ടിപ്പു സുൽത്താന്റെ കഥ പറയുന്ന വാൾത്തലപ്പു കൊണ്ടെഴുതിയ ജീവിതം



ടിപ്പു സുൽത്താനെ കേന്ദ്രീകരിച്ചു അധികം നോവലുകളൊന്നും മലയാളത്തിൽ പുറത്തുവന്നിട്ടില്ല.എന്നാൽ ജീവചരിത്രങ്ങൾ എന്ന നിലയിൽ നിരവധി പുസ്തകങ്ങളുണ്ടുതാനും.ഒന്ന് രണ്ടു വർഷങ്ങൾക്കു മുൻപ് എഴുത്ത്‌ മാസികയിൽ ഒരു പുതിയ നോവൽ ആരംഭിച്ചു. വാൾത്തലപ്പു കൊണ്ടെഴുതിയ ജീവിതം എന്ന പേരിട്ടിരുന്ന അതിലെ ആദ്യ അധ്യായം വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ഒരു നല്ല നോവലിന്റെ മണമടിച്ചിരുന്നു. പക്ഷെ ചില കാരണങ്ങൾ കൊണ്ട് അവസാനത്തെ കുറച്ചു അദ്ധ്യായങ്ങൾ വായിക്കാൻ കഴിഞ്ഞില്ല.മാസികയുടെ കോപ്പികളും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ ലോഗോസ് ബുക്ക്സ് ആ നോവൽ പുസ്തകമാക്കിയപ്പോളാണ് മുഴുവനായി ആ നോവൽ വായിക്കാൻ കഴിഞ്ഞത്. 

ഇന്ത്യ ചരിത്രത്തിലെ വിവാദ പുരുഷനാണ്  ടിപ്പു സുൽത്താൻ. മതഭ്രാന്തനും ക്രൂരനായ ഭരണാധികാരി എന്ന ഒരു വശവും , ഒരു മാതൃകാ രാജാവും , ആദർശശാലിയും എന്ന രണ്ടാമതൊരു വശവും പകുത്തും  തുന്നി ചേർത്തും ഉള്ള  കഥകളാണ് നമുക്ക് മുന്നിലുള്ളത്. ഇതിലെ ഏതു  വശത്തിലേക്കായിരിയ്ക്കും  യഥാർത്ഥ ടിപ്പു സുൽത്താന്റെ ജീവിതം വീണു കിടക്കുന്നത് എന്നത്‌ ഇന്നും ഒരു വിവാദ വിഷയമാണ് . കെ കെ എൻ കുറുപ്പിനെ പോലുള്ളവരും , സർദാർ കെഎം പണിക്കരും ,പദ്മനാഭ മേനോനും ,ഒക്കെ ടിപ്പുവിന്റെ ചരിത്രം എഴുതിയിട്ടുള്ളവരാണ്. ഇതിന്റെയൊക്കെ ഇടയിൽ നിന്നാണ് ടിപ്പുവിനെ   വെറുമൊരു  മനുഷ്യനായി രേഖപ്പെടുത്താനുളള ശ്രമം കെ പി ഉണ്ണി എന്ന എഴുത്തുകാരൻ നടത്തിയിട്ടുള്ളത്. സംഘർഷങ്ങളുടെയും, അനിശ്ചിതങ്ങളുടെയും  ഇടയിലൂടെയുള്ള ടിപ്പുവിന്റെ ജീവിതമാണ് ഈ നോവലിൽ പ്രതിഫലിച്ചിരിക്കുന്നതെന്നു കാണാം. 

1782 ഡിസംബറിൽ പിതാവായ ഹൈദരാലിയുടെ അകാല മരണത്തെ തുടർന്ന് രാജ്യാധികാരം ഏറ്റെടുത്തതു മുതൽ 1799 മെയ് നാലിന് ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞു ബ്രീട്ടീഷ് സൈനികരാൽ വധിക്കപ്പെടുന്നതുവരെയുള്ള നീണ്ട പതിനേഴു വർഷത്തെ  കാലഘട്ടമാണ് നോവലിന്റെ കഥാ പരിസരം. കഥാ സന്ദർഭത്തിനനുസരിച്ചു ടിപ്പുവിന്റെ അതിദീർഘങ്ങളായ കത്തിടപാടുകളൂം, രേഖപ്പെടുത്തപ്പെട്ട സ്വപ്നങ്ങളും അതേപടി ഈ നോവലിൽ ചേർത്തപ്പെട്ടിട്ടുണ്ടെങ്കിലും വാൾത്തലപ്പു കൊണ്ടെഴുതിയ ജീവിതം  ടിപ്പുവിന്റെ യഥാതഥമായ ഒരു ചരിത്രമല്ല വരച്ചിടുന്നത് എന്ന് ഒരു മുന്നറിയിപ്പ് എഴുത്തുകാരൻ തന്നെ തരുന്നുണ്ട്.

യുദ്ധത്തിന്റെ തിരക്കുകളൊഴിഞ്ഞ ഏതോ ഒരു രാത്രി പൊന്നാനി പുഴയുടെ മണൽ വിരിച്ചിട്ട പായയിൽ തന്റെ ഭൂതകാലത്തെ കുറിച്ച് സ്വപ്നം കണ്ടു കിടക്കുന്ന ടിപ്പുസുൽത്താനെ വിവരിച്ചുകൊണ്ടാണ് നോവൽ തുടങ്ങുന്നത്. മനുഷ്യ സ്നേഹിയായ, യുദ്ധത്തെ ഇഷ്ടപ്പെടാത്ത,രാജ്യാധികാരം താലപര്യമില്ലാഞ്ഞിട്ടും സാഹചര്യത്തിന്റെ ആവശ്യകത കൊണ്ട് മാത്രം സിംഹസനത്തിലേറുന്ന ഒരു ടിപ്പുവിനെയാണ്  നോവലിലുടനീളം നമുക്ക് കാണാണാനാകുക. നോവലിൽ അറുപതിൽ പരം കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും നോവലിനു വേണ്ടി പുതുകഥാപാത്രങ്ങളെ ഇറക്കുമതി ചെയ്തിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ടിപ്പുവിന്റെ അന്ത്യ നിമിഷങ്ങൾ വിവരിച്ചിരിക്കുന്നത് അതി മനോഹരമായായാണ്. 

മലബാറിലെ ഒരു നട്ടുച്ച എന്ന അദ്ധ്യായത്തിൽ ടിപ്പു സുൽത്താനെ ഒരു ‘വല്ലാളി’ വീരൻ എന്ന് വിശേഷിപ്പിച്ചു കണ്ടു. വില്ലാളി വീരൻ എന്നായിരിക്കണം ഉദ്ദേശിച്ചത് എന്നു തോന്നുന്നു. എങ്കിലും ടിപ്പു വില്ലൂപയോഗിച്ചിരുന്നുവോ എന്നു വ്യക്തമല്ല . നാട്ടിൻപുറത്തെ രണ്ടു പേർ തമ്മിലുള്ള വെറുമൊരു സംസാരത്തിൽ കടന്നു വരുന്നതാണീ വിശേഷണം. നോവലിലെ നീണ്ട വാചകങ്ങൾ രസംകൊല്ലിയായി തോന്നുന്നുണ്ട്. അവ മിക്കതും വായനക്കാരന്റെ ക്ഷമയെ പരീക്ഷിക്കുന്നതുമാണ്. ഉദാഹരണത്തിന് 115 ആം പേജിലെ “മഹാസേനയുടെ മുന്നേറ്റം… എന്നു തുടങ്ങുന്ന ബ്രിട്ടീഷ് ക്യാമ്പ് എന്ന അദ്ധ്യായത്തിലെ ഒരു വാചകം അവസാനിക്കുന്നത് 117 ആം പേജിലാണ്. മാരത്തോൺ വാചകമായി പോയി അത്. അവിടെ തുടക്കത്തിൽ ചിലയിടങ്ങളിൽ പൂർണ്ണ വിരാമത്തിന് പകരം കോമ യാണ് ഉപയോഗിച്ചിരിക്കുന്നത്. അത്  പൂർണ്ണ വിരാമമാണെന്ന് വായനക്കാർ സങ്കൽപ്പിച്ചാൽ തന്നെയും പേജുകൾ പലതു മറിക്കേണ്ടി വരും ആ വാചകമൊന്നു അവസാനിച്ചു കാണാൻ. 

മഹാ സംസ്കാരങ്ങളുടെ വിളനിലമായ ഈ ഭാരതത്തെ ദുർബലപ്പെടുത്തിയത്  രണ്ടു തരം പ്രവർത്തികളാണ്. ഒന്ന് സഹോദരങ്ങൾ തമ്മിലുള്ള കുടിപ്പക. അതിനു മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം തന്നെ മികച്ച ഉദാഹരണം. രണ്ടാമത്തേത്  അയ്യൽരാജ്യങ്ങൾ തമ്മിലുള്ള കുടിപ്പകയും പരസ്പരമുള്ള വിശ്വാസരാഹിത്യവും അതു രണ്ടും കൊണ്ടുണ്ടാകുന്ന വിശ്വാസ വഞ്ചനയുമാണ്. ടിപ്പുവിന് ആദ്യത്തെതിൽ നിന്നും വെല്ലുവിളി ഒട്ടും തന്നെയുണ്ടായില്ല. വെല്ലുവിളിയേറെയും അയൽരാജ്യങ്ങളിൽ നിന്നും , സ്വന്തം കൂട്ടത്തിലെ ഒറ്റുകാരിൽ നിന്നുമായിരുന്നു. ഇനിയും വേണ്ടവിധം എഴുതപ്പെടാത്ത ഒരു ചരിത്രം ബാക്കിയുണ്ട് ടിപ്പുവിന്. 

ഗ്രിഗറി ഡേവിഡ് റോബെർട്സിന്റെ ശാന്താറാം എന്ന നോവൽ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയ കെ പി ഉണ്ണിയുടെ ഒരു ഉജ്ജ്വല നോവൽ തന്നെയാണ് ലോഗോസ് പുറത്തിറക്കിയ വാൾത്തലപ്പു കൊണ്ടെഴുതിയ ജീവിതം എന്ന നോവൽ. വില 230 രൂപ. 

Leave a comment