ചരിത്ര പഠനത്തിൽ ഈ എങ്കിലുകൾക്കു എന്താണ് പ്രസക്തി? ഒരു നേരം പോക്കിന് വേണമെങ്കിൽ അപഗ്രഥിക്കമെന്നല്ലാതെ അതിനപ്പുറം എന്തെങ്കിലും പ്രാധാന്യമുണ്ടോ? ഒരു ചരിത്ര സംഭവത്തിന്റെ മറുവശം ഇന്നതായിരുന്നു എന്നാലോചിച്ചു നോക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട സംഭവങ്ങൾതൊട്ടിങ്ങോട്ടുള്ള എന്തിനേയും ബന്ധപ്പെടുത്താം എന്ന അനന്തമായ ഒരു സാധ്യത നില്കുന്നുണ്ടല്ലോ.
ഇന്ന് (നവംമ്പർ 8 ഞായറാഴ്ച ) മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെ ഉൾപ്പേജിൽ ഹമീദ് ചേന്നമംഗലൂരിന്റെ ‘ദാരാ ഷിക്കോ: ഒരു മറുവശം’ എന്നൊരു ഒരു ലേഖനമുണ്ട്.ഷാജഹാന്റെ മൂത്ത പുത്രനും യഥാർത്ഥ രാജ്യാവകാശിയുമായ ദാരാ ഷിക്കോയെ കുറിച്ചുള്ളതാണ് അത് .
ഔറംഗസീബിനു പകരം ദാരാ ഷിക്കോ ആയിരുന്നു ഷാജഹാനു ശേഷം മുഗൾ ചക്രവർത്തി ആയിരുന്നെവെങ്കിൽ ഇന്ത്യയുടെ ചരിത്രം എന്താകുമായിരുന്നു എന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പ്രൊഫസ്സറായ സുനിൽ ഖിൽനാനി യുടെ Incarnations:A History of Indian in 50 lives എന്ന പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ നിരീക്ഷണത്തെ പിൻപറ്റി ചില വസ്തുതകൾ പങ്കുവെക്കുന്നുണ്ട്.
വിജ്ഞാന ദാഹിയും,സാംസ്‌കാരിക അന്വേഷണത്വരയും വേണ്ടുവോളമുണ്ടായിരുന്ന വ്യക്തിയായിയായിരുന്നു ദാര. മത ദർശനങ്ങളിലൂടെ ഹിന്ദു -മുസ്ലിം വിഭാഗീയതയുടെ നിരർഥകത തന്റെ അറിവിന്റെയും, കലാ സാംസ്‌കാരിക ധൈഷണികതയുടെയും പിൻബലത്തോടെ തുറന്നു കാട്ടിയ ദാര,മത വെറിയനായ ഔരംഗസീബിന് പകരം സിംഹാസനമേറിയിരുന്നുവെങ്കിൽ രാജ്യത്തു ഒരു സമുജ്ജ്വല ബൗദ്ധിക നവോത്ഥാനത്തിന് അതിടവരുത്തുമായിരുന്നുവെന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
ധൈഷണിക -സാംസ്‌കാരിക മേഖലകളിൽ പാശ്ചാത്യരോടു കിടപിടിക്കാൻ തക്കവണ്ണം ഇന്ത്യയെ പ്രാപ്തമാക്കുന്ന ഒരു സ്ഥിതിവിശേഷത്തിനുള്ള സാഹചര്യങ്ങൾക്ക് ഒരു സാധ്യത അവർ കൽപ്പിക്കുന്നു. എന്നാൽ അങ്ങനെ ഒക്കെ ആകുമായിരുന്നോ എന്നാണ് സുനിൽ ഖിൽനാനി യെ പോലുള്ള ചരിത്രകാരന്മാർ പങ്കുവെയ്ക്കുന്ന ഒരു വശം.
തത്വജ്ഞാനികളെപോലെ ആശയങ്ങളെ കുറിച്ച് ചിന്തിച്ചും,ഭരണത്തെക്കുറിച്ചു ചിന്തിക്കാതെയും നടന്നിരുന്ന ഒരു സ്വപനജീവി ആയിരുന്നു ദാരാ. സൈനിക നടപടികളിലും, യുദ്ധങ്ങളിലും ഏറെയൊന്നും പങ്കെടുക്കുകയോ അതിന്റെയൊന്നും അനുഭവപരിചയമോ ഇല്ലാത്ത ദാരാ, രാജ്യഭരണം ഏറ്റെടുക്കാൻ യോഗ്യനല്ല എന്നുമാണ് ഔറംഗസീബ് അഭിപ്രായപ്പെട്ടിരുന്നത്.
സുനിൽ ഖിൽനാനി അഭിപ്രായപ്പെടുന്നത് ഒരു തത്വജ്ഞാനി രാജാവായാൽ വിജ്ഞാനാഹങ്കാരത്തിനു വിധേയനായ ദാരായിൽ രാഷ്ട്രീയാധികാരം കൂടി സമ്മേളിക്കുമ്പോൾ ഒരു സ്വേച്ഛാധിപതി ആകില്ല എന്നുറപ്പിക്കാമോ എന്നാണ്. രാഷ്ട്രീയപരിചയം കുറവായ ദാരാ മുഗൾ സാമ്രാജ്യത്തിന്റെ അന്ത്യം നേരത്തെയാക്കുമായിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പക്ഷെ ഈ സാധ്യതകൾക്കൊന്നും ഇടം കൊടുക്കാതെ 1659 ഓഗസ്റ്റ് 30 നു ഔരംഗസീബിനാൽ തന്നെ ദാരാ കൊലചെയ്യപ്പെട്ടു .
പക്ഷേ ഹമീദ് ചേന്നമംഗലൂരിന്റെ ലേഖനത്തിൽ സെപ്റ്റംബർ 9 നു ആണ് ദാര കൊല്ലപ്പെട്ടത് എന്നാണ് എഴുതിയിരിക്കുന്നത്. ജദുനാഥ് സർക്കറിന്റെ പുസ്തകമായ A Short History of Aurangzeb ഉൾപ്പെടെ ഈ ലേഖനത്തിന്റെ ഒടുവിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു ചില ചരിത്ര പുസ്തകങ്ങൾ കൂടി പരിശോധിച്ചപ്പോൾ ഓഗസ്റ്റ് 30 നു തന്നെയാണ് ദാരാ കൊല്ലപ്പെട്ടത് എന്നു മനസ്സിലാക്കാൻ കഴിയുന്നു.
മുൻപ് സൂചിപ്പിച്ച പോലെ ഈ എങ്കിലുകൾ ചരിത്രആഖ്യാനങ്ങളിൽ ഒരു അധികപ്പറ്റാണ്. മറിച്ചായിരുന്നെങ്കിൽ സാധ്യതകളുടെ അനന്തമായ ലോകത്തേക്ക് വഴിതുറക്കാൻ അതിടയാകുകയും ചെയ്യും.
മനു എസ് പിള്ളയുടെ ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും എന്ന പുസ്തകത്തിലും ഇത്തരം എങ്കിലുകളുടെ സാധ്യതകളെ കുറിച്ച് ചില അദ്ധ്യായങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ആ പുസ്തകത്തിലും ഓരംഗസീബിന് പകരം ദാരാ ഷുക്കോ ആയിരുന്നു ചക്രവർത്തി ആയിരുന്നെങ്കിൽ മുഗൾ ചരിത്രം എന്താകുമായിരുന്നു എന്ന് ചർച്ച ചെയ്യുന്നുണ്ട്
മനുവിന്റെ ആ പുസ്തകത്തിൽ , ഗാന്ധി1948 ൽ കൊലചെയ്യപെട്ടില്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന് ഒരു അധ്യായത്തിൽ വിവരിക്കുന്നുണ്ട് . അതുപോലെ തളിക്കോട്ട യുദ്ധം രാമയാർ ആണ് ജയിച്ചിരുന്നെകിൽ എന്താകുമായിരുന്നു എന്നൊക്കെയുള്ള ചില ചിന്തകൾ ഈ പുസ്തകത്തിൽ ഉണ്ട് .
രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറായിരുന്നു ജയിച്ചിരുന്നെകിൽ എന്താകുമായിരുന്നു അവസ്ഥ ?പരാജയപ്പെട്ട റഷ്യ, അമേരിക്ക ബ്രിട്ടൻ എന്ന ലോകരാജ്യങ്ങൾക്ക് എന്ത് സംഭവിക്കുമായിരുന്നു ? ഒരുപക്ഷെ നേതാജി സുഭാഷ് ചന്ദ്ര ബോസിന് വിമാന അപകട നാടകം നടത്തേണ്ടി വരില്ലായിരിക്കും. ഇന്ത്യ വളരെ നേരത്തെ സ്വാതന്ത്രം പ്രാപിച്ചേക്കാം , ഇന്ത്യയുടെ ഭരണം കൈയ്യാളുന്നത് നെഹ്രുവിനു പകരം വേറെ സുഭാഷ് ചന്ദ്രബോസോ അല്ലെങ്കിൽമറ്റു പലരോ ആയിരുന്നേക്കാം. വിഭജനം സംഭവിക്കില്ലായിരിക്കാം , ഗാന്ധിജി കൊല്ലപ്പെടില്ലായിരിക്കാം , ചൈന ഇന്ത്യയെ അക്രമിക്കില്ലായിരിക്കാം,ഇന്ദിരാഗാന്ധി കൊല്ലപ്പെടില്ലായിരിക്കാം। അങ്ങനെ സാധ്യതകൾക്ക് ഒരു പഞ്ഞവുമില്ല . ഇത്തരം സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതുകൊണ്ടു ചരിത്ര പഠനത്തിൽ പ്രത്യേകിച്ച് ഒരു നേട്ടവുമില്ല എന്നു പറയേണ്ടിവരും. മറിച്ച് അത്തരം സാധ്യതകൾ സാഹിത്യമേഖലകളിൽ പരീക്ഷിക്കുകയാകാം. അതിനുമപ്പുറം അവകാശപ്പെടാനായി എന്തെങ്കിലുമുണ്ടോ എന്നു സംശയമാണ്.
ദാരാ ഷിക്കോയെ കുറിച്ച് നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. സുപ്രിയ ഗാന്ധിയുടെ The emperor who never was Dara shikoh in Mughal india , അവിക് ചന്ദയുടെ Dara shukoh:The man who would be king എന്നീ പുസ്തകങ്ങൾ അതിൽ ചിലതു മാത്രം.



