയോപോൾഡും ലോബും കുറ്റം സമ്മതിക്കുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. പൊതുജനരോഷം കാരണം ജൂറി വിചാരണ തങ്ങൾക്ക് പ്രതികൂലമാകുമെന്ന് ഭയന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഡാരോ പിന്നീട് സമ്മതിച്ചു. ഈ നീക്കത്തോടെ കേസ് ജൂറിയുടെ മുന്നിൽ നിന്ന് മാറി, ശിക്ഷ വിധിക്കാനുള്ള പൂർണ്ണ അധികാരം ജഡ്ജി ജോൺ ആർ. കാവെർലിയുടെ കൈകളിലെത്തി. അതോടെ വിചാരണ, 33 ദിവസം നീണ്ടുനിന്ന ശിക്ഷാ ഹിയറിംഗായി മാറി. പ്രതിഭാഗം വാദിച്ചത് ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു .

ഡാരോ നിരവധി കാര്യങ്ങൾ കോടതിക്ക് മുമ്പിൽ വച്ചു. പ്രതികളുടെ പ്രായം (18, 19 വയസ്സ്) ഒരു പ്രധാന ഘടകമായി ഉയർത്തിക്കാട്ടി.പ്രമുഖരായ മനശാസ്ത്രജ്ഞരുടെയും സൈക്യാട്രിസ്റ്റുകളുടെയും മൊഴികൾ ഹാജരാക്കി. പ്രതികൾക്ക് മാനസികവും വൈകാരികവുമായ വൈകല്യങ്ങളുണ്ടെന്നും, അവരുടെ വളർന്നുവന്ന സാഹചര്യങ്ങൾ, അഭിനിവേശങ്ങൾ, വിഷലിപ്തമായ ബന്ധം എന്നിവ അവരുടെ ഉത്തരവാദിത്തം കുറയ്ക്കുന്നുവെന്നും അയാൾ വാദിച്ചു. വധശിക്ഷ പ്രാകൃതവും, ഫലപ്രദമല്ലാത്തതും, പ്രതികാരത്തിലൂന്നിയതുമാണെന്ന നിലപാടും ഡാരോ ഇവിടെ ആവർത്തിച്ചു.ഡാരോയുടെ 12 മണിക്കൂറോളം നീണ്ട അന്തിമവാദം , വധശിക്ഷയ്ക്കെതിരായുള്ള ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസംഗങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത് . യുക്തി, പുരോഗതി, ദയ എന്നിവയിൽ ഊന്നി താൻ ഭാവിക്കുവേണ്ടിയാണ് വാദിക്കുന്നത്…” എന്നയാൾ പ്രഖ്യാപിച്ചു.അതേസമയം, സ്റ്റേറ്റ്സ് അറ്റോർണി റോബർട്ട് ഇ. ക്രോ, പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ശക്തമായി വാദിച്ചു.

സെപ്റ്റംബർ 10, 1924-ന് ജഡ്ജി ജോൺ ആർ. കാവെർലി വിധി പ്രസ്താവിച്ചു. ലിയോപോൾഡിനും ലോബിനും കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകലിന് 99 വർഷം അധിക തടവും വിധിച്ചു. തൻ്റെ തീരുമാനത്തിന് കാരണം പ്രതികളുടെ പ്രായമാണെന്നും, മനശാസ്ത്രപരമായ തെളിവുകൾ അതിനെ സ്വാധീനിച്ചില്ലെന്നും ജഡ്ജി എടുത്തുപറഞ്ഞു. ഈ വിധി പൊതുജനങ്ങളിൽ വലിയ പ്രതിഷേധമുണ്ടാക്കി, അവരുടെ സമ്പത്താണ് അവരെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചതെന്ന് പലരും വിശ്വസിച്ചു.ഈ വിചാരണ വധശിക്ഷയെക്കുറിച്ചും കുറ്റകൃത്യങ്ങളെ മനസ്സിലാക്കുന്നതിൽ മനശാസ്ത്രത്തിൻ്റെ പങ്കിനെക്കുറിച്ചുമുള്ള വലിയ പൊതു സംവാദത്തിന് വേദിയായി.

ലിയോപോൾഡിനെയും ലോബിനെയും ആദ്യം ജോലിയറ്റ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിലേക്കും പിന്നീട് സ്റ്റേറ്റ്സ്‌വില്ലിലേക്കും മാറ്റി. 1936 ജനുവരി 28-ന്, തൻ്റെ 30-ആം വയസ്സിൽ, ജയിലിലെ കുളിമുറിയിൽ വെച്ച് ജെയിംസ് ഡേ എന്ന സഹതടവുകാരനാൽ ലോബ് അതിക്രൂരമായി കൊല്ലപ്പെട്ടു. ഡേ ഒരു റേസർ ഉപയോഗിച്ച് ലോബിനെ 56 തവണയോളം കീറി മുറിവേൽപ്പിച്ചു . ലോബ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വയം രക്ഷയ്ക്കായാണ് കൊല നടത്തിയതെന്ന് ഡേ വാദിച്ചു. ഡേ ഈ കേസിൽ ശിക്ഷിക്കപ്പെട്ടില്ല. ലോബിൻ്റെ മരണം ലിയോപോൾഡിനെ മാനസികമായി തളർത്തി.

ലോബിൻ്റെ അന്ത്യത്തിൽ നിന്ന് വ്യത്യസ്തമായി, ലിയോപോൾഡ് 33 വർഷത്തിലധികം ജയിലിൽ കഴിഞ്ഞു. കാലക്രമേണ അയാൾ ഒരു “മാതൃകാ തടവുകാരനായി” മാറി. ജയിലിൽ അദ്ദേഹം സജീവമായിരുന്നു: ജയിൽ ലൈബ്രറിയും സ്കൂളും പുനഃസംഘടിപ്പിച്ചു , സഹതടവുകാരെ പഠിപ്പിച്ചു , നിരവധി ഭാഷകൾ പഠിച്ചു , ജയിൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് അപകടകരമായ മലേറിയ ഗവേഷണ പരീക്ഷണങ്ങൾക്ക് സ്വയം സന്നദ്ധനായി.

ഒടുവിൽ 1958 മാർച്ചിൽ ലിയോപോൾഡിന് പരോൾ ലഭിച്ചു. അദ്ദേഹം പ്യൂർട്ടോ റിക്കോയിലേക്ക് പോയി. അവിടെ ചർച്ച് ഓഫ് ബ്രദറൻ എന്ന ക്രിസ്ത്യൻ സേവന സംഘടനയുടെ ആശുപത്രിയിൽ ജോലി ചെയ്തു. പിന്നീട് സാൻ ഹവാനിലേക്ക് മാറി. പ്യൂർട്ടോ റിക്കോ സർവ്വകലാശാലയിൽ കണക്ക് പഠിപ്പിച്ചു , സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടി. ആരോഗ്യ വകുപ്പിലും കുഷ്ഠരോഗ ഗവേഷണത്തിലും ആശുപത്രിയിലും ജോലി ചെയ്തു. 1961-ൽ ട്രൂഡി ഫെൽഡ്മാൻ ഗാർഷ്യ ഡി ക്യുവാഡ എന്ന വിധവയെ വിവാഹം കഴിച്ചു. പ്യൂർട്ടോ റിക്കോയിലെ പക്ഷികളെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. തൻ്റെ കുറ്റകൃത്യത്തിൽ ഖേദം പ്രകടിപ്പിച്ച അയാൾ , മറ്റുള്ളവരെ സഹായിക്കുക എന്നതാണ് എൻ്റെ പ്രധാന ഹോബി എന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.

1971 ഓഗസ്റ്റ് 29/30 തീയതികളിൽ, പ്രമേഹ സംബന്ധമായ ഹൃദയാഘാതത്തെ തുടർന്ന് ലിയോപോൾഡ് തൻ്റെ 66-ആം വയസ്സിൽ പ്യൂർട്ടോ റിക്കോയിൽ വെച്ച് അന്തരിച്ചു. തൻ്റെ ശരീരം വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്കായി പ്യൂർട്ടോ റിക്കോ സർവ്വകലാശാലയ്ക്ക് ദാനം ചെയ്തു.എന്തുകൊണ്ട് അവർ ഈ കുറ്റകൃത്യം ചെയ്തു എന്ന കാതലായ ചോദ്യം ഇന്നും അവശേഷിക്കുന്നു. അത് കേവലം ഒരു ഹരമായിരുന്നോ? അവരുടെ സവിശേഷമായ മാനസിക ഘടനയുടെയും ബന്ധത്തിൻ്റെയും ഫലമായിരുന്നോ? തെറ്റായി വ്യാഖ്യാനിക്കപ്പെട്ട തത്വശാസ്ത്രത്തിൻ്റെ സ്വാധീനമായിരുന്നോ? അതോ അവരുടെ പ്രത്യേക പരിഗണന ലഭിച്ച, എന്നാൽ ഒരുപക്ഷേ ദോഷകരമായ വളർത്തൽ രീതികളുടെ അനന്തരഫലമായിരുന്നോ?. അത്തരം പ്രേരണകളെ പൂർണ്ണമായി മനസ്സിലാക്കുക എന്നത് ദുഷ്കരമാണ്.

സമ്പത്തും പദവിയും ഈ കേസിൽ വഹിച്ച പങ്ക് എന്താണ്? അത് കുറ്റകൃത്യം ചെയ്യാൻ അവരെ പ്രേരിപ്പിച്ചോ? അവസാനം, വധശിക്ഷയിൽ നിന്ന് അവരെ രക്ഷിച്ചത് അവരുടെ പണമാണോ?.ബുദ്ധിപരമായ ഔന്നത്യത്തിൻ്റെയോ സാമൂഹിക പദവിയുടെയോ തിളക്കമാർന്ന പുറംചട്ടകളിൽ പതിയിരിക്കാൻ സാധ്യതയുള്ള തിന്മയുടെ ഭീതിദമായ സാധ്യതകളെക്കുറിച്ചാണ് ലിയോപോൾഡിൻ്റെയും ലോബിൻ്റെയും കഥ നമ്മെ ഓർമ്മിപ്പിക്കുന്നത് . നമുക്കു ചുറ്റും ഇത്തരക്കാർ ഉണ്ട് . കൃത്യമായി ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും ഈ സംഭവം ബാക്കി വയ്ക്കുന്നുണ്ട്. ലിയോപോൾഡിൻ്റെയും ലോബിൻ്റെയും മനശാസ്ത്രപരമായ പ്രഹേളികയ്ക്ക് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയാത്തത് തന്നെയാണ് അതിലെ പ്രധാനപ്പെട്ടത്.

യോസയ്ക്ക് വിട

2025 ഏപ്രിൽ 13, ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖവാർത്തയുമായാണ് പുലർന്നത്. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായനും നോബൽ സമ്മാന ജേതാവുമായ മാരിയോ വർഗാസ് യോസ, പെറുവിൻ്റെ തലസ്ഥാനമായ ലിമയിലെ വസതിയിൽ, തൻ്റെ 89-ാം വയസ്സിൽ, പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. മക്കളായ അൽവാരോ, ഗൊൺസാലോ, മോർഗാന എന്നിവർ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുടുംബത്തിൻ്റെ സ്വകാര്യതയെ മാനിച്ച്, പൊതുപരമായ ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം ദഹിപ്പിക്കുമെന്നും അവർ അറിയിച്ചു

1936 മാർച്ച് 28 ന് പെറുവിലെ അരെക്വിപ്പയിൽ ജനിച്ച യോസയുടെ ജീവിതം അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്തതായിരുന്നു. ജനനത്തിനു മുൻപേ വേർപിരിഞ്ഞ പിതാവിനെ പത്താം വയസ്സിൽ കണ്ടുമുട്ടിയതും , ലിമയിലെ ലിയോൺസിയോ പ്രാഡോ സൈനിക സ്കൂളിലെ “നരകതുല്യമായ” അനുഭവങ്ങളും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെയും എഴുത്തിനെയും ആഴത്തിൽ സ്വാധീനിച്ചു. ഈ അനുഭവങ്ങൾ അദ്ദേഹത്തിൻ്റെ ആദ്യ നോവലായ The Time of the Hero എന്ന കൃതിക്ക് നിമിത്തമായി. അധികാര ഘടനകളോടും അടിച്ചമർത്തലിനോടുമുള്ള അദ്ദേഹത്തിൻ്റെ സംവേദനക്ഷമതയും വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹവും അദ്ദേഹത്തിൻ്റെ കൃതികളിലെ പ്രധാന പ്രമേയങ്ങളായി മാറി. 2010-ൽ നോബൽ സമ്മാനം നൽകി സ്വീഡിഷ് അക്കാദമി ആദരിച്ചതും അധികാര ഘടനകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സൂക്ഷ്മമായ പഠനങ്ങളെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിൻ്റെയും പരാജയത്തിൻ്റെയും മൂർച്ചയുള്ള ചിത്രീകരണങ്ങളെയുമായിരുന്നു.

ലിമയിലെ സാൻ മാർക്കോസ് നാഷണൽ യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുമ്പോൾത്തന്നെ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചു. നോവലിസ്റ്റ്, ഉപന്യാസകാരൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, അദ്ധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഗബ്രിയേൽ ഗാർസിയ മാർക്കേസ്, കോർത്തസാർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ “ബൂം” തലമുറയുടെ അവസാനത്തെ കണ്ണിയായിരുന്നു യോസ. സാർവത്രിക വിഷയങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹത്തിൻ്റെ കൃതികൾക്ക് ലോകമെമ്പാടും വലിയ സ്വാധീനമുണ്ടായിരുന്നു. മറ്റ് ബൂം എഴുത്തുകാരെക്കാൾ അന്താരാഷ്ട്രതലത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ യോസയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

രാഷ്ട്രീയ ത്രില്ലറുകൾ, ചരിത്ര നോവലുകൾ, സാമൂഹിക ഹാസ്യം, ലൈംഗികതയുടെ തീക്ഷ്ണമായ ആഖ്യാനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ശാഖകളിലൂടെയാണ് യോസയുടെ സാഹിത്യലോകം സഞ്ചരിച്ചത്. 1963-ൽ പുറത്തിറങ്ങിയ The Time of the Hero മുതൽ 2023-ൽ ഇറങ്ങിയ I Give You My Silence വരെ നീളുന്ന ആ യാത്ര അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ നോവലുകളെക്കാൾ നോൺ ഫിക്ഷൻ എഴുത്തും വായനക്കാർക്ക് വിരുന്നാണ്. അദ്ദേഹത്തിന്റെ നോൺ ഫിക്ഷനുകളാണ് ഞാനും കൂടുതൽ വായിച്ചിട്ടുള്ളത്. പലതും തീവില കാരണം നമുക്ക് അടുക്കാൻ സാധിക്കില്ല എന്ന കാരണം കൊണ്ട് തന്നെ മറ്റ് പല വഴികളിലൂടെ മിക്കതും സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ഇപ്പോഴും മുഴുവനായി വായിച്ചു തീർന്നിട്ടില്ല. George Plimpton എഡിറ്റ് ചെയ്ത് Modern ലൈബ്രറി പുറത്തിറക്കിയ “Latin American Writers At Work” എന്ന പുസ്തകത്തിൽ യോസയുമായുള്ള ഒരു അഭിമുഖം ചേർത്തിട്ടുണ്ട്. ഒരുപിടി മികച്ച ചോദ്യങ്ങളും അതിനേക്കാൾ മികച്ച ഉത്തരങ്ങളും ഇതിൽ വായിക്കാം. Susannah Hunnewell ആണിതിന്റെ ഇംഗ്ലീഷ് വിവർത്തനം. മലയാളത്തിൽ വി രവികുമാർ ഇതിന്റെ പരിഭാഷ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.

The Green House (1965), Conversation in The Cathedral (1969),Captain Pantoja and the Special Service (1973), Aunt Julia and the Scriptwriter, (1977),The War of the End of the World ( 1981), The Feast of the Goat ( 2000) എന്നിവ അദ്ദേഹത്തിൻ്റെ നാഴികക്കല്ലുകളായ കൃതികളിൽ ചിലതുമാത്രം. ഓരോ നോവലും അധികാര ഘടനകളെയും അഴിമതി, അടിച്ചമർത്തൽ എന്നിവയെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിനെയും വ്യത്യസ്ത കോണുകളിൽ നിന്ന് സമീപിച്ചു. ലാറ്റിനമേരിക്കൻ യാഥാർത്ഥ്യങ്ങളെ കീറിമുറിക്കാൻ അദ്ദേഹം ഫിക്ഷനെ ഒരു ശസ്ത്രക്രിയ ഉപകരണം പോലെ ഉപയോഗിച്ചു.

യാഥാർത്ഥ്യത്തിൽ ഊന്നിയുള്ള ചരിത്രപരമായ അടിത്തറയും , ഫോക്നറെ ഓർമ്മിപ്പിക്കുന്ന സങ്കീർണ്ണമായ ആഖ്യാന ഘടനകളും , സംഭാഷണങ്ങൾ ഇടകലർത്തുന്ന രീതിയും , മോഡേണിസത്തിൻ്റെയും പോസ്റ്റ്മോഡേണിസത്തിൻ്റെയും സമന്വയവും യോസയുടെ രചനാശൈലിയെ ,മികച്ചു നിർത്തുന്നു . ഫ്ലോബേർ, സാർത്ര്, ഫോക്നർ തുടങ്ങിയവരുടെ സ്വാധീനം അദ്ദേഹത്തിൻ്റെ എഴുത്തിൽ കാണാമെങ്കിലും , തനതായ ഒരു പാത വെട്ടിത്തുറക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ക്യൂബൻ വിപ്ലവത്തിൻ്റെ ആദ്യകാല അനുഭാവിയായിരുന്ന യോസ, പിന്നീട് വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ലിബറലിസത്തിൻ്റെ ശക്തനായ വക്താവായി മാറി. 1971-ലെ “പഡില്ല സംഭവം” ഈ മാറ്റത്തിലെ ഒരു നിർണ്ണായക ഘട്ടമായിരുന്നു. 1990-ൽ പെറുവിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അൽബെർട്ടോ ഫ്യൂജിമോറിയോട് പരാജയപ്പെട്ടു. ഈ പരാജയത്തെത്തുടർന്ന് അദ്ദേഹം സ്പെയിനിലേക്ക് താമസം മാറുകയും സ്പാനിഷ് പൗരത്വം നേടുകയും ചെയ്തു. എങ്കിലും, ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിൽ അദ്ദേഹം ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തെയും ലോകകാര്യങ്ങളെയും കുറിച്ച് തൻ്റെ “പിയേദ്ര ഡി ടോക്” എന്ന കോളത്തിലൂടെയും മറ്റ് ലേഖനങ്ങളിലൂടെയും നിരന്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ നേതാക്കളെ നിശിതമായി വിമർശിച്ച അദ്ദേഹം , ചില വലതുപക്ഷ നേതാക്കളെ പിന്തുണച്ചത് വിവാദങ്ങൾക്കും വഴിവെച്ചു.

ലാറ്റിനമേരിക്കൻ ബൂം തലമുറയിലെ അതികായന്മാരായിരുന്ന യോസയും ഗബ്രിയേൽ ഗാർസിയ മാർക്കേസും ആദ്യകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു . ഇരുവരും തമ്മിലുള്ള ബന്ധം 1976-ൽ മെക്സിക്കോ സിറ്റിയിൽ വെച്ച് യോസ മാർക്കേസിനെ ഇടിച്ചതോടെ എന്നെന്നേക്കുമായി അവസാനിച്ചു. ഈ വേർപിരിയലിൻ്റെ കാരണം വ്യക്തിപരമോ രാഷ്ട്രീയമോ എന്നത് ഇന്നും ദുരൂഹമായി തുടരുന്നു.ഈ സംഭവത്തിന്റെ പല ഭാഷ്യങ്ങൾ നിലവിലുണ്ട് . ശൈലിയിലും പ്രമേയങ്ങളിലും ഇരുവരും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. യോസയുടെ ബൗദ്ധിക വിശകലനവും ഘടനാപരമായ സങ്കീർണ്ണതയും യാഥാർത്ഥ്യത്തോടുള്ള പ്രതിബദ്ധതയും ഒരു വശത്ത്, മാർക്കേസിൻ്റെ മാജിക് റിയലിസവും കാവ്യാത്മക ഗദ്യവും ഐതിഹ്യ നിർമ്മാണവും മറുവശത്ത്. ആരാണ് മികച്ചത് എന്നതിനേക്കാൾ, ലാറ്റിനമേരിക്കൻ സാഹിത്യത്തിന് ഇരുവരും നൽകിയ അതുല്യമായ സംഭാവനകളാണ് പ്രധാനം. യോസയുടെ “കനം” നിലകൊള്ളുന്നത് യാഥാർത്ഥ്യത്തിൻ്റെയും അധികാരത്തിൻ്റെയും നിശിതമായ വിശകലനത്തിലും, വിശാലമായ രചനാ വൈവിധ്യത്തിലും, സജീവമായി ഇടപെടുന്ന ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ റോളിലുമാണ്. അങ്ങനെ നോക്കുമ്പോൾ മാർക്കേസിനെക്കാൾ ഒരുപടി മുന്നിൽ വരും യോസ.

2010-ലെ നോബൽ സമ്മാനം യോസയുടെ കിരീടത്തിലെ പൊൻതൂവലായി.സെർവാൻ്റസ് പ്രൈസ് (1994) , റോമുലോ ഗാലെഗോസ് പ്രൈസ് (1967) , പ്രിൻസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് (1986) തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. റിയൽ അക്കാദമിയ എസ്പാനോളയിലും (1996) ഫ്രഞ്ച് ഭാഷയിൽ എഴുതാത്ത ആദ്യ വ്യക്തിയെന്ന നിലയിൽ അക്കാദമി ഫ്രാങ്കൈസിലും (2023) അംഗത്വം ലഭിച്ചത് അദ്ദേഹത്തിൻ്റെ ആഗോള പ്രസക്തിക്ക് അടിവരയിടുന്നു.

മാരിയോ വർഗാസ് യോസ വിടവാങ്ങുമ്പോൾ, ലോകസാഹിത്യത്തിന് നഷ്ടമാകുന്നത് കേവലം ഒരു എഴുത്തുകാരനെയല്ല, മറിച്ച് ഒരു സാമൂഹിക വിമർശകനെയും എല്ലാറ്റിനുമുപരിയായി വാക്കിൻ്റെ കരുത്തിൽ അടിയുറച്ച് വിശ്വസിച്ച ഒരു മനുഷ്യനെകൂടിയാണ്. അധികാരത്തിൻ്റെ ഇടനാഴികളിലൂടെയും മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലൂടെയും അദ്ദേഹം നടത്തിയ യാത്രകൾ അക്ഷരങ്ങളിലൂടെ അനശ്വരമായി നിലനിൽക്കും. അദ്ദേഹത്തിൻ്റെ കൃതികൾ വരും തലമുറകൾക്കും പ്രചോദനവും വെളിച്ചവുമായി തുടരും, കാരണം യോസയുടെ വാക്കുകൾക്ക് മരണമില്ല.

യോസയ്ക്ക് വിട !!

നഗ്നനായ ഹ്യൂഗോ

പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ലോകം എപ്പോഴും നമ്മെ ആകർഷിക്കുന്ന ഒരു വിഷയമാണല്ലോ . പ്രശസ്തമായ കൃതികൾക്കും അവയുടെ കർത്താക്കൾക്കും പിന്നിൽ രസകരവും വിചിത്രവുമായ ഒട്ടേറെ കഥകളുണ്ട്.

പ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റ് വിക്ടർ ഹ്യൂഗോ എഴുതാനിരിക്കുമ്പോൾ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി പൂർണ്ണ നഗ്നനായി ഇരിക്കുമായിരുന്നുവത്രേ! എഴുത്തിൽ നിന്ന് ശ്രദ്ധ മാറാതിരിക്കാനായി തന്റെ വസ്ത്രങ്ങളെല്ലാം ഭൃത്യന്റെ കയ്യിൽ കൊടുത്തുവിടുമായിരുന്നു. ‘പാവങ്ങൾ’ (Les Misérables) പോലുള്ള മഹത്തായ കൃതികൾ പിറന്നത് ഈ വിചിത്രമായ ശീലത്തിൽ നിന്നാണ്.

അത്പോലെ ഫ്രഞ്ച് സാഹിത്യകാരനായ ബൽസാക്ക് കടുത്ത കാപ്പി പ്രിയനായിരുന്നു. ദിവസവും 50 കപ്പിലധികം കാപ്പി കുടിച്ചാണ് അദ്ദേഹം എഴുതിയിരുന്നത്. ഈ അമിതമായ കാപ്പികുടി അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും നിരവധി കൃതികൾ പൂർത്തിയാക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു എന്നു പറയപ്പെടുന്നു.

കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞിയായ അഗതാ ക്രിസ്റ്റിക്ക് എഴുതാൻ പ്രത്യേക മുറിയോ മേശയോ ഒന്നും ആവശ്യമില്ലായിരുന്നു. അടുക്കളയിലെ മേശയിലോ കിടപ്പുമുറിയിലോ ഹോട്ടൽ മുറിയിലോ എവിടെയിരുന്നും അവർക്ക് എഴുതാൻ കഴിയുമായിരുന്നു. പലപ്പോഴും കഥയുടെ അവസാനം മുൻകൂട്ടി നിശ്ചയിക്കാതെയാണ് അവർ എഴുതിത്തുടങ്ങിയിരുന്നത്.

വിക്ടോറിയൻ കാലഘട്ടത്തിലെ പ്രശസ്തനായ എഴുത്തുകാരൻ ആയിരുന്നല്ലോ ചാൾസ് ഡിക്കൻസ്. അദ്ദേഹം ഉറങ്ങുമ്പോൾ തല വടക്കോട്ട് വെച്ചാണ് കിടന്നിരുന്നത്. ഇങ്ങനെ ചെയ്താൽ തന്റെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. കൂടാതെ, എഴുതുമ്പോൾ തന്റെ മേശപ്പുറത്ത് ചില വസ്തുക്കൾ കൃത്യമായ സ്ഥാനങ്ങളിൽ വെക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഹിപ്നോട്ടിസത്തിൽ താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഹിപ്നോട്ടൈസ് ചെയ്യാൻ ശ്രമിച്ചിരുന്നു.

‘പ്രൈഡ് ആൻഡ് പ്രെജുഡിസ്’ പോലുള്ള ക്ലാസിക്കുകൾ സമ്മാനിച്ച ജെയ്ൻ ഓസ്റ്റൻ തന്റെ എഴുത്ത് വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു. . ആരെങ്കിലും തന്റെ മുറിയിലേക്ക് വരുമ്പോൾ അവർ തന്റെ കയ്യെഴുത്തുപ്രതികൾ വേഗം ഒളിപ്പിക്കുമായിരുന്നു. ഒരു സ്ത്രീ എഴുതുന്നത് അക്കാലത്ത് അത്ര പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല എന്നതായിരുന്നു ഇതിന്റെ കാരണം. വാതിൽ തുറക്കുന്ന ശബ്ദം കേൾക്കാൻ ഒരു വിജാഗിരി പോലും അവർ മനഃപൂർവ്വം കേടുവരുത്തി വെച്ചിരുന്നു എന്നു പറയപ്പെടുന്നു.

‘മെറ്റമോർഫോസിസ്’ പോലുള്ള അസ്തിത്വവാദ നോവലുകളിലൂടെ പ്രശസ്തനായ കാഫ്ക, തന്റെ കൃതികളെല്ലാം മരണശേഷം കത്തിച്ചുകളയണമെന്ന് സുഹൃത്തായ മാക്സ് ബ്രോഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാക്സ് ബ്രോഡ് ആ വാക്ക് പാലിച്ചില്ല. അങ്ങനെയാണ് കാഫ്കയുടെ പല പ്രധാന കൃതികളും ലോകം വായിച്ചത്.കാഫ്കയുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ തീർച്ചയായും നമ്മൾ നന്ദി പറയേണ്ടത് ‘വിശ്വാസ വഞ്ചന’ കാണിച്ച സുഹൃത്തായ ആ മാക്സ് ബ്രോഡിനോടാണ്.

ഭീകരകഥകളുടെ രാജാവായി അറിയപ്പെടുന്ന എഡ്ഗാർ അലൻ പോ, തന്റെ പ്രിയപ്പെട്ട പൂച്ചയായ കറ്റാറിനയെ തോളിലിരുത്തിക്കൊണ്ടാണ് പലപ്പോഴും എഴുതിയിരുന്നത്. അദ്ദേഹം തന്റെ 13 വയസ്സുള്ള കസിൻ വിർജീനിയ ക്ലെമ്മിനെ വിവാഹം കഴിച്ചത് വലിയ വിവാദമായിരുന്നു. പൂച്ചയെ എഴുത്തു മുറിയിൽ ഓമനിച്ചിരുന്ന ഒ .വി വിജയന്റെ പൂച്ച പ്രേമം നമുക്കറിയാമല്ലോ.

‘മിസിസ് ഡാലോവേ’, ‘ടു ദ ലൈറ്റ്ഹൗസ്’ തുടങ്ങിയ പ്രശസ്ത കൃതികളുടെ കർത്താവായ വിർജീനിയ വൂൾഫ് പലപ്പോഴും നിന്നുകൊണ്ടാണ് എഴുതിയിരുന്നത്. ഉയരം കൂടിയ ഒരു ഡെസ്കിൽ വെച്ചായിരുന്നു അവരുടെ എഴുത്ത്.

‘ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനീസ്’, ‘ഇൻ കോൾഡ് ബ്ലഡ്’ എന്നീ കൃതികളിലൂടെ പ്രശസ്തനായ കപോട്ടി കിടക്കയിൽ മലർന്നു കിടന്നുകൊണ്ട് കാപ്പിയും സിഗരറ്റും അകമ്പടിയാക്കിയാണ് എഴുതിയിരുന്നത്.

പ്രേരയ്ക്ക

മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ലളിതമായ ആഖ്യാനത്തിലൂടെ സങ്കീർണ്ണമായ മാനുഷിക വികാരങ്ങളെ ആവിഷ്കരിക്കുന്ന ഒരു കഥയാണ് കെ.എസ്. രതീഷിൻ്റെ “പ്രേരയ്ക്ക” . പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രണയത്തിൻ്റെ മധുരവും പേരയ്ക്കയുടെ ഗ്രാമീണ സൗന്ദര്യവും ഈ കഥയിൽ ഇഴ ചേർന്നു നിൽക്കുന്നുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും , നിസ്സഹായതയും കരിനിഴൽ വീഴ്ത്തുന്ന ഗ്രാമത്തിൽ, മനുഷ്യബന്ധങ്ങളുടെ ആഴവും സഹാനുഭൂതിയുടെ രാഷ്ട്രീയവുംകഥാകൃത്ത് ഹൃദയസ്പർശിയായി രേഖപ്പെടുത്തിയിട്ടുണ്ട്.

കഥയുടെ ഇതിവൃത്തം ജോയിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ പിന്തുടർന്നാണ് വികസിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയവും നഷ്ടപ്രണയത്തിൻ്റെ മങ്ങാത്ത ഓർമ്മകളും പേറുന്ന ജോയിക്കുട്ടി, വർഷങ്ങൾക്കുശേഷം സ്റ്റാൻലിയെ വീണ്ടും കണ്ടുമുട്ടുന്നതോടെ കഥാഗതിക്ക് വഴിത്തിരിവുണ്ടാക്കുന്നു. പേരയ്ക്കയുടെ മധുരം പോലെ ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം ഒരു കാലത്ത് ജോയിക്കുട്ടിക്കുണ്ടായിരുന്നു. ആ പ്രണയത്തിൻ്റെ ഓർമ്മകൾ ഇപ്പോഴും അയാളെ വേട്ടയാടുന്നുണ്ട് . സ്റ്റാൻലിയുടെ രംഗപ്രവേശം ജോയിക്കുട്ടിയിൽ പശ്ചാത്താപത്തിൻ്റെയും കരുണയുടെയും വികാരങ്ങൾ ഉണർത്തുന്നു. മോളിയുടെ മാനസികാസ്വാസ്ഥ്യം, ബെറ്റിയുടെ ധാർമ്മികമായ പ്രതിസന്ധി, സാവിത്രിയുടെ സാമൂഹ്യ മാധ്യമ ഇടപെടൽ എന്നിവയെല്ലാം ചേർന്ന് കഥയെ കൂടുതൽ വൈകാരികമാക്കുന്നു.

“പ്രേരയ്ക്ക”യിലെ കഥാപാത്രങ്ങൾ ഓരോരുത്തരും അവരവരുടെ ജീവിത ദുരിതങ്ങളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നുപോകുന്നവരാണ്. മാനസിക രോഗത്തിൻ്റെ കഠിന യാതനകൾ പേറുന്ന മോളി, ധർമ്മസങ്കടത്തിൽ ഉഴലുന്ന ബെറ്റി,ഇവരുടെ ഇടയിൽ കഴിയുന്ന സ്റ്റാൻലി ; ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ഈ കഥാപാത്രങ്ങൾ ഓരോരുത്തരും തന്മയത്തത്തോടെ പ്രതിനിധീകരിക്കുന്നു. ലളിതമായ ഗ്രാമീണ ഭാഷയും ഹൃദയസ്പർശിയായ രചനാശൈലിയും കഥയുടെ കരുത്ത് വർദ്ധിപ്പിക്കുന്നുണ്ട് .പേരമരവും പേരയ്ക്കയും ഗ്രാമീണതയുടെയും പ്രത്യാശയുടെയും പ്രതീകമായി കഥയിൽ നിറഞ്ഞുനിൽക്കുമ്പോൾ തന്നെ അത് നഷ്ട പ്രണയത്തിൻ്റെയും, കഥാപാത്രങ്ങൾ തമ്മിൽ പുലർത്തുന്ന സ്നേഹത്തിൻ്റെയും, സഹാനുഭൂതിയുടെയും ആഴവും വെളിപ്പെടുത്തുന്നു.

വായിക്കാം ‘പ്രേരയ്ക്ക’ ഇത്തവണത്തെ (മാർച്ച് 2025 ലക്കം) ഭാഷാപോഷിണിയിൽ.

കൂടൽമാണിക്യത്തിലെ തന്ത്രി സമരം

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് ആ പേര് വരുന്നതിനുമുമ്പുള്ള പേര് എന്തായിരുന്നുവെന്നതിനു ചരിത്രരേഖകൾ ഒന്നും തന്നെയില്ല എന്നാണ് അറിവ്. പ്രസിദ്ധമായ നാലമ്പല ക്ഷേത്രത്തിലെ ഒരമ്പലമാണിത്. ഭരതൻ ആണ് പ്രതിഷ്ഠ. ഒരു പാട് ചരിത്രകഥകളും, ഐതിഹ്യവും ഒക്കെ ഉള്ള അമ്പലമാണിത്. ഐതീഹ്യമാലയിൽ ബന്ധപ്പെട്ട കഥകൾ വായിക്കാൻ കിട്ടും.

ഡി ദയാനന്ദന്റെ ‘ചരിത്രകൌതുകം’ എന്ന പുസ്തകത്തിൽ പറയുന്ന വിവരങ്ങൾ ഇങ്ങനെയാണ്.

ഒരുദിവസം ക്ഷേത്രവിഗ്രഹത്തിൽനിന്നു മാണിക്യത്തിൽ നിന്നെന്നുപോലെയുള്ള പ്രകാശം പ്രസരിക്കുന്നതു കണ്ടുവത്രേ! അതു മാണിക്യത്തിൽ നിന്നാണോ എന്ന് ഒത്തുനോക്കുന്നതിന് മറ്റൊരു മാണിക്യം ലഭിച്ചില്ല. ഒടുവിൽ അമൂല്യമായ ഒരു മാണിക്യക്കല്ല് കായംകുളം രാജാവിന്റെ കൈവശം ഉണ്ടെന്ന് അറിയുകയും ആ കല്ല് കൊണ്ടുവന്ന് വിഗ്രഹത്തോട് ചേർത്ത് പിടിച്ചുനോക്കുകയും ചെയ്‌തു. മാണിക്യം വിഗ്രഹത്തോട് ചേർത്തുപിടിച്ചപ്പോൾ അത് ആ വിഗ്രഹത്തോട് ചേർന്നുപോയെന്നും തുടർന്ന് ക്ഷേത്രം കൂടൽമാണിക്യം ക്ഷേത്രം എന്നറിയപ്പെടാൻ തുടങ്ങിയെന്നും കഥ.

എന്നാൽ, കായംകുളം രാജാവിൻ്റെ മാണിക്യം അവിടെ കൂടിച്ചേർന്നതുകൊണ്ട് കായംകുളം രാജാവ് ക്ഷേത്രത്തിനുമേൽ അവകാശം ആവശ്യപ്പെടുകയും കൊച്ചിരാജാവ് അത് സമ്മതിച്ചുകൊടുക്കുകയും ചെയ്തതായി പറയുന്നു. പിൽക്കാലത്ത് സൈനികനടപടികളുടെ ഭാഗമായി കായംകുളം തിരുവിതാംകൂറിൻ്റെ അധീനതയിലായി. അന്നുമുതൽ തിരുവിതാംകൂർ മഹാരാജാവിൻ്റെ പ്രതിനിധിയായ “തച്ചുടയ കൈമൾ” ക്ഷേത്രം ഭരിക്കാൻ തുടങ്ങി.തുടർന്ന് തിരുവിതാംകൂർ രാജാവിന് ക്ഷേത്രത്തിൽ മേൽക്കോയ്മ ലഭിച്ചതുസംബന്ധിച്ച രേഖ പുസ്തകത്തിൽ ചേരത്തിട്ടുണ്ട് . പഴയ ഭാഷയാണ്. വായിച്ചു മനസ്സിലാക്കാൻ ഒന്നിലകൂടുതൽ തവണ വായിക്കേണ്ടി വരും അന്നുമുതൽ വേണാട്ടുകര രാജാവിനും ഈ ക്ഷേത്രത്തിൽ സ്ഥാനം ഉണ്ടായി എന്ന് രേഖ പറയുന്നു.

പറയാൻ വന്നത് അതൊന്നുമല്ല. എന്റെ വീടിന് തൊട്ടടുത്തുള്ള അമ്പലമായതുകൊണ്ടു അതിനെ ചുറ്റി പറ്റി വരുന്ന വാർത്തകളെല്ലാം ശ്രദ്ധിക്കാറുണ്ട്. ഒരാഴ്ച മുൻപ് മാതൃഭൂമിയിൽ ഒരു വാർത്ത കണ്ടിരുന്നു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് പുതിയ ഒരാളെ കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമിച്ചതിനെ തുടർന്ന് വിവാദം ഉടലെടുത്തിരിക്കുകയാണ് എന്നായിരുന്നു വാർത്ത . . പാരമ്പര്യമായി ഈ സ്ഥാനം കൈകാര്യം ചെയ്തിരുന്ന കുടുംബങ്ങളെ ഒഴിവാക്കിയാണ് പുതിയ നിയമനം നടത്തിയത് എന്നും വാർത്തയിൽ ഉണ്ട്.

ഇതിനെതിരെ ക്ഷേത്രം തന്ത്രിമാരും വാര്യർ സമാജവും രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ അഭിപ്രായം ചോദിക്കാതെ നിയമനം നടത്തിയതിൽ പ്രതിഷേധം അറിയിച്ച് തന്ത്രിമാർ ദേവസ്വം ബോർഡിന് കത്തയച്ചു. വാര്യർ സമുദായ അംഗങ്ങളെ ഒഴിവാക്കിയതിൽ വാര്യർ സമാജവും ഉത്കണ്ഠ രേഖപ്പെടുത്തി. ഇത്തരം നടപടികൾ പാരമ്പര്യ സമുദായ അംഗങ്ങളെ ഒഴിവാക്കി നിയമനം നടത്തുന്നതിന് തുടക്കമിടുമെന്നും അവർ ആശങ്ക പ്രകടിപ്പിക്കുന്നു.എന്നാൽ വാർത്ത വായിക്കുമ്പോൾ കാര്യം അത്ര വ്യക്തമാകില്ല. എന്നാൽ ഇന്നത്തെ കേരള കൌമുദിയിലെ ‘കഴകത്തിന് ഈഴവൻ: കൂടൽമാണിക്യത്തിൽ ‘തന്ത്രിസമരം’’ എന്ന തലക്കെട്ടിലെ വാർത്ത ഒരു വ്യക്തത തരുന്നുണ്ട്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിക്ക് ഈഴവ സമുദായക്കാരനെ നിയമിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമിട്ടത്. കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴിയാണ് ഈ നിയമനം നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് ക്ഷേത്രത്തിലെ തന്ത്രിമാർ ‘സമരം’ തുടങ്ങി. കഴകക്കാരൻ ചുമതലയേറ്റ ഫെബ്രുവരി 24 മുതൽ തന്ത്രിമാർ ക്ഷേത്രം ബഹിഷ്കരിച്ചു. കഴകം തസ്തികയിൽ മാലകെട്ടുകാരനായി നിയമിതനായ തിരുവനന്തപുരം ആര്യനാട് സ്വദേശി വി.ഐ. ബാലുവിന് ചുമതലയേറ്റപ്പോൾ മുതൽ അമ്പലവാസികളായ മറ്റു ജീവനക്കാർ ഭ്രഷ്ടുകല്പിച്ചിരിക്കുകയായി രുന്നു. അപേക്ഷ ചോദിച്ചു വാങ്ങി ഓഫീസിലേക്ക് മാറ്റിയശേഷം പ്രതികരിക്കാൻ ബാലു തയ്യാറായില്ല എന്നു വാർത്തയിൽ ഉണ്ട് . പാരമ്പര്യമായി ചില സമുദായക്കാർ മാത്രം കൈകാര്യം ചെയ്തിരുന്ന സ്ഥാനത്തേക്ക് മറ്റൊരു സമുദായത്തിൽ നിന്നൊരാളെ നിയമിച്ചത് ആചാര ലംഘനമാണെന്ന് തന്ത്രിമാർ വാദിക്കുന്നു.എങ്ങനെയുണ്ട് ? അതായത് ഏത് സമുദായത്തിൽ ഉള്ളവരെ കഴകം ജോലിക്ക് നിയമിക്കണം എന്നുള്ളത് വരെ താംബൂല പ്രശ്നത്തിൽ ഉണ്ടത്രേ.

ഇതൊന്നും അടുത്തകാലത്തൊന്നും നന്നാവുമെന്ന് ഒരു പ്രതീക്ഷയുമില്ല .

എഴുത്തിലൂടെ  അക്രമത്തെ അതിജീവിക്കുന്നവർ

2022 ഓഗസ്റ്റ് 12-ന് ന്യൂയോർക്കിലെ വെയിൽ നിറഞ്ഞ ഒരു വെള്ളിയാഴ്ചയിൽ  ആംഫി തിയേറ്ററിൽ വച്ച്  എഴുത്തുകാർക്ക് സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിനിടെ സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടു.അക്രമിയുടെ പേര് ഹാദി മാതർ എന്നായിരുന്നു. വെറും ഇരുപത്തേഴ് നിമിഷങ്ങൾ മാത്രമേ കൊലയാളിക്ക് കിട്ടിയുള്ളൂ .  ആക്രമണത്തിൽ എഴുത്തുകാരന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടമായി. ഇടതു കൈയുടെ സ്വാധീനം  ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. തനിക്ക് നേരെയുണ്ടായ ക്രൂരമായ ഈ ആക്രമണത്തെക്കുറിച്ചും  അതിനെ അതിജീവിച്ച രീതികളെയുമൊക്കെയാണ് ‘കത്തി’ (Knife-Meditations After an Attempted Murder)എന്ന തന്റെ പുതിയ ഓർമ്മ കുറിപ്പിൽ സൽമാൻ റുഷ്ദി വിവരിക്കുന്നത് .  ആക്രമണത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഓർമ്മക്കുറിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.  ആ  നിമിഷത്തിൽ താൻ അനുഭവിച്ച  ഞെട്ടലും ,ഭീതിയും  അദ്ദേഹം വായനക്കാർക്കായി  തന്റെ പുതിയ പുസ്തകത്തിൽ പകർത്തിയിരിക്കുന്നു . 

വെറും ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള  ലെബനീസ്-അമേരിക്കനായ  ഹാദി മാതർ, റുഷ്ദിയുടെ വിവാദ പുസ്തകത്തിന്റെ വെറും രണ്ട് പേജുകൾ മാത്രം വായിക്കുകയും യൂട്യൂബിൽ അദ്ദേഹത്തിന്റെ ചില വീഡിയോകൾ കാണുകയും ചെയ്തിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ്  റുഷ്ദിയുടെ കൃതികളെല്ലാം  ‘മോശമാണെന്ന്’ മനസ്സിലാക്കി അദ്ദേഹത്തെ വധിക്കാൻ ഇറങ്ങി തിരിച്ചത്. പുസ്തകത്തിൽ  ആക്രമിയുടെ ശരിയായ പേര്  ഉപയോഗിക്കാൻ റുഷ്ദി  ആഗ്രഹിക്കാത്തതുകൊണ്ട്  കൊലയാളിയുടെ ഇംഗ്ലീഷ് അർഥം വരുന്ന assasin  എന്ന വാക്കിലെ   A എന്ന അക്ഷരം ഉപയോഗിച്ചാണ്  പുസ്തകത്തിൽ അയാളെ ഉടനീളം റുഷ്ദി  സംബോധന ചെയ്തിരിക്കുന്നത്. ശരീരത്തിൽ നിറയെ മുറിവുകളുമായി താഴെ വീഴുമ്പോൾ റുഷ്ദിയുടെ മനസ്സിലൂടെ നിരവധി കാര്യങ്ങൾ കടന്നു പോയി. കടുത്ത ഏകാന്തതയാണ് തനിക്ക് ആദ്യം അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു . ഇനിയൊരിക്കലും തന്റെ ഭാര്യ എലീസയെയും ,മക്കളെയും സഹോദരിമാരെയും അവരുടെ പെണ്മക്കളെയും കാണാൻ സാധിക്കില്ല എന്നദ്ദേഹം കരുതി . അന്നേരം തന്റെ വിവാദ പുസ്തകമായ ദ് സാത്താനിക് വെഴ്‌സസിൻ്റെ പ്രാരംഭ വരികളിലെ ചിലത് മനസിലേക്ക് ഓടി കയറി വന്നു. ‘വീണ്ടും ജനിക്കണമെങ്കിൽ , ആദ്യം നിങ്ങൾ  മരിക്കണം’. 

ദ സാത്താനിക് വേഴ്‌സസിൻ്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് 1989-ൽ അയത്തുള്ള ഖൊമേനി ഫത്‌വ പുറപ്പെടുവിച്ചിട്ട് മുപ്പത്തിമൂന്നര വർഷങ്ങൾ കഴിഞ്ഞിരുന്നു. അന്ന് മുതൽ ഇത്പോലെയുള്ള ഏതെങ്കിലും പൊതുചർച്ചാ വേദികളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ തനിക്ക് നേരെ നടന്നടുക്കുന്ന ഒരു കൊലയാളിയെ  റുഷ്ദി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഫത്‌വയ്ക്ക് ശേഷമുള്ള വർഷങ്ങളിൽ തനിക്കെതിരെ വന്ന ആറോളം  കൊലപാതക ഗൂഢാലോചനകളെങ്കിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വൈദഗ്ധ്യത്താൽ പരാജയപ്പെടുത്തിയതായി പറയുന്നുണ്ട്.

ഖൊമേനിയുടെ  ഫത്‌വ പക്ഷേ കലാകാരനെന്ന നിലയിൽ തന്നെ വഴിതെറ്റിച്ചേക്കാവുന്ന രണ്ടു വഴികളുണ്ടെന്ന് മനസ്സിലാക്കിയിടത്താണ്  തന്റെ വിജയമെന്ന് റുഷ്ദി ഓർമിപ്പിക്കുന്നു. ഫത്‌വക്ക് ശേഷം ഭയന്ന്  അതിനു കീഴ്‌പ്പെട്ട്   അത്തരം പുസ്തകങ്ങൾ റുഷ്ദി എഴുതിയില്ല . എന്നാൽ അതിനെതിരെ പ്രതികാരം മൂത്ത് എതിർത്തുകൊണ്ടുള്ള  പുസ്തകങ്ങളും എഴുതിയില്ല. ഈ രണ്ടു സാധ്യതകളും തന്റെ  വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും നശിപ്പിക്കുകയും അത്  ഫത്‌വയുടെ തന്നെ സൃഷ്ടിയായി മാറ്റുകയും ചെയ്യും. അതുകൊണ്ട് ഒരു കലാകാരൻ എന്ന നിലയിൽ ഇവയെയെല്ലാം അതിജീവിക്കാനുള്ള ഒരേയൊരു മാർഗം, താൻ  സഞ്ചരിക്കുന്ന സാഹിത്യപാതയെ മനസ്സിലാക്കുകയും, തിരഞ്ഞെടുത്ത യാത്രകളെ അംഗീകരിക്കുകയും, ആ വഴിയിലൂടെ തന്നെ മുന്നോട്ട് പോകുകയും ചെയ്യുക എന്നതായിരുന്നു. അതിന് ഇച്ഛാശക്തിമാത്രം ഉണ്ടായാൽ മതിയാകുമായിരുന്നു .പക്ഷേ അത്തരം തിരഞ്ഞെടുപ്പുകൾ എളുപ്പമായിരുന്നില്ല എന്നദ്ദേഹം പറയുന്നു  . താൻ  ആരായിരുന്നുവെന്നും  തനിക്ക്  താനായിത്തന്നെ തുടരാനാകുമോ എന്നുള്ള ചോദ്യങ്ങൾ അന്നേരം ഉയർന്നു വന്നെന്നും റുഷ്ദി പറയുന്നു.ഫത്‌വയ്ക്ക് മുമ്പായി അഞ്ച് പുസ്തകങ്ങൾ അദ്ദേഹം എഴുതിയിരുന്നു  ,അതിനു ശേഷം  പതിനാറെണ്ണവും . ഷാർലി ഹെബ്‌ദോ അക്രമത്തിന്  തൊട്ടുപിന്നാലെ, റുഷ്ദി  എഴുതി: ‘മതത്തോടുള്ള ബഹുമാനം’ എന്നത് ‘മതത്തോടുള്ള ഭയം’ എന്നർത്ഥമുള്ള ഒരു വാക്യമായി മാറിയിരിക്കുന്നു. 

റുഷ്ദിക്ക് നേരെയുള്ള ആക്രമണത്തിനെതിരെ നിരവധിപേർ പ്രതികരിച്ചു. വെറുപ്പിൻ്റെയും പ്രാകൃതശക്തികളുടെ ഭീരുത്വമായ ആക്രമണത്തിന് അദ്ദേഹം ഇരയായെന്നും . അദ്ദേഹത്തിന്റെത്   സാർവത്രികമായ പോരാട്ടമാണ് എന്നും ഫ്രാൻസിന്റെ പ്രസിഡന്റ്  മാക്രോൺ അഭിപ്രായപ്പെട്ടു . ബൈഡൻ ഉൾപ്പെടെ  മറ്റ് ലോകനേതാക്കളും സമാനമായ പ്രസ്താവനകൾ നടത്തി റുഷ്ദിക്ക് ഐക്യദാർഡ്യം  പ്രഖ്യാപിച്ചു. എന്നാൽ  താൻ ജന്മാരാജ്യമായ ഇന്ത്യക്ക്  ഇതേകുറിച്ച് പറയാൻ അന്നേരം വാക്കുകളൊന്നും കിട്ടിയില്ല എന്നദ്ദേഹം പറയുന്നുണ്ട്. നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഭരണഘടന, ഭാഷയിലും ഉദ്ദേശ്യത്തിലും പൂർണ്ണമായും മതേതരമായിരുന്നു. എന്നാൽ  നിലവിലെ ഭരണകൂടം ആ മതേതര അടിത്തറയെ തുരങ്കംവയ്ക്കാനും ആ സ്ഥാപകരെ അപകീർത്തിപ്പെടുത്താനും പ്രത്യക്ഷമായി മതപരവും ഭൂരിപക്ഷമുള്ളതുമായ ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്ന അവസ്ഥകളെ ഓർമ്മിപ്പികുകയും ചെയ്യുന്നുണ്ട് എന്നദ്ദേഹം കൂട്ടി ചേർക്കുന്നു. 

തൻ്റെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചതിന് ഏതാണ്ട് ആറ് വർഷങ്ങൾക്ക്  ശേഷം, 1994 ഒക്ടോബർ 14-ന് എൺപത്തിരണ്ടുകാരനായ ഈജിപ്ഷ്യൻ എഴുത്തുകാരൻ നജീബ്  മഹ്ഫൂസ് തൻ്റെ സഹ എഴുത്തുകാരുമായും ചിന്തകരുമായും നടത്തുന്ന  പ്രതിവാര കൂടിക്കാഴ്ചയ്ക്കായി തൻ്റെ പ്രിയപ്പെട്ട കെയ്‌റോ കഫേയിലേക്ക് നടക്കാൻ വീട് വിട്ടിറങ്ങി .നടത്തം തുടരുമ്പോൾ ഒരു കാർ അദ്ദേഹത്തിന്റെ അരികിലൂടെ ഇഴഞ്ഞു നീങ്ങി വന്നു . തന്റെ ആരാധകരിൽ ആരെങ്കിലുമാകും എന്നദ്ദേഹം കരുതിയെങ്കിലും അത് തെറ്റായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും . കാറിൽ നിന്ന് ചാടിയിറങ്ങിയ ആൾ  മഹ്ഫൂസിൻ്റെ കഴുത്തിൽ തുടർച്ചയായി കുത്തി അദ്ദേഹത്തെ വീഴ്ത്തി. .  അക്രമി ഉടനടി രക്ഷപ്പെട്ടു. ഭാഗ്യവശാൽ, ആ  എഴുത്തുകാരൻ ആക്രമണത്തെ അതിജീവിച്ചു. “സാംസ്കാരിക ഭീകരതയുടെ” ഒരു ഉദാഹരണമായിരുന്നു ഇതും. ഈജിപ്ഷ്യൻ ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ നിലാപടുകൾ കൈകൊണ്ടതിന്നുള്ള മറുപടിയായിരുന്നു ഈ വധശ്രമം   . സ്വാഭാവികമായും ഒരു  ആക്രമണത്തിൻ്റെ സാധ്യത വർഷങ്ങളായി മഹ്ഫൂസിൻ്റെ തലയിൽ തൂങ്ങിക്കിടന്നിരുന്നു എന്നതാണ് സത്യം . യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നീ മൂന്ന് മഹത്തായ ഏകദൈവവിശ്വാസങ്ങളുടെ പിറവിയെ വിവരിക്കുന്ന ചിൽഡ്രൻ ഓഫ് ദ ആലി എന്ന അദ്ദേഹത്തിന്റെ  പുസ്തകം  ഇസ്ലാമിനെ അപമാനിച്ചതിന് നിരോധിക്കപ്പെട്ടിരുന്നു.

വർഷം 1938, ജനുവരി 7. സാമുവൽ ബെക്കറ്റ് തന്റെ മർഫി എന്ന നോവലിന്റെ എഴുത്തു കുത്തുകളുമായി നടക്കുന്ന സമയം.ഒരു സിനിമ കഴിഞ്ഞ്  പാരീസിലെ ഒരു തെരുവിലൂടെ തന്റെ വീട്ടിലേക്കു പോകുകയായിരുന്ന  സാമുവൽ ബെക്കറ്റിനെ പ്രൂഡൻ്റ് എന്നു പേരുള്ള ഒരു കൂട്ടികൊടുപ്പുകാരൻ സമീപിച്ച് പണം ആവശ്യപ്പെട്ടു.  ഒടുവിൽ ബെക്കറ്റിന്  പ്രുഡൻ്റിനെ തള്ളിമാറ്റേണ്ടി വന്നു. പക്ഷേ വൈകി പോയിരുന്നു .  അപ്പോഴേക്കും പ്രുഡൻ്റിന്റെ കൈയ്യിലുണ്ടായിരുന്ന കത്തി   ബെക്കറ്റിന്റെ ഇടത് ശ്വാസകോശത്തിനും  ഹൃദയത്തിനും ഇടയിലേക്ക്  കയറിയിരുന്നു . അമിത  രക്തസ്രാവം ഉണ്ടായെങ്കിലും തക്കസമയത്ത്  ബെക്കറ്റിനെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയതുകൊണ്ട്  ജീവൻ തിരിച്ചു കിട്ടി. യുലീസസിന്റെ എഴുത്തുകാരൻ   ജെയിംസ് ജോയ്‌സാണ് അന്നേരം  ആശുപത്രിയിലെ സ്വകാര്യ മുറിയുടെ ചെലവ് വഹിച്ചത്. 

ആശുപത്രിയിൽ നിന്ന് മോചിതനായ ശേഷം ബെക്കറ്റ് പ്രുഡൻ്റിന്റെ  വിചാരണയ്ക്ക് പോയി, കോടതിമുറിയിൽ വെച്ച് അയാളെ കണ്ട്  , എന്തിനാണ് തന്നോടിതു  ചെയ്തതെന്ന് ചോദിച്ചു. ‘എനിക്കറിയില്ല സർ. എന്നോട് ക്ഷമിക്കണം ‘ എന്നു മാത്രമായിരുന്നു അയാളുടെ മറുപടി .ഈ സംഭവ കഥ വായിച്ചപ്പോൾ, ബെക്കറ്റിനെപ്പോലെ തന്റെ  അക്രമിയുടെ മുഖത്ത് നോക്കാനും അയാളെ നേരിട്ട് കണ്ട് സംസാരിക്കാനും റുഷ്ദിയെ  പ്രേരിപ്പിച്ചു.തന്റെ കൊലയാളിയുമായി ഒരു സാങ്കല്പിക സംഭാഷണത്തിൽ റുഷ്ദി ഏർപ്പെടുന്നുണ്ട്. സംഭാഷണം അവസാനിക്കുമ്പോൾ  അതെല്ലാം കേൾക്കാനുള്ള കഴിവ് അവനുണ്ടെന്ന് താൻ  വിശ്വസിക്കുന്നില്ലെങ്കിലും അയാളോട്  പറയാൻ ആഗ്രഹിക്കുന്ന ഇനിയും ചില കാര്യങ്ങളുണ്ടെന്നും റുഷ്ദി മനസ്സിലാക്കുന്നു. എഴുത്തുകാർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ പുതിയ കാര്യമൊന്നുമല്ല.സമാനസംഭവങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിലിൽ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ കേരളത്തിൽ  റുഷ്ദിക്കെതിരെ നടന്ന സംഭവത്തിനെ അപലപിച്ചു എഴുതിയ പോസ്റ്റിന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതുകൊണ്ടു എഴുത്തുകാരനായ മനോജ് കുറൂർ സാഹിത്യ പ്രവർത്തനം നിർത്തുകയാണെന്ന് വരെ പ്രഖ്യാപിക്കപ്പെടുകയുണ്ടായി.  

കല ഉണരുന്ന ഒരു സ്വപ്നമാണെന്ന് താൻ  വിശ്വസിക്കുന്നു. ആ ഭാവനയ്ക്ക് സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള വിടവ് നികത്താനും യാഥാർത്ഥ്യത്തെ അയഥാർത്ഥമായ ഭൂതകണ്ണാടിയിലൂടെ  കാണുന്നതിലൂടെ പുതിയ വഴികൾ  മനസ്സിലാക്കാനും കഴിയും.മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കത്തി എന്നത്, നമ്മളുടെ ഉപയോഗത്തിൽ നിന്ന് അർത്ഥം നേടുന്ന ഒരു ഉപകരണമാണ് . ധാർമ്മികമായി അത് നിഷ്പക്ഷമാണെങ്കിലും   അവയുടെ  ദുരുപയോഗമാണ് അധാർമികത റുഷ്ദി കൂട്ടിചേർക്കുന്നു. ഈ സംഭവത്തിന് ശേഷം  പരിഭ്രാന്തി, വിഷാദം തുടങ്ങിയ  ലക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിലും  ഇതേകുറിച്ച് എഴുതികൊണ്ടിരിക്കുമ്പോൾ ആഴ്ചയിൽ പലതവണ പേടിസ്വപ്നങ്ങൾ ഉണ്ടാകാറുണ്ട് എന്നദ്ദേഹം എഴുതിയിട്ടുണ്ട്. കാലത്തിന്   എല്ലാ മുറിവുകളും സുഖപ്പെടുത്താനൊക്കില്ലെന്നും , പക്ഷേ അതിന് വേദനയെ നിർവീര്യമാക്കാനും  പേടിസ്വപ്നങ്ങൾ ഇല്ലാതാക്കാനും സാധിക്കും  ;അദ്ദേഹം പറയുന്നു. 

ഇത്തരം ആക്രമണങ്ങൾ അനുഭവിക്കേണ്ടി വരുന്നവർക്ക്  നേരിടേണ്ടി വരുന്ന  മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അനവധിയാണ്.  കാരണം അത്തരം ആഘാതങ്ങൾ ഓർമ്മകളെ വികലമാക്കപ്പെടുന്നുണ്ട്. ഇതിനെ മറികടക്കാൻ നിരവധി ശാസ്ത്രീയ പദ്ധതികൾ വൈദ്യശാസ്ത്ര രംഗത്ത്  ഇന്ന് ലഭ്യമാണ്.അത്തരം പരിശീലന പദ്ധതികളിലൂടെ  ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും ലക്ഷണങ്ങൾ കുറയ്ക്കാമെന്നും , രക്തസമ്മർദ്ദം കുറയ്ക്കുകയും  രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താമെന്നും പറയുന്നു.റുഷ്ദിയെ സംബന്ധിച്ചിടത്തോളം, ആക്രമണത്തെക്കുറിച്ച് എഴുതുന്നത്, തനിക്ക് നേരിട്ട ആഘാതത്തെ അഭിമുഖീകരിക്കുന്നതിനും അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ഘടനാപരമായ മാർഗ്ഗം കൂടിയാണ്.  സംഭവത്തിൻ്റെ ഓർമ്മയുമായി ബന്ധപ്പെട്ട ദുരിതവും ഓർമ്മകളും  വികാരങ്ങളും ഇതുവഴി ലഘൂകരിച്ചു എന്നു റുഷ്ദി അവകാശപ്പെടുന്നു. 

ഒന്നിലധികം ശസ്ത്രക്രിയകളും ഫിസിക്കൽ തെറാപ്പിയും ഉൾപ്പെട്ട തൻ്റെ പതിമൂന്ന് മാസത്തെ പുനരധിവാസ സമയത്ത്, വൈകാരികവും മാനസികവുമായ ആഘാതങ്ങളുമായി പൊരുത്തപ്പെടുക എന്നതായിരുന്നു റുഷ്ദി നേരിട്ട വെല്ലുവിളി .ഇത്തരമൊരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പായ  “കത്തി” പൂർത്തിയാക്കുന്നത് വെറുമൊരു ഒരു സാഹിത്യശ്രമം മാത്രമല്ല, മറിച്ച് അതിജീവനത്തിൻ്റെ ഒരു പ്രവർത്തനമായി തന്നെ കാണേണ്ടിയിരിക്കുന്നു. 

കത്തിയിൽ റുഷ്ദിയുടെ ആഖ്യാനം വ്യക്തിപരമായ ആഘാതങ്ങൾക്കപ്പുറം വിശാലമായ സാമൂഹിക ആശങ്കകളെയും അഭിമുഖീകരിക്കുന്നുണ്ട് . ഇത് കേവലം  വ്യക്തിയുടെ ശാരീരികമായ അതിജീവനത്തിൻ്റെ ഒരു വിവരണം മാത്രമല്ല, ആധുനിക സാമൂഹിക ഘടനകളുടെയും പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലുകളുടെയും സങ്കീർണ്ണതകളെ അഭിമുഖീകരിക്കാൻ  ആവശ്യമായ പ്രതിരോധം ഏർപ്പെടുത്തുന്നതിനുള്ള  ബൗദ്ധികവും വൈകാരികവുമായ ഒരു യാത്ര കൂടിയാണ്.വിശാലമായ ഈ വീക്ഷണം ആഖ്യാനത്തെ സമ്പന്നമാക്കുക മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള സ്വന്തം അനുഭവങ്ങളിൽ സമാനതകൾ കണ്ടെത്തുന്ന വായനക്കാരുമായി ബന്ധിപ്പിക്കാനും ഇടയാക്കും; പ്രതേകിച്ചും ലോകം മുഴുവൻ അത്തരമൊരു കെട്ട അവസ്ഥയിലൂടെ  കടന്നുപോകുന്ന ഈ സമയത്ത്.  

വ്യക്തിത്വത്തെ രാഷ്ട്രീയവുമായി ഇഴചേർക്കാനുള്ള റുഷ്ദിയുടെ കഴിവ് ഇവിടെയും  പ്രകടമാണ്,ഈ വിശാലമായ വിവരണങ്ങൾക്കുള്ളിൽ സ്വന്തം നിലപാടുകൾ പ്രതിഫലിപ്പിക്കാൻ വായനക്കാരെ ക്ഷണിക്കുന്ന ബഹുതല വീക്ഷണവും റുഷ്ദി വാഗ്ദാനം ചെയ്യുന്നുണ്ട്. അക്രമത്തിൻ്റെ വ്യക്തിഗത വിവരണത്തെ മറികടക്കുന്ന ഒരു സുപ്രധാന സാഹിത്യ സൃഷ്ടിയാക്കി കത്തിയെ മാറ്റുന്ന പ്രധാന ഘടകവും അതു തന്നെയാണ്. . റുഷ്ദിയുടെ വിമർശനം സാഹിത്യ സമൂഹത്തിലേക്കും പ്രസിദ്ധീകരണ വ്യവസായത്തിലേക്കും വ്യാപിക്കുന്നുണ്ട് , തന്നെപ്പോലെ, അവരുടെ സൃഷ്ടികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുന്ന എഴുത്തുകാരെ സംരക്ഷിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഭീഷണി നേരിടുന്ന എഴുത്തുകാർക്ക് റുഷ്ദിയുടെ ഈ വിമർശനം കൂടുതൽ കരുത്തുറ്റ പ്രതിരോധ സംവിധാനം ആവശ്യപ്പെടുന്നുണ്ട്.  ഒപ്പം സ്വതന്ത്രമായ ആവിഷ്കാര തത്വം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകതയും ഇവിടെ  ഉയർത്തിക്കാട്ടുന്നു. 

സമകാലിക പ്രത്യയശാസ്ത്ര പോരാട്ടങ്ങളെ രൂപപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്കിനെ കുറിച്ച്  റുഷ്ദി ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്.  യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന റാഡിക്കൽ പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനത്തിന് എങ്ങനെ സംഭാവന നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള ഉപകരണമായി നിലകൊള്ളുമ്പോൾ തന്നെ  തീവ്രവാദി അക്രമത്തിനുള്ള സാധ്യതയുള്ള ഉത്തേജകമായും ഡിജിറ്റൽ മീഡിയയുടെ ഈ ഇരട്ട പങ്കിനെ കത്തി കൈകാര്യം ചെയ്യുന്നുണ്ട് .ഈ ഓർമ്മക്കുറിപ്പ് ഒരു വ്യക്തിഗത വിവരണമായി മാത്രമല്ല, ആധുനിക ആശയവിനിമയ ഉപകരണങ്ങൾ പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയ വ്യവഹാരങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിൻ്റെ വിമർശനാത്മക പരിശോധന കൂടിയാണ്.ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന നിരവധി  സംഘടനകളുമായുള്ള സജീവമായ ഇടപെടലിലൂടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് വേണ്ടിയുള്ള തൻ്റെ വാദത്തിൽ റുഷ്ദി ഉറച്ചുനിൽക്കുന്നു. 

 2012 ൽ പുറത്തിറങ്ങിയ ആത്മകഥാംശം നിറഞ്ഞ റുഷ്ദിയുടെ Joseph Anton: A Memoir എന്ന പുസ്തകത്തിലെ  വിശാലമായ സാമൂഹിക വിശകലനത്തിൽ നിന്ന് “കത്തി”യിലെക്ക് എത്തുമ്പോൾ  ആഖ്യാന ശൈലിയിൽ ഒരു സുപ്രധാന പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട് എന്നു കാണാം  .ബാഹ്യ സാംസ്കാരിക വിമർശനങ്ങളേക്കാൾ വ്യക്തിപരമായ അതിജീവനത്തിനാണ് കത്തിയിൽ  ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ അപ്പോഴും സങ്കീർണ്ണമായ സ്വാതന്ത്ര്യം, സ്വത്വം, സാംസ്കാരിക സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ ഇടപഴകുന്നത് റുഷ്ദി തുടരുന്നുമുണ്ട്. 

“കത്തി” ദൌർഭാഗ്യകരമായ  സംഭവത്തിൻ്റെ വ്യക്തിപരമായ  ഒരു വിവരണം  മാത്രമല്ല, എഴുത്തുകാർക്കെതിരായ അത്തരം അക്രമത്തിൻ്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ധ്യാനമായും (meditation) വർത്തിക്കുന്നു. ആക്രമണത്തിനു ശേഷമുള്ള ശാരീരികവും മാനസികവുമായ വീണ്ടെടുക്കൽ പ്രക്രിയകൾ ചർച്ച ചെയ്യുന്ന ഒരു ഓർമ്മക്കുറിപ്പു കൂടിയാണിത്.ചില വായനക്കാരും സാഹിത്യ നിരൂപകരും റുഷ്ദിയുടെ ധീരവും ഭാവനാത്മകവുമായ ഈ ആഖ്യാനത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുമ്പോഴും , മറ്റുചിലർ  പുസ്തകത്തിൻ്റെ ആഖ്യാന ഘടനയെ വിമർശിക്കുകയും ചെയ്യുന്നു

എന്തായാലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അത് ഉയർത്തിപ്പിടിക്കുന്ന അപകടസാധ്യതകളെയും കുറിച്ചുള്ള ഒരു വിമർശനാത്മക വ്യവഹാരത്തിനുള്ളിൽ തന്നെയാണ് റുഷ്ദി തന്റെ “കത്തി”ആഴ്ത്തിയിരിക്കുന്നത്.