ആസ്ട്രേലിയൻ സാഹിത്യത്തിലെ അതികായന്മാരിലൊരാളാണ് മോറിസ് വെസ്റ്റ് ,ഇരുപതാം നൂറ്റാണ്ടിലെ മികച്ച കഥാകാരന്മാരിൽ ഒരാളും. വെസ്റ്റിന്റെ ഏറ്റവും കൂടുതൽ വിറ്റുപോയ നോവലാണ് ഡെവിൾസ് അഡ്വക്കേറ്റ്. വിശ്വാസത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ഒരു പര്യവേക്ഷണ ശ്രമമാണ് നോവലിന്റെ ഇതിവൃത്തം.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന വർഷങ്ങളിൽ ഇറ്റലിയിലെ കാലാബ്രിയയിലെ ഒരു തരിശു പട്ടണത്തിൽ,ഒരു പ്രാദേശിക കമ്മ്യൂണിസ്റ്റുകളുടെ കൂട്ടം ജിയാക്കോമോ നീറോൺ എന്ന ഒരാളെ വധശിക്ഷയ്ക്ക് വിധിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നു. ആ പ്രാദേശിക കൂട്ടങ്ങൾക്കു അയാൾ ഒരു രാജ്യദ്രോഹിയാണ്. എന്നാൽ യുദ്ധം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം , കൊല്ലപ്പെട്ട ജിയാക്കോമോ നെറോണിന് ചുറ്റും ഒരു വിശുദ്ധ ആരാധന വളർന്നു വന്നു . അവിടെ ആ രക്തസാക്ഷിക്കായി ഒരു ആരാധനാലയം ഉയർന്നുവരികയും ചെയ്തു.
കുടലിൽ അർബുദം ബാധിച്ചു ദിവസങ്ങൾ എണ്ണപ്പെട്ടു കഴിയുന്ന ഇംഗ്ലീഷ് പുരോഹിതനായ ബ്ലെയ്സ് മെറിഡിത്തിനെ റോമിൽ നിന്ന് നെറോണിനെ ക്കുറിച്ച് അന്വേഷിക്കാൻ അയയ്ക്കുന്നു. മരണം കാത്തുകിടക്കുന്നവനാണെങ്കിലും ബ്ലെയ്സ് മെറിഡിത്ത് മരണത്തെ ഒട്ടും ഭയപ്പെടാത്ത വ്യക്തിയാണ്. അതിശയിപ്പിക്കുന്ന ആസക്തി അയാളുടെ ജീവിതത്തിന്റെ അർത്ഥം വിലയിരുത്താൻ അയാളെ പ്രേരിപ്പിച്ചു കാണണം.
ഇത് തന്റെ അവസാന ദൗത്യമായിരിക്കുമെന്ന് അയാൾക്കറിയാം. ആളുകളുമായി കൂടുതൽ അടുക്കുന്നതിലൂടെ അതുവഴി ദൈവവുമായി കൂടുതൽ അടുക്കാമെന്നാണ് അയാളുടെ കണക്കുകൂട്ടൽ.
എല്ലാവർക്കും അയാൾ പിശാചിന്റെ അഭിഭാഷകനാണ്. മറ്റൊരു മനുഷ്യന്റെ ജീവിത്തെകുറിച്ചുള്ള ആ അന്വേഷണയാത്രയിലൂടെ നിഗൂഢതയാൽ ചുറ്റപ്പെട്ട ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള വസ്തുതകൾ ക്കൊപ്പം സ്വന്തം ആത്മാവിന്റെ സമ്പന്നമായ മാനവികതയും വെളിപ്പെടുന്നു.
പവിത്രതയും അശ്ലീലവും എങ്ങനെ കൂടിച്ചേരുന്നുവെന്നും സഭയ്ക്കുള്ളിൽ ഒരേസമയം അവ നിലനിൽക്കുന്നുവെന്നും ,വിശ്വാസം, പാപം, പാപമോചനത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അതിമനോഹരമായി വെസ്റ്റ് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.
സർവ്വകലാശാലാ പഠനത്തിന് ശേഷം മോറിസ് വെസ്റ്റ് സെമിനാരിയിൽ ചേർന്നെങ്കിലും പൗരോഹിത്യം സ്വീകരിക്കുന്നതിനും മുൻപേ അവിടെ നിന്നും പോരുകയാണുണ്ടായത്.രണ്ടാം ലോകമഹായുദ്ധത്തിലും പങ്കെടുത്തു. പിന്നീട് പ്രധാനമന്ത്രിയുടെ സെക്രട്ടറിയായി.അത് കഴിഞ്ഞു പത്രപ്രവർത്തകൻെറ വേഷമണിഞ്ഞു. ഇതിനിടെ ഒരു റെക്കോർഡിങ് സ്റ്റുഡിയോ നടത്തി. പെട്ടെന്നൊരു ദിവസം ഇതെല്ലം ഉപേക്ഷിച്ചു നോവലെഴുത്തിലേക്കു വീണു.1959 ലാണ് ഡെവിൾസ് അഡ്വക്കേറ്റ് എന്ന നോവൽ വന്നത്.നോവൽ വമ്പൻ ഹിറ്റായി.അദ്ദേഹം 28 നോവലുകൾ എഴുതി.അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ലോകമെമ്പാടുമായി 70 ദശലക്ഷത്തോളം കോപ്പികൾ വിറ്റു എന്നാണ് പറയപ്പെടുന്നത്.കൂടാതെ മിക്കതും 28 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. വെസ്റ്റിന്റെ പല നോവലുകളും സിനിമയാക്കി. അദ്ദേഹത്തിന്റെ പല നോവലുകളുടെയും പശ്ചാത്തലം റോമൻ കത്തോലിക്കാ സഭയാണ്.
മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ പി ജെ ജെ ആന്റണിയാണ്. ന്യൂ ബുക്ക്സ് ആണ് പുസ്തക പ്രസാധകർ. 190 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപ.
