വാനരൻ : ബാലിയും സുഗ്രീവനും പിന്നെ താരയും

 

വാല്മീകി രാമായണത്തിൽ ആരണ്യകാണ്ഡം അവസാന സർഗ്ഗങ്ങളിലാണ് ബാലി സുഗ്രീവ പരാമർശം വരുന്നത്. കിഷ്കിന്ധാ കാണ്ഡം ഇരുപത്തഞ്ചാം സർഗ്ഗത്തിൽ  ബാലിയുടെ വധത്തോടെ  സഹോദരങ്ങളിൽ ഒരാളുടെ ഭാഗം  അവസാനിക്കുകയായി. പിന്നീടങ്ങോട്ട് സുഗ്രീവനും, ബാലീപുത്രനായ അംഗദനുമൊക്കെയാണ് മറ്റു കഥാപാത്രങ്ങൾക്കൊപ്പം നിറഞ്ഞു നിൽക്കുന്നത്. 


രാവണൻ :പരാജിതരുടെ ഗാഥയ്ക്കും, രണ്ടു ഭാഗങ്ങളിലായി കഥ പറയുന്ന കൌരവ വംശത്തിന്റെ ഇതിഹാസത്തിനും ശേഷം പുരാണ ഇതിഹാസങ്ങളിൽ നിന്നു കൊണ്ട് വീണ്ടുമൊരു കഥ പറയുകയാണ്  ആനന്ദ് നീലകണ്ഠൻ, വാനരൻ എന്ന നോവലിലൂടെ. ബാലിസുഗ്രീവന്മാരുടെയും, ബാലീ പത്നി താരയുടെയും ചരിതമാണ് ഈ നോവൽ പറയുന്നത്. ചരിതം എന്ന വാക്കിന് വിവരം, ജീവചരിത്രം, കഥ എന്നൊക്കെ അർത്ഥമുണ്ട്.പക്ഷെ നോവലിലെ കാര്യമെടുക്കുമ്പോൾ കഥ  എന്ന വാക്കിനോടാണ് അത് കൂടുതൽ നീതി പുലർത്തുന്നത്. വാല്മീകി രാമായണത്തിലെ കിഷ്കിന്ധാ കാണ്ഡത്തിലെ ചില കഥാപാത്രങ്ങളെ മറ്റൊരു പശ്ചാത്തലത്തിൽ  പ്രതിഷ്ഠിച്ചിരിക്കുകയാണ് എഴുത്തുകാരൻ. രാമായണത്തിൽ നിന്നും ‘വാനരനി’ലേക്കു വരുമ്പോൾ കഥാപാത്രങ്ങൾക്കും, സംഭവങ്ങൾക്കും നിരവധി മാറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട്. പക്ഷെ പുതു കഥാപാത്രങ്ങളെ അധികമായി സൃഷ്ടിച്ചിട്ടുമില്ല . കപിശ്രേഷ്ഠരിൽ നിന്നും , ശാഖാമൃഗങ്ങങ്ങളിൽ നിന്നും വ്യത്യസ്തമായി വനനരന്മാരായാണ് അവരുടെ സമൂഹത്തെ ഇതിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നത്. 

ഋക്ഷ രജസ്സിന്റെ വളർത്തുപുത്രന്മാരായാണ് ബാലിയും, സുഗ്രീവനും ഇവിടെ അറിയപ്പെടുന്നത്. ഒരു നപുംസകമായി  അറിയപ്പെടുന്നുവെങ്കിലും യാഥാസ്ഥിതികരിൽ നിന്നും ,അവരുടെ  പഴഞ്ചൻ ആചാരങ്ങളിൽ നിന്നും പുറത്തു പോന്ന് കിഷ്കിന്ധ എന്ന പുതു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതുൾപ്പെടെയുള്ള പല കാര്യങ്ങളിലും ബാലിയ്ക്കും ,സുഗ്രീവനും,താരയക്കുമൊപ്പം അയാൾക്കും ‌ പങ്കുണ്ട്. 
മുസിരിസ് മഹാപുരിയിൽ വാണിരുന്ന അസുരചക്രവർത്തിയായ മഹാബലിയെയും കുറിച്ച് നോവലിൽ പരാമർശമുണ്ട്. അത് കേരളീയരുടെ ഓണവുമായി ബന്ധപ്പെട്ട  മഹാബലി തന്നെയാണ്. മാനുഷരെല്ലാരുമൊന്നു പോലെ എന്ന് ഉദ്‌ഘോഷിക്കുന്ന സമത്വവുമായി ബന്ധപ്പെട്ടാണ് മഹാബലി പരാമർശം കടന്നു വരുന്നത്. 


മഹാഭാരതത്തിൽ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്നതിന് സമാനമായ ഒരു സംഭവവും ഇവിടെയും കടന്നു വരുന്നുണ്ട്. വനനരകുലത്തിലെ യാഥാസ്ഥിതിക കൂട്ടരിൽ നിന്നും താരയ്ക്ക് അവഹേളനമേൽക്കുന്ന ഒരു സംഭവമാണിത്. തുണിയുരിയുന്നില്ലെങ്കിലും അത്രയ്ക്കും മോശമായ ഒരു ഘട്ടത്തിലൂടെ അവൾക്ക് കടന്നുപോകേണ്ടി വന്നു. ഋക്ഷരജസ്സൊഴികെ ആരും ആ  അനീതിക്കെതിരെ ശബ്ദമുയർത്തുന്നില്ല. തഴയപ്പെടുന്നവരുടെയും, സംഘർഷങ്ങളിൽപ്പെട്ടുഴലുന്നവരുടെയും അതിന്റെയൊക്കെ  തീവ്രാനുഭവങ്ങളുടെ   വെല്ലുവിളികളെ അതിജീവിക്കുന്നവരുടെ പ്രതീകമാണ് വാനരനിലെ താര. 

തന്റെ മുൻ നോവലായ പരാജിതരുടെ ഗാഥയിലെ രാവണന്റെ വിശ്വസ്തൻ ഭദ്രനെ അതേപോലെ ഇവിടെയും നിലനിർത്തിയിട്ടുണ്ട് എഴുത്തുകാരൻ. അധികാരത്തിലെത്തുന്നതുവരെയെ സമത്വത്തെകുറിച്ചും , സ്വാതന്ത്ര്യത്തേകുറിച്ചുമൊക്കെ ആളുകൾ സംസാരിക്കുകയുള്ളൂ. അവിടങ്ങളിൽ എത്തി കഴിയുമ്പോൾ  പഴയതെല്ലാം വീണ്ടും ആവർത്തിക്കും. അടിച്ചമർത്തലുകളും , തൊട്ടുകൂടായമയുമൊക്കെ വീണ്ടും കടന്നു വരും. പരാജിതരുടെ ഗാഥ യിലെ രാവണന്റെ കഥാപാത്രത്തെ ഓർക്കുക , എവിടെ നിന്നായിരുന്നു അയാളുടെ തുടക്കമെന്നും, എങ്ങനെയാണ് അയാൾ അധികാരത്തിലേറിയെന്നും.   ഇവിടെ വാനരനിൽ  കാർത്ത വീര്യാർജ്ജുനനാൽ തടവിലാക്കപ്പെട്ട് രാവണനും, സുഗ്രീവനും കഴിയുമ്പോൾ രാവണന്റെ ശരീരത്തിന് കുറുകെ  പൂണൂലുണ്ട്. തടവു മുറിയിൽ വച്ച് അബദ്ധത്തിൽ പോലും സുഗ്രീവനെ സ്പർശിക്കാതിരിക്കാൻ രാവണൻ ശ്രമിക്കുന്നുണ്ട്. തന്റെ  അഹംബോധത്തിൽ പോലും  സുഗ്രീവൻ അപരിഷ്കൃതനാണെന്നും ,വെറുമൊരു കുരങ്ങനാണെന്നും മാറ്റി നിർത്തേണ്ടവനാണെന്നും രാവണനറിയാം. 

വനനരകുലത്തിൽപ്പെട്ടവനാണെങ്കിലും നീതിമാനാണ് വാനരനിലെ ബാലി ,അന്യായമായ രീതിയിൽ  യുദ്ധം ജയിക്കുന്നതിനോട് എതിർപ്പുള്ളവനുമാണ്. ജെല്ലികെട്ടിൽ വച്ച് ആക്രമാസക്തമായി സുഗ്രീവനെയും അവരുടെ വളർത്തച്ഛനെയും ജീവച്ഛവമാക്കിയ  ദുന്ദുഭിയെന്ന കാളയുടെ  തല   തന്റെ ഗദ കൊണ്ട്  തച്ചു തകർത്ത് തന്റെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിച്ചപ്പോഴും ആ കൊലയിലെ അന്യായത്തിൽ അയാൾ നീറുന്നുണ്ട്. ജെല്ലികെട്ടിലെ പോരിൽ ഒരുത്തരത്തിലുമുള്ള ആയുധമുപയോഗിക്കാൻ  പാടില്ലായെന്നുള്ള നിയമം നിവർത്തികേടുകൊണ്ടാണെങ്കിൽ പോലും   പാലിക്കാൻ കഴിയാത്തതിൽ  അയാൾ തന്റെ സങ്കടം താരയോട് കരഞ്ഞു തീർക്കുന്നുമുണ്ട്. അത്തരമൊരു ദീർഘ രംഗം എഴുത്തുകാരൻ എഴുതി ചേർത്തതിലെ യുക്തിയെ അഭിനന്ദിക്കാതെ വയ്യ. പിന്നീട് രാമൻ ബാലിയെ വധിക്കുമ്പോൾ ബാലിയ്ക്ക് ചോദിക്കാൻ ന്യായങ്ങളുണ്ടാവേണ്ടതുണ്ട്. മൃഗങ്ങളെ, ഇങ്ങോട്ട് പോര് ചെയ്താലും ഇല്ലെങ്കിലും വധിക്കാമെന്നുള്ള ന്യായത്തിന്റെ പുറത്താണല്ലോ രാമൻ ബാലിയെ അമ്പെയ്ത് കൊല്ലുന്നത്. അങ്ങനെയുള്ളപ്പോൾ മൃഗങ്ങളോടുള്ള പോരിൽ പോലും ധർമ്മത്തെ പുലർത്തുന്ന ബാലിയ്ക്കു രാമനെ ഉത്തരം മുട്ടിക്കുന്ന  ചോദ്യങ്ങളുയർത്തേണ്ടതുണ്ട്. ഭക്ഷണത്തിനും ,ഇണയ്ക്കും വേണ്ടി മാത്രമേ വന നരന്മാർ പോരാടിക്കാറുള്ളൂ എന്ന് ബാലി ഇടയ്ക്കിടെ എല്ലാവരെയും ഓർമിപ്പിക്കാറുള്ളതുമാണ്. 


വാനരനിലെ കഥ ബാലിയുടെയും ,സുഗ്രീവന്റെയും, താരയുടെയുമൊക്കെ കഥയാണെങ്കിലും ഇതിലെ നായകൻ ബാലിതന്നെയാണ്.അടിച്ചമർത്തപ്പെട്ടവരുടേയും,ന്യായം നിഷേധിക്കപ്പെട്ടവരുടേയും പ്രതിനിധിയാണയാൾ.
സുഗ്രീവനും,രാവണ സഹോദരനായ വിഭീഷണനുമുൾപ്പെടെ താരയുടെ മേൽ കണ്ണുള്ളവരാണ്. ജ്യേഷ്ഠ പത്നി മണ്ഡോദരിയെ കാംക്ഷിക്കുന്ന ഒരു വഷളനായാണ് വിഭീഷണൻ ഇതിൽ പ്രത്യക്ഷപ്പെടുന്നത്.  
 ഒരു തരത്തിൽ ബാലിയുടെ മരണത്തിന് കാരണമായത് തന്നെ സുഗ്രീവന്റെ താരയോടുള്ള കാമത്തിൽ പൊതിഞ്ഞ അഭിനിവേശമാണ്. പുതുകാലത്തിന്റെ പ്രതിനിധിയാണ് ബാലിപുത്രനായ അംഗദൻ. 
ധർമ്മചാരിയായ ബാലിയെ പോലുള്ളവർക്ക് ഈ ലോകത്തിൽ സ്ഥാനമില്ല. ശരിയും തെറ്റും എന്ന ലളിതമായ വിവേചനബോധത്തിന്റെ സ്ഥാനത്ത് സങ്കീര്‍ണ്ണമാക്കപ്പെട്ട സാധൂകരണങ്ങൾ ഇടം പിടിക്കും. ഹ്രസ്വകായന്മാർ അന്ധരായ ഭക്തന്മാരാൽ വാഴ്ത്തപ്പെടുകയും അതികായന്മാരായി മാറ്റപ്പെടുകയും ചെയ്യും. ഭിന്നാഭിപ്രായമുള്ള ഏതൊരാളെയും അവർ ചെന്നായ്ക്കളെ പോലെ ആക്രമിക്കുകയും ,നശിപ്പിക്കുക്കയും ചെയ്യും. ആ അന്ധകാരയുഗത്തിൽ മറ്റുള്ളവർക്ക് ഒരു ദീപമായിരിക്കാനാണ് ബാലി താരയോടാവശ്യപ്പെടുന്നത്.   

രാമായണത്തിലെ ബാലിയെയും ,സുഗ്രീവന്റെയും വാനരനിലേക്ക് അതിമനോഹരമായി തന്നെയാണ് എഴുത്തുകാരൻ എടുത്തു പ്രതിഷ്ഠിച്ചിരിക്കുന്നത്.പറയപ്പെട്ടിട്ടില്ലാത്ത അവരുടെ പല കഥകൾക്കും, സംഭവങ്ങൾക്കും കൗതുകകരമായ  ഭാഷ്യം തന്നെയാണ് ചമച്ചു വച്ചിരിക്കുന്നത്. അത് തന്നെയാണ് നോവലിന്റെ ഒരു പ്രത്യേകതയും. 


മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ആനന്ദ് നീലകണ്ഠന്റെ രാവണൻ:പരാജിതരുടെ ഗാഥ വിവർത്തനം ചെയ്ത എൻ ശ്രീകുമാർ തന്നെയാണ് വാനരനും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വില 450 രൂപ. 

Leave a comment