മാൻ ബുക്കർ ഇൻറർനാഷനൽ നേടിയ ആദ്യ കൊറിയൻ നോവൽ – വെജിറ്റേറിയൻ.

 


പെണ്ണുങ്ങൾ ലജ്ജയും ,അടക്കവും ഒതുക്കവുമൊക്കെ  ഉള്ളവരായിരിക്കണം എന്ന പൊതു സാമൂഹ്യ കുടുംബ വ്യവസ്ഥിതിയിൽ നിന്നുമൊക്കെ  കലഹിച്ചു വേർപ്പെട്ട് തുല്യതയ്ക്കുള്ള അവകാശം നേടിയെന്ന് വിചാരിക്കുന്ന ഒരു മലയാളി കുടുംബത്തിൽ , നേരം വെളുത്തെഴുന്നേറ്റ് അടുക്കളയിലോ ഡൈനിങ് ടേബിളിലോ ഭർത്താവ്  വന്നിരിക്കുന്ന നേരത്ത് , ഇനി മുതൽ ഇവിടെ ഇറച്ചിയും മീനും ഒന്നും വേണ്ട എന്നു ഭാര്യ പറയുകയാണെങ്കിൽ , അയാൾക്കു  ആ സ്ത്രീയോടു തോന്നുന്ന വിചാരമെന്തായിരിക്കും ?  അതിനെകുറിച്ചുള്ള അയാളുടെ മറു ചോദ്യങ്ങൾക്ക് തികഞ്ഞ നിസ്സംഗതയാണ് മറുപടിയെങ്കിൽ  എങ്ങനെ ആയിരിക്കും അയാൾ പ്രതികരിക്കുക ?ആ ഭർത്താവിന്റെ  സ്ഥാനത്ത് വേണമെങ്കിൽ നിങ്ങൾക്ക് നിങ്ങളെ തന്നെ സങ്കൽപ്പിച്ചു കൊണ്ട് എങ്ങനെ പ്രതികരിക്കുമെന്ന് വെറുതെ ഒന്നു ചിന്തിച്ചു നോക്കാവുന്നതാണ്. ഒരുപക്ഷേ തെറിയോടു കൂടിയ അടിയോ ,ഇടിയോ ചിലപ്പോൾ കൊലപാതകം തന്നെയോ നടക്കാൻ സാധ്യതയുണ്ട്.  

ഇവിടെ ഇപ്പോൾ പറയാൻ പോകുന്ന ഒരു നോവൽ തുടങ്ങുന്നതും , മേൽ സൂചിപ്പിച്ച പോലുള്ള  ,ആളുകളെ ഒന്നമ്പരിപ്പിക്കാൻ തക്ക വണ്ണം ചോദ്യമെറിഞ്ഞിടുകയും പിന്നീട് തുടർ പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ടുമാണ്.  
2007 ൽ ദക്ഷിണ കൊറിയയിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയും  2015 ൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത  ഹാൻ കാംഗിന്റെ നോവലാണ്  വെജിറ്റേറിയൻ . 

മാംസം കഴിക്കാൻ വിസമ്മതിക്കുകയും, പിന്നീട് ഭ്രാന്തിലേക്ക് ഇറങ്ങി ചെല്ലുകയും  ചെയ്യുന്ന ഒരു സ്ത്രീയുടെ ഇരുണ്ടതും, അനിശ്ചിതത്വം നിറഞ്ഞ കഥയാണിതിൽ  പറയുന്നത്. 
മൃഗങ്ങളെ അറുക്കുന്നതു പോലുള്ളതും , അവയോടുള്ള  മനുഷ്യ ക്രൂരതയെക്കുറിച്ചും ബന്ധപ്പെട്ട നിരവധി പേടി സ്വപ്നങ്ങളാൽ വേട്ടയാടപ്പെട്ട്  ഒരു ദിവസം പെട്ടെന്ന് മാംസം കഴിക്കുന്നത് നിർത്താൻ തീരുമാനിക്കുന്ന  യോങ്-ഹെയിലൂടെയാണ്  നോവൽ തുടങ്ങി വെയ്ക്കുന്നത് . അവളുടെ ഈ തീരുമാനം കേട്ട ഭർത്താവിന്റെ ചോദ്യങ്ങളോട് ഞാനൊരു സ്വപനം കണ്ടു എന്നുമാത്രമാണവൾ പറയുന്നത്. എന്നാൽ സ്വപ്നത്തെ കുറിച്ചൊന്നും തന്നെ അയാൾ ചോദിക്കുന്നതുമില്ല. അവളുടെ ഈ തീരുമാനം  അവളെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.  സ്വന്തം ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പ് പോലും താനുമായി ബന്ധപ്പെട്ട ആളുകളെയെല്ലാം എങ്ങനെ ദോഷകരമായി  ബാധിക്കുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുന്നുണ്ട്. 

യോങ്‌-ഹേ ഒരു പൂർണ്ണ വെജിറ്റേറിയൻ‌ ആയി മാറുകയും ,വീട്ടിൽ‌ ഇറച്ചി വിഭവങ്ങൾ‌ , മുട്ടയും പാലും പോലും സൂക്ഷിക്കുന്നതും ഉണ്ടാക്കുന്നതും നിർ‌ത്തുകയും ചെയ്യുമ്പോൾ‌, അവളുടെ ഭർത്താവിൽ  അത് വളരെയധികം  പ്രകോപനം സൃഷ്ടിക്കുന്നുണ്ട് . അതിനു മുൻപു   മാംസമടങ്ങിയ രുചികരമായ അത്താഴമുണ്ടാക്കി അവൾ അയാൾക്കു വിളമ്പി കൊടുക്കാറുമുള്ളതുമായിരുന്നു . അവളുടെ ആ തീരുമാനത്തെ പുനപരിശോധിക്കാനും ,പിന്തിരിപ്പിക്കാനുമുള്ള അയാളുടെ എല്ലാ ശ്രമവും അവളുടെ നിസ്സംഗതയുടെ മുന്നിൽ പരാജയപ്പെടുകയാണുണ്ടായത് .   വേണമെങ്കിൽ അയാൾക്കു അവളുടെ ആ തീരുമാനത്തിന് വിട്ടുകൊടുത്തുകൊണ്ടു മുന്നോട്ട് പോകമായിരുന്നു. അയാൾ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നയാളാണ്. ഭാര്യയെ ഒരപരിചിതയായോ,സഹോദരിയായോ,സമയത്തിന് ഭക്ഷണം വിളമ്പിക്കൊടുക്കുകയും, വീട് നേരം വണ്ണം നോക്കിനടത്തുകയും ചെയ്യുന്ന ഒരു വേലക്കാരിയായോ സങ്കൽപ്പിച്ചു കൊണ്ട് അയാൾക്കു ജീവിക്കാമായിരുന്നു. പക്ഷേ ഊർജ്ജസ്വലനായ ഒരാളിന് നീണ്ടൊരു കാലം തന്റെ ശാരീരികാവശ്യങ്ങൾ നിറവേറാതെ കഴിയുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ .  അതുകൊണ്ടാണ് അയാൾ ഒരു ദിവസം അപ്രതീക്ഷിതമായി അവളെ ബലാൽസംഗം ചെയ്യുന്നത് . അതിലൂടെ ഇരയുടെ മേൽ അധീശത്വം നേടുക എന്ന ഗൂഡതന്ത്രം, ഒരുപക്ഷേ പരാജയപ്പെട്ടെങ്കിലും ആയാളിവിടെ പയറ്റി നോക്കുന്നുണ്ട് . 

മൂന്ന് ഭാഗങ്ങളായാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്  . സസ്യഭുക്ക് എന്ന ആദ്യ ഭാഗത്തിൽ  യോങ്-ഹെയിയുടെ ഭർത്താവായ മിസ്റ്റർ ചിയോംഗിന്റെ  വീക്ഷണകോണിലൂടെയും, മാംഗോളിയൻ മറുക് എന്ന രണ്ടാം ഭാഗത്തിൽ സഹോദരീ ഭർത്താവിലൂടെയും ,ശിഖമയ വൃക്ഷങ്ങൾ എന്ന മൂന്നാം ഭാഗത്തിൽ സഹോദരി ഇൻ-ഹേ യിലൂടെയുമാണ് കഥ പറഞ്ഞു പോകുന്നത് . ഓരോ ഭാഗവും അവർ നേരിടുന്ന ആന്തരിക പ്രക്ഷുബ്ധതയുടെ വിവിധ തലങ്ങളേയും  ,ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മോഹങ്ങളേയും   മോഹ ഭംഗങ്ങളേയും   പരസ്പരം ബന്ധിപ്പിക്കുന്നതും കാണാം. യോങ്‌-ഹേയുടെ  സഹോദരി ഇൻ-ഹേ യുടെ ഭർത്താവിന്  യോങ്-ഹെയിയോടുള്ള ലൈംഗിക അഭിനിവേശം തന്നെ ഒരുദാഹരണം . 

ഭാര്യയോടുള്ള അയാളുടെ ഈ ദേഷ്യവും ,പ്രകോപനങ്ങളും  ഒരു ക്ലാസിക് പുരുഷാധിപത്യ സങ്കൽപ്പമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരുപക്ഷേ എഴുത്തുകാരി ചൂണ്ടികാണിക്കാൻ  ശ്രമിച്ചത് കൊറിയയിലെ  തകർന്ന ഒരു സാമൂഹിക വ്യവസ്ഥയെയായിരിക്കാനും സാധ്യത ഉണ്ട്. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല കവിയായ യി സാങിന്റെ കവിതയിലെ  ‘മനുഷ്യർ സസ്യങ്ങളായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്ന ഒരു വരിയിൽ നിന്നാണ് നോവലിന് പ്രചോദനമായതെന്ന്  എഴുത്തുകാരി പറയുന്നു. 

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്ന ഹാന്റെ രണ്ടാമത്തെ പുസ്തകമാണ് വെജിറ്റേറിയൻ . വിവർത്തനം നടത്തിയത് ബ്രിട്ടീഷ് പരിഭാഷകയായ ഡെബോറ സ്മിത്താണ്. കൊറിയൻ സാഹിത്യത്തിലെ വളരെ കുറച്ചു കൃതികൾ മാത്രമേ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ എന്നു മനസ്സിലാക്കിയ ഡെബോറ 2009 ൽ കൊറിയൻ ഭാഷ പഠിക്കാൻ തുടങ്ങി . 2016 ലെ  മാൻ ബുക്കർ ഇൻറർനാഷനൽ നേടിയ നോവൽ കൂടിയാണ്  വെജിറ്റേറിയൻ. ബുക്കർ നേടുന്ന ആദ്യ കൊറിയൻ നോവൽ കൂടിയാണിത്. ഹാൻ കാങ്ങിന്റെ മറ്റ് നോവലുകൾ കൂടി ഡെബോറ സ്മിത്ത്  ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. 

മലയാളത്തിലേക്ക് ഇത് മനോഹരമായി വിവർത്തനം ചെയ്തിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ സി വി ബാലകൃഷ്ണനാണ്. കൈരളി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 250 രൂപ. 

Leave a comment