![]() |
അംഗരക്ഷനെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള ഒരു പത്ര പരസ്യം കണ്ട് മോഡേൺ എൻറർപ്രൈസ് എന്ന കമ്പനിയിലേക്ക് അപേക്ഷ അയക്കുകയും അവിടുത്തെ അസാധാരണ സംഭവങ്ങളിലും, വിചിത്രമായി പെരുമാറുന്ന ആളുകളെയും വകവെയ്ക്കാതെ അവിടെതന്നെ ജോലിയ്ക്ക് കേറുന്ന ആളാണ് നമ്മുടെ കഥാനായകനായ ഫ്രാങ്ക് മിച്ചൽ. നെറ്റ എന്ന സുഹൃത്തിന്റെ അപ്പാർട്മെന്റിൽ അവളുടെ കാരുണ്യം കൊണ്ടാണ് അയാൾ കഴിഞ്ഞു കൂടുന്നത്. പുതിയ ജോലി ,തനിക്കൊരു ആശ്വാസമാകുമെന്നും,അതുകൊണ്ടു അവളുടെ ഔദാര്യം പറ്റുന്നതിൽ നിന്നും രക്ഷപ്പെടാമെന്നും ഫ്രാങ്ക് കണക്കുകൂട്ടുന്നു.
നെറ്റയാണെങ്കിൽ ഫ്രാങ്ക് മിച്ചലിനുമേൽ അത്രമേൽ താല്പര്യമുള്ളവളുമാണ് . അയാൾക്ക് വേണ്ടി എന്തും സഹിക്കാൻ അവൾ ഒരുക്കമാണ്. അയാൾ എപ്പോളും അവളുടെ കൂടെ ഉണ്ടായിരുന്നാൽ മാത്രം മതി എന്നൊരു നിർബന്ധം മാത്രമേ അവൾക്കുള്ളൂ.
പക്ഷേ ആ പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ച് ഫ്രാങ്ക് മിച്ചൽ ,ഹെൻറി സാരെക്കിന്റെ അംഗരക്ഷകനായി ജോലി ഏറ്റെടുക്കുന്നു.അയാൾ സാരെക്കിന്റെ വീട്ടിൽ തമാസമാക്കുന്നു. സാരെക്കിന് ഇതിനോടകം തന്നെ മൂന്നു ഭീഷണി കത്തുകൾ വന്നു കഴിഞ്ഞു. അതാരാണെന്ന് കണ്ട് പിടിക്കണം, സാരെക്കിനെ എതിരാളികളിൽ നിന്നും സംരക്ഷിക്കുകയും വേണം. അയാൾ ജോലിയ്ക്ക് കയറിയതിനു ശേഷവും അയാൾക്ക് ഭീഷണിപ്പെടുത്തുന്ന കത്തുകൾ ലഭിക്കുന്നുമുണ്ട് .സാരെക്കിന്റെ ഭാര്യ റീത്ത വളരെ സുന്ദരിയാണെങ്കിലും ഫ്രാങ്കിനെ അവൾക്കിഷ്ടപ്പെടുന്നില്ല.
ബ്ലാക്ക് മാർക്കറ്റിലെ വജ്രവില്പ്പനക്കാരനാണ് സാരെക്ക്. അധികമാർക്കും വെളിപ്പെടാത്ത ഒരാൾ. അയാളുടെ നീക്കങ്ങളും പ്രവർത്തികളുമെല്ലാം നിഗൂഡമാണ്. ഫ്രാങ്ക് അയാളുടെ രഹസ്യങ്ങളെ മനസ്സിലാക്കാന്നുള്ള ഒരു അന്വേഷണം നടത്തുന്നു. പക്ഷേ അയാൾക്ക് മുന്നില് വെളിപ്പെട്ടത് നിരവധി രഹസ്യങ്ങളാണ്. അതിന്റെ പിന്നാലെ പോയി നിരവധി കുഴപ്പങ്ങളിലും ഫ്രാങ്ക് വന്നു വീഴുകയാണ്.
എങ്ങോട്ടാണ് കഥയുടെ പോക്ക് എന്ന് ഊഹിക്കാൻ ഒരു സാധ്യതയും ചെയ്സ് വായനക്കാരന് നല്കുന്നില്ല .പക്ഷേ ചെയ്സിന്റെ മറ്റു നോവലുകളിലെ പോലെ നിരവധി കഥാപാത്രങ്ങളൊന്നും ഇതിലില്ല. പതിയെ മാത്രം തുടങ്ങുന്ന ഒരു നോവലാണിത്.
ഒരു പക്ഷേ ഫ്രാങ്ക് മിച്ചലിനെ ഇപ്പോഴാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ സ്ത്രീപക്ഷ വാദികൾ അയാളെ പൊങ്കാലയിട്ടെനെ. ചെയ്സിനെതിരെ പ്രചാരണങ്ങൾ ഇറങ്ങിയേനെ. സ്ത്രീ വിരുദ്ധത കൊണ്ട് നടക്കുന്ന ആളാണ് ഈ നോവലിലെ നായകൻ. സ്ത്രീകളിൽ നിന്നും ആജ്ഞകൾ സ്വീകരിക്കാൻ ഇഷ്ടമില്ലാത്തയാളാണ് അയാൾ. അത്തരമൊരു അവസ്ഥ വന്നാൽ കിട്ടിയ ജോലി പോലും രാജി വെച്ചു കളയും എന്നുവരെ ഫ്രാങ്ക് പറയുന്നുണ്ട്. തുടക്കത്തിൽ നെറ്റയുടെ കൂടെയായിരുന്നു താമസം എന്ന് പറഞ്ഞുവല്ലോ, അവൾ കാണിക്കുന്ന അത്ര താല്പര്യമൊന്നും ഫ്രാങ്കിന് തിരിച്ചങ്ങോട്ടില്ല. അവളുടെ സ്നേഹപ്രകടനനങ്ങളോടും അയാൾക്ക് വലിയ മതിപ്പില്ല. ചപ്പുചവറുകളും പ്രേമകഥകളും വായിക്കുന്നവരാണ് എല്ലാ സ്ത്രീകളും. തൊഴിൽ പരമായ കാര്യങ്ങൾ അവരെ എൽപ്പിക്കാൻ ഇഷ്ടമില്ലാത്ത അക്കൂട്ടരുടെ സ്ഥാനം വീട്ടിലാണെന്നാണ് പുള്ളിയുടെ പക്ഷം.
മരണം വിതച്ച കുപ്പായം എന്നാണ് മലയാളത്തിൽ ഈ പുസ്തകത്തിന്റെ പേരെന്ന് പറഞ്ഞുവല്ലോ. പക്ഷേ ഈ പുസ്തകത്തിൽ അതിന്റെ യഥാർഥ പേര് എവിടെയും കൊടുത്തിട്ടില്ല. മനപ്പൂർവം ചേർക്കാഞ്ഞതാണോ അതോ വിട്ടുപോയതാണോ എന്നറിയില്ല . In a Vain Shadow എന്ന പേരിൽ 1951 ൽ പുറത്തിറങ്ങിയ നോവലാണിത്. പിന്നീട് Never Trust a Woman എന്ന പേരിൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. നായക കഥാപാത്രം നോവലിന്റെ പേരിനോട് നീതി പുലർത്തുകയും ചെയ്തു.
നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് ഭാസ്കരൻ പയ്യന്നൂർ ആണ്. ജെയിംസ് ഹാഡ്‌ലി ചെയ്‌സിന്റെ എഴുപതിൽ പരം കൃതികൾ അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. പുസ്തകം പുറത്തിറക്കിയിരിക്കുന്നത് പുസ്തക പ്രസാധന രംഗത്ത് ശ്രദ്ധേയമായ ചുവടുവെയ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഡോൺ ബുക്ക്സ് ആണ്. ചെയ്‌സിന്റെ നിരവധി പുസ്തകങ്ങൾ ഇതിനകം ഡോൺ ബുക്ക്സ് പുറത്തിറക്കി കഴിഞ്ഞു. അണിയറയിൽ ചെയ്‌സിന്റെ നിരവധി വിവർത്തന പുസ്തകങ്ങൾ ഒരുങ്ങുന്നുമുണ്ട്. പുസ്തകത്തിന്റെ വില 220 രൂപ.
