നമ്മൾ വായിക്കുന്ന അപസർപ്പക നോവലുകളിൽ അന്വേഷണം വഴിമുട്ടുന്ന ഒരു സാഹചര്യം വരുമ്പോൾ എഴുത്തുകാരന്റെ യുക്തിക്കനുസരിച്ചു തെളിവുകൾ കൂട്ടിച്ചേർക്കുന്നത് കാണാം ,അതുപോലെ പുതിയ ആളുകളെ അതിലേക്ക് സൃഷ്ടിക്കുകയോ ,വഴിത്തിരിവുകൾ ഉണ്ടാക്കുകയോ ചെയ്യാം . അങ്ങനെ നിരവധി മാർഗ്ഗങ്ങൾ കൊണ്ട് കുറ്റവാളികളിലേക്കെത്തിക്കാം. വായനക്കാരെ തൃപ്തിപ്പെടുത്താൻ അതുമതിയാകും. പക്ഷെ നോവലിന് പുറത്തുള്ള യഥാർഥ അന്വേഷണ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും ഇങ്ങനെ വഴി മുട്ടുന്ന അവസരങ്ങളിൽ എന്ത് ചെയ്യാനൊക്കും? ഒരു തുമ്പും കിട്ടാതെ ഇപ്പോഴും എത്രയോ കേസുകൾ കട്ടപുറത്തിരിക്കുന്നു! പക്ഷെ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന കേസുകളെല്ലാം തന്നെ പോലീസ് അതിവിദഗ്ദ്ധമായി തെളിയിച്ചതാണ്. കൊൽക്കത്ത പോലീസ് ചരിത്രത്തിലെ പന്ത്രണ്ടു കേസുകൾ ആണ് Murder in the city: twelve incredible case files of the kolkata police എന്ന പുസ്തകത്തിലുള്ളത്.
സ്വാതന്ത്ര്യപൂർവ ഭാരതത്തിലെ 1934 ലെ കേസ് ഉൾപ്പെടെ 2007 ൽ റിപ്പോർട് ചെയ്യപ്പെട്ട കേസ് വിവരങ്ങൾ വരെ ഈ പുസ്തകത്തിൽ ഉണ്ട്. ഭാര്യയെക്കൊന്ന് കപ്ബോർഡിൽ ഇട്ട് സമാധാനത്തോടെ ഉറങ്ങാൻ പോയ കൊലയാളി,തട്ടികൊണ്ട് പോയി പണം ആവശ്യപ്പെട്ടിട്ട് പിന്നീട് പണം വാങ്ങാൻ വരാത്ത കൊലയാളി,ഭാര്യ ജീവിച്ചിരിക്കെ അടുത്ത സ്ഥലത്ത് തന്നെയുള്ള മറ്റൊരു യുവതിയെ വിവാഹം കഴിച്ചയാൾ,കൃത്യമായി തെളിവുകൾ ഉണ്ടാക്കി വച്ച് കൊലപാതകം നടത്തുന്നയാൾ, സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി അസൂത്രം ചെയ്യുന്ന ആളുകൾ അങ്ങനെയുള്ള നിരവധിയാളുകളെകുറിച്ചും , സംഭവങ്ങളെകുറിച്ചും ഈ പുസ്തകത്തിൽ വായിക്കാം.
The Murder room എന്ന കുറ്റാന്വേഷണ നോവലിൽ പി ഡി ജെയിംസ് പറഞ്ഞിട്ടുണ്ട് , കൊലപാതകത്തിനുള്ള എല്ലാ മോട്ടീവുകളും നാല് L കളിലാണ് ഉള്ളതെന്ന് ;Love ,Lust ,Lure and Loathing ആണ് ആ നാല് L കൾ . അതെ, സ്നേഹത്തിനും,കാമത്തിനും,പണക്കൊതിക്കും,വെറുപ്പിനും ഒക്കെ കാരണമായിക്കൊണ്ട് നമ്മളൊന്നും സ്വപ്നം കാണാത്ത രീതികളിൽ കൊലപാതകങ്ങളിൽ ഏർപ്പെടുകയും പോലീസിന്റെ കൂർമബുദ്ധി കൊണ്ട് മാത്രം പിടിയിലായ ഏതാനും കേസുകളാണ് ഈ പുസ്തകത്തിലുള്ളത്.
1.അമരേന്ദ്ര പാണ്ഡെ അഥവാ പാകുർ മർഡർ കേസ്
1934 ൽ ഏകദേശം 85 കൊല്ലം മുൻപ് കൊൽക്കത്ത പോലീസിന്റെ ഉറക്കം കളഞ്ഞ കേസാണിത്. ബ്യോംകേഷ് ബക്ഷിയുടെ പ്രശസ്തമായ ഗ്രാമഫോൺ പിൻ എന്ന കഥയുമായി സാമ്യമുള്ള ഒരു കേസാണിത്. വായിച്ചു പകുതിയായപ്പോൾ തന്നെ ഇതേപോലെ വേറെ എവിടെയോ വായിച്ചിട്ടുണ്ടെന്നു കരുതിയപ്പോഴേക്കും പുസ്തകത്തിൽ തന്നെ ബക്ഷിയുടെ കഥയുടെ റഫറൻസ് വന്നു. ഒരുപക്ഷെ ബക്ഷിയെ നല്ലവണ്ണം സ്വാധീനിച്ചിട്ടുണ്ടാകണം ഈ കേസ് എന്ന് കരുതേണ്ടിയിരിക്കുന്നു.
2.ബേലറാണി കൊലപാതക കേസ്
1954 ൽ ടോളിഗഞ്ചിലെ പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്യപ്പെട്ട കേസാണിത്.ഒരു നോവൽ പോലെ വായിക്കിക്കാവുന്ന ഉദ്വേഗം സൃഷ്ടിക്കുന്ന സംഭവങ്ങളാണ് ഈ കേസിൽ നടന്നിട്ടുള്ളത്. അതിരാവിലെ നഗരം വൃത്തിയാക്കാൻ വന്ന ജോലിക്കാർ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശരീരഭാഗങ്ങൾ കണ്ടെത്തുന്നതതോടെയാണ് കേസ് ആരംഭിക്കുന്നത്. കണ്ടെത്തിയ മുഖത്തിന്റെ ഭാഗമാകട്ടെ ഒരു തരത്തിലും തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമാക്കിയിരുന്നു. കുറ്റാന്വേഷണ ചരിത്രത്തിൽ കേസ് തെളിയിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് സർജറി ചെയ്തു നോക്കിയ കേസ് എന്ന ബഹുമതി കൂടി ഈ സംഭവത്തിനുണ്ട്. ഇന്നിത് കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ക്രിമിനൽ കേസുകളിൽ DNA ടെസ്റ്റ് ഉപയോഗപ്പെടുത്താൻ തുടങ്ങുന്നതിനും ഏതാണ്ട് മുപ്പതു വർഷങ്ങൾക്കു മുൻപാണ് ഈ സംഭവം നടക്കുന്നത് എന്നുകൂടി ഓർക്കണം . 1986 ലാണ് DNA ടെസ്റ്റ് കേസന്വേഷണങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് തുടങ്ങിയത് . അതിനും മുപ്പതു വർഷങ്ങൾക്കു മുന്പ് നടന്ന ഈ കേസ് ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്.
3.പഞ്ചം ശുക്ല കൊലക്കേസ്
1960 ലെ ഈ കേസ് എളുപ്പത്തിൽ തെളിയിക്കാൻ കഴിഞ്ഞെങ്കിലും പോലീസിനെ നന്നായി വെള്ളം കുടിപ്പിച്ച കേസായിരുന്നു ഇത് . ബേലറാണി കൊലപാതക കേസിന് ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസുമായി സാദൃശമുണ്ടായിരുന്നു . 1935 ൽ ലങ്കാസ്റ്ററിലെ ഒരു ഫിസിഷ്യൻ കൂടിയായിരുന്ന ബക്ക് റെക്സ്റ്റൻ തനറെ ഭാര്യയെയും, ജോലിക്കാരിയെയും വെട്ടി കൊലപ്പെടുത്തി. വളരെ സൂക്ഷ്മമായി ശവശരീരങ്ങളെ മുറിച്ചു കഷ്ണങ്ങളാക്കി.തിരിച്ചറിയാൻ സഹായിക്കുന്ന എല്ലാ അടയാളങ്ങളും അതിവിദഗ്ധമായി അയാൾ ഇല്ലാതാക്കി. എന്നിട്ടവ സ്കോട്ലൻഡിലെ ഒരിടത്തു ഉപേക്ഷിച്ചു.അഥവാ എന്നെങ്കിലും അവ കണ്ടെത്തിയാൽ അത് തന്റെ ഭാര്യയുടെയും,വേലക്കാരിയുടെയും ആണെന് സ്ഥാപിക്കാൻ കഴിയരുത് എന്നയാൾക്ക് നിർബന്ധമുണ്ടായിരുന്നു. പക്ഷേ നാളുകൾക്ക് ശേഷം ആ ശരീരഭാഗങ്ങൾ ആളുകളുടെ കണ്ണിൽ പെട്ടു. ഒരു ജിഗ്‌സോ പസിലിന്റേതുപോലെ ശരീരഭാഗങ്ങൾ ചേർത്തുവെയ്ക്കേണ്ട ഗതികേടിലായി പൊലീസിന്. ആ കേസും അതേപേരിൽ അറിയപ്പെട്ടു ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസ് ! ആദ്യമായി ഫോട്ടോഗ്രാഫിക് സൂപ്പർ ഇമ്പോസിഷൻ ഒരു അന്വേഷണത്തിനായി ഉപയോഗിക്കുന്നത് ഈ കേസിലായിരുന്നു.
ബേലറാണി കൊലപാതക കേസ് അന്വേഷണ ഉദ്യോഗസ്ഥനായ അനില് ബാനർജി സമാനമായ കേസുകളെ തപ്പി നാഷ്ണൽ ലൈബ്രറിയിൽ അരിച്ചു പെറുക്കിയതിന്റെ ഫലമായി കണ്ണിൽപെട്ടതായിരുന്നു ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസിന്റെ വിവരങ്ങൾ. കേസ് തെളിയിക്കാനുള്ള വഴി തുറന്നു കിട്ടിയത് ആ കേസിൽ നിന്നുമായിരുന്നു.
4. ദേബ്ജാനി ബാനിക് മർഡർ കേസ്
1983 കാലഘട്ടം .അസമയത്തു ഗരിയഹട്ട് പോലീസ് സ്റ്റേഷനിലേക്ക് വന്ന മിസ്സ്ഡ് കോളെന്നു തോന്നിപ്പിച്ച ഒരു ഫോൺ കാൾ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. സംശയം തോന്നിയ പോലീസ് ,മിനുട്ടുകൾക്കുള്ളിൽ ആ നമ്പർ വന്ന ഇടത്തിലേക്ക് എത്തിച്ചേർന്നു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ആരും തുറക്കാതായപ്പോൾ ഫയർ ഫോഴ്‌സ് ടീം എത്തി വാതിൽ തുറക്കുകയിരുന്നു .പേടിച്ചിരിക്കുന്ന ഏതാനും യുവതികളും ,പരിശോധിച്ചപ്പോൾ കട്ടിലിന്റെ അടിയിൽ നിന്നും കിട്ടിയ റിഗർ മോർട്ടിസ് സംഭവിച്ചു കഴിഞ്ഞ ഒരു മൃതദേഹവും പോലീസ് കണ്ടെത്തി. വീടിനകത്തുണ്ടായിരുന്നു പുരുഷന്മാർ അപ്രത്യക്ഷരായിരുന്നു .ഇന്നത്തെ പോലെ ഓൺലൈൻ സാമൂഹിക മാധ്യമങ്ങളുടെ യാതൊരു ബാഹുല്യവും ഇല്ലാതിരുന്ന കാലത്തായിരുന്നിട്ടും പത്രങ്ങളിൽ കുറെ നാൾ മുഖ്യവാർത്തയായി കൊണ്ടാടപ്പെട്ട ഒരു കേസായിരുന്നു ഇത്.
5.അനുരാഗ് അഗർവാൾ കൊലപാതക കേസ്
മധ്യവർഗ്ഗ കുടുംബത്തിലെ സ്കൂൾകുട്ടിയായ പതിനാലു വയസ്സുള്ള അനുരാഗിനെ ഒരു ദിവസം കാണാതായി.രണ്ടു ദിവസം കഴിയുന്നതിനു മുൻപേ മിസ്റ്റർ ഗുപ്ത എന്നവകാശപ്പെട്ട ഒരാളുടെ ഫോൺ കോൾ വന്നു. അനുരാഗിനെ തട്ടികൊണ്ടുവന്നിരിക്കയാണെന്നും 24 മണിക്കൂറിലിനുള്ളിൽ ഒരു ലക്ഷം രൂപ നൽകിയെങ്കിൽ കൊന്നുകളയുമെന്നും അയാൾ പറഞ്ഞു. അവർ പറഞ്ഞ അടയാളമുള്ള ആളിന്റെ പക്കൽ പറയുന്ന സ്ഥലത്തു വച്ച് കൈമാറണം എന്നതായിരുന്നു ഡിമാൻഡ് .എല്ലാം കൃത്യമായി നടന്നു. പക്ഷെ പിന്നീടും ഗുപതയുടെ കോൾ വന്നു. പറഞ്ഞ പണം ഇനിയും കിട്ടിയില്ല എന്ന് പറഞ്ഞുകൊണ്ട്. ഇത്തവണ കുടുംബം പോലീസിൽ പരാതിപ്പെട്ടു. അതിന്റെ പിന്നിലുളള കുരുക്ക് അഴിക്കാനുള്ള യോഗം ഡിറ്റക്റ്റീവ് ഡിപ്പാർട്മെൻറിലെ ദുലാൽ ചക്രവർത്തിക്കായിരുന്നു.
6.നാവോലഖ മർഡർ കേസ്
59 വയസ്സുള്ള ഗിരീഷ് കുമാർ നാവോലഖ തന്റെ ഫ്‌ളാറ്റിലെ കാർപെറ്റിൽ മരിച്ചു കിടന്നു . അവരുടെ ഭാര്യ ബീന അവരുടെ ബെഡ്റൂമിലും .അനാശ്യാസ്യവും, വാടകക്കൊലയാളികളും ഒക്കെ കടന്നുവന്ന കേസ് പോലീസിനെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്.
7 .ബിശ്വനാഥ് ദത്ത കൊലപാതകേസ്
പുലർച്ചെ ബർട്ടോല പോലീസ് സ്റ്റേഷനിലേക്കു ഒരു കോൾ വന്നു. സർ ഇവിടെ നിരവധി അനിഷ്ട സംഭവങ്ങൾ നടന്നുകൊണ്ടിരിക്കയാണ് ,പെട്ടെന്ന് വരണം . കേസ് റെജിസ്റ്റർ ചെയ്ത പൊലീസിന് കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു . നിയമ സംരക്ഷർ തന്നെ നിയമം തെറ്റിച്ചതിന്റെ ഒരു ഉദാഹരണമായിരുന്നു ഈ കേസ്. വെറുമൊരു കെട്ടിടവിൽപ്പനയുമായി ബന്ധപ്പെട്ട് പൊങ്ങിവന്ന ഒരു കേസ് കൂടിയാണിത് . രാജ്യത്തു ഫോട്ടോഗ്രാഫിക് സൂപ്പർ ഇമ്പോസിഷൻ ഉപയോഗപ്പെടുത്തിയ രണ്ടാമത്തെ മാത്രം കേസായിരുന്നു ഇത്. ആദ്യത്തെ കേസ് ഏതാണെന്നു ഓർമ്മയുണ്ടല്ലോ അല്ലേ ?
8.ഹാരോൺ റഷീദ് കൊലപാതക കേസ്
ഒന്പതു വയസ്സുള്ള ഹാരോൺ സ്കൂൾ വിട്ടു വരേണ്ട സമയം ഏറെ കഴിഞ്ഞിട്ടും കാണാതായപ്പോൾ കുടുംബം പോലീസിൽ പരാതിപ്പെട്ടു. അന്ന് ഉച്ചയ്ക്ക് ശേഷം ഹാരോണിന്റെ പിതാവ് ഹാദിസിന് ഒരുകോൾ വന്നു. ഇരുപത്തയ്യായിരം രൂപയുമായി പാർക്ക് സർക്കസിന് അടുത്തുള്ള ബ്രിഡ്ജ് നമ്പർ നാലിനടുത്തു രാത്രി പത്തുമണിക്ക് വരണം. അവിടെ വലതു കയ്യില് വാച്ച് കെട്ടിയ തലയില് ചുവന്ന തൊപ്പി ധരിച്ച ഒരാളുണ്ടാകും. പണം അയാളെ ഏൽപ്പിക്കുക . പണം കൈമാറി കഴിഞ്ഞാൽ പിറ്റേ ദിവസം സന്ധ്യക്ക് മുന്പ് മകൻ വീട്ടിലെത്തും. ഇല്ലെങ്കിൽ അവന്റെ ജീവനില്ലാത്ത ശരീരമായിരിക്കും കാണുക എന്നതായിരുന്നു സന്ദേശം. കിട്ടാവുന്നിടത്ത് നിന്നൊക്കെ പണം സംഘടിപ്പിച്ച് ഹദീസ് പണവുമായി ബ്രിഡ്ജ് നമ്പർ നാലിനടുത്ത് പോയെങ്കിലും ആരെയും കണ്ടില്ല. മണിക്കൂറുകളോളം കാത്തു നിന്നശേഷം ആരെയും കാണാതായപ്പോൾ അയാൾ നിരാശയോടെ വീട്ടിലേക്കു മടങ്ങി. പിറ്റേന്ന് ആയിരം കിലോമീറ്റർ അപ്പുറത്ത് ഒരു കുട്ടിയുടെ മൃതദേഹം ആളുകൾ കണ്ടെത്തി ,തൊട്ടടുത്ത് തന്നെ സ്കൂൾ ബാഗും ടിഫിൻ ബോക്സും , വാട്ടർ ബോട്ടിലുമൊക്കെ ഉണ്ടായിരുന്നു. സ്കൂൾ ബാഗിൽ നിന്നും ആളുടെ പേർ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അത് ഹാരോണിന്റെതതായിരുന്നു. മൃതദേഹം എങ്ങനെ ആയിരം കിലോമീറ്റർ അപ്പുറത്ത് വന്നു?പണം കൊണ്ട് വന്നിട്ടും അത് കൈപ്പറ്റാൻ ആരും വന്നില്ല?പണമാവശ്യപ്പെട്ടു കൊണ്ട് അതിനു ശേഷം ഒരു ഫോൺ കോൾ പോലും വന്നില്ല?എന്നിട്ടും കുട്ടിയെ കൊന്നത് എന്തിന്? പൊലീസിനെ ഒരുപാട് ചുറ്റിച്ച കേസായിരുന്നു ഇതും. ഈ കേസിലും പോലീസ് തെളിവുകൾ കണ്ടെത്തുന്ന രീതി അതിശയിപ്പിക്കുന്നത് തന്നെയാണ്.
9.റംസാൻ അലി കൊലക്കേസ്
താലത്ത് സുൽത്താന ഗോൽപൊക്കൂറിലെ ഫോർവേഡ് ബ്ലോക് പാർട്ടിയിലെ പ്രമുഖനായ റംസാൻ അലിയുടെ ഭാര്യയായിരുന്നു. സംഭവം നടന്ന അന്ന് രണ്ടുപേരും എം എൽ എ ഹോസ്റ്റലിലായിരുന്നു. അന്നേദിവസം ഉച്ചയ്ക്ക് ശുഭ ദീദി എന്നു വിളിക്കുന്ന അവരുടെ സുഹൃത്ത് റൂമിലേക്ക് വന്നു. മറ്റ് റൂമുകളൊന്നും കിട്ടാത്തതുകൊണ്ടും,ആവരുടെ അടുത്ത സുഹൃത്തുകൂടിആയതുകൊണ്ടും റംസാൻ അലിയും ഭാര്യയും അവരെ അവിടെ താമസിപ്പിച്ചു. തന്റെ ലഗ്ഗേജുകൾ റൂമിൽ വച്ച് അപ്പോൾ തന്നെ അവർ ഷോപ്പിങ്ങിനോ മറ്റോ പുറത്തു പോയി. വൈകീട്ട് ആറു മണിയോടെ തിരികെ വന്നു. രാത്രി 9.15 ആയപ്പോൾ മരുന്ന് വാങ്ങാൻ വീണ്ടും പുറത്തുപോയി പെട്ടെന്ന് തന്നെ തിരികെ വന്നു. ഭക്ഷണം കഴിച്ചു അവർ 10 മണിയോടെ ഉറങ്ങാൻ കിടന്നു. 11.30 ആയപ്പോൾ ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ടു. ശുഭ നല്ല ഉറക്കമാണ് എന്നു കണ്ട് അലി ഭാര്യയോടു വാതിൽ തുറന്നു നോക്കാൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ ഒരു പ്രവർത്തകനായ മതീനെ അവർ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ വാതിൽ തുറന്നു നോക്കിയ ഭാര്യ ആരെയും കണ്ടില്ല. എങ്കിൽ വാതിൽ ലോക്ക് ചെയ്യേണ്ട, അവൻ വരട്ടെ എന്നു പറഞ്ഞുകൊണ്ടു ഉറക്കം നഷ്ടപ്പെട്ട ഭാര്യ പാത്രങ്ങൾ കഴുകി വയ്ക്കുന്നതിന്വേണ്ടി അടുക്കളയിലേക്ക് പോയി. പാത്രങ്ങൾ കഴുകുന്നതിനിടയിൽ ആരോ വന്നു അവരുടെ വായ് പൊത്തി. കൈകാലുകൾ കൂട്ടികെട്ടി,വായിൽ തുണി തിരുകിയപ്പോഴേക്കും ശബ്ദം കേട്ട് ശുഭയും എണീറ്റ് വന്നു. അവരെയും കെട്ടിയിട്ട് വന്നവരിൽ ഒരാൾ അടുത്ത് സ്റ്റാൻഡിൽ ഇട്ടിരുന്ന സാരിയെടുത്ത് റംസാൻ സാഹിബിന്റെ കഴുത്തിലൂടെയിട്ട് മുറുക്കി. പണം വച്ചിരിക്കുന്നത് എവിടെയാണ് എന്ന ചോദ്യത്തിന് മറുപടിക്ക് കാത്തു നിൽക്കാതെ അവിടെയുള്ളതെല്ലാം കൈക്കലാക്കി അവർ സ്ഥലം വിട്ടു . അര മണിക്കൂറിനുള്ളിൽ എല്ലാം തീർന്നു. ശുഭയും, സുൽത്താനയും പരസ്പരം ശ്രമിച്ചു അവരുടെ കെട്ടുകൾ അഴിച്ചെടുത്ത് മാതിനെ പെട്ടെന്ന് തന്നെ വിളിച്ചു വരുത്തി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. റംസാൻ അലി മരിച്ചു കഴിഞ്ഞിരുന്നു. കൊലയാളിയെ നേരിട്ട് കണ്ടാൽ തിരിച്ചറിയും എന്നതല്ലാതെ മുന്നോട്ട് പോകാനുള്ള ഒരു തെളിവും പൊലീസിന് കിട്ടിയില്ല. സിനിമാ കഥകളെ തോൽപ്പിക്കുന്ന ക്ലൈമാക്സ് ആയിരുന്നു റംസാൻ അലി കൊലപാതക കേസിന്.
10 . ബാപി സെൻ കൊലപാതക കേസ്
കൽക്കത്ത പൊലീസിലെ ഒരു സർജന്റ് ആയിരന് ബാപി. തർത്തലയിലുള്ള തന്റെ സുഹൃത്തിനെ കണ്ടിട്ടു വരികയായിരുന്നു ബാപി, കൂടെ തന്റെ സുഹൃത്തുകളും ഉണ്ടായിരുന്നു. പുതുവർഷ തലേന്ന് ആയതുകൊണ്ട് നിരത്തുകൾ പൊതുവേ തിരക്കിൽവീണു കിടപ്പായിരുന്നു. പ്രതീക്ഷിച്ചതിലും വൈകിയതുകൊണ്ട് തിരക്കുള്ള റോഡുകൾ ഒഴിവാക്കി അവർ വാഹനമോടിച്ചു. അപ്പോഴാണ് ബാപി ഒരു കാഴ്ച കണ്ടത്. ഒരു സ്കൂട്ടറിന്റെ പിന്നാലെ ഒരു കാർ പായുന്നു. സ്കൂട്ടറിന്റെ പിന്നിലിരിക്കുന്ന യുവതിയാണ് കാറിലുള്ളവരുടെ ലക്ഷ്യം. കാറിന്റെയുള്ളില് നിന്നും പുറത്തേക്ക് നിരവധി കൈകൾ അവരെ പിടിക്കാൻ ശ്രമം നടക്കുന്നുണ്ട്. പെട്ടെന്ന് സ്കൂട്ടർ നിർത്തി. ടാക്സിയിലുള്ളവർ വട്ടം നിന്നുകൊണ്ടു ആ യുവതിയെ അങ്ങോട്ടുമിങ്ങോട്ടും തട്ടി കളിക്കാൻ തുടങ്ങി, സിനിമകളിൽ നായകനും കൂട്ടാളികളും ഒറ്റക്കായി പോകുന്ന വില്ലനെ പെരുമാറുന്ന പോലെ. എതിർക്കാൻ ശ്രമിച്ച ബൈക്ക് ഓടിച്ചുകൊണ്ടിരുന്നയാളെ അവർ തള്ളി താഴെയിട്ടു. ഈ സമയത്താണ് ബാപി ഇടപെടുന്നത്. താൻ പോലീസുകാരനാണെന്ന് പറഞ്ഞിട്ടും അവർ ശ്രദ്ധിക്കാൻ പോയില്ല. തങ്ങളും പൊലീസുകരാണ് എന്നു പറഞ്ഞുകൊണ്ടു അവർ ബാപിയെ എതിരിട്ടു. ബാപിയുടെ സുഹൃത്തുക്കൾ എത്തിച്ചേർന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. മാരകമായി പരിക്കേ റ്റ് ബാപി റോഡിൽ വീണു കഴിഞ്ഞിരുന്നു. ആ ബഹളത്തിനിടയ്ക്ക് സ്കൂട്ടർ യാത്രക്കാരനും ആ യുവതിയും അവിടെ നിന്നും രക്ഷപ്പെട്ടു. ഒരുപാട് തിരിമറികൾ നടന്ന കേസായിരുന്നു ഇത്. ആരായിരുന്നു അവർ? ആക്രമിച്ചവർ പൊലീസുകാർ തന്നെയായിരുന്നുവോ ? സ്കൂട്ടറിൽ ഉണ്ടായിരുന്ന ആ യുവാവും യുവതിയും ആരായിരുന്നു , ആവർക്കെന്ത് സംഭവിച്ചു? അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അതാനു ബന്ദോപാദ്ധ്യയയുടെ മികവ് തന്നെയായിരുന്നു കേസ് തെളിയാൻ സഹായിച്ചത്.
11. തപൻ ദാസ് കൊലപാതക കേസ്
ബോവ് ബസാറിലെ പോലീസ് സ്റ്റേഷനിലെ ഫോൺ ശബ്ദിച്ചു. ഹോട്ടൽ പെൻഗ്വിനിൽ നിന്നായിരുന്നു അത്. ഒരു കൊലപാതകം നടന്നിരിക്കുന്നു. ഹോട്ടലിലെ രജിസ്റ്റർ പ്രകാരം സുമൻ ബിഹാരിയും,മോത്തിലാൽ ഷായും റൂം നമ്പർ നൂറ്റിപ്പത്തിൽ മുറിയെടുത്തിരുന്നു. മോത്തിലാൽ ഫെബ്രുവരി ആറിന് മുറി വിട്ടു പോയിട്ടുണ്ട്. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. ഹൌസ് കീപ്പിങ് സ്റ്റാഫുകൾ മുറി വൃത്തിയാക്കാനെത്തിയപ്പോൾ എത്ര വിളിച്ചിട്ടും വാതിൽ തുറക്കാതായപ്പോൾ ഡൂപ്ലികേറ്റ് താക്കോലുപയോഗിച്ച് മുറി തുറന്നു. അവിടെ കട്ടിലിൽ സുമൻ ബിഹാരിയുടെ ശരീരം കിടന്നിരുന്നു.വായിൽ നിന്നും ,മൂക്കിൽ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. പോലീസ് അന്വേഷണത്തിൽ സുമൻ ബിഹാരിയുടെ യഥാർഥ പേര് തപൻ ദാസ് എന്നു കണ്ടെത്തി എന്നതല്ലാതെ ഒരു തെളിവും പൊലീസിന് കിട്ടിയില്ല.
ടൈഗർ സിനിമയിൽ ആശുപത്രികിടക്കയിൽ മരണത്തോട് മല്ലിട്ടു കിടക്കുന്ന ഗോപികയുടെ കഥാപാത്രം വാപ്പച്ചി എന്ന വാക്ക് പറയാൻ ശ്രമിക്കുന്ന ഒരു രംഗമുണ്ട്. അതും വച്ച് പോലീസ് കേസിന് ലീഡ് ഉണ്ടാക്കുന്നുണ്ട്. സമാന സംഭവം വേറൊരു രീതിയിൽ ഈ കേസിലും സംഭവിക്കുന്നുണ്ട്. ഒരു ചെറിയ വാക്ക് . അതുമതിയായിരുന്നു പൊലീസിന് പിടിച്ചു കേറാൻ.
12. രവീന്ദർ കൌർ ലൂത്റ കൊലക്കേസ്
തന്റെ ആഡംബര വീട്ടിലെ ഒരു പാർട്ടി കഴിഞ്ഞു അൽപ്പസമയത്തിന് ശേഷം രവീന്ദർ കൌർ മരിച്ച നിലയിൽ കണ്ടെത്തി. വിലപിടിപ്പുള്ള പലതും വീട്ടിൽ നിന്നും മോഷണം പോയിരുന്നു. GI സെക്യൂരിറ്റീസ് എന്ന സെക്യൂരിറ്റി ഏജെൻസി നടത്തുകയായിരുന്നു അവർ. സി സി ടിവി പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടായിട്ടും, അവർ താമസിക്കുന്ന അപ്പാർട്മെന്റിൽ മറ്റ് നിരവധി ആളുകൾ ഉണ്ടായിട്ടും കൊലപാതകം എങ്ങനെ നടന്നു എന്നത് പൊലീസിനെ കുഴപ്പിച്ചു. 2007 ൽ നടന്ന ഈ കേസ് ആണ് ഈ പുസ്തകത്തിലെ അവസാനത്തെ കേസ്. ഫോറെൻസിക് ടീമുകൾക്ക് നന്നായി വിയർപ്പോഴുക്കേണ്ടി വന്നു ഈ കേസിനെ ഒന്നു കര പറ്റിക്കാൻ. കാരണം കൊലപാതകി അതിബുദ്ധിമാനായിരുന്നു.
കുറ്റാന്വേഷണ കഥകളും, നോവലുകളും തപ്പി നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കണ്ണിൽ പെട്ടതാണ് സുപ്രതിം സർക്കാറിന്റെ മർഡർ ഇൻ ദി സിറ്റി എന്ന ഈ പുസ്തകം . ബംഗാളിയിൽ എഴുതപ്പെട്ട ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സ്വാതി സെൻഗുപ്തയാണ്. 1997 ലെ IPS ബാച്ചിൽ ഉണ്ടായിരുന്നയാളാണ് സുപ്രതിം സർക്കാർ. അദ്ദേഹം ഇപ്പോൾ അഡിഷണൽ കമ്മീഷണർ ആണ്.
ഡിറ്റെക്ടിവ് കഥകൾ പോലെ വായിച്ചു പോകാവുന്ന 12 കേസുകൾ നല്ല രീതിയിൽതന്നെ സർക്കാർ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. Speaking Tiger Publishing ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,വില 295 രൂപ.
ഡിറ്റെക്ടിവ് കഥകൾ പോലെ വായിച്ചു പോകാവുന്ന 12 കേസുകൾ നല്ല രീതിയിൽതന്നെ സർക്കാർ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. Speaking Tiger Publishing ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,വില 295 രൂപ.
