ചിലരുടെ ഓർമ്മകുറിപ്പുകൾ വായിക്കുമ്പോൾ മനസ്സിന്റെ കോണിൽ എവിടെയോ മറന്നിട്ടു പോയ സംഭവങ്ങളെ ഓർക്കാനിടവരുത്താറുണ്ട് . ചിലതു വായിക്കുമ്പോൾ ഇത് എന്റെ കഥ തന്നെയല്ലെയോ എന്ന് സന്ദേഹപ്പെടാറുമുണ്ട്. പുസ്തകാസ്വാദനം പോലെത്തന്നെയാണ് ഈ ഓർമ്മകുറിപ്പുകളുടെ കാര്യവും. എനിക്ക് വായിച്ചു ഇഷ്ടപ്പെട്ടതും, ഓർമ്മകളുടെ തിരശീല നീക്കി പുറത്തുവന്നതുമായ അനുഭവങ്ങൾ മറ്റൊരാൾക്ക് അതേപോലെ അനുഭവപ്പെടണമെന്നില്ല. മറ്റു ചിലരുണ്ട്, തങ്ങളുടെ ഭാഷയുടെ സൗന്ദര്യം കൊണ്ട് അവരുടെ അത്തരം കുറിപ്പുകൾ നമ്മെ ഇരുത്തി വായിപ്പിച്ചു കളയും. അവസാനം പറഞ്ഞവിഭാഗത്തിൽപ്പെട്ട ഒന്നാണ് മനോജ് വെങ്ങാലയെഴുതിയ പായ എന്ന പുസ്തകം. പുസ്തകങ്ങളും,മനുഷ്യരും ,ജീവിതങ്ങളുമൊക്കെയായി പായ പോലെ നീണ്ടു പരന്നു കിടപ്പുണ്ട് അനുഭവങ്ങളും ഓർമകളും ഈ പുസ്തകത്തിൽ.
അനുഭവങ്ങൾ പേറുന്ന ഓർമകളുടെ ഭാരം ഒന്നു ഇറക്കിവെയ്ക്കാനുള്ള ഒരു ശ്രമമാണ് മനോജ് വെങ്ങോല നടത്തിയിരിക്കുന്നത്. ഓർമകളുടെ കൂട്ടപ്പൊരിച്ചിലുകൾ വീട്ടിൽ നിന്നും ,അച്ഛനിൽ നിന്നും തുടങ്ങി ജീവിതത്തിൽ പലപ്പോഴായി കണ്ടുമുട്ടിയ വ്യക്തികളെയും , അഭിമുഖീകരിക്കേണ്ടി വന്ന സംഭവങ്ങളിലും നിറഞ്ഞു നിൽക്കുന്നു . ഫേസ്ബുക്കിലെ പുസ്തക ചലഞ്ച് ആണ് ഇത്തരം കുറിപ്പുകൾ എഴുതാൻ ഇടയായതെന്ന് എഴുത്തുകാരൻ സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് ആ കുറിപ്പുകൾ മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി പുസ്തകമാക്കുകയായിരുന്നു.
പുസ്തകത്തിന്റെ അവതാരികയിൽ പറഞ്ഞിരിക്കുന്നതുപോലെ വാക്കുകൾ കൊണ്ട് ജീവിതം നെയ്തെടുക്കുകയാണോ,ജീവിതങ്ങൾ കൊണ്ട് വാക്ക് ഉരുവം കൊള്ളുകയാണോ എന്ന് സന്ദേഹിപ്പിക്കുന്ന കുറിപ്പുകൾ തന്നെയാണിത് .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അറബിനോവലെന്ന് എഡ്വേർഡ് സൈദ് പരാമർശിച്ച സീസൺ ഓഫ് മൈഗ്രേഷൻ ടു ദി നോർത്തിന്റെ രചയിതാവ് തയ്യിബ് സാലിഹ് ഒരിക്കൽ ഇങ്ങനെയെഴുതിയെത്രെ “വളരെയധികം വായിക്കുന്ന ഒരാൾ സ്വന്തം നോവൽ എഴുതാൻ മറന്നു പോകുന്നത് സ്വാഭാവികമാണ്“. മനോജ് വെങ്ങോലയെ അങ്ങനെ സ്വന്തം നോവലെഴുതാൻ മറന്നു പോയ ഒരാളായാണ് സൂചിപ്പിച്ചിരിക്കുന്നത്.
അഗസ്റ്റിൻ ചേട്ടനും,സരസ്വതിയും അവരുടെ മകനും,അമ്പല പറമ്പിലെ നാടകവും ,കമ്പ രാമായണത്തിലെ പറയാത്ത കഥകൾ പറഞ്ഞ സത്യഭാമ കുഞ്ഞമ്മയും പല അദ്ധ്യായങ്ങളിലായി നമുക്ക് മുന്നിലെത്തുന്നു. എഴുതിയിട്ട വാക്കുകളുടെ കനം അത്രമേൽ ഈ പുസ്തകത്തെ ഇഷ്ടപ്പെടാൻ ഇടയാക്കുമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇതിലെ ഒരു വാചകം എനിക്കേറ്റവും ഇഷ്ടപ്പെട്ടു അതിതാണ്
“സാഹിത്യ പ്രതിഭയല്ല ,ഭാഷാവരം ഒട്ടുമില്ല,ദർശനികതയുടെ കാര്യം പിന്നെ പറയേണ്ടല്ലോ.ചില വായിക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്.എഴുത്തു എന്നും പറയാനാവില്ല.എഴുതാനുള്ള ശ്രമങ്ങൾ മാത്രം .വീട്ടുപരിസരങ്ങളിൽ ചുറ്റി പറന്നു നടക്കുന്ന ശലഭയാത്രകൾ” . (അദ്ധ്യായം എഴുത്ത്:പേജ് 100 ).തന്റെ എഴുത്തിനെ കുറിച്ച് പറയുമ്പോൾ വിനയാന്വിതനാകുകയാണ് എഴുത്തുകാരൻ.
ഒരുപക്ഷേ ലൈബ്രറി മേളയിൽ പോയിരുന്നിലെങ്കിൽ ഈ പുസ്തകമെന്റെ കണ്ണിൽപ്പെടില്ലായിരുന്നു. പ്രമുഖരുടെ മാത്രം തിരക്കി നടന്നിരുന്നെങ്കിൽ ഈ പുസ്തകം കൈയ്യിൽ വരില്ലായിരുന്നു. പുസ്തകം മറിച്ചു നോക്കി ഒന്നു രണ്ടു പേജുകൾ ഒന്നോടിച്ചു വായിച്ചപ്പോഴേക്കും ഈ പുസ്തകം വായിക്കേണ്ട ഒന്നാണെന്ന് മനസ്സിലായി.
ഭാഷാവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ ഉഗ്രൻ പായ നെയ്തെടുക്കും പോലെ വാക്കുകൾ കൊരുത്തെടുക്കുന്നത് കാണുമ്പോൾ അസൂയ തോന്നാതിരിക്കുന്നതെങ്ങനെ.
യെസ് പ്രസ് ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് , വില 160 രൂപ .
