മികച്ച യാത്രാ വിവരണത്തിനുള്ള 2012 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ ബാൾട്ടിക് ഡയറി എന്ന പുസ്തകം. ലാത്‌വിയ,ലിത്വാനിയ,എസ്റ്റോണിയ,പോളണ്ട് എന്നിവയാണ് ബാൾട്ടിക് രാജ്യങ്ങൾ.
ബാൾട്ടിക് കടലിന്റെ കിഴക്കൻ കരയിലെ രാജ്യങ്ങളായതിനാലാണ് അവയ്ക്കാ പേര് വന്നതെന്നു പറയപ്പെടുന്നു. യുദ്ധങ്ങളും,കെടുതികളുമൊക്കെയായി വേണ്ടരീതിയിൽ പ്രസിദ്ധി നേടിയ രാജ്യങ്ങളാണല്ലോ ഇവയും.
യാത്രകളും ,യാത്രാ വിവരണങ്ങളും ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വ്യത്യസ്തമായൊരു വായനാനുഭവമായിരിക്കും ബാൾട്ടിക് ഡയറി.അവതാരികയിൽ എം വി നികേഷ് കുമാർ കുറിച്ചതുപോലെ ഒരിക്കലെങ്കിലും ഇവിടെയൊക്കെ ചുറ്റണം എന്ന് വായനക്കാരെ മോഹിപ്പിക്കും വിധം സമൃദ്ധമാണ് ഈ പുസ്തകം.
സോവിയറ്റ് യൂണിയൻ നിലനിന്നിരുന്ന സമയത്ത് അതിലെ അംഗരാജ്യങ്ങളായിരുന്നു നേരത്തെ സൂചിപ്പിച്ച ബാൽട്ടിക് രാജ്യങ്ങൾ. യാത്രയ്ക്കിടയിൽ അലക്സ് എന്ന ഒരു ലാത്വിയൻ നാട്ടുകാരനെ എഴുത്തുകാരൻ വിമാനത്തിൽ വെച്ചു കണ്ടപ്പോൾ , ഭരിക്കാനാറിയാത്ത കഴുതകളാണിപ്പോൾ അവിടയുള്ളതെന്നും ,സോവിയറ്റ് യൂണിയന്റെ കാലത്തുണ്ടായിരുന്ന പല ഫാക്ടറികളും പൂട്ടികഴിഞ്ഞെന്നും അയാൾ പറയുന്നുണ്ട് .എന്നാൽ അവിടെയെത്തിയപ്പോൾ അലക്സ് പറഞ്ഞ പലകാര്യങ്ങളും പൂർണ്ണമായി ശരിയല്ല എന്ന അഭിപ്രായത്തിലെത്തുകയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര .
ആളുകൾ ഉപേക്ഷിച്ചു പോയ പാൾഡിസ്കി എന്ന നഗരത്തിലൂടെ തനിയെ സഞ്ചരിച്ച അനുഭവം വിവരിക്കുമ്പോൾ വായനക്കാർക്കും സമാനമായൊരു കൌതുകം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. റഷ്യൻ ചക്രവർത്തിമാരുടെ കാലത്ത് അവരുടെ സാമ്രാജ്യത്തിലെ ഏറ്റവും തിരക്കുള്ള മൂന്നാമത്തെ തുറമുഖമായിരുന്നുവെത്രെ പാൾഡിസ്കി. അവരത് ഒരു രഹസ്യ നഗരം തന്നെയാക്കി മാറ്റി. പിന്നീട് അവർ ഒഴിഞ്ഞുപോയിട്ടും നഗരം പക്ഷേ അതിന്റെ രഹസ്യസ്വഭാവം കൈവിടാതെ നില്കുകയാണുണ്ടായത്.
ആളുകൾ ഉപേക്ഷിച്ചു പോയ നഗരത്തേകുറിച്ച് പിന്നീടെപ്പോഴോ അതിലൂടെ സഞ്ചരിച്ച ഏതോ ഒരു നാട്ടുകാരൻ ഇന്റർനെറ്റിൽ അതിനെക്കുറിച്ച് ഒരു ബ്ലോഗിൽ ആ യാത്രാവിവവരണം പ്രസിദ്ധപ്പെടുത്തി. അദ്ഭുതം ജനിപ്പിക്കുന്ന ആ കഥകൾ ആളുകളെ വീണ്ടും ഇങ്ങോട്ടേക്ക് ആകർഷിച്ചു തുടങ്ങിയിട്ടുണ്ട്.
ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസ്സിൽ നിന്നും ട്രക്കായിലേയ്ക്കുള്ള കാർയാത്രക്കിടെ ഡ്രൈവറായ പോൾ പങ്കു വെയ്ക്കുന്ന ഒരു വിവരണമാണ് പൻറൂയ് വനക്കൂട്ടത്തിനടത്തുള്ള കില്ലിങ് ഫീൽഡി ലേക്ക് യാത്ര തിരിയുന്നത് . രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ലക്ഷത്തിലധികം ആളുകളെ കൂട്ടകൊല ചെയ്ത സ്ഥലമാണിത്. നമുക്കറിയാവുന്ന അത്തരം ചില സ്ഥലങ്ങൾ ചിലപ്പോൾ ഓഷ്വിറ്റ്സിലും ,ദെക്കാവുവിലും ,ബുച്ചൻവാൾഡിലുമൊക്കെ പരിമിതപ്പെട്ടു കിടക്കുകയായിരിക്കും. മ്യൂണിക്കിൽ പോയ സമയത്താണ് ഞാൻ ദെക്കാവുവിനെ കുറിച്ച് കേൾക്കുന്നത് തന്നെ. പേരുള്ളതും ,ഇല്ലാത്തതുമായ ഇത്തരം നിരവധി സ്ഥലങ്ങൾ പലയിടങ്ങളിലായി ചിതറികിടക്കുന്നുണ്ട്.
ക്രാക്കോവിലെ നിരവധി അനുഭവങ്ങളും പുസ്തകത്തിലുണ്ട്. ഇപ്പോഴും പോളണ്ടിന്റെ സാംസ്കാരിക തലസ്ഥാനമായി ഇരിക്കുന്നയിടം കൂടിയാണ് പോളണ്ടിന്റെ ഈ പഴയ തലസ്ഥാനമായ ക്രാക്കോവ്. സ്പിൽ ബെർഗ്ഗീന്റെ ഷിന്റലർസ് ലിസ്റ്റ് സിനിമയിലെ ശരിക്കും നടന്ന ഷിന്റലറുടെ ഫാക്ടറി ഈ ക്രാക്കോവിലാണ് ഉള്ളത്.
കലാകാരന്മാരും,പാട്ടുകാരും, കച്ചവടക്കാരും നിറഞ്ഞ ക്രാക്കോവിലെ മാർക്കറ്റ് സ്ക്വയറിന്റെ വിവരണം ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ഓൾഡ് ടൌൺ സ്ക്വയറിനെ ഓർമ്മിപ്പിച്ചു. പ്രാഗിലെ ഓൾഡ് ടൌൺ സ്ക്വയറിൽ നിന്നും ക്രാക്കോവിലേക്കു അഞ്ഞൂറ് കിലോമീറ്ററേയുള്ളൂ ,ഒരു 5 മണിക്കൂറിന്റെ യാത്ര.
രണ്ടും സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന രാജ്യങ്ങളായിരുന്നു. എന്തൊക്കെ ഇല്ലാതായാലും,ആരൊക്കെ ഉപേക്ഷിച്ചു പോയാലും ചിലതൊക്കെ എവിടെയെങ്കിലുമൊക്കെ അവശേഷിക്കുമല്ലോ. ബാൾട്ടിക് രാജ്യങ്ങളിൽ പെടാത്തതുകൊണ്ടു പക്ഷെ പ്രാഗിനെ കുറിച്ച് ഒരു പരാമർശവും പുസ്തകത്തിൽ ഇല്ല.
ലേബർ ഇന്ത്യ വിദ്യാഭാസ ഗവേഷണകേന്ദ്രമാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ,104 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപയാണ്.
