വർത്തമാന ഇന്ത്യയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന മുഗൾ ചക്രവർത്തിയാണ് ഔറംഗസീബ്.സമീപകാലത്തെ പല രാഷ്ട്രീയ നടപടികൾ അദ്ദേഹത്തിന്റെ പേരും പ്രവർത്തികളും വീണ്ടും ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നതിനു ഒരു കാരണമായിട്ടുണ്ട് . ഒരു മതഭ്രാന്തനായ ചക്രവർത്തിയായാണ് ഔറംഗസീബ് പൊതുവെ അറിയപ്പെടുന്നത്. അതിനു പിന്നിലുള്ള നിരവധി വാദങ്ങളും,പ്രതിവാദങ്ങളും പല ചരിത്രകാരന്മാരും പങ്കുവെച്ചിട്ടുമുണ്ട്.
വർത്തമാനകാലത്തെ ജനപ്രിയ കാഴ്ചപ്പാടുകളിൽ ,യാഥാര്‍ഥ്യത്തിൽ നിന്നും വളരെ അകലെ നിൽക്കുന്നയാളും ,വെറുമൊരു കല്പിതകഥയുടെ സ്ഥാനം ചുമക്കുന്നയാളുമാണ് ഔറംഗസീബ് എന്നുള്ള വാദത്തെ സാധൂകരിക്കാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരിയായ ഓഡ്രി ട്രുഷ്കെ, Aurangzeb: The Man and the Myth എന്ന പുസ്തകത്തിലുടനീളം ശ്രമിച്ചിരിക്കുന്നത്.
മഹത്തായ മുഗൾ രാജവംശത്തിലെ ആറാമത്തെ രാജാവാണ് ഔറംഗസീബ്. തന്റെ 49 വർഷത്തെ ദീർഘമായ ഭരണനടപടികളാൽ ഏറ്റവും കൂടുതൽ ചരിത്രകാരന്മാരുടെ ശ്രദ്ധയാകർഷിച്ച വ്യക്തി ഒരുപക്ഷെ ഔറംഗസീബ് ആകാൻ സാധ്യതയുണ്ട്.ആധുനിക ഇന്ത്യയുടെ ശില്പിയായ നെഹ്രു ഒരിക്കൽ പോലും ഔറംഗസീബിന്റെ ആരാധകനായിരുന്നില്ല. 1946 ൽ എഴുതപ്പെട്ട ഇന്ത്യയെ കണ്ടെത്തൽ എന്ന തന്റെ പ്രസിദ്ധമായ കൃതിയിൽ തെറ്റുകൾ എണ്ണിപറഞ്ഞുകൊണ്ട് ഒരു മതഭ്രാന്തനായാണ് ഔറംഗസീബിനെ ചിത്രീകരിച്ചിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ആണിയടിച്ച രാജാവായാണ് ഔറംഗസീബിനെ നെഹ്‌റു നിശിതമായി വിമർശിച്ചു തോലുരിച്ചു വിട്ടിരിക്കുന്നത്.
ഹിന്ദുക്കളുൾപ്പെടെയുള്ളവരുടെ കൂട്ടക്കൊലയും,അസംഖ്യം ക്ഷേത്രങ്ങൾ തകർത്തതും ഔറംഗസീബിന്റെ പല നല്ല ഓർമകളെയും,നടപടികളെയും തുടച്ചു നീക്കുന്നതിൽ ഒരു കാരണമായി എന്ന് എഴുത്തുകാരി തന്നെ സമ്മതിക്കുന്നുമുണ്ട് .എന്നാൽ എല്ലാവരും പൊതുവായി ഇപ്പോഴും വിശ്വസിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുതകൾക്കൊന്നും തന്നെ ചരിത്രപരമായ തെളിവുകളില്ലെന്നു അവർ വാദിക്കുന്നു . ഹിന്ദു ക്ഷേത്രങ്ങളെ സംരക്ഷിക്കാനുള്ള നിരവധി നടപടികളും ,കല്പനകളും പുറപ്പെടുവിച്ചിട്ടുള്ളതും, ബ്രാഹ്‌മണരുടെ ഭൂമിയ്ക്ക് സഹായധനം നൽകിയിട്ടുള്ള കാര്യവും മറന്നുകൊണ്ടാണ് ഇത്തരം കഥകൾ ആളുകൾ ഉന്നയിക്കുന്നത് എന്നാണ് അവർ ആരോപിക്കുന്നത് .ഇത്തരക്കാർ തന്നെയാണ് ഹന്ദുക്കളെ ഹോളി ആഘോഷത്തിൽ നിന്നും അവരെ വിലക്കിയെന്നും,മുഹറവും,ഈദും പോലുള്ള ആഘോഷങ്ങൾ അവർക്കുമേൽ അടിച്ചേൽപ്പിച്ചെന്നു അപലപിക്കുകയും ചെയ്യുന്നത്.
തന്റെ പൂർവികരിൽനിന്നും വ്യത്യസ്തമായി കൂടുതൽ ഹിന്ദുക്കളെ ഭരണസമിതിയിൽ ഉൾപ്പെടുത്തിയതും ഔറംഗസീബാണ്.അദ്ദേഹത്തിന്റെ അന്നത്തെ നടപടികളെ ഇന്നത്തെ ജനാധിപത്യവ്യവസ്ഥകളോടും ,സമത്വചിന്താഗതിയോടും താരതമ്യം ചെയ്യാനാകില്ലെന്നും അവർ വാദിക്കുന്നു.മുന്ഗാമികളായ അക്ബറിനെയും,സഹോദരനായ ദാരയെയും പോലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരുപക്ഷെ ഔറംഗസീബ് മതഭ്രാന്തനായിരുന്നുവെന്നു തോന്നിയേക്കാം എന്നപോലെയുള്ള വാദമുഖങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
ആളുകൾ ധരിച്ചുവച്ചിരിക്കുന്നതുപോലെ ഔറംഗസീബ് അത്ര ഭയാനകരമായ തരത്തിൽ മതംമാറ്റ പരിപാടികളോ ,അതിനു സമ്മതിക്കാത്തവരെ കൊന്നു തള്ളിയിട്ടോ ഇല്ല. അതുപോലെ ആരോപിക്കപ്പെടുന്ന അത്ര അളവിലുള്ള ഹിന്ദുക്ഷേത്രങ്ങൾ തകർത്തിട്ടുമില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത്രയധികമൊന്നുമില്ല. കൂടിപ്പോയാൽ ഒരു ഡസനോളം കാണുമായിരിക്കും എന്നാണ് എഴുത്തുകാരി അഭിപ്രയപ്പെട്ടിരിക്കുന്നത്.ഹിന്ദു വംശഹത്യ എന്നൊന്ന് അദ്ദേഹം നടത്തിയിട്ടില്ല. ഹിന്ദുക്കളുടെ താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിച്ചയാളാണദ്ദേഹം. ബ്രാഹ്മണരെ ദ്രോഹിക്കുന്നതിൽ നിന്നും മുസ്ലീമുകളോട് പിന്തിരിയാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഔറംഗസീബിനെ വിചാരണ ചെയ്യുന്നതിന് മുൻപ് ഇന്ത്യയുടെ കൂടികുഴഞ്ഞുകിടന്നിരുന്ന ഭൂതകാലത്തെകുറിച്ചുകൂടി ഓർക്കണമെന്ന് അവർ നമ്മോടു പറയുന്നു .രാഷ്ട്രീയ തീരുമാനങ്ങളെ മതപരമായി കൂട്ടികുഴക്കുന്നതുകൊണ്ടാണ് ഇത്തരം തെറ്റിദ്ധാരണകൾ വരുന്നതെന്ന് എഴുത്തുകാരി സമർഥിക്കുന്നു
അരനൂറ്റാണ്ടോളം ഭരിക്കുകയും,ഇരുപത്തിയൊന്നാം നൂറ്റാണ്ടിനനുസരിച്ചു കോളനിപൂർവ്വ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ പുനഃനിർമ്മിക്കുകയും ചെയ്ത ഒരു മനുഷ്യനെകുറിച്ചു തീർച്ചയായും കൂടുതൽ പറയേണ്ടതുണ്ടന്നും അവർ കൂട്ടിച്ചേർക്കുന്നു. ഉത്തരവാദിത്തപ്പെട്ട ചരിത്രകാരന്മാർ ആരോപണങ്ങൾക്ക് പ്രത്യുത്തരം നൽകേണ്ട രീതി തികച്ചും ആശ്വാസകരമല്ല എന്നവർ പരാതിപ്പെടുന്നുണ്ട്.അല്ലറ ചില്ലറ ആസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔറംഗസീബ് ഹിന്ദുക്കളെ കൈകാര്യം ചെയ്തത് തികച്ചും വ്യത്യസ്തമായാണ്,പ്രത്യേകിച്ചും അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്ന മതപരമായ വിഷയങ്ങളിൽ. ഔറംഗസീബ് യഥാർഥ്യത്തിൽ ഒരു അജണ്ടയും പിന്തുണ്ടർന്നില്ല.
ഔറംഗസീബ് യുദ്ധരംഗത്തും,ഭരണ നിർവഹണകാര്യങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന സമയത്ത്,ദാര ഷുക്കോ തന്റെ തത്വചിന്തകളുമായി ഹിന്ദു മുസ്ലിം പണ്ഡിതന്മാരുമായി സംസാരിച്ചു സമയം കളയുകയായിരുന്നു. ദാര ഔറംഗസീബിനെക്കാളും മുന്നിലായിരുന്നു എന്ന് പറയപ്പെടുന്നത് കടലാസുകളിൽ മാത്രമാണ്. ഇന്ത്യ ചരിത്രത്തിൽ ദാരയെ പുകഴ്ത്തിക്കൊണ്ട് കേൾക്കാവുന്ന നിത്യ സംഭവമാണ് പുരോഗമനവാദിയായ ദാര ഷുക്കോ മതഭ്രാന്തനായ ഔറംഗസീബിനു പകരം മുഗൾരാജാവംശത്തിലെ രാജാവായിരുന്നെകിൽ എന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചരിത്രം മാറി മറിയുമായിരുന്നേനെ എന്നവർ അവകാശപ്പെടുന്നു.
1657 ൽ ഷാജഹാൻ ചക്രവർത്തി ഗുരുതരമായ രോഗം ബാധിച്ചു കിടപ്പിലായതിനു ശേഷം മക്കൾ തമ്മിൽ അധികാരത്തിനായുള്ള വടംവലികൾ തുടങ്ങി. അതിൽ ആത്യന്തികവിജയം ഔറംഗസീബിനായിരുന്നു. 1660 ൽ അതിന്റെ ഭാഗമായി തന്റെ രണ്ടു സഹോദരന്മാരെ അയാൾ വധിക്കുകയും, മൂന്നാമനെ ഇന്ത്യയിൽ നിന്ന് തന്നെ നാടു കടത്തുകയും ചെയ്തു .പിതാവിനെ തടവറയിൽ പൂട്ടുകയും ചെയ്തു.
പിതാവിനെ തടവറയിൽ തള്ളിയതിനെ അന്നത്തെ പല ലോക സഞ്ചാരികളും അപലപിച്ചിട്ടുണ്ട്. ക്രൂരമായ സംഭവങ്ങളും, കൊലപാതകങ്ങളും അവർ രേഖപ്പെടുത്തി വെയ്ക്കുകയും ചെയ്തു. എന്നാൽ അധികാരത്തിനു വേണ്ടിയുള്ള ഈ ചോരപ്പുഴയൊഴുക്കൽ മുഗൾ രാജ വംശത്തിനു ഒട്ടും പുത്തരിയല്ല എന്നാണ് എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നത്. ഔറംഗസീബിന്റെ പിതാവായിരുന്ന ഷാജഹാൻ അധികാരത്തിനു വേണ്ടി തന്റെ സഹോദരങ്ങളായ ഖുസ്രുവിനേയും, ഷഹരിയാറിനെയും 1622 ലും ,1628 ലുമായി കൊന്നു തള്ളിയിരുന്നു.
കൂടാതെ രണ്ടു സഹോദരീ പുത്രന്മാരെയും അതുപോലെ ഒഴിവാക്കി. ഷാജഹാന്റെ പിതാവായ ജഹാംഗീറും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല . സ്വന്തം അനുജൻ ദാനിയേലിനെ കൊന്നതിൽ ജഹാംഗീറിനു പങ്കുണ്ടെന്നു പറയപ്പെടുന്നു. ചരിത്രകാരന്മാർ പറയുന്നത് മദ്യത്തിൽ ചേർത്ത വിഷമാണ് പ്രത്യക്ഷത്തിലുള്ള മരണകാരണമെന്നാണ്. എങ്കിലും മറ്റു ചില അഭിപ്രായങ്ങളും കാണാനുണ്ട്.
ബാബറിന്റെയും, ഹുമയൂണിന്റെയും കാലത്തും രാജ്യാധികാരത്തിനു വേണ്ടിയുള്ള കലഹങ്ങൾ ധാരാളമായി നടന്നിരുന്നു. അങ്ങനെ വരുമ്പോൾ ഇത്തരം ചെയ്തികളിൽ ഔറംഗസീബിനെ കുറ്റപ്പെടുത്താനോ, ഇക്കാര്യത്തിൽ അദ്ദേഹത്തെ മാത്രം ഉയർത്തികാണിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നു അവർ സ്ഥാപിക്കുന്നു .ഷാജഹാന്റെ പെട്ടെന്നുള്ള രോഗവും സംശയത്തിന്റെ പുകമറ വീണു കിടപ്പുണ്ട് എന്നൊരു സംശയവും എഴുത്തുകാരി തന്നെ ഉയർത്തുന്നുമുണ്ട്.
1652 ൽ ഷാജഹാനയച്ച ഒരു കത്തിൽ ദാരാ ഷുക്കോയെ ഔറംഗസീബ് സൂചിപ്പിച്ചിരിക്കുന്നത്, തന്റെയും,സഹോദരങ്ങളുടെയും ,രക്തത്തിന് വേണ്ടി ദാഹിച്ചിരിക്കുന്നവനായാണ്. അതിലെ വാസ്തവം എന്ത് തന്നെയായാലും ഔറംഗസീബ് വൈകാതെ തന്നെ തന്റെ സഹോദരങ്ങളുടെ കഥ കഴിച്ചു സിംഹസനത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചു. ദാരയെ ഒതുക്കാനായി തനറെ മറ്റു സഹോദരങ്ങളായ ഷൂജയുമായും ,മുറാദുമായും ഒരു രഹസ്യ ഉടമ്പടി ഔറംഗസീബ് വളരെ മുൻപേ തന്നെ ഉണ്ടാക്കിയിരുന്നു.
ദാരയുടെ രണ്ടു മക്കളെയും കറുപ്പു ചേർത്ത വെള്ളം കുടിപ്പിച്ചു കൊന്നുകളയുകയാണ് ഔറംഗസീബ് ചെയ്തത്.തന്റെ മുൻഗാമികളെ അപേക്ഷിച്ചു ഔറംഗസീബ് മാത്രമാണ് തന്റെ സഹോദരന്മാരോടും, അവരുടെ സഹായികളോടും ദയ കാണിച്ചതെന്ന് എഴുത്തുകാരി പറഞ്ഞിരിക്കുന്നു. യാതൊരു പ്രതികാര നടപടികളുമെടുക്കാതെ ദാരയുടെ സൈന്യത്തെ സ്വാഗതം ചെയ്യുകയും സ്വന്തം സൈന്യത്തിൽ ചേർക്കുകയും ചെയ്തു.മറ്റൊരു ഉദാരതയായി പറയുന്നത്, ഒരു ഗുജറാത്തി ജെയിൻ വ്യാപാരി ശാന്തിദാസിൽ നിന്നും മുറാദ് എടുത്ത വായ്പ ഔറംഗസീബ് അടച്ചു തീർത്തു എന്നുള്ളതാണ്. തനറെ പിതാവിനെ അട്ടിമറിച്ചു അധികാരം കൈയ്യടക്കിയെന്ന ആരോപണത്തോട് ഔറംഗസീബ് നിഷേധിക്കുന്നത് മറ്റൊരു ന്യായീകരണത്തിലൂടെയാണ്.
ശിവാജിയുമായുള്ള യുദ്ധങ്ങളിൽ നാമമാത്രമായ വിജയങ്ങൾക്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതും,ശിവാജിയുടെ പിന്നീടുള്ള രക്ഷപ്പെടലും ഔറംഗസീബിന്റെ വിറളിപിടിപ്പിച്ചു എന്ന് പറയപ്പെടുന്നു. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാവരെയും ശിക്ഷിക്കുകയും ,ബനാറസിലെയും, മഥുരയിലെയും നിരവധി ക്ഷേത്രങ്ങൾ തകർത്തുകളയുകയും ചെയ്തു . ഈയൊരു നടപടിയാണ് ഔറംഗസീബിന്റെ തനറെ ഭരണകാലം മുഴുവനും വേട്ടയാടിയതും ,തനറെ മതഭക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതിനും കാരണമായി പറയുന്നത്.അതായത് ഔറംഗസീബിന്റെ ഈ ക്ഷേത്രം തകർക്കൽ പദ്ധതി മതപരമായിട്ടല്ല മറിച്ച് രാഷ്ട്രീയനടപടികളുടെ ഭാഗമായി വേണം മനസിലാക്കാൻ എന്നാണ് എഴുത്തുകാരി വാദിക്കുന്നത്. പക്ഷെ ചരിത്രകാരന്മാർ അതിനെ മതപരമായി അടയാളപ്പെടുത്താനാണ് ശ്രമിച്ചതെന്നും അവർ പറയുന്നു.
തനറെ ഭരണത്തിന്റെ ആദ്യ പാദത്തിൽ നിരവധി സന്നധഭീഷണികൾ നേരിടേണ്ടിവന്നെങ്കിലും അദ്ദേഹം തന്റെ ശാന്ത സ്വഭാവം കൈവിട്ടില്ല എന്ന് പറയുന്നു. പക്ഷെ അതിനെ സാധൂകരിക്കാൻ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങൾ ഒന്നുമേ തന്നെ പക്ഷെ എഴുത്തുകാരിയുടെ ന്യായവാദങ്ങളോട് പൊരുത്തപ്പെടുന്നുമില്ല എന്നത് വളരെ വിചിത്രമായി തോന്നി. ആയുധങ്ങൾ കൈവശം വച്ചതിനു സിഖ് ഗുരു തേഗ് ബഹാദൂറിനെ വധിച്ചതും റാത്തോർ -രാജ്പുത് വിപ്ലവകാരികളെ നേരിടാൻ ശക്തമായ സൈന്യത്തെ ഉപയോഗപ്പെടുത്തിയതുമൊക്കെയാണ് ആ പ്രവർത്തികളുടെ ന്യായീകരണത്തിനു വേണ്ടി ഉദാഹരിക്കുന്നത്.മാത്രമല്ല തന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായി തനിക്കെതിരെ നിലകൊണ്ട സ്വന്തം കുടുംബാംഗങ്ങളെയും അയാൾക്ക് നേരിടേണ്ടിവരികയും അവരെയൊക്കെ ഒതുക്കുകയും ചെയ്തു.വിമത സ്വഭാവം കാണിച്ച തന്റെ മകൻ അക്ബറിനെ ഡെക്കാണിലേക്ക് തുരത്തേണ്ടി വന്നു,അവിടെ നിന്ന് ഇറാനിലേക്കും. 1704 ൽ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാനാകാതെ അവിടെ തന്നെ മരിച്ചു വീഴാനായിരുന്നു അക്ബറിന്റെ യോഗം.
മറ്റൊരിടത്തു ഔറംഗസീബിന്റെ ഉഗ്രകോപത്തെക്കുറിച്ചു സൂചിപ്പിക്കാൻ ഉദാഹരണമായി പറഞ്ഞിരിക്കുന്നത് ഒമ്പതാമത്തെ സിഖ് ഗുരു തേഗ് ബഹാദൂറിനെ വധിച്ച സംഭവമാണ്.മറ്റൊന്ന് ശിവാജിയുടെ മകൻ സംബാജിയുടെ വധവുമാണ്. കോഹിന്നൂർ പോലുള്ള അമൂല്യമായ രത്നങ്ങളുടെ ഖനജാവുണ്ടായിട്ടും തന്റെ അവസാന നാളുകളിലെ രാഷ്ട്രീയ ന്യൂനതകളെയും,അനിശ്ചിതത്വങ്ങളെയും ശമിപ്പിക്കാൻ അതൊന്നും ഔറംഗസീബിനെ സാഹായിച്ചില്ല എന്നുള്ളത് വാസ്തവമാണ്.
1707 മാർച്ച് 3 നു തന്റെ എൺപത്തിയെട്ടാമത്തെ വയസ്സിൽ ഔറംഗസീബ് അന്തരിച്ചു.
പാകിസ്താൻ നാടകകൃത്തായ ഷാഹിദ് നദീമിന്റെ അഭിപ്രായത്തിൽ ,ഔറംഗസീബ് തന്റെ സഹോദരൻ ദാരാ ഷുക്കോവിനെതിരെ വിജയം നേടിയപ്പോൾ തന്നെ വിഭാഗീയതയുടെ വിത്തുകൾ വിതക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്നാണ്. ഇന്ത്യ വിഭജനവുമായി ബന്ധപ്പെടുത്തി ഈ അഭിപ്രായത്തെ വിശകലനം ചെയ്യുമ്പോഴാണ് ആ വാക്കുകളുടെ വ്യാപ്തി ബോധ്യപ്പെടുകയുള്ളൂ.
പ്രതാപമുണർത്തുന്ന ആഡംബരം നിറഞ്ഞ തന്റെ മുൻഗാമികളുടെ ശവകുടീരങ്ങളെ അപേക്ഷിച്ച് പേരുപോലും കൊത്തിവെക്കപ്പെടാതെ മഹാരാഷ്ട്രയിലെ ഖുൽദാബാദിലെ വളരെ ലളിതമായ ശവകുടീരത്തിൽ അന്തിയുറങ്ങാനാണ് ഔറംഗസീബ് ആഗ്രഹിച്ചതും. വർഷങ്ങൾക്കു ശേഷം മാർബിൾ തറകളും,ഫലകങ്ങളും ഖബറിനോട് കൂട്ടിച്ചേർക്കപ്പെട്ടുവെന്നു മാത്രം.
ഔറംഗസീബിന്റെ മരണശേഷം ബഹദൂർഷാ രാജ്യാധികാരം ഏറ്റെടുത്തു.തനറെ പിതാവിന്റെയും വംശത്തിന്റെയും പാരമ്പര്യം നിലനിർത്തികൊണ്ടു തന്റെ സഹോദരരായ ആസം ഷായെയും,കംബക്ഷിനെയും വധിച്ചുകൊണ്ടായിരുന്നു ബഹാദൂറും സിംഹാസനത്തിലേറിയത്.പക്ഷെ കഷ്ടിച്ച് അഞ്ചു വർഷമേ സിംഹാസനത്തിലിരിക്കാൻ ബഹാദൂറിനു യോഗമുണ്ടായുള്ളൂ. ബഹാദൂറിന്റെ മരണശേഷം അടുത്ത ഏഴുവർഷങ്ങളിൽ അതായതു 1712 മുതൽ 1719 കാലഘട്ടത്തിൽ നാല് മുഗല് രാജാക്കന്മാർ ആ സിംഹാസനത്തിൽ കേറി. അപ്പോഴേക്കും മുഗൾ രാജ വംശം അതിന്റെ നാശത്തിന്റെ വക്കത്തെത്തി കഴിഞ്ഞിരുന്നു.
ഔറംഗസീബിനെ ഒരു മനുഷ്യനായി വീണ്ടെടുക്കാനുള്ള എഴുത്തുകാരിയുടെ ശ്രമം ഈ പുസ്തകത്തിൽ കാണാം. പക്ഷേ അത്തരം വിവാദപരമായ വിഷയങ്ങളെ ചൂണ്ടിക്കാണിക്കുമ്പോൾ മേൽസൂചിപ്പിച്ചിരിക്കുന്നതുപോലെ അനുബന്ധമായി പറഞ്ഞിരിക്കുന്ന വസ്തുതകൾ വായനക്കാരനെ എത്ര കണ്ടു തൃപ്തിപ്പെടുത്തും എന്നുള്ളതു സംശയമാണ്.
ചില ചരിത്രകാരന്മാർ പറയുന്നതുപോലെ ദാരാ ഷുക്കോവും ഔറംഗസീബും തമ്മിൽ നടന്ന എതിർപ്പുകളും യുദ്ധങ്ങളും ഒരു ഹിന്ദു-മുസ്ലിം പോരാട്ടമായിട്ടോ,വിശുദ്ധയുദ്ധമായിട്ടോ ഒക്കെ ചിത്രീകരിച്ചു കാണുന്നുണ്ട്.അതിൽ തീരെ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. കാരണം അധികാരത്തിനുള്ള വടം വലികൾ നടന്നുകൊണ്ടിരിക്കെ മുഗൾ കൊട്ടാരത്തിലെ ഹിന്ദു അംഗങ്ങൾ മുഴുവനും ദാരയെ അനുകൂലിച്ചില്ല എന്നുള്ളത് വാസ്തവമാണ്. എന്തായാലും ആ സമയത്ത് രജപുത്രർ ദാരയെ അനുകൂലിച്ചപ്പോൾ മാറാത്തർ ഔറംഗസീബിന്റെ പക്ഷം നിന്നു. കൊട്ടാരത്തിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ ഏകദേശം തുല്യമായിത്തന്നെയാണ് രണ്ടുയുടെയും പക്ഷം നിന്നത്.അങ്ങനെ വരുമ്പോൾ ഇപ്പോൾ കൊട്ടിഘോഷിക്കപ്പെടുന്ന ഔറംഗസീബും ദാരയും തമ്മിൽ നടന്നിരുന്നു എന്നു പറയപ്പെടുന്ന ആ വിശുദ്ധയുദ്ധത്തിന്റെ സാധ്യതകൾ ഒരുപക്ഷേ അതിൽ എന്തെങ്കിലും ഒരു രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്നാലും തികച്ചും അസാധുവാകുന്നു എന്നുള്ളതാണ്.
എന്നത് തന്നെയായാലും ഓഡ്രി ട്രുഷ്കെയുടെ ഉദ്ദേശം വ്യക്തമാണ്. പണ്ഡിതോചിതമായ ഒരു ശ്രദ്ധ ആവശ്യമാണ് ഔറംഗസീബിന്,എങ്കിൽ മാത്രമേ അദ്ദേഹത്തെ ചുറ്റിപ്പറ്റിനിൽകുന്ന സംശയത്തിന്റെ പല കാർമേഘങ്ങളും നീക്കപ്പെടുകയുള്ളൂ.
ഔറംഗസീബിനെക്കുറിച്ചും, മുഗൾ രാജാക്കന്മാരെക്കുറിച്ചുമുള്ള പുനർവായനക്ക് ജെ ഡി സർക്കാരിന്റെ നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. A Short History of Aurangzib, 5 വോളിയങ്ങളിലായി എഴുതിയ History of Aurangzib എന്നിവ അതിൽ ചിലതാണ്.
പെൻഗ്വിൻ ബുക്സ് ആണ് Aurangzeb:The Man and the Myth ന്റെ പ്രസാധകർ വില 299 രൂപ.
