പെൺകാക്ക -അർഷാദ് ബത്തേരി

 

 എം മുകുന്ദന്റെ ഭാഷയിൽ പറഞ്ഞാൽ പച്ചപ്പിൽ തൂലിക മുക്കിയെഴുതിയ കഥകളുടെ സമാഹാരമാണ് പെൺകാക്ക എന്ന പുസ്തകം.ഒമ്പതു കഥകളുള്ള ഈ പുസ്തകം വായിച്ചു  മടക്കുമ്പോൾ കഥാപാത്രങ്ങളോടൊപ്പം  കഥാപരിസരവും മനസ്സിൽ തങ്ങിനിർത്തത്തക്ക വിധത്തിലുള്ള എഴുത്തുരീതി കണ്ടിട്ടു തന്നെയാകണം മുകുന്ദൻ അങ്ങനെ അഭിപ്രായപ്പെട്ടത്.

കഥകളിലുടനീളം നിറഞ്ഞു നിൽക്കുന്ന പ്രകൃതി ബന്ധം  വായനക്കാർക്ക് എളുപ്പം ബോധ്യപ്പെടുകയും ചെയ്യും. തീർച്ചയായും ഒരു പ്രകൃതി സ്‌നേഹി തന്നെയായിരിക്കണം ഈ എഴുത്തുകാരൻ.വി ആർ സുധീഷിന്റെ കഥകൾ വായിക്കുമ്പോൾ അനുഭവപ്പെടുന്ന അതേ  ഇടവഴി ഗൃഹാതുരത്വം ഈ കഥകളിലും വായനക്കാർക്ക് അനുഭവപ്പെടും.മരങ്ങളും ഇലകളും സമൃദ്ധമായി മനോഹരമായി കഥകളിൽ ഇഴചേർന്നു പ്രതിഷ്ഠിച്ചിരിക്കുന്നു. 

ഒട്ടും വേഗമില്ലാത്ത ജീവിതം നയിക്കുന്ന ആളിന്റെ കഥ പറയുകയാണ് വളരെ ചെറിയ യാത്രക്കാരൻ എന്ന ആദ്യ കഥയിലൂടെ.പതുക്കെ നടക്കുന്ന ശീലമുള്ള നായകൻറെ ഒരു ഡോക്യുമെന്ററി അയാളറിയാതെ എടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. പിന്തുടരുന്നതിനിടയിൽ അയാളുടെ ആമവേഗത്തിൽ കുഴഞ്ഞ്   അവർ പറയ്യുന്നുണ്ട് ‘പതുക്കെ നടക്കാൻ വല്യ പാടാ’.ആരൊക്കെയോ വന്നു പിഴുതുകൊണ്ടുപോയ ഇടങ്ങളിലെല്ലാം പുതിയ മരങ്ങൾക്കായി തൈ വെയ്ക്കുന്ന അയാളെ കണ്ട് കാട്ടിൽ വന്നു മരം വെയ്ക്കാൻ മാത്രം ഇയാൾക്ക് പ്രാന്തുണ്ടോ എന്നവർ സംശയിക്കുന്നു.പക്ഷെ പിന്നീടുള്ള സംഭവങ്ങൾ, പുറമെ പകർത്തിയ അവരുടെ കാഴച്ചകളുമായി ബന്ധപ്പെട്ടു നടത്തിയ  അവരുടെ നിഗമനങ്ങൾക്ക് ചുളിവ് വീഴുന്നുമുണ്ട്.

ഭാര്യയുടെ മരണം അറിയുമ്പോൾ  അയാളുടെ ആമവേഗത്തിന്റെ ചുവടുകൾക്കു വേഗത കൂടുമെന്നു അവർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവിടെയും അയാൾ അവരെ അപ്പാടെ  നിരാശരാക്കുന്നു.കഥാവസാനം വെളിപ്പെടുത്തുന്ന യാഥാർഥ്യങ്ങളും അതിനു പിന്നിലുള്ള സന്ദേശവും ബുദ്ധദർശനത്തോട് അരികുപറ്റി കിടക്കുന്നുണ്ടെന്നു അവതാരികയിൽ മുകുന്ദൻ അഭിപ്രായപ്പെടുന്നു. 

വൈകുന്നേരമെന്ന കഥ നടക്കുന്നത് ഒരു കടപ്പുറത്താണ്. ആരോടും ഒന്നും മിണ്ടാതെ ഒറ്റയ്ക്കിരിക്കുന്ന പേരില്ലാത്ത ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്  മുൻവിധികളോടെ അഭിപ്രായം വിളമ്പിയവർക്കും  , പരിഹസിച്ചവർക്കും വേദനയുടെ യാഥാർഥ്യം തുറന്നിട്ടുകൊണ്ടു കഥ അവസാനിക്കുന്നു.കഥപറിച്ചിലിൽ ഉള്ള സുഖം മാറ്റി നിർത്തിയാൽ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കൊച്ചു കഥയാണിത്.   

ഉമ്മ കയറാത്ത തീവണ്ടി എന്ന കഥയിൽ തന്റെ ഉമ്മയുടെ പൂർവ കാമുകനെ  കാണാൻ പോകുന്ന അൻവർ അലിയുടെ കഥയാണ് പറയുന്നത്. മിഠായി തെരുവിലെ വേഗതയുടെയും, ശബ്ദങ്ങളുടെയും ഇരമ്പലുകളിൽ നിന്നും അയാൾ മാവേലി എക്സ്പ്രസ്സിലേക്കു ഊളയിട്ടു കയറുകയാണ്.ഉമ്മ അറിയാതെയുള്ള യാത്രയാണ് . ദൂരെ കുന്നുകൾക്കും ,മലകൾക്കും മീതെ തണുപ്പ് വന്നു പകലിനെയും നനച്ചിടുന്ന ദേശത്തു ,വയലിനോട് ചേർന്ന് കിടക്കുന്ന വീട്ടിൽ അയാളുടെ ഉമ്മ ഇതൊന്നും അറിയാതെ അയാളെ കാത്തിരിക്കുകയാണ്. കാണേണ്ട ആളെ കണ്ടു മടങ്ങുമ്പോൾ അയാൾ ട്രെയിനിലിരുന്നു ഉമ്മയ്ക്ക് വിളിക്കുന്നുണ്ട്. ഇതുവരെ തീവണ്ടിയിൽ കേറാത്ത ഉമ്മയെ ഒരു ദിവസം താൻ അതിൽ കൊണ്ട് പോകും എന്ന് അയാൾ പറഞ്ഞപ്പോൾ , ഇനി നീ കൊണ്ടുപോകണ്ട,വയനാട്ടിൽ തീവണ്ടി വരാൻ പോകുന്നുണ്ടന്ന് പത്രത്തിൽ വായിച്ചു കേട്ട കാര്യം ഉമ്മ അവനോടു പറയുന്നു. വായനാട്ടിലൂടെ എങ്ങനെ തീവണ്ടി ഓടിക്കും മോനെ എന്നാണ് അവർ പിന്നീട് ചോദിക്കുന്നത്. കാട്ടിലൂടെ ട്രെയിൻ ഓടിയാൽ മൃഗങ്ങളുടെ സ്വൈര്യം പോവൂലെ,തീവണ്ടി തട്ടി മരിച്ചു പോവൂലെ എന്നൊക്കെയുള്ള ആവലാതികളാണ് അവർ പങ്കുവെയ്ക്കുന്നത്. മൃഗങ്ങളെ ഇല്ലാതാക്കാനായിട്ടു തീവണ്ടി വരുന്നതിനോട് അവർക്കു വേവലാതികളുണ്ട്. 

വിശുദ്ധരാത്രികൾ എന്ന കഥ ഫേസ്‌ബുക്കും വാട്ട്സ്ആപ്പും ഒക്കെയുള്ള പുതുകാലത്തിന്റെ കഥയാണ്. മുൻപ് കേട്ട കഥകളുടെ  നൂലുകൾ വീണു കിടപ്പുണ്ടെങ്കിലും വായിച്ചു പോകാവുന്ന മുഷിപ്പിക്കാത്ത ഒരു കഥയാണിതും.

ലളിതയെന്ന കറുത്ത നിറമുള്ള ,ഗർഭിണിയായ പെണ്ണിനെ  പ്രണയിക്കുന്ന ഫർഹാന്റെ കഥയാണ് പെൺകാക്ക. ഫർഹാന് മകളും ഭാര്യയുമടങ്ങുന്ന കുടുംബമുണ്ടെങ്കിലും ലളിതയെ അവൻ പിന്തുടരുന്നു.മൂന്നാമതും ഗർഭിണി ആയിരിക്കുന്ന അവളെ കാണാൻ സുഹൃത്തുക്കളെ കൂടി ഫർഹാൻ പേരറിയാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയാണ്.അവളുടെ ആദ്യ രണ്ടു ഗർഭവും ചാപിള്ളകളിൽ അവസാനിക്കുകയായിരുന്നു.അതോടെ ഭർത്താവ് അവളെ ഉപേക്ഷിച്ചു പോയി. ഇപ്പോൾ അവൾ മൂന്നാമതും ഗർഭിണിയാണ് . കഥാസന്ദർഭം സമ്മാനിക്കുന്ന ആശങ്കകളിലൂടെ കഥ മുന്നോട്ടു പോകുന്നു. കറുപ്പും ,പ്രണയവും, കരുതലും ,പ്രകൃതിയും ബന്ധപ്പെട്ടു കിടക്കുന്ന ഒരു കഥയാണിത്. 

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കെട്ടുപിണച്ചിലുകളും ,എഴുത്തുകാരന് തന്റെ ചുറ്റുപാടുകളോടുള്ള കരുതലുകളും  കഥകളിൽ വേണ്ടവിധത്തിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. 

എം മുകുന്ദൻ എഴുതിയ ഓർമ്മകളിലേക്ക് മടങ്ങി വരുന്നവർ എന്ന പുസ്തകത്തിനു അവതാരിക എഴുതിയിരികുന്നത് അർഷാദ് ബത്തേരിയാണ്. ഇവിടെ ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് എം മുകുന്ദനാണ്. 

അർഷാദ് ബത്തേരിയും സോക്രട്ടീസ് കെ വാലത്തും നടത്തിയ ഒരു അഭിമുഖ സംഭാഷണവും സി എസ് വെങ്കടെശ്വരന്റെ ഒരു കുറിപ്പും പുസ്തകത്തിന്റെ അവസാന താളുകളിൽ വായിക്കാം. ഡിസി ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് 

Leave a comment