അവസാനത്തെ വായനക്കാരനും കിണറ്റിലെ ശവശരീരവും

 

 
പുസ്തകങ്ങളെകുറിച്ചും,വായനയെക്കുറിച്ചുമൊക്കെ പരാമർശിക്കുന്ന നിരവധി നോവലുകളുണ്ട് . മലയാളത്തിലും  അത്തരത്തിലുള്ളവയെ കാണാൻ കഴിയും. സൂസന്നയുടെ ഗ്രന്ഥപ്പുരയും,കിളിമഞ്ജാരോ ബുക്സ്റ്റാളൊക്കെ അത്തരത്തിലുള്ളവയാണ്. പുസ്തകങ്ങൾ വഴികാട്ടിയാണെന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടാകുമല്ലോ . എന്നാൽ താനകപ്പെട്ട കുഴപ്പം പിടിച്ച ഒരു പ്രശ്നത്തിൽ നിന്നും പുസ്തകങ്ങൾ രക്ഷിക്കാനെത്തുന്ന ഒരു പ്രമേയമാണ് മെക്സിക്കൻ നോവലിസ്റ്റായ  ഡേവിഡ് ടോസ്കാനയുടെ ലാസ്റ്റ് റീഡർ എന്ന  നോവലിൽ കാണാനാകുക. എഴുത്തുകാരന്റെ  ആഖ്യാന ശാസ്ത്രത്തെ മാജിക് റിയലിസത്തിന്റെ വേറൊരുതലമെന്ന് വിശേഷിപ്പിക്കാവുന്നതരത്തിലുള്ള  നോവൽകൂടിയാണ്  ലാസ്റ്റ് റീഡർ.

ഒറ്റപ്പെട്ട ഒരു മെക്സിക്കൻ ഗ്രാമമാണ്  ഇകാമോൾ.വർഷങ്ങളായി അവിടെ മഴ പെയ്യാത്തതുകൊണ്ടു എല്ലാവരുടെയും കിണറുകൾ വറ്റിപ്പോയിരിക്കുന്നു. എന്നാൽ വെള്ളമില്ലാത്തത്തിന്റെ പ്രശ്നമൊന്നും അന്നാട്ടുകാരനായ റെമിഗിയോക്കില്ല. അയാളുടെ കിണറ്റിൽ നിറച്ചും വെള്ളമുണ്ട്. എന്നാൽ പെട്ടെന്നൊരു ദിവസം കിണറ്റിനടിയിൽ ഒരു ശവശരീരം കണ്ടെത്തുന്നതോടെ  കഥ മാറുകയാണ്. കണ്ടാൽ പതിമൂന്ന് വയസ്സു തോന്നിക്കുന്ന സുന്ദരിയായ  ആ പെൺകുട്ടി കിണറ്റിൽ തനിയെ വീണതല്ല. ആരോ അവളെ തള്ളിയിട്ടതാണ്. ആരാണ് അത് ചെയ്തതെന്നൊ ,എന്തിനു വേണ്ടി എന്നൊക്കെയുള്ള കാര്യങ്ങൾ വ്യക്തമല്ല. 

ആ നാട്ടിലെ ലൈബ്രേറിയനാണ് ലൂസിയോ. ആദ്യമൊക്കെ പുസ്തകങ്ങൾക്കായി ഫണ്ട് ലഭിച്ചിരുന്നുവെങ്കിലും പോകെ പോകെ അതു നിലച്ചു. അങ്ങനെ ആരും ഉപയോഗിയ്ക്കാൻ മെനക്കിടാത്ത ആ ലൈബ്രറിയിൽ പുസ്തകങ്ങൾക്കൊപ്പം ജീവിക്കുകയാണ് ലൂസിയോ. ലൂസിയോ  റെമിഗിയോയുടെ പിതാവ് കൂടിയാണ്. മരിച്ച ആ പെൺകുട്ടിയെ അന്വേഷിക്കുന്ന ഏതെങ്കിലും ബന്ധുക്കളോ മറ്റോ  ഉണ്ടാകാമെന്നും  അന്വേഷണം വന്നാൽ ആദ്യം കുടുങ്ങുന്നത് താനായിരിക്കുമെന്നും  റെമിഗിയോക്കറിയാം. അത് മനസ്സിലാക്കികൊണ്ട് ഈ കുഴപ്പം പിടിച്ച സംഗതിയിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് തന്റെ പിതാവായ  ലൂസിയോയുടെ അഭിപ്രായം തേടുകയാണ് റെമിഗിയോ.  ഡോൺ ക്വിക്സോട്ടിനെ ഇഷ്ടപ്പെടുന്ന ലൂസിയോ, താൻ വായിച്ച പുസ്തകങ്ങളിലൂടെ തന്റെ ജീവിതം നയിക്കുന്നയാളാണ്. ഈ പ്രശ്നത്തിൽ നിന്നും ഊരിപോരാനുള്ള ആശയങ്ങൾ താൻ  വായിച്ച പുസ്തകങ്ങളിൽ നിന്നുമാണ് ലൂസിയോ നടപ്പിലാക്കുന്നത്. പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച്  പോലീസ് ഊർജ്ജിതമായി അന്വേഷണം തുടരുകയാണ്. ആരാണ് ആ പെൺകുട്ടി , എങ്ങനെ റെമിജിയോയുടെ കിണറ്റിൽ അവൾ വീണു ?ആരാണതിന്റെ പിറകിൽ എന്നെല്ലാം ദുരൂഹമാണ്.

 അവസാനത്തെ വായനക്കാരൻ എന്ന പേരിൽ ഈ നോവൽ മലയാളത്തിൽ ഡിസിബുക്സ് പുറത്തിറക്കിയിട്ടുണ്ട്. വിവർത്തനം ചെയ്തിരിക്കുന്നത് പ്രഭാ സക്കറിയാസാണ്. 160 പേജുകളുള്ള പുസ്തകത്തിന് 120 രൂപയാണ് വില. 

Leave a comment