കുറ്റാന്വേഷണ കഥകൾക്ക് ഇപ്പോൾ പുഷ്കല കാലമാണ് മലയാളത്തിലിപ്പോൾ. ആ കാലത്തിലെ ഇങ്ങേ അറ്റത്തു നിൽക്കുന്ന എഴുത്തുകാരനിലൊരാളാണ് രഞ്ജു കിളിമാനൂർ. സീസൺ ആകുമ്പോൾ പടച്ചുവിടുന്ന നൂറുകണക്കിന് എഴുത്തുകൾക്ക് നടുവിൽ നിൽക്കുന്ന വായനക്കാർക്ക് ഏതേടുക്കണം എന്നുള്ള ഒരു ആശയകുഴപ്പം ഉണ്ടാകാറുണ്ട്. ആ ആശയകുഴപ്പം കഥകളുടെ നിലവാരത്തെപറ്റിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. കാശുകൊടുത്ത് വാങ്ങിക്കുന്ന സാധാനത്തിന് അത് പുസ്തകമായാലും ,മറ്റെന്തായാലും നഷ്ടം വരാൻ ആരും ആഗ്രഹിക്കില്ലല്ലോ.
ഫേസ്ബുക്കിലെ ഒരു പോസ്റ്റ് കണ്ടാണ് രഞ്ജു കിളിമാനൂരിന്റെ ‘ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ’ എന്ന പുസ്തകം വായിക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥകൾ എന്ന പുസ്തകത്തിന്റെ പുറം ചട്ടയിലെ വാചകമാണ് സത്യം പറഞ്ഞാൽ ആ പുസ്തകത്തെ ശ്രദ്ധിക്കാൻ തന്നെ കാരണം.പുസ്തകം വിറ്റുപോകാനുള്ള ഇതിനേക്കാൾ മുന്തിയ പരസ്യങ്ങൾ മുന്പ് പലതവണ കണ്ടിട്ടുള്ളതുകൊണ്ടു അത്തരം അമിത പ്രതീക്ഷകളെ ഒരു മൂലയ്ക്കിരുത്തിക്കൊണ്ടാണ് വായന തുടങ്ങിയത്.
വായനക്കാരിൽ ഉദ്വേഗം സൃഷ്ടിച്ച് അടുത്തത് ഇനി എന്തായിരിയിക്കും സംഭവിക്കുക എന്ന ആകാംക്ഷ തരുന്ന തരത്തിൽ എഴുതുവാൻ കഴിയുക എന്നത് തന്നെയാണ് ഈ വിഭാഗത്തിലെ ഒരു പൊതു എഴുത്തു രീതി. പക്ഷേ അങ്ങനെ എഴുതി വിജയിക്കണമെങ്കിൽ സൂക്ഷ്മമവും ,പിഴവില്ലാത്തതുമായ ഒരു എഴുത്തു രീതി ആവശ്യമാണ്. അല്ലെങ്കിൽ എട്ടു നിലയിൽ പൊട്ടിപോകുന്ന ഒരു വിഭാഗമാണിത്.
ഹോംസിന്റെ കഥകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഡിറ്റക്ടീവ് കഥകളെഴുത്തുവാൻ എഴുത്തുകാരന് പ്രചോദനമായത് എന്നു ആമുഖ്യത്തിൽ കണ്ടു. ഈ പുസ്തകം വായിക്കുന്നവർക്ക് അതെളുപ്പം പിടികിട്ടും. ഹോംസ്-വാട്സൻ കോമ്പിനേഷൻ പോലെ ഒരു കൂട്ടുകെട്ട് അലക്സി കഥകളിലും കാണാം, അലക്സി എന്ന പ്രൈവറ്റ് ഡിറ്റക്ടീവും സഹായിയായ ജോൺ എന്ന ചങ്ങാതിയും ആണത്. ഹോംസ് കഥകൾ വാട്സനിലൂടെ നമ്മൾ വായിക്കുന്നതുപോലെ ,ഇതിൽ ആ റോൾ ജോൺ ഏറ്റെടുത്തിരിക്കുന്നു.
അഞ്ചു കേസുകളാണ് ഈ പുസ്തകത്തിലുൾപ്പെടുത്തിയിരിക്കുന്നത് . മൂന്നു ചിത്രങ്ങളുടെ രഹസ്യം എന്ന ആദ്യ കേസിൽ നിരവധി നിഗൂഡതകളുണ്ട്. അയച്ചു കിട്ടിയ ഒരു ഫോട്ടോയുടെ രഹസ്യം അന്വേഷിച്ചിറങ്ങിയ അലക്സി , പക്ഷേ പതിമൂന്ന് വർഷങ്ങളുടെ ഇടവേളകളിൽ അതിവിദഗ്ദമായി നടപ്പാക്കിയ മൂന്നു കൊലപാതകങ്ങളുടെ പിന്നാമ്പുറ രഹസ്യങ്ങളാണ് ചുരുളഴിച്ചിടുന്നത്.
13/ b യിലെ കൊലപാതകം എന്ന കേസിൽ ,ഹോട്ടലിൽ റൂമെടുക്കുന്ന ഒരു കുടുബത്തിലെ ഭർത്താവൊഴികെയുള്ളവർ കൊലപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കിയ ഈ കേസു തെളിയിക്കാൻ അലക്സി എടുക്കുന്ന നീക്കങ്ങൾ അതി ബുദ്ധിപരം തന്നെയാണ്. ഫേസ്ബുക്കും വാട്ട്സ്അപ്പും ഉപയോഗിയ്ക്കാത്ത സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്ന അലക്സി പക്ഷേ കേസ് തെളിയിക്കാൻ അതേ സോഷ്യൽ മീഡിയയെ തന്നെയാണ് ആശ്രയിക്കുന്നത്. സോഷ്യൽ മീഡിയയെ നല്ല കാര്യങ്ങൾക്കു മാത്രം ഉപയോഗിക്കുക എന്നൊരു സന്ദേശം കൂടി എഴുത്തുകാരൻ ഇവിടെ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
മൂന്നാമത്തെ തുന്നികെട്ടെന്ന മൂന്നാമത്തെ കേസും അതി സങ്കീർണ്ണമാണ്. കോടീശ്വരനായ ശരത് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ശരീരത്തിൽ കാണുന്ന മൂന്നാമത്തെ തുന്നികെട്ടിന് മരണവുമായി ബന്ധമുണ്ടോ എന്ന അന്വേഷണം ഒരു കൊലപാതക പരമ്പരയയ്ക്കു പിന്നിലെ നിഗൂഡതകളാണ് വെളിച്ചത്തു കൊണ്ട് വരുന്നത്. എഡ്വിന് സെബാസ്റ്റായിന്റെ മാജിക് പ്ലാനെറ്റ് എന്ന കഥ മാജിക്കും നിഗൂഡതകളും , ഫ്ലാഷ് ബാക്കുകളും കൊണ്ട് സമ്പന്നമാണ്. അഞ്ചാമത്തെ കഥ സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂമും ,വായനക്കാരിൽ ആകാംക്ഷക്കൊപ്പം അല്പം ഭീതിയും സൃഷ്ടിക്കും.
മുൻപു സൂചിപ്പിച്ച പോലെ കേസ് തെളിയിക്കാൻ സാമൂഹമാധ്യമങ്ങളെയും, ടെക്നോളജിയുടെ അനന്ത സാധ്യതകളും വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. ശാസ്ത്രീയ രീതികളിലെ വിവരങ്ങൾ തികച്ചും വായനക്കാരെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. യുക്തിയും, ബുദ്ധിയും, കെമികൽ സയൻസ് പോലുള്ള വിഷയങ്ങളും കേസുകളിൽ വേണ്ടുവിധം ഉപയോഗിച്ചിട്ടുണ്ട്. അതതു വിഷയങ്ങൽ സാമാന്യ ജ്ഞാനമില്ലാതെ ഇത്തരം കാര്യങ്ങൾ എഴുതി പൊലിപ്പിക്കാൻ സാധ്യമല്ല. ഉദാഹരണത്തിന് ക്യാപ്സുൾ വെള്ളത്തിൽ ലയിക്കും ,പക്ഷേ രക്തത്തിൽ ലയിക്കുമോ എന്നത്തിന്റെ വിവരണം തന്നെ. കേസിൽ നിർണ്ണായകമയ ഒരു വിഷയമായിരുന്നു അത്.
വായനക്കാരെ രണ്ടു മൂന്നു മണിക്കൂർ ഒരു പുസ്തകത്തിൽ തന്നെ പിടിച്ചിരുത്തുക എന്നത് നിസ്സാര കാര്യമല്ല. വായനാ സുഖവും , വ്യത്യസ്തങ്ങളായ കേസുകളും , അന്വേഷണ മാർഗ്ഗങ്ങളും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. എഴുത്തുകാരന്റെ ബ്രില്ല്യൻസ് എന്നൊന്ന് ഇതിൽ കാണാം. അലക്സി കഥകളുടെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാനും.
