തന്റെ സ്വാഭാവികമായ എഴുത്തുവിദ്യ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സൃഷ്‌ടിച്ച എഴുത്തുകാരനാണ് ജി ആർ ഇന്ദുഗോപൻ. ഒരു സിനിമ കണ്ടിരിക്കുന്ന പോലെയുള്ള അനുഭവമായിരിക്കും അദ്ദേഹത്തിന്റെ മിക്ക കഥകളും,നോവലുകളും വായിക്കുമ്പോൾ അനുഭവപ്പെടുക . ഇന്ദുഗോപന്റെ ഒറ്റക്കാലുള്ള പ്രേതം എന്ന പുസ്തകത്തിലെ രണ്ടു നോവലെറ്റുകൾ വായിക്കുമ്പോഴും വായനക്കാർക്ക് മുന്നിൽ ഇട്ടു നല്കുന്ന ആ ഭാവനാ പ്രപഞ്ചം ആഖ്യാന ചാതുരി കൊണ്ട് മികച്ചു തന്നെ നിലക്കുന്നുണ്ട്.
രണ്ടു നോവലെറ്റുകളാണിതിലുള്ളത്. ഒറ്റകാലുള്ള പ്രേതം എന്ന കഥയിൽ, ഇംഗ്ലണ്ടിൽ നിന്നും കേരളത്തിലെത്തിയ പ്രൊഫസ്സര് മാർഗരറ്റിന്റെ, മാതേച്ചിയുടെ പ്രേതത്തെ അന്വേഷിച്ചു നടന്ന അനുഭവങ്ങളുടെ, ലേഖകന് അയച്ചുകൊടുത്ത ഡയറികുറിപ്പുകളിലൂടെയാണ് തുടങ്ങി വെയ്ക്കുന്നത്. പഴമയുടെ നിഗൂഡതകൾ നിറച്ചുകൊണ്ടു ഇടയ്ക്ക് ഭയത്തിന്റെ മേമ്പൊടിയും വിതറിക്കൊണ്ട് മാതേമ്മൂമ്മ നമുക്ക് മുന്നിലൂടെ കടന്നു വരുന്നുണ്ട്. പ്രേതങ്ങളെ തിരക്കിയിറങ്ങിയവർക്ക് സംഭവിക്കാവുന്ന ദുരന്തങ്ങൾ പേറിക്കൊണ്ട്, അതിന്റെ ജീവിക്കുന്ന ഒരു സാക്ഷ്യമായാണ് മാർഗരറ്റ് ഈ കഥയിൽ അവശേഷിക്കുന്നത്.
രണ്ടാമത്തെ നോവലെറ്റായ ഒരു കൊലയുടെ ചുരുൾ എന്ന രണ്ടാമത്തെ കഥയക്ക് കൊച്ചിക്കായലിൽ നിന്നു ഒരു സംഭവ കഥ എന്നാണ് ഉപശീർഷകം നല്കിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപു തിരുനെൽവേലിയിൽ നിന്നും പണി അന്വേഷിച്ച് കൊച്ചിയിലേക്ക് എത്തിപ്പെട്ട വേലാണ്ടിയുടെ കഥയാണ് നമ്മോടു പറയുന്നത്. തണുത്ത കാറ്റുള്ള ഒരു ദിവസം വെയിറ്റിങ് ഷെഡ്ഡിലിരുന്നു ഉറക്കം തൂങ്ങിയിരുന്ന വേലാണ്ടിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയാണ് വേലാണ്ടിയുടെ കഥയെ പിന്നീട് മുന്നോട്ട് നടത്തുന്നത് . വേലാണ്ടിയക്ക് അവരേൽപ്പിച്ച ആ പണി അയാൾക്കു ജീവിതത്തിൽ മറക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല.
പ്രേത സങ്കൽപ്പത്തെ തന്നെ അട്ടിമറിയ്ക്കുന്ന ഒറ്റകാലുള്ള പ്രേതവും ,കൊച്ചിയും പരിസരങ്ങളും കടന്നുവരുന്ന ,വേലാണ്ടിയും ,അയാൾ ബന്ധിക്കപ്പെട്ട കൊലപാതകവുമൊക്കെ നല്ലൊരു വായനാനുഭവം തന്നെയാണ് നല്കുന്നത്. ചിന്ത പബ്ലിഷേഴ്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 70 രൂപ .
