ഷാജഹാന്റെ മൂത്ത പുത്രനും യഥാർത്ഥ രാജ്യാവകാശിയുമായിരുന്നു ദാരാ ഷിക്കോ,തന്റെ സഹോദരങ്ങളെക്കാൾ വിജ്ഞാന ദാഹിയും,സാംസ്‌കാരിക അന്വേഷണത്വരയും വേണ്ടുവോളമുണ്ടായിരുന്ന ഒരു രാജകുമാരൻ.
മത ദർശനങ്ങളിലൂടെ ഹിന്ദു -മുസ്ലിം വിഭാഗീയതയുടെ നിരർഥകത തന്റെ അറിവിന്റെയും, കലാ സാംസ്‌കാരിക ധൈഷണികതയുടെയും പിൻബലത്തോടെ തുറന്നു കാട്ടിയ ദാര,മത വെറിയനായ ഔരംഗസീബിന് പകരം സിംഹാസനമേറിയിരുന്നുവെങ്കിൽ രാജ്യത്തു ഒരു സമുജ്ജ്വല ബൗദ്ധിക നവോത്ഥാനത്തിന് ഇടവരുത്തുമായിരുന്നുവെന്നു മിക്ക ചരിത്രകാരന്മാറും അഭിപ്രായപ്പെട്ടിട്ടുണ്ട്.
തത്വജ്ഞാനികളെപോലെ ആശയങ്ങളെ കുറിച്ച് ചിന്തിച്ചും,ഭരണത്തെക്കുറിച്ചു ചിന്തിക്കാതെയും നടന്നിരുന്ന ഒരു സ്വപനജീവി ആയിരുന്നു ദാരാ. സൈനിക നടപടികളിലും, യുദ്ധങ്ങളിലും ഏറെയൊന്നും പങ്കെടുക്കുകയോ അതിന്റെയൊന്നും അനുഭവപരിചയമോ ഇല്ലാത്ത ദാരാ, രാജ്യഭരണം ഏറ്റെടുക്കാൻ യോഗ്യനല്ല എന്നുമാണ് ഔറംഗസീബ് അഭിപ്രായപ്പെട്ടിരുന്നത്.
സഹോദരങ്ങളുടെ രക്തം കൊണ്ട് ക(കു)ളിച്ചു ശീലിച്ചതാണ് മുഗൾ വംശത്തിന്റെ പാരമ്പര്യം. ഒരിടത്ത് രാജ്യാധികാരത്തിന്റെ വടം വലികളും ഗൂഡാലോചനകളും നടക്കുമ്പോൾ ദാരയുടെ മനസ്സിൽ എന്തായിരുന്നിരിക്കാം ഉണ്ടായിരുന്നത് ? അധികാരത്തിനും, പ്രതാപത്തിനും ഇടയിൽ തന്റെ ജീവിതം വിട്ടുകൊടുക്കേണ്ടിവന്ന ദാരയുടെ കഥയാണ് മംഗള കരാട്ടുപറമ്പിലിന്റെ ദാര സമന്വയങ്ങളുടെ പ്രവാചകൻ എന്ന നോവലിലൂടെ നമ്മോടു പറയുന്നത്.
ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഇഷ്ടവിഷയമായ തത്വചിന്തയിൽ ഗവേഷണം നടത്തുന്ന പീറ്റർ ആന്റെഴ്സൺ ദാരയെ മനസ്സിൽ ആവാഹിച്ചു കൊണ്ടു നടക്കുന്ന ഒരു വ്യക്തിയാണ്.ദാരയെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിനായി അയാൾ ഇന്ത്യയിലേക്കെത്തുന്നു. പിന്നീട് ദാരാ പീറ്ററിൽ ആവേശിക്കുകയാണ്.ദാരയുടെ വിചാര വികാരങ്ങളിലൂടെ നോവൽ മുന്നോട്ട് പോകുകയും ചെയ്യുന്നു.
ചരിത്രത്തിൽ നിന്നും കഥാപാത്രങ്ങളെയെടുത്ത് അവതരിപ്പിക്കുമ്പോൾ പൊതുവേ കാണാറുള്ള പുതു ചരിത്ര നിർമിതിയോ , നമ്മൾ കേൾക്കാത്ത കഥകളുടെ വിളംബരമോ ഒന്നും ഈ നോവലിൽ കാണാൻ സാധിക്കില്ല. ചരിത്രത്തോടു ചേർന്ന് നിന്നുകൊണ്ടു തന്നെയാണ് ദാരയെ ഈ നോവലിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഹിന്ദു മുസ്ലിം ധ്യാനവഴികളുടെ, സമാനതകളുടെ വിശദാംശങ്ങൾ നോവലിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ദാരയുടെ പ്രണയിനിയും നാടോടി നർത്തകിയുമായ റാണ ദിൽ നോവലിലുടനീളം നിറഞ്ഞു നിൽക്കുന്നുണ്ട്. യാത്ര,യുദ്ധം,പ്രണയം,പക,പശ്ചാത്താപം തുടങ്ങീ തീവ്ര അനുഭവങ്ങളിലൂടെ കടന്നു പോകുന്ന മുഗൾ രാജവംശത്തിലെ അണഞ്ഞുകൊണ്ടിരിക്കുന്ന ഒരേടാണ് ഈ നോവലിൽ പറഞ്ഞുവെയ്ക്കാൻ ശ്രമിക്കുന്നത്.
ടെൽബ്രെയിൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന ആദ്യ നോവൽ കൂടിയാണ് ഈ പുസ്തകം. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്കടുത്തുള്ള കാട്ടൂർ ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയാണ് ലേഖിക. വില 250 രൂപ.
