കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് പി നരേന്ദ്രനാഥ്. അദ്ദേഹത്തിന്റെ കഥകൾ വായിച്ചിട്ടില്ലാത്തവർ വളരെ ചുരുക്കമായിരിക്കും.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അവാർഡ് ലഭിച്ച അദ്ദേഹത്തിന്റെ ഒരു കൃതിയാണ് കുഞ്ഞിക്കൂനൻ.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അവാർഡ് ലഭിച്ച അദ്ദേഹത്തിന്റെ ഒരു കൃതിയാണ് കുഞ്ഞിക്കൂനൻ.
ആയിരം കൊല്ലാതെ പഴക്കമുള്ള കഥ എന്ന് തുടങ്ങുന്ന ഈ നോവലിൽ തുടക്കം മുതൽ ഒടുക്കം വരെ പ്രായഭേദമില്ലാതെ എല്ലാവരെയും പുസ്തകത്തിൽ പിടിച്ചിരുത്തുന്ന എഴുത്തുരീതിയാണ് നരേന്ദ്രനാഥ് സ്വീകരിച്ചിരിക്കുന്നത്. കരിംപൂരാടക്കാരനായി ജനിച്ചതുകൊണ്ടും ,പ്രസവിച്ച നാലാം ദിവസം അവന്റെ അമ്മ മരിച്ചത് ആക്കാരണം കൊണ്ടാണെന്നും പറഞ്ഞു ഉപേക്ഷിക്കപ്പെട്ട കൂനുള്ള കുഞ്ഞിനെ അടുത്ത ഗ്രാമത്തിലെ എഴുത്താശാൻ എടുത്തു വളർത്തിയതും,അവന് പന്ത്രണ്ടു വയസ്സു പ്രായമായ സമയത്ത് തന്റെ ഗ്രാമത്തിന് നേരിടുന്ന പിശാചു ബാധ തന്ത്രപരമായി ഒതുക്കുന്നതും, എ ഴുത്താശാന്റെ മരണശേഷം ഗ്രാമം വിടുന്നതും , പിന്നീട് സംഭവിക്കുന്ന ഒരുപാട് വെല്ലുവിളികളും , അതിജീവനവുമൊക്കെയാണ് ഈ കഥയിലുള്ളത്.
നല്ല തെളിച്ചവും , ഒതുക്കവുമുള്ള മധുരമുള്ള ഭാഷയാണ് നോവലിലേത്. 1965 ൽ ആകണം ഇതിന്റെ ആദ്യ പ്രസിദ്ധീകരണം.ചിലരെങ്കിലും പാഠപുസ്തകങ്ങളിൽ ഇത് പഠിച്ചിട്ടുമുണ്ടാകും. പക്ഷേ ഞാനീ നോവൽ മുൻപു വായിച്ചത് ബാലരാമയോ, അമ്പിളി അമ്മാവനോ പോലുള്ള ഏതോ ബാലപ്രസിദ്ധീകരണത്തിൽ ആണെന്നാണ് ചെറിയൊരു ഓർമ.
നരേന്ദ്ര നാഥിന്റെ മറ്റൊരു നോവലായ മനസ്സറിയും യന്ത്രം കഴിഞ്ഞ വർഷം ബാലരമയിൽ പുന:പ്രസിദ്ധീകരിച്ചിരുന്നു. നരേന്ദ്ര നാഥിന്റെ ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു.ഗൃഹാതുരത്വമുണർത്തുന്ന പഴയ ഓർമകളിലേക്ക് നമ്മെ ഇത്തരം നോവലുകൾ കൊണ്ടുപോകുമെന്ന് തീർച്ചയാണ്. രാമനാഥൻ മാഷിന്റെ അപ്പുക്കുട്ടനും ഗോപിയും,അത്ഭുതവാനരന്മാർ,അത്ഭുതനീരാളി എന്നിവയൊക്കെ വായിച്ചു രസിച്ച ഒരു തലമുറയുണ്ടായിരുന്നു. പണ്ടത്തെ ഇത്തരം പുസ്തകങ്ങളുടെ ലിസ്റ്റ് എടുത്താൽ ഒരുപാടുണ്ടാകും . എത്ര തവണ വായിച്ചാലും മടുപ്പിക്കാത്ത വായനാനുഭവമാണ് ഈ പുസ്തകങ്ങൾ സമ്മാനിക്കുക.
നിങ്ങൾക്കിഷ്ടപ്പെട്ട ബാലസാഹിത്യ നോവലേതാണെന്ന് പറയാമോ ?
ഡിസി ബുക്സ് പുറത്തിറക്കിയ കുഞ്ഞിക്കൂനന് 90 രൂപയാണ് വില.
