തിരുവിതാംകൂർ ചരിത്രവും പിന്നാമ്പുറ കഥകളും എന്നും വാർത്താ പ്രാധാന്യമുള്ളതും ചരിത്രാന്വേഷികൾക്കു അല്പം താല്പര്യകൂടുതലുള്ള ഒരു സംഗതിയാണ്. അത് അവിടുത്തെ എണ്ണിയാലൊടുങ്ങാത്ത അമൂല്യ നിധിയുമായി മാത്രം ബന്ധപ്പെട്ടിട്ടുള്ളതല്ല. വേണ്ടത്ര രീതിയിൽ ചരിത്രം രേഖപ്പെടുത്തിവെക്കാത്തതിന്റെ കുഴപ്പം നമുക്കുണ്ട്. ചില അപവാദങ്ങൾ മാറ്റിവെച്ചാൽ തന്നെയും വാമൊഴികളിലൂടെ പരന്നു കൊണ്ടിരുന്ന ഒരു വസ്തുതയായിരുന്നു നമ്മുട ചരിത്ര ആഖ്യാനങ്ങളിലേറെയും.
തിരുവിതാംകൂർ പിറവിയെടുക്കുന്നതിനും മുൻപേ വേണാട് കന്യാകുമാരി മുതൽ ഇടവ വരെ ആയിരുന്നുവല്ലോ. വഴിയോര യാത്രക്കാരുടെ വിശ്രമത്തിനായി കരിങ്കല്ലുകൊണ്ടു നിർമിച്ച നിരവധി പുരകൾ ഉണ്ടായിരിന്നു. വഴിയമ്പലം എന്നാണവയെ വിളിച്ചിരുന്നത്. ചിലയിടങ്ങളിൽ അത് മഠങ്ങൾ എന്നപേരിലും അറിയപ്പെട്ടു.
തെക്കൻ തിരുവിതാംകൂറിലെ വഴിയമ്പലങ്ങളിൽ ഏറ്റവും പ്രസിദ്ധി വെങ്ങാന്നൂർ വഴിയമ്പലമാണത്രെ. എന്താണ് ഇതിന്റെ പ്രത്യേകത? അത് എട്ടുവീട്ടിൽ പിള്ളമാരുമായി ബന്ധപ്പെട്ടാനുള്ളത്. സാമാന്യം വലിയൊരു സത്രം തന്നെയായിരുന്നു വെങ്ങാനൂർ വഴിയമ്പലം എന്നാണ് പറയപ്പെടുന്നത്.
യുവരാജാവായിരുന്ന മാർത്താണ്ഡവർമ്മയെ വകവരുത്താനുള്ള ഒരു ഗൂഢാലോചന ഈ വഴിയമ്പലത്തിൽ വച്ചാണത്രെ നടന്നത്. പക്ഷെ മാർത്താണ്ഡവർമ്മയുടെ ചാരന്മാരിൽ ഒരാൾ ആ വഴിയമ്പലം സൂക്ഷിപ്പുകാരനായ പൂപ്പണ്ടാരമായിരുന്നു എന്ന് പറയപ്പെടുന്നു. എന്തായാലും ഗൂഢാലോചന എട്ടുനിലയിൽ പൊട്ടി.ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചു.
പാച്ചുമൂത്തതിന്റെ തിരുവിതാംകൂർ ചരിത്രത്തിൽ ഇടം പിടിച്ച ഈ വെങ്ങാനൂർ വഴിയമ്പലം ഏതാണ്? എപ്പോൾ എവിടെയാണ് ?കണ്ടുപിടിക്കാൻ ഒരു നിർവാഹവുമില്ല. ഗൂഢാലോചനക്കാരുടെ തറവാടടക്കം കുളം തോണ്ടിയ കൂട്ടത്തിൽ ഈ വഴിയമ്പലവും പെട്ടിട്ടുണ്ടാകാം.
വെങ്ങാനൂർ വഴിയമ്പലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ജൂൺ ലക്കം വിജ്ഞാന കൈരളി മാസിക വായിക്കുക. ഡോ :നടുവട്ടം ഗോപാലകൃഷ്ണന്റെ കേരളചരിത്രം എന്ന പംക്തിയിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി വായിക്കാം.

