വൈക്കം മുഹമ്മദ് ബഷീറും ചില കോപ്പിയടികളും !

ഒരു പുസ്തകം പുറത്തിറങ്ങിയ ഉടൻതന്നെ വൻവിവാദമാകുക , ഞൊടിയിടയിൽ ആദ്യ പതിപ്പിന്റെ കോപ്പികളെല്ലാം വിറ്റുതീരുക.ഇന്ന് ഇത്തരം വാർത്തകൾക്കൊരു പഞ്ഞവുമില്ല. വിവാദമായതോ അല്ലാത്തതുമായ എത്രയോ പുസ്തകങ്ങൾ പുറത്തിറങ്ങി ആദ്യ ആഴ്ചകളിൽതന്നെ നിരവധി പതിപ്പുകളിറങ്ങുന്നു. ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ പുസ്തകങ്ങൾ കൂടുതൽ വായനക്കാരിലേക്കെത്താനും അവയുടെ ജാതകം ഉടനെ അറിയാനുള്ള ഒരു സൗകര്യവും ഇപ്പോഴുണ്ട്.

എന്നാൽ നവമാധ്യമങ്ങളുടെ ഇത്തരം സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു സമയത്ത് വിവാദമായ ഒരു പുസ്തകം ദിവസങ്ങൾക്കുള്ളിൽ ചൂടപ്പം പോലെ വിറ്റുപോയിട്ടും അതിന്റെ അടുത്ത പതിപ്പിറങ്ങാൻ മൂന്ന് പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ട ഒരു അവസ്ഥയും വന്നു ചേർന്നിട്ടുണ്ട്. എ.ബി രഘുനാഥൻ നായരുടെ ‘ഉപ്പൂപ്പാന്റെ കുയ്യാനകൾ’ എന്ന പുസ്തകത്തിനായിരുന്നു അത്തരമൊരു ‘അവസ്ഥ’ വന്നു ചേർന്നത്.

ഓരോ പുസ്തകത്തിനും ഓരോ ലക്ഷ്യമുണ്ട്. പ്രഗല്ഭരായ കഥയെഴുത്തുകാരെ ഒറ്റക്കൊറ്റയ്ക്ക് പഠന വിധേയമാക്കുന്ന സമ്പ്രദായം വേണ്ടത്ര രീതിയിൽ പ്രചാരപെട്ടിട്ടില്ലാതിരുന്ന ഒരു സമയത്തായിരുന്നു ഈ പുസ്തകത്തിന്റെ വരവ്. സാഹിത്യ കൃതികളെ അപഗ്രഥനാത്മകമായി പഠിക്കുന്ന ഒരു സമീപനത്തിന്റെ പുറത്താണ് ഈ പുസ്തകം പുറത്തിറങ്ങാനുള്ള ഒരു കാരണമായി രചയിതാവ് അഭിപ്രായപ്പെടുന്നത്.

ഗ്രന്ഥകാരന്റെ പ്രായമോ അയാളുടെ വായനക്കാരുടെ എണ്ണക്കൂടുതലോ,എഫ്ബിയിലെയും, ഇൻസ്റാഗ്രാമിലെയും ഫോളോവെർസിന്റെ എണ്ണമോ ഒരാളുടെ കൃതികളെ വിമര്‍ശനാതീതമാക്കുന്നില്ലല്ലോ.

ബഷീർ സാഹിത്യത്തിൻറെ മേന്മ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ നർമ്മബോധമാണെന്നും അദ്ദേഹത്തെ സകല വായനക്കാർക്കും സ്വീകാര്യനാക്കി തീർത്തത് ഇതേ നർമ്മബോധമാണെന്നും ഒരു സംശയവുമില്ലാതെ എഴുത്തുകാരൻ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ പിൽക്കാലത്തു ഈ നർമ്മബോധം ബഷീറിന്റെ എഴുത്തുകളിൽ ഒരു നിഴൽ മാത്രമായി അവശേഷിച്ചു. പ്രൊഫസർ എം.ഗുപ്തൻ നായരായിരുന്നു ബഷീർ സാഹിത്യത്തെ വിമർശിച്ചവരിൽ മുമ്പൻ. കൃതികളെ ഒഴിച്ച് നിർത്തി അവയുടെ കർത്താവിനെ സ്തുതിക്കുകയെന്ന ഏർപ്പാടാണ് മിക്കവരും പിന്തുടർന്നതെന്നു നിരവധി ഉദാഹരങ്ങളോടെ എഴുത്തുകാരൻ സമർത്ഥിക്കുന്നുണ്ട്.

ബഷീറിന്റെ തൊണ്ണൂറോളം കഥകളിൽ പതിനഞ്ചോ ഇരുപതോ എണ്ണം മാത്രമേ മൗലികത്വം അവകാശപ്പെടാവുന്ന കഥകളുള്ളത്, അതിൽ മിക്കതും എഴുത്തു ജീവിതത്തിന്റെ തുടക്കത്തിൽ എഴുതപ്പെട്ടവയാണ്. ആ മൗലികത പിന്നീടെന്തുകൊണ്ട് നഷ്ടപ്പെട്ടു പോകുന്നു എന്ന് പുസ്തകത്തിൽ വിശദമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്.

മൗലികതയുമായി ബന്ധപ്പെട്ട് ബഷീർ കൃതികളിലെ നിരവധി മോഷണ ആരോപണങ്ങൾ തെളിവുകളോടെ നമുക്ക് മുന്നിൽ നിരത്തുന്നുണ്ട് ഈ പുസ്തകം. എട്ടുകാലി മമ്മൂഞ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയുടെ ഉറവിടം എവിടെ നിന്നാണെന്ന് പറഞ്ഞുകൊണ്ട് കഥകൾ മാത്രമല്ല, കഥാപാത്രങ്ങൾ വരെ ചൂണ്ടിയിട്ടുണ്ടെന്നു തുറന്നു കാട്ടുന്നുമുണ്ട് . ബഷീറിന്റെ കഥാപാത്രങ്ങളുടെ പേരിലെ അനുകരണം എം.കൃഷ്ണൻ നായരും മുൻപേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ചട്ടുകാലി എന്ന കഥ മോപ്പസാങ്ങിന്റെ ‘ആർട്ടിസ്റ് വൈഫ്’ എന്ന കഥയുടെ അനുകരണമാണെന്നു ആരോപിക്കുന്നുണ്ട്.

1944 ൽ പുറത്തുവന്ന ബാല്യകാലസഖിക്ക് ‘ക്ന്യൂട്ട് ഹാംസന്റെ’ ‘വിക്ടോറിയ’ എന്ന നോവലിനോടു കടപ്പാടുണ്ടെന്ന് ആദ്യം എഴുതിയത് എം. കൃഷ്ണൻനായരാണ്.നോവൽ ‘സാഹിത്യ ചരിത്ര’മെഴുതിയ പ്രൊഫസ്സർ കെ .എം തരകനും ഈ കാര്യം ശരിവെയ്ക്കുന്നുണ്ട്. ‘ബാല്യകാലസഖി’ ബഷീർ ആദ്യമെഴുതിയതു ഇംഗ്ലീഷിൽ ആയിരുന്നുവെത്രെ , പിന്നീടാണത് മലയാളത്തിലാക്കിയതെന്നു ‘ബഷീറിന്റെ ലോകം’ എന്ന പുസ്തകത്തിൽ എം . എം ബഷീർ എഴുതിയിട്ടുണ്ട്. ബാല്യകാലസഖിയിലെ സംഭവങ്ങൾക്കുള്ള കേരളീയതയിലും സ്വാഭാവിക സൗന്ദര്യത്തിലും സംതൃപ്തനാണ് എന്നു ഗുപ്തന് നായരും എഴുതി. എന്നാൽ അവ കടംകൊണ്ടതാണെന്നുള്ള അഭിപ്രായത്തിൽ നിന്നും അദ്ദേഹവും പിന്നോട്ട് പോയില്ല.

ഉപ്പൂപ്പാന്റെ കുയ്യാനകൾക്ക് അവതാരികയെഴുതാൻ ആദ്യം സമീപിച്ചത് കൃഷ്ണൻ നായരെയായിരുന്നു. അദ്ദേഹം അക്കാര്യം സമ്മതിച്ചതുമാണ്. എന്നാൽ പുസ്തകം പൂർത്തിയായപ്പോൾ അതിന്റെ കയ്യെഴുത്തുപ്രതിയുമായി എത്തിയ എഴുത്തുകാരനെ കൃഷ്ണൻ നായർ നിരാശനാക്കി മടക്കി വിട്ടു . അതിന്റെ കാരണം കൃഷ്‌ണൻ നായർ തന്നെ എഴുത്തുകാരനോട് വെളിപ്പെടുത്തുന്നുമുണ്ട്.

എന്നാൽ ബഷീറിന്റെ കൃതികളിൽമേലുള്ള മോഷണ ആരോപണങ്ങൾ ‘ബാല്യകാലസഖി’യിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് രസകരം. മലയാളത്തിലെ ആദ്യ യുദ്ധകഥകൾ (പട്ടാള കഥകളല്ല ) എന്നവകാശപ്പെടാവുന്നവയാണ് ബഷീറിന്റെ ‘ശബ്ദങ്ങൾ’ ,’മരണത്തിന്റെ നിഴലിൽ’ എന്നിവ . എന്നാൽ ഇവയിലെ മിക്ക പ്രയോഗങ്ങളും , സംഭാഷണങ്ങളും പ്രശസ്ത ജർമ്മൻ നോവലിസ്റ്റായ എറിക് മരിയ റെമാർക്കിന്റെപ്രശസ്തമായ ‘All Quiet on the Western Front’ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണെന്നു ഉദാഹരണ സഹിതം പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെ അനുഭവങ്ങൾക്കൊണ്ടെഴുതിയ ഈ നോവലിന് മലയാളത്തിൽ പരിഭാഷ വന്നിട്ടുണ്ട്. ‘പി ജയേന്ദ്രൻ’ വിവർത്തനം ചെയ്ത ഈ നോവൽ ‘പടിഞ്ഞാറെ മുന്നണിയിൽ എല്ലാം ശാന്തമാണ്’ എന്ന പേരിൽ ഡി.സി ബുക്‌സാണ് ഇറക്കിയത്.

ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങളായാലും സോദ്ദേശ്യമായ സാമുദായിക ,ഹാസ്യ കഥകളായാലും ബഷീർ രചനകളുടെ മട്ട് ഒന്ന് തന്നെയാണെന്നും ബഷീറിന്റെ നർമ്മ കഥകൾക്ക് ധൈഷണിക മാനമില്ലെന്നും എഴുത്തുകാരൻ പറയുന്നു. ബഷീറിന്റെ ഹാസ്യനോവലുകൾ സ്റ്റെയ്ൻബെക്കിന്റെ നോവലുകളുടെ അനുകരണമാണെന്ന് കെഎം .തരകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അൻവാരിയും പൊൻകുരിശും പോലുള്ള കൃതികളും സ്റ്റെയ്ൻ ബൈക്കിന്റെ ടോർട്ടില ഫ്‌ളാറ്റും തമ്മിൽ സാമ്യം കാണുന്നവരുണ്ട്. സ്റ്റെയ്ൻബെക്കിന്റെ തന്നെ കാനറി റോ,ടോർട്ടില ഫ്ലാറ്റ് എന്നീട് രണ്ടു നോവലുകളും കൂടി ചേർന്നതാണ് ‘സ്ഥലത്തെ പ്രധാന ദിവ്യൻ’ എന്ന് തറപ്പിച്ചു പറയുകയാണ് എം.കൃഷ്ണൻ നായരും.

ബഷീറിന്റെ സിനിമയാക്കപ്പെട്ട ഒരു ചെറുനോവലായിരുന്നവല്ലോ(?) മതിലുകൾ. എന്നാൽ ഈ മതിലുകളും ഈ മോഷണ ആരോപണത്തിൽപ്പെട്ടിട്ടുണ്ട് .ആർതർ കെസ്ലറുടെ വിഖ്യാതമായ ‘Darkness at Noon’ എന്ന നോവലാണ് അതിന്റെ ‘ഒർജിനൽ’ എന്നാണ് വാദം. പദാനുപദ വിവർത്തനത്തിന്റെ ചില ഉദാഹരണങ്ങളോടെയും, മതിലുകൾ ഇവിടെ വിചാരണ ചെയ്യപ്പെടുന്നുണ്ട്.

ബഷീറിനു നേരെ വർഗ്ഗീയ വിരോധം തീർക്കുകയാണെന്നു പറഞ്ഞായിരുന്നു ഈ വിമർശനങ്ങളെയെല്ലാം ബഷീർപക്ഷം നേരിട്ടത്. പുസ്തകത്തെ ഒരു വിമർശന കൃതിയായി മാത്രമായി കാണാനും മുൻവിധികളില്ലാതെ ആ വിമർശനത്തെ സമീപിക്കാനും തയ്യറാകണം എന്ന് പ്രസംഗിച്ചു നടന്നിരുന്ന സുകുമാർ അഴീക്കോട് ഈ പുസ്തകത്തിന്റെ കാര്യം വന്നപ്പോളെടുത്ത അവസരവാദപരമായ നിലപാടിനെ വിമർശിക്കാനും മറന്നിട്ടില്ല എഴുത്തുകാരൻ.

സാഹിത്യത്തിലെ മോഷണം എന്നൊക്കെ പറയുന്നത് അത്ര വലിയ പ്രശ്നമല്ലെന്നും രണ്ടു കൃതികൾ തമ്മിലുള്ള സാദൃശ്യം യാദൃച്ഛികമാകാം അതല്ലെങ്കിൽത്തന്നെയും അനുകരണങ്ങളും മോഷണവും സാഹിത്യത്തിൽ സർവ്വസാധാരണമാണ് അതിൽ കുറ്റപ്പെടുത്താനൊന്നുമില്ല എന്ന അഭിപ്രായം രേഖപ്പെടുത്തി ടി.പദ്മനാഭൻ ബഷീറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സമയത്ത്‌ അദ്ദേഹത്തിന്റെ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കഥ മോഷണമാണെന്ന ആരോപണം ആരാലും ഉന്നയിക്കപ്പെട്ടിരുന്നില്ല. അടുത്തിടെ ഡോക്ടർ എം രാജീവ്കുമാർ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ ദസ്തയേവ്സ്കിയുടെ ‘The Dream of Ridiculous Man’ ന്റെ അനുകരണമാണ് എന്ന ആരോപണം പ്രസാധകൻ മാസികയിലൂടെ ഉന്നയിക്കുമ്പോൾ അതിനും മുപ്പതു വർഷങ്ങൾക്ക് മുൻപേ അതിനെല്ലാം മുൻകൂറായി സാധൂകരണം നൽകിയിട്ടുണ്ട് ഈ പദ്മനാഭൻ എന്നെ കരുതേണ്ടു.

പ്രേമമെന്ന പരിപാവനമായ വികാരത്തിന് പകരം മാംസ നിബന്ധമായ മൂരി ശൃംഗാരമെന്നു വിളിക്കാവുന്ന പച്ചയായ കാമമാണ് ബഷീറിന്റെ കൃതികളിലെ സന്ദർഭങ്ങളെയും പ്രയോഗങ്ങളെയും പരിശോധിച്ച് ഇവിടെ വിവരിച്ചിരിക്കുന്നത്. സ്ത്രീകളുടെ കൊഴുത്ത ശരീരവും,മുഴുത്ത അവയവങ്ങളും വർണ്ണിക്കുന്നതിൽ ബഷീർ അനുഭവിക്കുന്ന നിർവൃതി വെണ്മണി കവികളെ ഓർമ്മിപ്പിക്കുന്നവയാണെന്നു ബഷീറിന്റെ അത്തരം പ്രമേയങ്ങൾ കടന്നു വരുന്ന കൃതികളെ ഇഴകീറി പരിശോധിച്ചുകൊണ്ടു വിവരിക്കുന്നുണ്ട്. എങ്കിലും കടുത്ത അശ്ലീലമല്ല ലഘുവായ അശ്ലീലത്തെക്കാൾ കടുത്തതാണ് ഇവയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്ഥാനത്തും അസ്ഥാനത്തും മുല വർണ്ണന നടത്തുന്ന ബഷീറിന് ഇതൊരുതരം സൈക്കോളജിക്കൽ ഒബ്സെഷനാണെന്നു എഴുത്തുകാരൻ പറയുന്നു . ശബ്ദങ്ങളിലെ വേശ്യ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് , താൻ മൊല കണ്ടിട്ടില്ലേ എന്ന് . ഈ ചോദ്യം ബഷീറിനോടാണ് ആദ്യം ചോദിക്കേണ്ടിയിരുന്നതെന്നുള്ള ഒരു പരിഹാസവും രാഘുനാഥൻ നായർ ഉയർത്തുന്നുണ്ട്.

ഒരു സാഹിത്യ വിമർശനത്തെ വിമർശനമായി കണ്ടുകൊണ്ടു അതിലവതരിപ്പിക്കപ്പെട്ട നിരീക്ഷണങ്ങൾക്കു വിരുദ്ധമായ നിലപാടുകളുണ്ടെങ്കിൽ അവ സമർത്ഥിക്കുന്നതിനു പകരം എഴുത്തുകാരനെ വ്യകതിപരമായി ആക്രമിക്കുന്ന പ്രതിഭാസമാണ് പിന്നീട് അരങ്ങേറിയതെന്നു രാഘുനാഥൻ നായർ എഴുതുന്നു.

മുഖ്യധാരാ സാഹിത്യത്തിൽ അക്കാലത്തു വെള്ളിവെളിച്ചത്തിൽ നിന്നവരെല്ലാം ഒരു കുടകീഴിൽ ബഷീറിനു വേണ്ടി ഒന്നിച്ചു. സുകുമാർ അഴീക്കോട്, ഉണ്ണികൃഷ്ണൻ പുതൂർ,എം എൻ വിജയൻ , പി വത്സല ,വി ആർ സുധീഷ്, ലീലാവതി ടീച്ചർ തുടങ്ങിയവർ അതിൽ ചിലർ മാത്രം. തുടക്കത്തിൽ ഉണ്ടായ രൂക്ഷവിമർശനങ്ങൾക്കു ശേഷം ലീലാവതി ടീച്ചർ തന്റെ അഭിപ്രായങ്ങൾ മയപ്പെടുത്തിയതായും എഴുത്തുകാരൻ പറയുന്നു.

പി വത്സലയുടെ ‘ഗൗതമൻ’ എന്ന നോവൽ, ജെ .എം .കൂറ്റ്സിയുടെ ‘Life and times of Michael K’ എന്ന നോവലിന്റെ പകർപ്പാണെന്ന ഒരാരോപണം രാഘുനാഥൻ നായർ മുൻപ് ഉന്നയിച്ചിരുന്നു , അതിന്റെ പകപോക്കൽ ആയിരുന്നു ഈ പുസ്തകത്തിനെതിരായി വാളെടുക്കാൻ വത്സല ടീച്ചറെ പ്രേരിപ്പിച്ചതെന്ന് എഴുത്തുകാരൻ പറയുന്നു.

വിമർശനത്തെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും നിഗമനങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നുന്ന പക്ഷം അവ അംഗീകരിക്കുകയുമാണ് വേണ്ടത്. അവിടെ വ്യക്തിപൂജയ്ക്കു സ്ഥാനമില്ല എന്ന് തന്റെ പുസ്തകോദ്യമത്തെ ആക്രമിക്കാൻ ഒരുമ്പട്ടവർക്കു എഴുത്തുകാരൻ നൽകിയ മറുപടികളൊന്നും എവിടെയും വെളിച്ചം കണ്ടില്ല. കാരണം അത്ര ശക്തമായിരുന്നു എതിർനിര. ഉപ്പൂപ്പാന്റെ കുയ്യാനകൾക്കെതിരെ എങ്ങനെ തയാറെടുപ്പുകൾ നടത്തണം എന്ന് ഒരു പ്രശസ്ത എഴുത്തുകാരന് ബഷീർ എഴുതിയ കത്തിലെ വരികളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. പക്ഷെ ആ കത്തെങ്ങനെ തനിക്കു കിട്ടിയെന്നു എഴുത്തുകാരൻ എവിടെയും സൂചിപ്പിച്ചു കണ്ടില്ല.

വ്യക്തിയെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും ബഷീറിനെ, അദ്ദേഹം അർഹിക്കുന്നതിലുപരി പുകഴ്ത്തുകയും അദ്ദേഹത്തിന്റെ രചനകളിൽ അശേഷമില്ലാത്ത ഗുണങ്ങൾ ആരോപിക്കുകയും ചെയ്യുന്നതിൽ മത്സരിക്കുന്ന നിരൂപകർ കാണേണ്ടത് കാണാതെ പോയെന്നും, മറ്റുള്ളവർ ചൂണ്ടികാണിച്ചിട്ടും

അവയൊന്നും കണ്ടില്ലെന്നു നടിക്കുകയും ചെയ്‌തു.

മുൻപ് സൂചിപ്പിച്ചതുപോലെ ബഷീറിന്റെ കഥകളെ ആകർഷകമാക്കിയത് അവയിൽ തെളിഞ്ഞു നിന്നിരുന്ന നർമ്മബോധമാണെന്നു എഴുത്തുകാരൻ അഭിപ്രായപ്പെടുന്നു. ഈ നമ്മബോധം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സിദ്ധിയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പിൽക്കാല രചനകളിൽ മിക്കതിലും ആദ്യകാല കൃതികളുടെ അവർത്തനമായിമാറി എന്നും അദ്ദേഹം പറയുന്നു.

എന്തായാലും ഇറങ്ങിയകാലത്തു കോളിളക്കമുണ്ടാക്കിയ ഒരു പുസ്തകം മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമെങ്കിലും അതിന്റെ രണ്ടാം പതിപ്പ് ഇറങ്ങിയത് അതിനിയും വായിക്കാത്തവർക്കു ബഷീർകൃതികളെ ഗൗരവമായി സമീപിക്കുന്നവർക്കു പ്രയോജനപ്പെടുമെന്നതിൽ സംശയമൊന്നുമില്ല.

എഴുത്തുകാർക്കെതിരെ കാതലായ വിമർശനങ്ങൾ ഉന്നയിക്കുക എന്നത് വിമർശനകലയുടെ ഒരു സൗന്ദര്യമാണ്. അതിനെ പക്വതയോടെ സമീപിക്കാതെ വിമർശകരെ കരിവാരിതേക്കുന്ന പ്രവണത ഈ പുതുകാലത്തും അന്യം നിന്നിട്ടില്ല എന്ന് കാണാം. എന്തുതന്നെയായാലും ഉപ്പൂപ്പാന്റെ കുയ്യാനകൾ ഒരു നല്ല വായനക്കുള്ള വകയ്ക്കുണ്ടെന്നു പറഞ്ഞുകൊള്ളട്ടെ.

Leave a comment