ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങളും, പ്രതിഷേധങ്ങളും രാജ്യദ്രോഹമോ തീവ്രവാദമോ ആയി കണക്കാക്കപ്പെടുന്ന ഒരു സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.കലയും സാഹിത്യവുമെല്ലാം പ്രതിഷേധത്തിനുള്ള ഒരു മുഖ്യ ആയുധം കൂടിയാണ് . ഭരണാധികാരികളെ അസ്വസ്ഥരാക്കാൻ ഒരു സാഹിത്യകൃതിക്കു കഴിയും. ആ ഒരു അർത്ഥത്തിൽ രാഷ്ട്രീയപരമായി കൂടി വായിക്കപ്പെടേണ്ട ഒന്നാണ് കെ ആർ മീരയുടെ ഘാതകൻ എന്ന നോവൽ .2018 നവംബർ 8 ലെ നോട്ടുനിരോധനം തന്നെയാണ് നോവലിൽ തലങ്ങും വിലങ്ങും ചർച്ച ചെയ്യപ്പെടുന്നത്.
വായനക്കാരോട് സംവദിച്ചുകൊണ്ട് അല്ലെങ്കിൽ അവരോടു ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് തന്റെ അനുഭവങ്ങളുടെ തീക്ഷ്ണാനുഭവങ്ങൾ പങ്കുവെയ്ക്കുന്നഒരു ശൈലിയാണ് നോവലിലെ ആഖ്യാതാവായ സത്യപ്രിയ സ്വീകരിച്ചിരിക്കുന്നത്.
നോട്ടു നിരോധനം നടന്ന് എട്ടു ദിവസങ്ങൾക്കു ശേഷം സത്യപ്രിയക്കു നേരെ നടന്ന ഒരു കൊലപാതക ശ്രമത്തിന്റെ വിവരണങ്ങളോടെയാണ് നോവൽ ആരംഭിക്കുന്നത്. ഒരു സ്ത്രീ എപ്പോഴും മറ്റൊരാളുടെ സംരക്ഷണത്തിൽ ഇരിക്കേണ്ടവളാണെന്നുള്ള പൊതുധാരണയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നോവലാരംഭത്തിൽ തന്നെ കാണാം. കൊലപാതക ശ്രമത്തിനു ശേഷം ചോദ്യം ചെയ്യാനെത്തുന്ന ചെറുപ്പക്കാരി കോൺസ്റ്റബിളിന്റെ ചോദ്യം തന്നെ അത്തരത്തിലുള്ളതാണ്.
തന്നെ കൊല്ലാൻ ശ്രമിച്ചവരെ ചികഞ്ഞെടുക്കാൻ പോലീസുമായി സഹകരിച്ചോ അല്ലാതെയോ ഉള്ള ഒരു അന്വേഷണത്തിൽ അവർ ഏർപ്പെടുന്നതോടു കൂടി നോവലിനു ഒരു അപസർപ്പക സ്വഭാവം കൈവരുന്നുണ്ട്. വെളിപ്പെടുത്തേണ്ടിയിരുന്ന ആ സത്യം പുറത്തുവരുന്നതിനു മുൻപേ അച്ഛനും മരിച്ചു പോയി. ഏതു നിമിഷവും നീയും വധിക്കപ്പെടും എന്ന അച്ഛന്റെ അവസാന വാക്കുകൾ സത്യപ്രിയയെ എരിപൊരികൊള്ളിച്ചു. തന്റെ കഥപറച്ചിലിനിടയിൽ വായനക്കാരോട് ചോദിക്കുന്ന ഒരുപിടി ചോദ്യങ്ങളെ കൃത്യമായി കണ്ണികൾ ചേർത്ത് പൂരിപ്പിക്കുകയാണ് കെ ആർ മീര ഇവിടെ ചെയ്തിരിക്കുന്നത്.
നോവൽ ചർച്ച ചെയ്യപ്പെടുന്ന ജാതീയപരമായ നിരീക്ഷണങ്ങൾ ഒരുപക്ഷെ സമൂഹത്തിൽ ഒരുമാറ്റവുമില്ലാതെ ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതാണ് വാസ്തവം. പരിചിതമല്ലാത്ത ഇടങ്ങളിൽ ആളുകളെ അന്വേഷിച്ചു നടക്കുമ്പോൾ കേൾക്കേണ്ടി വരുന്ന ഒരു ചോദ്യം എന്താ ജാതി എന്നായിരിക്കും. ചോദ്യങ്ങളുടെ രൂപവും,രീതികളും മാറിയെങ്കിലും ജാതി ചോദിക്കൽ അല്ലെങ്കിൽ പ്രകടിപ്പിക്കൽ ഒരു യാഥാർഥ്യമായി തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോഴും പത്താം ക്ലാസ്സു സെർട്ടിഫിക്കറ്റിൽ കുട്ടികളുടെ ജാതി വിളിച്ചു പറയുന്നുണ്ട്. ജാതി പറയരുത് എന്നെ പറഞ്ഞിട്ടുള്ളൂ . പക്ഷെ അത് മറ്റൊരു രീതിയിൽ പ്രദർശിപ്പിക്കപ്പെടുന്നു . ജാതിവിചാരത്തിലെ പൊതുബോധത്തെ തുറന്നു കാട്ടാൻ സത്യപ്രിയയുടെ അച്ഛന്റെ കാലത്തെ സിനിമ സംഭവങ്ങളും പരാമർശിക്കപ്പെടുന്നുണ്ട് .
അപസർപ്പകനോവലുകളിൽ കണ്ടുവരുന്ന കുറ്റാന്വേഷണരീതികളുടെ പതിവു വാർപ്പുകൾ ഈ നോവൽ പിന്തുടർന്നിട്ടില്ല. എന്നിരിക്കിലും സത്യപ്രിയയുടെ അന്വേഷണങ്ങൾ നോവലിനെ ആ തലത്തിലേക്ക് ചിലയിടങ്ങളിൽ ഉയർത്തികൊണ്ടുവരുന്നുമുണ്ട്. ആര്, എന്തിന്,എങ്ങനെ എന്നുള്ള മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള അവരുടെ അന്വേഷണങ്ങൾ പുരോഗമിക്കുന്തോറും സങ്കീർണ്ണമായ പല അവസ്ഥകളിലൂടെയും അവർ കടന്നു പോകുന്നുണ്ട്. തന്റെ ചോദ്യങ്ങളുമായുള്ള യാത്രകൾക്കിടയിൽ ആത്മകഥ എന്ന പോലെ അവരുടെ ജീവിതാനുഭവങ്ങൾ നമുക്ക് മുൻപിൽ വെളിപ്പെടുന്നുമുണ്ട്. ഭൂതകാലത്തിൽ ബന്ധിക്കപ്പെട്ടു കിടന്നിരുന്ന പലതും അവർ കെട്ടഴിച്ചു വിടാൻ നിര്ബന്ധിതയാകുന്നുമുണ്ട് . മറഞ്ഞു കിടന്നിരുന്ന പലരെയും അവർക്കു വായനക്കാർക്ക് മുൻപിൽ നിർത്തേണ്ടി വരുന്നുമുണ്ട്.
സത്യപ്രിയയുടെ ശരികളെ വായനക്കാരുടെ ശരികളുമായി പൊരുത്തപ്പെട്ടുപോകണമെന്നില്ല.അവർ ജനിച്ചു വളർന്ന ചുറ്റുപാടുകൾ, എല്ലാവരുമുണ്ടായിട്ടും കുടുംബത്തിനും,തനിച്ചും നേരിടേണ്ടി വന്ന അരക്ഷിതാവസ്ഥകൾ,കണ്ടുമുട്ടേണ്ടി വന്ന പലരിൽ നിന്നും അനുഭവിച്ചറിഞ്ഞ കയ്പ്പുള്ള അനുഭവങ്ങൾ ഇതെല്ലം അവരെ അത്തരത്തിൽ പാകപ്പെടുത്തിയതാണെന്നു വിശ്വസിക്കേണ്ടിവരും. അദ്ധ്യായങ്ങൾ മുന്നേറുന്നതൊടെ അവരുടെ പൂർവകാലം പതിയെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട് .കഥ പറയുന്ന ശൈലിയിൽ ഒരുപക്ഷേ അത്തരത്തിലുള്ള പൂർവ മാതൃകകൾ ഒരുപാട് നമുക്കു മുന്നിലുണ്ടെങ്കിലും ഭൂതകാല സംഭവങ്ങളെ കൂട്ടികുഴച്ചുകൊണ്ടുള്ള ഒരു കഥപറച്ചിൽ രീതിയാണ് ഈ നോവലിൽ നമുക്ക് കാണാനാകുക.
പോലീസ് തേടുന്ന കശ്മീരിയുവാവിനെ, അവനൊരു ആളെകൊല്ലി ക്രിമിനൽ ആണെന്നറിഞ്ഞിട്ടും എന്തിന് പ്രേമിച്ചു എന്ന പോലീസിന്റെ ചോദ്യത്തിന് സത്യപ്രിയയുടെ മറുപടി കുറിക്കു കൊള്ളുന്നതാണ് . ക്രിമിനൽ ആണെന്ന് ഇനിയും കോടതി തീർപ്പ് കൽപ്പിക്കാത്ത ഒരാളെ പ്രേമിക്കുന്നതിൽ എന്താണ് തെറ്റ് എന്നുള്ള മറുപടിയ്ക്കു മറുപക്ഷത്തിന് കൃത്യമായ മറുപടികളില്ല. ഇനി അഥവാ കൊന്നിട്ടുണ്ടെങ്കിൽ തന്നെ നമ്മുടെ ഭരണാധികാരികൾ കൊന്നു തള്ളിയവരുടെ ആയിരത്തിലൊന്ന് പോലുമില്ല എന്നവർ പറയുന്നുണ്ട്. ചോദ്യം ചെയ്യുന്നവരെ മറുചോദ്യങ്ങൾക്കൊണ്ട് കീഴടക്കുന്ന, എവിടെയും തന്റെ അപ്രമാദിത്വം കാത്തുസൂക്ഷിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യാൻ കൂട്ടാക്കാത്ത ഒരു കഥാപാത്രമാണ് സത്യപ്രിയ. താൻ കയറിച്ചെല്ലുന്ന എവിടെയും തന്റെ ആധിപത്യം പ്രതീക്ഷിക്കുകയും ,അതിനു വേണ്ടി വാക്കുകൾ യഥേഷ്ടം ഉപയോഗിക്കാൻ ഒരു മടിയുമില്ല അവർക്ക്. ചേട്ടന്മാർ അധികാരം പ്രയോഗിക്കും എന്നതുകൊണ്ട് തനിക്ക് യഥേഷ്ടം അധികാരം പ്രയോഗിക്കാൻ കഴിയുന്ന അനിയന്മാരാണ് നല്ലത് എന്നവർ ഒരിടത്ത് പറയുന്നുണ്ട്.
സത്യപ്രിയക്ക് പറയാൻ ഒരു കഥയെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ കഥ അവസാനമില്ലാത്തതും ,ഒരുപാട് കഥകൾ കൂട്ടി ചേർത്തതും, നിരവധി കഥാപാത്രങ്ങളുടെ അനുഭവങ്ങൾ കൊണ്ടു കെട്ടുപിണഞ്ഞു കിടക്കുന്നതുമായിരുന്നു. കുരുക്കുകൾ ഓരോന്ന് അഴിക്കാൻ ശ്രമിക്കുംതോറും മറ്റിടങ്ങളിലെ കുരുക്കുകൾ മുറുകുകയോ ,കെട്ടുകൾ പുതുതായി സൃഷ്ടിക്കപ്പെടുകയോ ചെയ്തു .ഘാതകനെ അന്വേഷിച്ചുള്ള യാത്രകൾ ഒരു എലിയും പൂച്ചയും കളിയായി തോന്നിപ്പിക്കുന്നുമുണ്ട്. ആരാണ് ആ ഘാതകൻ എന്നറിഞ്ഞാൽ തന്നെയും എന്തിന് എന്നുള്ള ഒരു ചോദ്യവും പൂരിപ്പിക്കാതെ കഥ പൂർണ്ണമാകുകയില്ലല്ലോ .അതിലേക്കുള്ള യാത്രകളാണ് പിന്നീടവർ നടത്തുന്നത്.
അനായാസം കഥ പറഞ്ഞുപോകുന്ന തനി ‘മീരയൻ‘ ശൈലി തന്നെയാണ് ഈ നോവലിന്റെയും പ്രത്യേകത. എന്തുകൊണ്ട് അഹിംസയെ കുറിച്ചുമാത്രം വീണ്ടും എഴുത്തുകാരിക്ക് എഴുതേണ്ടി വന്നു എന്ന ചോദ്യത്തിനുത്തരം ഈ നോവലിൽ കിടപ്പുണ്ട്.
നോട്ടുനിരോധനം കൂടാതെ പീഡോഫീലിയ,പാലായനം,മാവോയിസ്റ്റ്, തീവ്രവാദം,ചൂഷണം,വ്യഭിചാരം,പക,ആർത്തി,വിശപ്പ്,കുടുംബഭദ്രത,കപട ഭക്തി,കോർപ്പറേറ്റ് ജീവിതം തുടങ്ങീ വിഷയങ്ങൾ വേണ്ട വിധം നോവലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രീയപരമായ വിഷയങ്ങളെ സംബന്ധിച്ചുള്ളതാണെങ്കിലും ആക്ഷേപഹാസ്യത്തിന്റെ അനുരണനങ്ങൾ നോവലിൽ അങ്ങിങ്ങായി ചിതറികിടപ്പുണ്ട്.അതുകൊണ്ടു തന്നെ നോവലിന് കൂടുതൽ ഇണങ്ങുന്നതും ഒരു രാഷ്ട്രീയ മുഖമാണ്.നോട്ടു നിരോധനവുമായി ബന്ധപ്പെട്ട സത്യപ്രിയയുടെ മിക്ക ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടതു വായനക്കാരല്ല , മറിച്ച് ഭരണകൂടം തന്നെയാണ് ,അവർക്ക് മാത്രമാണ് കൃത്യമായ ഉത്തരങ്ങൾ നല്കാൻ ബാധ്യതയുള്ളതും. അതുകൊണ്ടു തന്നെ ആ ചോദ്യങ്ങളെ നോട്ടുനിരോധനം പോലെ അത്രയെളുപ്പം അസാധുവാക്കാൻ കഴിയുകയുമില്ല.
