വിക്ടോറിയൻ റിയലിസത്തിന്റെയും,റൊമാൻറ്റിസത്തിന്റെയും പ്രതീകമായാണ് തോമസ് ഹാർഡിയെ കണക്കാക്കി പോരുന്നത് . പതിനാറാമത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചയാളാണ് തോമസ് ഹാർഡി. പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തെ ബാധിക്കയുണ്ടായില്ല.
1886-ൽ പ്രസിദ്ധീകരിച്ച കാസ്റ്റർ ബ്രിഡ്ജിന്റെ മേയർ,തോമസ് ഹാർഡിയുടെ ഒരു മാസ്റ്റർപീസായാണ് അറിയപ്പെടുന്നത്.
തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള ഒരു കഥയാണ് കാസ്റ്റർ ബ്രിഡ്ജിൻടെ മേയർ എന്ന നോവലിലൂടെ പറയുന്നത്.
തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള ഒരു കഥയാണ് കാസ്റ്റർ ബ്രിഡ്ജിൻടെ മേയർ എന്ന നോവലിലൂടെ പറയുന്നത്.
ഇംഗ്ലണ്ടിലെ വെസെക്സ് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ചെറുപ്പക്കാരനായ മൈക്കിൾ ഹെൻചാർഡ് തന്റെ ഭാര്യയായ സൂസനോടും , മകൾ എലിസബത്ത് ജെയ്നിനോടുമൊപ്പം പട്ടണത്തിലെ തിരക്കുള്ള ഒരു മേളയിൽ പങ്കെടുക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്. ഒരു ജോലി കണ്ടെത്താനാവുമെന്നും , തങ്ങളുടെ വിശപ്പ് മാറ്റാൻ ഒരു വഴി കണ്ടെത്തുമെന്നുമുള്ള പ്രതീക്ഷ അവർക്കുണ്ടായിരുന്നു. അവിടെവെച്ചയാൾ നന്നായി മദ്യപിക്കുകയും ചെയ്യുന്നു. ഭാര്യയോടുള്ള നീരസത്തിന്റെ പേരിൽ ഏതോ ഒരു നശിച്ച നിമിഷത്തിൽ അയാൾ തന്റെ ഭാര്യയെയും , മകളേയും അഞ്ച് ഗിനിയക്ക് റിച്ചാർഡ് ന്യൂസൺ എന്ന നാവികന് ലേലത്തിൽ വിൽക്കുന്നു . പിറ്റേന്ന് കെട്ടിറങ്ങിയപ്പോൾ താൻ ചെയ്ത വങ്കത്തരത്തിൽ അയാൾക്കു കുറ്റബോധം തോന്നുന്നുകയും ഭാര്യയെയും മകളെയും കണ്ടെത്താൻ പുറപ്പെടുകയും ചെയ്യുന്നു. പട്ടണം മുഴുവൻ തിരഞ്ഞിട്ടും അവരെ കണ്ടെത്താനയാൾക്ക് കഴിഞ്ഞില്ല.
ഇനി തന്റെ ജീവിതത്തിൽ മദ്യമില്ല എന്നു ശപഥമെടുത്തുകൊണ്ട് ഹെൻചാർഡ് കാസ്റ്റർ ബ്രിഡ്ജിലേക്ക് പോകുന്നു. നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം അയാളെ അന്വേഷിച്ചു ആ അമ്മയും മകളും വന്നു. അയാളെ കണ്ടെത്താൻ അവർക്ക് വല്ല്യ പാടൊന്നുമില്ല, കാരണം ആയാളിപ്പോൾ കാസ്റ്റർ ബ്രിഡ്ജിലെ മേയറാണ്. അവർ തിരിച്ചെത്തുന്ന ഏതാണ്ട് അതേ സമയത്ത് തന്നെ ഡൊണാൾഡ് ഫാർഫ്രെ എന്നൊരാളെ ഹെൻചാർഡ് ജോലിക്കാരനായി നിയമിക്കുന്നുണ്ട്. ഭാര്യയുടെയും മകളുടെയും തിരിച്ചുവരവും , ഫാർഫ്രെയും , വ്യക്തി എന്ന നിലയിലും ,മേയർ എന്ന നിലയിലും നിരവധി പ്രതിസന്ധികൾ ഹെൻചാർഡിനു സൃഷ്ടിക്കുന്നുണ്ട് .
കാല്പനികതയെ യാഥാർത്യവുമായി ബന്ധിപ്പിക്കുന്നതിൽ തോമസ് ഹാർഡിയുടെ നോവലുകൾ നല്ല പങ്കുവഹിച്ചിട്ടുണ്ട്. കാല്പനിക കവിതകളോടുള്ള കമ്പം അദ്ദേഹത്തിന്റെ നോവലുകളിൽ കാണാം. ഒടുങ്ങാത്ത ആഗ്രഹങ്ങളും ,പാപബോധവും ,അസൂയയും, പ്രതികാരവും എല്ലാം നോവലിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അക്കാര്യത്തിൽ കാസ്റ്റർ ബ്രിഡ്ജിൻടെ മേയറും ഒട്ടും മോശമല്ല.
വിക്ടോറിയൻ കാലഘട്ടത്തിലെ കപട സദാചാരങ്ങൾക്കെതിരെ അതിരൂക്ഷമായി വിമർശിച്ചയാളാണ് ഹാർഡി. അദ്ദേഹത്തിന്റെ ആദ്യ നോവൽ 1887 ൽ എഴുതിയ Poorman and the lady ആണ് . പ്രസിദ്ധീകരിക്കാൻ ആരും തയ്യാറാകാത്തതിനെ തുടർന്ന് സ്വയം അത് നശിപ്പിച്ചു കളയുകയായിരുന്നു. 1895 ൽ പ്രസിദ്ധീകരിച്ച Jude the obscure ആണ് അവസാന നോവൽ.
തോമസ് ഹാർഡിയുടെ കാസ്റ്റർ ബ്രിഡ്ജിൻടെ മേയർ ഒരു മലയാള സിനിമയ്ക്കും പ്രചോദനമായിട്ടുണ്ട്. തിക്കുറിശ്ശിയും, കൊട്ടാരക്കര ശ്രീധരൻ നായരും,അടൂർഭാസിയുമൊക്കെ അഭിനയിച്ച, എസ് ആർ പുട്ടണ്ണ സംവിധാനം ചെയ്ത് 1966-ൽ പുറത്തിറങ്ങിയ മേയർ നായരാണ് ആ സിനിമ.
എ എൻ സത്യദാസാണ് കാസ്റ്റർ ബ്രിഡ്ജിന്റെ മേയർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. 350 പേജുകളുള്ള പുസ്തകത്തിന്റെ വില 320 രൂപ . ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധനം.
