സോവിയറ്റ് യൂണിയൻ തങ്ങളുടെ മഹത്തായ ദേശസ്നേഹയുദ്ധമെന്നു വിശേഷിപ്പിച്ചിരുന്ന നാസികൾക്കെതിരായുള്ള രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത അഞ്ഞൂറിൽപ്പരം സ്ത്രീകൾ അവരുടെ യുദ്ധകാല ജീവിതത്തെ സ്വന്തം വാക്കുകളാൽ വിവരിക്കുന്ന പുസ്തകമാണ് സ്വെറ്റ്‌ലാന അലക്സിവിച്ചിന്റെ യുദ്ധഭൂമിയിലെ സ്ത്രീപോരാളികൾ എന്ന പുസ്തകം.
അമേരിക്കൻ ഐക്യനാടുകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ മൂന്നര ലക്ഷം സ്ത്രീകൾ സായുധ സേനയിൽ സേവനമനുഷ്ഠിച്ചു എന്ന് പറയപ്പെടുന്നു. എന്നാൽ സോവിയറ്റ് സേനയിൽ ഒരു കോടിയലധികം സ്ത്രീകളുണ്ടായിരുന്നു. സ്ത്രീകൾ ,യുദ്ധമുഖത്തേക്കു ആവശ്യമുള്ള ഡോക്ടർമാരും ,നഴ്‌സുമാരായി പരിമിതപ്പെടുകയല്ല മറിച്ച് , പൈലറ്റുമാർ, ടെലിഫോൺ ഓപ്പറേറ്റർമാർ,ടാങ്ക് ഡ്രൈവർമാർ, മെഷീൻ ഗണ്ണർമാർ, സ്‌നൈപ്പർമാർ എന്നുവേണ്ട യുദ്ധരംഗത്തു സ്ത്രീകളുടെ കൈ പതിയാത്ത ഒരിടവും ബാക്കിയില്ല എന്ന തരത്തിൽ അവരെ സേവനം നിറഞ്ഞു നിൽക്കുകയാണുണ്ടായത് . യുദ്ധവിജയത്തിൽ സോവിയറ്റ് സേനയിലെ സ്ത്രീകളുടെ സംഭാവന വളരെ വലുതായിരുന്നു എന്ന് ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ മനസ്സിലാകും.
യുദ്ധം ചുറ്റുമുള്ള എല്ലാവരുടെയും ജീവിതത്തിൽ അത്രമേൽ സ്വാധീനിക്കപ്പെടുകയും ആഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.അതിൽ സാധാരണക്കാരെന്നോ ,പട്ടാളക്കാരെന്നോ വ്യത്യസമുണ്ടായിരുന്നില്ല. യുദ്ധം പോറി വിട്ട ആഘാതങ്ങളിൽ നിന്നും മരിക്കുവോളം അതിന്റെ ഭയപ്പെടുത്തുന്ന ഓർമ്മകൾ അവരെ വേട്ടയാടി. സോവിയറ്റ് ഭരണകൂടം അംഗീകരിച്ചു പുറത്തുവിട്ട യുദ്ധത്തിന്റെ ഔദ്യോഗിക രേഖകളിൽ സ്ത്രീകളുടെ ശബ്ദം വേണ്ട വിധമെന്നല്ല ,കാര്യമായി ഒന്നും തന്നെ രേഖപ്പെടുത്തിരുന്നില്ല . എഴുത്തുകാരിയും പത്രപ്രവർത്തകയുമായ അലക്സിവിച്ച് , വർഷങ്ങളോളം നിരവധിയിടങ്ങളിൽ സഞ്ചരിച്ച് യുദ്ധത്തിൽ പങ്കെടുത്ത നിരവധി സ്ത്രീകളുമായി സംസാരിക്കുകയും , അഭിമുഖങ്ങളിലൂടെയും മറ്റും അവരുടെ ഓർമ്മകൾ പകർത്തിയെടുത്തു .വേണമെങ്കിൽ ഒരു വാമൊഴി ചരിത്രമായി ഈ പുസ്തകത്തെ കണക്കാക്കാം. അതിലെ വസ്തുതകളിൽ പലതും പക്ഷെ സോവിയറ്റു യൂണിയൻ നൽകി പോന്ന വിവരണങ്ങൾക്ക് വിരുദ്ധമാണ് എന്നുള്ളതാണ് മറ്റൊരു കാര്യം.
പുസ്തകത്തിലെ വിവരണങ്ങൾ ഒരുപക്ഷെ യുദ്ധത്തിൽ സ്ത്രീകളെക്കുറിച്ചുള്ള പൊതുധാരണകളേയും ,കാഴ്ചപ്പാടുകളെയും പൊളിച്ചെഴുതാൻ തക്ക ശക്തിയുള്ളതാണ്. യുദ്ധമുഖത്തെ വീരകഥകൾ മാത്രമല്ല ദാരുണവും,അതിഭയങ്കരമായി വേദനിപ്പിക്കുന്നതും ഹൃദയം തകർക്കുന്നതുമായ അനുഭവങ്ങൾ വായിക്കാം. കരയുന്ന ശബ്ദം കേട്ട് ശത്രുക്കളുടെ കൈയ്യിൽ പെടാതിരിക്കാൻ വേണ്ടി സ്വന്തം കൈക്കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊല്ലുന്നതുപോലെയുള്ള അനുഭവങ്ങൾ ഈ പുസ്തകത്തിൽ ഒരു സ്ത്രീ വിവരിക്കുന്നുണ്ട്.
പുരുഷ പക്ഷത്തു നിന്നുകൊണ്ട് മാത്രം യുദ്ധമുഖത്തെ കഥകൾ കേട്ടുകൊണ്ടിരിക്കുന്ന ആ പഴയ ശീലത്തെ മറിച്ചിടാനുള്ള ഒരു ശ്രമം ഈ പുസ്തകത്തിൽ കാണാം . യുദ്ധത്തിൽ നമ്മൾ നായകൻമാരെ കുറിച്ച് മാത്രമേ കൂടുതലും കേട്ടിട്ടുള്ളൂ . എന്നാൽ ഈ പുസ്തകം നിറയെ നായികമാർ മാത്രമേയുള്ളു. സ്ത്രീകളുടെ അവിശ്വസനീയമായ ധീരതയുടെയും, നിശ്ചയ ദാർഢ്യത്തിന്റെയും കണ്ടെത്തലുകളാണ് ഈ നോവലിൽ അടയാളപ്പെടുത്തിയിട്ടിരിക്കുന്നത്.
1948 ൽ ആണ് സ്വെറ്റ്‌ലാന അലക്സിവിച്ച് ജനിച്ചത്. അവരുടെ അടുത്ത ബന്ധുക്കൾ നാസികളാൽ ജീവനോടെ ചുട്ടുകൊല്ലപ്പെട്ടിരുന്നു. അവർ വളർന്ന ബെലാറസിലെ ഗ്രാമനിവാസികളിൽ ഭൂരിഭാഗവും വിധവകളായിരുന്നു എന്നവർ പറയുന്നുണ്ട്. 1985-ൽ റഷ്യൻ ഭാഷയിൽ ഈ പുസ്തകം ഇറങ്ങിയപ്പോൾ നിരവധി സെൻസർ ഇടങ്ങളിൽ കയറിയിറങ്ങേണ്ടി വന്നു എഴുത്തുകാരിക്ക്.അവരുടെ പ്രധാന ആരോപണം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളും , സൈനികരും സാധ്യമാക്കിയ വിജയത്തിന്റെ ആ വലിയ ചരിത്രത്തെ അലക്സിവിച്ച് തുരങ്കംവെച്ചു എന്നതായിരുന്നു .
2015 ൽ അലക്സിവിച്ചിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.സാഹിത്യ നോബൽ നേടിയ ആദ്യത്തെ പത്രപ്രവർത്തക കൂടിയാണിവർ . ഇംഗ്ലീഷ് പരിഭാഷ 2017 ലാണ് പുറത്തുവന്നത്.
നൊബേൽ സമ്മാനം നേടുന്നതുവരെ രാജ്യത്തിന് പുറത്തു അലക്സിവിച്ച് അത്ര പ്രശസ്തയൊന്നുമല്ലായിരുന്നു.അവരുടെ യുദ്ധഭൂമിയിലെ സ്ത്രീപോരാളികൾ എന്ന ഈ നോവൽ നോൺ ഫിക്ഷൻ സാഹിത്യമല്ലെന്ന എതിർപ്പും നേരിടേണ്ടി വന്നിരുന്നു.
നൊബേൽ സമ്മാനം നേടുന്നതുവരെ രാജ്യത്തിന് പുറത്തു അലക്സിവിച്ച് അത്ര പ്രശസ്തയൊന്നുമല്ലായിരുന്നു.അവരുടെ യുദ്ധഭൂമിയിലെ സ്ത്രീപോരാളികൾ എന്ന ഈ നോവൽ നോൺ ഫിക്ഷൻ സാഹിത്യമല്ലെന്ന എതിർപ്പും നേരിടേണ്ടി വന്നിരുന്നു.
വിവരണങ്ങളുടെ തീവ്രത കൊണ്ട് ഒരു പക്ഷെ സുഖകരമായ ഒരു വായന ആയിരിക്കില്ല ഈ പുസ്തകം സമ്മാനിക്കുക. ഗ്രീൻ ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത് , രമാ മേനോൻ ആണ് വിവർത്തനം ചെയ്തിരിക്കുന്നത്,വില 400 രൂപ.
