92 പുസ്തകങ്ങളുടെ രചയിതാവ് ,അതിൽ പതിനഞ്ചോളം ചരിത്ര രചനകൾ,ബാക്കിയുള്ളവ ക്ലാസിക്ക് കൃതികളുടെ വിവർത്തനങ്ങൾ,പരിഭാഷയ്‌ക്കുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ച വ്യക്തി. വിവർത്തകൻ ,ചരിത്രകാരൻ കൂടാതെ എഞ്ചിനീയറും. കെ പി ബാലചന്ദ്രൻ എഴുതിയ പുസ്തകങ്ങൾ വായിക്കാത്തവർ ചുരുക്കമായിരിക്കും. വ്യാസമഹാഭാരതത്തിന്റെ മലയാളത്തിന്റെ പരിഭാഷകനായ വിദ്വാൻ കെ പ്രകാശത്തിന്റെ മകനും , പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ഡോക്ടർ എം അയ്യപ്പനാട് മരുമകനുമാണ് അദ്ദേഹം.
വിവർത്തനം,ചരിത്രം,എഞ്ചിനീയറിംഗ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതുവായ പ്രചോദനം വായന തന്നെയാണ് എന്നദ്ദേഹം പറയുന്നു. റൂർക്കല സ്റ്റീൽ പ്ലാന്റിൽ എക്സിക്യൂട്ടീവ് എൻജിനീയർ, കൊച്ചിൻ ഷിപ്‌യാർഡിൽ സ്പെഷ്യലൈസ്ഡ് എഞ്ചിനീയർ എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട് അദ്ദേഹം. സാഹിത്യ മേഖലകളിൽ മാത്രമല്ല തന്റെ വൈഭവം പ്രകടിപ്പിച്ചിട്ടുള്ളത്. തൃശൂരിലെ അതിരപ്പള്ളിയ്ക്കു അടുത്തുള്ള ഡ്രീം വേൾഡ്, വളാഞ്ചേരിക്കടുത്തുള്ള ഫ്ലോറാ ഫന്റസിയോ,കന്യാകുമാരിയിലെ ബേ വാച്ച് എന്നിവയുടെ രൂപകൽപ്പനയും, നിർമ്മാണ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിച്ച വ്യക്തികൂടിയാണദ്ദേഹം. ചരിത്രത്തിലുള്ള താല്പര്യമായിരിക്കാം ചരിത്ര പുസ്തകങ്ങളുടെ രചനകളിലേയ്ക്ക് തിരിഞ്ഞത്. ബാബർ, അക്ബർ, ജഹാംഗീർ,ഹുമയൂൺ എന്നീ പുസ്തകങ്ങൾ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. എട്ടു വോള്യങ്ങളുള്ള മുഗൾ സാമ്രാജ്യ ചരിത്രം മറ്റൊരു സംഭാവനയാണ്.
മഹാഭാരതം അതിന്റെ മൂലകൃതിയിൽ നിന്നും മലയാളമുൾപ്പെടെ മറ്റ് ഭാഷകളിലേക്ക് തർജ്ജമ ചെയ്തു വന്നില്ലായിരുന്നേകിൽ എത്ര പേർ അത് വായിക്കുമായിരുന്നു എന്നദ്ദേഹം ചോദിക്കുന്നുണ്ട്. ക്ലാസിക് കൃതികളുൾപ്പെടെയുള്ള മറ്റ് ലോക സാഹിത്യകൃതികളുടെ കാര്യവും അങ്ങനെ തന്നെ. അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തു വന്നത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഷെർലക് ഹോംസ് സമ്പൂർണ്ണകൃതികളാണ് . അതിന്റെ രണ്ടായിരത്തി നാനൂറിലധികം പേജുകൾ വിവർത്തനം ചെയ്യാൻ രണ്ടു വർഷത്തോളമെടുത്തു.
ഭാഷാപരമായ പരിമിതികൾ മറികടക്കാൻ വായനക്കാരെ സഹായിക്കുക എന്നതാണ് വിവർത്തനത്തിന്റെ ആത്യന്തിക ലക്ഷ്യം.വിവർത്തകരെ സാഹിത്യ ലോകത്തിലെ രണ്ടാംകിട പൗരന്മാരായാണ് സാഹിത്യകാരന്മാരും, ബുദ്ധിജീവികളും കാണുന്നത്. നിരൂപകർ വരെ അവരെ പൂർണ്ണമായി അവഗണിയ്ക്കുന്നു എന്നദ്ദേഹം പറയുന്നു.
ഗ്രന്ഥാലോകം ഒക്ടോബർ മാസത്തിലെ ലക്കത്തിൽ നിമൽ എം എൽ , കെ പി ബാലചന്ദ്രനുമായി നടത്തിയ വിശദമായ ഒരു അഭിമുഖമുണ്ട്.