രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രസീലിൽ പ്രവാസത്തിലായിരിക്കുമ്പോൾ സ്റ്റെഫാൻ സ്വെയ്‌ഗ് എഴുതിയ നോവലാണ് ദി റോയൽ ഗെയിം.യുദ്ധവുമായി ബന്ധപ്പെട്ടു ഈ പുസ്തകത്തിനപ്പുറം നിരവധി കാര്യങ്ങളുണ്ടെങ്കിലും ആദ്യം പുസ്തകത്തെക്കുറിച്ചു പറയാം.
ന്യൂയോർക്കിൽ നിന്നും ബ്യൂണസ് അയേഴ്സിലേക്കുള്ള ഒരു കപ്പൽ യാത്രയിലെ സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം . യാത്ര തുടങ്ങുമ്പോൾ നമ്മുടെ ആഖ്യാതാവ് അറിയപ്പെടുന്ന ലോക ചെസ്സ് ചാമ്പ്യനായ മിർകോ സെന്റോവിച്ചിനെ കപ്പലിൽ വച്ച് കണ്ടുമുട്ടുന്നതോടെയാണ് നോവലാരംഭിക്കുന്നത്.
സ്ലോവേനിയയിലെ തികച്ചും ഗ്രാമീണമായ ചുറ്റുപാടുകളിൽ നിന്നും വളർന്നു വന്നയാളാണ് മിർകോ സെന്റോവിച്. ഒന്നിനെപ്പറ്റിയും കൂടുതൽ അറിയാത്ത ഒരു പാവമായിട്ടാണ് തുടക്കത്തിൽ അവന്റെ കഥ പറഞ്ഞിരിക്കുന്നതെങ്കിലും ഇന്നയാൾ ഉന്നത നിലയിലെത്തിക്കഴിഞ്ഞിരിക്കുന്നു.പക്ഷെ ഒരു ചെസ്സ് ചാമ്പ്യൻ എന്നതിലുപരി അയാൾ മറ്റൊന്നും നേടിയിട്ടില്ല. നേരമ്പോക്കിനായിട്ടുകൂടി കപ്പലിലുള്ളവരോടൊപ്പം അയാൾ ചെസ്സ് കളിക്കുന്നത് ഒരു നിശ്ചിത തുകയ്ക്കാണ്. അയാൾക്കെതിരെ ഒരു കൂട്ടം ആളുകൾ തങ്ങളുടെ ചെസ്സിലുള്ള കഴിവുകൾ മുഴുവനും പ്രയോഗിക്കാൻ ശ്രമിച്ചിട്ടും അവരെയൊക്കെ അയാൾ നിഷ്പ്രയാസം തോൽപ്പിച്ചു കളഞ്ഞു. എന്നാൽ അവരെ അമ്പരിപ്പിച്ചു കൊണ്ട് കളിയ്ക്കിടെ ഒരാൾ പ്രത്യക്ഷപ്പെടുകയാണ്.
അയാളുടെ ഒരു ഉപദേശം കൊണ്ട് തന്നെ സെന്റോവിച്ചിനെ സമനിലയിൽ കുരുക്കാൻ അവർക്കു കഴിഞ്ഞു. അടുത്ത കളി ഡോ. ബി യെന്നു വിളിക്കുന്ന ആ അപരിചിതനെക്കൊണ്ട് യാത്രക്കാർ സെന്റോവിച്ചിനൊപ്പം കളിക്കാൻ പ്രേരിപ്പിച്ചെങ്കിലും ആദ്യം അയാളത് നിരസിക്കുകയാണുണ്ടായത്. ഇങ്ങനെയൊരു വിദഗ്ദ്ധനായ ചെസ്സ് കളിക്കാരനായിത്തീർന്നതെങ്ങനെയെന്ന് ആഖ്യാതാവ് ചോദിക്കുമ്പോൾ, ഡോ. ബി തന്റെ അമ്പരിപ്പിക്കുന്ന കഥ വിവരിക്കുകയാണ്. നോവലിന്റെ ഏറ്റവും ഹൃദയസ്പൃക്കുമായ ഭാഗം ഡോ ബി യുടെ കഥയാണ്. മിർകോ സെന്റോവിച്ചും ഡോ.ബി യും തമ്മിലുള്ള അവസാന മത്സരമാണ് കഥയുടെ പ്രധാന ആകർഷണവും.
രണ്ടു ധ്രുവങ്ങളിൽപ്പെട്ട കഥാപാത്രങ്ങളാണ് സെന്റോവിച്ചും ഡോ:ബി യും.ഒരു ചെസ്സ് കളിക്കാരനെന്ന നിലയിൽ സെന്റോവിച്ച് പെട്ടെന്ന് പ്രശസ്തി നേടിയെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ അയാൾ വിവരമില്ലാത്തവനും , പണത്തിലും അധികാരത്തിലും മാത്രം താല്പര്യം കാണിക്കുന്നവനാണ്. നോവലിൽ അയാൾ ദേശീയ സോഷ്യലിസത്തിന്റെ പ്രതീകമാണ്. എന്നാൽ ഡോ. ബി യാകട്ടെ അധികാരത്താൽ വേട്ടയാടപ്പെട്ട ഒരുവനും. ആ കപ്പലിൽ വച്ചാണ് ഡോ.ബി ആദ്യമായി നേരിട്ടൊരു ചെസ്സ് കളിക്കുന്നത് തന്നെ.
കളിയുടെ സൗന്ദര്യം , ഏകാഗ്രത കൂട്ടാനുള്ള കഴിവ്, ആസക്തിയുള്ള വശം, കരുക്കൾ കൈവശം വയ്ക്കാനും നശിപ്പിക്കാനുമുള്ള ശക്തി എന്നിവയെക്കുറിച്ചുള്ള വിശാലമായ ഒരു സംഭാഷണത്തിലൂടെ നാടകീയമായ പിരിമുറുക്കം സൃഷ്ടിക്കാൻ നോവലിനു കഴിഞ്ഞിട്ടുണ്ട്. ചെസിന്റെ പ്രതീകാത്മകതയിലൂടെ, യുക്തിയുടെ ഏറ്റ കുറിച്ചിലുകളെ കുറിച്ചുള്ള ആവേശകരവും ഭയാനകവുമായ ഒരു കാഴ്ചപ്പാട് നോവലിൽ കാണാം. നിരാശയും ,നിസ്സഹായതയും വാക്കുകളിലേക്ക് പകർത്തിവെയ്ക്കുന്ന സ്വെയ്‌ഗിന്റെ രീതി അതിഗംഭീരമാണ്.
1881 ൽ ഓസ്ട്രിയയിലെ വിയന്നയിൽ സമ്പന്നമായ ഒരു ഓസ്ട്രിയൻ-ജൂത കുടുംബത്തിലാണ് സ്റ്റെഫാൻ സ്വെയ്‌ഗ് ജനിച്ചത്. സിഗ്മണ്ട് ഫ്രോയിഡിന്റെ കൃതികളിൽ ആകൃഷ്ടനായിരുന്ന സ്വെയ്‌ഗ് ,നോവലിസ്റ്റ്, നാടകകൃത്ത്, ജീവചരിത്രകാരൻ എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു.
1933 ൽ ഹിറ്റ്‌ലർ അധികാരത്തിൽ വന്നതോടെ സ്വെയ്‌ഗിന്റെ പുസ്തകങ്ങൾ ജർമ്മനിയിൽ നിരോധിക്കപ്പെട്ടു 1934 ൽ പോലീസ് സ്വീഗിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹം ബ്രസീലിലേക്ക് കടന്നു കളഞ്ഞിരുന്നു. 1942 ഫെബ്രുവരി 23 ന് പെട്രൊപോളിസിലെ അവരുടെ വീട്ടിൽ അദ്ദേഹത്തെയും ഭാര്യ ലോട്ടെയും മരിച്ച നിലയിൽ കണ്ടെത്തി.
രണ്ടാം ലോക മഹായുദ്ധകാലത്തു എഴുതപ്പെട്ട നോവലാണിത് എന്ന് പറഞ്ഞുവല്ലോ .1942 ഫെബ്രുവരിയിൽ നോവലെഴുത്തു പൂർത്തീകരിച്ചുവെങ്കിലും 1943 ൽ എഴുത്തുകാരന്റെ മരണാനന്തരമാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മൂലകൃതി ജർമൻ ഭാഷയിലാണ് എഴുതപ്പെട്ടത് Schachnovelle എന്ന പേരിൽ . ഇംഗ്ലീഷിൽ പിന്നീട് റോയൽ ഗെയിംഎന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടു.
മലയാളത്തിൽ ഉന്മാദിയുടെ കരുനീക്കങ്ങൾ എന്ന പേരിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ഏ കെ അബ്ദുൽ മജീദ് ആണ്. സാധാരണ വിവർത്തന പുസ്തകങ്ങൾ നിരാശപ്പെടുത്താറാണുള്ളതെങ്കിലും ഈ പുസ്തകമെന്തായാലും ആ ചീത്തപ്പേര് പേറുന്നില്ല. മറ്റൊരു കാര്യം, ഈ പുസ്തകത്തിന്റെ പ്രസാധകരെകുറിച്ചാണ്. നിയതം ബുക്ക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ കെട്ടിലും മട്ടിലും ഒരു പുതുമയുണ്ട്. ഗുണനിലവാരം ആദ്യപേജുകൾ മുതലേ കാണാം. വില 135 രൂപ.
