ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് ആ പേര് വരുന്നതിനുമുമ്പുള്ള പേര് എന്തായിരുന്നുവെന്നതിനു ചരിത്രരേഖകൾ ഒന്നും തന്നെയില്ല എന്നാണ് അറിവ്. പ്രസിദ്ധമായ നാലമ്പല ക്ഷേത്രത്തിലെ ഒരമ്പലമാണിത്. ഭരതൻ ആണ് പ്രതിഷ്ഠ. ഒരു പാട് ചരിത്രകഥകളും, ഐതിഹ്യവും ഒക്കെ ഉള്ള അമ്പലമാണിത്. ഐതീഹ്യമാലയിൽ ബന്ധപ്പെട്ട കഥകൾ വായിക്കാൻ കിട്ടും.
ഡി ദയാനന്ദന്റെ ‘ചരിത്രകൌതുകം’ എന്ന പുസ്തകത്തിൽ പറയുന്ന വിവരങ്ങൾ ഇങ്ങനെയാണ്.
ഒരുദിവസം ക്ഷേത്രവിഗ്രഹത്തിൽനിന്നു മാണിക്യത്തിൽ നിന്നെന്നുപോലെയുള്ള പ്രകാശം പ്രസരിക്കുന്നതു കണ്ടുവത്രേ! അതു മാണിക്യത്തിൽ നിന്നാണോ എന്ന് ഒത്തുനോക്കുന്നതിന് മറ്റൊരു മാണിക്യം ലഭിച്ചില്ല. ഒടുവിൽ അമൂല്യമായ ഒരു മാണിക്യക്കല്ല് കായംകുളം രാജാവിന്റെ കൈവശം ഉണ്ടെന്ന് അറിയുകയും ആ കല്ല് കൊണ്ടുവന്ന് വിഗ്രഹത്തോട് ചേർത്ത് പിടിച്ചുനോക്കുകയും ചെയ്‌തു. മാണിക്യം വിഗ്രഹത്തോട് ചേർത്തുപിടിച്ചപ്പോൾ അത് ആ വിഗ്രഹത്തോട് ചേർന്നുപോയെന്നും തുടർന്ന് ക്ഷേത്രം കൂടൽമാണിക്യം ക്ഷേത്രം എന്നറിയപ്പെടാൻ തുടങ്ങിയെന്നും കഥ.
എന്നാൽ, കായംകുളം രാജാവിൻ്റെ മാണിക്യം അവിടെ കൂടിച്ചേർന്നതുകൊണ്ട് കായംകുളം രാജാവ് ക്ഷേത്രത്തിനുമേൽ അവകാശം ആവശ്യപ്പെടുകയും കൊച്ചിരാജാവ് അത് സമ്മതിച്ചുകൊടുക്കുകയും ചെയ്തതായി പറയുന്നു. പിൽക്കാലത്ത് സൈനികനടപടികളുടെ ഭാഗമായി കായംകുളം തിരുവിതാംകൂറിൻ്റെ അധീനതയിലായി. അന്നുമുതൽ തിരുവിതാംകൂർ മഹാരാജാവിൻ്റെ പ്രതിനിധിയായ “തച്ചുടയ കൈമൾ” ക്ഷേത്രം ഭരിക്കാൻ തുടങ്ങി.തുടർന്ന് തിരുവിതാംകൂർ രാജാവിന് ക്ഷേത്രത്തിൽ മേൽക്കോയ്മ ലഭിച്ചതുസംബന്ധിച്ച രേഖ പുസ്തകത്തിൽ ചേരത്തിട്ടുണ്ട് . പഴയ ഭാഷയാണ്. വായിച്ചു മനസ്സിലാക്കാൻ ഒന്നിലകൂടുതൽ തവണ വായിക്കേണ്ടി വരും അന്നുമുതൽ വേണാട്ടുകര രാജാവിനും ഈ ക്ഷേത്രത്തിൽ സ്ഥാനം ഉണ്ടായി എന്ന് രേഖ പറയുന്നു.
പറയാൻ വന്നത് അതൊന്നുമല്ല. എന്റെ വീടിന് തൊട്ടടുത്തുള്ള അമ്പലമായതുകൊണ്ടു അതിനെ ചുറ്റി പറ്റി വരുന്ന വാർത്തകളെല്ലാം ശ്രദ്ധിക്കാറുണ്ട്. ഒരാഴ്ച മുൻപ് മാതൃഭൂമിയിൽ ഒരു വാർത്ത കണ്ടിരുന്നു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് പുതിയ ഒരാളെ കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമിച്ചതിനെ തുടർന്ന് വിവാദം ഉടലെടുത്തിരിക്കുകയാണ് എന്നായിരുന്നു വാർത്ത . . പാരമ്പര്യമായി ഈ സ്ഥാനം കൈകാര്യം ചെയ്തിരുന്ന കുടുംബങ്ങളെ ഒഴിവാക്കിയാണ് പുതിയ നിയമനം നടത്തിയത് എന്നും വാർത്തയിൽ ഉണ്ട്.

ഇതിനെതിരെ ക്ഷേത്രം തന്ത്രിമാരും വാര്യർ സമാജവും രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ അഭിപ്രായം ചോദിക്കാതെ നിയമനം നടത്തിയതിൽ പ്രതിഷേധം അറിയിച്ച് തന്ത്രിമാർ ദേവസ്വം ബോർഡിന് കത്തയച്ചു. വാര്യർ സമുദായ അംഗങ്ങളെ ഒഴിവാക്കിയതിൽ വാര്യർ സമാജവും ഉത്കണ്ഠ രേഖപ്പെടുത്തി. ഇത്തരം നടപടികൾ പാരമ്പര്യ സമുദായ അംഗങ്ങളെ ഒഴിവാക്കി നിയമനം നടത്തുന്നതിന് തുടക്കമിടുമെന്നും അവർ ആശങ്ക പ്രകടിപ്പിക്കുന്നു.എന്നാൽ വാർത്ത വായിക്കുമ്പോൾ കാര്യം അത്ര വ്യക്തമാകില്ല. എന്നാൽ ഇന്നത്തെ കേരള കൌമുദിയിലെ ‘കഴകത്തിന് ഈഴവൻ: കൂടൽമാണിക്യത്തിൽ ‘തന്ത്രിസമരം’’ എന്ന തലക്കെട്ടിലെ വാർത്ത ഒരു വ്യക്തത തരുന്നുണ്ട്.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിക്ക് ഈഴവ സമുദായക്കാരനെ നിയമിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമിട്ടത്. കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴിയാണ് ഈ നിയമനം നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് ക്ഷേത്രത്തിലെ തന്ത്രിമാർ ‘സമരം’ തുടങ്ങി. കഴകക്കാരൻ ചുമതലയേറ്റ ഫെബ്രുവരി 24 മുതൽ തന്ത്രിമാർ ക്ഷേത്രം ബഹിഷ്കരിച്ചു. കഴകം തസ്തികയിൽ മാലകെട്ടുകാരനായി നിയമിതനായ തിരുവനന്തപുരം ആര്യനാട് സ്വദേശി വി.ഐ. ബാലുവിന് ചുമതലയേറ്റപ്പോൾ മുതൽ അമ്പലവാസികളായ മറ്റു ജീവനക്കാർ ഭ്രഷ്ടുകല്പിച്ചിരിക്കുകയായി രുന്നു. അപേക്ഷ ചോദിച്ചു വാങ്ങി ഓഫീസിലേക്ക് മാറ്റിയശേഷം പ്രതികരിക്കാൻ ബാലു തയ്യാറായില്ല എന്നു വാർത്തയിൽ ഉണ്ട് . പാരമ്പര്യമായി ചില സമുദായക്കാർ മാത്രം കൈകാര്യം ചെയ്തിരുന്ന സ്ഥാനത്തേക്ക് മറ്റൊരു സമുദായത്തിൽ നിന്നൊരാളെ നിയമിച്ചത് ആചാര ലംഘനമാണെന്ന് തന്ത്രിമാർ വാദിക്കുന്നു.എങ്ങനെയുണ്ട് ? അതായത് ഏത് സമുദായത്തിൽ ഉള്ളവരെ കഴകം ജോലിക്ക് നിയമിക്കണം എന്നുള്ളത് വരെ താംബൂല പ്രശ്നത്തിൽ ഉണ്ടത്രേ.
ഇതൊന്നും അടുത്തകാലത്തൊന്നും നന്നാവുമെന്ന് ഒരു പ്രതീക്ഷയുമില്ല .