ഓരോ ജനതയുടെയും സംസ്കാരം അവരുടെ സാഹിത്യരചനകളിൽ പ്രതിഫലിക്കുന്നുണ്ട്. കാരണം സാഹിത്യം വിശാലമായ അർത്ഥത്തിൽ സംസ്കാരത്തിന്റെ സൃഷ്ടികൂടിയാണ്. വിവർത്തനം കേവലം ഭാഷാപരമായ ഒരു വെച്ചുമാറ്റമല്ല. ഒരു ഭാഷയിൽ പ്രകാശിപ്പിച്ച അർത്ഥം പറിച്ചെടുത്ത് മറ്റൊരു ഭാഷയിൽ നട്ടുണ്ടാക്കുന്നത് അത്ര എളുപ്പപ്പണിയുമല്ല. അത് ഒരു സർഗ്ഗ പ്രക്രിയയാണ്. യാന്ത്രികപരമായ ബുദ്ധിപരതയല്ല അതിനവശ്യം പ്രതിഭ തന്നെയാണ്.
ഒരു ഭാഷയിൽ നിന്നു മറ്റൊരു ഭാഷയിലേക്ക് പകരുന്ന അർത്ഥമണ്ഡലത്തിന് സംഭവിക്കുന്ന പരിണാമം സങ്കീർണ്ണമ്മായ ഒരു സാംസ്കാരിക പ്രക്രിയയാണ്. വിവർത്തന പ്രക്രിയ രണ്ടു ഭാഷകളുമായി ബന്ധപ്പെട്ടതാണ്. ഏത് ഭാഷയിൽ നിന്നു വിവർത്തനം ചെയ്യുന്നോ അതിനു സ്രോതഭാഷയെന്നും,ഏത് ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നോ അതിനെ ലക്ഷ്യ ഭാഷയെന്നും വിളിക്കുന്നു.
(കടപ്പാട്:താരതമ്യ സാഹിത്യ പരിചയം ,എഡിറ്റർ:-ചാത്തനാത്ത് അച്യുതനുണ്ണി)
മൗലിക രചനയെപ്പോലെ തന്നെ പരിഭാഷയും സർഗ്ഗാത്മകമായ പ്രവർത്തിയാണ്. പക്ഷേ സർഗ്ഗാത്മകകലാകാരന് സമാനമായ സ്ഥാനം പരിഭാഷകന് ആരും നൽകാറില്ല. പരിഭാഷകളെ കുറിച്ച് സംസാരിക്കുമ്പോഴും വിവർത്തനത്തിനു പിന്നിൽ പണിയെടുത്തവരെ വേണ്ടവിധം അടയാളപ്പെടുത്തി കണ്ടിട്ടില്ല. തീർച്ചയായും അവരും ഒട്ടും കുറയാതെ പരിഗണിക്കപ്പെടേണ്ടതാണ് .
