പീറ്റർ ടോബിൻ: ബ്രിട്ടനെ വിറപ്പിച്ച സീരിയൽ കില്ലർ

2006 സെപ്റ്റംബർ മാസം. സ്കോട്ട്‌ലൻഡിലെ ഏറ്റവും വലിയ നഗരമായ ഗ്ലാസ്ഗോ അതിന്റെ വ്യാവസായികവും സാംസ്കാരികവുമായ തിരക്കുകളിൽ മുഴുകി നിൽക്കുകയായിരുന്നു. നഗരഹൃദയത്തിലെ ആൻഡേർസ്റ്റൺ ഏരിയയിൽ, നൂറ്റാണ്ടുകളുടെ പ്രാർത്ഥനകൾക്ക് സാക്ഷ്യം വഹിച്ച് സെന്റ് പാട്രിക്സ് കത്തോലിക്കാ പള്ളി തലയുയർത്തി നിന്നു. എന്നാൽ ആ സെപ്റ്റംബർ 24, ഞായറാഴ്ച, പള്ളിമണികൾ മുഴങ്ങിയില്ല. പ്രഭാത പ്രാർത്ഥനകൾക്ക് പകരം, പള്ളിയുടെ വിശാലമായ കവാടത്തിൽ പോലീസിന്റെ മഞ്ഞ ടേപ്പുകൾ ഒരു അപായസൂചനയായി വലിഞ്ഞുമുറുകി. അകത്തും പുറത്തും പോലീസ് വാഹനങ്ങളുടെ സൈറണുകൾ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു.സംഭവങ്ങളുടെ തുടക്കം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. പള്ളിയിലെ ചെറിയ അറ്റകുറ്റപ്പണികൾക്കും ശുചീകരണത്തിനുമായി ഒരുപണിക്കാരനെ  നിയമിച്ചിരുന്നു. ‘പാറ്റ് മക്ലോഗ്ലിൻ’ എന്ന് സ്വയം പരിചയപ്പെടുത്തിയ, അറുപതുകളോടടുത്ത പ്രായം തോന്നിക്കുന്ന ആ മനുഷ്യൻ സൗമ്യനും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനുമായിരുന്നു. ആരുമായും അധികം സംസാരിക്കാത്ത, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഒരാൾ. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളെ കാണാനില്ലായിരുന്നു. അതേ സമയത്താണ്, പോളണ്ടിൽ നിന്ന് ഉപരിപഠനത്തിനായി ഗ്ലാസ്ഗോവിലെത്തിയ ഏഞ്ചലിക്ക ക്ലൂക്ക് എന്ന 23 വയസ്സുകാരിയെ കാണാതായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. ഭാഷാ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചലിക്ക, തന്റെ ചെലവുകൾക്കായി പള്ളിയിൽ ശുചീകരണമുൾപ്പെടെയുള്ള ജോലികൾ ചെയ്തിരുന്നു. അവളെ അവസാനമായി കണ്ടത് ആ നിഗൂഢനായ പണിക്കാരൻ , ‘പാറ്റി’നൊപ്പമായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് സംശയങ്ങൾ ബലപ്പെട്ടു. പള്ളിയിലും പരിസരത്തും നടത്തിയ തിരച്ചിലിൽ ഏഞ്ചലിക്കയുടെ രക്തക്കറകൾ പലയിടത്തുനിന്നും കണ്ടെത്തി. അവളുടെ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുകളും പള്ളിക്കുള്ളിൽ നിന്ന് ലഭിച്ചു. സംശയത്തിന്റെ മുന പൂർണ്ണമായും അപ്രത്യക്ഷനായ പാറ്റിലേക്ക് നീണ്ടു. ദിവസങ്ങൾ നീണ്ട, മുക്കും മൂലയും അരിച്ചുപെറുക്കിയുള്ള പരിശോധനകൾക്കൊടുവിൽ, കുറ്റാന്വേഷകർ പള്ളിയുടെ അൾത്താരയ്ക്ക് സമീപമുള്ള കുമ്പസാരക്കൂടിനടുത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ തറയിലെ മരപ്പലകകൾക്ക് സ്ഥാനചലനം സംഭവിച്ചതായി അവർ കണ്ടെത്തി.പലകകൾ പൊളിച്ചുമാറ്റിയപ്പോൾ, താഴെ മനുഷ്യനിർമ്മിതമായ ഒരു രഹസ്യ അറ തെളിഞ്ഞുവന്നു. ദുർഗന്ധം വമിക്കുന്ന ആ കുഴിയിലേക്ക് വെളിച്ചം പായിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഒരു നിമിഷം സ്തബ്ധരായി. ഒരു പുതപ്പിൽ പൊതിഞ്ഞ നിലയിൽ, ക്രൂരമായി വികൃതമാക്കപ്പെട്ട ഏഞ്ചലിക്ക ക്ലൂക്കിന്റെ മൃതദേഹം. അവളുടെ തലയോട്ടി തകർന്നിരുന്നു, ശരീരമാസകലം മർദ്ദനമേറ്റതിന്റെയും കത്തികൊണ്ടുള്ള കുത്തുകളുടെയും പാടുകളുണ്ടായിരുന്നു.  ആ ക്രൂരതയുടെ ആഴം വ്യക്തമാക്കിക്കൊണ്ട് മരണത്തിന് മുൻപ് അവൾ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. 

ഒരു പുണ്യസ്ഥലം, ഒരു ആരാധനാലയം, അതിന്റെ അൾത്താരയ്ക്ക് കീഴെത്തന്നെ ഒരു കൊടുംപാതകത്തിന്റെ വേദിയായിരിക്കുന്നു. ഗ്ലാസ്ഗോ നഗരം ഞെട്ടിത്തരിച്ചു. സൗമ്യനായി അഭിനയിച്ച ‘പാറ്റ് മക്ലോഗ്ലിൻ’ ഒരു സാധാരണ കുറ്റവാളിയല്ല, മറിച്ച് ഒരു പിശാചിന്റെ മനസ്സുള്ളവനാണെന്ന് പോലീസ് ഉറപ്പിച്ചു. രാജ്യവ്യാപകമായി അയാൾക്കായി തിരച്ചിൽ ആരംഭിച്ചു. അയാളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ അപ്പോഴും അജ്ഞാതമായിരുന്നു. മാധ്യമങ്ങൾ ഈ വാർത്ത ആഘോഷിച്ചു. “പള്ളിയിലെ പിശാച്” എന്ന തലക്കെട്ടിൽ വാർത്തകൾ പരന്നു. ദിവസങ്ങൾക്കുള്ളിൽ, ലണ്ടനിലെ ഒരു ആശുപത്രിയിൽ വെച്ച്, കൈക്ക് പറ്റിയ ഒരു പരിക്കിന് ചികിത്സ തേടിയെത്തിയ ആളെ പോലീസ് വളഞ്ഞു. അയാളുടെ യഥാർത്ഥ പേര് അതോടെ ലോകം അറിഞ്ഞു: പീറ്റർ ടോബിൻ.

ഗ്ലാസ്ഗോവിലെ ആ പള്ളിക്കുള്ളിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും, ഒരു കൊടുംക്രിമിനലിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നതോടെ ആ അധ്യായം അവസാനിച്ചുവെന്നുമായിരുന്നു ഏവരും കരുതിയത്. എന്നാൽ, സത്യത്തിൽ അതൊരു തുടക്കം മാത്രമായിരുന്നു. ഭീകരമായ രഹസ്യങ്ങളുടെ ഒരു പെട്ടി തുറക്കപ്പെടാനുള്ള താക്കോൽ മാത്രമായിരുന്നു ഏഞ്ചലിക്കയുടെ കൊലപാതകം.പീറ്റർ ടോബിൻ വിചാരണ നേരിടുകയും ഏഞ്ചലിക്ക ക്ലൂക്കിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. നിയമത്തിന്റെ കണ്ണിൽ കേസ് അവസാനിച്ചിരുന്നു. എന്നാൽ, സ്‌ട്രാത്ത്ക്ലൈഡ് പോലീസിലെ ഡിറ്റക്ടീവ് സൂപ്രണ്ട് ഡേവിഡ് സ്വിൻഡിലിന്റെ മനസ്സിൽ ചില ചോദ്യങ്ങൾ അപ്പോഴും പുകഞ്ഞുകൊണ്ടിരുന്നു. ടോബിന്റെ കുറ്റസമ്മതമൊഴിയോ സഹകരണമോ ഇല്ലാത്ത പെരുമാറ്റം, അയാളുടെ  കണ്ണുകളിലെ നിർവികാരത, പതിറ്റാണ്ടുകൾ നീണ്ട അവന്റെ ജീവിതത്തിലെ അവ്യക്തതകൾ – ഇവയെല്ലാം സ്വിൻഡിലിന് ഒരു അപായസൂചന നൽകി. ഇത് ടോബിന്റെ ആദ്യത്തെ കുറ്റകൃത്യമാകാൻ സാധ്യതയില്ലെന്ന് അദ്ദേഹത്തിന്റെ അനുഭവസമ്പന്നമായ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ, “ഓപ്പറേഷൻ ആനഗ്രാം” എന്ന പേരിൽ ഒരു പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. ‘Anagram’ എന്ന വാക്കിന്റെ അർത്ഥം ‘വാക്കുകളിലെ അക്ഷരങ്ങൾ പുനഃക്രമീകരിച്ച് പുതിയ വാക്കുണ്ടാക്കുക’ എന്നാണ്. ടോബിന്റെ ജീവിതം അതുപോലെയായിരുന്നു – പേരുകളും സ്ഥലങ്ങളും മാറ്റി, പുനഃക്രമീകരിച്ച് അയാൾ ഒരു പുതിയ ഐഡന്റിറ്റി ഉണ്ടാക്കിക്കൊണ്ടിരുന്നു. ഓപ്പറേഷൻ ആനഗ്രാമിന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു: പീറ്റർ ടോബിന്റെ ജീവിതമെന്ന ആ സങ്കീർണ്ണമായ പസിലിന്റെ ഭാഗങ്ങൾ കണ്ടെത്തി യോജിപ്പിക്കുക, അവന്റെ ഭൂതകാലത്തിലെ ഇരുണ്ട രഹസ്യങ്ങൾ പുറത്തുകൊണ്ടുവരിക.

അതൊരു ശ്രമകരമായ ദൗത്യമായിരുന്നു. 1946-ൽ ജനിച്ച ടോബിന് അറുപത് വയസ്സ് കഴിഞ്ഞിരുന്നു. കമ്പ്യൂട്ടറുകളും ഡിജിറ്റൽ റെക്കോർഡുകളും ഇല്ലാതിരുന്ന കാലത്തായിരുന്നു അയാളുടെ  യൗവ്വനം. അന്വേഷണ സംഘം പഴയ ഫയലുകൾ, പേപ്പർ രേഖകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, കോടതി രേഖകൾ എന്നിവയുടെ കൂമ്പാരത്തിലൂടെ സഞ്ചരിച്ചു. അവർ ടോബിന്റെ ജീവിതരേഖ തയ്യാറാക്കിത്തുടങ്ങി. അയാൾ  പലതവണ വിവാഹം കഴിച്ചിരുന്നു. അയാളുടെ  ഭാര്യമാരെല്ലാം ഗാർഹിക പീഡനത്തിനും ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കും ഇരയായിരുന്നു. അവരിൽ പലരും ജീവനുംകൊണ്ടാണ് ഓടി രക്ഷപ്പെട്ടത്.  നിരവധി കുട്ടികളുണ്ടായിരുന്നു  അയാൾക്ക്  . അവരെയും ക്രൂരമായി മർദ്ദിച്ചിരുന്നു.അയാൾക്ക്  സ്ഥിരമായ ഒരു വിലാസമുണ്ടായിരുന്നില്ല. സ്കോട്ട്‌ലൻഡിലെ പല നഗരങ്ങളിലും ഇംഗ്ലണ്ടിലെ തീരദേശ പട്ടണങ്ങളിലുമടക്കം ബ്രിട്ടനിലുടനീളം കുറഞ്ഞത് 40-ലധികം തവണയെങ്കിലും അയാൾ  താമസസ്ഥലം മാറിയിരുന്നു. ഓരോ സ്ഥലത്തും രണ്ടോ മൂന്നോ വർഷത്തിൽ കൂടുതൽ തങ്ങിയിരുന്നില്ല.1994-ൽ രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അയാൾ  10 വർഷം ജയിലിൽ കിടന്നിട്ടുണ്ട്. 2004-ലാണ് ടോബിൻ  പുറത്തിറങ്ങിയത്. അതിനുശേഷമാണ് അയാൾ  ഗ്ലാസ്ഗോവിലെ പള്ളിയിലെത്തുന്നത്.ഈ വിവരങ്ങൾ ഓരോന്നും ടോബിൻ എന്ന മനുഷ്യന്റെ ക്രൂരമായ സ്വഭാവത്തിലേക്ക് വെളിച്ചം വീശി. ടോബിൻ   ഒരു അവസരവാദിയായ കൊലയാളി മാത്രമല്ല, വർഷങ്ങളുടെ പരിശീലനമുള്ള, സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു ലൈംഗിക കുറ്റവാളിയാണെന്ന് വ്യക്തമായി. ഓരോ തവണയും ഒരു സ്ഥലത്ത് താമസിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ച്, പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് അടുത്ത സ്ഥലത്തേക്ക് രക്ഷപ്പെടുന്നതായിരുന്നു അയാളുടെ ഒരു  രീതി.

ഓപ്പറേഷൻ ആനഗ്രാം ടോബിൻ മുൻപ് താമസിച്ച ഓരോ വീടുകളും കണ്ടെത്താൻ തുടങ്ങി. അവയിലൊന്ന് അന്വേഷകരുടെ ശ്രദ്ധ പ്രത്യേകം പിടിച്ചുപറ്റി. ഇംഗ്ലണ്ടിലെ കെന്റ് പ്രവിശ്യയിലുള്ള മാർഗേറ്റ് എന്ന തീരദേശ പട്ടണത്തിലെ 50, ഇർവിൻ ഡ്രൈവ് എന്ന വിലാസത്തിലുള്ള വീട്. 1990-കളുടെ തുടക്കത്തിൽ ടോബിൻ അവിടെ താമസിച്ചിരുന്നു. ആ കാലയളവിൽ സ്കോട്ട്‌ലൻഡിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളുടെ കേസുകൾ അപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടികളുടെ ഫയലുകൾ ഓപ്പറേഷൻ ആനഗ്രാം വീണ്ടും തുറന്നു.മാർഗേറ്റിലെ ഇർവിൻ ഡ്രൈവിലുള്ള ആ വീട് ഇപ്പോൾ മറ്റൊരാളുടെ ഉടമസ്ഥതയിലായിരുന്നു. പുതിയ താമസക്കാർക്ക് ടോബിനെക്കുറിച്ചോ ആ വീടിന്റെ ഇരുണ്ട ഭൂതകാലത്തെക്കുറിച്ചോ യാതൊരു അറിവുമുണ്ടായിരുന്നില്ല. 2007 നവംബറിൽ, ഓപ്പറേഷൻ ആനഗ്രാമിന്റെ സംഘം ആ വീട്ടിലേക്ക് കടന്നുചെന്നു. അവരുടെ ലക്ഷ്യം ആ വീടിന്റെ ചെറിയ പൂന്തോട്ടമായിരുന്നു.തണുപ്പുള്ള ഒരു പ്രഭാതത്തിൽ, ഫോറൻസിക് വിദഗ്ദ്ധരും പുരാവസ്തു ഗവേഷകരും അടങ്ങുന്ന സംഘം ആ പൂന്തോട്ടത്തിൽ ഖനനം ആരംഭിച്ചു. വീടിനോട് ചേർന്നുള്ള, കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ മണൽക്കുഴിയുടെ സമീപത്തായിരുന്നു അവരുടെ ശ്രദ്ധ. ടോബിൻ അവിടെ താമസിച്ചിരുന്ന കാലത്ത് ആ ഭാഗത്ത് ഒരു കോൺക്രീറ്റ് പാത നിർമ്മിച്ചിരുന്നതായി പഴയ ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (GPR) ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, മണ്ണിനടിയിൽ അസ്വാഭാവികമായ ഇളക്കങ്ങൾ നടന്നതായി കണ്ടെത്തി.മണിക്കൂറുകൾ നീണ്ട, അതീവ ശ്രദ്ധയോടെയുള്ള ഖനനം. ഓരോ കോരി മണ്ണും അരിച്ചെടുത്ത് പരിശോധിച്ചു. ഒടുവിൽ, ഏകദേശം മൂന്നടി താഴ്ചയിൽ, ഒരു തുണിക്കഷണത്തിന്റെ ഭാഗം കണ്ടു. കൂടുതൽ ശ്രദ്ധയോടെ മണ്ണ് നീക്കിയപ്പോൾ, മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ തെളിഞ്ഞുവന്നു. അതൊരു പൂർണ്ണമായ അസ്ഥികൂടമായിരുന്നു. ഒരു പ്ലാസ്റ്റിക് ഷീറ്റിലും പുതപ്പിലും പൊതിഞ്ഞ നിലയിലായിരുന്നു അത്. അസ്ഥികൂടത്തോടൊപ്പം ഒരു കത്തിയും കണ്ടെടുത്തു.

ഒട്ടും വൈകാതെ ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥികൾ അയച്ചു കൊടുത്തു . ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫലം വന്നു. ആ ഭൗതികാവശിഷ്ടങ്ങൾ 16 വർഷം മുൻപ്, 1991 ഫെബ്രുവരിയിൽ, സ്കോട്ട്ലൻഡിലെ ബാത്ത്ഗേറ്റിൽ നിന്ന് കാണാതായ 15 വയസ്സുകാരി വിക്കി ഹാമിൽട്ടന്റെതായിരുന്നു. സഹോദരിയുടെ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടന്ന വിക്കിയെ പിന്നീട് ആരും കണ്ടിരുന്നില്ല. അവളുടെ തിരോധാനത്തിനുശേഷം കുടുംബം നടത്തിയ തിരച്ചിലുകൾ, മാധ്യമങ്ങളോടുള്ള അഭ്യർത്ഥനകൾ, പോലീസിന്റെ പതിറ്റാണ്ടുകൾ നീണ്ട അന്വേഷണം, എല്ലാം ഒരു ഫലവും കാണാതെ അവസാനിച്ചിരുന്നു. ഇപ്പോൾ, സ്കോട്ട്ലൻഡിൽ നിന്ന് നൂറുകണക്കിന് മൈലുകൾക്കപ്പുറം, ഒരു കൊലയാളിയുടെ പഴയ വീടിന്റെ പൂന്തോട്ടത്തിൽ നിന്ന് അവളുടെ ശരീരം കണ്ടെത്തിയിരിക്കുന്നു. ടോബിൻ അവളെ തട്ടിക്കൊണ്ടുപോയി, ദിവസങ്ങളോളം തടവിൽ പാർപ്പിച്ച്, ക്രൂരമായി കൊലപ്പെടുത്തി മാർഗേറ്റിലെ വീട്ടിൽ കുഴിച്ചിടുകയായിരുന്നു എന്ന് വ്യക്തമായി.വിക്കിയുടെ കുടുംബത്തിന് ആ വാർത്ത ഒരേസമയം ആശ്വാസവും ഹൃദയഭേദകവുമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനമായെങ്കിലും, തങ്ങളുടെ മകൾക്ക് സംഭവിച്ച ക്രൂരതയുടെ ആഴം അവരെ തളർത്തി. പീറ്റർ ടോബിൻ എന്ന പിശാചിന്റെ ക്രൂരതയുടെ വ്യാപ്തി ലോകം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു.പക്ഷേ, മാർഗേറ്റിലെ ആ ചെകുത്താന്റെ പൂന്തോട്ടം അതിന്റെ രഹസ്യങ്ങൾ മുഴുവൻ അപ്പോഴും വെളിപ്പെടുത്തിയിരുന്നില്ല. വിക്കിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന തുടർന്ന ഫോറൻസിക് സംഘത്തിന് മറ്റൊരു സംശയം തോന്നി. അവർ ഖനനം തുടർന്നു. വിക്കിയുടെ ശരീരം കുഴിച്ചിട്ടതിനും താഴെയായി, കൂടുതൽ ആഴത്തിൽ, മണ്ണിന് വീണ്ടും ഇളക്കം സംഭവിച്ചിരിക്കുന്നു.

വിക്കി ഹാമിൽട്ടന്റെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടൽ മാറും മുൻപേ, അതേ പൂന്തോട്ടത്തിൽ അന്വേഷണ സംഘം ഖനനം തുടർന്നു. ആദ്യത്തെ മൃതദേഹം കുഴിച്ചിട്ടതിനും താഴെ, കൂടുതൽ ആഴത്തിൽ അവർ മണ്ണുമാന്തി. ദിവസങ്ങൾക്കുള്ളിൽ, അവരുടെ സംശയം ശരിവെച്ചുകൊണ്ട്, രണ്ടാമതൊരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. അതും ഒരു യുവതിയുടേതായിരുന്നു. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു ആ ശരീരം. ഡിഎൻഎ ഫലം വന്നപ്പോൾ ആളെ തിരിച്ചറിഞ്ഞു: ഡിനാ മക്നിക്കോൾ, 18 വയസ്സ്. 1991 ഓഗസ്റ്റിൽ, വിക്കിയെ കാണാതായി ഏതാനും മാസങ്ങൾക്ക് ശേഷം, ഇംഗ്ലണ്ടിലെ വോർസെസ്റ്റർഷെയറിലെ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഡിനാ. സുഹൃത്തുക്കളോടൊപ്പം ഹിച്ച് ഹൈക്കിംഗ് (വഴിയിൽ കാണുന്ന വാഹനങ്ങൾക്ക് കൈ കാട്ടി ലിഫ്റ്റ് ചോദിക്കുക) നടത്തുന്നതിനിടെ ഒരു കാർ നിർത്തി. ഡിനായും അവളുടെ സുഹൃത്തും കാറിൽ കയറി. വഴിയിൽ വെച്ച് സുഹൃത്ത് ഇറങ്ങി. ഡിനായുമായി കാർ മുന്നോട്ട് പോയി. പിന്നീട് അവളെ ആരും കണ്ടിട്ടില്ല. അവൾ കയറിയ ആ കാർ ഓടിച്ചിരുന്നത് പീറ്റർ ടോബിൻ ആയിരുന്നു. അയാൾ ഡിനായെയും തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, തന്റെ വീടിന്റെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു. ആദ്യം ഡിനായുടെ ശരീരം കുഴിച്ചിട്ട ശേഷം, അതിനുമുകളിലായി മാസങ്ങൾക്കുശേഷം തട്ടിക്കൊണ്ടുവന്ന വിക്കിയുടെ ശരീരവും കുഴിച്ചിടുകയായിരുന്നു. ഒരേ കുഴിയിൽ, ഒന്നിനുമുകളിൽ ഒന്നായി, രണ്ട് പെൺകുട്ടികളുടെ ജീവിതം ആ പിശാച് അവസാനിപ്പിച്ചു.ഗ്ലാസ്ഗോവിലെ പള്ളിയിൽ തുടങ്ങിയ അന്വേഷണം, രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിച്ചുകൊണ്ട് മാർഗേറ്റിലെ പൂന്തോട്ടത്തിൽ പൂർണ്ണതയിലെത്തി. പീറ്റർ ടോബിൻ ഒരു പരമ്പരക്കൊലയാളിയാണെന്ന് സംശയാതീതമായി തെളിഞ്ഞു. ഏഞ്ചലിക്ക, വിക്കി, ഡിനാ – സ്ഥിരീകരിക്കപ്പെട്ട മൂന്ന് ഇരകൾ. എന്നാൽ അന്വേഷകർക്ക് ഉറപ്പായിരുന്നു, ഈ കണക്കുകളൊന്നും  ഇവിടെ അവസാനിക്കാൻ പോകുന്നില്ലെന്ന്. 

ഓപ്പറേഷൻ ആനഗ്രാം ടോബിന്റെ ജീവിതത്തിലെ ഓരോ വർഷവും ഓരോ സ്ഥലവും ബ്രിട്ടനിലെ പരിഹരിക്കപ്പെടാത്ത കേസുകളുമായി താരതമ്യം ചെയ്യാൻ തുടങ്ങി. അവന്റെ ഡിഎൻഎ പ്രൊഫൈൽ രാജ്യത്തെ എല്ലാ കോൾഡ് കേസ് ഫയലുകളിലെയും തെളിവുകളുമായി ഒത്തുനോക്കി. നിരവധി കേസുകളിൽ ടോബിൻ ഒരു പ്രധാന സംശയിക്കപ്പെടുന്നവനായി മാറി.അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 1960-കളുടെ അവസാനത്തിൽ ഗ്ലാസ്ഗോവിനെ ഭീതിയിലാഴ്ത്തിയ “ബൈബിൾ ജോൺ” എന്നറിയപ്പെടുന്ന പരമ്പരക്കൊലയാളിയുടെ കേസായിരുന്നു. ഗ്ലാസ്ഗോവിലെ ബാരോലാൻഡ് ബോൾറൂം എന്ന ഡാൻസ് ഹാളിൽ നിന്ന് മൂന്ന് യുവതികളെ കൊണ്ടുപോയി കൊലപ്പെടുത്തിയ ആളാണ് ബൈബിൾ ജോൺ. കൊലയാളി ബൈബിളിൽ നിന്നുള്ള ഉദ്ധരണികൾ സംസാരിക്കുമായിരുന്നു എന്ന് രക്ഷപ്പെട്ട ഒരു ദൃക്സാക്ഷി മൊഴി നൽകിയതിനാലാണ് ആ പേര് വന്നത്. ടോബിൻ ആ സമയത്ത് ഗ്ലാസ്ഗോവിൽ താമസിച്ചിരുന്നു, അയാൾ ആ ഡാൻസ് ഹാളിലെ നിത്യസന്ദർശകനായിരുന്നു, കൂടാതെ ദൃക്സാക്ഷികൾ നൽകിയ വിവരണവുമായി അയാൾക്ക് രൂപസാദൃശ്യവുമുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം നടത്തിയ പരിശോധനകളിൽ ബൈബിൾ ജോൺ കേസും ടോബിനും തമ്മിൽ ഉറച്ചൊരു ബന്ധം സ്ഥാപിക്കാൻ പോലീസിന് കഴിഞ്ഞില്ല. എങ്കിലും ആ സംശയത്തിന്റെ നിഴൽ ഇന്നും ബാക്കിയാണ്.ഇതുകൂടാതെ, ടോബിൻ താമസിച്ചിരുന്ന ഹാംഷെയർ, സസെക്സ് തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന നിരവധി കൊലപാതകങ്ങളിലും ലൈംഗികാതിക്രമങ്ങളിലും അയാളുടെ  പങ്ക് സംശയിക്കപ്പെടുന്നു. പലപ്പോഴും തെളിവുകളുടെ അഭാവം ഒരു സ്ഥിരീകരണത്തിന് തടസ്സമായി നിന്നു.

എങ്ങനെയാണ് ഇത്രയധികം കാലം അയാൾക്ക് പിടിക്കപ്പെടാതെ നിൽക്കാൻ കഴിഞ്ഞത്? അതിന് പല കാരണങ്ങളുണ്ട്: അയാളുട നിരന്തരമായ സ്ഥലംമാറ്റം ഒരു സ്ഥലത്തെ പോലീസിന് ടോബിനെകുറിച്ച്  ആഴത്തിൽ അന്വേഷിക്കാൻ അവസരം നൽകിയില്ല.പല പേരുകൾ ഉപയോഗിച്ചത് രേഖകളിൽ അയാളെ  കണ്ടെത്തുന്നത് ദുഷ്കരമാക്കി.ഡിഎൻഎ ഡാറ്റാബേസുകളും കമ്പ്യൂട്ടർ ശൃംഖലകളും വ്യാപകമല്ലാതിരുന്ന കാലത്താണ് അയാൾ  തന്റെ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ചെയ്തത്.പുറമേക്ക് ഒരു സാധാരണ, പ്രായമായ മനുഷ്യനായി അഭിനയിക്കാനുള്ള അവന്റെ കഴിവ് ആർക്കും ഒരു സംശയത്തിനും ഇടനൽകിയില്ല. പീറ്റർ ടോബിന്റെ കഥ മനുഷ്യന്റെ ക്രൂരതയുടെയും വഞ്ചനയുടെയും ആഴം എത്രത്തോളമുണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. പീറ്റർ ടോബിൻ  ഒരു ഭീകരരൂപിയായ രാക്ഷസനായിരുന്നില്ല. നമുക്കിടയിൽ, നമ്മുടെ അയൽപക്കത്ത്, ഒരു പുഞ്ചിരിയുടെ മുഖംമൂടിയണിഞ്ഞ് ജീവിക്കാൻ കഴിവുള്ള ഒരു സാധാരണക്കാരനായിരുന്നു. ഈ സാധാരണത്വമാണ് അയാളെ  ഏറ്റവും അപകടകാരിയാക്കിയത്.2022 ഒക്ടോബർ 15-ന്, തന്റെ 76-ാം വയസ്സിൽ, അസുഖബാധിതനായി ജയിലിൽ വെച്ച് പീറ്റർ ടോബിൻ മരിച്ചു. മരിക്കും വരെ തന്റെ മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ച് അയാൾ  ഒരു വാക്കുപോലും ഉരിയാടിയില്ല. അയാളുടെ  മരണത്തോടെ, ഒരുപക്ഷേ ഇനിയും കണ്ടെത്താനാകാത്ത നിരവധി ഇരകളുടെ കുടുംബങ്ങളുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. അയാൾ  കുഴിച്ചുമൂടിയ രഹസ്യങ്ങൾ അയാളോടൊപ്പം  ആറടി മണ്ണിൽ അലിഞ്ഞുചേർന്നു.

എങ്കിലും, ഓപ്പറേഷൻ ആനഗ്രാം എന്ന അതുല്യമായ പോലീസ് അന്വേഷണം കുറ്റാന്വേഷണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഒരു കൊലപാതകത്തിൽ നിന്ന് തുടങ്ങി, ഒരു മനുഷ്യന്റെ ഭൂതകാലമാകുന്ന നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച്, പതിറ്റാണ്ടുകൾ പഴക്കമുള്ള കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ച ആ കഥ, നീതിക്ക് ഒരിക്കലും കാലഹരണമില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ചിലപ്പോൾ, സത്യം പുറത്തുവരാൻ വർഷങ്ങളോ പതിറ്റാണ്ടുകളോ എടുത്തേക്കാം. പക്ഷേ, ആഴത്തിൽ കുഴിച്ചിട്ട നിലവിളികൾക്ക് ഒരുനാൾ കാതോർക്കാൻ ആരെങ്കിലുമൊക്കെയുണ്ടാകും.

Leave a comment