പുതിയ പുസ്തകങ്ങൾ കൈയ്യിൽ കിട്ടിയാൽ അതിന്റെ പുതുമണം മായും മുൻപേ വായിച്ചു തീർക്കണം എന്ന നിർബന്ധ ബുദ്ധിയൊന്നും ഇല്ലാത്തതുകൊണ്ട് അമിതാവ് ഘോഷിന്റെ തോക്ക് ദ്വീപ് എന്ന പുസ്തകം കൈയ്യിൽ വന്നപ്പോൾ പിന്നീട് വായിക്കാനായി മാറ്റിവെക്കാനാണ് ആദ്യം തോന്നിയത്. എന്നാൽ പുസ്തകത്തിന്റെ കവർചിത്രത്തിന്റെ നിറകൂട്ടുകളും ഇതുവരെ കാണാത്ത ആകർഷകമായ ഫോണ്ടും പുസ്തകം ചൂടോടെ തന്നെ വായിക്കാൻ തോന്നിച്ചു എന്നുള്ളതാണ് സത്യം.
അപൂർവ പുസ്‌തകങ്ങളുടെ ഇടപാടുകാരനാണ് ദീനാനാഥ് ദത്ത എന്ന ഡീൻ. ന്യൂയോർക്കിൽ ശാന്തമായ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിൽ പശ്ചിമ ബംഗാളിലെ സുന്ദർബൻസിലേക്ക് അസാധാരണമായ ഒരു യാത്ര പുറപ്പെടാൻ അദ്ദേഹം ഇടയാകുന്നു.
ഒരു ബന്ധുവിന്റെ മകളുടെ കല്യാണത്തിനു പങ്കെടുക്കവേ അയാളുടെ അകന്ന ബന്ധത്തിൽ പെട്ട കനായി ദത്ത് എന്നൊരാൾ ബൻദൂക്കി ശൌദാഗോർ എന്ന വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന ചോദ്യം ദത്തയെ ആ യാത്ര പോകാൻ പ്രേരിപ്പിച്ചു . തോക്ക് വ്യാപാരി എന്നർത്ഥം വരുന്ന ആ പേര് അതിനു മുൻപു അയാളോരിക്കലും കേട്ടിരുന്നില്ല.
1970 നവംബർ 12 ന് ബംഗാൾ തീരത്തു കൂടെ പശ്ചിമ ബംഗാളിലൂടെയും ,കിഴക്കൻ പാക്കിസ്ഥാനിലൂടെയും ചീറിയടിച്ച ഭോല എന്ന ചുഴലിക്കാറ്റ് അരലക്ഷം ആളുകളെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാക്കി.എന്നാൽ ആ കൊടുംകാറ്റിൽ നിന്നും മാനസാ ദേവിയാൽ സംരക്ഷിക്കപ്പെട്ട, അതിജീവിച്ചവരുടെ ഒരു ചെറുകൂട്ടം താമസിച്ചിരുന്ന, പാമ്പുകളും ,മറ്റു വിഷജീവികളും നിറഞ്ഞ ദ്വീപിനെ കുറിച്ചുള്ളതായിരുന്നു ഡീൻ കേട്ട ഒരു കഥ. വെറുമൊരു നാടോടികഥയുടെ മട്ടിലുള്ളതാണെങ്കിലും സുന്ദർബൻസിലെ പാമ്പുകളുടെ ദേവതയായ മാനസാദേവിക്ക് പതിനേഴാം നൂറ്റാണ്ടിൽ തോക്ക് വ്യാപാരി പണികഴിപ്പിച്ച ആരാധനാലയം കണ്ടെത്താൻ അദ്ദേഹം പാതിമനസ്സോടെ തന്റെ യാത്ര തുടരാൻ തീരുമാനിക്കുന്നു.
ടിപ്പുവെന്ന ആ പ്രദേശത്തെ ഒരു പയ്യനാണ് അയാളെ ബോട്ടിൽ ആ ദ്വീപിനെ കുറിച്ചുള്ള അന്വേഷണത്തിൽ അവിടേക്കു കൊണ്ടുപോകുന്നത്. നോവലിന്റെ ബാക്കി ഭാഗങ്ങൾ ഒരു അന്വേഷണമാണ്. എന്നാൽ മേൽസൂചിപ്പിച്ച ആ നാടോടികഥയുടെ പിന്നാമ്പുറം മാത്രമല്ല നോവൽ പറഞ്ഞു വെയ്ക്കുന്നത്മറിച്ച് അതി ഗൌവരകരമായ മറ്റൊരു വിഷയമാണ്.സുന്ദർബൻസ് മുതൽ വെനീസ് വരെയുള്ള യാത്രകളുടെ ഇടയിൽ വായനക്കാരോട് സംവദികുന്നത് കാലാവസ്ഥാ വ്യതിയാനവും , മനുഷ്യ കുടിയേറ്റവും പോലെയുള്ള വിഷയങ്ങളാണ്.
കാലാവസ്ഥാ പ്രതിസന്ധി സംസ്കാരത്തിന്റെ ഒരു പ്രതിസന്ധികൂടിയാണെന്ന് നോവൽ വെളിപ്പെടുത്തി തരുന്നു. ഘോഷിന്റെ മറ്റ് നോവലുകൾ പോലെ ഈ നോവലിലും വ്യക്തികളും സംഭവങ്ങളും ഭൂമിശാസ്ത്രപരമായ അതിരുകൾ ഭേദിച്ച് ലോകം മുഴുവൻ വ്യാപിക്കുന്നുണ്ട്.
തോക്ക് വ്യാപാരിയെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ ഡീൻ വെനീസിലേക്ക് പോകുമ്പോൾ, അനേകം ബംഗ്ലാദേശികൾ അനധികൃത കുടിയേറ്റ തൊഴിലാളികളായി അവിടങ്ങളിൽ പണിയെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നുണ്ട്. ഇന്ത്യയും വെനീസും തമ്മിലുള്ള മധ്യകാല സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ വെനീസിലെ പങ്ക് സംബന്ധിച്ച ഗവേഷണം നടത്തുന്ന സിന്റ എന്ന സ്ത്രീ,പിയ റോയ്, ചാരിറ്റബിൾ ഓർഗനൈസേഷനായ ബദാബോൺ ട്രസ്റ്റ് നടത്തുന്ന നിലീമ ബോസ്, അനധികൃത കുടിയേറ്റക്കാർക്കായി പ്രവർത്തിക്കുന്ന ബംഗ്ലാദേശ് കുടിയേറ്റക്കാനായ ലുബ്ന, ടിപ്പുവിനെ സഹായിക്കുന്ന റാഫി എന്നിവർ ഈ നോവലിലെ മറ്റു മുഖ്യ കഥാപാത്രങ്ങളാണ്.
വെനീസിലേക്ക് പോയ വ്യാപാരി എന്ന പേരിൽ ബൻദൂക്കി ശൌദാഗോറും,വെനീസിലെ ബ്ലാക്ക് മഡോണയും, പാമ്പുകളുടെ മാനസാദേവിയും തമ്മിൽ കൂടിയോജിപ്പിക്കുന്ന ഒരു അദൃശ്യ ചരട് നമുക്കിതിൽ കാണാം. ഐതീഹ്യങ്ങളും , കെട്ടു കഥകളും,നാടോടിക്കഥകളും സമകാലിക ലോകത്തിലെ വിഷയങ്ങളുമായി സമന്വയിപ്പിക്കുന്നതിൽ അമിതാവ് ഘോഷ് വിജയിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.
പാരിസ്ഥിതിക ദുരന്തത്തിന്റെ ആസന്നതയെയും അതിനോടുള്ള നമ്മുടെ അറിവില്ലായ്മയെയും കുറിച്ചു മുന്പും ഈ എഴുത്തുകാരൻ വായനക്കാരോട് തന്റെ എഴുത്തുകളിലൂടെ സംവദിച്ചിട്ടുണ്ട്.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയെ സംബന്ധിച്ച് പല എഴുത്തുകാരും പ്രബന്ധങ്ങളിൽ മാത്രം തങ്ങളുടെ എഴുത്തുകൾ പരിമിതപ്പെടുത്തുമ്പോൾ അമിതാവ് ഘോഷ് അവരിൽ നിന്നും വ്യത്യസ്തനാകുന്നു.
പ്രകൃതി, വെള്ളപ്പൊക്കം , ദുരന്തങ്ങൾ എന്നിവ അദ്ദേഹത്തിന്റെ നോവലുകളിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകാണുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരൻ എന്നു അമിതാവ് ഘോഷിനെ ധൈര്യമായി വിളിക്കാമെന്നു തോന്നുന്നു.
അമിതാവ് ഘോഷിന്റെ ഒൻപതാമത്തെ നോവലാണ് തോക്ക് ദ്വീപ്. 2018 ൽ ജ്ഞാനപീഠം സമ്മാനം ലഭിച്ച എഴുത്തുകാരൻ കൂടിയാണദ്ദേഹം . ഇംഗ്ലീഷ് ഭാഷയിലെ ഒരു എഴുത്തുകാരന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.
കെ ടി രാധാകൃഷ്ണനാണ് പുസ്തകം മലയാളത്തിലേക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ്‌ലാൻഡിന്റെ ഇംപ്രിന്റായ ഏകയാണ് പ്രസാധനം. വില 399 രൂപ.
