അനീതികളോടും ,അക്രമങ്ങളോടും പൊരുതി നീതി വാങ്ങിച്ചെടുക്കുന്ന തരത്തിലുള്ള കഥകൾ നിരവധി സിനിമകളിൽ വിഷയമായിട്ടുണ്ട് . നീതി നിഷേധം സിനിമകളിൽ മാത്രമല്ല സാഹിത്യകൃതികളിലും പല രീതിയിൽ കൈകാര്യം ചെയ്തുവരുന്ന ഒന്നാണ് .അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കരുതലോടെ അവതരിപ്പിച്ചില്ലായെങ്കിൽ പൊളിഞ്ഞു പാളീസാകാനുള്ള ഒരു സാധ്യതകൂടിയുണ്ട് . പ്രമേയപരമായി നീതിനിഷേധവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും അജിത് ഗംഗാധരന്റെ ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവലിൽ വായിച്ചെടുക്കാവുന്ന പൊരുളുകൾ അനവധിയാണ്. ചതി,വഞ്ചന,പ്രതികാരം,ആൾമാറാട്ടം,കൃത്രിമ തെളിവുകൾ,ബാങ്കിടപാടുകൾ തുടങ്ങിയ പലതും നോവലിൽ കടന്നുവരുന്നുണ്ട് .ഒരു പക്ഷേ അന്താരാഷ്ട്ര ബിസിനസ്സ് പശ്ചാത്തലത്തിൽ ഈ വക കാര്യങ്ങൾ അവതരിപ്പിച്ചിട്ടുള്ള നോവലുകൾ മലയാളത്തിൽ അധികമൊന്നും കാണാനാവില്ല എന്നു തോന്നുന്നു.
ഒരു ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒന്നാണ് ഈ നോവലെങ്കിലും തുടക്കത്തിലെ ചില സംഭവങ്ങൾ ഇതൊരു അപസർപ്പകനോവലാണോ എന്നു തോന്നിപ്പിക്കുന്നുണ്ട് . ഗരുഡ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായ മാധവജി എന്നു എല്ലാവരും വിളിക്കുന്ന ശ്രീ മാധവന്റെ തിരോധാനമന്വേഷിക്കാൻ പശുപതി എന്ന അന്വേഷണ ഉദ്യോഗസ്ഥൻ എത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. മാധവൻ തന്റെ കാബിനിൽ നിന്നും പ്രൈവറ്റ് ലിഫ്റ്റിൽ കയറുന്നതുവരെയുള്ള ദൃശ്യങ്ങൾ സിസിടിവി യിൽ കാണാം.എന്നാൽ പിന്നീട് അയാളുടെ ഒരു വിവരവുമില്ല. അത്യന്തം ദുരൂഹതകൾ അവശേഷിപ്പിച്ചുകൊണ്ടുതന്നെയാണ് അയാൾ അപ്രത്യക്ഷനായിരിക്കുന്നത്. ഗരുഡ ഗ്രൂപ്പിന്റെ തൃപ്പൂണിത്തുറയിലെ ഫോർട് കോളേജിലേക്ക് അധ്യാപകനായി എത്തുന്ന പശുപതി വിശ്വനാഥൻ മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലെ പ്രൊഫസർ എഡ്വേർഡ് ലിവിംഗ്സ്റ്റണെ ഓർമിപ്പിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ അയാൾ കോളേജിലെ മറ്റൊരു അധ്യാപകനായ എബിയുമായി സൌഹൃദത്തിലാകുകയും ചെയ്യുന്നു . എബിയാണ് പശുപതിയ്ക്കു ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന വീഡിയോ ഗെയിം പരിചയപ്പെടുത്തികൊടുക്കുന്നത്. സാധാരണ കണ്ടു വരുന്ന തീമുകളൊന്നുമല്ലായിരുന്നു ഈ ഗെയിമിന് ഉണ്ടായിരുന്നത്. അതിലും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു.
മാധവൻ അപ്രത്യക്ഷനായതെങ്ങനെ ?. ഈ ഗെയ്മിനും മാധവന്റെ തിരോധനവവും തമ്മിൽ വല്ല ബന്ധവുമുണ്ടോ? . നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രം ശരിക്കും ആരായിരിക്കും ? ഏത് പക്ഷത്താണ് അയാൾ നിലകൊള്ളുന്നത് ?അയാൾ ശെരിക്കും യഥാർഥത്തിലുള്ള ആളു തന്നെയാണോ വായനക്കിടയിൽ മുളച്ചുവരുന്ന ഇത്തരം ചോദ്യങ്ങൾ വായനക്കാരെ കുഴപ്പിക്കുക തന്നെ ചെയ്യും.നോവൽ തുടങ്ങി അധികം വൈകാതെ തന്നെ എതിർപക്ഷത്തു നിൽക്കുന്നവരിൽ ചിലരെ വായനക്കാരുടെ മുമ്പിൽ നേരിട്ട് അവതരിപ്പിക്കുന്നുണ്ടെങ്കിലും വായന മുന്നേറുമ്പോളുണ്ടാകുന്ന നോവലിലെ ഓരോ സംഭവങ്ങളും വായനക്കാരുടെ ബുദ്ധിയേയും, അന്വേഷണ ചിന്തകളേയും തെരുപിടിപ്പികുന്ന തരത്തിലുള്ള കഥാഘടനയാണ് നോവൽ സ്വീകരിച്ചിരിക്കുന്നത് . ഡബിൾ ഏജന്റുകളായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ വായനക്കാരെ ഒരു പരിധി വരെ വട്ടം കറക്കുക തന്നെ ചെയ്യും.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിൻ ഡീസൽ നായകനായ ബ്ലഡ്ഷോട്ട് എന്ന സിനിമയിൽ തന്റെ പ്രതികാരത്തിന് വേണ്ടി നായകന്റെ അതുവരെയുള്ള ഓർമ്മകളെ മായ്ച്ചു കളയുകയും, പുതിയ ഓർമ്മകൾ കൂട്ടിച്ചേർക്കുന്ന ഒരു സംഭവമുണ്ട് . തന്റെ ഭാര്യയുടെ കൊലയാളിയെ നായകൻ കണ്ടെത്തി കൊലപ്പെടുത്തി കഴിഞ്ഞാൽ അയാൾ പോലും അറിയാതെ അയാളുടെ ഓർമ്മകൾ മറ്റൊരു രീതിയിൽ പരീക്ഷണ ശാലയിലെ ഡോക്ടറാൽ അയാളിൽ പുന:സൃഷ്ടിക്കപ്പെടും . എന്നാൽ ഓരോ തവണയും പുതിയ പുതിയ ആളുകൾ ഭാര്യയുടെ കൊലപാതകിയുടെ സ്ഥാനത്ത് പ്രത്യക്ഷപ്പെടുകയും അവരെയെല്ലാം നായകൻ കൊല്ലുകയും ചെയ്യും. വാടക കൊലയാളിയെ പോലെ ഉപയോഗിക്കപ്പെടുകയായിരുന്നു നായകൻ. ചെയ്ത ക്രൈമുകളും,അതിന്റെ വിശദാംശംങ്ങളും കൃത്രിമമായി നിർമിക്കപ്പെടുകയും ഈ സിനിമയിലെ നായകനെ പോലെ അതൊന്നുമറിയാതെ നീതി നിഷേധങ്ങൾക്കും,അന്യായങ്ങൾക്കുമെതിരെ പ്രവർത്തിക്കേണ്ടി വരുന്ന നിരവധി കഥാപാത്രങ്ങൾ ഈ നോവലിലും ഉണ്ട്.
അനായാസം വായിച്ചു പോകാവുന്ന ഒന്നായല്ല ഈ നോവൽ അനുഭവപ്പെട്ടത്. ആര് ആരൊക്കെയാണെന്നും , എന്തൊക്കെയാണെന്നുമൊക്കെ മനസ്സിലാക്കിയെടുക്കാൻ കഥപറച്ചിലിന്റെ അതേ വേഗത്തിൽ വായനക്കാരനും സഞ്ചരിക്കേണ്ടതുണ്ട്. കഥാപാത്രങ്ങളുടെ ഇംഗ്ലീഷിലുള്ള സംസാരം ചിലയിടങ്ങളിൽ ഇംഗ്ലീഷിൽ തന്നെയും , ചിലയിടങ്ങളിൽ മലയാളത്തിലും കൊടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു രീതിയിൽ തന്നെ പിന്തുടരുന്നതായിരുന്നു നല്ലത് എന്നു തോന്നുന്നു. ടീം ഏഞ്ചൽ എന്ന ഓപ്പറേഷൻ ടീമിലെ സാം തോമസിന്റെ യോഗ്യതകളിലൊന്ന് ഐ ടി പ്രൊഫഷണൽ ആണെന്നാണ് പറഞ്ഞിരിക്കുന്നത് . കൂടാതെ അയാൾ മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ കൂടിയാണ്. മൈക്രോസോഫ്റ്റ് അത്തരമൊരു സർട്ടിഫിക്കേഷൻ കൊടുക്കുന്നില്ല എന്നാണ് അറിവ്.ഒന്നില്ലെങ്കിൽ അത് കളവാകാം, അല്ലെങ്കിൽ മൈക്രോസോഫ്റ്റ് പോലും അറിയാതെ അവരിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങിച്ചെടുത്തതാകാം! എഴുതി പൊലിപ്പിക്കാമായിരുന്നെങ്കിൽ മുന്നൂറു പേജിനു മേൽ എത്തുമായിരുന്ന ഈ നോവൽ ഒരു പക്ഷേ കഥപറച്ചിലിന്റെ വേഗതകൊണ്ടാകണം ഇരുന്നൂറ് പേജിനുള്ളിൽ ഒതുക്കി നിർത്തപ്പെട്ടത്.
പശുപതിയുടെയും , എബിയുടെയും,മാധവന്റെയും മാധവന്റെ മകൾ അപർണ്ണയുടെയും,മാധവന്റെ ഭാര്യ സുകന്യയുടെയും പിന്നിൽ ഒളിഞ്ഞുകിടക്കുന്ന അതിസങ്കീർണ്ണവും,എന്നാൽ അത്യന്ത്യം ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളെ വായനക്കാർക്കു ഒരു ആക്ഷൻ സിനിമ കാണുന്ന ലാഘവത്തോടെ ആസ്വദിക്കാൻ സാധിക്കും. ചുരുക്കത്തിൽ ഒരു സിനിമക്കുള്ള എല്ലാ ചേരുവകളും ഈ നോവലിനുണ്ട്. ബാഹുബലി സിനിമകൾ ഇറങ്ങി കഴിഞ്ഞതിന് ശേഷം ആനന്ദ് നീലകണ്ഠന്റെതായി പുറത്തുവന്ന ബാഹുബലി:ശിവകാമിയുടെ ഉദയം എന്ന പുസ്തകത്തെ പോലെ ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവലിന്റെ ആദ്യഭാഗങ്ങളും പിറകെ വരുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് . ഇപ്പോഴത്തെ മുഖ്യ കഥാപാത്രങ്ങളുടെ ഭൂതകാലം,അവർ ഇന്നത്തെ അവസ്ഥയിൽ എങ്ങനെ എത്തപ്പെട്ടു എന്നൊക്കെയാകും ആ ഭാഗങ്ങളിൽ ഉണ്ടാകുക എന്നനുമാനിക്കാം . അത്തരമൊരു സംഭവും മലയാളത്തിൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു.
എഴുത്തു ഭാഷയിലെ പ്രത്യേകത തന്നെയാണ് പുസ്തകത്തിന്റെ എടുത്തുപറയേണ്ട മറ്റൊരു കാര്യം. സാമൂഹിക വിഷയങ്ങളെ ബന്ധപ്പെടുത്തി കഥപറഞ്ഞു പോകുന്ന ഒരു ശൈലിയും ചിലയിടത്ത് കാണാം. കുഞ്ഞുങ്ങളിൽ രതി കാണുന്ന നാച്ചിയപ്പന്റെ കഥ തന്നെ ഒരു ഉദാഹരണം. എഴുത്തുകാരന്റെ ആദ്യ പുസ്തകമാണെന്ന് തോന്നിപ്പിക്കുന്നതരത്തിൽ ഉയർത്തി കാട്ടാവുന്ന ന്യൂനതകളൊന്നും ഈ പുസ്തകത്തിൽ കാണാൻ സാധിക്കില്ല . മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
