ശത്രുഘ്നൻ എഴുതിയ ഭരതന്റെ ജാതകം

രാമായണത്തിൽ നിന്നും  പ്രചോദനമുൾക്കൊണ്ടുകൊണ്ട് നിരവധി സാഹിത്യകൃതികൾ പിറവിയെടുത്തിട്ടുണ്ട്. രാമായണത്തിന്  നിരവധി ഭാഷ്യങ്ങൾ ഉണ്ടായതുപോലെ അതിൽ നിന്നും ഉരുത്തിരിഞ്ഞ  കഥകളും ,കഥാപാത്രങ്ങളും നിരവധിയാണ്. അത്തരത്തിൽ പിറവികൊണ്ട ഒരു കൃതിയാണ് ഭരതജാതകം എന്ന നോവൽ. ഭരതന്റെ ഈ ജാതകം എഴുതിയതാകട്ടെ ശത്രുഘ്‌നനും. രാമന്റെ ഏറ്റവും ഇളയ സഹോദരനും ലക്ഷ്മണന്റെ ഇരട്ട സഹോദരനുമായ സുമിത്രാപുത്രൻ ശത്രുഘ്നനല്ല ഈ ശത്രുഘ്നൻ. വി ഗോവിന്ദൻകുട്ടി മേനോൻ എന്ന എഴുത്തുകാരന്റെ മറ്റൊരു പേരാണ് ശത്രുഘ്നൻ. ശത്രുഘ്നന്റെ ഭരതജാതകത്തെ കുറിച്ചാണ് ഇത്തവണത്തെ  പുസ്തകപരിചയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 


പേരു സൂചിപ്പിക്കുന്നപോലെ ഭരതന്റെ വീക്ഷണകോണിൽ നിന്നുകൊണ്ടുള്ള ഒരു കഥപറച്ചിലാണ് ഭരതജാതകത്തിൽ നമുക്ക് കാണാനാവുക. നീതിശാസ്ത്രത്തിലും, രാജദണ്ഡശാസ്ത്രങ്ങളിലും,അസ്ത്രവിദ്യയിലും അതീവ താല്പര്യമുള്ളവനാണ് ഭരതൻ. പതിനാലു വർഷത്തെ വനവാസത്തിനു ശേഷം രാമൻ മടങ്ങിവരുമെന്നു പറഞ്ഞിരുന്ന ആ ദിവസത്തിലാണ്  നോവലാരംഭം കുറിച്ചിരിക്കുന്നത്. കഥ പിന്നീട് ഭരതനറെ ഓർമ്മകളിലൂടെ  മുന്നോട്ടു പോകുകയും ഒടുവിലെത്തുമ്പോൾ മാത്രം കഥ നേരിട്ട് നമ്മളോട് പറയുകയും ചെയ്യുന്നു. 

രാമായണത്തിലെന്ന പോലെ മന്ഥര ഇവിടെയും അതേ  വേഷം തന്നെ കെട്ടിയാടുകയാണ്. ചെറുപ്പം തൊട്ടേ ഭരതമുഖത്തേക്ക് അസൂയയുടെ വലകൾ നെയ്തു പിടിപ്പിക്കുന്നത് ഈ മന്ഥര തന്നെയാണ്.  തന്റെ മകന് വേണ്ടിയുള്ള കൈകേയിയുടെ രാജ്യാധികാരതൃഷ്ണ ഉരുവം കൊണ്ടത് മന്ഥര മൂലമാണെന്നാണല്ലോ പറയപ്പെടുന്നത്. 

അയോദ്ധ്യ ഭരതന് അവകാശപ്പെട്ട രാജ്യമാണെന്നാണ് കൈകേയി ഭരതനോട് എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് തട്ടിയെടുത്ത് രാമനു നൽകാനുള്ള ഗൂഢാലോചനയാണ് ദശരഥൻ നടത്തിയതെന്നാണ് കൈകേയി യുടെ ആരോപണം. എന്നാൽ മൂത്ത പുത്രനും  ആയോധന വിദ്യയിലും, ശാസ്ത്ര,രാജ്യവിചാര ശാസ്ത്രത്തിലുമൊക്കെ നിപുണനുമായ ഒരാൾ പാരമ്പര്യമനുസരിച്ചു രാജ്യാധികാരം ഏറ്റെടുക്കേണ്ടയിടത്ത്, ഏതു ന്യായത്തിന്റെ പുറത്താണ് രാജ്യം ഭരതന് മാത്രം അവകാശപെട്ടതാകുന്നതെന്നു കൈകേയി പറയുന്നില്ല. 

കൈകേയി മാത്രമല്ല  ഈ പുസ്തകത്തിൽ ഒരിടത്തും അതിനെ പറ്റി ആരും പറയുന്നില്ല. കൈകേയി ദശരഥനോട്  ചോദിക്കാനായി ഒളിപ്പിച്ചു വെച്ചിരുന്ന ആ രണ്ട്‌ ആഗ്രഹങ്ങളുടെ ,വരങ്ങളുടെ പുറത്താകണം രാജ്യാധികാരം തന്റെ മകന് അവകാശപ്പെടുന്നതെന്നു വേണം അനുമാനിക്കാൻ. 

സൂത്രത്തിൽ രാമനു അധികാരം കൈമാറാൻ വേണ്ടിയും, അവിടെ എതിർപ്പുണ്ടാകതിരിക്കാനും വേണ്ടിയാണത്രെ ഭരതനെയും ശത്രുഘ്നനെയും അമ്മവീടായ കേകയത്തിലേക്കു അയച്ചത്.കേകേയ രാജാക്കന്മാർ അതറിഞ്ഞാൽ ദശരഥന്റെ ആ തീരുമാനം അനുവദിക്കില്ലായിരുന്നെന്നുവെന്നും കൈകേയി പറയുന്നുണ്ട്. ഏതു യുക്തിയുടെ പുറത്താണ് കേകേയ രാജാക്കന്മാർ അങ്ങനെ ചിന്തിക്കുന്നതെന്നും ഇതിലെ ഒരു കഥാപാത്രവും  പറയുന്നില്ല. അവരുടെ യുദ്ധനിപുണതയ്ക്കു മുന്നിൽ ദശരഥന്റെ അയോധ്യക്ക് തോൽവി സംഭവിക്കുമെന്നാണ് കൈകേയി പറയുന്നത്. ദേവകൾക്കു പോലും തോൽപ്പിക്കാൻ കഴിയാതിരുന്ന ,ദേവലോകം വിറപ്പിച്ച രാക്ഷസന്മാരെ വരെ പത്തു ദിക്കിൽ നിന്ന് കൊണ്ട് പോലും അമ്പുകളെയ്തു  തോറ്റോടിപ്പിച്ചുകൊണ്ട്  ഇന്ദ്രനെ പോലും സഹായിച്ച ദശരഥന്, തൊട്ടപ്പുറത്തു കിടക്കുന്ന  ഒരു കേകേയ രാജ്യത്തിലെ രാജാക്കൻമാരെ തോൽപ്പിക്കാനാവില്ല എന്നൊക്കെ കൈകേയിലൂടെ വായനക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാൻ എഴുത്തുകാരൻ നന്നായി പാടുപെട്ടിട്ടുണ്ട്. 

സാധാരണ ഇത്തരം നോവലുകളിൽ തനറെ കഥാപാത്രത്തെ ഉയർത്തികാണിക്കുന്നതിനായും, അവരുടെ വാക്കുകളെ ന്യായീകരിക്കുന്നതിനും വേണ്ടി പുതുകഥാപാത്രങ്ങളെയും , സംഭവങ്ങളെയും എഴുത്തുകാർ തനറെ നോവലുകളിൽ  സൃഷ്ടിക്കാറുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലുമൊക്കെ   ഈ ഭാഗങ്ങളിൽ എഴുത്തുകാരൻ ചേർത്തിരുന്നുവെങ്കിൽ വായനക്കാർക്ക് കൂടുതൽ വിശ്വാസയോഗ്യമാകുമായിരുന്നു. 

എന്നാൽ ഈ പുസ്തകത്തിൽ മറ്റു ചില ഭാഗങ്ങളിൽ അത്തരം സംഭവങ്ങൾ ധാരാളമായി ചേർത്തിട്ടുമുണ്ട്. രാവണൻ സീതയെ തിരിച്ചു തരുമെങ്കിൽ രാമന് അവകാശപ്പെട്ട അയോദ്ധ്യ രാവണന് നൽകാമെന്ന് രാമൻ രാവണനോട് അപേക്ഷിച്ചിരുന്നു  എന്നത് അതിന്റെ ഒരുദാഹരണം മാത്രം. അതുപോലെ ഹനുമാന്റെ അഹങ്കാരം ഭരതൻ തീർക്കുന്നതും മറ്റൊരു ഉദാഹരണം.
  
സാഹചര്യങ്ങളുടെ സമ്മർദ്ദവും, പ്രതികൂലചുറ്റുപാടുകളുമാണ് ഒരിക്കലൂം ആഗ്രഹിച്ചിട്ടില്ലാത്ത  ഈ രാജ്യഭാരം തനിക്കു ഏൽക്കേണ്ടി വന്നതെന്ന് പേർത്തും പേർത്തും ഭരതൻ ഉദ്‌ഘോഷിക്കുന്നുണ്ട്. അച്ഛന്റെ വാക്കുകൾ സത്യമാക്കാൻ ജ്യേഷ്ഠന് പകരം ഭരതൻ പതിനാലു സംവത്സരം വനവാസം അനുഷ്ഠിക്കുമെന്നും  അങ്ങനെ സംഭവിച്ചില്ലെങ്കിൽ പിന്നെ ആ  ഭൂമുഖത്തു ഭരതൻ ഉണ്ടാകില്ല എന്നു  പ്രപഞ്ചം മുഴുവനും നടുക്കിയ ഒരു പ്രതിജ്ഞ കൗസല്ല്യയുടെ മുൻപിൽ വച്ച് നടത്തിയ ഭരതൻ, ആ പ്രതിജ്ഞയ്ക്ക് പിന്നീടെന്തു പറ്റി എന്ന് ഒരക്ഷരം മിണ്ടുന്നില്ല. കൊടുത്ത വാക്കും, പ്രതിജ്ഞയും പാലിക്കാൻ ഏതറ്റവും പോകുന്നവരാണ് ഈ  കഥാപാത്രങ്ങൾ എന്ന് ഓർമ വേണം. 

മാത്രവുമല്ല അയോദ്ധ്യ രാവണന് നൽകാമെന്ന് രാമൻ പറഞ്ഞിരുന്നുവെന്ന് അറിയുമ്പോൾ അതെങ്ങനെ ശരിയാകും, ഇപ്പോൾ രാജ്യാധികാരം ഇല്ലാത്ത ഒരാൾക്ക് അങ്ങനെയൊരു വാഗ്ദാനം നല്കാനാകുമോ എന്നും, താൻ അതിനു അനുവദിക്കുമോ എന്നെല്ലാം ഭരതൻ ചിന്തിക്കുന്നുമുണ്ട്. രാമൻ അധികാരമോഹിയാണെന്നും , ഭരതൻ രാജ്യാധികാരാകാംക്ഷിയല്ല എന്നുമൊക്ക   കാണിക്കാൻ വേണ്ടി നിരവധി സന്ദർഭങ്ങൾ നോവലിൽ ചേർത്തിട്ടുണ്ടെങ്കിലും  ഇത്തരം ചിന്തകളിലൂടെ,രാജ്യവും  രാജ്യാധികാരത്തിന്റെ സുഖവും  ഭരതനും ഉള്ളാലെ ആഗ്രഹിച്ചിരുന്നുവെന്നു വേണം കരുതാൻ. 

വാല്മീകി രാമായണത്തിലെ അയോദ്ധ്യാകാണ്ഡം ഒന്നുകൂടെ എടുത്തു വായിക്കാൻ ഈ നോവൽ ഇടയാക്കി എന്നുള്ളതാണ് സത്യം. ഈ നോവൽ പിറന്നതിനു പിന്നിലെ അയോധ്യാകാണ്ഡത്തിലെ വിപ്രോഷിതശ്ച … എന്ന് തുടങ്ങുന്ന വരികൾ എഴുത്തുകാരൻ പുസ്തകത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതു  കൊണ്ടു മാത്രമല്ല അത്. ഓരോ വായനയിലും പുതു അർത്ഥങ്ങളും ,ഭാഷ്യങ്ങളും ചമയ്ക്കാൻ രാമായണത്തിന് കഴിയുന്നുണ്ടല്ലോ എന്ന തിരിച്ചറിവുകൂടിയാണ് അതിനു കാരണം. 
 
ശത്രുഘ്നൻ എന്ന  വി ഗോവിന്ദൻകുട്ടി മേനോന്റെ തിരക്കഥയിൽ പിറന്ന സിനിമകളാണ് ഈ പുഴയും കടന്ന് ,കളിയൂഞ്ഞാല്,നക്ഷത്രതാരാട്ട്,സ്പർശം,നിറം എന്നിവ. സത്യഭാമ ,മായാമുരളി ,മഥുരാപുരി തുടങ്ങിയവയാണ് മറ്റു കൃതികൾ. പൂർണ്ണ പബ്ലിക്കേഷൻസ് ആണ് ഭരതജാതകത്തിന്റെ പ്രസാധകർ, വില 200 രൂപ. 

Leave a comment