പ്രവാസത്തെ സംബന്ധിച്ച നോവലുകളോ,കഥകളോ വായിക്കാത്ത ഏതെങ്കിലും ഒരു മലയാളി ഉണ്ടാകുമോ എന്ന് സംശയമാണ്. മലയാളികളുമായി അത്രമേൽ ഇഴ ചേർന്നു കിടക്കുന്ന ഒന്നാണീ പ്രവാസം. അതിന്റെ ചൂടും ചൂരും നിറഞ്ഞ അതിജീവനത്തിന്റെ,രക്ഷപ്പെടലിന്റെ, കഷ്ടപ്പാടിന്റെ എത്രയെത്ര കഥകളാണ് ഓരോരുത്തർക്കും പറയാനുണ്ടാകുക.
ഒരുപക്ഷേ എം. മുകുന്ദനോളം പ്രവാസത്തെ ഇത്ര കണ്ട് അടയാളപ്പെടുത്തിയ ഒരു എഴുത്തുകാരൻ വേറെയുണ്ടാകില്ല. അദ്ദേഹത്തിന്റെ മിക്ക നോവലുകളിലും ഒരു മുഖ്യ വിഷയമല്ലെങ്കിൽ പോലും പ്രവാസം കടന്നു വന്നിട്ടുണ്ട്. അത് നൃത്തം ചെയ്യുന്ന കുടകളിലായാലും,കുട നന്നാക്കുന്ന ചോയിയായാലും, ദൈവത്തിന്റെ വികൃതികളായാലും വായനക്കാരെ പ്രവാസത്തിന്റെ കടൽ കടത്താതെ ഇരുന്നിട്ടില്ല. പക്ഷേ ഈ നോവലിൽ പ്രവാസത്തിന്റെ നിരവധി മുഖങ്ങളും ,കാലവും, ഇടങ്ങളും മാറുമ്പോൾ പ്രവാസത്തിലുണ്ടാകുന്ന മാറ്റങ്ങളെയും എടുത്തു കാട്ടാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്.
മലയാള നോവൽ സാഹിത്യത്തെ തന്നെ മാറ്റിത്തീർക്കാനുതകുന്ന ശക്തി സൗന്ദര്യങ്ങൾ ഈ നോവലിനുണ്ടെങ്കിലും എം. മുകുന്ദന്റെ സാഹിത്യ ജീവിതത്തിലെ ശ്രദ്ധേയമായൊരു ചുവടുവയ്പ്പായാണ് പ്രവാസമെന്ന നോവൽ അടയാളപ്പെടുത്തിയിരിക്കുന്നത് എന്ന പ്രസാധക കുറിപ്പിനോട് മുഴുവനുമായി അംഗീകരിച്ചുകൊടുക്കാനാകില്ല. മുകുന്ദന്റെ എഴുത്തിനെ മേല്പറഞ്ഞ ആ ചുവടുവെയ്പപ്പിലേക്ക് കൊണ്ടെത്തിച്ച മറ്റു ചില ശ്രദ്ധേയ കൃതികൾ വേറെയുണ്ട്. അതെന്തായാലും പ്രവാസമെന്ന ഈ നോവൽ അല്ലേയല്ല എന്ന് പറയേണ്ടി വരും. എങ്കിലും മുകുന്ദന്റെ മികച്ച കൃതികളിൽ ഒന്നു തന്നെയാണ് പ്രവാസമെന്ന ഈ നോവൽ.
ചോയികുട്ടിയച്ഛന്റെ എതിർപ്പ് മറികടന്ന് ബർമ്മയിലേക്ക് പോയ കൊറ്റിയത്ത് കുമാരനിലൂടെയാണ് പ്രവാസത്തിന്റെ കഥ തുടങ്ങുന്നത്.അത് പക്ഷേ അയാളുടെ തറവാട്ടിൽ തിന്നാനും കുടിയ്ക്കാനും ഇല്ലാത്ത അവസ്ഥയായിട്ടൊന്നുമല്ലായിരുന്നു .ബർമ്മയിലെത്തിയ കുമാരന് പക്ഷേ പിടിച്ചു നിൽക്കാൻ നന്നായി കഷ്ടപ്പെടേണ്ടി വന്നു. വർഷങ്ങൾക്ക് ശേഷം നിരവധി സംഭവപരമ്പരകൾക്കൊടുവിൽ കൈയ്യിൽ കാൽകാശില്ലാതെ കുമാരൻ തിരിച്ചു വന്നു.നാട്ടുകാർ അയാൾക്ക് റങ്കൂണ്‍ കുമാരന്‍ എന്ന പേരു സമ്മാനിച്ചു.വെറും കുമാരൻ അങ്ങനെ റങ്കൂണ്‍ കുമാരനാകുകയും, കഥ അയാളുടെ മകൻ ഗിരിയിലൂടെയും ,ഗിരിയുടെ മകൻ അശോകനിലൂടെയും മുന്നോട്ട് പോകുകയും ചെയ്യുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ പ്രധിനീകരിക്കുന്ന അശോകനിലൂടെ പ്രവാസമെന്ന പ്രക്രിയ തുടരുകയാണ് ചെയ്യുന്നത് . കഥാ പരിസരം കേരളത്തിൽ മാത്രമൊതുങ്ങുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം . ബര്‍മ്മയിൽ തുടങ്ങി,ഗൾഫിലും,ഡെൽഹിയിലും,ജര്‍മ്മനിയിലും അമേരിക്കയിലും ഒക്കെ നീണ്ടു പരന്നു കിടക്കുകയാണ് കഥാ സന്ദർഭങ്ങൾ.
മാധവൻ എന്ന പേരിനോട് മുകുന്ദന് എന്തോ പ്രത്യക ഇഷ്ടമുണ്ടെന്ന് തോന്നുന്നു. മിക്ക നോവലുകളിലും ഒരു കഥാപാത്രത്തിന്റെയെങ്കിലും പേര് മാധവൻ എന്നായിരിക്കും. ഇതിലുമുണ്ട് ഒരു മാധവൻ. വിപ്ലവകാരിയായ മിച്ചിലോട്ട് മാധവൻ.
എല്ലാ കമ്മ്യൂണിസ്റ്കാരെയും പോലെ ശുഭാപ്തി വിശ്വാസക്കാരനായ മിച്ചിലോട്ട് മാധവനാണ് കഥയെ ഫ്രാൻസിലോട്ട് ഇടയ്ക്ക് പറിച്ചു നടുന്നത്.മാഹിയെന്ന ഫ്രഞ്ച് അധീന പ്രദേശത്തു ജനിച്ചു വീണ അയാൾക്ക് ഫ്രാൻസുമായി കെട്ടുപിണഞ്ഞു കിടക്കുന്ന നിരവധി ബന്ധങ്ങളുണ്ട്.അതുപോലെ കഥാ സന്ദർഭങ്ങളെ മറ്റു നാടുകളിലേക്ക് പറിച്ചു നടുന്ന നിരവധി കഥാപാത്രങ്ങൾക്കൊണ്ട് സമ്പുഷ്ടമാണ് പ്രവാസമെന്ന ഈ നോവൽ. വായനക്കാർ മുകുന്ദനെ ആഘോഷിച്ചു വായിച്ച മറ്റു കൃതികളിലെ പോലെ മനുഷ്യ ജീവിതത്തിന്റെ സങ്കീർണ്ണതകളെ ആവിഷ്ക്കരിക്കാനുള്ള ഒരു ശ്രമം ഈ നോവലിലും എഴുത്തുകാരൻ നടത്തിയിട്ടുണ്ട്.
നാടൻ പ്രേമവും,വിഷകന്യകയും,പുള്ളിമാനുമൊക്കെ എഴുതിയ, മലയാളികളുടെ പ്രിയ സഞ്ചാരസാഹിത്യകാരൻ കൂടിയായ പൊറ്റെക്കാട്ടിലൂടെയാണ് ആദ്യ ഭാഗങ്ങളിൽ കഥ നമ്മോടു പറഞ്ഞ് തുടങ്ങുന്നത്. വിശപ്പിന്റെ കഥകളെഴുതാത്ത,തന്റെ കഥകളിൽ കാല്പനികത കൂടുതലുള്ള ഈ ശങ്കരൻ കുട്ടി നോവലിലെ ഒരു കഥാപാത്രം കൂടിയാണ്. ഒരു തലമുറയുടെ കഥകൾ മുഴുവൻ നമ്മോടു പറഞ്ഞതിനു ശേഷം ,കഥ പറയാനുള്ള അവസരം പുതുതലമുറയിലെ എഴുത്തുകാരനായ മുകുന്ദന് തന്നെ വിട്ടുകൊടുത്തിരിക്കയാണ് അദ്ദേഹം. കൊറ്റിയത്ത് കുമാരൻ 1930 കളിൽ കപ്പലിൽ കയറി ബർമ്മയിൽ പോയ സംഭവത്തോടെയാണ് ശങ്കരൻ കുട്ടി കഥപറച്ചിൽ തുടങ്ങിവെച്ചത്. അരനൂറ്റാണ്ടിന് ശേഷം ശങ്കരൻ കുട്ടിയുടെ മരണത്തിന് ശേഷം 1982 ഓടു കൂടി ആ കഥപറച്ചിൽ നോവലിസ്റ്റ് തന്നെ സ്വയം ഏറ്റെടുക്കുകയാണ്.
ജീവിതത്തിന്റെ നിഗൂഢതകളിലേക്കു ഊളയിടുന്ന സാഹിത്യകാരനല്ല ശങ്കരൻ കുട്ടി എന്നാണ് കുമാരന്റെ പക്ഷം. ബർമ്മയിലെത്തിയ കുമാരൻ സാഹിത്യകാരനായ ശങ്കരൻ കുട്ടിയോട് ചോദിയ്ക്കാൻ കുറെ ചോദ്യങ്ങൾ എടുത്തു വെക്കുന്നുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളിൽ ,ഉത്തരം കിട്ടാത്ത പ്രഹേളികകളിൽ അതിന്റെ മറുപടി നല്കാൻ ശങ്കരൻ കുട്ടിയെ പോലുള്ള സാഹിത്യകാരൻമാർക്കെ കഴിയൂ എന്നയ്യാൾ വിശ്വസിക്കുന്നു. നോവലിലെ കഥാപാത്രങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴൊക്കെ അവയെ മുന്നോട്ട് കൊണ്ടുപോകാൻ എഴുത്തുകാർക്ക് വളരെയെളുപ്പം കഴിയും.അവിടെ എഴുത്തുകാരന്റെ ന്യായങ്ങളുമായി വായനക്കാർക്ക് പൊരുത്തപ്പെടേണ്ടിവരും. കുമാരന് പക്ഷേ അതറിയില്ലയിരിക്കാം. എങ്കിലും ഒരുപിടി ചോദ്യങ്ങളുമായി അയാൾ തന്റെ കാത്തിരിപ്പ് തുടരുകയാണ്.
തലമുറകൾ മാറി മറഞ്ഞു വരുമ്പോൾ കമ്മ്യൂണിസത്തിനും ,അതിന്റെ ആശയങ്ങൾക്കും അതിന്റെ പ്രസക്തിയിൽ ഏറ്റകുറച്ചിലുകൾ സംഭവിച്ചിട്ടുണ്ട് എന്നൊരു സന്ദേഹം നോവൽ പങ്കു വെയ്ക്കുന്നുണ്ട് . ഒളിവിൽ കഴിയുന്ന ഗിരിയോട് സുനന്ദ പറയുന്നുണ്ട് , അറിവിന്റെ ഉലയിലെ തീച്ചൂടിൽ വിളക്കിയെടുക്കുന്നതായിരിക്കണം രാഷ്ട്രീയ പ്രബുദ്ധത.പഠിപ്പും,അറിവുമുള്ള ആൾക്കാർക്കെ നല്ല രാഷ്ട്രീയപ്രവർത്തകരാകാൻ കഴിയൂ. ഗിരി പക്ഷേ വിപ്ലവചൂടിൽ അതൊന്നും ശ്രദ്ധിക്കാൻ കൂട്ടാക്കുന്നില്ല.
പ്രവാസത്തിന്റെ കഥ പറച്ചിൽ മുകുന്ദൻ ഏറ്റെടുക്കുന്നതോടെ തന്റെ വീക്ഷണങ്ങളും,അഭിപ്രായങ്ങളും ,നിരീക്ഷണങ്ങളും നോവലിൽ നേരിട്ട് അവതരിപ്പിക്കാനുള്ള ധൈര്യം കാണിക്കുന്നുണ്ട് . ശങ്കരൻ കുട്ടി പറഞ്ഞ് മുഴുമിപ്പിക്കാതെപോയതെല്ലാം പറയാനുള്ള വലിയ ഉത്തരവാദിത്വം എഴുത്തുകാരനുണ്ട് എന്ന് സ്വയം വിശ്വസിക്കുന്നയാൾ,മാനവികത,നവോദ്ധാനം സാമൂഹ്യനീതി,അധിനിവേശം, പ്രതിരോധം ഇതൊന്നും പാഠപുസ്തകങ്ങളിലില്ലാത്ത ഒരു പഠിപ്പും പഠിപ്പല്ല എന്ന് കരുതുന്ന ഒരാൾ, അങ്ങനെയുള്ള എഴുത്തുകാരന്റെ ആത്മാവിശ്വാസത്തിന്റെയും,ആത്മരതിയുടെയും കണികകൾ നോവലിൽ പലയിടത്തായി ചിതറി തെറിച്ചു കിടപ്പുണ്ട്.
മുകുന്ദൻ ,തന്നെ നോവലിൽ സ്വയം ആധുനികതയുടെ യുവ സാഹിത്യകാരൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രവാസികളായ വിജയനും,കാക്കനാടനും,മുകുന്ദനും എത്ര നന്നായി എഴുതുന്നു.അവരുടെ എഴുത്തിൽ പുതുമയുണ്ട്. പ്രവാസം കാരണമാണോ അവരിങ്ങനെ എഴുതുന്നത് എന്നൊക്കെയാണ് ആത്മഭാഷണം നടത്തുന്നത്. എഴുത്തുകാരൻ സ്വയം ഒരു കൃതിയിൽ സ്വന്തം പേരിൽ പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ ഒരു പുതുമായൊന്നുമല്ല. സമുദ്രശിലയിൽ സുഭാഷ് ചന്ദ്രൻ സ്വയം ഒരു കഥാപാത്രമായി അവതരിപ്പിക്കപ്പെട്ടതും ,അതുമായി ബന്ധപ്പെട്ട് നോവൽ വിമർശിക്കപ്പെട്ടതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
യുവാക്കളെ ചരസ്സു വലിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തുകാരെക്കാൾ ആപൽക്കാരികളായ എഴുത്തുകാർ ഭാഷയിൽ വേറെയുണ്ടെന്ന തിരിച്ചറിവായിരിക്കാം ഗൾഫിലെ യാഥാസ്ഥിതികരായ മലയാളി സംഘടനകൾ എഴുത്തുകാരന്റെ മേലുള്ള നിരോധനം പിൻവലിച്ചതെന്ന് നോവലിലെ മുകുന്ദൻ പറയുന്നുണ്ട്. അക്കാലങ്ങളിൽ താൻ നേരിട്ട വിമർശനങ്ങൾക്ക് നോവലിലൂടെ ഒരു മറുപടി കൊടുക്കാൻ മുകുന്ദൻ ശ്രമിക്കുന്നുണ്ട്.
2008 ആഗസ്റ്റിൽ അഞ്ചു പതിപ്പുകളുമായി പതിനായിരം കോപ്പികൾ ,അതും അഞ്ചു വ്യത്യസ്ത പുറംചട്ടകളുമായി പുറത്തിറങ്ങിയ നോവലാണിത്. എഴുത്തുകാരന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ മഴവെള്ളം വന്നു നിറഞ്ഞ തോട്ടിൽ പരൽ മീനുകൾ നീന്തിക്കളിക്കുന്നതുപോലെ മനസ്സിൽ നീന്തിനടക്കുന്ന കഥകളെ പകർത്തിയെഴുതിയിരിക്കുകയാണിതിൽ. സമ്പുഷ്ടമായ കഥാപാത്രങ്ങളും കഥാപരിസരവും നോവലിനു കരുത്ത് പകരുന്നുണ്ട്. കഥാപാത്രങ്ങളുടെ ബാഹുല്യം കൊണ്ടാകണം വായനക്കാർക്ക് എളുപ്പം നോക്കി മനസ്സിലാക്കാൻ കഥാപാത്ര സൂചികയും പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 410 രൂപ.
