സജിൽ ശ്രീധറിന്റെ വാസവദത്തയും ആശാന്റെ കരുണയും




1923 ലാണ് കുമാരനാശാന്റെ  കരുണ എന്ന ഖണ്ഡകാവ്യം പുറത്തുവന്നത്. കരുണയിലെ ഇതിവൃത്തം  Dr. Paul Carus എന്ന അമേരിക്കൻ പണ്ഡിതന്റെ  The Gospel of Budha എന്ന പുസ്തകത്തെ ആസ്പദമാക്കിയതാണ്. 

“അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യ
ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,
ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ”  

എന്ന് തുടങ്ങുന്ന ആശാന്റെ ഈ കവിത വഞ്ചിപ്പാട്ടു
വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ളതാണ്. മലയാളം ഒന്നാം ഭാഷയായി പഠിച്ചവരിൽ ഭൂരിഭാഗവും ഈ കവിത കാണാപ്പാഠം അറിയുന്നവരായിരിക്കും. 


ഉത്തരമഥുരയിലെ  വാസവദത്ത എന്ന കേൾവിപ്പെട്ട ഒരു വേശ്യയുടെ ജീവിത സംഭവങ്ങളാണ് കരുണയിലെ ഇതിവൃത്തം. ഒരിക്കൽ ബുദ്ധശിഷ്യനായ ഉപഗുപ്തനിൽ അവൾക്കു താല്പര്യമുണ്ടാകുകയും അദ്ദേഹത്തെ പലതവണ സ്വന്തം വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു. എന്നാൽ ആ സമാഗമത്തിന് ഇനിയും  സമയമായിട്ടില്ല എന്ന മറുപടിയോടെ അവളുടെ അഭ്യർത്ഥനകൾ അയാൾ എല്ലായ്‌പ്പോഴും നിരസ്സിക്കുകയാണുണ്ടായത്. അതേസമയം ഒരു  തൊഴിലാളി പ്രമാണിയുടെ സ്വാധീനത്താലകപ്പെട്ടിരുന്ന വാസവദത്ത മറ്റൊരു ധനികനായ വ്യാപാരിയിൽ ആകൃഷ്ടയായി.തൊഴിലാളി പ്രമാണിയായ അവളുടെ അപ്പോഴത്തെ കാമുകനെ സൂത്രത്തിൽ കൊന്നു ചാണക കുഴിയിൽ മൂടുകയും ചെയ്തു. പക്ഷേ എത്ര മൂടിവെച്ചാലും ഇത്തരം കൃത്യങ്ങളുടെ സത്യാവസ്ഥ ഒരിക്കൽ പുറത്തുവരുമല്ലോ. വിചാരണയിൽ   ചെവിയും മൂക്കും,കൈയ്യും കാലുമെല്ലാം മുറിക്കപ്പെട്ട് അവളൊരു ചൂടുക്കാട്ടിൽ തള്ളപ്പെട്ടു. 

അംഗഭംഗം വന്നു തന്റെ മരണം കാത്തു കിടക്കുന്ന അവസ്ഥയിലാണ് ഉപഗുപ്തന്റെ വരവ്. തന്റെ നല്ല കാലത്തു വരാതിരുന്ന അയാൾ എന്തുകൊണ്ട് ഈ സമയത്തു വന്നു എന്നൊരു ചോദ്യം വാസവദത്ത ഉപഗുപ്തനോട് ചോദിക്കുന്നുണ്ട് .പ്രലോഭനങ്ങളിലകപ്പെട്ട് സുഖസൗകര്യങ്ങളുടെ മെത്തയിൽ ആറാടി നടക്കുന്ന സമയത്ത് അവൾ ധർമ്മോപദേശത്തിന് യോഗ്യയായിരുന്നില്ല. ലൗകിക വിഷയങ്ങളുടെ പിന്നാലെ വിശ്രമമില്ലാതെ ഓടിനടക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ നേരമില്ല. ഇനി അഥവാ ഉണ്ടായാലും പ്രവൃത്തിയിൽ കൊണ്ടുവരാൻ എളുപ്പവുമല്ല. ശരീര സൗന്ദര്യത്തിനുമപ്പുറം നശ്വരമായ മറ്റൊരു സൗന്ദര്യമുണ്ട്. ദു:ഖാനുഭവങ്ങൾ  അധികമുള്ളിടത്ത് മഹത്തായ അനന്ദമുണ്ടെന്ന ഒരു ചിന്തയാണ് ഉപഗുപ്തൻ അവിടെ മുന്നോട്ട് വെയ്ക്കുന്നത്. 

ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ-
കാമനീയകത്തിൻ ഭസ്മകദംബം കണ്ടു!

എന്ന കരുണയിലെ അവസാന ഭാഗത്തെ നോക്കുക. ഉപഗുപ്തൻ പൊഴിക്കുന്ന ആ കണ്ണീർക്കണം തന്നെയാണ് കരുണയുടെ ലക്ഷ്യം എന്ന് മുണ്ടശ്ശേരി പറയുന്നു. 

വർണ്ണനാ വിഷയം എന്തായാലും,അതിനെപറ്റി വായനക്കാർക്കുണ്ടാകുന്ന പ്രതീതിയ്ക്ക് വ്യക്തതയും ,ശക്തിയും വരുത്തുകയെന്നതാണ് അലങ്കാരത്തിന്റെ പ്രധാനോദ്ദേശ്യം. അക്കാര്യത്തിൽ ആശാൻ കാളിദാസൻെറ ദാസനാണ് എന്നാണ്  മുണ്ടശ്ശേരി  അഭിപ്രായപ്പെട്ടിട്ടുള്ളത്. വാസവദത്ത എന്ന നോവലെഴുതുമ്പോൾ ഈ വർണ്ണനാ വിഷയം നോവലിസ്റ്റായ സജിൽ ശ്രീധറിന്റെ  മനസ്സിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. ലളിതമായ ഭാഷകൊണ്ട് സങ്കീർണ്ണമായ ഒരു പ്രമേയത്തെ അതിവിദഗ്ദ്ധമായി സജിൽ  ഈ നോവലിൽ  അടയാളപ്പെടുത്തിയിട്ടിട്ടുണ്ട് . എങ്കിലും കുമാരനാശാന്റെ കരുണയെ ഗദ്യരൂപത്തിൽ അതേപടി പകർത്തിയിരിക്കുകയല്ല ഇവിടെ. വാസവദത്തയുടെ ജീവിതം  എഴുത്തുകാരന്റെ കണ്ണിലൂടെ പുനരവതരിപ്പിച്ചിരിക്കുകയാണ്  സജിൽ തന്റെയീ നോവലിലൂടെ. എഴുത്തുകാരന്റെതായ ഭാവനാ സന്ദർഭങ്ങളും ,പാത്രസൃഷ്ടികളുമുണ്ടെങ്കിലും അവയെല്ലാം കഥാ സഞ്ചാരത്തിന്റെ  ഓരം ചേർന്നു പോകുന്നതായതുകൊണ്ടു ഒരു തരം മുഴച്ചുകെട്ടൽ ഒട്ടുമേ അനുഭവപ്പെടാൻ സാധ്യതയില്ല. 

നല്ലൊരു  കുടുംബത്തിൽ പിറന്നവളായിട്ടും  ലൗകിക സുഖങ്ങളുടെ പിന്നാലെ അലഞ്ഞു നടക്കുന്നവളായി വാസവദത്ത  മാറിയതിനു  പിന്നിലെ  കൊടും ചതിയുടെ വിവരണങ്ങളിലൂടെയാണ്   സജിൽ ശ്രീധറിന്റെ വാസവദത്ത എന്ന നോവലാരംഭിക്കുന്നത്. എന്നാൽ ആ ചതിയിൽപ്പെട്ടു തകർന്നു പോകുന്നതിനു പകരം പ്രയോഗികമതിയായിരുന്ന വാസവദത്തയുടെ അതിജീവനത്തിന്റെ കഥകൂടിയാണ് നോവൽ പറഞ്ഞു വെയ്ക്കുന്നത്. മാണിക്യൻ അതിനൊരു നിമിത്തമായപ്പോൾ സേട്ടുവും,ഗൌണ്ടറും അതിലെ കഥയറിയാതെ ആട്ടമാടിയ കഥാപാത്രങ്ങളായി. അവളുടെ വിശ്വസ്തതോഴി ഉത്തരയും കൂട്ടിന്നുണ്ട്. സ്വന്തം വീട്ടിൽ  ചിത്രപണികളാൽ സമ്പന്നമായ വാൽകണ്ണാടിയിൽ മുഖം നോക്കുന്ന വാസവദത്തയുടെ ഒരു രംഗത്തോടെയാണ് നോവലാരംഭിക്കുന്നത്. അവിടെ നിന്നും  ഉപഗുപ്തനാൽ കൊടുക്കുന്ന മറ്റൊരു കണ്ണാടിയിൽ പ്രാർഥനയ്ക്കായി തന്റെ തന്നെ മുഖം കാണുന്ന ,തന്റെ  ശക്തിയും ,ദൗര്‍ബല്യവും  തന്നിൽ  തന്നെയാണെന്നറിഞ്ഞ ,താൻ ആരാണെന്ന് സ്വയം തിരിച്ചറിയ്യപ്പെട്ട  ,ആത്മാവബോധം സിദ്ധിച്ച വാസവദത്തയുടെ മറ്റൊരു മുഖമാണ്  നോവലിന്റെ അവസാനഭാഗത്തു വായനക്കാർക്കു കാണാൻ കഴിയുക. 

ഭൗതിക-ലൗകിക വിഷയങ്ങളുടെ നിസ്സാരതയും, അഹംബോധത്തിന്റെ തിരിച്ചറിവുമൊക്കെ പ്രമേയമായി  വരുന്ന സാഹിത്യകൃതികൾ ധാരാളമായി വന്നിട്ടുണ്ട്. അവയെല്ലാം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്.  
ഈ പുസ്തകത്തിൽ നോവലിസ്റ്റിന്റെതു കൂടാതെ   ഡോ: സിറിയക് തോമസ്,ഡോ :വെള്ളായണി അർജ്ജുനൻ,ഇന്ദുമേനോൻ തുടങ്ങിയവർ ഈ നോവലിനെ സംബന്ധിച്ച  അനുബന്ധ ലേഖനങ്ങളും ചേർത്തിട്ടുണ്ട്. കൂടാതെ ഈ പുസ്തകത്തെ അഭിനന്ദിച്ചുകൊണ്ടു പത്രമാസികകളിൽ വന്നതും, പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങളും തുടക്കത്തിലേ ചേർത്തിട്ടുണ്ട്.അതൊഴിവാക്കാമായിരുന്നു എന്ന് തോന്നി.നോവൽ വായിച്ചു തുടങ്ങുന്നതിന് മുൻപേ  ഇതൊരു മഹത്തായ കൃതിയാണെന്ന ഒരു  ധ്വനി വായനക്കാരിൽ സൃഷ്ടിച്ചേക്കാം എന്ന് കരുതിയിട്ടാണോ അത്തരമൊരു സാഹസം ചെയ്തിരിക്കുന്നത് എന്നറിഞ്ഞുകൂടാ. എന്ത് തന്നെയായാലും അത്തരമൊരു പരസ്യത്തിന്റെ ആവശ്യവുമില്ലാതെ തന്നെ മികച്ച ഒരു കൃതി തന്നെയാണിത് എന്ന്  നോവൽ വായിച്ചു മടക്കുമ്പോൾ വായനക്കാർക്കും ബോധ്യപ്പെടും. 
സൈകതം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,വില 150 രൂപ. 

Leave a comment