നക്കാവരം – ഒരു ആൻഡമാനി സെല്ലുലാർ ജയിൽ സൂപ്രണ്ടിന്റെ ഓർമ്മക്കുറിപ്പുകൾ

 

ആന്തമാൻ നിക്കോബാർ ദ്വീപുകളെ കുറിച്ചും അവിടേക്കു നടത്തിയ യാത്രകളെ കുറിച്ചുമൊക്കെ നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. യാത്രാ  വിവരണങ്ങൾക്കാണെങ്കിൽ ഒരു പഞ്ഞവുമില്ല. താൻ കണ്ട കാഴ്ചകളിൽനിന്നു മാത്രമുള്ള അനുഭവങ്ങളും, കേട്ടുകേൾവികളും വച്ച്   ദ്വീപ് യാത്രകളെ രേഖപ്പെടുത്തുന്നതിന്റെ പോരായമകൾ അത്തരം ചില വിവരണങ്ങളിൽ പ്രകടവുമാണ്.  എന്നാൽ എ കെ പി നമ്പ്യാര്‍‍‍ എഴുതിയ നക്കാവരം എന്ന എന്ന പുസ്തകം അത്തരം പോരായ്മകളെ കവച്ചു വെക്കുന്ന ഒന്നാണ്. 

ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ നാലു പതിറ്റാണ്ടോളം കഴിഞ്ഞ അനുഭവ പരിചയം നമ്പ്യാര്‍‍‍ക്കുണ്ട് .  കേന്ദ്ര ആഭ്യന്തര മന്ത്രകാര്യാലയത്തിന്റെ നിർദ്ദേശപ്രകാരം ആൻഡമാനിൽ കോപ്പറേറ്റിവ് ഇൻസ്‌പെക്ടർ,സ്റ്റേറ്റ് കോപ്പറേറ്റിവ് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ,സഹകരണവകുപ്പ് രജിസ്ട്രാർ തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട് നമ്പ്യാര്‍‍‍.അവിടുത്തെ സെല്ലുലാർ ജയിൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. 

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവു വരെ തികഞ്ഞ അവഗണന മാത്രം കിട്ടിയ കൂട്ടരാണ് ആന്തമാൻ നിക്കോബാർ ദ്വീപു സമൂഹങ്ങൾ. രണ്ടാം ലോക മഹായുദ്ധത്തിൽ ജാപ്പ് ഭരണകൂടം അടിച്ചേൽപ്പിച്ച ഭീകരത,അധികാരികളുടെ ഉദാസീനത എന്നിവയൊക്കെ കാരണം ഒരുതരം മാരവിപ്പു ബാധിച്ച ജനതയായിരുന്നു അവിടെ ഉണ്ടായിരുന്നത്.  

570 ലേറെ ദ്വീപുകൾ ചേർന്നതാണ് ആന്തമാൻ. 1921 ലെ മലബാറിലെ ലഹളക്കാരെ ബ്രിട്ടീഷ് ഭരണകൂടം ഇങ്ങോട്ടേക്ക് നാടുകടത്തി. പിന്നീട് ദ്വീപിലെ നിയമങ്ങൾ ഉദാരമാക്കിയപ്പോൾ നാടു കടത്തപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കൂടി കൂടെ ചേർക്കാൻ അധികാരികൾ സമ്മതിച്ചു. അങ്ങനെ പോയവർ തങ്ങളുടെ ദേശത്തിന്റെ പേരും പേറിയാണ് കടൽ കടന്നത്. കാലിക്കറ്റും,മലപ്പുറവും,മണ്ണാർക്കാടും,നയാപുരവും,കന്യാപുരവും, വണ്ടൂരും ,തിരൂരും,നിലമ്പൂരുമൊക്കെ  ദ്വീപിലെ ഇടങ്ങൾക്ക് പേര് വീണത് അങ്ങനെയാണ്.

ആന്തമാൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഒന്നാണല്ലോ അവിടുത്തെ സെല്ലുലാർ ജയിൽ. 
ഇന്ത്യൻ ബാസറ്റിലി എന്ന ഒരു അപരനാമം കൂടി ഈ ജയിലിനുണ്ട്. സെല്ലുലാർ ജയിലിനെ കുറിച്ചും,അതിന്റെ ചരിത്രത്തെ കുറിച്ചും  അവിടുത്തെ അന്തേവാസികളായിരുന്നവരെ കുറിച്ചും തികച്ചും ആധികാരികമായി ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. പുരാണത്തിലെ രാമായണത്തിലെ വാനരസേനകളുടെ നാടായ ഹനുമാൻ ദ്വീപാണ് പരിഷകരിച്ച് ഹൻഡുമാൻ ദ്വീപായത്. മലയ് ഭാഷയിലെ ഹൻഡുമാൻ പിന്നീട് ലോപിച്ചാനെത്രെ  ആൻഡമാൻ എന്നായത്. 

നഗ്നമാർ പാർക്കുന്ന ഇടം എന്നർത്ഥത്തിൽ നിക്കോബാറിനെ നഗ്നമാരുടെ നാട് അഥവാ നിക്കാവരം എന്നു വിളിച്ചിരുന്നുവെത്രെ. A.D 1050 ലെ തഞ്ചാവൂർ ശിലാലിഖിതത്തിൽ നക്കാവരം എന്നാണ് നിക്കോബാറിനെ അടയാളപ്പെടുത്തിയിരിക്കുന്നത് . നക്കാവരം എന്ന ആ പേർ തന്നെയാണ് ഈ പുസ്തകത്തിനും കൊടുത്തിരിക്കുന്നത്. 

പോർട്ട് ബ്ലെയറിൽ നിന്നും 100 കിലോമീറ്റെർ അകലെ സ്ഥിതി ചെയ്യുന്ന വെറും 47 കിലോമീറ്റർ വലിപ്പമുള്ള നോർത്ത് സെന്ടറിനൽ ദ്വീപിനെ കുറിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്. ദ്വീപ സമൂഹത്തിലെ ഗ്രെയ്റ് ആൻഡമാനീസ്,ഓംഗീസ്,ജാർവാസ്,സെന്ററിനലിസ് എന്നീ വിഭാഗക്കാരുടെ കൃത്യമായ വിവരങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ആൻഡമാനികളും,വെള്ളക്കാരും തമ്മിലുണ്ടായ 1859 ലെ അബർഡീൻ യുദ്ധത്തെപറ്റി ഈ പുസ്തകത്തിലാണ് ആദ്യമായി വായിക്കുന്നത്. ആദ്യകാല തടവുകാരിൽ ഒരാളായിരുന്ന ഭൂത നാഥ് തിവാരി ദ്വീപ് സമൂഹത്തോട് ചെയ്ത  ചതിയെ കുറിച്ചുമുള്ള വിവരങ്ങളും ഇതിലുണ്ട്. 

ജാപ്പനീസ് സൈന്യം കടലിൽ തള്ളിയിട്ടും നീന്തി രക്ഷപ്പെട്ട മുഹമ്മദ് സദഭാഗറിന്റെ കഥ ഒരു പക്ഷെ വായനക്കാരെ ഞെട്ടിച്ചേക്കാം. ഹാവ്‌ലക്സ് ദ്വീപിൽ എത്തിച്ചേർന്നതിനു ശേഷമുള്ള സദഭാഗറിന്റെ അതിജീവനത്തിന്റെ കഥ കാസ്റ്റ് എവേ എന്ന ഇംഗ്ലീഷ് സിനിമയിലെ ടോം ഹാങ്ക്സിനെ ഓർമ്മിപ്പിക്കുന്നതാണ്.  ടോം ഹാങ്ക്സിനു പക്ഷെ മനുഷ്യ മാംസം ചുട്ടു തിന്നേണ്ട ഗതികേട് ഉണ്ടായില്ല എന്ന് മാത്രം. 

ദ്വീപിനെ കുറിച്ച് പറയുമ്പോൾ തീർച്ചയായും ഓർത്തിരിക്കേണ്ട ബിഷപ്പ് റിച്ചാർഡ്സൺ,എഡ്വേർഡ് കുച്ട്,റാണി ലക്ഷ്മി,റാണി ചങ്കം എന്നീ ഗോത്ര നേതാക്കളെ വേണ്ട രീതിയിൽ തന്നെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പലതും എനിക്ക് പുതിയ അറിവായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയട്ടെ.

പുസ്തകം വായിച്ചപ്പോൾ ദ്വീപിനെ കുറിച്ച് മുൻപുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറി എന്നുള്ളതാണ് . അതിലൊന്നാണ് ഇന്ത്യയുടെ തെക്കേ അറ്റം  കന്യാകുമാരിയല്ല  എന്നുള്ളത്. 

ഓർമക്കുറിപ്പുകൾ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും , ദ്വീപിനെ കുറിച്ചുള്ള ഒരു സമഗ്ര വിവരം കൃത്യമായി തന്നെ തരുന്നുണ്ട് ഈ പുസ്തകം. ഒരുപക്ഷെ നയതന്ത്ര തലത്തിൽ അവിടെ ഇടപെട്ട ഒരാളെന്ന നിലയ്ക്കുള്ള അത്തരം സ്വാധീനം വെച്ച് രേഖകളുടെ പിൻബലത്തിൽ പുസ്തകത്തെ അടയാളപ്പെടുത്തിയതുകൊണ്ടാകാം ഈ പുസ്തകം മികച്ചതായത് എന്ന് കരുതുന്നു. ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 125 രൂപ. 

 

Leave a comment