ഡോക്ടർ ഷിവാഗോ -ഒന്നാന്തരമൊരു ക്ലാസ്സിക് കൃതി.

 


ഒരു നോവൽ എന്നതിനപ്പുറം വളർന്നു പന്തലിച്ച് ഒരു സാഹിത്യ കൃതിയായി ഉയർന്നു നിൽക്കുന്ന ഒന്നാണ് ബോറിസ് പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോ എന്ന പുസ്തകം. ഫ്യൂച്ചറിസ്റ് പ്രസ്ഥാനത്തിന്റെ നേതാക്കന്മാരിലൊരാളായിരുന്ന മയക്കോവിസ്‌ക്കിയുടെ ഒരു ആരാധകനും, ആത്മസുഹൃത്തുമായിരുന്നു പാസ്റ്റർനാക്.ആ പ്രസ്ഥാനത്തിൽ പാസ്റ്റർനാക്കും കുറച്ചുകാലം ഉണ്ടായിരുന്നെങ്കിലും അത് തന്റെ ആദർശങ്ങളുമായി പൊരുത്തപ്പെടുന്ന ഒന്നല്ല എന്ന് മനസ്സിലാക്കി അവിടം വിടുകയാണുണ്ടായത്.  ചരിത്രത്തിലെ ആപത്കരമായ നേരമ്പോക്കുകകളുടെ സ്മാരകമായാണ് ഡോക്ടർ ഷിവാഗോയെ അടയാളപ്പെടുത്തിയിരിക്കുന്നത്. 

റഷ്യൻ വിപ്ലവത്തിന്റെയും ഒന്നാം ലോകമഹായുദ്ധത്തിന്റെയും പ്രക്ഷുബ്ധാവസ്ഥയിൽ ഒരു ഐതിഹാസിക പ്രണയകഥയായിരുന്നു ഡോക്ടർ ഷിവാഗോ പറഞ്ഞത്  .മോസ്കോവിലെ ഒരു ഡോക്ടറുടെ ജീവിതവും പ്രണയവും കണ്ടെത്തുന്ന ഈ നോവൽ ഒരു ക്ലാസിക് കൃതിയാണ്.

നോവലിൽ യൂറിയുടെ അമ്മ ചെറുപ്പത്തിൽത്തന്നെ മരിക്കുന്നു, പിന്നീട് അവനെ വളർത്തുന്നത് അമ്മാവൻ കോല്യയാണ്. മെഡിസിൻ പഠിക്കാൻ  മോസ്കോയിലെ സർവകലാശാലയിൽ ചേർന്ന യൂറി  അവിടെ വച്ച് ടോന്യയെ കണ്ടുമുട്ടുന്നു, രണ്ടുപേരും വിവാഹിതരായി അവർക്കു സാഷ എന്ന മകനും പിറക്കുന്നു. 
സൈന്യത്തിൽ ഒരു മെഡിക്കൽ ഓഫീസറായി  ജോലി നോക്കുന്ന യൂറി,താൻ മുമ്പ് പല തവണ കണ്ട ലാറ എന്ന സ്ത്രീയെ കണ്ടുമുട്ടുകയും അവർ തമ്മിൽ ഒരു ബന്ധം വളരുകയും ചെയ്യുന്നു. 
യൂറിയയെ ലാറ ആകർഷിച്ചുവെങ്കിലും മോസ്കോയിലെ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങുന്നു.ലാറയുമായുള്ള  തന്റെ ബന്ധം  ഉപേക്ഷിക്കാനും  എല്ലാം ഭാര്യയോട് ഏറ്റുപറയാനും യൂറി തീരുമാനിക്കുന്നുണ്ട് ,പക്ഷെ  യാത്രാമധ്യേ, സൈന്യം യൂറിയെ പിടികൂടുകയും  ഒരു മെഡിക്കൽ ഓഫീസറായി ജോലി നോക്കാൻ നിർബന്ധിതനാക്കുകയും ചെയ്യുന്നു.
നിരവധി സങ്കീർണതകളുടെയും , പ്രക്ഷുബ്ധതകളുടെയും  ഇടയിലൂടെയാണ് നോവൽ വളർന്നു വികാസം പ്രാപിക്കുന്നത്. 

1890 ൽ മോസ്കോയിലാണ് ബോറിസ് പാസ്റ്റർനാക്കിന്റെ ജനനം. റഷ്യൻ വിപ്ലവത്തിന്റെ സമയത്ത് അറിയപ്പെടുന്ന ഒരു കവികൂടിയായിരുന്നു  അദ്ദേഹം . ടോൾസ്റ്റോയ്, റിൽക്കെ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുമായി  നല്ല ബന്ധം പുലർത്തിയിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത് . ആദ്യകാലങ്ങളിൽ പാസ്റ്റർനാക്ക് പഠിച്ചത് സംഗീതമായിരുന്നു . 1912 ആയപ്പോഴേക്കും അദ്ദേഹം   തത്ത്വചിന്ത പഠിക്കുന്നതിലേക്കു തിരിഞ്ഞു . പക്ഷെ പിന്നീട് വീണ്ടും കവിതയിലേക്ക് തന്നെ തിരിഞ്ഞു.
 
1920 കളിലും 1930 കളിലും  സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടം റഷ്യൻ കലയ്ക്കും സാഹിത്യത്തിനും കർശനമായ സെൻസർഷിപ്പ് ഏർപ്പെടുത്തിയതിനാൽ അദ്ദേഹത്തിന്റെ രചനകൾക്കും വിലക്കേർപ്പെട്ടു .ആ  സമയത്ത്, പാസ്റ്റെർനാക്ക് ഷേക്‌സ്പിയറെ പോലുള്ളവരുടെ കൃതികളുടെ  പരിഭാഷകനെന്ന നിലയിലാണ് തന്റെ എഴുത്തുജീവിതം മുന്നോട്ട് കൊണ്ടുപോയത്.

പാസ്റ്റർനാക്കിന്റെ ആ നോവൽ കർഷകരെയും തൊഴിലാളികളെയും തരംതാഴ്ത്തിയതായും സോവിയറ്റുകൾ ആരോപിച്ചു . പാസ്റ്റെർനാക്കിനെ രാജ്യദ്രോഹിയെന്ന് ആക്ഷേപിച്ചായിരുന്നു അത്തരം ആക്രമണങ്ങൾ . അദ്ദേഹത്തെ എഴുത്തുകാരുടെ യൂണിയനിൽ നിന്ന് പുറത്താക്കുകയും പത്രങ്ങളിൽ കൂടി അപമാനിക്കുകയും ചെയ്തു. സോവിയറ്റ്  പത്രങ്ങൾ അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ കൂട്ടാക്കിയില്ല . 

പാസ്റ്റെർനാക്കിന്റെ കൃതിയുടെ ആരാധകർ രഹസ്യമായി കൈയെഴുത്തുപ്രതി റഷ്യയിൽ നിന്ന് പല ഭാഗങ്ങളായി  കടത്താൻ തുടങ്ങി. 1958 ആയപ്പോഴേക്കും, ലോകമെമ്പാടും  വിവർത്തനങ്ങളിലൂടെ  ഡോക്ടർ ഷിവാഗോ  പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഡോക്ടർ ഷിവാഗോയെ ആദ്യമായി വിവർത്തനം ചെയ്തത് 1958 ൽ മാക്സ് ഹേവാർഡും മന്യ ഹരാരിയും ചേർന്നാണ്. അപ്പോഴും പാസ്റ്റർനാക്കിന്റെ  ആ പുസ്തകം  റഷ്യൻ ഭാഷയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.1958 ൽ പാസ്റ്റെർനാക്കിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.പക്ഷെ അദ്ദേഹം  നോബൽ നിരസ്സിക്കാൻ നിർബന്ധിതനായി. 1960 ൽ പാസ്റ്റെർനക് അന്തരിച്ചു.
 
1987-ൽ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവിന്റെ ജനാധിപത്യ പരിഷ്കാരങ്ങളുടെ ഭാഗമായി  ഡോക്റ്റർ ഷിവാഗോ സോവിയറ്റ് യൂണിയനിൽ പ്രവേശിപ്പിക്കപ്പെടുകയും , പുസ്തകം റഷ്യയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.അപ്പോഴേക്കും പാസ്റ്റർനാക്ക് മരിച്ചിട്ട് വർഷം 30 കഴിഞ്ഞിരുന്നു. സ്വന്തം ഭാഷയിൽ തന്റെ നോവൽ പ്രസിദ്ധീകരിച്ചു കാണാൻ അദ്ദേഹത്തിന് യോഗമുണ്ടായില്ല. 

ഫാദർ ബോബി ജോസ് കട്ടിക്കാടിന്റെ ഒരു പുസ്തകത്തിലൂടെയാണ് പാസ്റ്റർനാക്കിനെ പറ്റി വായിക്കാനിടയായത്. അങ്ങനെയാണ്  മലയാളത്തിൽ ഡോക്ടർ ഷിവാഗോ വന്നിട്ടുണ്ടെന്നും അറിഞ്ഞത്. മലയാളത്തിലെ പൈങ്കിളി എഴുത്തുകാരനെന്നു അഭിനവ ബുദ്ധിജീവികൾ ഒരുകാലത്തു (ഇപ്പോഴും)പ്രസംഗിച്ചു നടന്ന മുട്ടത്തു വർക്കിയാണ് മലയാളത്തിൽ ഡോക്ടർ ഷിവാഗോ വിവർത്തനം ചെയ്തിരിക്കുന്നത്. 1960 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ഇത് പ്രസിദ്ധീകരിച്ചു. പിന്നീട് നിരവധി പതിപ്പുകൾ ഇതിന്റെ പുറത്തിറങ്ങി. പാസ്റ്റർനാക്കിന്റെ 24 കവിതകളും അദ്ദേഹം മൊഴിമാറ്റിയത് പുസ്തകത്തിന്റെ ഒടുവിൽ ചേർത്തിട്ടുണ്ട്. 

2020 ൽ നിരവധി ക്ലാസിക് കൃതികൾ വായിക്കാൻ കഴിഞ്ഞു. അതിൽ ഇഷ്ടപ്പെട്ട ഒരു പുസ്തകം കൂടിയാണ് ഡോക്ടർ ഷിവാഗോ. 
2017 ൽ ഇറങ്ങിയ കോപ്പിയാണ് എന്റെ കൈയിലുള്ളത്. 680 പേജുകളുള്ള ഈ പുസ്തകത്തിന്റെ വില 650 രൂപ . 

Leave a comment