രാവണൻ:പരാജിതരുടെ ഗാഥ

 


രാമായണത്തിന് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും എണ്ണിയാലൊടുങ്ങാത്ത വകഭേദങ്ങൾ ഇറങ്ങിയിട്ടുണ്ട്. അതിലെ കഥകൾക്കും ,ഉപകഥകൾക്കുംവരെ ദിനം പ്രതി പുതിയ വ്യാഖ്യാനങ്ങളും പൊളിച്ചെഴുത്തുക്കളും നടന്നുകൊണ്ടിരിക്കുന്നു. അത്തരം ആവിഷ്കാര ,ആസ്വാദന സ്വാതന്ത്ര്യങ്ങൾക്കെതിരെ മതമൗലികവാദികളുടെ എതിർപ്പും ആക്രമണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ആ മണ്ണിടങ്ങളിലേക്കാണ് ആനന്ദ് നീലകണ്ഠന്റെ രാവണൻ:പരാജിതരുടെ ഗാഥ എന്ന നോവൽ കടന്നു വന്നത്. 

 അമ്പത്തിരണ്ട് അധ്യായങ്ങളിലായി രാവണനാലും, രാവണന്റെ വിശ്വസ്തനായ ഭദ്രനാലുമാണ് ഈ നോവൽ മുന്നോട്ടു പോകുന്നത്. രാവണന്റെ മരണത്തിനു ശേഷം ഭദ്രനാണ് കഥ പറഞ്ഞു മുഴുമിപ്പിക്കുന്നത്. ബോധത്തിനും ,അബോധത്തിനുമിടയിലെ നൂൽപാലത്തിലൂടെ  മരണമെത്തി നിൽക്കുന്ന അവസാന സമയത്ത്  രാവണന്റെ മനസ്സിൽ തെളിയുന്ന ഭൂതകാലമാണ് ഈ നോവലിലെ ഏറിയ സംഭവങ്ങളും. 

 കൊടിയ ദാരിദ്ര്യവും,അവശതകളൂം പേറുന്ന, താഴെക്കിടയിലെ ഒരു കുടുംബത്തിലെ ഒരംഗമായിരുന്നു രാവണൻ. രാവണൻ ഒരു യാഥാസ്ഥിതികനെന്നു സ്വയം അവകാശപ്പെടുകയും, അതിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നയാളാണ്. ദേവപ്രീതിയ്ക്കു വേണ്ടിയുള്ള പൂജയെ പരിഹാസത്തോടെ മാത്രം കാണുന്ന അയാൾ അത്തരം സംഭവങ്ങൾ മനുഷ്യന്റെ ഒടുങ്ങാത്ത സുഖാനുഭവ അന്വേഷണങ്ങൾക്കും, ആഗ്രഹപ്രാപ്തിക്കും നടത്തുന്ന വെറും പ്രഹസനങ്ങളാണെന്നു അഭിപ്രായമുള്ളവനാണ്. 

അസുരകുലത്തിന്റെ പ്രധാന ആരാധ്യദേവത പരമശിവനാണ്, സ്വവഭാവികമായും ഇന്ദ്രനുൾപ്പെടയുള്ള ദേവപക്ഷം തെമ്മാടികളും,മര്യാദയില്ലാത്തവരുമാണ്. തകർക്കപ്പെട്ട ഒരു സംസ്കാരം രാവണന്റെ പിന്നിലുണ്ട്. പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനത അയാൾക്ക് മുന്നിലുണ്ട് .  അവരുടെ പ്രതീക്ഷകളുടെ ഭാരം പേറുന്നത് രാവണനാണ്.  സ്വന്തം  തിക്താനുഭവങ്ങളിൽ നിന്നും നേടിയ അനുഭവപാഠങ്ങളിൽ  നിന്നാണ് രാവണൻ അസുരകുലത്തിലെ മഹാരാജാവായി ഉയർന്നു വന്നത്.

 രാജാവിന് ബദലായി,തെരഞ്ഞെടുക്കപ്പെട്ട ഒരു സമിതിക്കാണ് അധികാരമുള്ള ഉന്നതമായ ജനാധിപത്യസംവിധാനമെങ്കിലും ,ഒരുവേള രാവണൻ തന്നെ അതിനെ തള്ളി കളയുന്നുമുണ്ട്. വാഗ്ദാനങ്ങൾ നൽകിയും  ജനങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകളും പേറി അധികാര്യത്തിലേറുന്നവർ ,ഒടുവിൽ തങ്ങളുടെ നിലനിൽപ്പിനും വ്യക്തിഗത താല്പര്യങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം തന്നെയാണിത്.

 സങ്കീർണ്ണതയും ,അർത്ഥനശൂന്യമായ ആചാരങ്ങളും വർധിച്ച് വരുന്നതോടെ സമൂഹത്തിനുമേൽ സവർണ്ണർ അധികാരവും നിയന്ത്രണവും ഏറ്റെടുക്കുന്നതോടെ ഉണ്ടായേക്കാവുന്ന എല്ലാ പ്രതിസന്ധികളും രാവണനും അഭിമുഖീകരിക്കുന്നുണ്ട്. സ്വാർത്ഥതയോളം നിന്ദാർഹമായ മറ്റൊന്നുമില്ല എന്ന് വിളിച്ചു പറയുമ്പോൾ തന്നെ അധികാരത്തിന്റെ ഉന്മാദാവസ്ഥയിൽ സ്വാർത്ഥതയെ അടിസ്ഥാന വികാരമെന്ന് പറഞ്ഞ് ന്യായീകരിക്കുന്നുമുണ്ട് രാവണൻ. ആട്ടിമറിയിലൂടെയും ,കലാപങ്ങളിലൂടെയും പിടിച്ചെടുത്ത തന്റെ അധികാരം സൈനിക ശക്തി ഉപയോഗിച്ചാണ് ചോദ്യം ചെയ്യലുകളെ അടിച്ചമർത്തിക്കൊണ്ടിരുന്നത്. എന്നിട്ടും രക്ത ചൊരിച്ചിലില്ലാതെയാണ് താൻ രാജ്യം നേടിയതെന്ന്  അയാൾ സ്വയം വിശ്വസിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം ജനതയുടെ നന്മയക്ക്  വേണ്ടി ഒരു രാജ്യദ്രോഹിയെയും ഒഴിവാക്കരുത് എന്നാണ് രാവണന്റെ പക്ഷം. തന്റെ നിലപാടുകളുടെ കൂറുമാറ്റങ്ങൾക്ക് അയാൾക്ക് ആയാളുടേതായ ന്യായീകരണങ്ങളുണ്ട്. 

 

രാവണന്റെയുള്ളിൽ മറഞ്ഞിരിക്കുന്ന ക്രൂരമുഖങ്ങൾ മറ നീക്കി പലപ്പോഴായി പുറത്തു വരുന്നുണ്ട്. സ്വന്തം മാതാവു  പോലും അയാളുടെ ചെയ്തികളിൽ  നിന്നും മാറ്റി നിർത്തപ്പെടുന്നില്ല. സഹോദരിയുടെ രാത്രി സാഹസങ്ങളേയും ,വ്യഭിചാര വാർത്തകളെയും അസാമാന്യമായി തന്നെയാണ് രാവണൻ ന്യായീകരിക്കുന്നത്. അതിന്റെയെല്ലാം കാരണമായി പറയുന്നത് ബാല്യത്തിൽ തങ്ങൾക്ക് നിഷേധിക്കപ്പെട്ട സുഖ സൗകര്യങ്ങളും,സ്നേഹവാത്സല്യവുമൊക്കെയാണ്. ഒരിക്കൽ തന്റെ  സിംഹാസനം കൈയ്യടക്കാൻ ശ്രമിച്ച സഹോദരീ ഭരത്താവിനെ കൊലപ്പെടുത്താൻ യാതൊരുമടിയും കാണിക്കുന്നില്ല രാവണൻ. 

 രാവണന്റെ പ്രിയങ്കരനായ പുത്ര മേഘനാദനാണ്. അയാൾ സുന്ദരനും ,സുമുഖനും അഭ്യസിയുമാണ്. എന്നാൽ സുന്ദരിയായ പരിചാരികയിൽ ജനിച്ച അതികായനെന്ന പുത്രൻ മാറ്റിനിർത്തപ്പെടുന്നതിലെ ഉദ്ദേശം വ്യക്തമാണ്. ദാസീ പുത്രനായതുകൊണ്ട് മാത്രമല്ല ആ വിവേചനം,തൊലികറുപ്പിന്റെ രാഷ്ട്രീയം തന്നെയാണത്. തന്റെ ആ മകന്റെ മരണത്തെ പ്രതീക്ഷിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്ന മാനസിക വ്യാപാരങ്ങളെ ,രക്ത ബന്ധത്തെക്കാൾ സൌഹൃദത്തിനു  വില കാണുന്ന രാവണന്റെ കുടില തന്ത്രങ്ങളായേ  കാണാനാവൂ.

 അസുര ചക്രവർത്തിയായ തന്റെ സഹോദരന്റെ പത്നിയാകാനാണ് സീതയോട്  രാവണൻ അപേക്ഷിക്കുന്നത്. എന്നാൽ അപേക്ഷ നിഷേധിച്ച സീതയെ തട്ടികൊണ്ട് വന്ന്  പാർപ്പിച്ചാണ് രാവണൻ തന്റെ ചെയ്തികൾക്ക് ന്യായവാദങ്ങളുയർത്തുന്നത്. സ്ത്രീകളോട് മര്യാദ കാണിക്കുന്നവന്നാണെന്ന് സ്വയം ആഭിമാനിച്ചിരുന്നുവെങ്കിലും,അവരുടെ സമ്മതമില്ലാതെ സ്വന്തം ഇംഗിതത്തിനായി എന്തും  ചെയ്യാമെന്ന് രാവണൻ പലപ്പോഴായി കാണിച്ചു തരുന്നുമുണ്ട്. ഒരിടത്ത് വേശ്യാ വൃത്തിയും,പരപുരുഷ ബന്ധവും അസുരകുലത്തിന്റെ സാമൂഹികാചാരങ്ങൾ പ്രകാരം കുറ്റമല്ലെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സഹോദരിയുടെ വഴിപിഴച്ച നടത്തിപ്പിനെ സമർത്ഥമായി വെളുപ്പിക്കുന്നുണ്ട്. 

 ദൂതിനായി വന്ന ഹനുമാനോട് ദൂതരുടെ നീതിമര്യാദകളെകുറിച്ച് പ്രസംഗിക്കുമ്പോഴും, സീതയെ സ്വന്തം മകളായാണ് കാണുന്നതെന്നാണ് രാവണൻ വ്യക്തമാക്കുന്നത്. പുത്രിയാണെങ്കിൽ പോലും അവളുടെ ഭരത്താവിന്റെ അനുമതിയില്ലാതെ പിടിച്ചുകൊണ്ടു വന്ന് അന്യായമായി പാർപ്പിക്കുന്നതിലെ വിരോധാഭാസം മുഴച്ചു നില്ക്കുന്നുണ്ട്. മരണത്തോട് മുഖാമുഖം കിടക്കുമ്പോഴും താൻ ചെയ്തതെല്ലാം ധർമ്മമായിരുന്നുവെന്ന് രാവണൻ ഉറച്ചു വിശ്വസിക്കുന്നുണ്ട്. മരത്തിന് പിന്നിൽ ഒളിച്ചിരുന്ന് ബാലിയെ രാമൻ വധിച്ചതിലെ  അനീതിയെക്കുറിച്ച് പറയുമ്പോഴും ,ഭദ്രൻ തനിക്ക്  വേണ്ടി ചെയ്ത ഒളിപ്പോരാട്ടങ്ങളെയും,അസംഖ്യം കൊലപാതകങ്ങളെയും ബോധപൂർവ്വം വിസ്മരിക്കുന്നു. എങ്കിൽ തന്നെയും ചിലയിടങ്ങളിൽ കർത്തവ്യബോധമുള്ള ഉത്തമ പിതാവിന്റെ വേഷമെടുത്തണയുന്നുണ്ട് രാവണൻ. 

 ഇവിടെ രാവണൻ അധികാര വർഗ്ഗത്തെ പ്രതിനിധാനം ചെയ്യുമ്പോൾ ,ഭദ്രൻ സാധാരണ ജനവിഭാ ഗങ്ങളെ പ്രതിനീകരിക്കുന്നു.ആര് ഭരിച്ചാലും അക്രമം ഒന്നു മാത്രമാണ് ലോകം ഭരിച്ചിട്ടുള്ളത്. അധികാരം നേടികഴിയുമ്പോൾ പതിയെ അവരും ആക്രമങ്ങളുടെയും ,അഴിമതികളുടെയും പിന്നാലെ പായുന്നു. സ്വന്തം നിലനിൽപ്പിന് അത് അത്യന്താപേക്ഷിതമാണെന്നും ഏതു  പ്രകാരവും തന്റെ അപ്രമാദിത്വം  നിലനിർത്തുകയും വേണമെന്ന് അവർ വിചാരിക്കുന്നു. ഒരുപക്ഷേ അധികാരമില്ലെങ്കിൽ നിലനിൽപ്പില്ലെന്നുള്ള തിരിച്ചറിവാകാം അതിനു പിന്നിൽ. രാജ്യത്തിന്റെ ഈ അവസ്ഥ ഒരിക്കലും മാറാൻ  പോകുന്നില്ലെന്ന് ഭദ്രനറിയാം. അധികാരമുള്ളിടത്തോളം സകലതും പിടിച്ചടക്കുക എന്നതാണല്ലോ ഭരിക്കുന്നവരുടെ തന്ത്രം. 

 തന്റെ കൂടെയുള്ള ഓരോരുത്തരുടെയും മരണമാണ് രാവണനിൽ പുതിയ ബോധോദയങ്ങൾ സൃഷ്ടിക്കുന്നത്. അതുവരെ താൻ മുറുകെ പിടിച്ചുകൊണ്ടു നടന്ന വിശ്വാസ പ്രമാണങ്ങളെ വിശകലനം ചെയ്യാൻ  ശ്രമിക്കുന്നത് ആ വൈകിയ ആ സമയങ്ങളിലാണ്. യുദ്ധം ചെയ്യുന്നത് സ്വാർത്ഥന്യായങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണെന്ന ഭാര്യ മണ്ഡോദരിയുടെ ശകാര രൂപത്തിലുള്ള വാക്കുകളാണ് രാവണനെ അപ്പോളെങ്കിലും ആസ്വസ്ഥനാക്കുന്നത്. തന്റെ ഈ  യുദ്ധം അസുരന്മാരുടെ അഭിമാനത്തിനു വേണ്ടിയുള്ളതാണെന്നും വ്യാപകമായ ജാതീയത ഇല്ലാതാക്കുവാനുള്ളതെന്നുമുള്ള പൊള്ളയായ വിശ്വാസങ്ങളുടെ മേൽ കിട്ടിയ കനത്ത പ്രഹരമായിരുന്നു അവരുടെ വാക്കുകൾ. സോദരിയെ അപമാനിച്ചതിനും,വിരൂപയാക്കപ്പെട്ടതിനും പകരം വീട്ടുമെന്ന് നിശ്ചയിക്കുന്ന അതേ രാവണൻ തന്നെയാണ് അവളെ വിധവയുമാക്കിയത്. തന്റെ മരണത്തെ പ്രതീക്ഷിച്ചു കിടക്കുമ്പോൾ മാത്രമാണ് രാജാവെന്ന നിലയിൽ കാട്ടികൂട്ടിയതെല്ലാം ഒരു നേരരേഖ പോലെ  തന്റെ അബോധമണ്ഡലത്തിൽ ഒരു പുനർചിന്തനത്തിന് വിധേയമാക്കാൻ രാവണന് കഴിയ്യുന്നത്. 

 തന്റെ മരണശേഷം തന്റെ ജനങ്ങൾക്ക്  എന്തു സംഭവിക്കുമെന്നുള്ള ഒരു ഉത്കണ്ഠ രാവണനുണ്ട്. തനിക്കു  ശേഷം വരുന്ന രാമൻ പൗരോഹിത്യത്തിന്റെയും,ബ്രാഹ്മണകേന്ദ്രീകൃത സാമൂഹികാവസ്ഥയുടെയും പ്രതിനിധിയായി ഒരേ സമയം ഇരയും വേട്ടക്കാരനുമാകുന്ന ഒരു അവസ്ഥ രാവണൻ മുൻകൂട്ടി കാണുന്നുമുണ്ട്. രാവണന്റെ ആ കാഴ്ചയ്ക്ക് വർത്തമാന ഇന്ത്യനവസ്ഥയുമായി അഭേദ്യബന്ധം തന്നെയുണ്ടല്ലോ. 


Leave a comment