ദ്രൗപദി-ആന്ധ്രയിൽ കോളിളക്കം സൃഷ്ടിച്ച നോവൽ

കഥാപാത്രങ്ങളുടെ എണ്ണം കൊണ്ടും സംഭവങ്ങളുടെ ബാഹുല്യം കൊണ്ടും ഒരു അക്ഷയഖനി തന്നെയാണ് മഹാഭാരതം . ഏതു തരത്തിലുളള കഥാപാത്രങ്ങളെയും ഇതിൽ കണ്ടെത്താനാകും. മനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള സ്വഭാവ സവിശേഷതകൾ ഇതിൽ കാണാനാകുമെന്നുള്ളതാണ് മഹാഭാരതത്തിന്റെ ഒരു പ്രത്യേകത. മനുഷ്യ മനസ്സുകളെക്കുറിച്ച് ഇത്രത്തോളം കൈകാര്യം ചെയ്തിട്ടുള്ള ഒരു സാഹിത്യ കൃതി വേറെ ഉണ്ടോ എന്ന് സംശയമാണ്. ഒരു പക്ഷെ അക്കാരണം കൊണ്ടാകാം ‘ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം.ഇതിലില്ലാത്തത് മാറ്റൊരിടത്തും കാണുകയില്ല’ എന്ന് മഹാഭാരതത്തെ കുറിച്ചു പറയുന്നത്.

മഹാഭാരതം പോലുള്ള പുരാണകഥകളിൽ നിന്ന് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയും അവരെ മനുഷ്യത്വപരമായ വീക്ഷണകോണിൽ നിന്നുകൊണ്ട് ആധുനിക ജീവിത ചലനാത്മകതയോടെ പുന:രവതരിപ്പിക്കുകയുമാണ് പൊതുവെ സാഹിത്യകാരന്മാർ ചെയ്തുപോന്നിട്ടുള്ളത്. യാർലഗഡ്ഡ ലക്ഷ്മി പ്രസാദിന്റെ ‘ദ്രൗപദി’ എന്ന നോവലിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടുവോളം എടുത്തുപോയോഗിച്ചിട്ടുള്ള നോവലാണിത്. ദ്രൗപദിയുടെ ജനന രഹസ്യം മുതൽ മരണം വരെയുള്ള സംഭവങ്ങളാണ് നോവലിന്റെ പ്രമേയം.

കൃഷ്ണ വർണ്ണമുള്ളതിനാൽ കൃഷ്ണ,ദ്രുപദന്റെ പുത്രിയായതിനാൽ ദ്രൗപദി,യജ്ഞവേദിയിൽ നിന്നും ജനിച്ചതിനാൽ യാജ്ഞസേനി,പാഞ്ചാല രാജപുത്രിയായതിനാൽ പാഞ്ചാലി. അങ്ങനെ പേരുകൾ നിരവധിയുണ്ട് കഥാ നായികയ്ക്ക്. ദ്രുപദ പുത്രിയും പാണ്ഡവരുടെ പത്നിയുമായ ദ്രൗപദിയുടെ കഥയെ ആധുനിക പശ്ചാത്തലത്തിൽ വിലയിരുത്തുന്നതോടൊപ്പം കഥാപാത്രത്തിന്റെ മനഃശാസ്ത്രപരമായ ഒരു അപഗ്രഥനം കൂടി ഇവിടെ നടത്തുന്നുണ്ട്.

കുരുക്ഷേത്രയുദ്ധത്തിന്റെ അവസാന നാളുകളിലെ ഒരു സുപ്രഭാതത്തിലാണ് കഥ തുടങ്ങുന്നത്. യുദ്ധത്തിന്റെ ദാരുണമായ അനന്തരഫലങ്ങളിൽ ദുഃഖിതയായ ദ്രൗപദി, അശ്വത്ഥമാവ് നടത്തിയ കൂട്ടക്കൊലയിൽ തന്റെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്തുവാൻ നിർബന്ധിതയായിരിക്കുക്കുന്ന ആ ഒരു നിമിഷം മുതൽ അവരുടെ പൊയ്‌പ്പോയ ജീവിതമത്രയും നമ്മുടെ മുന്നിൽ തെളിയുകയാണ്. രാവിലെ ദ്രൗപതിയെ ഉണർത്തിയ നകുലൻ, ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ രാത്രിയിൽ അശ്വത്ഥാമാവ് വധിച്ച കഥ പറയുകയാണ് . യുദ്ധക്കളത്തിൽ തന്റെ സഹോദരന്റെയും പുത്രന്മാരുടെയും മൃതദേഹങ്ങൾ കണ്ടപ്പോൾ ദ്രൗപതിക്ക് സങ്കടവും ദേഷ്യവും തോന്നി. അവൾ അശ്വത്ഥാമാവിനെ കൊല്ലുവാനും ,അവരുടെ ചെയ്തികൾക്ക് പ്രതികാരം ചെയ്യാൻ ഭർത്താക്കന്മാരെ പ്രേരിപ്പിക്കുകയും ചെയ്തു.എന്നാൽ അശ്വത്ഥാമാവിനെ വധിക്കാൻ ഭീമനെയും കൂട്ടരെയും അയച്ചു കഴിയുമ്പോഴേക്കും തനിക്കുണ്ടായ ആ ചിന്തയിൽ അവർ പശ്ചാത്തപിക്കുന്നുണ്ട്. ഇപ്പോൾ അവസാനിക്കാനിരിക്കുന്ന ആ മഹായുദ്ധത്തിന്റെ പഴിമുഴുവൻ തനിക്കു മേലെ ചാർത്തിതരാൻ ലോകം മുഴുവൻ കാത്തിരിക്കുന്നുണ്ടെന്ന ബോധ്യമാകാം അത്തരമൊരു പുനർചിന്തയുടെ ഒരു കാരണം. അതുമല്ലങ്കിൽ താൻ കാരണം ഇനിയും ഒരു ചോരപ്പുഴ ഒഴുകുന്നത് കാണാൻ ശക്തിയില്ലാഞ്ഞിട്ടുകൂടിയാകാം.

ദ്രൗപദിയുടെ ആത്മസംഘർഷങ്ങളുടെ കെട്ടഴിഞ്ഞു വീഴുന്നത് സ്വയംവരത്തിന് ശേഷമുള്ള ധർമപുത്രരുമായുള്ള ആദ്യരാത്രിയിലാണ്. അദ്ദേഹത്തിന്റെ സ്വഭാവത്തെ അടുത്തറിയുന്നതും, മനസ്സിലാക്കുന്നതും അപ്പോൾ മാത്രമാണ് . ആദ്യരാത്രികൊണ്ടു തന്നെ ഒരു സ്ത്രീ എങ്ങനെയാണ് ആതമവഞ്ചന നടത്തേണ്ടതെന്ന് ദ്രൗപദി മനസ്സിലാക്കി.വസ്ത്രാക്ഷേപ സഭയിൽ ദുര്യോധന സഹോദരനായ വികർണ്ണൻ കാണിച്ച നീതിമര്യാദകളും,ഔചിത്യ ബോധവും അവിടെ ഉണ്ടായിരുന്ന മഹാരഥർക്കുണ്ടായിരുന്നില്ല.എന്നാൽ സത്യം പറയുന്നവരെ വിഡ്ഢിയാക്കി ചെറുതാക്കി മൂലക്കിരുത്തുന്ന സ്വഭാവം തന്നെയാണ് കർണ്ണൻ അപ്പോളവിടെ ചെയ്തത്. ഒരു മനുഷ്യനിൽ തന്നെ അധമവും,ഉന്നതവുമായ വ്യക്തിത്വം ഒരുമിച്ചുണ്ടാകുമോ എന്ന സംശയം ആ നിമിഷം ദ്രൗപദിക്കുണ്ടായി. തന്റെ സ്വയംവര ദിവസം കർണ്ണന്റെ സംസ്കാരവും,വസ്ത്രാക്ഷേപ സമയത്ത് നീചത്വവും അവൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു .

നോവലിൽ ദ്രൗപദിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അവരുടെ അമ്മായിയമ്മയായ കുന്തിയാണ് . ദ്രൗപദിയ്‌ക്ക്‌ കുന്തിയുമായുള്ള അടുപ്പം വളരെ വ്യക്തമായി നോവലിൽ വരച്ചു കാട്ടുന്നുണ്ട്. അവർക്കു തമ്മിൽ ചില കാര്യങ്ങളിലെങ്കിലും സമാനതകളുണ്ടല്ലോ. ദ്രൗപതിയെപ്പോലെ കുന്തിക്കും വ്യതിരിക്തമായ പുരുഷ ബന്ധങ്ങളുണ്ടായിരുന്നു . ദ്രൗപദിയുടെ ജീവിതത്തിൽ കടന്നു വന്ന പല സങ്കീർണ്ണ ഘട്ടങ്ങളിലെയും മാനസിക സംഘർഷങ്ങളും ധർമ്മസങ്കടങ്ങളും മനസ്സിലാക്കുകയും അവർക്കു മാനസിക സാന്ത്വനം നല്കാൻ ശ്രമിക്കുന്നതും കുന്തിയാണ്.
പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തിന്റെ കാര്യത്തിൽ സ്വാർത്ഥമനസ്സുള്ളവളായി കണ്ട് എപ്പോഴും വിമർശിക്കപ്പെടുന്ന ഒരു കഥാപത്രമാണ് ദ്രൗപദി . കൗരവ സഭയിൽ എല്ലാവരാലും എല്ലാ രീതിയിലും അപമാനിക്കപ്പെട്ട ഒരു സ്ത്രീ തന്നെ അപമാനിച്ചവരോട് കണക്ക് ചോദിക്കുന്നതിൽ തെറ്റ് കാണാനാവില്ല.

മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങൾക്കും ലക്ഷ്യങ്ങൾക്കും വിരുദ്ധവും വ്യത്യസ്തവുമായാണ് ഈ നോവലിലെ കഥാപാത്ര നിർമ്മിതിയെങ്കിലും ദ്രൗപദിയെ ആധുനിക സ്ത്രീവാദ പരിപ്രേഷ്യത്തിൽ അവതരിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരനിവിടെ നടത്തിയിട്ടുള്ളത് .ദ്രൗപതിയുടെ സ്വഭാവം സൂക്ഷ്മമായ വൈവിധ്യത്തോടെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ പൂർണ്ണമായി വിജയിച്ചിട്ടുണ്ടോ എന്നുള്ളതും സംശയമാണ്. മഹാഭാരതത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും പൊളിച്ചെഴുതാനുള്ള ഒരു ശ്രമം എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. പഞ്ചപാണ്ഡവന്മാർ ,ധൃതരാഷ്ട്രർ, ഭീഷ്മർ, ദ്രോണർ തുടങ്ങി ശ്രീകൃഷ്ണനെ വരെ ആ പരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

അടിസ്ഥാന വിശ്വാസങ്ങളെ ലംഘിക്കുന്ന മാറ്റങ്ങളെ ഒരു സമൂഹവും സ്വാഗതം ചെയ്യില്ല. ആ മാറ്റങ്ങൾ ആ കഥാപാത്രങ്ങളുടെ തലത്തെ അഗാധത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ , സ്വാഭാവികമായും വായനക്കാരുടെ വികാരങ്ങൾ മുറിവേൽപ്പിക്കപ്പെടും .ലക്ഷ്മി പ്രസാദിന്റെ ദ്രൗപദി എന്ന നോവലിനും സംഭവിച്ചത് അത് തന്നെയായിരുന്നു. നോവൽ പുറത്തിറങ്ങിയപ്പോൾ ആന്ധ്രയിൽ ഒരു കോളിളക്കം തന്നെ അത് സൃഷ്‌ടിച്ചു . ദ്രൗപദിയെ ഒരു കാമഭ്രാന്തിയാക്കി ചിത്രീകരിച്ചു എന്നുള്ളതായിരുന്നു ആ വിവാദത്തിന്റെ പിന്നിൽ. ദ്രൗപദിയെയും പാണ്ഡവരെയും ശ്രീകൃഷ്ണനെയും മോശമായി കാണിക്കുകയും , ദ്രൗപദിയും ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധത്തെ അവിഹിത പ്രണയബന്ധമായി അവതരിപ്പിച്ചതും ഒട്ടേറെ പേരെ ചൊടിപ്പിച്ചു. വസ്ത്രാക്ഷേപ സമയത്തു ആ സഭയിലുണ്ടായിരുന്ന ധൃതരാഷ്ട്രരുൾപ്പെടെയുള്ള മുതിർന്നവർ പോലും ദ്രൗപദിയുടെ സൗന്ദര്യം കാണാൻ ആഗ്രഹിച്ചു.അത് നേരിൽ കാണാൻ കഴിയാതെ തന്റെ അന്ധതയെ ശപിക്കുന്നുണ്ടിവിടെ കൗരവ രാജാവ്. ദ്രൗപദി അപ്പോൾ ഒരു ദാസിയാണെന്നുള്ള കാര്യത്തിൽ സന്തോഷമുണ്ടാക്കുകയും തന്റെ അന്ധതയ്ക്ക് കാരണമായ സ്വന്തം അമ്മയെ മനസ്സിൽ പഴിക്കുകയും ചെയ്യുന്നുണ്ട് ധൃതരാഷ്ട്രർ. വ്യാസൻ സൃഷ്‌ടിച്ച ശ്രീകൃഷ്ണ ദ്രൗപദി ബന്ധത്തെ കാമം നിറഞ്ഞ പ്രണയമാക്കി മാറ്റുക വഴി തങ്ങളുടെ ആരാധനാ പുരുഷനെയും പഞ്ചകന്യകമാരിൽ ഒരാളായി കരുതി പൂജിക്കുന്ന ദ്രൗപദിയെയും എഴുത്തുകാരൻ മോശമായി ചിത്രീകരിച്ചു എന്നു വിമർശകർ ആരോപിച്ചു.

രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കി നിരവധി കൃതികൾ പല ഭാഷകളിൽ രചിക്കപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ദ്രൗപതി എന്ന ഈ നോവലിന്റെ കാര്യത്തിലും അത്തരത്തിൽ പരിഗണിക്കേണ്ട ഒരു വിഷയം മാത്രമേ ഉണ്ടായിട്ടുള്ളൂ .ഇത് മഹാഭാരതത്തിലെ വ്യാസന്റെ ദ്രൗപദിയല്ല . ലക്ഷി പ്രസാദിന്റെ ദ്രൗപദിയാണ് .അതിനെ വ്യാസഭാരതവുമായി താരതമ്യപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല .ഈ നോവൽ അതേപടി നോവൽ വ്യാസമഹാഭാരതത്തെ പിന്തുടരുകയാണെങ്കിൽ പിന്നെ ഈ നോവലിൽ എന്ത് പുതുമയാണുണ്ടാകുക? പക്ഷെ ഇത് വായിച്ചിട്ടു അപ്പോൾ ഇതായിരുന്നു മഹാഭാരതത്തിലെ ദ്രൗപദി എന്ന് പറയുന്നവരോട് സഹതാപം മാത്രമേ തോന്നുകയുള്ളൂ.

മുൻപ് സൂചിപ്പിച്ചപ്പോലെ മഹാഭാരതത്തിൽ നിന്നും ഉണ്ടായിടുള്ള സാഹിത്യകാരന്മാരുടെ ദ്രൗപദി സൃഷ്ടികൾ ഇത് ആദ്യത്തേതോന്നുമല്ല .

‘തേജസ്വിനി ദ്രൗപദി’ (ഡോ:പദ്മാകർ വിഷ്ണു വർതക് )-മറാത്തി
‘കൃഷ്ണ, കുന്തി, ഏവം കൗന്തേയൊ’ (നൃസിംഗപ്രസാദ് ഭാദുരി)-ബംഗാളി
‘ദ്രൗപദി’ (പരിണീത ശർമ്മ)-ആസാമീസ്
ദ്രൗപദി’ (രാജേന്ദ്ര താപ്പ)-നേപ്പാളി
ദ്രൗപദി’ (ഡോ:പ്രതിഭ റോയ് )-നേപ്പാളി
ദ്രൗപദി’ (കാജൽ ഓജ വൈദ്യ ) -ഗുജറാത്തി
യാജ്ഞസേനി (പ്രതിഭ റോയ്)-ഒറിയ
കൃഷ്ണ’ (സുരേന്ദ്രനാഥ് സത്പതി)-ഒറിയ
ഗാന്ധാരി കുന്തി ദ്രൗപതി (കുലമണി ജെന)–ഒറിയ
ദ്രൗപദി (ശുകദേവ സാഹു)–ഒറിയ
‘പാഞ്ചാലി’ (ബച്ചൻ സിങ്ങ്)-ഹിന്ദി
ദ്രൗപദി കി ആത്മകഥ–ഹിന്ദി
പാഞ്ചാലി’ (സുശീൽ കുമാർ )-ഹിന്ദി
യാജ്ഞസേനി (രാജേശ്വർ വസിഷ്ഠ)-ഹിന്ദി
‘പാഞ്ചാലി’ (സാച്ചി മിശ്ര )-ഹിന്ദി
സൗശില്യ ദ്രൗപദി (കസ്തൂരി മുരളീകൃഷ്ണ ) -തെലുങ്ക്
യാജ്ഞസേനി (ത്രോവാഗുണ്ടവെങ്കട സുബ്രഹ്മണ്യ)–തെലുങ്ക്
തെലുഗിന്തികൊച്ചിന ദ്രൗപതി (എം.വി. രമണ റെഡ്ഡി)–തെലുങ്ക്
ദ പാലസ് ഓഫ് ഇല്യൂഷൻസ് (ചിത്ര ബാനർജി ദിവകരുണി)-ഇംഗ്ലീഷ്
ദ്രൗപദി ദ അബാൻഡൺഡ് ക്വീൻ’ (താക്കൂർ സിൻഹ)-ഇംഗ്ലീഷ്
Ms Draupadi Kuru: After the Pandavas (തൃഷ ദാസ്)–ഇംഗ്ലീഷ്
PANCHAALI THE PRINCESS OF PEACE (സാനിയ ഇനാംദാർ)-ഇംഗ്ലീഷ്
Draupadi: The Fire-Born Princess (സരസ്വതി നാഗ്‌പാൽ )-ഇംഗ്ലീഷ്
SONG OF DRAUPADI-(ഇറാ മുഖോതി)–ഇംഗ്ലീഷ്
Draupadi: The Tale of an Empress(സായി സ്വരൂപ ഐയ്യർ )-ഇംഗ്ലീഷ്
I am ‘DRAUPADI’ – Me through My own eyes(സൗരവ് ഖന്ന)-ഇംഗ്ലീഷ്
Draupadi: A Saga of Love, Life & Destiny (ഇഷിത സെൻ)–ഇംഗ്ലീഷ്
യാജ്ഞസേനി (തിരുവല്ല ശ്രീനി)-മലയാളം
യാജ്ഞസേനി (ഡോ :കെ പി രജനി )-മലയാളം
ദ്രൗപദി (പ്രതിഭാ റായ്)-മലയാളം (വിവർത്തനം)
മായാമന്ദിരം (ചിത്രാ ബാനർജി)-മലയാളം (വിവർത്തനം)
പാഞ്ചാലിയുടെ ഏഴുരാത്രികൾ (വിനയശ്രീ)-മലയാളം

തുടങ്ങിയവ അവയിൽ ചിലതു മാത്രം.

ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഡോക്ടറേറ്റ് നേടിയ ഗവേഷകൻ കൂടിയാണ് യാർലഗഡ്ഡ ലക്ഷ്മി പ്രസാദ് .തന്റെ ഈ നോവൽ ഹിന്ദിയിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് അദ്ദേഹം തന്നെയാണ്. 2010 ലെ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് നേടിയ കൃതികൂടിയാണ് ദ്രൗപദി. ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് ആർ ശശിധരനും , സി രാധാമണിയും ചേർന്നാണ്. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമിയും. 280 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപ.

ലോകത്തെ മാറ്റിമറിച്ച 101 അബദ്ധങ്ങൾ

ഇത്രയും വൈൻ ഒന്നിച്ചു കൊണ്ടുപോയാൽ ഭീമമായ തുക നികുതിനൽകേണ്ടിവരും എന്ന തന്റെ ജോലിക്കാരന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ആ ഡച്ചു വ്യാപാരി ഒരു ഒരു പോംവഴി കണ്ടെത്തിയത്.അക്കാലത്തു വൈനിന്റെ അളവിനനുസരിച്ചാണ് നികുതി അടയ്‌ക്കേണ്ടിയിരുന്നത്.നിയമമനുസരിച്ചുള്ള അളവ് കൊണ്ടുപോയാൽ തനറെ വ്യാപാര ആവശ്യങ്ങൾക്കു തികയില്ല എന്ന് മനസ്സിലാക്കിയ അയാൾ കൂടുതൽ നികുതി കൊടുക്കാതെ എങ്ങനെ കൂടുതൽ അളവ് വൈൻ കടത്താം എന്നാലോചിച്ചു. ഒരുപാടു ആലോചനക്കൊടുവിൽ അദ്ദേഹം ഒരു വിദ്യ കണ്ടുപിടിച്ചു . വൈൻ ചൂടാക്കി അതിലെ വെള്ളം വറ്റിച്ചു കളയുക. പിന്നീട് വൈൻ ഉപയോഗിക്കേണ്ട സമയമാകുമ്പോൾ വെള്ളം കൂട്ടിച്ചേർക്കുക. അങ്ങനെ ചൂടാക്കിയ വൈൻ താൻ വ്യാപാരം ചെയ്യുന്ന വൈനിനേക്കാൾ ലഹരിയുള്ളതാണെന്ന് അദ്ദേഹം കണ്ടെത്തുകയും പിന്നീട് അതൊരു പുതിയ ഉല്പന്നമായി അവതരിപ്പിക്കുകയും ചെയ്തത്രേ .ഇതാണ് ബ്രാണ്ടിയുടെ പിന്നിലെ കഥ. ബ്രാഡ്‌ജ്‌ വിൻ എന്ന ഡച്ചു പദത്തിൽ നിന്നാണ് ബ്രാണ്ടി എന്ന പദം രൂപം കൊണ്ടത് . ഇതിന്റെ അർത്ഥമാകട്ടെ burned wine എന്നും.

യാദൃച്ഛികമായി കണ്ടുപിടിക്കപ്പെട്ട അനേകം കണ്ടുപിടിത്തങ്ങളുണ്ട് നമുക്കു മുന്നിൽ. എക്സ്റേയും, ടെഫ്‌ലോണും മൈക്രോവേവ് ഓവനുമൊക്കെ അത്തരത്തിൽ കണ്ടുപിടിക്കപെട്ടവയാണ്.ബാലരമ പോലുള്ള പ്രസിദ്ധീകരണങ്ങളിൽ ചില ലക്കങ്ങളിൽ മേല്പറഞ്ഞ പോലെയുള്ള കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള കഥകൾ ഉണ്ടാകാറുണ്ട്. അക്കഥകളിൽ ചിലതൊക്കെ അബദ്ധത്തിലോ യാദൃച്ഛികമായോ കണ്ടുപിടിക്കപ്പെട്ടവയെകുറിച്ചാണ് . നിരവധി കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുള്ളവയിൽ ലോകത്തെ മാറ്റിമറിച്ച പ്രധാനപ്പെട്ട കണ്ടു പിടുത്തങ്ങളും ഉണ്ട്. അത്തരത്തിൽ ചരിത്രത്തെ തന്നെ മാറ്റിമറിക്കപ്പെട്ട നിരവധി കണ്ടുപിടുത്തങ്ങളുടെ പിന്നാമ്പുറ കഥകളെ കുറിച്ചാണ് ഹാപ്പി ആക്സിഡന്റ്സ് എന്ന പുസ്തകത്തിൽ ഡോക്ടർ അജിത് ജെയിംസ് ജോസ് പറഞ്ഞിരിക്കുന്നത്.അങ്ങനെയുള്ള നൂറ്റൊന്നു കണ്ടുപിടുത്തങ്ങളുടെ വിവരങ്ങളാണ് ഇതിലുള്ളത്.

ഫ്രാൻസുമായി ബന്ധമില്ലാത്ത ഫ്രഞ്ച് ഫ്രെയ്‌സ് ,ഇന്നും പുറത്തുവിടാത്ത കൊക്കോകോളയുടെ ഫോർമുല,ന്യായാധിപന്മാർക്കു വേണ്ടിഉണ്ടാക്കിയ സൺഗ്ലാസ് പിന്നീട് ഇന്നത്തെ രീതിയിൽ പ്രസിദ്ധി നേടിയത്, ഹൃദയമിടിപ്പ് രേഖപ്പെടുത്താനുണ്ടാക്കിയ ഉപകരണത്തിലെ ഒരു ചെറിയ റെസിസ്റ്റർ പറ്റിച്ച പണി പേസ് മേക്കർ എന്ന കണ്ടുപിടുത്തത്തിലേക്കെത്തിച്ചത്, അങ്ങനെ നിരവധി സംഭവങ്ങൾ ഈ പുസ്തകത്തിൽ വായിക്കാം. പക്ഷേ ചില സംഭവങ്ങളുടെ വർഷം കൃത്യമയി രേഖപ്പെടുത്തിയിടുത്താൻ വിട്ടുപോയിട്ടുണ്ട്.ഉദാഹരണത്തിന് ആദ്യം പറഞ്ഞ ബ്രാണ്ടിയുടെ പിന്നിലെ കഥ എന്നു നടന്നതാണെന്ന് പറഞ്ഞിട്ടില്ല .

ലളിതമായ ഭാഷയിൽ രസകരമായി ശാസ്ത്രീയ വിവരങ്ങൾ അവതരിപ്പിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക്കൂടി ഇഷ്ടപ്പെടാൻ സാധ്യതയുണ്ട് . Dora publishers ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ,വില 230 രൂപ

കുറ്റസമ്മതം

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ എസ്ഐ. സാജൻ മാത്യു എന്ന കഥാപാത്രത്തിലൂടെ നമുക്കെല്ലാവർക്കും സുപരിചിതനായ സിബി തോമസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ആദ്യ നോവലാണ് കുറ്റസമ്മതം എന്ന ക്രൈം ത്രില്ലർ. ചേനകല്ല് എന്ന സ്ഥലത്തെ ഒരു വാടകമുറിയിൽ ഒരാൾ മരിച്ചു കിടക്കുന്നുവെന്ന ഫോൺ കോളിലൂടെയാണ് നോവലിലെ സംഭവ പരമ്പരകൾ തുടങ്ങുന്നത്. വേലേശ്വരം സർക്കിളായ സാബു തോമസാണ് അന്വേഷണത്തിനായി ഇറങ്ങുന്നത്. ചേനകല്ലിനടുത്തുള്ള ക്വാറിയിലേക്കും പരിസരങ്ങളിലേക്കും അന്വേഷണം വ്യാപിക്കുന്നതിന് മുന്പെ പ്രതിയെ പോലീസ് കണ്ടെത്തുകയും ചെയ്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ സാജൻ മാത്യുവിലൂടെ കാസർകോഡൻ പശ്ചാത്തലം മനസ്സിൽ കേറിപ്പറ്റിയതുകൊണ്ടാകണം ഈ നോവലിലെ കഥാപരിസരത്തെ അവിടെ എളുപ്പം പ്രതിഷ്ഠിക്കാൻ കഴിഞ്ഞു.

പൊതുവേ ഇത്തരം നോവലുകളിൽ പരീക്ഷിച്ചു കാണാറുള്ള കുറ്റവാളിയെയോ അതിന്റെ മോട്ടീവിനെയോ അവസാനം മാത്രം വെളിപ്പെടുന്ന രീതിയിൽ നിന്നും വഴുതിമാറിക്കൊണ്ട് ആദ്യത്തെ മൂന്നു നാലു അദ്ധ്യായങ്ങൾ കൊണ്ട് തന്നെ പ്രതിയെയും, അതിന്റെ പിന്നിലെ ഉദ്ദേശ്യത്തെയും വലിച്ചു പുറത്തിടുകയാണ് ഇതിലെ അന്വേഷണ ഉദ്യോഗസ്ഥനായ സാബു തോമസ്. പിന്നീട് കഥ വേറൊരു തലത്തിലേക്ക് ,കഥാപാത്രങ്ങളുടെ വൈകാരിക പരിസരങ്ങളിലേക്ക് പറിച്ചു നടുകയാണ് എഴുത്തുകാരൻ ചെയ്തിരിക്കുന്നത് . ആദ്യത്തെ വളരെ കുറച്ചു അദ്ധ്യായങ്ങൾ കഴിയുമ്പോൾ തന്നെ പ്രതി ആരായിരിക്കും എന്നൂഹിക്കാൻ വായനക്കാർക്കു കഴിഞ്ഞേക്കും . പ്രതിയെ കണ്ടെത്തികഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി എന്തായിരിക്കും കഥയുടെ ഗതിയെന്ന് സ്വാഭാവികമായും കരുതാൻ പോന്ന വഴികളിൽ കൂടി തന്നെയാണ് നോവൽ പീന്നീട് സഞ്ചരിക്കുന്നത്. നിയമം കർശനമായി അനുസരിച്ച് പോരുന്ന ഒരു ഉദ്യോഗസ്ഥന് തനിക്ക് നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾക്കാണ് നോവൽ കൂടുതൽ പ്രാധാന്യം നല്കിയിരിക്കുന്നത്. സാബു തോമസിന്റെ കുടുംബബന്ധത്തിന്റെ തീവ്രതകളും, മനോനിലകളും നോവലിൽ കൂടുതലായി കടന്നു വരുന്നുണ്ട്. അയാൾ കാണുന്ന സ്വപനങ്ങളും അവയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പ്രതീക്ഷിക്കുന്ന ഒരു ക്ലൈമാക്സ് തന്നെയാണ് നോവലിൽ കാണാൻ കഴിയുക. ചിലയിടങ്ങളിൽ നാടകീയത മുറ്റിയ സംഭാഷണങ്ങൾ ഒരു പോരായ്മയായി അനുഭവപ്പെടുന്നുമുണ്ട് . ചിലത് വായനക്കാരുടെ യുക്തിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. നോവലിലെ ഒരു വാചകം നോക്കുക :ഹിന്ദി സംസാരിക്കുന്നതും,പൊലീസ് അന്വേഷിക്കുന്നയാളുമാകുമ്പോൾ അത് തീവ്രവാദിയോ കള്ളനോ ആകാം.ഇവിടെ പൊലീസ് അന്വേഷിക്കുന്ന ആൾ ഹിന്ദി സംസാരിക്കുന്നയാളാണെങ്കിൽ കള്ളനും തീവ്രവാദിയും ആയിരിക്കുമെന്ന പൊതു നിഗമനത്തിലേക്കെത്തിയതെങ്ങനെ എന്നു മനസ്സിലായില്ല.

ഉമാദത്തന്റെ കപാലത്തിലെ പോലെ ഭക്ഷണത്തെപ്പറ്റിയുള്ള ആവർത്തിക്കുന്ന വിവരണങ്ങളും, സംഭാഷണത്തിലെ നാടകീയതയും ഇവിടെയും പ്രത്യക്ഷപ്പെടുന്നുണ്ട് ചുരുക്കി പറഞ്ഞാൽ ഉദ്വേഗവും,കുറ്റാന്വേഷണത്തിന്റെ ചടുല നീക്കങ്ങളുമൊക്കെ പ്രതീക്ഷിച്ചുകൊണ്ട് പുസ്തകം വായിക്കാനിരിക്കുന്നവരെ തെല്ലും നിരാശപ്പെടുത്താൻ സാധ്യതയുള്ളൊരു നോവലായിരിക്കുമിത്.

2003ൽ സബ് ഇൻസ്പെക്ടറായി കേരള പോലീസ് അക്കാദമിയിൽ നിന്നും പുറത്തിറങ്ങിയ സിബി തോമസ് 2011 ൽ സർക്കിൾ ഇൻസ്പെക്ടറായി. 2014 ലും 2019 ലും ഡിറ്റക്ടീവ് എക്സലൻസിക്കുള്ള ബാഡ്ജ് ഓഫ് ഓണർ സ്വന്തമാക്കിയ ആളാണ് ഇദ്ദേഹം.

2015 ൽ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിട്ടുണ്ട്. രാജീവ് രവി-ആസിഫ് അലി കൂട്ടുകെട്ടിലെ കുറ്റവും ശിക്ഷയും എന്ന സിനിമയുടെ കഥയും ഇദ്ദേഹത്തിന്റേതാണ്.ഇപ്പോൾ കേരളാ പൊലീസിലെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ഇൻസ്പെക്ടറാണ് സിബി തോമസ്.പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഋഷിരാജ് സിംഗ് ഐ പി എസ്സാണ്. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ വില 260 രൂപ.