മലയാളത്തിലെ ആധികാരിക നിഘണ്ടുവായി കരുതപ്പെടുന്നത് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലിയാണ്. മലയാളത്തിൽ അച്ചടിക്കപ്പെട്ട നിഘണ്ടുക്കളുടെ ചരിത്രം എടുത്താൽ 1865ൽ റിച്ചാർഡ് കൊളിൻസ് പ്രസിദ്ധീകരിച്ച നിഘണ്ടുവാണ് ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു ആയി അറിയപ്പെടുന്നത്. ശബ്ദതാരാവലി വന്നതോടെ ആധികാരിതയുള്ള നിഘണ്ടുകളുടെ നേതൃസ്ഥാനം അത് കയ്യടക്കി.
1895 മുതൽ 1923 വരെയുള്ള നീണ്ട 28 വർഷത്തെ ഒരു മനുഷ്യന്റെ അത്യാദ്ധ്വാനത്തിന്റെയും കഠിനസമർപ്പണത്തിന്റെയും ഫലമാണ് ആ നിഘണ്ടു. നിഘണ്ടു തയ്യാറായി കഴിഞ്ഞപ്പോൾ അതിന്റെ വലുപ്പം കാരണം അച്ചടിക്കാൻ പ്രസാധകരൊന്നും മുന്നോട്ടു വന്നില്ല. അങ്ങനെയാണ് ശബ്ദതാരാവലി ചെറു ഭാഗങ്ങളായി ഒരു മാസിക പോലെ പ്രസിദ്ധീകരിച്ചു വരുന്നത്. 1917 നവംബര്‍ 13 ന് ആദ്യ ഭാഗം അങ്ങനെ വെളിച്ചം കണ്ടു. തുടർന്നുള്ള വർഷങ്ങളിൽ അതിന്റെ ബാക്കി ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു വന്നു. 1923 മാര്‍ച്ച് 16 ന് അവസാനത്തെ ഭാഗവും പുറത്തു വന്നു. 22 ഭാഗങ്ങളുണ്ടായിരുന്നു ഒന്നാം പതിപ്പിന്.
ഗൃഹാതുരത എന്ന പദം ഗൃഹാതുരത്വം എന്ന വാക്ക് വരുന്നതിനടുത്ത് തന്നെ ഉണ്ടാകും എന്ന ഉദ്ദേശ്യത്തിൽ ഗൃഹാതുരത്വം എന്ന പദത്തിനു വേണ്ടിയായി പിന്നത്തെ അന്വേഷണം .2014 ൽ ഡിസി ബുക്സ് ഇറക്കിയ ശബ്ദതാരാവലി ആയിരുന്നു എന്റെ കൈയ്യിലുണ്ടായിരുന്നത്. സംശയം തീർക്കാനായി എൻ ബി എസ് ഇറക്കിയ ശബ്ദതാരാവലി കൈയ്യിലുള്ള ഒരു സുഹൃത്തിനോടും അന്വേഷിച്ചു. ഡിസി ഇറക്കിയ പ്രയോഗ ശബ്ദതാരാവലിയിലും തപ്പി. അതിലൊന്നും തന്നെ ഈ വാക്കുകൾ കണ്ടില്ല.
ഓരോ വർഷവും പരിഷ്ക്കരിച്ച പതിപ്പാണ് ഇരു കൂട്ടരും ഇറക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്. ഗൃഹാതുരത്വം,ഗൃഹാതുരത എന്നീ വാക്കുകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രത്യക്ഷപ്പെട്ട പദവുമല്ല. പിന്നെ എന്തുകൊണ്ടാണ് ഇവ ഈ നിഘണ്ടുവിൽ ഇടം പിടിക്കാതെ പോയത് ?
ഞാനിപ്പോഴും വിശ്വസിക്കുന്നത് എന്റെ കൈയ്യിൽ ഉള്ള പതിപ്പിന്റെ കുഴപ്പമാകും എന്നു തന്നെയാണ്, അതല്ലെങ്കിൽ എന്റെ നോട്ടക്കുറവിന്റെ കുഴപ്പമാകാം. നിങ്ങളുടെ കൈയ്യിൽ ഉള്ള ശബ്ദതാരാവലിയിൽ ഈ പദങ്ങൾ ഉണ്ടോ?
അതുപോലെ നിങ്ങൾക്കുമുണ്ടാകില്ലേ മേൽസൂചിപ്പിച്ച ഗൃഹാതുരത്വം പോലെ വളരെ അധികം ഉപയോഗിക്കുന്ന ,എന്നാൽ നിഘണ്ടുവിൽ കാണാത്ത ഇതുപോലുള്ള പദങ്ങൾ ? പങ്കുവെയക്കാമോ അത്തരം വിവരങ്ങൾ ?

