പുരാണ ഇതിഹാസങ്ങളിൽ നിന്നും ,ഐതീഹ്യങ്ങളിൽ നിന്നുമൊക്കെ പുനർവ്യാഖ്യാനം ചെയ്തുകൊണ്ട് നിരവധി കൃതികളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. അമീഷിന്റെയും, ആനന്ദ് നീലകണ്ഠന്റെയുമൊക്കെ സീരീസുകൾ പ്രചാരത്തിൽ മുന്നിൽ തന്നെയാണ് നിൽക്കുന്നത്. അത്തരമൊരിടത്തിലേക്കാണ് കെവിൻ മിസ്സാലിന്റെ കൽക്കി സീരീസും വന്നിരിക്കുന്നത്. കൽക്കി സീരീസിലെ ആദ്യ പുസ്തകമാണ് ധർമ്മയോദ്ധാ കൽക്കി – വിഷ്ണുവിന്റെ അവതാരം എന്ന നോവൽ.
ഹിന്ദു പുരാണത്തിലെ വിഷ്ണുവിന്റെ പത്താമത്തെ അവതാരമായാണ് കൽക്കിയെ കണക്കാക്കുന്നത്. വിഷ്ണു ഭഗവാൻ ധർമ്മ പുനഃസ്ഥാപനത്തിനായി വീണ്ടും അവതരിക്കും എന്നാണല്ലൊ അവതാരകഥകളിൽ പറയപ്പെടുന്നത്. ശംബാല ഗ്രാമത്തിൽ വിഷ്ണുയാതന്റെയും സുമതിയുടെയും മകനായാണ് കൽക്കി ജനിച്ചത്.ഒരു സാധാരണ ഗ്രാമീണൻ എന്നതിൽ കവിഞ്ഞു തനിക്കുള്ള കഴിവുകളെയും പൈതൃകത്തെയും കുറിച്ചുമൊന്നും അയാൾ ബോധവാനല്ല. തൻെറ ജീവിതത്തിന്റെ ഉദ്ധേശമെന്തെന്നു പോലും അയാൾക്കറിഞ്ഞുകൂടാ. അവിടെ തികച്ചും അശ്രദ്ധമായ ജീവിതമാണ് കൽക്കി നയിക്കുന്നത്.
വേദാന്ത രാജാവിനെതിരായ യുദ്ധത്തിൽ തലസ്ഥാന നഗരമായ ഇന്ദ്രഗഡിന്റെ നിയന്ത്രണം കലി പിടിച്ചെടുത്തു കഴിഞ്ഞിരുന്നു .അയാളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു.കലി പ്രഭുവിന്റെ അധീനതയിലുള്ള കീകത്പൂർ പ്രവിശ്യയിൽ വച്ച് തന്റെ പ്രിയപ്പെട്ടവരുടെ മരണം കാണുന്നതോടെയാണ് താനുൾപ്പെടെയുള്ളവർ ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിയുന്നത്.താൻ ജീവിക്കുന്ന ഈ ലോകത്തിന്റെ ഒരു ശുദ്ധീകരണം തന്റെ ലക്ഷ്യമാണെന്നു കൽക്കി മനസ്സിലാക്കുന്നത് അപ്പോൾ മാത്രമാണ്. അതിനായി അയാൾ വടക്കോട്ട് യാത്ര ചെയ്ത് വിഷ്ണുവിന്റെ അവതാരത്തിന്റെ വഴികൾ പഠിക്കുവാൻ ശ്രമിക്കുകയാണ് . രാജാവായി വേദാന്ത വാഴ്ത്തപ്പെട്ടത്തിനു ശേഷം ഇലാവർത്തത്തിലെ നിരവധി ഗോത്രങ്ങളെ ഒരുകുടക്കീഴിൽ കൊണ്ടുവരാൻ കൽക്കി ശ്രമിക്കുന്നു. പലതവണ പിടിക്കപ്പെടുയും എന്നാൽ മരണത്തിന്റെ പിടിയിൽ നിന്ന് പോലും രക്ഷപ്പെട്ടു പോരുകയും ചെയ്യുന്നുണ്ട് കൽക്കി .
പോരാട്ടങ്ങളും,ഗൂഢാലോചനകളും,തന്ത്രങ്ങളുമൊക്കെ കൊണ്ട് സംഭവ ബഹുലമാണ് ഈ നോവൽ.ഒന്നിൽ നിന്നും മറ്റൊന്നിലേക്കു കുതറി മാറികൊണ്ടുള്ള വിവരണങ്ങൾ നോവലിന്റെ രസം കെടുത്തുന്നുണ്ടെന്നു പറയാതെവയ്യ.
ആർജ്ജാൻ,ദുരുക്തി,കോകോ,വികോകോ,സിമ്രിൻ,മാർക്കാഞ്ച,സർപാഞ്ചാ തുടങ്ങിയ വിചിത്രമായ പേരുകൾ മനസ്സിൽ പതിഞ്ഞു വരുമ്പോഴേക്കും നോവൽ പകുതി തീർന്നിട്ടുണ്ടാകും.
ശംബാല യുദ്ധം,കലിയുടെ ഉയർച്ച എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഈ നോവലിലുള്ളത്.സന്തോഷ് ബാബുവാണ് ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത്. പൂർണ്ണ ബുക്ക്സ് ആണ് പ്രസാധകർ, വില 490 രൂപ.
